ഉരക്കടലാസിന്‍റെ ശ്യാമശാസ്ത്രം

ഉരക്കടലാസിന്‍റെ ശ്യാമശാസ്ത്രം

ഒരിക്കൽ പതിഞ്ഞു പോയാൽ പിന്നെ ഒരിക്കലും പറിച്ചെറിയാൻ കഴിയാത്ത ചില കാഴ്ചകളുണ്ട്; ഒരു പക്ഷേ, പെൺനോട്ടങ്ങളിൽ മാത്രം പതിഞ്ഞേക്കാവുന്ന ചിലത്. ഉള്ളിലാഴത്തിൽ പതിഞ്ഞു പോയ പ്രിയകാഴ്ചകളുടെ കാഴ്ചപ്പതിപ്പുകൾ....

നീതു ചന്ദ്രൻ

നാലുകെട്ടു പോലുള്ള സ്കൂളിന്‍റെ തെക്കു ഭാഗത്തുള്ള ഒഴിഞ്ഞ ക്ലാസ് മുറിയിലിരുന്നാണ് ശ്യാമ ആദ്യത്തെ കത്തെഴുതിയത്. വർഷങ്ങളുടെ എഴുത്തുകുത്തുകൾ പതിഞ്ഞു കിടക്കുന്ന ഡെസ്കിൽ ഉരക്കടലാസ് വച്ച് അതിനുമേൽ വരയിടാത്ത കടലാസ് കഷ്ണം വച്ച് ഇടം കൈ കൊണ്ടാണ് എഴുത്ത്. അക്ഷരങ്ങളെല്ലാം ഉരക്കടലാസിൽപ്പെട്ട് ഛിന്നഭിന്നമായി കടലാസിൽ പതിയുന്നുണ്ട്.... ശ്യാമയുടെ ആദ്യത്തെ ഊമക്കത്ത്!

ഗേൾസ് സ്കൂളിന്‍റെ നടുമുറ്റത്തെ വേദിയിൽ ഭരതനാട്യം മത്സരത്തിന്‍റെ തിരക്കാണ്. കുട്ടികളെല്ലാം ഇടനാഴിയിൽ പിടിച്ചിട്ട ബഞ്ചുകളിലും ഡെസ്കുകളിലും അലസമായി ചാഞ്ഞും ചരിഞ്ഞും ഇടം പിടിച്ചിട്ടുണ്ട്. യുവജനോത്സവത്തിന്‍റെ ഓളത്തിൽ ഒറ്റയ്ക്കായിപ്പോയ ക്ലാസിനുള്ളിൽ ഞാനും ശ്യാമയും മാത്രം. കത്തെഴുതിക്കഴിഞ്ഞ്, നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ ഒതുക്കി വച്ച് ശ്യാമ ഒന്നു കൂടിയൊന്നു വായിച്ചു. പിന്നെ എനിക്കു നീട്ടി.

''എടീ മരംമോറി മേഴ്സീ, നിന്‍റെ മുഖം കണ്ടാൽ പട്ടി പോലും കഞ്ഞിവെള്ളം കുടിക്കില്ല. നിനക്ക് എന്താടീ ഇത്ര അഹങ്കാരം? പുറം വെട്ടിയിറക്കിയ ബ്ലൗസ് ഇട്ടാൽ ഫേഷൻകാരിയാകൂന്നാണോ വിചാരം! നിന്‍റെയാ പുറമാകുന്ന തരിശുനിലത്തിൽ കൂർക്ക നടെടീ....''

വായിച്ചു കഴിഞ്ഞപ്പോഴേക്കും എന്‍റെ തൊണ്ടയിലെ വെള്ളം വറ്റി. ഞാൻ വിഷണ്ണയായി ശ്യാമയെ നോക്കി. അവൾ ഊറിച്ചിരിച്ചു കൊണ്ട് കണ്ണടച്ചു കാട്ടി.

''നീ ഒന്നും പേടിക്കണ്ട.... ഇത് ഞാനാ നത്തിന്‍റെ കൈയിൽ എങ്ങനേം എത്തിക്കും. ഞാനാണ് ഇതെഴുതിയതെന്ന് ഒരാളും അറിയാൻ പോണില്ല. ഇനീപ്പോ അറിഞ്ഞാലും ഒരക്കടലാസ് തന്നത് നീയാണെന്ന് ഞാൻ പറയാനും പോണില്ല. ധൈര്യായിട്ട് വിട്ടോ....''

പറയുന്ന കൂട്ടത്തിൽ പേനയും കത്തും ബാഗിലിട്ട് മുഖമൊന്നു കൂടി തുടച്ച് ശ്യാമ ക്ലാസിൽ നിന്നിറങ്ങിപ്പോയി. ഇതിലിപ്പോ ഞാനാണോ അവളാണോ തെറ്റുകാരി എന്നാലോചിച്ച് ഞാൻ പിന്നേം അവിടെത്തന്നെയിരുന്നു. ഉരക്കടലാസിനു പകരം ശ്യാമ കൊണ്ടു തന്ന പൂമ്പാറ്റ ഡെസ്കിൽ അനാഥമായി കിടന്നു.

ഹൈസ്കൂളിൽ കണക്ക് പഠിപ്പിക്കുന്ന മേഴ്സി ടീച്ചർക്കുള്ളതാണ് കത്ത്. മേഴ്സി ടീച്ചർ പണ്ടേ ടെററാണ്. ഒരു കാര്യവുമില്ലെങ്കിലും അവർ സ്വരം കടുപ്പിച്ചേ സംസാരിക്കൂ. നാലാം ക്ലാസ് കഴിഞ്ഞ് പുതിയ സ്കൂളിലേക്ക് എത്തിയപ്പോൾ തന്നെ മേഴ്സി ടീച്ചറുടെ ശിക്ഷാ നടപടികളുടെയും ശകാരവർഷത്തിന്‍റെയും കണക്കു പട്ടിക എല്ലാവർക്കും എന്ന പോലെ എനിക്കും കിട്ടിയിരുന്നു. ഈ കത്തെഴുതിയത് ശ്യാമയാണെന്ന് അവരെങ്ങാനും കണ്ടു പിടിച്ചാൽ തീർന്നു. വീട്ടിലെങ്ങാനും അറിയിച്ചാലത്തെ അവസ്ഥ ആലോചിക്കാനേ വയ്യ. ജീവിതം ഏതാണ്ട് തീർന്ന പോലത്തെ അവസ്ഥ... മുന്നിൽ ഇരുട്ടിലാണ്ട ഭാവി മാത്രം...

സത്യത്തിൽ ഞാനും ശ്യാമയും തമ്മിൽ വല്യ കൂട്ടൊന്നുമില്ല. ഇതു വരെ മിണ്ടീട്ടുമില്ല. നെറ്റിയിലേക്കു വെട്ടിയിട്ട മുടിയിഴകൾ ശ്യാമ സ്റ്റൈലായി മാടിയൊതുക്കുന്നത് കണ്ട് കൊതിയോടെ ചിലപ്പോൾ നോക്കി നിൽക്കാറുണ്ട് എന്നതൊഴിച്ചാൽ ഒരുവിധ ബന്ധവുമില്ല. എന്നിട്ടും അവൾടെ ഊമക്കത്തെഴുത്തിന് കൂട്ടിരുന്നത് ഞാനാണെന്ന അവിശ്വസനീയമായ സത്യം എന്നെ അലട്ടിക്കൊണ്ടിരുന്നു.

രണ്ടു ദിവസം മുൻപാണ് യുവജനോത്സവത്തിനുള്ള ഒപ്പന പ്രാക്റ്റീസ് ചെയ്യുന്നവരെ വെറുതേ നോക്കി നിന്നിരുന്ന എന്നേം വിളിച്ചോണ്ട് ശ്യാമ അഞ്ചാം ക്ലാസിനു മുന്നിലുള്ള എമണ്ടൻ പ്ലാവിൻ ചോട്ടിലേക്ക് പോയത്. 'ഓ എന്നെ പരിചയം ഉള്ളോരും ഇവിടൊക്കെ ഉണ്ടോ' എന്ന മട്ടിൽ കണ്ണുതള്ളി നിന്ന എന്നോട് വെട്ടൊന്ന് മുറി രണ്ടെന്ന പോലെ ശ്യാമ ഒറ്റച്ചോദ്യം:

''നിന്‍റച്ഛന് മരപ്പണിയല്ലേ?''

''ആ''

''യൂത്ത് ഫെസ്റ്റിവലിന് വരുമ്പോ വീട്ടീന്ന് കൊറച്ച് ഒരക്കടലാസ് കൊണ്ടരാൻ പറ്റോ?''

''ഒരക്കടലാസാ...?''

''അതന്നെ.. മരത്തിലൊക്കെ ഒരച്ച് മിനുസമാക്കണ കടലാസില്ലേ, അത്'', ശ്യാമ വിവരിച്ചു.

ബ്രൗൺ നിറമുള്ള കടലാസിൽ മണൽത്തരികൾ വാരിയിട്ട പോലുള്ള ഒരക്കടലാസ് എന്‍റെ മനസിൽ തെളിഞ്ഞു.

''അതെന്തിനാ?''

''അതൊരു ആവശ്യത്തിനാ. നീ കൊണ്ടാ, ഞാൻ യൂത്ത് ഫെസ്റ്റിവല്ലിന്‍റന്ന് പൂമ്പാറ്റ കൊണ്ടരാം.''

''ശ്യാമ എനിക്കു നേരെ ഓറഞ്ച് നിറമുള്ള കല്ലുമിഠായി നീട്ടി.''

പൂമ്പാറ്റ എന്ന ഒറ്റ പ്രലോഭനത്തിൽ തന്നെ മൂക്കും കുത്തി വീണ ഞാൻ അന്നു വീട്ടിലെത്തിയപ്പോൾ തന്നെ അച്ഛന്‍റെ പണിപ്പെട്ടിയിൽ നിന്ന് ഉരക്കടലാസ് ചീന്തി ബാഗിലാക്കി. പക്ഷേ, അതിങ്ങനൊരു കടുംകൈക്കായിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല!

ക്ലാസ് മുറിയിൽ കയറിയപ്പോഴാണ്, ഊമക്കത്തെഴുതാനാണ് ഉരക്കടലാസ് എന്നും, കത്ത് മെഴ്സി ടീച്ചർക്കാണെന്നുമുള്ള സത്യങ്ങളൊക്കെ ശ്യാമ വെളിപ്പെടുത്തിയത്. ഊമക്കത്തെഴുതാനുള്ള കാരണം കേട്ടപ്പോൾ അതിത്തിരി ന്യായമായി എനിക്കു തോന്നാതിരുന്നുമില്ല.

പറഞ്ഞു വരുമ്പോൾ ഒരു വർഷത്തോളം പഴക്കമുള്ള പ്രതികാരമാണ് ഇപ്പോൾ ഊമക്കത്തായി മെഴ്സിടീച്ചറുടെ കൈയിൽ എത്താൻ പോണത്. ശ്യാം എട്ടാം ക്ലാസിലും ഞാൻ ഏഴാം ക്ലാസിലും ആയിരുന്ന കാലം. ഹോം വർക്ക് ചെയ്യാതെ വന്ന എല്ലാത്തിനേം പതിവു പോലെ മെഴ്സി ടീച്ചർ എഴുന്നേൽ‌പ്പിച്ച് നിർത്തി നിരക്കെ പരക്കെ വഴക്കു പറഞ്ഞു. വഴക്കു കേട്ടപ്പോ സ്വതവേ എല്ലാരും ചെയ്യണ പോലെ ശ്യാമയും മുഖം കുനിച്ച് ഡെസ്കിലേക്ക് നോക്കി മുഖത്തൊരു വിഷാദഭാവവും വരുത്തി അങ്ങനെ നിന്നു. മുഖം കുനിച്ചപ്പോൾ ശ്യാമയുടെ വെട്ടിയിട്ട മുടിയിഴകൾ അവളുടെ മുഖത്തെ പാടെ മറച്ചു കളഞ്ഞു.

''ആ കർട്ടനങ്ങു നീക്കെടീ....''

മെഴ്സി ടീച്ചർ അലറിയത് കേട്ടാണ് ശ്യാമ പിന്നെ മുഖമുയർത്തിയത്. നെറ്റിയിലേക്ക് വെട്ടിയിട്ട് ഇടയ്ക്കിടെ മാടിയൊതുക്കിയിരുന്ന, സ്കൂൾ മുഴുവൻ അസൂയയോടെ നോക്കുന്ന മുടിയിഴകളെയാണ് ടീച്ചർ കർട്ടനെന്ന് വിളിച്ചാക്ഷേപിച്ചത്. അതു മാത്രമല്ല, മേലാൽ മുടി വൃത്തിയിൽ പിൻ ചെയ്യാതെ ക്ലാസിൽ വരരുതെന്ന് വാണിങ്ങും കൊടുത്തു. ഇത്രയും പോരേ പ്രതികാരത്തിന്!

അതിൽ പിന്നെ യൂത്ത് ഫെസ്റ്റിവലും സ്കൂൾ വാർഷികവും പോലുള്ള വിശേഷ ദിവസങ്ങളിൽ മാത്രമേ ശ്യാമ മുടി പിൻ ചെയ്യാതെ വരാറുള്ളൂ. ഓർത്തോർത്തിരുന്ന് ഞാൻ നെടുവീർപ്പിട്ടു.

യൂത്ത് ഫെസ്റ്റിവലും കഴിഞ്ഞ് രണ്ട് ദിവസം കടന്നു പോയി. ക്ലാസിലെത്തുന്ന ടീച്ചർമാർ അവിടേം ഇവിടേ തൊടാതെ, ടീച്ചർമാരെ ബഹുമാനിക്കണമെന്ന് ഉപദേശിക്കാൻ തുടങ്ങിയതോടെ ഊമക്കത്ത് മെഴ്സി ടീച്ചർക്ക് കിട്ടിയതായി ഏതാണ്ടെനിക്ക് ഉറപ്പായി. എന്‍റെ നെഞ്ചിനുള്ളിൽ വലിയൊരു അഗ്നിഗോളം ഉരുകിക്കൊണ്ടിരുന്നു.

''ഒരീസം ഹോം വർക്ക് ചെയ്യാണ്ട് വന്നേനാണ് അവരെന്നെ ചീത്ത പറഞ്ഞത്. അതു പിന്നെ ഞാൻ ഹോം വർക്ക് ചെയ്യാത്തോണ്ടാണെന്ന് വിചാരിക്കാ. അയിന് എന്‍റെ മുടീനെ പറയണ്ട കാര്യണ്ടോ‍?''

ഇന്‍റർവെല്ലിനിടെ വരാന്തയിൽ വച്ച് പഴുത്ത ഒരു വാളൻപുളി നീട്ടിക്കൊണ്ട് ശ്യാമ എന്നോട് അടക്കം പറഞ്ഞു. തീയിലേക്ക് എണ്ണ ഒഴിച്ച പോലെ എന്‍റെ മനസ് വീണ്ടും ആളിക്കത്തി.

എന്തെങ്കിലും കാരണം പറഞ്ഞ് കുറച്ച് ദിവസം വീട്ടിലിരുന്നാലോന്നായി പിന്നെ ചിന്ത. പക്ഷേ, എന്‍റെ സൂത്രങ്ങളെല്ലാം വീട്ടുകാർ നാലായി മടക്കി ഒടിച്ചതോടെ അക്കാര്യം നടക്കില്ലെന്നുറപ്പായി. അതോടെ തീക്കനലും കൊണ്ട് ഞാൻ ദിവസേന സ്കൂളിലേക്ക് വന്നു പോയി. ദിവസങ്ങൾ കടന്നു പോയി.... ഊമക്കത്തിലെ വിവരങ്ങളെല്ലാം സ്കൂൾ മുഴുവൻ പാട്ടായി. കൂട്ടത്തിലെ തല തെറിച്ച പിള്ളേരെയെല്ലാം ടീച്ചർമാർ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിച്ച് അന്വേഷണം തുടങ്ങി. ഒരാഴ്ച നീണ്ട അന്വേഷത്തിനൊടുവിൽ സ്കൂളിലെ അതീവ കുശാഗ്ര ബുദ്ധികളായ ടീച്ചർമാർ ആ സത്യം കണ്ടെത്തി.

''ന്നാലും അവൾടെ ഒരു ധൈര്യേ!''

മൈതാനം ചുറ്റി വീട്ടിലേക്കു നടക്കുന്നതിനിടെ ഒപ്പമുള്ളവർ ഇടവിട്ടിടവിട്ട് ശ്യാമയെക്കുറിച്ച് പറഞ്ഞ് അതിശയപ്പെട്ടു. ഏതു നിമിഷവും എന്‍റെ മേൽ വന്നു പതിക്കാവുന്ന കുറ്റപ്പെടുത്തലും ശിക്ഷയും പ്രതീക്ഷിച്ച് ഞാൻ ആരുടെയും മുഖത്തു നോക്കാതെ ഒളിച്ചുകളി തുടർന്നു. പിന്നെയും രണ്ടു ദിവസത്തിനു ശേഷം ഉച്ചയൂണു കഴിഞ്ഞ് പൈപ്പിൻ ചുവട്ടിലേക്ക് നടക്കുന്നതിനിടെയാണ് ശ്യാമയെ കണ്ടത്. അന്നും അവളുടെ മുടി ഇരു ചെന്നികളോടും ചേർന്ന് സ്ലൈഡ് കുത്തി ഒതുക്കിയിരുന്നു.

''ഞാൻ ഇവിടുന്ന് പൂവാട്ടാ... ഇനീപ്പോ ഒമ്പതാം ക്ലാസ് പുറത്തിരുന്ന് പഠിക്കാം. അതു കഴിഞ്ഞ് പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള ഒരു ചാൻസും കിട്ടീട്ടുണ്ട്. ഇനീപ്പോ അങ്ങനെ മതീന്ന് വിചാരിച്ചു'', ശ്യാമ പതിയെ ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.

ശ്യാമ പഠിപ്പു നിർത്തിയ കാര്യവും സ്കൂളിൽ പടർന്നു പിടിച്ചു. ഇനിയാരും ഊമക്കത്തെഴുതാൻ ധൈര്യപ്പെടില്ലെന്ന് സ്റ്റാഫ് റൂമിലിരുന്ന് ടീച്ചർമാർ ആശ്വസിച്ചു. ശ്യാമ ഊമക്കത്തെഴുതിയ കഥ പൊടിപ്പും തൊങ്ങലും വച്ച് ക്ലാസ് മുറികളിലും വരാന്തകളിലും പിന്നെയും കുറേക്കാലം സജീവമായി നിന്നു. പക്ഷേ, അതിലൊന്നും കൈയക്ഷരം തിരിച്ചറിയാതിരിക്കാൻ ഉരക്കടലാസിനു മുകളിൽ വച്ചെഴുതിയ കഥ മാത്രം ഉണ്ടായിരുന്നില്ല...

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com