സംസ്ഥാനത്തെ 'ആദ്യ വനിതാ സംരംഭകയുടെ' മകൾ 'ആദ്യ വനിതാ മുഖ്യമന്ത്രിയാകുന്നു'

എഴുത്തുകാരനും പ്രസംഗകനുമായ കെ.എൽ. മോഹനവർമയ്ക്ക് 88ാം പിറന്നാൾ
KL Mohana Varma
കെ.എൽ. മോഹനവർമFile

ജിബി സദാശിവൻ

ഓഹരി എന്ന നോവലിലൂടെയാണ് കെ.എൽ. മോഹനവർമയെന്ന വർമാജി സംസ്ഥാനത്തെ ആദ്യ വനിതാ സംരംഭക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. 88 വയസ് പൂർത്തിയാവുന്ന സമയത്ത് മോഹനവർമ അടുത്ത നോവലിന്‍റെ പണിപ്പുരയിലാണ്. രാവിലെ വീട്ടിലെത്തുമ്പോഴും വർമാജിക്ക് പറയാനുണ്ടായിരുന്നത് പുതിയ നോവലുകളെക്കുറിച്ചാണ്. ഉടൻ പുറത്തിറങ്ങുന്ന നോവലിലെ കേന്ദ്ര കഥാപാത്രം ഓഹരി നോവലിലെ നായികയുടെ മകളാണ്. കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായാണ് പുതിയ കഥാപാത്രം എത്തുന്നത്.

പ്രായം 89 ലേക്ക് കടക്കുമ്പോഴും പുതിയ നോവലുകളുടെ പണിപ്പുരയിലാണ് വർമാജി. തിരക്കഥയ്ക്കായും മുതിർന്ന് ചലച്ചിത്ര പ്രവർത്തകരടക്കം വിളിക്കുന്നുമുണ്ട്. ഈ പ്രായത്തിലും എഴുത്തും പ്രസംഗങ്ങളുമൊക്കെയായി സജീവം. കഴിയുന്നിടത്തോളം പരിപാടികളിൽ പങ്കെടുക്കും. കുട്ടികളുമായി സംവദിക്കാൻ കിട്ടുന്ന ഒരവസരവും മോഹനവർമ പാഴാക്കില്ല.

ഓഹരി, ക്രിക്കറ്റ്, നീതി തുടങ്ങിയ നോവലുകളിലൂടെയും പ്രൊഫസർ കറിയാച്ചൻ എന്ന കഥാപത്രത്തിലൂടെയും ധാരാളം സ്ഥിരം വായനക്കാരെ സൃഷ്ടിച്ചെടുക്കാൻ ഇക്കാലയളവിൽ വർമാജിക്കു സാധിച്ചു. കൗമാരക്കാരന്‍റെ ആവേശത്തോടെയും കാഴ്ചപ്പാടോടെയുമാണ് വർമാജി അത്യാധുനിക സാങ്കേതികവിദ്യകളെല്ലാം സ്വായത്തമാക്കിയത്. പേരക്കുട്ടികളാണ് വർമാജിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ഏത് വിഷയത്തിലും വർമാജിക്ക് സ്വന്തമായ അഭിപ്രായവും നിർദേശവും ഉണ്ടാകും. കൊച്ചിയുടെ ചരിത്രവും ഭാവിയും ഇതുപോലെ മനസിലാക്കിയിട്ടുള്ള മറ്റൊരാളുണ്ടാകില്ല. ഏത് വിഷയവും നന്നായി പഠിക്കും. സമകാലിക സംഭവങ്ങൾ കൃത്യമായി മനസിലാക്കും.

കൊച്ചിയുടെ കലാ - സാഹിത്യ - സാംസ്‌കാരിക മേഖലകളിൽ സജീവമായി നിൽക്കുന്ന കെ.എൽ. മോഹനവർമ കൊച്ചിയുടെ സ്വന്തം ഉപദേശകനാണ്. മലയാളം നോവലുകൾ കൂടാതെ രണ്ട് ഇംഗ്ലീഷ് നോവലുകളും മാധവിക്കുട്ടിയുമായി ചേർന്നെഴുതിയ അമാവാസി എന്ന നോവലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഗാന്ധി ഭവൻ, ബ്രിട്ടീഷ് കൗൺസിൽ, ബാലാമണിയമ്മ, ഇന്ത്യൻ എക്പ്രസ്, കേരള സാഹിത്യ അക്കാഡമി, നാടക തുടങ്ങി മുപ്പതോളം അവാർഡുകൾ ലഭിച്ച വർമാജി, കേരള ഹിസ്റ്ററി അസോസിയേഷൻ, നവജീവൻ സ്‌കൂൾ ഫോർ മെന്‍റലി റീറ്റർഡഡ് എന്നിവയുടെ പ്രസിഡന്‍റായും, കേരള ഫൈൻ ആർട്‌സ്, എപിടിഎ ഭാരതി ഫൗണ്ടേഷൻ, ഗ്രേറ്റർ കൊച്ചിൻ കൾച്ചറൽ ഫോറം, ഇ. ശ്രീധരന്‍റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ ഫോർ റെസ്റ്ററേഷൻ ഓഫ് നാഷണൽ വാല്യൂസ് എന്ന സംഘടനയുടെ കൊച്ചി/കേരള യൂണിറ്റിന്‍റെ മുഖ്യ ഉപദേശകൻ തുടങ്ങി കൊച്ചിയിലെ അനവധി സംഘടനകളുടെ രക്ഷാധികാരിയായും, ഉപദേശകനായും പ്രവർത്തിക്കുന്നു.

തന്‍റെ സർവീസ് കാലത്ത് ഇന്ത്യൻ ഗ്രാമങ്ങളുമായി തുടങ്ങിയ പരിചയം വർമാജി ഇന്നും തുടരുന്നു. ലോക രാജ്യങ്ങളിലെ പല വേദികളിലും പ്രസംഗ പര്യടനം നടത്തിയിട്ടുണ്ട്. പൈകോ പബ്ലിക്കേഷൻസ്, കേരള സാഹിത്യ അക്കാഡമി, മലയാള വിഷൻ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിരുന്നു.

എല്ലാത്തിനെയും പോസിറ്റീവായി മാത്രം കാണാനും, കൂടെയുള്ളവരെ തന്‍റെ ചിന്താഗതിയിലേക്ക് കൊണ്ടുവരാനും, പ്രിയപ്പെട്ട വിഷയങ്ങളായ ഗാന്ധിയൻ ഇക്കണോമിക്‌സ്, ചരിത്രം, സ്‌പോർട്‌സ്, ഹാസ്യം ഇവയിലൂടെ എല്ലാത്തിനും സമൂഹത്തിന്‍റെ നന്മയാണ് ഏറ്റവും പ്രധാനം എന്ന് നമ്മെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ശൈലിക്ക് ഉടമയാണ് കെ.എൽ. മോഹന വർമ.

1936 ജൂലൈ എട്ടിന് ചേർത്തലയിലാണ് ജനനം. അമ്മ പടിഞ്ഞാറേ കട്ടിങ്ങൽ കോവിലകത്ത് ലക്ഷ്മിക്കുട്ടിയമ്മ, അച്ഛൻ ചെന്നിത്തല മേന്നാംവിള കോവിലകത്ത് അഡ്വ. എം.ആർ. കേരള വർമ. ഭാര്യ പൂഞ്ഞാർ നല്ലമഠം പാലസിൽ രാധ വർമ, മക്കൾ സുഭാഷ് വർമ, കവിത അരവിന്ദ്. മരുമക്കൾ: ആശാലത വർമ, അരവിന്ദ് കുമാർ. പേരക്കുട്ടികൾ: അർജുൻ, ആര്യൻ, അശ്വിൻ, അദ്വൈത്.

പിറന്നാളിന് പ്രത്യേക ചടങ്ങുകൾ ഒന്നും ഒരുക്കിയിട്ടില്ലെങ്കിലും സുഹൃത്തുക്കളും കൊച്ചിയിലെ പൗര സമൂഹവും എല്ലാ വർഷവും ആഘോഷങ്ങളുമായി ഒത്തുചേരാറുണ്ട്.

Trending

No stories found.

Latest News

No stories found.