നിയമസഭാ വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന അക്ഷരശിൽപ്പം കൗതുകപൂർവം നോക്കിക്കാണുന്ന വിദ്യാർഥികൾ
നിയമസഭാ വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന അക്ഷരശിൽപ്പം കൗതുകപൂർവം നോക്കിക്കാണുന്ന വിദ്യാർഥികൾകെ.ബി. ജയചന്ദ്രൻ

പുസ്തക സഭ പിരിഞ്ഞു, തുലാവർഷ സമ്മേളനം ഇനി അടുത്ത കൊല്ലം

സന്ദർശകരിൽനിന്നും പ്രസാധകരിൽനിന്നും മികച്ച പ്രതികരണം
KLIBF 2023 rating(5 / 5)

പി.ബി. ബിച്ചു

വായുവിൽ നിറയുന്ന പുസ്തകത്താളുകളുടെ ഗന്ധം, വിദ്യാർഥികളുടെയും എഴുത്തുകാരുടെയും വായനക്കാരുടെയും സംഘങ്ങൾ, ചൂടേറിയ സംവാദങ്ങൾ, സദസിൽ നിന്നുയരുന്ന കരഘോഷം, ആദ്യന്തം ത്രില്ലടിപ്പിക്കുന്ന ഒരു നോവൽ വായിച്ച് തീരുന്ന അനുഭൂതിയോടെ നിയമസഭയിലെ ഉത്സവക്കാഴ്ചകൾക്ക് സമാപനം.

വായനയാണ് ലഹരിയെന്ന് പ്രായഭേദമന്യേ തെളിയിച്ച് ഏഴുനാളത്തെ പുസ്തകോത്സവ വിശേങ്ങളും കാഴ്ചകളും അവസാനിക്കുമ്പോൾ ഇനി മൂന്നാം പതിപ്പിനുള്ള കാത്തിരിപ്പാണ്. വിദ്യാർഥികളടക്കം അഞ്ച് ലക്ഷത്തിൽ പരം ആളുകളാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കാളികളായത്. കഴിഞ്ഞ വർഷം ഏഴ് കോടിയിലേറെ രൂപയുടെ പുസ്തക വിൽപ്പന നടന്നിരുന്നെങ്കിൽ ഇത്തവണ അതും മറികടന്നതായാണു പ്രാഥമിക വിരം. മൂന്നു ദിവസം കൂടി പുസ്തകോത്സവം നീട്ടണമെന്ന് പ്രസാധകരുടെ അഭ്യർഥനപോലും ഉണ്ടായത് പുസ്തകോത്സവത്തിലെ മികച്ച വിൽപ്പനയെയാണ് ചൂണ്ടിക്കാട്ടുന്നത്.

കേരളീയത്തൊടൊപ്പം പുസ്തകോത്സവം സംഘടിപ്പിച്ചാൽ വിജയിക്കുമോ എന്ന ആശങ്കയോടെയാണ് രണ്ടാം പതിപ്പ് ആരംഭിച്ചതെങ്കിലും വൻ വിജയമായതിൽ അതിയായ സന്തോഷമെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം.

ഇത്രയും വലിയൊരു പുസ്തകോത്സവം മുമ്പ് കണ്ടിട്ടില്ല. ഇത്തരം മേളകൾ ഇനിയും തുടരണം...
കോഴിക്കോടുനിന്ന് ബാലൻ മാഷും സംഘവും

'ക്രമപ്രശ്നങ്ങളില്ലാതെ' മലബാർ എക്സ്പ്രസ്

രാവിലെ തലസ്ഥാനത്തെത്തുന്ന മാവേലി, മലബാർ, രാജ്യറാണി ട്രെയ്നുകളിൽ പുസ്തകോത്സവത്തിനായെത്തിയവരുടെ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നെത്തിയവരായിരുന്നു അധികവും.

ഇത്രയും വലിയൊരു പുസ്തകോത്സവം മുമ്പ് കണ്ടിട്ടില്ലെന്നും ഇനിയും തുടരണം ഇത്തരം മേളകളെന്നുമാണ് കോഴിക്കോട് നിന്നും എത്തിയ ബാലൻ മാഷും സംഘവും നിയമസഭയും കണ്ട് പുസ്തകങ്ങളും വാങ്ങി മടങ്ങുന്നതിനിടെ മെട്രൊ വാർത്തയോട് അഭിപ്രായം പങ്കുവച്ചത്.

ഇടുക്കി ചെറുതോണിയിൽ നിന്നെത്തിയ അശോകനും കുടുംബവും വരാൻ വൈകിപ്പോയെന്ന് വിഷമത്തോടെ പറഞ്ഞാണ് നിയമസഭ വിട്ടിറങ്ങിയത്. അവസാന ദിനത്തിലാണ് എത്താൻ കഴിഞ്ഞത്. അടുത്ത തവണ നേരത്തെ എത്തി എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്ന് പറഞ്ഞാണ് മക്കൾക്കും ഭാര്യയ്ക്കുമൊപ്പം അശോകൻ മടങ്ങിയത്.

അടുത്ത തവണ നേരത്തെ എത്തി എല്ലാ പരിപാടികളിലും പങ്കെടുക്കും...
ഇടുക്കി ചെറുതോണിയിൽ നിന്നെത്തിയ അശോകനും കുടുംബവും

സിറ്റി റൈഡ് 'ബില്ലിൽ' ഭേദഗതിയില്ല

പുസ്തകോത്സവത്തിനായി നിയമസഭയിലെത്തിയ വിദ്യാർഥികൾക്ക് ഏറെ ഇഷ്ടപ്പെട്ടത് സൗജന്യ സന്ദർശന പാക്കേജിൽ ഉൾപ്പെടുത്തിയ കെഎസ്ആർടിസിയുടെ സിറ്റി റൈഡ് ആയിരുന്നെന്നാണ് അധ്യാപകരുടെ അഭിപ്രായം. നിയമസഭാ കവാടത്തിൽ ആരംഭിക്കുന്ന ഡബിൾ ഡക്കർ ബസ് സവാരി ആടിയും പാടിയും കുട്ടികൾ ആഘോഷമാക്കി.

നിയമസഭാ മ്യൂസിയം, അസംബ്ലി ഹാൾ, ശാസ്ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല, താളിയോല മ്യൂസിയം എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് സൗജന്യ സന്ദർശന നടത്താമായിരുന്നതിനാൽ ലക്ഷക്കണക്കിന് വിദ്യാർഥികളാണ് നിയമസഭയിലേക്ക് ഒഴുകിയെത്തിയത്. പാക്കേജ് തീർത്തും സൗജന്യമായിരുന്നതിനാൽ യാത്രയുടെ ബില്ലിനെ കുറിച്ചും ചർച്ച വേണ്ട.

നിയമസഭാ സാമാജികരും ജീവനക്കാരും അവതരിപ്പിച്ച കലാപരിപാടി.
നിയമസഭാ സാമാജികരും ജീവനക്കാരും അവതരിപ്പിച്ച കലാപരിപാടി.Metro Vaartha

ചിരിമയം ജീവനക്കാരുടെ 'റൂളിങ്'

ഓരോ ദിവസവും നിയമസഭയിലേക്കൊഴുകിയെത്തിയിരുന്ന പതിനായിരങ്ങളെ സഭയുടെ ചരിത്രം മുതൽ സമകാലിക രാഷ്‌ട്രീയ സംഭങ്ങൾ വരെ നർമത്തിൽ ചാലിച്ച്, സ്കൂൾ വിദ്യാർഥികൾക്കടക്കം പെട്ടന്ന് മനസിലാകുന്ന തരത്തിൽ വിശദീകരിക്കുന്ന ജോലി നിയമസഭയിലെ മീഡിയ ആൻഡ് പാർലമെന്‍ററി സ്റ്റഡി സെന്‍റർ ജീവനക്കാർക്കായിരുന്നു. ഓരോ മിനിറ്റിലും നിയമസഭാ ഗാലറി കാണാനെത്തുന്നവരെ ബോറടിപ്പിക്കാതെ സഭയുടെ നടപടി ക്രമങ്ങളും സ്പീക്കറുടെയും, മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയുമെല്ലാം ഇരിപ്പിടങ്ങൾ കാണിച്ചും വിശദമായി പറഞ്ഞ് മനസിലാക്കുന്ന ജീവനക്കാർ വലിയ കൈയടി അർഹിക്കുന്നു.

കേരളം രൂപം കൊണ്ടത് മുതൽ ഇങ്ങോട്ട് ഓരോ സംഭവങ്ങളും ഒരു കഥാപ്രസംഗം പോലെ അവതരിപ്പിക്കുന്നവരുപോലും ഇക്കൂട്ടരിൽ ഉണ്ടായിരുന്നെന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശമുണ്ടാക്കി. ചങ്ങമ്പുഴ കവിതകൾ ചൊല്ലിയും കേരളവുമായി ബന്ധപ്പെട്ട പാട്ടുകൾ പാടിയും വരെ ജീവനക്കാർ കാണികളെ കയ്യിലെടുത്തു.

അഞ്ച് ഗാലറികളിലായി ഓരോ സെഷനിലും 15 മിനിറ്റോളം സംസാരിക്കുന്നതിനിടെ കേരളത്തിന്‍റെ ഒരു ലഘുസംഗ്രഹം തന്നെയാണിവർ പറഞ്ഞുവയ്ക്കുന്നത്. നിയമസഭയുടെ ചരിത്രങ്ങളും കഥകളുമെല്ലാം പറഞ്ഞതിന് ശേഷം നിയമസഭയുടെ മേൽക്കൂരയിൽ ചിലന്തി കൂടുകൂട്ടാതിരിക്കാൻ ഉപയോഗിച്ച കെമിക്കലിന്‍റെ പേര് വരെ പറഞ്ഞാണ് ഓരോ ഗ്രൂപ്പിനെയും സന്ദർശക ഗാലറിയിൽ നിന്നും പുറത്തേക്ക് വിടുന്നത്.

സ്റ്റാളുകളിൽ കുട്ടികളുടെ 'ചോദ്യോത്തരവേള'

164 പ്രസാധകരുടെ 256 സ്റ്റാളുകളാണ് മേളയിൽ ഇത്തവണ ഉൾപ്പെടുത്തിയിരുന്നത്. ഇവയിൽ ഓരോന്നിലും കയറിയിറങ്ങി പുസ്തകങ്ങൾ വാങ്ങിയും സംശയങ്ങൾ ചോദിച്ച് മനസിലാക്കിയുമാണ് കുട്ടികൾ മടങ്ങുന്നത്.

കേന്ദ്ര സർക്കാരിന്‍റെ പബ്ലിക്കേഷൻ വിഭാഗത്തിലെത്തിയ കുട്ടികൾക്ക് ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കുമെല്ലാം പുസ്തകങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് കണ്ടിട്ട് വിശ്വസിക്കാനായില്ല. ശരിക്കും വില ഇത് തന്നെയാണോയെന്ന് പലതവണ ചോദിച്ച് ഉറപ്പിച്ച് കുട്ടികൾ കൂട്ടമായാണ് ഇവിടെ നിന്നും പുസ്തകം വാങ്ങിയത്. കൂടാതെ 90 ശതമാനം വിലക്കുറവിലും ഇവിടെ നിന്നും പുസ്തകങ്ങൾ വിൽപ്പന നടത്തിയത് വായനക്കാരെ അമ്പരപ്പിച്ചു. ചെറിയ പുസ്തകങ്ങളാണെങ്കിലും ഇന്ത്യാ ചരിത്രത്തിന്‍റെ വിവിധ ഏടുകൾ മനസിലാക്കാനും നേതാക്കളെ കുറിച്ച് പഠിക്കാനും ഇവ ഉപകരിക്കുമെന്നാണ് പ്രധാകരുടെയും അഭിപ്രായം.

"ഭരണഘടനയെ സംരക്ഷിക്കുന്നതിൽ പൗരസമൂഹത്തിന്‍റെ പങ്ക്' എന്ന വിഷയത്തിൽ ശബ്നം ഹാഷ്മി സംസാരിക്കുന്നു.
"ഭരണഘടനയെ സംരക്ഷിക്കുന്നതിൽ പൗരസമൂഹത്തിന്‍റെ പങ്ക്' എന്ന വിഷയത്തിൽ ശബ്നം ഹാഷ്മി സംസാരിക്കുന്നു.Metro Vaartha

അവസാന ദിനം 'സംക്ഷിപ്തം'

പതിവ് പോലെ വിദ്യാർഥികളുടെയും പുസ്തകം വാങ്ങിക്കാനായെത്തിയ ജനങ്ങളുടെയും വലിയ തിരക്കായിരുന്നു സ്റ്റാളുകളിൽ. വിവിധ വേദികളിൽ പരിപാടികളിലും അരങ്ങേറി. കെഎൽഐബിഎഫ് ടോക്കിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് 'കേരളം യാത്രികരുടെ കണ്ണിലൂടെ' എന്ന വിഷയത്തിൽ സംസാരിച്ചു.

ശശി തരൂർ അടക്കമുള്ള പ്രമുഖർ വിവിധ സെഷനുകളുടെ ഭാഗമായി. സാമൂഹ്യപ്രവർത്തക ഷബ്നം ഹാഷ്മി പങ്കെടുത്ത 'ഭരണഘടനയെ സംരക്ഷിക്കുന്നതിൽ പൗരസമൂഹത്തിന്‍റെ പങ്ക്' എന്ന വിഷയത്തിൽ ചർച്ചയും അവസാന ദിനത്തിൽ ശ്രദ്ധേയമായി.

207 പുസ്തക പ്രകാശനങ്ങളാണ് മേളയിൽ നടത്തിയത്. അഷ്‌റഫ് തൂണേരി സംവിധാനം ചെയ്ത 'മുക്രി വിത്ത് ചാമുണ്ഡി- ദി സാഗ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട് ' എന്ന ഡോക്യുമെന്‍ററിയും സമാപനവേദിയിൽ പ്രകാശനം ചെയ്തു. വടക്കേ മലബാറിലെ മാപ്പിളത്തെയ്യം പ്രമേയമാക്കി നിർമിച്ചതാണ് ഈ ഡോക്യുമെന്‍ററി.

പുസ്തകോത്സവത്തിന്‍റെ സമാപന ചടങ്ങ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. നിയമസഭ പുസ്തകോത്സവത്തിനായി ലോഗോ തയാറാക്കിയ ജിവി എച്ച്എസ്എസ് അമ്പലത്തറ, കാഞ്ഞങ്ങാട് സ്‌കൂളിലെ അധ്യാപകൻ കെ.കെ. ഷിബിൻ, കെഎൽഐബിഎഫ് രണ്ടാം പതിപ്പിന്‍റെ തീം സോങ് ഒരുക്കിയ ഡോ. പ്രസീത, അഖിലൻ ചെറുകോട് എന്നിവർക്കുള്ള ഉപഹാരം ഡോ. ശശി തരൂർ എംപി സമർപ്പിച്ചു. പുസ്തകോത്സവത്തിന്‍റെ ഭാഗമായ പ്രസാധകർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com