ജെഎൻയു തെരഞ്ഞെടുപ്പിലെ ഇടത് വിജയം ദേശീയ രാഷ്‌ട്രീയത്തിന്‍റെ പരിച്ഛേദം

ജെഎൻയുവില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ അധികവും ഇടത് പക്ഷ വിദ്യാർഥി സംഘടനകളാണ് വിജിയച്ചിട്ടുള്ളത്
ജെഎൻയു തെരഞ്ഞെടുപ്പിലെ ഇടത് വിജയം ദേശീയ രാഷ്‌ട്രീയത്തിന്‍റെ പരിച്ഛേദം

ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന വിദ്യാർഥി യൂണിയന്‍ തെരഞ്ഞെടുപ്പാണ് രാജ്യതലസ്ഥാനമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎൻയു) നടക്കുന്നത്. ദേശീയ രാഷ്‌ട്രീയ ചലനങ്ങളുടെ ഒരു പരിച്ഛേദമാണ് എന്നും ജെഎൻയു തെരഞ്ഞെടുപ്പ്. കൊവിഡിന്‍റേയും മറ്റും പേരില്‍ കഴിഞ്ഞ 5 വര്‍ഷത്തോളമായി മുടങ്ങിക്കിടന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം അവിടെ നടന്നിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാർഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട നാല് സീറ്റുകളും തൂത്തുവാരി ഇടത് കൂട്ടുകെട്ട്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നീ പദവികളിലെല്ലാം ഇടതു പ്രതിനിധികള്‍ വിജയം കൊയ്തു. ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ് യൂണിയന്‍റെ ധനഞ്ജയ് ആണ് പ്രസിഡന്‍റ്. ധനഞ്ജയ് 2,973 വോട്ട നേടി ബഹുദൂരം മുന്നിലെത്തിയപ്പോള്‍ എബിവിപി സ്ഥാനാർഥി ഉമേഷ് സി. അജ്മീറ 2,039 വോട്ട് നേടി. ഇടതു മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച “ബാപ്‌സ’-യുടെ പ്രീയന്‍ഷി ആര്യ ജനറല്‍ സെക്രട്ടറിയായും വിജയിച്ചു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഇടത് സ്ഥാനാർഥിയായി സ്വാതി സിങ് മത്സര രംഗത്തുണ്ടായിരുന്നെങ്കിലും എബിവിപി അവരുടെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്ത് എത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിറ്റി നാമനിര്‍ദേശം റദ്ദാക്കുകയായിരുന്നു. വൈസ്-പ്രസിഡന്‍റായി 2,649 വോട്ട് നേടിയ എസ്എഫ്ഐ പ്രതിനിധി അഭിജിത്ത് ഘോഷ് തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കത്തില്‍ എബിവിപി പ്രതിനിധി ഗോവിന്ദ് ഡംഗി മുന്നില്‍ നിന്നെങ്കിലും എഐഎസ്എഫ് പ്രതിനിധി മുഹമ്മദ് സാജിദ് അവസാനം വിജയിക്കുകയായിരുന്നു. സാജിദ് 2,893 വോട്ട് നേടിയപ്പോള്‍ ഡംഗി 2,496 വോട്ടാണ് നേടിയത്. 73% കുട്ടികളാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ്.

ജെഎൻയുവില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ അധികവും ഇടത് പക്ഷ വിദ്യാർഥി സംഘടനകളാണ് വിജിയച്ചിട്ടുള്ളത്. അതുകൊണ്ടാണ് കൊവിഡിന്‍റെ കാര്യംപറഞ്ഞ് മൂന്നുനാല് വര്‍ഷങ്ങളായി അവിടെ തെരഞ്ഞെടുപ്പ് നടത്താതിരുന്നത്. ഡല്‍ഹിയില്‍ തന്നെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയടക്കമുള്ള പലയിടത്തും ഇതിനിടയില്‍ തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും ജെഎൻയുവില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടി വലിയ പ്രക്ഷോഭം തന്നെ വിദ്യാർഥികള്‍ക്ക് നടത്തേണ്ടതായി വന്നു.

ജെഎൻയു തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ദേശീയ രാഷ്‌ട്രീയത്തിലും, രാജ്യത്തെ യുവതയ്ക്കിടയിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. അനീതിയ്ക്കും അക്രമത്തിനും, കടുത്ത നീതി നിഷേധത്തിനുമെതിരായി ശക്തമായി പ്രതികരിക്കുന്നവരാണ് യഥാർഥ യുവത. എന്നും ജെഎൻയു വിദ്യാർഥികള്‍ പ്രതികരണ ശേഷിയുള്ളവരാണ്. രാജ്യത്തെ ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരായും ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാർഥികള്‍ ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം നിലകൊണ്ടിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെയാണ് ഈ യൂണിവേഴ്‌സിറ്റിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍പോലും ഭരണകൂടം വൈമുഖ്യം കാട്ടുന്നത്.

നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും ഒരു പ്രഹസനമായി മാറാറുണ്ട്. “മണിപവറും’ “മസില്‍ പവറും’ ഇന്ത്യന്‍ ജനാധിപത്യത്തെ കൈയിലെടുത്ത് അമ്മാനമാടുകയാണ്. ഭരണകക്ഷിയുടെ ഒത്താശയോടുകൂടിയാണ് നഗ്നമായ ജനാധിപത്യധ്വംസനങ്ങള്‍ ഈ രാജ്യത്ത് അനസ്യൂതം തുടരുന്നത്. ഭരണകക്ഷിയുടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഹീനമായ നീക്കങ്ങള്‍ക്കെതിരായി യോജിച്ചുമുന്നേറാന്‍ പ്രതിപക്ഷത്തിന് സാധിക്കാത്തതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ദൗര്‍ബല്യവും.

യാതൊരു നീതീകരണവുമില്ലാതെ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിരുന്ന ഇടതുപക്ഷത്തെ സ്വാതിസിംഗിന്‍റെ നോമിനേഷന്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായിട്ടാണ് റിട്ടേണിങ് ഓഫീസര്‍ തള്ളിയത്. ഇതിനെതിരായി സ്വാതി സിങ് നടത്തിയ 32 മണിക്കൂര്‍ നീണ്ടുനിന്ന നിരാഹാര സത്യാഗ്രഹം വിദ്യാർഥി ജനാധിപത്യ ചരിത്രത്തിലെ ഒരേടായി മാറിയിരിക്കുകയാണ്.

നഗ്നമായ ജനാധിപത്യ ധ്വംസനങ്ങളെയും, വിദ്യാർഥിയൂണിയനുകള്‍ക്കെതിരായ നീക്കങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ഇടത് വിദ്യാർഥി കൂട്ടായ്മ ജെഎൻയു യൂണിയന്‍ പിടിച്ചെടുത്തത്. ലാല്‍സലാം മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടും, ഹോളി ആഘോഷിച്ചുകൊണ്ടുമാണ് ഈ വിദ്യാർഥികള്‍ ഐതിഹാസികമായ ഈ വിജയം ആഘോഷിച്ചത്.

നമ്മുടെ രാജ്യത്തെ യുവതീയുവാക്കള്‍ രാഷ്‌ട്രീയത്തോട് വലിയ താല്‍പര്യം കാണിക്കുന്നില്ലെന്ന പ്രചരണം ചില അരാഷ്‌ട്രീയ കേന്ദ്രങ്ങള്‍ നടത്തിവരികയാണല്ലോ. എന്നാല്‍ ജെഎൻയുവും അതുപോലുള്ള വിവിധ സര്‍വകലാശാലകളും ഈ അരാഷ്‌ട്രീയ വാദികള്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ്. സാമൂഹ്യശാസ്ത്ര വിഷയങ്ങളും, പ്രത്യേകിച്ച് രാഷ്‌ട്രമീമാംസയും പ്രാധാന്യത്തോടുകൂടി പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസകേന്ദ്രമാണ് ജെഎൻയു. ബിരുദാനന്തര ബിരുദവിദ്യാർഥികളും, ഗവേഷണ വിദ്യാർഥികളുമാണ് ഈ യൂണിവേഴ്‌സിറ്റിയിലെ ബഹുഭൂരിപക്ഷവും. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാർഥികള്‍ ഈ സര്‍വ്വകലാശാലയിലുണ്ട്. അതുകൊണ്ട് തന്നെ എല്ലാ നിലയിലും ദേശീയ രാഷ്‌ട്രീയത്തിന്‍റെ പരിച്ഛേദമാണ് ജെഎൻയു തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നത്. നമ്മുടെ രാജ്യത്തെ വിദ്യാർഥികളില്‍ നല്ലൊരു ശതമാനം ഇടതുപക്ഷ ചേരിയിലാണ് നിലകൊള്ളുന്നതെന്നും ഇടത്പക്ഷ കൊടുക്കൂറയാണ് ഈ വിദ്യാർഥികള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും, ജെഎൻയു തെരഞ്ഞെടുപ്പ് രാജ്യത്തോട് വിളിച്ചറിയിക്കുകയാണ്.

(ലേഖകന്‍ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍റേയും, യൂണിവേഴ്‌സിറ്റി യൂണിയനുകളുടെ ദേശീയ സമിതിയുടേയും മുന്‍ ചെയര്‍മാനുമാണ്. ഫോണ്‍: 9847132428)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com