Life of a goal keeper

എത്ര വലിയ കളിക്കാർ കളം നിറഞ്ഞാലും ഗോളിയുടെ ഏകാന്തത പ്രയാസകരമാണ്. ആ കളിക്കാരൊന്നും തന്‍റെ ഗോൾ പോസ്റ്റിലോ വലയ്ക്കുള്ളിലോ ജീവിക്കുന്നില്ല.

MV Graphics

ഗോളിയുടെ ജീവിതം

താൻ ചിന്തിക്കുന്നതു കൊണ്ടാണ് ജീവിക്കുന്നതെന്ന് ഫ്രഞ്ച് തത്വജ്ഞാനി ദെക്കാർത്ത് പറഞ്ഞത് ഗോളിയുടെ ശിരസിനു മുകളിൽ മുഴങ്ങുകയാണ്

അക്ഷരജാലകം | എം.കെ. ഹരികുമാർ

ഫുട്ബോളിൽ ഗോളിയുടെ ജീവിതം ഒരു ഞാണിന്മേലാണ്. അതിനടിയിൽ വലിയൊരു അഗാധതയാണുള്ളത്. അതുകൊണ്ടാണ് ഗോളിയുടെ ജീവിതം ആകസ്മികമാകുന്നത്. ഗോളിക്ക് ഒരിടത്തു തന്നെ നിൽക്കാനേ നിർവാഹമുള്ളൂ. കളി തീരുന്നതു വരെ, തന്നെ ഏൽപ്പിച്ച സ്ഥലത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ഗോളി. എന്നാൽ ഇതിനടിയിൽ ഒരു അഗ്നിപർവതമാണുള്ളത്. പന്തുകളിയാണെങ്കിലും അവിടേക്ക് പന്ത് വരാതിരിക്കാനാണ് ഗോളി പ്രാർഥിക്കുന്നത്. താൻ ചിന്തിക്കുന്നതു കൊണ്ടാണ് ജീവിക്കുന്നതെന്ന് ഫ്രഞ്ച് തത്വജ്ഞാനി ദെക്കാർത്ത് പറഞ്ഞത് ഗോളിയുടെ ശിരസിനു മുകളിൽ മുഴങ്ങുകയാണ്. തന്നെ ഭേദിച്ച് പന്ത് വലയിൽ വീണാൽ ഗോളി തോറ്റു. ഗോളി തോറ്റാൽ മൊത്തം ടീം തോൽക്കും. ഗോളി ചിന്തിക്കുന്നു, അതുകൊണ്ട് ഗോളി നിലനിൽക്കുന്നു. എന്നാൽ ഗോളിയെപ്പോലൊരു തോൽവി കളിയിൽ പങ്കെടുക്കുന്ന മറ്റൊരു അംഗത്തിനുമില്ല.

ഒരു ഫോർവേഡിന്‍റെ മുമ്പിൽ രണ്ടു തെരഞ്ഞെടുപ്പുകളുണ്ട്. ഒന്ന്, മുമ്പോട്ടു പോയി ഗോളടിക്കുക. രണ്ട്, ഗോളടിക്കാൻ സാഹചര്യമൊരുക്കുക. ഈ കാര്യങ്ങളാണ് ഫോർവേഡ് ഏറ്റെടുക്കുന്നത്. ഫോർവേഡിന്‍റെ ചുമതലയാണത്. എന്നാൽ ഈ രണ്ടു ചുമതലകളും നിറവേറ്റാൻ കഴിയാത്ത ധാരാളം ഫോർവേഡുകളുണ്ട്. ഉത്തരവാദിത്വത്തിന്‍റെ പത്തു ശതമാനം പോലും നിറവേറ്റാൻ കഴിയാത്ത ഫോർവേഡുകളെ അന്താരാഷ്‌ട്ര കളികളിൽ പോലും കാണാറുണ്ട്. ഫോർവേഡിനെ മനഃശാസ്ത്രപരമായി അലട്ടുന്ന പ്രശ്നങ്ങളുണ്ട്. എതിർ ടീമിന്‍റെ പ്രതിരോധത്തെയാണ് ഫോർവേഡ് ആക്രമിക്കുന്നത്. എന്നാൽ അതത്ര ലളിതമല്ല. ആ പ്രതിരോധ സേന സ്വന്തം ടീമിന്‍റെ സുരക്ഷയ്ക്കായി ഏതറ്റം വരെയും പോകുന്ന രാക്ഷസന്മാരാണ്. അവർ മനുഷ്യരായിക്കൊള്ളണമെന്നില്ല! യുദ്ധത്തിൽ കൊട്ടാരത്തിനു കാവൽ നിൽക്കുന്നവരെ പോലെയാണ് ആ യോദ്ധാക്കൾ. അവർ വീണാൽ കൊട്ടാരം എതിരാളികൾ പിടിച്ചെടുക്കും. അതോടെ പ്രധാന ദ്വാരപാലകനായ ഗോളി വീഴും. അയാളുടെ മൃതശരീരത്തിൽ ചവിട്ടിയാണ് ശത്രു സൈന്യം വിജയം ആഘോഷിക്കുക.

പന്തിനെ പ്രേതത്തെ പോലെ

പ്രതിരോധ സേനയെ മറികടക്കാൻ സുപ്രധാന യുദ്ധമുറകൾ വേണം. ഒരു ചെറു ചലനത്തിന് പോലും അനുവദിക്കാതെ ശത്രു സേനയുടെ പ്രതിരോധ വിഭാഗം ചടുലമാകും. എല്ലാ നീക്കങ്ങളും പരാജയപ്പെടുത്താൻ മുൻകൂട്ടി തയാക്കിയ പദ്ധതികളുണ്ടാവും. അപ്പോൾ പാഠ്യപദ്ധതിക്ക് പുറത്തേക്കു പോയി കളിക്കേണ്ടിവരും. എല്ലാ ടീമംഗങ്ങൾക്കും വീതിച്ചു നൽകുന്ന പരിശീലനത്തിനപ്പുറത്ത് സ്വന്തം യുദ്ധമുറകൾ ആവശ്യമായി വരും. മുഖം തിരിഞ്ഞു നിന്നും എതിരാളിയെ മനഃശാസ്ത്രപരമായി കബളിപ്പിച്ചും ഗോൾ മുഖത്തേക്ക് പന്ത് ശക്തിയായി അടിക്കണം. തന്‍റെ ചലനങ്ങൾ എതിരാളികൾ എങ്ങനെയാണോ ധരിക്കാനിടയുള്ളത് അതിനെ അട്ടിമറിക്കാർ ഒരു ഫോർവേഡിനു സർഗാത്മക സിദ്ധിയുണ്ടായാലേ രക്ഷയുള്ളൂ. ഒരു ശരാശരി ഫോർവേഡിന് ഇതിനു കഴിയണമെന്നില്ല. എന്നാൽ ഫോർവേഡ് ഗോളടിച്ചില്ല എന്ന കാരണം കൊണ്ട് അയാളെ പുറത്താക്കാനാവില്ല. അയാൾ കളിച്ചുകൊണ്ടിരുന്നാൽ മതി. തനിക്ക് കിട്ടുന്ന പന്തുകൾ തന്നോടൊപ്പം കളിക്കുന്നവർക്ക് എത്തിച്ചു കൊടുക്കുന്നതിലൂടെ അയാൾക്ക് മനസ്സാന്നിധ്യം പ്രകടമാക്കി പരിശീലകന്‍റെ നല്ല മനസ് സ്വന്തമാക്കാം.

പ്രതിരോധ സേനയെ ആപത്ഘട്ടത്തിൽ രക്ഷിക്കാൻ അവരുടെ തന്നെ സഹായ സേനയുണ്ടാകും. അവരുടെ മിഡ്ഫീൽഡർമാർ ആക്രമണത്തിന്‍റെ മുനയൊരുക്കുന്നതിനൊപ്പം പ്രതിരോധ വിഭാഗത്തെ പിന്തുണയ്ക്കാനും എത്തിക്കൊണ്ടിരിക്കും. മിഡ്ഫീൽഡർമാർ അലഞ്ഞു തിരിയാൻ വിധിക്കപ്പെട്ടവരാണ്. അവർ വേട്ടനായ്ക്കളാണ്. മൈതാനത്തിന്‍റെ മധ്യഭാഗത്തായതു കൊണ്ട് അവർ ഒട്ടും സമ്മർദ രഹിതരല്ല. അവർക്ക് എതിർ ടീമിന്‍റെ ഫോർവേഡുകളെയും മിഡ്ഫീൽഡർമാരെയും നേരിടേണ്ടി വരും. ഇതാണ് ഒരു ഫോർവേഡിനെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നത്. അയാൾ ഒരു വലിയ അപകട മേഖലയിലായിരിക്കെ ആത്മഹത്യ ചെയ്യാനൊക്കില്ല. അയാൾ കളി തീരുന്നത് വരെ ഒരു പോലെ ഓടണം. എപ്പോൾ ഓട്ടത്തിന്‍റെ വേഗത കുറയുന്നുവോ അയാളെ മാറ്റി മറ്റൊരാൾ ഇറങ്ങും. ഇതാണ് അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ.

എന്നാൽ ഗോളിയുടെ കാര്യം അതല്ല . ഗോളിക്ക് കളിക്കാൻ മൈതാനത്തേക്ക് ഓടേണ്ടതില്ല. പക്ഷേ കളി പരാജയപ്പെടുന്നതിന്‍റെ മുഖ്യ കവാടവും കാരണവും യുക്തിയും അയാളാണ്. അയാളാണ് പരാജയത്തെ ദൃശ്യമാക്കി കൊടുക്കുന്നത്. അയാളുടെ കൈകളുടെ സ്വപ്നങ്ങൾക്ക് പ്രഹരമേൽപ്പിച്ച് എപ്പോഴെങ്കിലും വരുന്ന ഒരു പന്ത് ദുരന്തമായി മാറുന്നു. കളിക്കിടയിൽ ഗോളിക്ക് മറ്റു കളിക്കാരെ നന്നായി കളിക്കാൻ പ്രേരിപ്പിക്കാനാവില്ല. ഇക്കാര്യത്തിൽ ഗോളി നിസഹായനാണ്. അയാൾ മാത്രമാണ് പന്തിനെ പേത്രത്തെ പോലെ നോക്കുന്നത്. പാഞ്ഞു വരുന്ന പന്ത് ദുസ്വപ്നമോ പ്രേതമോ ആയിരിക്കാമെന്ന് ഗോളി ചിന്തിക്കാം. തന്‍റെ വാസഭൂമിയിൽ ആരും സഹായിക്കാനില്ല എന്ന വ്യഥ കളി തീരുന്നതുവരെ ഗോളിയെ മുറിവേല്പിച്ചുകൊണ്ടിരിക്കും.

ഗോൾ പോസ്റ്റിലെ നിരാലംബതയും നിസഹായതയും മാനസികമായ അപസ്മാരത്തിലേക്കാണ് ഗോളിയെ തള്ളിവിടുന്നത്. അയാൾ ഗോൾ പോസ്റ്റിനു മുന്നിൽ മറ്റാരും കാണാതെ നിലവിളിക്കുകയും ഉരുളുകയും ചെയ്യുന്നുണ്ട്. അതെല്ലാം അയാളുടെ ശരീരം മറച്ചു പിടിക്കുന്നതു കൊണ്ട് നമ്മൾ കാണുന്നില്ല. സ്വന്തം ടീമിന്‍റെ കളി കാണാൻ വന്ന പ്രേക്ഷകരെ മുഴുവൻ അയാളാണ് നേരിടുന്നത്. അവരുടെ എതിർപ്പും പ്രഹരവും ഗോളി മുൻകൂട്ടി കാണുന്നുണ്ട്. ആ പ്രേക്ഷകർ ഒരു ഭീകരജീവിയെ പോലെ ഗാലറിയിലിരുന്നു ഇളകിമറിയുന്നുണ്ടാവും. താൻ ഒരു പന്ത് പിടിച്ചെടുത്താൽ ആ ഭീകരജീവി ആർത്തു വിളിക്കും; തനിക്ക് ഒരു പന്ത് നഷ്ടമായാൽ ആ ഭീകരജീവി മൈതാനത്തേക്ക് തുറിച്ചുനോക്കി ഭയപ്പെടുത്തും. അവർ അതിവേഗം ഭീകര ജീവിയായി പാഞ്ഞു വരുന്നതിന്‍റെ ചിത്രം മനസിൽ അലകളായി ഉയരും. അതുകൊണ്ട് ഗോളിക്ക് ആഹ്ലാദിക്കാൻ മാർഗമില്ല. താനൊരു പന്ത് പിടിച്ചതിന്‍റെ പേരിൽ ഒരു ഗോളിയും തുളളിച്ചാടില്ല. എന്നാൽ മറുവശത്ത് ഗോളടിക്കുന്ന തന്‍റെ ടീമിലെ കളിക്കാരൻ തുള്ളിച്ചാടും.

ആ ഗോൾ ആ കളിക്കാരന്‍റെ സ്വകാര്യ ശേഖരത്തിലുണ്ടാകും, അഭിമാനത്തോടെ. ഗോളടിച്ചവൻ ഗോൾ സ്വന്തമാക്കി വീട്ടിൽ കൊണ്ടുപോകുന്നു. ആ കളിക്കാരന്‍റെ ടീം വിജയിച്ചില്ലെങ്കിലും താൻ അടിച്ച ഗോൾ നഷ്ടപ്പെടുകയില്ല. തന്നെ വളർത്താൻ ആ ഗോൾ ചെറിയ പിന്തുണ തരാതിരിക്കില്ല എന്നറിയാവുന്ന കളിക്കാരനാണയാൾ. അതേസമയം ഗോളിയോ? ഗോളിക്ക് താൻ പിടിച്ച പന്തുകൾ വീഡിയൊ രേഖകളിൽ കാണാം. അതിൽ അയാൾ ആഹ്ലാദിക്കില്ല. പിടിക്കുന്ന പന്തുകളേക്കാൾ നഷ്ടപ്പെടുന്ന പന്തുകളാണ് അയാളുടെ അസ്തിത്വപരമായ ആധിയെ നിർണയിക്കുന്നത്.

ഗോളിയുടെ ഏകാന്തത

അവർ ആക്രമണകാരികളായി മുന്നോട്ടു കുതിച്ച് എതിർപക്ഷത്തെ കതിർക്കുലകൾ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്താൻ പായുമ്പോൾ ഗോളിക്ക് ഒരു നിശ്ചയവുമില്ല തന്‍റെ വിധിയും കളിയും എന്താകുമെന്ന്. എത്ര വലിയ കളിക്കാർ കളം നിറഞ്ഞാലും ഗോളിയുടെ ഏകാന്തത പ്രയാസകരമാണ്. ആ കളിക്കാരൊന്നും തന്‍റെ ഗോൾ പോസ്റ്റിലോ വലയ്ക്കുള്ളിലോ ജീവിക്കുന്നില്ല. ആ വലയിൽ തന്‍റെ സ്വപ്നങ്ങളുടെ ഭാണ്ഡമാണ് സുക്ഷിച്ചിരിക്കുന്നത്. ഗോളിക്ക് ജീവിക്കാനൊരു കാരണമുണ്ടാകുന്നു. അത് ഗോൾ പോസ്റ്റാണ്. ആ പ്രത്യേക സ്ഥലത്തായിരിക്കുന്ന നിമിഷം ഗോളിയുടെ ജീവിതത്തിന് മറ്റൊരു അർഥമാണുള്ളത്. താൻ ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട നിമിഷമാണത്.

ആൽബേർ കമ്യു എഴുതി: ''ജീവിക്കാനൊരു കാരണം കണ്ടെത്തുന്നതും മരിക്കാനൊരു കാരണം കണ്ടെത്തുന്നതും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമില്ല.'' എന്നാൽ ഗോളിയുടെ കാര്യത്തിൽ ഇതു രണ്ടും ഒരുമിക്കുകയാണ്. അതുകൊണ്ട് ജീവിതത്തിന്‍റെ അർഥം, ഗോളിയുടെ കാര്യത്തിൽ പരമപ്രധാനമാണ്. ഗോളിയുടെ അസ്തിത്വപരമായ ഭാരക്കുറവാണ് അയാളെ വലിയൊരു യുദ്ധക്കളത്തിൽ സകല പ്രാണനും വാരിപ്പിടിച്ച്, ഭയം പുറത്തുകാണിക്കാതെ, വിധിയുടെ കാവൽക്കാരനായി നിൽക്കാൻ സഹായിക്കുന്നത്. അത് പോരാട്ടത്തിന്‍റെ നിമിഷമാണ്. ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്ന വലിയ പ്രശ്നമാണ് നേരിടാനുള്ളത്.

''മനുഷ്യാസ്തിത്വം, മാനസിക വിഭ്രാന്തിയില്ലെങ്കിൽ, എപ്പോഴും ഒരു വസ്തുവിലേക്കോ മറ്റൊരു മനുഷ്യനിലേക്കോ , അതിനെക്കാൾ ഉപരിയായി, അർഥം പൂർത്തീകരിക്കാൻ അല്ലെങ്കിൽ മറ്റൊരു മനുഷ്യനുമായുള്ള ആഭിമുഖ്യത്തിനാണ് ലക്ഷ്യമിടുന്നത് ''- ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട മന:ശാസ്ത്രജ്ഞൻ വിക്റ്റർ ഫ്രാങ്ക് പറയുന്നു. ഇത് ജീവിതത്തിന്‍റെ ഓരോ നിമിഷവും സംഭവിക്കുന്നു. നമുക്ക് അജ്ഞാതമായ ഒരു കളിയായി അത് വികസിക്കുന്നു. ചെസ് കളിക്കുന്നതു പോലെയാണ്. അടുത്ത നീക്കം പ്രവചിക്കാനാവില്ല. ഇതു തന്നെയാണ് ഗോളിയും നേരിടുന്നത്. ഗോളിയുടെ ജീവിതത്തിലെ അപായക്കളിയാണത്. അവിടെ അയാൾ ഒറ്റയ്ക്ക് സ്വന്തം വിധിയോട് പൊരുതകയാണ്. അതിൽ സാഹസികതയുടെ വീര്യമുണ്ട്.

ഏതോ നിയോഗത്താൽ

ഒരു നിമിഷാർധത്തിൽ പന്തിന്‍റെ ഗതിയെക്കുറിച്ചുള്ള വീക്ഷണം ജീവിതത്തെ മാറ്റിമറിക്കുന്നു. പെട്ടെന്നുള്ള ഒരു വിധിനിർണയമാണത്. ഒന്നോ രണ്ടോ ദിവസം ഇരുന്നാലോചിക്കാൻ സമയമില്ല. ഒരു പന്തിന്‍റെ വേഗത്തിൽ തീരുമാനം എടുത്തിരിക്കണം. ആ തീരുമാനത്തിന്‍റെ വേഗതയിൽ ഗോളിയുടെ ദുരന്തവുമുണ്ട്. ഗോളിയുടെ മനസ് പന്തിന്‍റെ വേഗതയ്ക്കൊപ്പം സഞ്ചരിക്കണം എന്ന സാഹസികതയാണത്. അതിനൊപ്പം സഞ്ചരിച്ചില്ലെങ്കിൽ ഗോൾ പോസ്റ്റിൽ കിടന്നുരുളുകയേ മാർഗമുള്ളൂ. പന്ത് മൈതാനത്തിന്‍റെ മധ്യത്തിൽ നിന്ന് ഗോൾ പോസ്റ്റിനെ ലക്ഷ്യം വച്ച് ഉരുളുമ്പോൾ മുതൽ ഗോളി ദുരന്തമുഖത്താണ്. ഒരു കൂട്ടക്കൊലയോ വംശനാശമോ ആയേക്കാവുന്ന ഭീഷണിയാണ് ആ പന്തിനെ പൊതിഞ്ഞു നിൽക്കുന്നത്. ആ പന്ത് മൈതാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഏതോ നിയോഗത്താൽ തട്ടിയും തെറിച്ചും പോകുന്നതിനിടയിൽ അതിന്‍റെ വിധി തന്‍റെ ഗോൾ പോസ്റ്റിനുളളിൽ അവസാനിക്കുമോ എന്ന ആധി ഗോളിയെ സർവതും മറക്കാൻ പ്രേരിപ്പിക്കുന്നു.

സമകാലിക രേഖകൾ

1) മനോജ് ദേവരാജൻ രചിച്ച 13 കഥകളുടെ സമാഹാരമാണ് 'കാപ്പിരി' (ബോധി ബുക്സ്). ചിന്താശീലവും ഉൾക്കാഴ്ചയുമുള്ള കഥാകൃത്താണ് മനോജ്. ജീവിതത്തെ സ്വകാര്യമായി അനുഭവിക്കുമ്പോഴാണ് എഴുത്തിനു ഭംഗിയുണ്ടാകുന്നത്. ഈ കഥകളിൽ അത് പ്രകടമാണ്. അതിശയിപ്പിക്കുന്ന ചില വാങ്മയങ്ങൾ ഈ കഥാകൃത്തിന്‍റെ പ്രത്യേകതയാണ്. സൂക്ഷ്മായ സംവേദനങ്ങൾ ഈ കഥകളിൽ നുറുങ്ങുവെട്ടം പോലെ ചിതറിക്കിടക്കുകയാണ്.

2) ഷീല ലൂയിസ് രചിച്ച 10 കഥകളുടെ സമാഹാരമാണ് 'ഒരു കാറ്റുപോലെ' (ക്ലിക്ക് കമ്യൂണിക്കേഷൻസ്). കാല്പനികമായ വിവരണമോ ജീവിതത്തോടുള്ള അതിരുവിട്ട പ്രത്യാശയോ ഇല്ലാതെ സാധാരണ ജീവിതത്തിലെ മനുഷ്യരെ നോക്കി കാണുകയാണ് കഥാകാരി. വലിയ തത്വചിന്തയോ അത്ഭുതകരമായ വിവരണമോ ഇല്ല.

കഥാകാരിയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള സത്യസന്ധത പുലർത്താനാകുന്നുണ്ട്.

3) അൽഫോൻസോ ഇലഞ്ഞിക്കൽ എഴുതിയ 'ഡിസ്കവർ ദ് ഹീറോ വിഥിൻ യൂ' (ബെറ്റർ യുവേഴ്സൽഫ് ബുക്സ്) പ്രചോദനത്മകമായ കുറിപ്പുകളുടെ സമാഹാരമാണ്. ഒരു കുറിപ്പിന്‍റെ പേര് 'ഡു സ്മാൾ തിങ്ങ്സ് വിത്ത് ഗ്രേറ്റ് ലൗ' എന്നാണ്. ഇത് മദർ തെരേസയുടെ വാക്കുകളാണ്. വലിയ കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും കഴിയില്ല; ചെറിയ കാര്യങ്ങൾ ഒത്തിരി സ്നേഹത്തോടെ ചെയ്യൂ എന്നാണ് സന്ദേശം. ജീവിതപാഠങ്ങൾ ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.

4) 'രാമായണം' സിനിമ ഒന്നാം ഭാഗം കണ്ടു. പുതിയ സാങ്കേതികവിദ്യയിൽ രാമായണത്തിലെ രംഗങ്ങൾക്ക് കൂടുതൽ ദൃശ്യഭംഗിയുണ്ട്. പക്ഷേ രാക്ഷസന്മാരുമായുള്ള രാമന്‍റെ ഏറ്റുമുട്ടൽ ചിത്രകഥകളെ ഓർമിച്ചു. രാക്ഷസന്മാർക്ക് ഒരു ചെറിയ കുന്നിന്‍റെ വലിപ്പമുണ്ടെന്നു കാണിച്ചത് അതിശയോക്തിപരമാണ്. രാക്ഷസന്മാരുടെ ശരീര വലിപ്പമല്ല, സ്വഭാവത്തിലെ വൈകൃതത്തിന്‍റെ വലിപ്പമാണ് നോക്കേണ്ടത്. രാമനും സീതയും ഭാരതീയമായ സ്വഭാവദൃഢതയും മഹത്വവും കാണിച്ചു തന്നു. പക്ഷേ രാവണനെ അവതരിപ്പിക്കാൻ യാഷ് തന്നെ വേണം. അദ്ദേഹം നിറഞ്ഞാടി. ഏറ്റവും മനോഹരം ജഡായുവുമായി പുഷ്പക വിമാനത്തിൽ വച്ചുള്ള ഏറ്റുമുട്ടലാണ്. അത് പുതിയ ഒരു ദൃശ്യസാധ്യത തുറന്നിട്ടു.

രജതരേഖകൾ

1) തിക്കോടിയൻ

സാമാന്യം ഭേദപ്പെട്ട നിലയിൽ നാടകങ്ങൾ എഴുതിയും പ്രസംഗിച്ചും ശ്രദ്ധേയനായ തിക്കോടിയൻ കുട്ടികൃഷ്ണ മാരാരെ കാണാൻ ഇടയ്ക്കൊക്കെ പോകുമായിരുന്നു. എന്നാൽ സാഹിത്യത്തെക്കുറിച്ചോ എഴുത്തിനെക്കുറിച്ചോ ഒന്നും മാരാര് സംസാരിക്കില്ല. വീട്ടിലെ കുട്ടികളുടെ കാര്യം, പഠിപ്പ് തുടങ്ങിയവ മാത്രം അന്വേഷിക്കും.

2) കെ.എൽ. മോഹനവർമ

മോഹനവർമ പറഞ്ഞു: 'എഴുതാൻ മനസിലൊന്നും വരുന്നില്ലെങ്കിൽ കൊച്ചി സിറ്റി സർവീസിൽ കയറി കടവന്ത്ര മുതൽ കലൂർ വരെയും തിരിച്ചും സഞ്ചരിച്ചു കഴിയുമ്പോള്‍ എഴുതാനുള്ള വിഷയം കിട്ടിയിരിക്കും.'

3) വി.പി. ശിവകുമാർ

കഥാകൃത്ത് വി.പി. ശിവകുമാർ ഒരു യുവ എഴുത്തുകാരനോട് പറഞ്ഞു: 'ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നീട് 5 വർഷത്തേക്ക് മറ്റൊരു പുസ്തകം പ്രസിദ്ധീകരിക്കരുത്. അതിനിടയിൽ എഴുത്തിന്‍റെ ഭാഷയും ശൈലിയും മെച്ചപ്പെടുത്തുക.'

4) നരേന്ദ്ര പ്രസാദ്

ഒ.വി. വിജയൻ 'ഖസാക്കിന്‍റെ ഇതിഹാസ'ത്തിലെ ഒരധ്യായം 'ഇലസ്ട്രേറ്റഡ് വീക്കിലി'യിൽ പരിഭാഷപ്പെടുത്തിയത് വായിച്ചതിനെപ്പറ്റി ഒരിക്കൽ പ്രൊഫ. നരേന്ദ്ര പ്രസാദ് പറഞ്ഞു: 'ഇംഗ്ലീഷ് അധ്യാപകനായിരുന്നിട്ടും ആ പരിഭാഷ എനിക്ക് പൂർണമായി മനസിലാക്കാനായില്ല. എന്‍റെ ഇംഗ്ലീഷിന്‍റെ പരിമിതി. മൊറാർജി ദേശായിക്ക് ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞ വിജയന്‍റെ വാക്കുകൾ ഓർത്തുപോയി.'

5) കടമ്മനിട്ട

കോന്നിയിൽ ഒരു കല്യാണച്ചടങ്ങിനിടെ ഊണു കഴിക്കാൻ കാത്തുനിൽക്കുമ്പോൾ കടമ്മനിട്ട രാമകൃഷ്ണനോട് പുതിയ കുട്ടികളുടെ കവിതകളെക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'വാക്കുകളുടെ വെറും കളി മാത്രം.'

6) എം.ടി

കരിപ്പുർ വിമാനത്താവളത്തിന്‍റെ രൂപകല്പനയെക്കുറിച്ചുള്ള നീരസം പ്രകടമാക്കിക്കൊണ്ട് എം.ടി. വാസുദേവൻ നായർ ഇങ്ങനെ പറഞ്ഞു: 'ഇത് ഡിസൈൻ ചെയ്ത ആളെ നേരിൽ കണ്ടാൽ വല്ലതും ചെയ്തു പോകും.'

7) എം.വി. ദേവൻ

എം.വി. ദേവനോട് ചിത്രകലയെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം അറിയിച്ചു: 'ഞാൻ ചിത്രത്തിന്‍റെ അർഥമോ സ്വാധീനമോ അല്ല പരിശോധിക്കുക. നിറങ്ങളുടെ ബാലൻസ് നോക്കും. ചിലപ്പോൾ അത് മാത്രം വ്യക്തമാവാൻ വേണ്ടി ചിത്രം തലതിരിച്ചു പിടിച്ചു നോക്കാറുണ്ട്.'