വാക്കുകൾ നമ്മുടെ ആരുടെയും സ്വന്തമല്ല. അത് പൂർവകാലത്തിന്‍റേതാണ്. വാക്ക് സ്വയം സംസാരിക്കുന്നില്ല. ഒരു സങ്കൽപ്പം അവശേഷിപ്പിക്കുകയാണ് ചെയ്യുന്നത്.
Freepik.com
അക്ഷരജാലകം | എം.കെ. ഹരികുമാർ
സാഹിത്യ ചരിത്രത്തിനും വർത്തമാനകാല സാഹിത്യകാരന്മാരുടെ തൊഴുത്തിൽക്കുത്തിനുമിടയിൽ മറ്റൊരു അനന്യമായ പാതയിലാണ് വിമർശകൻ സഞ്ചരിക്കുന്നത്. വിമർശനം തത്ത്വചിന്തയും കവിതയും യുക്തിയും ആക്രമണവും നിറഞ്ഞ ഒരു സമാന്തര പാതയാണ്. വിമർശനമാണ് സാഹിത്യ ചരിത്രത്തിനു ഒരു ഭാവുകത്വപരമായ ലക്ഷ്യവും ഉള്ളടക്കവുമുണ്ടാക്കുന്നത്. എഴുത്തുകാരിൽ തൊണ്ണൂറു ശതമാനം പേരും ഒരു ലക്ഷ്യത്തോടെയല്ല എഴുതുന്നത്. കിട്ടാവുന്ന എല്ലാ വിഷയങ്ങളും തേടിപ്പിടിക്കുന്നവരുണ്ട്. വാക്കുകൾ നിരത്തുന്നതിൽ അത്യധികമായ ആസക്തിയുള്ളവരാണ് ഏറെയും. എഴുതിയ ഒരു വാക്ക് ഒരു ഖണ്ഡികയിൽ നിന്ന്, ആവശ്യമില്ലാത്തതെന്നു കണ്ടാൽ പോലും, വെട്ടിമാറ്റാൻ വിസമ്മതിക്കുന്നവരുണ്ട്. അവർ വാക്കുകളെ വെറുതെ പ്രണയിക്കുന്നു. എഴുതിയ വാക്കിൽ താൻ നിറഞ്ഞിരിക്കുന്നതായി സങ്കൽപ്പിച്ചു തൃപ്തിയടയുന്നു.
വാക്കിൽ ഒളിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. വാക്കു കൊണ്ട് മതിൽ പണിയുന്നവരുണ്ട്. വാക്കുകൾ കല്ലുകളായി എറിഞ്ഞു തുലയ്ക്കുന്നവരുണ്ട്. അവർ വാക്കുകളുടെ ഭൗതികമായ പ്രത്യക്ഷതയിലാണ് വിശ്വസിക്കുന്നത്. വാക്കുകൾ ഇല്ലാതാകുമോ എന്നു പേടിക്കുന്നവരുണ്ട്. പക്ഷേ വാക്കുകൾ നമ്മുടെ ആരുടെയും സ്വന്തമല്ല. അത് പൂർവകാലത്തിന്‍റേതാണ്. വാക്ക് സ്വയം സംസാരിക്കുന്നില്ല. ഒരു സങ്കൽപ്പം അവശേഷിപ്പിക്കുകയാണ് ചെയ്യുന്നത്. സൗന്ദര്യം എന്ന വാക്കിൽ സൗന്ദര്യത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. ഏത് തലത്തിലുള്ള സൗന്ദര്യമാണെന്നു നമ്മളാണ് തീരുമാനിക്കുന്നത്. സൗന്ദര്യം എന്ന വാക്ക് നിഷ്കളങ്കമാണ്. അത് അതിനു വെളിയിലുള്ളതിനെയെല്ലാം നിരാകരിക്കുകയാണ് ചെയ്യുന്നത്. അതിനു മറ്റു ലോകങ്ങൾ വേണ്ട. സൗന്ദര്യം എന്ന വാക്ക് മറവി, ഉദാസീനത വക്രോക്തി, ക്രൂരത, അധമം, ചാപല്യം തുടങ്ങിയ വാക്കുകളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നില്ല.
വാക്ക് ഒരു ആശയവർണമാണ്. വാക്ക് അതിന്‍റെ അർഥത്തെ വരിച്ചിരിക്കുന്നു. പൂച്ച എന്ന വാക്ക്, പൂച്ചയുള്ളതു കൊണ്ട് യഥാർഥമാണ്. വാക്ക് സ്വന്തം വത്മീകത്തിൽ ഭദ്രമാണ്. അതിനു മറ്റെല്ലാം അപരമാണ്. അപരമായതിനെ വാക്ക് എന്തിനു സ്വീകരിക്കണം? സൗന്ദര്യം എന്ന വാക്ക് എല്ലാറ്റിനോടും അകലം പാലിക്കുന്നു. സൗന്ദര്യമല്ലാത്തതിനെ സൗന്ദര്യത്തിനു താങ്ങാനാവില്ല. സൗന്ദര്യം ലക്ഷ്യമാക്കുന്നത് സൗന്ദര്യം എന്ന ഏകശിലാഖണ്ഡത്തെയാണ്. അത് അസ്പൃശ്യവും അപാരവും അനാവശ്യവും നിരപേക്ഷവുമാണ്. അതിനു മറ്റു വാക്കുകളുടെ ആശയലോകങ്ങളുമായി യാതൊരു ഇടപാടുമില്ല. അത് എല്ലാത്തിനെയും വർജിക്കുകയാണ്, നിരസിക്കുകയാണ്.
ഒരു വാക്ക് അതിൽ തന്നെ പൂർണമാണ്; കേവലമായ അർഥത്തിൽ. എന്നാൽ വാക്ക് ഒരു ധ്യാനാവസ്ഥയിലാണ്. അത് ഗുണദോഷങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നില്ല. സൗന്ദര്യം നല്ലതോ ചീത്തയോ എന്നുപോലും അത് ശ്രദ്ധിക്കുന്നില്ല. സൗന്ദര്യം എന്ന ഒരു അവസ്ഥയുണ്ട്. അത് വേണമെങ്കിൽ നിങ്ങൾക്കെടുക്കാം, നിരീക്ഷിക്കാം, ഉപേക്ഷിക്കാം. അത് വാക്കിന്‍റെ കാര്യമല്ല. ഒരു വാക്ക് അതിൽ തന്നെയാണ് ലോകം തേടുന്നത്. ഈ ലോകത്തെ തന്നെ അത് നിഷേധിക്കുകയാണ്. വാക്ക് അതിന്‍റെ ഉണ്മയിൽ മാത്രം ജീവിക്കുന്നു. എന്നാൽ വാക്കിനു എങ്ങോട്ടും സമ്പർക്കമില്ലാതെ, യാതൊന്നിനോടും ബന്ധപ്പെടാതെ ഒറ്റയ്ക്ക് കഴിയുന്നതുകൊണ്ട് ലോകം വികസിക്കുകയില്ലെന്നു അറിയാമല്ലോ. "ശബ്ദതാരാവലി'യിലെ വാക്കുകൾ അവിടെ സുരക്ഷിതരാണ്. എന്നാൽ ആ വാക്കുകൾ ജീവിതം തുടങ്ങുന്നത് മറ്റു വാക്കുകളുമായി ചേരുമ്പോഴാണ്.
മരിക്കാതിരിക്കണമെങ്കിൽ കൂട്ടു ചേരണം. പ്രകൃതിയിലെ ജീവന്‍റെ അതിജീവനത്തിന്‍റെ രഹസ്യമാണിത്. പ്രകൃതിയിൽ ഒന്നു മറ്റൊന്നിനോടു ചേരാനും സഹവസിക്കാനും ആഗ്രഹിക്കുന്നു. ഇണകൾ അങ്ങനെയാണുണ്ടാകുന്നത്. ഒരു മനസിനു മറ്റൊരു മനസിനെ വേണം, ആലിംഗനം ചെയ്യാനും രഹസ്യം പറയാനും സ്നേഹിക്കാനും. മനസ് മറ്റൊരു മനസുമായി ചേരാതിരിക്കുന്നത് സ്നേഹശൂന്യതയാണ്. പ്രകൃതി എപ്പോഴും മറ്റൊന്നിനോടു ചേരുന്നതിനെ തുണയ്ക്കുന്നു. പ്രകൃതിയിൽ വളരുക എന്ന പ്രക്രിയയുണ്ട്. ഒരു മാവിൽ നിന്ന് അനേകായിരം മാവുകളാണ് പ്രകൃതി ഭാവന ചെയ്യുന്നത്. ഒരു വൃക്ഷത്തിന് അനേകം പിന്തുടർച്ചകൾ വേണം. ആ ചങ്ങലയിലാണ് അത് സാക്ഷാത്കരിക്കുന്നത്. ഒരു വൃക്ഷം തന്‍റെ വംശം അറ്റു പോകാൻ വേണ്ടി വിത്തു നശിപ്പിക്കുന്നില്ല. വിത്ത് അതിന്‍റെ ആന്തര മനസാണ്. അതിലൂടെ ഭാവിയിലേക്കാണ് പാലം പണിയുന്നത്.
ഒരു വാക്ക് നിരസിക്കുന്നത് അതിനു പുറത്തുള്ള എല്ലാറ്റിനെയുമാണ്. വാക്ക് ഒരു കാലഘട്ടത്തിന്‍റെ ഘടകമാണെങ്കിൽ പോലും അത് ഉള്ളിൽ നിരപേക്ഷമാണ്. കേവലമായ സത്തയുടെ ഒരു പ്രതിനിധാനമാണത്. വാക്കിനുള്ളിൽ മറ്റൊന്നുമില്ല. മറ്റൊരു വാക്കില്ല, അതിന്‍റെ ആത്മലോകം എന്ന മേഘപടലമല്ലാതെ. അതുകൊണ്ട് വാക്ക് അതിനെത്തന്നെ നിരാകരിക്കേണ്ടി വരുന്നത് പ്രാപഞ്ചികമായ അവ്യവസ്ഥയുടെ, അന്യവത്കരണത്തിന്‍റെ, ഒറ്റപ്പെടലിന്‍റെ പ്രതിസന്ധി പരിഹരിക്കാനാണ്. അത് പ്രപഞ്ച നിയോഗമാണ്. അതല്ലാതെ വേറൊരു വിധിയില്ല. പ്രായോഗിക തലത്തിൽ ഒരു വാക്ക് മറ്റൊന്നായി ചേരാതെയിരിക്കുമ്പോൾ പ്രതീതി തലത്തിൽ അത് വിഭിന്ന വാക്കുകളുമായി ചേരുന്നതിന്‍റെ സാധ്യത നിലനിൽക്കുന്നുണ്ട്.
മുന്നോട്ടു നടന്നു പോകുന്ന ഒരാൾ മുന്നിലുള്ള കാഴ്ചകൾ കാണുന്നു. എന്നാൽ പിന്നിൽ ഒരു വീക്ഷണ ലോകമുണ്ട്. അത് അയാൾ കാണുന്നില്ല. പിന്നിലുള്ളവർക്ക് കാണാം. ഏതൊരു യാഥാർഥ്യത്തിനും ഇത്തരം കാഴ്ചകളുടെ വൈവിധ്യവും അപരത്വവുമുണ്ട്. നമ്മെ നോക്കുന്ന ആയിരം കണ്ണുകളുണ്ട്. ആ കണ്ണുകളിലെ കാഴ്ച നമുക്ക് അജ്ഞാതമാണ്. ഇതുതന്നെയാണ് വാക്കിനും മനസിനും സംഭവിക്കുന്നത്. വാക്ക് മറ്റൊരു വാക്കുമായി ചേരാനുള്ളതാണ്. അത് സ്വയം നിരസിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. വാക്കിന്‍റെ സംയോജന സാധ്യതകൾ അനന്തമാണ്.
സൗന്ദര്യം എന്ന വാക്ക് ആത്മ സൗന്ദര്യമോ, കാനന സൗന്ദര്യമോ, അപാര സൗന്ദര്യമോ, അനൈഹിക സൗന്ദര്യമോ, പ്രഹേളികാ സൗന്ദര്യമോ ആകാൻ വിധിക്കപ്പെട്ടതാണ്. വാക്കിനു സ്വയം നിരസിക്കാത്ത മൗലിക ചോദനയുണ്ട്. അത് പല വാക്കുകളുമായി ചേർന്നു ആശയ പ്രപഞ്ചങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നമ്മളാരും ഒന്നും ചെയ്യാതെയിരുന്നാലും വാക്കുകളുടെ സംയോജനത്തിന്‍റെ ഒരു സാധ്യത എപ്പോഴുമുണ്ട്. അത് ഒരിടത്തും അവസാനിക്കുന്നില്ല. വാക്കുകൾ മരിക്കുന്നില്ല. വാക്കുകൾ മറ്റു വാക്കുകളുമായി കൂടിച്ചേരാനിരിക്കുന്നതു കൊണ്ട് മരണമില്ല. വാക്കുകൾ സ്വയം നിരസിക്കുമ്പോൾ സംഭവിക്കുന്നത് കേവലാവസ്ഥയിൽനിന്നു ആശയ തലത്തിലേക്കുള്ള മോചനമാണ്.
സൗന്ദര്യം എന്നു പറയുമ്പോൾ കൃത്യമായ ഒരാശയമില്ല; ഒരു സങ്കല്പമാണുള്ളത്. അതാകട്ടെ വ്യക്തിനിരപേക്ഷമാണ്. അത് ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടിലൂടെ അനാവൃതമാകുമ്പോഴാണ് അർഥമുണ്ടാകുന്നത്. മനസിനും ഇത് ബാധകമാണ്. വാക്കുകൾക്കിടയിലെ ശൂന്യത പൂരിപ്പിക്കുന്നത് മനസാണ്. സൗന്ദര്യത്തിന്‍റെ ഇടനാഴി എന്നു പ്രയോഗിക്കുന്നത് മനസാണ്. മനസിന്‍റെ ആവശ്യമാണത്. മനസ് സ്വയം പൂരിപ്പിക്കുകയാണ്. മനസിലാണ് ആ ശൂന്യതയുണ്ടായിരുന്നത്. മനസിലെ ശൂന്യതയകറ്റാൻ രണ്ടു വാക്കുകൾ കൂടിച്ചേരുകയാണ്. സൗന്ദര്യത്തിന്‍റെ നിശബ്ദത എന്നു പൂരിപ്പിക്കുന്നത് മനസാണ്. മനസിൽ അങ്ങനെയൊരു നിശബ്ദതയുണ്ട്. അതിലൂടെ മനസിന്‍റെ ജീർണത നീങ്ങിക്കിട്ടുകയാണ്.
മനസ് ഉണരാൻ ഈ സംയോജനം വേണം. മനസ് സ്വയം നിരസിച്ചില്ലെങ്കിൽ ഒരാൾക്കൂട്ടത്തിൽ ഒരു മിനിറ്റ് പോലും നിൽക്കാനാവില്ല. ആൾക്കൂട്ടത്തിലെ സംസാരവും പലരുടെയും ഗന്ധവും മറ്റും മനസ് വായിക്കുന്നുണ്ട്. എന്നാൽ മനസ് ആ സാഹചര്യത്തിൽ സ്വയം നിരസിക്കുന്നു; മറ്റൊന്നിനോടു ചേരുന്നു. അത് അതിജീവനമാണ്. ചിലപ്പോൾ ഏതെങ്കിലും വ്യക്തിയായിരിക്കാം. കാഴ്ചയായിരിക്കാം, ഓർമയായിരിക്കാം. അല്ലെങ്കിൽ ഒരു സംഭാഷണമാകാം. മനസ് ഒരേസമയം പല കേന്ദ്രങ്ങളുമായി സംവദിക്കുന്നു. പലതും നനഞ്ഞ പടക്കങ്ങൾ പോലെയാണ്. പ്രതികരണമോ ലക്ഷ്യമോ ഉണ്ടായിരിക്കില്ല. ചില ചിന്തകൾ തീപ്പിടിച്ച് എവിടെയോ പറന്നു താഴെ വീഴുന്നു. മനസ് ഒരു കൂട്ടിനുള്ളിൽ വീണ വെരുകിനെപ്പോലെയാണ്. എപ്പോഴും സ്വന്തം കൂട്ടിൽക്കിടന്നു ഉഴറുകയാണ്. മനഃശാസ്ത്രം ആരംഭിക്കുന്നത് ഇവിടെയാണ്. മനസ് അതിജീവനത്തിനായി എല്ലാം മാർഗവും തേടുന്നു. എല്ലാ വഴികളിലും പരാജയപ്പെട്ടാൽ മാത്രമേ അത് തളരുകയുള്ളൂ. ഓരോ നിമിഷത്തിലും മനസ് സ്വയം നിരസിക്കുകയാണ്. യാത്ര ചെയ്യുമ്പോൾ മനസ് ഒരു വസ്തുവിൽ ഒരു നിമിഷം പോലും നിൽക്കുന്നില്ല. ഏതൊരു കാഴ്ച മുന്നിൽ വന്നാലും മനസ് അതിലേക്ക് പടരും.
അതവിടെ നിൽക്കുന്നില്ല. മനസ് പാറിപ്പറന്നു പോവുകയാണ്. ഒരിടത്തും നിൽക്കാനറിയാത്ത നിഷ്കളങ്കതയാണ് അതിനുള്ളത്. ഈ സ്വഭാവം മനസിന്‍റെ ആവശ്യമാണ്. ഒന്നിൽ തന്നെ ഉറച്ചുനിൽക്കാത്തത് ഒരു കുറ്റമാണെന്നു പറയുമായിരിക്കും. പക്ഷേ മനസിന്‍റെ സ്വഭാവമാണത്. മനസ് സ്വയം നിരസിച്ച്, വാക്കിനെ പോലെ മറ്റൊന്നായി മാറുന്നു.അതാണ് സ്വയം നിർമാണം. സൗന്ദര്യം എന്ന വാക്ക് സ്വയം നിരസിച്ച് സൗന്ദര്യാത്മക ദുഃഖമാകുന്നതോടെ അർഥവും സാഹചര്യവും രൂപവുമെല്ലാം മാറി. സൗന്ദര്യത്തിന്‍റെ പദതലം ആശയപരമായ ഒരു അതീതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. സൗന്ദര്യാത്മക ദുഃഖം ആത്മീയമായ ഒരു സമസ്യയാണ്. അത് എല്ലാ വ്യക്തികൾക്കും അനുഭവപ്പെടണമെന്നില്ല; വ്യക്തിനിഷ്ഠമാണത്. വാക്കുകൾക്കിടയിലാണ് വ്യക്തി ജീവിക്കുന്നത്.
വാക്ക് അതിന്‍റെ മൂലതത്ത്വത്തിൽനിന്നു വ്യതിചലിച്ച് മറ്റൊരു ആശയതലത്തിലേക്ക് വളരുന്നു. ഇതോടെ ലോകം വളരുന്നു. അവസാനിക്കാത്ത വളർച്ച അവിടെ കാണാൻ കഴിയും. അതുപോലെ എണ്ണമറ്റ പദസംയോജനങ്ങൾ അന്തരീക്ഷത്തിലുണ്ട്. ഒരു വലിയ കല്ലിൽ ആമയും മുയലും ആനയും മനുഷ്യരും ദേവനും ദേവിയും എല്ലാം ഉള്ളതുപോലെയാണിത്. ശില്പിയാണ് തീരുമാനിക്കുന്നത് കല്ലിൽ നിന്നു ഏതു രൂപം കൊത്തണമെന്ന്. ആനയുടെ രൂപം തിരഞ്ഞെടുത്താൽ മറ്റെല്ലാ രൂപങ്ങളും പിൻവാങ്ങും. അതുകൊണ്ട് കല്ലിൽ മറ്റു രൂപങ്ങളില്ലായിരുന്നു എന്നു പറയാനാവില്ല. കല്ലിൽ എല്ലാ രൂപങ്ങളുമുണ്ടായിരിക്കുന്ന ഒരു സങ്കൽപ്പവും സാധ്യതയുമാണ്. അതുപോലെ വാക്കുകൾ തമ്മിലുള്ള സംയോജനം പല സാധ്യതകളാണ്. അതിൽ ഏതെങ്കിലുമൊന്നു മാത്രമാണ് നമുക്ക് അനിവാര്യമായി വരുന്നത്. "പാപത്തിന്‍റെ പൂക്കൾ' എന്നു പറയുമ്പോൾ പാപവും പൂക്കളുമല്ലാത്ത മറ്റൊരാശയമാണുണ്ടാവുന്നത്. പാപം സ്വയം നിരസിച്ചു; പൂക്കൾ സ്വയം നിരസിച്ചു. അതേസമയം പാപം സ്വയം നിർമിച്ചു; പൂക്കൾ സ്വയം നിർമിച്ചു. സംയോജനത്തിലൂടെ പുതിയ ലോകം നിർമിക്കപ്പെടുന്നു. ഈ അനുസ്യൂതിയാണ്, തുടർച്ചയാണ് നവാദ്വൈതം. അദ്വൈതം എന്നാൽ ഇവിടെ അർഥമാക്കുന്നത് പ്രപഞ്ചത്തിലെ ഒരേയൊരു അനുസ്യൂതി എന്നാണ്. അവിടെ രണ്ടില്ല. മറ്റൊരു മാനമില്ല. ഒരേയൊരു മാനമാണിത്. സ്വയം നിരസിച്ച്, സ്വയം നിർമിച്ച് ഉണ്ടാവുന്ന അനുസ്യൂതിയുടെ, തുടർച്ചയുടെ അനേകം ശൃംഖലകളും ആശയങ്ങളുമാണ്; അനന്തമാണത്.
ഫ്രഞ്ച് കവി ചാൾസ് ബോദ്‌ലേറിന്‍റെ ഒരു കവിതാ സമാഹാരത്തിന്‍റെ പേര് "ദ് ഫ്ലവേഴ്സ് ഓഫ് ഈവിൾ' (തിന്മയുടെ പൂക്കൾ) എന്നാണ്. തിന്മയും പൂക്കളും സ്വയം നിരസിക്കുകയും സ്വയം നിർമിക്കുകയും ചെയ്തിരിക്കുന്നു, പുതിയൊരു ആശയത്തിനു വേണ്ടി. അതിലൂടെ പുതിയൊരു അദ്വൈതം ഉണ്ടാവുകയാണ്. ഈ സ്വയം നിരാസവും സ്വയം നിർമാണവുമാണ് സാഹിത്യത്തിൽ പ്രധാനമെന്നു പറയുകയായിരുന്നു ഉദ്ദേശം. വിമർശകൻ സ്വയം നിരാകരിച്ചു കൊണ്ട് സ്വയം നിർമിക്കുന്നു. താൻ വായിച്ച പുസ്തകത്തെ ചിലപ്പോൾ നിരാകരിക്കാം. അതുപോലെ സ്വന്തം മനസിനെയും നിരാകരിക്കുന്നു. അങ്ങനെ സാഹിത്യകൃതിയിലും വ്യക്തിയിലും അപ്രകാശിതമായിരുന്ന ഒരാശയത്തെ, അനുഭൂതിയെ, അറിവിനെ, സൗന്ദര്യത്തെ കണ്ടുപിടിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുകയാണ് വിമർശകൻ ചെയ്യുന്നത്.
വിമർശകന്‍റെ വാക്കുകൾ സാഹിത്യകൃതിയെ നിരാകരിച്ച്, അതിൽ ഒളിഞ്ഞുകിടന്ന ഒരു അനുഭൂതിയുമായി സംയോജനം ചെയ്യുന്നു. അങ്ങനെ വിമർശകൻ സ്വയം നിർമിക്കുന്നു. ഒരു കൃതിയുടെ ഏതൊരു ഭാഗത്തും, ഇങ്ങനെ വിമർശകനു വീണ്ടും ജനിക്കാനായി, സംവേദനാത്മകമായ പാരസ്പര്യത്തിനായി ഒരുക്കിയിട്ട വിവരണങ്ങളുണ്ടാകും.
1) ആർ.എസ്. കുറുപ്പ് എഴുതിയ "വീടൊഴിഞ്ഞവരുടെ വേവ്' (ഇൻഡസ് സ്ക്രോൾ ഭാഷ) എന്ന വിമർശന ഗ്രന്ഥം ഒരു ആസ്വാദകന്‍റെ സഞ്ചാരപഥങ്ങളാണ് ഓർമിപ്പിക്കുന്നത്. അദ്ദേഹം സാഹിത്യ പ്രസ്ഥാനങ്ങളിലോ പ്രവണതകളിലോ കുടുങ്ങിക്കിടക്കുന്നില്ല. ഇഷ്ടപ്പെട്ട കൃതികൾ സ്വതന്ത്രമായി വായിക്കുകയാണ്. കടമ്മനിട്ടയുടെ "കിരാതവൃത്ത'ത്തെക്കുറിച്ചെഴുതിയ "നെഞ്ചത്തൊരു പന്തം', സുഗത കുമാരിയുടെ കാവ്യലോകത്തെക്കുറിച്ചുള്ള "നെറ്റിയിലിറ്റു നിലാവിൻ ചന്ദനമിട്ടും' അയ്യപ്പപ്പണിക്കരുടെ "കുരുക്ഷേത്ര'ത്തെക്കുറിച്ചെഴുതിയ "കുരുക്ഷേത്രത്തിലേക്കു വീണ്ടും' എന്നീ ലേഖനങ്ങൾ സ്വതന്ത്ര വായനയാണ്. ഈ പുസ്തകത്തിൽ ആകെ 32 ലേഖനങ്ങളുണ്ട്. ഇന്നും "കുരുക്ഷേത്ര'ത്തെ വിമർശിക്കുന്നവരുണ്ട് എന്നോർക്കണം. അവർക്ക് ഗ്രന്ഥകാരൻ നൽകുന്ന മറുപടി ഇങ്ങനെയാണ്: "ഗാന്ധിയെ നിരാകരിച്ചുകൊണ്ട് പാശ്ചാത്യ വികസന മാതൃക സൃഷ്ടിച്ചതാണ് ഒരു തരിശുഭൂമിയുടെ സൃഷ്ടിക്ക് കാരണമായതെന്നു "കുരുക്ഷേത്രം' സൂചിപ്പിക്കുന്നു.'
2) തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കാൻ തങ്ങളാലാവുന്നത് ചെയ്യാൻ എഴുത്തുകാർക്ക് സ്വാതന്ത്ര്യമുണ്ട്. ജീവിതത്തിൽ കഴുത്തറ്റം അരാഷ്‌ട്രീയവാദികളായ ഭൂരിപക്ഷം എഴുത്തുകാർക്കും സാമാജിക തിരഞ്ഞെടുപ്പ് വീണുകിട്ടുന്ന ഒരവസരമാണ്, തങ്ങളുടെ രാഷ്‌ട്രീയ കൂറും ബന്ധവും തെളിയിക്കാൻ.
3) ജർമൻ ചലച്ചിത്ര സംവിധായകനായ വിം വെൻഡേഴ്സനെക്കുറിച്ച് എം.സി. രാജനാരായണൻ എഴുതിയ ലേഖനം (വിം വെൻഡേഴ്സന്‍റെ ലോകം, സഹോദരൻ മാസിക, ജൂൺ) സമകാലികമായ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തിലേക്കുള്ള ഒരു വാതിൽ തുറക്കലാണ്. ഇന്ത്യയിലെ അഞ്ചു നഗരങ്ങളിൽ 25 ദിവസം 18 ചിത്രങ്ങൾ പ്രദർശിപ്പിക്കാനും അതിനെക്കുറിച്ച് ചർച്ച നടത്താനും കഴിഞ്ഞത് വിൻഡേഴ്സനെ ഇന്ത്യൻ പ്രേക്ഷകർക്ക് അടുത്തറിയാനുള്ള അവസരമായി. രാജനാരായണന്‍റെ നിരീക്ഷണം കൃത്യമാണ്: ‘പാതയുടെ ഗീതം (പഥേർ പാഞ്ചാലി) എന്നപോലെ പാതയുടെ പടങ്ങളാണ് പൊതുവെ വിം വെൻഡേഴ്സന്‍റെ സൃഷ്ടികൾ.'
4) കൊടുവഴങ്ങ ബാലകൃഷ്ണൻ എഴുതിയ "കോർപ്പറേറ്റ് ലോകത്തെ വൃദ്ധന്മാർ' (സഹോദരൻ മാസിക, ജൂൺ) എന്ന ലേഖനത്തിൽ കുട്ടികളെപ്പോലെ രോഗങ്ങളും പോഷകാഹാരക്കുറവും നേരിടാൻ പോകുന്നത് വയോജനങ്ങളായിരിക്കുമെന്നു അഭിപ്രായപ്പെടുന്നു. ഭീതിജനകമായ ഒരന്തരീക്ഷമാണ് വൃദ്ധരുടേത്. അവർക്ക് 50 രൂപ മുടക്കി ലോട്ടറി ടിക്കറ്റ് എടുക്കാനാവില്ല. 10 രൂപയുടെ ലോട്ടറി ടിക്കറ്റ് ഉണ്ടെങ്കിൽ നന്നായിരിക്കും. എല്ലാ വൃദ്ധജനങ്ങൾക്കും പെൻഷൻ കൊടുക്കാൻ സർക്കാർ തയാറാകണം.
5) എം.എ. ബേബിയും വി. രാജകൃഷ്ണനും കെ.പി. അപ്പന്‍റെ കൊല്ലത്തെ വസതിയിൽ വന്ന നിമിഷം ഓർക്കുകയാണ്. ഞാനും അവിടെ ഉണ്ടായിരുന്നു. രാഷ്‌ട്രീയ പ്രവർത്തകരുടെ സാഹിത്യ വീക്ഷണത്തെപ്പറ്റി സംസാരിക്കുന്നതിനിടയിൽ അപ്പൻ തുറന്നുപറഞ്ഞു: ഇടതുപക്ഷത്ത് സാഹിത്യപരമായ സമീപനങ്ങളിൽ പ്രതീക്ഷയർപ്പിക്കാവുന്ന നേതാക്കളില്ല.' ഇതിനെ ബേബി തന്‍റെ സഹജമായ ചിരി കൊണ്ടാണ് നേരിട്ടത്.
6) കൊല്ലം എസ്എൻ കോളെജിൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ സുകുമാർ അഴീക്കോട് പ്രസംഗിക്കുമ്പോൾ അവിടത്തെ മലയാളം അധ്യാപകനായിരുന്ന കെ.പി. അപ്പൻ സദസിന്‍റെ മുൻനിരയിലുണ്ടായിരുന്നു. അപ്പന്‍റെ സാന്നിധ്യം അഴീക്കോടിന്‍റെ വാക്കുകൾക്ക് മൂർച്ച കൂട്ടി. അഴീക്കോട് പറഞ്ഞു: ചിലർ ചെറിയ ഒരു പുസ്തകം കൊണ്ട് (അപ്പന്‍റെ "തിരസ്ക്കാരം' എന്ന 42 പേജുള്ള പുസ്തകത്തെയാണ് ഉദ്ദേശിച്ചത്) എല്ലാറ്റിനെയും തകർക്കാമെന്നു വ്യാമോഹിക്കുന്നുണ്ട്. അത് അസാധ്യമാണ്.
7) ബിജു റോക്കി ലോകത്തിലെ എല്ലാ അലട്ടലുകളിൽ നിന്നും മുക്തനായിട്ടെന്ന പോലെ ഒരു കവിത എഴുതിയിരിക്കുന്നു. പ്രകൃതിയിലെ അത്ഭുതങ്ങൾ കാണിച്ചുതരുകയാണ് കവി. ‘ചന്ദ്രവലയം തലയിലേറ്റിയ ഉറുമ്പുകൾ' (പ്രസാധകൻ, ജൂൺ) എന്ന കവിതയിലെ വരികൾ ഇങ്ങനെ:
''മുറിച്ചിട്ട നഖങ്ങളുടെ
ചന്ദ്രവലയങ്ങൾ
തലയിലേറ്റി
നിധി കിട്ടിയ സന്തോഷവുമായി
ഉറുമ്പിൻ കൂട്ടം നീങ്ങുന്നു.
വിറകുചീളിന്‍റെ
ഉച്ചി കീഴടക്കുന്നു.
കുഴിയാനയുടെ അഗാധമായ
ഗർത്തം താണ്ടുന്നു.''
8) മനുഷ്യൻ ദൈവത്തിന്‍റെ സ്വപ്നവും സ്നേഹവും സൗന്ദര്യവും കൃപയും നശിപ്പിച്ചവനാണ്.
9) അമെരിക്കൻ സാഹിത്യകാരനായ സ്റ്റീഫൻ കിങ് പ്രേമത്തെക്കുറിച്ച് ആത്മകഥാപരമായി, സത്യത്തിന്‍റെ വായ്ത്തലയിൽ ജീവിക്കുന്ന പോലെ എഴുതി: യഥാർഥ പ്രണയം, ശക്തമായ മയക്കുമരുന്നു പോലെ, ബോറടിപ്പിക്കും. കൂട്ടിമുട്ടലും കണ്ടെത്തലും ആലിംഗനവും ഉമ്മകളും പെട്ടെന്നു പഴഞ്ചനായി മാറും, ചുംബനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നവരുടെ കാര്യത്തിലൊഴിച്ച്. ആദ്യാനുരാഗം പ്രിയങ്കരമാകുന്നത്, അതിലേക്ക് ആകർഷിക്കപ്പെടുന്നവർ അതിന്‍റെ തടവറയിലായിരിക്കുന്നതു കൊണ്ടാണ്. ഒരു ഉഗ്രൻ മയക്കുമരുന്നു പോലെ സത്യസന്ധമായ ആദ്യാനുരാഗം അപകടകരമാണ്.'