ഏണസ്റ്റ് ഹെമിംഗ്‌വേ
ഏണസ്റ്റ് ഹെമിംഗ്‌വേ

മാധവിക്കുട്ടി സൃഷ്ടിച്ച ലോകം

ഫിക്ഷ്ന്‍ അഥവാ കൽപ്പിത കഥ യാഥാർത്ഥ്യത്തെക്കാൾ സത്യമാണ്. നമ്മുടെ മുന്നിലേക്ക് വരുന്ന സംഭവങ്ങൾ, വാസ്തവങ്ങൾ പലതും അതിന്‍റെ സത്യത്തെ അനാവരണം ചെയ്യുന്നുണ്ടാവില്ല

അക്ഷരജാലകം | എം. കെ. ഹരികുമാർ

സത്യത്തെക്കുറിച്ച് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പ്രസ്താവമാണ് സാഹിത്യ രചന. അതുകൊണ്ടാണ്, വളർന്നു വരുന്ന എഴുത്തുകാരോട് ഏണസ്റ്റ് ഹെമിംഗ്‌വേ ഇങ്ങനെ പറഞ്ഞത്: ''നിങ്ങളുടെ അറിവിൽപ്പെട്ടിടത്തോളം ഏറ്റവും സത്യമായ വാചകമേ എഴുതാവൂ. ''

ഫിക്ഷ്ന്‍ അഥവാ കൽപ്പിത കഥ യാഥാർത്ഥ്യത്തെക്കാൾ സത്യമാണ്. നമ്മുടെ മുന്നിലേക്ക് വരുന്ന സംഭവങ്ങൾ, വാസ്തവങ്ങൾ പലതും അതിന്‍റെ സത്യത്തെ അനാവരണം ചെയ്യുന്നുണ്ടാവില്ല. പലതും വാർത്തകളാണ്. ചിലത് നാം നേരിട്ട് കണ്ടതോ കേട്ടതോ ആണ്. നമ്മുടേതായ ഒരു വ്യാഖ്യാനമാവും ഉണ്ടാവുക. മർകേസിന്‍റെ 'ദ് ഹാൻഡ്സൊമെസ്റ്റ് ഡ്രൗൺഡ്മാൻ ഇൻ ദ് വേൾഡ്' എന്ന കഥയിൽ സംഭവിച്ചതുപോലെ, കടൽത്തീരത്തടിഞ്ഞ ഒരാളെക്കുറിച്ച് പലർ പല രീതിയിൽ സംസാരിക്കുകയാണ്. ഒരു തിരഞ്ഞെടുപ്പിൽ, സ്ഥാനാർഥികളെക്കുറിച്ച് പലരും പല അഭിപ്രായങ്ങളാവും പറയുക. യാഥാർത്ഥ്യം ഈ ചർച്ചകളിലൂടെ ഇല്ലാതാവുകയോ വക്രീകരിക്കപ്പെടുകയോ ചെയ്യുകയാണ്.

ഒരു വസ്തുതയെ വിശകലനം ചെയ്യുന്നതോടെ അത് പലതരം അർത്ഥങ്ങളായി പിരിയുന്നു. സത്യത്തെ പിന്നെ കണ്ടെത്താനാവുന്നില്ല. ഡൽഹി മുഖ്യമന്ത്രി കെജ്‌രിളിനെ അറസ്റ്റ് ചെയ്ത ശേഷം വന്ന വാർത്തകൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. കെജ്‌രിൾ ഒരു മാന്യനാണെന്നും തരികിടയാണെന്നും തന്ത്രശാലിയാണെന്നും അഴിമതിക്കാരാണെന്നുമൊക്കെ പറയുന്നത് കേട്ടു. ഇങ്ങനെ പറയുന്നവർക്ക് അതിന്‍റെ ഉത്തരവാദിത്വമൊന്നുമില്ല. അവർ പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുകയാണ്. ഉത്തര- ഉത്തരാധുനിക കാലത്ത്, മാധ്യമങ്ങൾ വിശദീകരിക്കുന്ന പോലെയല്ല ഒരു വസ്തു നിലനിൽക്കുന്നത്. എല്ലാവർക്കും അഭിപ്രായം പറയാൻ സുക്കർബർഗ് ഫേസ്ബുക്ക് തുറന്നിരിക്കുകയാണ്. യൂട്യൂബ് മാധ്യമങ്ങളുണ്ടല്ലോ. എല്ലാവരും അഭിപ്രായം പറഞ്ഞിരിക്കണം. ആധികാരികത പാടില്ല. ആധികാരികതയിൽ വിശ്വസിക്കാത്ത പ്രേക്ഷകരെ ഇന്ന് ധാരാളം കാണാം. അവരാണ് വ്യാജവാർത്തകൾ ആവശ്യപ്പെടുന്നത്. അതുകൊണ്ട്, തോന്നുന്നത് പറയുന്നതാണ് ഒരു നവകാലമാധ്യമത്തിന്‍റെ സ്വഭാവം. വ്യക്തി തന്നെയാണ് മാധ്യമം. ഒരാൾ തനിക്ക് എങ്ങനെ ഒരു കാര്യത്തെ വിശദീകരിക്കാൻ തോന്നുന്നുവോ അതുപോലെ പറയുകയാണ്.

സ്വാതന്ത്യത്തിനു വേണ്ടി

കലാമണ്ഡലം സത്യഭാമ
കലാമണ്ഡലം സത്യഭാമ

സ്വാതന്ത്ര്യമാണ് എല്ലാവരുടെയും പ്രാണൻ. സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോഴാണ് ജീവിച്ചിരിക്കുന്നത്. ലോകം എന്ത് കരുതുന്നുവെന്ന് ആലോചിക്കുന്നത് നവമാധ്യമങ്ങളുടെ സ്വഭാവമല്ല. നർത്തകി സത്യഭാമയുടെ വർണവിദ്വേഷ സംഭാഷണം അതാണ് വ്യക്തമാക്കുന്നത്. അവർ പറഞ്ഞത് പരിഷ്കൃത ജനാധിപത്യരാജ്യത്ത് നിയമപരമായോ ധാർമികമായോ നിലനിൽക്കുന്നതല്ല. അവർ പറഞ്ഞത് ഭോഷ്കാണ്. എന്നാൽ അവർ പറഞ്ഞുകൊണ്ട് ജീവിക്കുന്നു. ഒരു യൂട്യൂബ് ചാനലിലാണല്ലോ ആ സംഭാഷണം വന്നത്. മനുഷ്യർ എല്ലാം നഷ്ടപ്പെടുത്തിയും സ്വാതന്ത്ര്യം ആഘോഷിക്കുന്ന കാലമാണിത്. അതുകൊണ്ട് യാഥാർത്ഥ്യം മരിച്ചു; അതിനെക്കുറിച്ചുള്ള വിമർശനങ്ങളും വിലയിരുത്തലുകളും മാത്രമേയുള്ളൂ. ഒരു കവിതയോ കഥയോ അല്ല, അതിനെക്കുറിച്ചുള്ള വിമർശനങ്ങളും വിലയിരുത്തലുകളുമാണ് ആളുകൾ പല രീതിയിൽ വായിക്കുന്നത്. ആശാൻ എഴുതിയ 'ചിന്താവിഷ്ടയായ സീത'യല്ല, പലർ പലപ്പോഴായി അതിനെക്കുറിച്ച് എഴുതിയ വിമർശനങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

സത്യം ശരിയായ രീതിയിൽ പ്രത്യക്ഷപ്പെടുന്നത് കഥയിലാണെന്ന് ബ്രിട്ടീഷ് നോവലിസ്റ്റ് ഡോറിസ് ലെസിംഗ് പറഞ്ഞത് ഈ അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. ഫിക്ഷ്നെ അവർ സത്യമായി വ്യാഖ്യാനിക്കുന്നു. അപ്പോൾ സത്യമാണ് ജീവിക്കുന്നത്. ഡോറിസ് ലെസിംഗ് ഒരു വനിതയെന്ന നിലയിൽ സാഹിത്യരംഗത്ത് ആദ്യകാലത്ത് ഏറെ അവഗണിക്കപ്പെട്ടു. അവരുടെ ഒരു കഥ പോലും പ്രസിദ്ധീകരിക്കാൻ പ്രയാസപ്പെട്ടു. പിന്നീട് അവർ കഠിനാദ്ധ്വാനത്തിലൂടെ വളർന്നു ;നോബൽ സമ്മാനം ലഭിക്കുന്നത് വരെ വളർന്നു. അവർ എഴുതിയ 'ദ് ഗോൾഡൻ നോട്ട് ബുക്ക്' എന്ന നോവൽ എഴുത്തിനെക്കുറിച്ചുള്ള യാഥാസ്ഥിതിക സങ്കല്പത്തെ പൊളിച്ചടുക്കി. യാഥാസ്ഥിതികമായ ചട്ടക്കൂടിൽ നിന്ന് മാറി ചിന്തിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. പലതും കാലഹരണപ്പെട്ടു എന്ന് തിരിച്ചറിയാൻ വൈകരുതെന്ന് അവർ ഉപദേശിച്ചു.

എഴുതുന്നത് മറ്റുള്ളവരുടെ സ്വരം കേൾപ്പിക്കാനല്ല, സ്വന്തം സ്വരം കേൾപ്പിക്കാനാണ്. നമുക്കാണ് പറയാനുള്ളത്. മറ്റുള്ളവർ പറഞ്ഞത് നമ്മളിലൂടെ കേൾപ്പിക്കേണ്ട. അല്ലെങ്കിൽ പതിറ്റാണ്ടുകൾക്ക് മുൻപ് ഏതെങ്കിലുമൊരു എഴുത്തുകാരൻ പറഞ്ഞത് നമ്മളിലൂടെ കേൾപ്പിക്കേണ്ട. അതിനല്ല എഴുതുന്നത്. നമുക്ക് പറയാനുണ്ട്. അത് കണ്ടുപിടിക്കുന്നവരാണ് എഴുതേണ്ടത്. അവരുടെ ആ ബോധ്യമാണ് പ്രധാനം. നമുക്ക് പാർക്കാൻ ഒരു കൂടു മതി. അവിടെയാണ് നമ്മൾ ജീവിക്കുന്നത്. അതിനെക്കുറിച്ചാണ് എഴുതേണ്ടത്.

സ്വന്തം ശബ്ദം

ഡോറിസ് ലെസിംഗ്
ഡോറിസ് ലെസിംഗ്

ലെസിംഗ് പറഞ്ഞു: എഴുത്തുകാരന്‍റെ / എഴുത്തുകാരിയുടെ ജോലി ചോദ്യങ്ങൾ ചോദിച്ചു പ്രകോപിപ്പിക്കുക എന്നതാണ്. വായിക്കുന്നയാൾ നമ്മളോട് വിയോജിക്കണം. "ഈ വിയോജിപ്പ് എഴുത്തുകാരൻ പ്രതീക്ഷിക്കുന്നിടത്താണ് അയാളുടെ വേറിടൽ. അയാൾ ആൾക്കൂട്ടത്തിന്‍റെ ശബ്ദമല്ല പ്രതിനിധീകരിക്കുന്നത്; അയാളുടെ മാത്രം ശബ്ദമാണ്. ഒരാൾ എഴുതുന്നതെല്ലാം വായനക്കാർ പൂർണമായി സ്വീകരിക്കുകയാണെങ്കിൽ, യാതൊരു പ്രകോപനവും അവരിൽ സൃഷ്ടിക്കുന്നില്ലെങ്കിൽ, അവരെ ഒന്നും അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കിൽ ആ എഴുത്തുകാരന് മൗലികമായി യാതൊന്നും പറയാൻ കഴിയുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

മാധവിക്കുട്ടി അവരുടെ പുന്നയൂർക്കുളത്തെ തറവാടിനെപ്പറ്റി എഴുതിയപ്പോഴാണ് പുതിയൊരു ലോകം ഉയർന്നു വന്നത്. ഇത് അവരുടെ അമ്മ ബാലാമണിയമ്മയുടെ വീക്ഷണമല്ല. മാധവിക്കുട്ടിയുടെ വ്യാഖ്യാനമാണ്. അവർ എഴുതിയപ്പോൾ ബാലാമണിയമ്മയ്ക്കപ്പുറത്ത് വേറൊരു പെൺ ലോകം പ്രത്യക്ഷപ്പെട്ടു. അവർ ചുറ്റുപാടുകളെ നോക്കി കണ്ടത് ലളിതാംബിക അന്തർജനത്തെ പോലെയോ സാറാ തോമസിനെ പോലെയോ അല്ല. മാധവിക്കുട്ടി എഴുതിയില്ലെങ്കിൽ ആ ലോകം ഇരുട്ടിൽ അവശേഷിക്കുമായിരുന്നു.

ഡോറിസ് ലെസിംഗ് വായനയിലും ഉൾക്കാഴ്ച തരുന്നുണ്ട്. ഒരാളുടെ യൗവന കാലത്ത് ചില പുസ്തകങ്ങൾ വായിച്ചു മടുപ്പ് തോന്നിയിട്ടുണ്ടാകും. എന്നാൽ അതേ പുസ്തകം അമ്പത് വയസ്സിൽ അങ്ങനെയാകണമെന്നില്ല. ഓരോന്നും വായിക്കാൻ ഒരു സമയമുണ്ട്. ആ സമയത്ത് വായിക്കുക. ജീവിതത്തെക്കുറിച്ചുള്ള അറിവുകൾ വർദ്ധിക്കുന്നതിനനുസരിച്ച് വായനയിലും മാറ്റം വരുന്നു. ലെസിംഗിന്‍റെ അഭിപ്രായത്തിൽ എഴുതുന്നത് മറ്റാരെയെങ്കിലും സുഖിപ്പിക്കാനാകരുത്. ഒരുപക്ഷേ, ഈ വാക്കുകൾ തന്നെ പ്രകോപനപരമായേക്കാം. മറ്റൊരാളെ സന്തോഷിപ്പിക്കുന്നില്ലെങ്കിൽ എന്തിന് എഴുതണമെന്ന് ചോദിക്കാം. എന്നാൽ അവനവന് ആഹ്ളാദിക്കാനും ആവിഷ്കരിക്കാനും കഴിയാത്തത് എന്തിന് എഴുതണമെന്ന മറുചോദ്യത്തിനും പ്രസക്തിയുണ്ട്.

എഴുത്തുകാരന് ഒരു ജീവിതമേയുള്ളു

മാധവിക്കുട്ടി
മാധവിക്കുട്ടി

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സമീപത്ത് കഴുകന്മാരെ പോലെ വന്നിരിക്കുകയാണെങ്കിൽ ഒരാൾക്ക് എങ്ങനെ എഴുതാനൊക്കും? വായനക്കാരുടെ സമൂഹം എഴുത്തുകാരന് അവന്‍റെ ഏകാന്തതയും സ്വകാര്യതയും അനുവദിച്ചു കൊടുക്കുകയാണ് വേണ്ടത്. ഒരു ഗായകൻ പാടുമ്പോൾ നാം അയാൾക്ക് മുന്നിൽ നിശ്ശബ്ദരായിരിക്കുന്നു. അയാളുടെ വാദ്യോപകരണങ്ങൾ സൂക്ഷ്മവും അപാരവുമായ ശബ്ദങ്ങളെ പുറപ്പെടുവിക്കുന്നു. അനുവാചകർ അതിനു മുന്നിൽ വിനീതവിധേയരാണ്. അവർ അത് കേൾക്കാതിരിക്കുകയാണ്. അവരുടെ നിശ്ശബ്ദത സ്നേഹവും സഹകരണവുമാണ്. അതാണ് എഴുത്തുകാരനും വേണ്ടത്. അവന്‍റെ പ്രക്ഷുബ്ധമായ വാചകങ്ങൾ, ചിന്തകൾ തടസ്സപ്പെടുത്തുന്നത് ശരിയല്ല. അതിനെ തകർക്കാൻ നോക്കരുത്. എഴുത്തുകാരൻ അവന്‍റെ ജീവിതമാണ് അതിനായി ഉപയോഗിക്കുന്നത്. അവന് വേറൊരു ജീവിതമില്ല. ഒരു ഡോക്ടർക്കോ എൻജിനീയർക്കോ അധ്യാപകനോ പ്രവൃത്തിസമയം കഴിഞ്ഞാൽ മറ്റൊരു ജീവിതമുണ്ട്. എഴുത്തുകാരൻ ഉണർന്നിരിക്കുന്ന സമയത്തെല്ലാം സാഹിത്യപരമായി ജീവിക്കുകയാണ്. അത് മാധവിക്കുട്ടി തെളിയിച്ചു. അവരുടെ കൈയിൽ ഒരു ജീവിതമേ ഉണ്ടായിരുന്നുള്ളു. അതു കൊണ്ട് അതിനു നേരെ വരുന്നതെല്ലാം അവരിൽ തന്നെ വന്നു തറച്ചു. എഴുത്ത്, ജീവിതം തന്നെയാണെന്ന് ലെസ്സിംഗ് പറയുന്നത് അതുകൊണ്ടാണ്. എഴുത്ത് പുറത്തേക്ക് വരുന്നതിന് സഹായകരമായ രീതിയിലാണ് നിങ്ങൾ ജീവിക്കേണ്ടത്. എഴുത്തുകാരന്/എഴുത്തുകാരിക്ക് വേറൊരു ജീവിതം ഷോക്കേസ് ചെയ്യാനില്ല. എഴുതുന്നത് അയാൾ ജീവിച്ചത് തന്നെയാകണം. ജീവിച്ചത് മാറ്റിവെച്ചിട്ട് എഴുതാനാവില്ല. ഇത് അയാളെ കുരിശിൽ തന്നെ നിലനിർത്തുന്നു.

ഉത്തരരേഖകൾ

1) കവിതയുടെ ശബ്ദത്തെ യുഗചേതനയായി കാണാനൊക്കുമോ?

ഉത്തരം: മാത്യു അർനോൾഡ് കവിതയെ യുഗചേതനയാക്കി അവതരിപ്പിച്ചു. 'ഡോവർ ബീച്ച്' എന്ന കവിത ഉദാഹരണം. കാലത്തിനു പ്രിയപ്പെട്ടതും അനിവാര്യവും എന്നയർത്ഥത്തിലാണിത്. നമ്മുടെ കവിതയിൽ രാഷ്ട്രീയമുദ്രവാക്യങ്ങളേയുള്ളു; യുഗചേതനയില്ല. പത്താം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ആലിയ ഷാജി (ടി. കെ. എം. എച്ച്. എസ്, കരിക്കോട്) എഴുതിയ 'എന്ത് നേടി നിങ്ങൾ?'(പ്രഭാതരശ്മി,മാർച്ച്) എന്ന കവിതയിലെ ആത്മാർത്ഥത നോക്കൂ. നടുക്കം ഉണ്ടാക്കുന്ന വരികൾ വായിച്ചു:

'ചരിത്രം തുടങ്ങിവച്ച അധർമ്മ യുദ്ധങ്ങൾ

ചിരഞ്ജീവിയായി മർത്ത്യമനസ്സിൽ

ഇന്നും പാർക്കുന്നു, പടരുന്നു !

എന്തേ ഇതിന് പ്രതിവിധിയില്ലാ!?

ജന്മനാടുകളിൽ നിന്നിറങ്ങുന്നു

അവർ, അഭയാർത്ഥിയായി,

പീരങ്കിയും, കലഹവും രക്തപ്പുഴയും

ഇല്ലാത്ത നാടിനെ കിനാവ് കണ്ട്. കൊഴിയുന്ന ഭാവിയും

കൊല്ലുന്ന കഴുകന്മാരും

ചതയുന്ന ജീവനും -

ആ കണ്ണുനീരിന് ഉത്തരം പറയുക നിങ്ങൾ. '

ഈ ചോദ്യം ചോദിക്കാൻ ഒരു വിദ്യാർത്ഥിനി വേണ്ടിവന്നു.

2) സാഹിത്യസ്ഥാപനങ്ങൾക്ക് ജനാധിപത്യപരമായ സമീപനം സാധ്യമാണോ?

ഉത്തരം: സാഹിത്യവും ജനാധിപത്യവും തമ്മിൽ ബന്ധിപ്പിക്കേണ്ടത് അച്ചടിക്കുന്ന കൃതികൾ എല്ലാവരും വായിക്കണമെന്ന കാര്യത്തിലല്ല. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് എന്നും ഒരു ന്യൂനപക്ഷമാണ്. ഏറ്റവും കൂടുതൽ അച്ചടിച്ച അദ്ധ്യാത്മരാമായണം പോലും സാധാരണക്കാർക്ക് പരിചിതമല്ല. എന്നാൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികളെ ഉൾക്കൊള്ളാനുള്ള ജനാധിപത്യം സാംസ്കാരിക സ്ഥാപനങ്ങൾക്ക് ഉണ്ടാവണം. ഒരിലയിടുമ്പോൾ അതിൽ വിളമ്പുന്ന കറികൾ ഒരു സമുദായത്തിന്‍റെയോ ഒരു വിഭാഗത്തിന്‍റെയോ മാത്രമല്ലല്ലോ. വിവിധ സമൂഹങ്ങളുടെ രുചികളാണ് ഒരിടത്ത് സമ്മേളിക്കുന്നത്.

3) കെ.ആർ. ടോണി, ജോർജ് ജോസഫ് കെ. എന്നിവരുടെ കവിതകൾ വായിച്ചോ?

ഉത്തരം: കെ. ആർ. ടോണിക്ക് ഇനിയും ഉന്നതമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും ഉത്തരാധുനിക, പ്രാദേശിക, സ്വത്വ നിർമ്മിതിയിൽ വട്ടം കറങ്ങുകയാണ്. അദ്ദേഹത്തിന്‍റെ 'പൊന്നൂസ്' എന്ന കവിതയും വ്യത്യസ്തമല്ല.

'മരണം കാത്തു കിടക്കുന്ന സമയത്ത്

അമ്മാമ്മയുടെ ഗർഭപാത്രം

യോനിയിലൂടെ പുറത്തേക്ക് വന്നു

മൂത്രത്തുണി മാറ്റാൻ വന്ന പൊന്നൂസിന്

അതെന്തെന്ന് മനസ്സിലായില്ല.

അവൾ കൈകൊണ്ട്

അത് ഉള്ളിലേക്ക് കുത്തിക്കയറ്റി

അപ്പോൾ അമ്മാമ്മയുടെ കൃഷ്ണമണികൾ മേലോട്ട് മറിഞ്ഞു. 'പൊന്നൂസേ' എന്നൊരു വിളി അന്തരീക്ഷത്തിൽ തങ്ങിനിന്നു!

ഇതുപോലുള്ള വരികൾ ടോണി വളരെക്കാലമായി എഴുതുകയാണ്. എന്ത് പ്രയോജനം ?

ജോർജ് ജോസഫ് കെ യുടെ 'മയക്കം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ) സമകാലിക വിഷയം എന്ന നിലയിൽ താരതമ്യേന ഭേദമാണ്. ലോകം മനുഷ്യവ്യക്തിയെ ഭയപ്പെടുത്തുന്നതിന്‍റെ നടുക്കം ഈ വരികളിലുണ്ട്. സ്വപ്നം കാണാൻ പലർക്കും ശക്തി നഷ്ടപ്പെടുകയാണ്.

'തേരട്ടകൾ

എന്‍റെ സ്വപ്നങ്ങൾ

ചുമന്നുകൊണ്ട് നടക്കുന്നു.

ആരോ നിരന്തരമെന്നെ

ചുംബിക്കുന്നതും കാത്തു

ഞാൻ പിന്നെയും മയങ്ങി."

4) സമീപകാലത്തു വായിച്ച നല്ലൊരു ലേഖനം?

ഉത്തരം: വി. എം. വിനയകുമാർ വ്ളാഡിസ്ളാവ് റെയ്മോൻറിന്‍റെ 'ദ് പെസെൻസ്'(കർഷകർ)എന്ന നോവലിനെക്കുറിച്ച് എഴുതിയ ലേഖനം (മുള്ളുകൾക്കിടയിൽ വിരിഞ്ഞ പാരിജാത മലരുകൾ, ഗ്രന്ഥാലോകം, മാർച്ച്)നന്നായി. അദ്ദേഹം നിരീക്ഷിക്കുന്നു :'ബൗദ്ധികതയ്ക്ക് ഒരു തരം രാക്ഷസീയമായ വശമുണ്ടെന്ന് പറയാവുന്നതാണ്. ഷേക്സ്പിയറുടെ 'ഒഥെല്ലോ'യിൽ ബുദ്ധിയുടെ പ്രതീകമായ ഇയാഗോയെക്കാൾ നമ്മുടെ ഹൃദയം കവരുന്നത് വികാരത്തിന്‍റെ ആൾരൂപമായ ഒഥെല്ലോയാണെന്നത് ശ്രദ്ധേയമാണ്. 'ബുദ്ധിരാക്ഷസൻ' എന്ന പ്രയോഗം തന്നെ ഭാഷയിൽ ഇടം പിടിച്ചത് അർത്ഥവത്താണെന്ന് പറയാതെ വയ്യ. '

5) അഭിപ്രായങ്ങൾ മാറിക്കൊണ്ടിരിക്കുന്നത് നല്ലതാണോ?

ഉത്തരം: അഭിപ്രായങ്ങൾ മാറുന്നത് ചിന്തയുടെ ലക്ഷണമാണ്. ജർമ്മൻ തത്ത്വചിന്തകനായ നിഷെ പറഞ്ഞു: 'പടം പൊഴിക്കാനാവാത്ത പാമ്പ് ചാവുകയേയുള്ളൂ. അതുപോലെ അഭിപ്രായങ്ങൾ മാറ്റാനാവാത്ത മനസ്സുകളും നശിക്കും. '

ഇത് ആശയങ്ങളുടെ കാര്യത്തിലാണ് കൂടുതൽ പ്രസക്തമാവുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com