അനുഭവങ്ങളുടെ വീഞ്ഞ്, രക്തം

വായനയിൽ സത്യമുണ്ടെന്ന് വിശ്വസിച്ച ഒരു വലിയ കൂട്ടം അന്നുണ്ടായിരുന്നു. അനുഭവങ്ങളിലെ വീഞ്ഞെടുത്ത് രക്തമാക്കി തന്ന എഴുത്തുകാരുണ്ടായിരുന്നു.
അനുഭവങ്ങളുടെ വീഞ്ഞ്, രക്തം

അക്ഷരജാലകം | എം.കെ. ഹരികുമാർ

ഇക്കാലത്ത് ഒരു നോവൽ എഴുതി പ്രസിദ്ധീകരിക്കുന്നത് വലിയ വാർത്തയാകാറില്ല; സാധാരണ പുസ്തകപരസ്യങ്ങളും ഇൻസ്റ്റാഗ്രാം റീലുകളുമൊക്കെയുണ്ടെങ്കിലും. വർഷങ്ങൾക്കുമുമ്പ് ഒ.വി. വിജയനോ എം.ടിയോ ഒരു നോവൽ എഴുതാൻ പോകുന്നുവെന്ന് പറഞ്ഞാൽ അത് സാഹിത്യലോകത്ത് ഒരു വാർത്തയായിരുന്നു. എഴുതാൻ പോകുന്ന നോവൽ ചർച്ചയാകുമായിരുന്നു. വിജയന്‍റെ 'തലമുറകൾ' എന്ന നോവൽ പുസ്തകത്തിൽ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതിലെ ഓരോ അധ്യായം വിവിധ വാരികകൾ പങ്കിട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് അത് ആഘോഷമാക്കിയത് ഓർക്കുന്നു.

വായനയിൽ സത്യമുണ്ടെന്ന് വിശ്വസിച്ച ഒരു വലിയ കൂട്ടം അന്നുണ്ടായിരുന്നു. അനുഭവങ്ങളിലെ വീഞ്ഞെടുത്ത് രക്തമാക്കി തന്ന എഴുത്തുകാരുണ്ടായിരുന്നു. സത്യം അതിന്‍റെ വഴി തനിയെ അന്വേഷിക്കുന്നു. രക്തത്തിന് ബന്ധത്തിനപ്പുറവും സ്നേഹം തേടാനാവും. അതുകൊണ്ടാണ് നടൻ സുകുമാരൻ, വർഷങ്ങൾക്ക് മുമ്പ്, മലയാളസിനിമയിൽ എം.ടിയുടെ 'നാലുകെട്ട്' വായിച്ചവർ ആരുണ്ടെന്ന് അല്പം അഹങ്കാരത്തോടെ ചോദിച്ചത്. അതിനുമുമ്പ് സാഹിത്യത്തിന്‍റെ ഒരു മഴക്കാലമേഘം അപൂർവരാഗങ്ങളുതിരുന്ന മനസ്സുകളിലൂടെ നീങ്ങുന്നുണ്ടായിരുന്നു. വാക്കുകളിൽ ജീവിച്ച ഹർഷോന്മാദങ്ങൾ കാലങ്ങളിലൂടെ തുടരുകയാണ്.

ജനയുഗം വാരിക പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരൻ, തന്നെ കാണാൻ വന്ന ഒരു എഴുത്തുകാരനെ അടുത്തറിയാൻ ഇങ്ങനെ ചോദിച്ചു:' നിങ്ങൾ എം.ടിയുടെ 'കാലം'വായിച്ചിട്ടുണ്ടോ? ഇരുട്ടിന്‍റെ ആത്മാവ്?' വായിച്ചിട്ടില്ല എന്നാണ് ഉത്തരമെങ്കിൽ, ആ എഴുത്തുകാരന് കാമ്പിശ്ശേരിയുടെ കൈയിൽ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കണ്ട. വായിക്കുന്നവരുടെ വിഷാദം അങ്ങനെ പടരുകയാണ്. അവർ എല്ലാറ്റിലും വായിച്ച പുസ്തകങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. ജവഹർലാൽ നെഹ്റുവിന്‍റെ 'ഇന്ത്യയെ കണ്ടെത്തൽ ൽ' വായിച്ച ഒരാൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ നെഹ്റുവിനെയും അന്വേഷിക്കും. അയാൾ ഇന്ത്യയുടെ പൂർവകാല സംഘർഷങ്ങളിലേക്കും ചരിത്രമൗനങ്ങളിലേക്കും യാത്ര ചെയ്യും. നെഹ്റു ഓരോ കല്ലിലും കാണാറാകും.

സാഹിത്യം മജ്ജയിൽ

1980കളിൽ പേട്ടയിലെ കലാകൗമുദി ഓഫീസിൽ എന്‍റെ ആദ്യകൃതിയായ 'ആത്മായനങ്ങളുടെ ഖസാക്കു'മായി ചെന്ന എനിക്ക് സഹപത്രാധിപർ എൻ.ആർ.എസ് ബാബുവിനെ കാണാൻ കഴിഞ്ഞു. അദ്ദേഹം താല്പര്യത്തോടെയാണ് ഒ.വി.വിജയനെക്കുറിച്ച് സംസാരിച്ചത്.വിജയൻ 'സ്വയം നിറഞ്ഞ എഴുത്തുകാരനാ'ണെന്ന് അദ്ദേഹം നിരീക്ഷിച്ചത് കൗതുകകരമായിരുന്നു. എന്‍റെ പുസ്തകത്തെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. അദ്ദേഹം അന്ന് സ്റ്റാലിനെക്കുറിച്ച് സംസാരിച്ചു.കസൻദ്സാക്കിസിന്‍റെ നോവലുകളെക്കുറിച്ച് സംസാരിച്ചു. ശരിക്കും അതിശയം തോന്നി. ഒരു പത്രാധിപർ തന്‍റെ കാലഘട്ടത്തിലെ മികച്ച പുസ്തകങ്ങളെക്കുറിച്ച് നല്ല അറിവ് നേടിയിരിക്കുന്നു. എത്ര അടികൊണ്ടിട്ടും സ്റ്റാലിന്‍റെ കൈയിലെ ഗോതമ്പുമണി താഴെ വീണില്ല!.എൻ.ആർ.എസ് ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു.

അത് വായനയുടെ ശരിയായ ലഹരിക്കടിപ്പെടുന്നവരുടെ സ്വഭാവമായിരുന്നു. മാർകേസിന്‍റെ 'ബൽത്താസറിന്‍റെ അതിശയകരമായ ഉച്ചനേരം' എന്ന കഥയുടെ പരിഭാഷ വായിച്ചത് 'സംക്രമണം' മാസികയിലാണ്. പ്രിയദാസ് ജി. മംഗലത്ത് ആയിരുന്നു എഡിറ്റർ. അദ്ദേഹം സാഹിത്യകൃതികൾ ആവേശത്തോടെ വായിക്കുമായിരുന്നു. എഴുത്തുകാരോട് ശരിക്കും ആരാധനയുള്ള പ്രിയദാസ്, അയ്യപ്പപ്പണിക്കർ തുടങ്ങിയ കവികളെ ആരാധനയോടെയാണ് പിന്തുടർന്നത്.

എഴുത്തുകാരെക്കുറിച്ച് വെറുപ്പോടെ അദ്ദേഹം സംസാരിച്ചിട്ടില്ല. കടമ്മനിട്ട യെക്കൊണ്ട് സാമുവൽ ബക്കറ്റിന്‍റെ 'വെയിറ്റിംഗ് ഫോർ ഗോ ദോ' പരിഭാഷ ചെയ്യിച്ചത് പ്രിയദാസായിരുന്നു. എങ്ങനെയാണ് സാഹിത്യം ഒരാളുടെ മജ്ജയിൽ വരെ എത്തുന്നതെന്ന് ബോധ്യപ്പെട്ട കാലമായിരുന്നു അത്.

പുസ്തകം കൈയിൽ കൊണ്ടു നടക്കുന്നവരുണ്ടായിരുന്നു.പ്രമുഖ ബൊഹീമിയൻ ജ്യുവിഷ് എഴുത്തുകാരൻ ഫ്രാൻസ് കാഫ്ക എവിടെപ്പോകുമ്പോഴും റോമൻ തത്ത്വജ്ഞാനി മാർകസ് ഒറേലിയസിന്‍റെ 'മെഡിറ്റേഷൻസ്' കൈയിലുണ്ടാവും. അദ്ദേഹം അത് സമയം കിട്ടുമ്പോഴൊക്കെ പഠിച്ചുകൊണ്ടിരിക്കും. മഹാസത്യങ്ങൾ എങ്ങനെ വിസ്മരിക്കും? പുസ്തകം വീട്ടിലിരുന്നാൽ സ്വസ്ഥത കിട്ടില്ല. അത് കൈയിൽ വേണമെന്ന് വിചാരിക്കുന്നവരുടെ വികാരം മനസ്സിലാക്കണം.എം.കൃഷ്ണൻ നായർ ഒരിക്കൽ കോട്ടയത്ത് ഒരു മീറ്റിംഗിൽ പ്രസംഗിക്കാൻ വന്നപ്പോൾ നെരൂദയുടെ ആത്മകഥ കൈയിലുണ്ടായിരുന്നു. ഇതുപോലുള്ള വായനക്കാർ ഇപ്പോഴില്ലെന്നാണ് തോന്നുന്നത്. മറ്റുള്ളവർ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം പുസ്തകം വായിക്കും.

സത്യം പറയാൻ വേണ്ടി

സാഹിത്യസംസ്കാരത്തിന്‍റെ പേരിൽ കലഹിക്കുന്നവരിൽ പലതും പ്രതീക്ഷിക്കാനുണ്ട്. ആശയപരമായ തർക്കം ഒരു സൂര്യോദയത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അത് നമ്മുടെ ഭാവിയെ സങ്കുചിതചേരികളിൽ നിന്ന് മോചിപ്പിക്കും.അന്നത്തെ എഴുത്തുകാർ എല്ലാ മാസവും പുസ്തകമിറക്കാൻ ഓടി നടക്കുകയില്ലായിരുന്നു. സീരിയസ് കഥാകൃത്തായിരുന്ന വി.പി. ശിവകുമാർ ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു: 'എല്ലാവർഷവും പുസ്തകം പ്രസിദ്ധീകരിക്കരുത്. നമ്മളിൽ നിന്ന് ഒരു പുസ്തകം വായനക്കാർ പ്രതീക്ഷിക്കുന്ന ഒരു ഘട്ടം വരും. അപ്പോഴാണ് പുസ്തകം പ്രസിദ്ധീകരിക്കേണ്ടത്.'തന്‍റെ പുസ്തകങ്ങളെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്ന ഒരു കഥാകൃത്തിന്‍റെ വാക്കുകളായിരുന്നു അത്. ശിവകുമാറിന് പുസ്തകങ്ങൾ എഴുതിയിട്ട് ഒന്നും നേടാനുണ്ടായിരുന്നില്ല. ഭൗതികമായ ആശീർവാദങ്ങളേക്കാൾ എത്രയോ ഉയരത്തിലാണ് ഒരു കഥയെയും അത് എഴുതുമ്പോൾ കിട്ടുന്ന സന്തോഷത്തെയും അദ്ദേഹം പ്രതിഷ്ഠിച്ചിരുന്നത്!. ഒരു കഥയെഴുതാൻ കഴിയുന്നത് അദ്ദേഹത്തിനു എവറസ്റ്റ് കീഴടക്കുന്നതു പോലെ സാഹസികമായിരുന്നു. അതിനപ്പുറം ഒന്നുമില്ല. എന്തെന്നാൽ ഒരു കഥ അത്രത്തോളം സത്യമാണ്. കള്ളം പറയാൻ അറിയാത്തതുകൊണ്ട്, താല്പര്യമില്ലാത്തതുകൊണ്ട് എന്തെങ്കിലും എഴുതുകയാണ്. ശിവകുമാർ 'പന്ത്രണ്ടാം മണിക്കൂർ' എന്ന കഥ എഴുതിയത് അവനവനോട് സത്യം പറയാനാണ്. ആ കള്ളം പറയൽ, ചിലപ്പോൾ വിധ്വംസകമായ വർത്തമാനമായി മാറാം; അല്ലെങ്കിൽ ആത്മഹത്യാപരമാകാം.

ടി.ആർ

ടി.ആർ. എഴുതിയ 'നാം നാളെയുടെ നാണക്കേട്' എന്ന കഥ അദ്ദേഹം സ്വയം വിചാരണ ചെയ്യുന്ന പോലെ അനുഭവപ്പെടും. തന്നിലെ ആത്മനിന്ദയും ലോകത്തോടുള്ള എതിർപ്പും മനസ്സിൽ തിങ്ങിനിറഞ്ഞ് ഒഴുകുമ്പോൾ ഒരു കഥയിൽ അത് ആവിഷ്കരിക്കപ്പെടുകയാണ്.സ്വയം കുറ്റപ്പെടുത്താൻ ഇത്രയും നല്ല മാധ്യമം വേറെയില്ല. ഒരു നടനോ നർത്തകിക്കോ സ്വയം കുറ്റപ്പെടുത്തി കലയിൽ ഇടപെടാനാവില്ല. എഴുത്തുകാരനാവട്ടെ അവന്‍റെയുള്ളിലുള്ള കുരിശിൽ അഭയം തേടുകയാണ്. അവനെ സ്വയം പീഡിപ്പിച്ചു കൊണ്ടാണ് നേര് പറയാൻ ശ്രമിക്കുന്നത്. സത്യം അത്രമേൽ പ്രലോഭിപ്പിക്കുന്നു. ഭ്രാന്തിന്‍റെയും ആത്മനിന്ദയുടെയും തലങ്ങളിൽ സ്വയം ബലി ചെയ്താണ് ഒരാൾ നല്ലൊരു കഥയെഴുതുന്നത്. അവിടെയാണ് സൃഷ്ടിയുള്ളത്. സൃഷ്ടിക്കുമ്പോൾ ചിലത് നശിക്കുകയാണ്. സൃഷ്ടിയും നാശവും ഒരേസമയം സംഭവിക്കുന്നു. ഒന്ന് സൃഷ്ടിക്കുമ്പോൾ മറ്റൊന്ന് നശിക്കുന്നു. അപ്രസക്തവും കാലഹരണപ്പെട്ടതുമായ ഒരു ലോകത്തെ നശിപ്പിച്ചുകൊണ്ടാണ് പുതിയൊരു കഥ പിറക്കുന്നത്; അങ്ങനെയാണ് പിറക്കേണ്ടത്. നൂറ്റിയൊന്നാവർത്തിച്ചത് വീണ്ടും എഴുതാതിരിക്കാനാണ് പലരും മൗനത്തിൽ പ്രവേശിക്കുന്നത്. ആ മൗനവും സൃഷ്ടിയാണ്. അത് എഴുതാതിരിക്കുന്നതിന്‍റെ ആനന്ദമാണ്. എഴുതാതിരുന്നുകൊണ്ട് നിശ്ശബ്ദതയുടെ സാഹിത്യം സൃഷ്ടിക്കുകയാണ് പൊൻകുന്നം വർക്കി ചെയ്തത്. അദ്ദേഹം കഥകളിലൂടെ അനാചാരങ്ങളെ എതിർത്തു. അദ്ദേഹം പതിറ്റാണ്ടുകളോളം എഴുതിയില്ല. എഴുതാതിരുന്നത് മറ്റൊരു സാഹിത്യമായി പരിണമിക്കുകയായിരുന്നു. വർക്കിയുടെ മൗനം ആ കഥകളെ കൂടുതൽ വായിക്കാൻ പ്രേരിപ്പിച്ചു.

പല സങ്കൽപ്പങ്ങളെയും വെല്ലുവിളിച്ചു ജീവിക്കണമെങ്കിൽ അദ്ദേഹത്തിനു എഴുതണമായിരുന്നു.

എഴുതിയത് സത്യമല്ലെങ്കിൽ അത് നശിപ്പിച്ചു കളയുന്നവരുണ്ട്. ദസ്തയെവ്സ്കി അങ്ങനെ ചെയ്തിട്ടുണ്ട്. അദ്ദേഹം നോവലുകൾ എഴുതി ഉപേക്ഷിക്കുമായിരുന്നു. പിന്നീട് വർഷങ്ങളെടുത്ത് തിരുത്തി എഴുതി പൂർത്തിയാക്കും. ഒരു നോവൽ എഴുതാൻ വേണ്ടി ദസ്തയെവ്സ്കിക്ക് നോട്ടുബുക്കുണ്ടായിരുന്നു. സ്കെച്ചുകളും, കഥാഗതിയിലെ കയറ്റിറക്കങ്ങളും അതിൽ എഴുതുമായി രുന്നു.ദസ്തയെവ്സ്കിയുടെ നോട്ടുബുക്കുകൾ പതിനെട്ട് വാല്യങ്ങളായി റഷ്യയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നോവലിന്‍റെ ഒരു അധ്യായം എഴുതിയാൽ ഉടനെ അത് വാരികയ്ക്ക് അയയ്ക്കുകയായിരുന്നില്ല അദ്ദേഹത്തിന്‍റെ രീതി. തന്‍റെ നോവൽ ആദ്യം തന്നെത്തന്നെയാണ് തൃപ്തിപ്പെടുത്തേണ്ടതെന്ന് അദ്ദേഹത്തിനു നിഷ്കർഷയുണ്ടായിരുന്നു.ദസ്തയെവ്സ്കിയുടെ ആദ്യത്തെ മാസ്റ്റർപീസ് 'ക്രൈം ആൻഡ് പണിഷ്മെൻറ്' ആണ്.ഇത് അദ്ദേഹം എഴുതാൻ ഉദ്ദേശിച്ചത് ഒരു നീണ്ടകഥ എന്ന രൂപത്തിലാണ്. നോട്ട്ബുക്കിൽ അതിന്‍റെ വിവരണമുണ്ട്. എന്നാൽ നോവലിലെ ആത്മസംഘർഷങ്ങളും സ്വയം തേടലും ഇന്നത്തെ വലിയ ക്യാൻവാസിലേക്ക് മാറ്റിയെഴുതാൻ നിർബന്ധിക്കുകയായിരുന്നു. ഒരു കഥാപാത്രത്തിന്‍റെ ആത്മകഥാപരമായ വർത്തമാനത്തിൽ നിന്ന് നോവൽ വളർന്നത് അങ്ങനെയാണ്.

സ്വയം പീഡിപ്പിക്കുന്നവർ

എന്തുകൊണ്ട് ഒരു നോവൽ എഴുതാൻ അദ്ദേഹം ഇത്രമാത്രം പ്രയത്നിക്കുന്നു? അത് എഴുത്തിനോടുള്ള സത്യസന്ധതയും ആത്മാർത്ഥതയും മാത്രമല്ല വ്യക്തമാക്കുന്നത് ;ഈ ലോകത്തോട് സത്യം പറയാൻ വേണ്ടി എത്രവേണമെങ്കിലും സഹിക്കാമെന്ന തീരുമാനമാണ്. പീഡയാണ് അദ്ദേഹത്തെ വലിയവനാക്കിയത്. യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരാൻ സ്വയം പീഡിപ്പിക്കുന്ന എഴുത്തുകാരനെ അവരുടെ മക്കൾ പോലും തിരിച്ചറിയുന്നില്ല എന്നാണ് ഗാർസിയ മാർകേസ് എഴുതി ഉപേക്ഷിച്ച നോവൽ അദ്ദേഹത്തിന്‍റെ മക്കൾ പ്രസിദ്ധീകരിച്ചതിലൂടെ തെളിയുന്നത്. മക്കൾ പിതാവിനെ ഒരു വശത്തുകൂടി മാത്രമാണ് നോക്കുന്നത്. മാർകേസ് ആ നോവൽ ഉപേക്ഷിച്ചത് തന്‍റെ സാഹിത്യപരമായ ബുദ്ധികേന്ദ്രത്തിന് സർഗാത്മകമായ സഹനത്തിനു ശേഷിയില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. 'അൺടിൽ ഓഗസ്റ്റ്'എന്ന വൃത്തികെട്ട പേര് മാർകേസ് ഒരു നോവലിന് കൊടുക്കില്ല. അദ്ദേഹത്തിന്‍റെ പുസ്തകനാമങ്ങൾ ഈ ഗണത്തിൽപ്പെടുന്നതല്ല. ഇതെങ്കിലും മക്കൾ ഓർക്കണമായിരുന്നു.

‌ഉത്തരരേഖകൾ

1) എഴുത്തുകാരിക്ക് സ്വന്തമായി ഒരു മുറി' എന്ന സങ്കല്പം വികസിപ്പിച്ച വിർജിനിയ വുൾഫിനു ശേഷം വനിതാ എഴുത്തുകാരുടെ ഭാവി എങ്ങനെയാണ്?

ഉത്തരം: വനിതാ എഴുത്തുകാർ ഒരു കൂറ്റൻ തിരമാല പോലെ വന്നുകൊണ്ടിരിക്കുകയാണ്. ഏതാനും ദശകങ്ങൾക്കുള്ളിൽ അവർ പുരുഷ എഴുത്തുകാരെ മറികടക്കും. ഡോറിസ് ലെസിംഗ്, എൽഫ്രീഡ് യെൽനക്, ടോണി മോറിസൺ, സ്വെറ്റ്ലാന അലക്സിവിച്ച്, ഗീതാഞ്ജലി മിശ്ര എന്നിവർ ശ്രദ്ധിക്കപ്പെട്ടത് ഓർക്കുക. കഴിഞ്ഞവർഷം വിഖ്യാതമായ ന്യൂഷ്താദ് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച ആനന്ദാ ദേവി സാഹിത്യരംഗത്ത് വലിയ പ്രശസ്തി നേടിയിരിക്കയാണ്. ഒക്ലഹോമ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള ന്യൂഷ്സ്താദ് പുരസ്കാരം ലഭിച്ച ആനന്ദാ ദേവി മൗറിഷ്യസിലാണ് ജനിച്ചത്. അവർ 25 പുസ്തകം എഴുതിയിട്ടുണ്ട് -കവിതകളും കഥകളും നോവലുകളും ഉൾപ്പെടെ. ഫ്രാൻസിൽ നിന്ന് അവർക്ക് വലിയ ബഹുമതിയായ 'ഓഫീസർ ഓഫ് ലെറ്റേഴ്സ്' ലഭിച്ചിട്ടുണ്ട്. അവരുടെ 'ഈവ് ഔട്ട് ഓഫ് ഹെർ റൂയിൻസ്' എന്ന നോവൽ വനിതാ എഴുത്തുകാരുടെ നൂറു പ്രധാന കൃതികളിലൊന്നായി തിരഞ്ഞെടുത്തത് ബ്രിട്ടനിലെ ഗാർഡിയൻ മാഗസിനാണ്. നൂഷ്സ്താദ് പുരസ്കാരം അമേരിക്കയിൽ നിന്നുള്ള നോബൽ പ്രൈസ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏതൊരു എഴുത്തുകാരനും എഴുത്തുകാരിക്കും ഈ പുരസ്കാരത്തിനു അർഹതയുണ്ട്. അമ്പതിനായിരം അമെരിക്കൻ ഡോളറാണ് അവാർഡ് തുക.

2) കെ.ജി.എസ് എഴുതിയ 'പത്തനാപുരം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാർച്ച് 31-ഏപ്രിൽ 6) വായിച്ചോ?

ഉത്തരം: മനോഹരമായ ഒരു പ്രമേയത്തെ അനാവശ്യമായ കൃത്രിമത്വം മൂലം ആർക്കും മനസ്സിലാക്കാനാവാത്ത ഒരു നിർവികാര രചനയാക്കി മാറ്റി. ചില്ലുകൂട്ടിനകത്തിരുന്ന് എഴുതുന്ന പ്രതീതി. കവിതയുടെ സ്വാഭാവികമായ വികാരത്തിലേക്ക് ആഴ്ന്നിറങ്ങാൻ കവിക്ക് കഴിയുന്നില്ല.

3) മഹാഭാരതത്തെ അധികരിച്ച് മലയാളത്തിൽ ഇപ്പോഴും നോവലുകൾ ഉണ്ടാകുന്നുവല്ലോ?

ഉത്തരം: വളരെ നല്ലൊരു പരീക്ഷണമാണിത്. ജയപ്രകാശ് പാനൂർ എഴുതിയ 'യുയുത്സു'(മാതൃഭൂമി ബുക്സ്) വളരെ ശ്രദ്ധേയമായിരുന്നു. ദ്രോണാചാര്യർ ഏകലവ്യന്‍റെ പെരുവിരൽ ചോദിച്ചു വാങ്ങി എന്ന മിത്തിനെ, വനത്തിൽ നിന്നു യുദ്ധം ചെയ്യാൻ ഏകലവ്യൻ പുറത്ത് കടക്കരുത് എന്ന പ്രതിജ്ഞയാക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. ജയപ്രകാശ് മഹാഭാരതത്തിലെ മൗനങ്ങളെ ധർമ്മവുമായി ബന്ധിപ്പിച്ച് വികസിപ്പിക്കുകയാണ്.യുയുത്സു എന്ന കഥാപാത്രത്തിന്‍റെ കണ്ണിലൂടെ കൗരവ, പാണ്ഡവ സംഘർഷങ്ങളെ കാണുന്ന നോവലാണിത്.

4) കോവിലന്‍റെ സ്മരണയ്ക്കു മുമ്പിൽ പ്രണാമമർപ്പിക്കുന്ന ലേഖനങ്ങൾ (ഗ്രന്ഥാലോകം, മാർച്ച്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്ങനെ നിരീക്ഷിക്കുന്നു?

ഉത്തരം: കോവിലന് വാർദ്ധക്യകാലത്താണ് നല്ലൊരു ആദരവ് ലഭിച്ചത്. ഹിമാലയം, തോറ്റങ്ങൾ തുടങ്ങിയ നോവലുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും 'തട്ടകം' അദ്ദേഹത്തിന്‍റെ രചനാജീവിതത്തെ വഴി തിരിച്ചു വിട്ടു.കെ.എസ്. രവികുമാർ, കെ. ആർ. വിനയൻ, വി.എം.അമിത തുടങ്ങിയവർ എഴുതിയ ലേഖനങ്ങൾ കോവിലൻ സ്മൃതിയെ ഊതിക്കത്തിച്ചു.

5) കഴിഞ്ഞ ആഴ്ച വായിച്ച ലേഖനങ്ങളിൽ മനസിൽ തങ്ങിനിൽക്കുന്നത് ഏതെല്ലാമാണ്?

ഉത്തരം: ഇ.പി രാജഗോപാലൻ രചിച്ച 'വായനക്കാരൻ എം.ടി' എന്ന പുസ്തകത്തെക്കുറിച്ച് ഇ.എം.സുരജ എഴുതിയ നിരൂപണം (എം.ടിയുടെ വായനയും എഴുത്തും, പ്രഭാതരശ്മി, ഫെബ്രുവരി ) ,വൈക്കം മുരളി എഴുതിയ 'മിലാൻ കുന്ദേരയുടെ ദർശനങ്ങൾ' (പ്രഭാതരശ്മി, ഫെബ്രുവരി) എന്നീ ലേഖനങ്ങൾ നന്നായി.

6) റഷ്യയിലെ ഇപ്പോഴത്തെ ഭരണത്തെ വിമർശിക്കുന്ന എഴുത്തുകാരുണ്ടോ?

ഉത്തരം: വ്ളാഡിമിർ സോറോക്കിൻ ഏറ്റവും നല്ല ഉദാഹരണം. പുട്ടിന്‍റെ ഭരണത്തെ അദ്ദേഹം മധ്യകാലഘട്ടത്തിലെ ഭയങ്കരനായ സാർ ഇവാന്‍റെ കാലത്തോടാണ് സാദൃശപ്പെടുത്തുന്നത്. പതിനാറാം നൂറ്റാണ്ടിലെ ഭരണസംവിധാന മാതൃകകളാണ് ഇപ്പോഴുള്ളതത്രേ. സോവിയറ്റ് കാലത്തേക്കാൾ ജീവിതനിലവാരം മെച്ചപ്പെട്ടു. എന്നാൽ അതിനായി അവർക്ക് സ്വയം നശിപ്പിക്കേണ്ടി വന്നു. ഇഷ്ടപ്പെട്ട ഒരു സിഗരറ്റ് ബ്രാൻഡ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല.

Phone: 9995312097

mkharikumar33@gmail.com

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com