ഒരു സാഹിത്യോത്സവത്തിന്‍റെ അനുരണനങ്ങൾ..

literature special story
ഒരു സാഹിത്യോത്സവത്തിന്‍റെ അനുരണനങ്ങൾ..
Updated on

ഒരു ലക്ഷം പേർ ഒപ്പിട്ട ഒരു കടലാസു കൊണ്ട് ഒരു എഴുത്തുകാരനെയോ കലാകാരനെയോ വലിയവനാക്കാൻ സാധിക്കില്ല. കൂടുതൽ പേർ നല്ലതെന്നു വിധിയെഴുതുന്നത് വാണിജ്യപരമായ ഘടകങ്ങളെയാണ് നിർണയിക്കുന്നത്, കലയുടെ മൂല്യത്തെയല്ല. ഒരു എഴുത്തുകാരന് ഒരു അസംബ്ലിയിൽ മത്സരിച്ചു ജയിക്കേണ്ട ആവശ്യമില്ല. അങ്ങനെ ജയിക്കാൻ ശ്രമിക്കുന്നത് ബാലിശമെന്നു പറയാനാവില്ല. കാരണം, അത് കുട്ടികൾക്ക് അപമാനമാണ്.

മെക്സിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോയുടെ "പെഡ്രോ പരാമോ' പുറത്തിറങ്ങിയ കാലത്ത് 2,000 കോപ്പി പോലും വിറ്റു പോയില്ല. ഫ്രഞ്ച് നാടകകൃത്തും "തിയെറ്റർ ഓഫ് ക്രൂവൽറ്റി'യുടെ ഉപജ്ഞാതാവുമായ അഥൊന അർത്തോയുടെ സൃഷ്ടികളുടെ കോപ്പി പാരിസിൽ പോലും വിറ്റില്ല. അർത്തോ മിക്കപ്പോഴും ഭ്രാന്താശുപത്രിയിലായിരുന്നു. അവിടെ ജീവിച്ച കാലത്ത് അദ്ദേഹത്തിന്‍റെ ചിന്തകൾക്ക് അസാധാരണത്വമുണ്ടായിരുന്നു. അത് വളരെ അഗാധമായ തലത്തിൽ സർഗാത്മകമായിരുന്നു. ആശുപത്രിയിൽ നിന്ന് പുറത്തുവന്ന ശേഷം നാടക പ്രവർത്തനത്തിൽ മുഴുകുമ്പോൾ ഭ്രാന്തിന്‍റെ ഫലമായുണ്ടായ വിചിത്ര യുക്തികളും നാടകത്തിന്‍റെ രചനാപരമായ ഉള്ളടക്കങ്ങളും പരസ്പരം വേർതിരിക്കാനാവാതെ കെട്ടുപിണയുന്നതാണ് കണ്ടത്.

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഉരാക്കുടുക്ക് എന്നു വിശേഷിപ്പിക്കാവുന്ന നാടകപ്രതിഭയാണ് അർത്തോ. അർത്തോ ഒരു ബുദ്ധിജീവി വിഭാഗത്തിന്‍റെയോ സമൂഹത്തിന്‍റെയോ അസംബ്ലി മണ്ഡലത്തിൽ മത്സരിച്ചു ജയിച്ചിട്ടല്ല കുഴപ്പം പിടിച്ച, അപകടകരമായ ആ നാടകങ്ങൾ എഴുതിയത്. അത് അർത്തോയുടെ ആത്മീയമായ ഊരാക്കുടുക്കിൽ നിന്നുള്ള രക്ഷപ്പെടലിന്‍റെ ഭാഗമാണ്. ഉന്നതമായ സർഗപ്രവർത്തനത്തിന്‍റെ സ്വഭാവമിതാണ്. മിലാൻ കുന്ദേര ആധുനിക നോവലിനെക്കുറിച്ച് പറഞ്ഞത് അത് എപ്പോഴും ഒരു എഴുത്തുകാരന്‍റെ ആത്മാവിന്‍റെ ഊരാക്കുടുക്ക് അഴിച്ചെടുക്കാനുള്ള ശ്രമമാണെന്നാണ്.

വായിക്കുമ്പോൾ സംഭവിക്കുന്നത്

എന്നാൽ പല വിമർശകരും, നോവൽ ആസ്വദിച്ചു എന്ന് അഭിമാനിക്കുന്നവരും പറയുന്നതെന്താണ്? സാധാരണ റിയലിസ്റ്റ് നോവലിസ്റ്റുകളാണ് ഏറ്റവും മികച്ചതെന്ന്. ഇത് ഇവിടെ സൂചിപ്പിക്കാൻ കാരണമായത് കഴിഞ്ഞദിവസം ബംഗളൂരുവിലെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ മലയാള സാഹിത്യ വിമർശനത്തിന്‍റെ സെഷനിൽ ഈ വിഷയം കടന്നു വന്നതുകൊണ്ടാണ്. സച്ചിദാനന്ദൻ, സക്കറിയ, ജയമോഹൻ, ബെന്യാമിൻ, കന്നഡ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രശസ്തനായ നോവലിസ്റ്റ് സുധാകരൻ രാമന്തളി തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ഈ സാഹിത്യോത്സവം ശ്രദ്ധേയമായി. എന്നോടൊപ്പം സെഷനിൽ പങ്കെടുത്ത മറ്റൊരു വിമർശകൻ ഇ.പി. രാജഗോപാലനായിരുന്നു. കവിയും പ്രസാധകനുമായ സി.പി. ചന്ദ്രൻ മോഡറേറ്ററായിരുന്നു. ഞങ്ങൾ സാഹിത്യ വിമർശനത്തിന്‍റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്തു. വിമർശനം ഒരിക്കലും മരിക്കുകയില്ലെന്ന നിലപാടാണ് ഞാനും രാജഗോപാലനും അവലംബിച്ചത്.

വിമർശനം എന്നാൽ ഒരു സൃഷ്ടിയുടെ വ്യക്തിപരമായ വായന എന്ന അനുഭവമാണ്. ഞാനത് ഇങ്ങനെ വിശദീകരിച്ചു: "എം.ടി എഴുതിയ ഒരു കഥ അദ്ദേഹം വീണ്ടും വായിക്കുകയാണെങ്കിൽ അത് വിമർശനത്തിന്‍റെ ഭാഗമാണ്. എന്തെന്നാൽ, ആ വായനയിൽ ചില പുതിയ പ്രതിച്ഛായകൾ, പ്രതിഫലനങ്ങൾ മനസിലൂടെ കടന്നുപോകും.

തകഴിയുടെ "ചെമ്മീൻ' വായിക്കുന്ന 50 പേർക്കും വ്യത്യസ്തമായ പാഠങ്ങളാണ് ലഭിക്കുക. ഒരാൾ ഒരു നോവൽ വായിക്കുമ്പോൾ അയാളുടെ മനസിലുണ്ടാവുന്ന ചിത്രമല്ല മറ്റൊരാൾക്ക് വായനയിലൂടെ ലഭിക്കുക. വായന ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. വായന ഭാവന സൃഷ്ടിക്കുന്നു. എന്നാൽ "ചെമ്മീൻ' സിനിമ കണ്ടാൽ ഈ ഭാവനയുടെ സ്വകാര്യതയും സ്വാതന്ത്ര്യവും നഷ്ടപ്പെടും. സിനിമയിലെ കറുത്തമ്മ, പളനി തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെ മറികടന്നു മറ്റൊന്നു ഭാവനചെയ്യാൻ പ്രേക്ഷകർക്ക് കഴിയില്ല. അവരുടെ ഭാവനയെ ഒരിടത്ത് തന്നെ ഉറപ്പിച്ചു നിർത്തുകയാണ് സിനിമ ചെയ്യുന്നത്.

"ഖസാക്കിന്‍റെ ഇതിഹാസ'ത്തെക്കുറിച്ച് ഞാൻ ഒരു പുസ്തകം എഴുതുന്നത് (ആത്മായനങ്ങളുടെ ഖസാക്ക് ) 1984ലാണ്. ആ പുസ്തകത്തിന്‍റെ പ്രത്യേകത ഒരു നോവലിനെക്കുറിച്ച് മറ്റൊരു വിമർശന കൃതി എന്നതാണ്. ഇപ്പോഴും മലയാള നോവലിൽ ഒരു കൃതിയെക്കുറിച്ച് മറ്റൊരു വിമർശന കൃതിയുണ്ടാകുന്നില്ല. കൂടുതലും ലേഖനങ്ങളാണ് ഉണ്ടാകുന്നത്. പ്രമുഖ നോവലിസ്റ്റ് വിലാസിനിയെ അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി കണ്ടപ്പോൾ "ആത്മായനങ്ങളുടെ ഖസാക്കി'ന്‍റെ ഒരു കോപ്പി ഞാൻ നൽകി. അദ്ദേഹം അത് കണ്ട് എന്നെ പ്രശംസിച്ചത് ഓർക്കുന്നു. അദ്ദേഹം പറഞ്ഞത് ഒരു നോവലിനെക്കുറിച്ച്, ഇതുപോലെ, ഒരു പുസ്തകമാണ് എഴുതേണ്ടതെന്നാണ്.

കലയുടെ അർഥമോ?

എന്നാൽ "ആത്മായനങ്ങളുടെ ഖസാക്ക് ' ഒരു അക്കാദമി പ്രബന്ധമോ സാമ്പ്രദായികമായ ഗദ്യത്തിൽ രചിച്ചതോ ആയിരുന്നില്ല. അത് ഒരാത്മീയമായ പ്രതിഫലനമായിരുന്നു. ഒരു സറിയലിസ്റ്റിക്, സൗന്ദര്യാത്മക ഭാഷയാണ് ഞാൻ ഉപയോഗിച്ചത്. പൂർണമായ യുക്തി അവിടെ കാണാനുണ്ടായിരുന്നില്ല. സൗന്ദര്യത്തിനായിരുന്നു പ്രാധാന്യം. പലരും പറഞ്ഞു അത് മനസിലായില്ലെന്ന്. കലയിൽ വളരെ ദാർശനികവും അതാര്യവുമായ തലങ്ങളുണ്ട്. അത് ഒരു വാക്കിന്‍റെ അർഥം എന്നപോലെ വ്യക്തമാവണമെന്നില്ല. സാൽവദോർ ദാലിയുടെ ചിത്രങ്ങളിലെ വിചിത്രമായ രൂപങ്ങൾ എന്താണ് അർഥമാക്കുന്നത്? പിക്കാസോയുടെ "ഗ്വർണിക്ക' എന്ന ചിത്രത്തിന്‍റെ അർഥമറിഞ്ഞാൽ മതിയോ? ഇത്തരം ചിത്രങ്ങളുടെ ഓരോ ബിന്ദുവും എടുത്ത് അർഥം പറഞ്ഞാൽ ചിത്രം തകർന്നു പോകില്ലേ? കലാസൃഷ്ടി നമുക്ക് അനുഭവിക്കാനുള്ളതാണ്. അത് അർഥത്തിനപ്പുറമാണ്.

സാഹിത്യയിലെ ഗദ്യം എന്നു പറയുന്നത് പത്രഭാഷയുടെ ഗദ്യമല്ല; കാരണം അത് നിലവാരപ്പെട്ടതല്ല. ഒരു പൊതു മാനകമനുസരിച്ചുള്ള ഗദ്യമല്ല അത്. രചനയിൽ ആത്മനിഷ്ഠമായ അനുരണനങ്ങളാണ്, മുഴക്കങ്ങളാണ് ഉൾക്കൊള്ളുന്നത്. അതുകൊണ്ട് അതിന് ഏകമാനമല്ല ഉണ്ടായിരിക്കുക. ഇവിടെ ഗദ്യം ഒരു കലാരൂപമാണ്. "ഖസാക്കിന്‍റെ ഇതിഹാസ'ത്തിൽ "സായാഹ്ന യാത്രകളുടെ അച്ഛാ' എന്നു എഴുതുന്നത് അതുവരെ ഇല്ലാതിരുന്ന ഭാഷയാണ്. പുതിയ ഭാഷ വേണ്ടി വരുന്നത്, പഴയ മട്ടിലുള്ള ആവിഷ്കാരങ്ങൾ സൂക്ഷ്മമായ മാനസികഭാവങ്ങൾ പിടിച്ചെടുക്കാൻ അപര്യാപ്തമാണെന്ന ചിന്തയിൽ നിന്നാണ്.

എന്‍റെ "മനുഷ്യാംബരാന്തങ്ങൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ചിലർ വിമർശിച്ചു. തലവാചകം വായനക്കാരെ പിന്തിരിപ്പിക്കുമത്രേ. എനിക്ക് "അങ്കണം' അവാർഡു തന്നുകൊണ്ട് സുകുമാർ അഴീക്കോട് ചെയ്ത പ്രസംഗത്തിൽ, പതിറ്റാണ്ടുകളായി കോളെജുകളിൽ സാഹിത്യം പഠിപ്പിച്ച എം. തോമസ് മാത്യുവിനെ പോലും ഈ ഗ്രന്ഥനാമം കുഴപ്പത്തിലാക്കി എന്നു പറയുകയുണ്ടായി. എന്നാൽ പുതിയ ഭാഷ ഒരു വിമർശകന്‍റെ അവകാശമാണ്,സ്വാതന്ത്ര്യമാണ്. എല്ലാവരും അത് ആസ്വദിക്കണമെന്നില്ല. എഴുത്തുകാരൻ ഒരു പ്രത്യേക അസംബ്ലിയിൽ നിന്നു മത്സരിച്ച് ജയിക്കേണ്ടവനല്ല. അതിന്‍റെ ആവശ്യമില്ല. കലയിൽ ജനാധിപത്യമില്ല. കൂടുതൽ പേർ വോട്ടു ചെയ്ത് ഒരു എഴുത്തുകാരനെ വിജയിപ്പിക്കേണ്ടതില്ല. അത് അസാധ്യമാണ്. ടി.എസ്. എലിയറ്റിന്‍റെ കവിത ശരിയായില്ലെന്നു ഒരു മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചാൽ വിലപ്പോവില്ല.

മുണ്ടശേരിയും മാരാരും

മഹാനായ എഴുത്തുകാരൻ ബോർഹസിന്‍റെ കഥകൾക്ക് വളരെ കുറച്ചു വായനക്കാരാണ് ഉണ്ടായിരുന്നത്. ബോർഹസ് പറഞ്ഞു, തനിക്ക് ഏഴുപേരെയെങ്കിലും വായനക്കാരായി കിട്ടിയാൽ മതിയെന്ന്. അത്രയും പേരേ കിട്ടിയാൽ അദ്ദേഹത്തിന്‍റെ കഥകൾ നൂറിൽ നൂറു മാർക്ക് വാങ്ങി ജയിക്കുമെന്ന് ബോർഹസിനറിയാമായിരുന്നു.

സാഹിത്യോത്സവത്തിന്‍റെ സെഷനിൽ സി.പി. ചന്ദ്രൻ വിമർശനത്തിലെ വായനയുടെ പ്രാധാന്യത്തെപ്പറ്റിയാണ് പിന്നീട് ചോദിച്ചത്. അത് വളരെ ആവേശകരമായിരുന്നു. സുകുമാർ അഴിക്കോടും മാരാരും എഴുതിയത് പോലെയാണ് തങ്ങളുടെ തലമുറയും എഴുതുന്നതെന്നും അതിനെ കുറച്ചു കാണരുതെന്നും രാജഗോപാലൻ സമകാലിക വിമർശകരുടെ പക്ഷത്തു നിന്നു കൊണ്ട് വാദിച്ചത് ശ്രദ്ധേയമായി.

ഞാൻ മലയാളവിമർശത്തിലെ രണ്ടു പ്രധാനപ്പെട്ട വഴിത്തിരിവുകളാണ് ചൂണ്ടിക്കാണിച്ചത്. ആദ്യത്തെ വഴിത്തിരിവ് സൃഷ്ടിച്ചത് ജോസഫ് മുണ്ടശേരിയാണ്. കവിതയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിമർശനം ബുദ്ധികൊണ്ടു മാത്രമല്ല നിലനിന്നത്; പല്ലും നഖവും ഉപയോഗിച്ചുള്ളതുമായിരുന്നു. പല കവികളെയും അദ്ദേഹം നിശിതമായി വിമർശിച്ചു. ഒരു നൂറ്റാണ്ടിന്‍റെ കവിതയെ അദ്ദേഹം വായിച്ച് പുതിയൊരു ഘടന സൃഷ്ടിച്ചു. കുമാരനാശാന്‍റെ കവിതയ്ക്കു വേണ്ടി മുണ്ടശേരി ശക്തമായി വാദിച്ചു. സാമൂഹികവും ആന്തരികവും സൗന്ദര്യാത്മകവുമായ വിപ്ലവം ഒരേപോലെ ആശാനിൽ പ്രകടമാണെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു.

അദ്ദേഹത്തിന്‍റെ ഭാവുകത്വപരമായ വീക്ഷണം മലയാള സാഹിത്യത്തിനു ഒരു പുതിയ വായനയും മാറ്റവും കൊണ്ടുവന്നു. കുമാരനാശാൻ ഒരു പ്രതീകമായി മാറി. ആ കവിതകൾ ഉയർത്തിയ മൂല്യം മലയാള കവിതയുടെ ആകെ മൂല്യമായി. അതിന്‍റെ അടിസ്ഥാനത്തിൽ കവിതയുടെ വായന പുന:ക്രമീകരിക്കപ്പെട്ടു. ഇപ്പോൾ നാം മലയാള കവിതയുടെ ചരിത്രത്തെയും ആസ്വാദനത്തെയും മുണ്ടശേരിയുടെ കാഴ്ചപ്പാടിൽ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നു. അത് എല്ലാവരും അംഗീകരിച്ചു. പിന്നീടു വന്ന ഒരു വിമർശകനും അത് മറികടക്കാനായില്ല. സുകുമാർ അഴീക്കോട് ആ ധാരയ്ക്കൊപ്പമാണ് നീങ്ങിയത്. കുട്ടികൃഷ്ണമാരാർ ആ ആസ്വാദനവ്യവസ്ഥയെ മാറ്റാൻ തയ്യാറായില്ല.

കെ. പി. അപ്പൻ

പിന്നീട് ഒരു വലിയ പരിവർത്തനം നാം കാണുന്നത് കെ.പി. അപ്പന്‍റെ ലേഖനങ്ങളിലും പുസ്തകങ്ങളിലുമാണ്. അപ്പനോട് ആശയപരമായ വിയോജിപ്പുകളുള്ളവർക്ക് പോലും അദ്ദേഹം ഭാവുകത്വപരമായ വ്യതിയാനത്തിനു വേണ്ടി ഉജ്വലമായി പ്രയത്നിച്ചതും ഫലമുണ്ടായതും കാണാതിരിക്കാനാവില്ല. അപ്പൻ ഒരു കാലഘട്ടത്തിലെ കഥാസാഹിത്യത്തിൽ ഒരു ക്രമം സൃഷ്ടിച്ച് പുനർവായന നടത്തി. എം.ടി മുതൽ കെ.പി. നിർമൽകുമാർ വരെയുള്ള എഴുത്തുകാരെ അപ്പൻ പാശ്ചാത്യവും ആധുനികവുമായ അവബോധത്തിന്‍റെ, സൗന്ദര്യാനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി. അത് വായനയ്ക്ക് പുതിയൊരു ഉള്ളടക്കം സൃഷ്ടിച്ചു. എം.ടിയെ, ഒ.വി. വിജയനെ, ആനന്ദിനെ എങ്ങനെ വായിക്കണമെന്ന് അപ്പൻ ഒരു ശാസന പുറപ്പെടുവിച്ചു. അത് അംഗീകരിക്കപ്പെട്ടു; എന്നു പറഞ്ഞാൽ, സാഹിത്യത്തെ ഗൗരവത്തോടെ സമീപിക്കുന്നവർ അപ്പന്‍റെ നിലപാടിനു പ്രസക്തിയും പുതുമയുമുണ്ടെന്നു മനസിലാക്കി. ഇത് വലിയൊരു മാറ്റമാണ്. അപ്പന്‍റെ "മാറുന്ന മലയാള നോവൽ' എന്ന കൃതി ഇതിനു തെളിവാണ്. ഇത് ഇപ്പോൾ മലയാള കഥ, നോവൽ സാഹിത്യത്തിന്‍റെ വായനയെ നിർണായകമായി സ്വാധീനിക്കുകയാണ്.

അപ്പൻ പുതിയ എഴുത്തുകാരെ കണ്ടെത്തി, അവരുടെ ഭാഷയിലെ ആന്തരികരാഗങ്ങൾ ഉപയോഗിച്ച് പുതിയൊരു ഭാവുകത്വം സൃഷ്ടിച്ചു. ഇതിനെ മറികടക്കാൻ സമകാലിക വിമർശനത്തിൽ ഇനിയും ശക്തമായ ഒരു മുന്നേറ്റമുണ്ടായിട്ടില്ല. ബുദ്ധിപരമായ ഒരു കാലെടുത്തുവയ്ക്കൽ ആവശ്യമാണ്. ഇന്നത്തെ കുറെ എഴുത്തുകാരെ പ്രത്യേക രുചിയുടെ, മൂല്യത്തിന്‍റെ തലത്തിൽ പുന:ക്രമീകരിച്ച് അതിനു ഒരു തത്ത്വചിന്തയുടെ അടിത്തറ നൽകി, പുനർവായനയിലൂടെ സൃഷ്ടിക്കുന്ന ഭാവുകത്വത്തിനു മാത്രമേ അപ്പനെ മറികടക്കാനാവുകയുള്ളു. മാത്രമല്ല, അതിനു വേണ്ടി കണ്ടെത്തുന്ന എഴുത്തുകാർ കാക്കനാടൻ, ഒ.വി. വിജയൻ, എം.ടി, സക്കറിയ തുടങ്ങിയ പ്രഗത്ഭരായ രചയിതാക്കളേക്കാൾ എല്ലാ രീതിയിലും വ്യത്യസ്തരാണെന്ന് സ്ഥാപിക്കുകയും വേണം. എങ്കിലും പ്രതീക്ഷയുണ്ട്. ഇ.പി. രാജഗോപലൻ തുടങ്ങിയ വിമർശകർ പുതിയൊരു ഭാവി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.

രജത രേഖകൾ

1) ബഷീറിന്‍റെ "ബാല്യകാലസഖി'ക്ക് 80 വയസായിരിക്കുന്നു. എത്രയോ പേർ കുളിരു കോരി വായിച്ച കൃതിയാണിത്. ജീവിതത്തിൽ യാതൊന്നും നേടാതെ അലഞ്ഞ ബഷീറിന് ദൈവം കൊടുത്ത സമ്മാനമാണ് ഈ കൃതി. ഈ കൃതിയെ ഓർത്തുകൊണ്ട് ടി. പദ്മനാഭൻ എഴുതിയ കുറിപ്പ് (ബാല്യകാലസഖിയുടെ ജൈത്രയാത്ര, പ്രഭാതരശ്മി, ജൂലൈ 15) സത്യസന്ധവും തീക്ഷ്ണവുമായി. എം.പി. പോൾ എഴുതിയ അവതാരികയെക്കുറിച്ചും പദ്മനാഭൻ സ്മരിക്കുന്നുണ്ട്.

അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത് ഇന്നത്തെ അരുതായ്കകളുടെ ഭാണ്ഡക്കെട്ട് അഴിച്ചുകൊണ്ടാണ്. ബഷീർ സാഹിത്യകാരനല്ലെന്നു സ്ഥാപിക്കാൻ ചിലർ ശ്രമിച്ചതിനെ അദ്ദേഹം അപലപിക്കുന്നു: "സാഹിത്യ ലോകത്തിലും പലതരം കുന്നായ്മകളും ഉപജാപങ്ങളുമുണ്ട് എന്നത് ഒരു സത്യമാണ്. ഞാൻ ആദ്യം പറഞ്ഞ അഞ്ചു സാഹിത്യകാരന്മാർ എന്തുമാത്രം മതവിദ്വേഷമാണ് ചൊരിഞ്ഞത് എന്നു നാം ഓർക്കുക. എഴുത്തുകാരനെ നാം വാനോളം പുകഴ്ത്തും. അതുപോലെതന്നെ ഇകഴ്ത്തുകയും ചെയ്യും. ഒന്നുകിൽ സ്വകാര്യലാഭത്തിനുവേണ്ടി അല്ലെങ്കിൽ വിദ്വേഷത്തിന്‍റെ അടിസ്ഥാനത്തിൽ. ഇതാണ് സത്യം'.

2) ജോൺ സാമുവൽ എഴുതിയ "മെയ്റാ പെയ്ബി' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 11-17) സമകാല മണിപ്പുരിലെ ജീവിത ദുരിതത്തിന്‍റെ കാണാക്കയങ്ങൾ കാണിച്ചുതരുകയാണ്. കൂട്ടുകാരിയെ യാദൃച്ഛികമായി കാണാതായ ഒരു പെൺകുട്ടിയുടെ മനസിലൂടെയാണ് കഥ കടന്നുപോകുന്നത്. കൂട്ടുകാരിയെ കലാപകാരികൾ വെടിവച്ചു കൊല്ലുകയാണ്. അവൾ കാമുകനൊപ്പം ഓടിപ്പോയതായിരുന്നു. അവളുടെ മൃതദേഹം അടുത്ത വീട്ടിൽ കൊണ്ടുവരുകയാണ്, കഥയുടെ ഒടുവിൽ. മനുഷ്യർ തമ്മിലുള്ള സഹജമായ അടുപ്പവും ഒരു വംശം നിലയിൽ അവർ കൈവരിച്ച വൈകാരിക വിജയങ്ങളുമെല്ലാം ഈ കഥയിൽ ജോൺ സാമുവൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.

ജോൺ സാമുവൽ സഹൃദയത്വമുള്ള കഥാകൃത്താണ്. അദ്ദേഹം മനുഷ്യമനസിന്‍റെ ലോലമായ ഇടങ്ങൾ മനസിലാക്കിയിരിക്കുന്നു. അവിടുത്തെ നരഗ ഭൂപടം ഏതാണെന്ന് വ്യക്തമാവണമെങ്കിൽ ഈ ഭാഗം വായിക്കണം: "സമ്മതിച്ചു കൂടാ. ഒറീലിയയുടെ അമ്മ, റിയയുടെ അമ്മ, അന്യയുടെ അമ്മ, ഐറിമയുടെ അമ്മ, മിയയുടെ അമ്മ, നിന്‍റെ അമ്മ, എന്‍റെ അമ്മ... ചെറുപ്പം വിട പറയാൻ മടിച്ചു നിന്ന എല്ലാവരെയും അവർ നശിപ്പിച്ചില്ലേ?'. വേദനിപ്പിച്ച കഥയാണിത്.

3) സാധാരണക്കാരുടെ ജീവിതപരിസരങ്ങളെ ലിറ്റ്മസ് പേപ്പർ കൊണ്ടെന്ന പോലെ ഒപ്പിയെടുക്കുന്ന കഥാകൃത്താണ് സുരേഷ് പെരിശേരി. അദ്ദേഹത്തിന്‍റെ "കോഴിക്കാവടി' (എഴുത്ത്, ജൂലൈ,2024) എന്ന കഥയും അത് ഓർമിപ്പിക്കുന്നു. കഥാകൃത്ത് സാധാരണമനുഷ്യരുടെ മനസു വായിച്ചെടുക്കുന്നു. അതിന്‍റെ ചൂട് വായനക്കാരിലേക്ക് സംക്രമിപ്പിക്കുന്നു: "സഹദേവൻ പോലീസ് കല്യാണം കഴിച്ചിട്ടില്ല. എന്നാൽ ഉടനെ മോളിക്കുട്ടിയെ കെട്ടും. മോളിക്കുട്ടിയും അത് സ്ഥിരീകരിച്ചിട്ടുണ്ട്. അവൾ ആദ്യമേ ആവശ്യപ്പെട്ടിട്ടുണ്ട് നിങ്ങൾ ചോവന്മാരുടെ രീതിയിൽ കല്യാണം കഴിഞ്ഞാലും ഞങ്ങൾ സത്യക്രിസ്ത്യാനികളുടെ രീതിക്ക് മാർത്തോമാ പള്ളീ വച്ച് കെട്ടു നടത്തണം. എൽപി സ്കൂളിന്‍റെ കഞ്ഞിവയ്ക്കുന്ന ഓലമറയ്ക്കുള്ളിൽ വച്ച് അന്തോണീസ് പുണ്യാളിന്‍റെ തീപ്പെട്ടി പടത്തിൽ തൊട്ട് പണ്ടേ അയാൾ സത്യം ചെയ്തതുമാണ്.'

ഇതുപോലെ ജീവിതത്തിൽ തൊട്ട് എഴുതുന്നവർ ഇന്ന് വളരെ കുറവാണ്.

4) അയ്യപ്പപ്പണിക്കരുടെ ഏറ്റവും പ്രധാനപ്പെട്ട കൃതി "പകലുകൾ രാത്രികൾ' ആണ്.

5) സച്ചിദാനന്ദന്‍റെ "മലയാളം' എന്ന കവിത മലയാളഭാവനയുടെ അസാധാരണമായ ഒരിടം കാണിച്ചു തരുന്നു.

6) മാതൃഭൂമി ആഴ്ചപ്പതിപ്പ് ഓഗസ്റ്റ് 11 ലക്കത്തിൽ എം.എൻ. വിജയനെക്കുറിച്ച് 3 ലേഖനങ്ങൾ ചേർത്തിട്ടുണ്ട്. പക്ഷേ, ഇത്രയും ദീർഘിച്ച ലേഖനങ്ങൾ വേണ്ടിയിരുന്നില്ല. വായനക്കാർക്ക് സൂക്ഷിച്ചു വയ്ക്കുന്നതിനു വേണ്ടിയല്ലല്ലോ ഇത്തരം ലേഖനങ്ങൾ; അവർക്ക് വായിച്ച് ഗ്രഹിക്കാവുന്ന വിധത്തിൽ ചെറുതായിരിക്കണം. അപ്പോൾ കൂടുതൽ പേർക്ക് എഴുതാനാവും. വളരെ നീട്ടിപ്പരത്തി എഴുതുമ്പോൾ സംഭവിക്കാറുള്ളത്, ഉന്നയിക്കാൻ കൃത്യമായ ഒരു വാദം ഉണ്ടാകാറില്ല എന്നതാണ്. എം.എൻ. വിജയന്‍റെ കൃതികൾ പരിശോധിച്ച് അദ്ദേഹം ഉന്നയിക്കുന്ന അല്ലെങ്കിൽ അനുഭവിപ്പിക്കുന്ന പ്രശ്നം സംക്ഷിപ്തമായി നാലോ അഞ്ചോ പേജിൽ എഴുതിയാൽ മതി. വളരെ വലിയ ലേഖനങ്ങൾ വായിക്കാൻ സമയം കിട്ടുക പ്രയാസമാണ്.

7) ഓസ്കാർ വൈൽഡ് പറഞ്ഞു: "നിങ്ങൾ ശത്രുക്കളെ അവഗണിക്കുക; അവരെ ഇത്രയും അലോസരപ്പെടുത്തുന്ന മറ്റൊന്നും ഉണ്ടാവില്ല'.

8) ജീവിച്ചിരുന്നപ്പോൾ ഒരു കവി എന്ന നിലയിൽ പി.ബി. ഷെല്ലി ഒരു വിജയമായിരുന്നില്ല. എഴുതിയതിൽ നിന്ന് പണമൊന്നും കിട്ടിയില്ല. മുത്തച്ഛന്‍റ വരുമാനം കൊണ്ടാണ് ജീവിച്ചത്.

9) ഹെമിംഗ്‌വേ പറഞ്ഞ ഈ കാര്യം ഓർക്കേണ്ടതാണ്: "ജീവിതത്തെക്കുറിച്ച് എഴുതണമെങ്കിൽ ആദ്യമായി നിങ്ങൾ ജീവിച്ചു നോക്കണം'.

Trending

No stories found.

Latest News

No stories found.