

പ്രേമത്തിന്‍റെ ഉപനിഷത്ത്
"പ്രേമം വീണ്ടുവിചാരമില്ലാത്തതാണ്, അത് യുക്തിയല്ല. പ്രേമം ശക്തവും സ്വയം ആഹരിക്കുന്നതുമാണ്, ലജ്ജയില്ലാത്തതാണ്'- റൂമിയുടെ വാക്കുകൾ.
മനുഷ്യൻ പഴയകാലത്തും പുതിയ കാലത്തും ഭാരമേന്തിയ ഒരു മൃഗം തന്നെയാണ്. തലയിൽ നീണ്ട കൊമ്പുകളും ശിഖരങ്ങളുമായി വരുന്ന ഒരു മാൻ തന്നിൽ കാലം ഏൽപ്പിച്ച കാടാണ് ചുമക്കുന്നത്. മനുഷ്യനും ഋണങ്ങൾ ചുമക്കുന്നവനാണ്.
സ്വന്തം വിധിയെ രൂപപ്പെടുത്തുന്നവനും സാന്ദർഭികമായി അന്യമായ വിധിക്കു കീഴടങ്ങുന്നവനുമാണ്. എങ്ങനെയാണ് അവൻ ഋണങ്ങളിൽനിന്ന് മുക്തനാകുക? 13ാം നൂറ്റാണ്ടിലെ പ്രമുഖ പേർഷ്യൻ കവിയും ഇസ്‌ലാം മതപണ്ഡിതനും ഇസ്‌ലാം നിയമജ്ഞനും സുന്നി ഇസ്‌ലാമിക് ദൈവചിന്തകനും സൂഫി ജ്ഞാനിയുമായ ജലാലുദ്ദീൻ റൂമി (1207-1273) നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും വറ്റാത്ത ആത്മീയ പ്രഭാവമായി, സ്വതന്ത്രരാഗമായി നിൽക്കുകയാണ്. മധ്യേഷ്യയിൽ എന്ന പോലെ യൂറോപ്പിലും അമെരിക്കയിലും റൂമിയുടെ യോഗാത്മക ചിന്തകൾക്ക് പ്രിയമേറുകയാണ്. നിമിഷം തോറും യന്ത്രവത്കൃതമാകുന്ന, അന്യവത്ക്കരിക്കപ്പെടുന്ന ഈ ആധുനികലോകത്തും ഉള്ളിൽ സ്വയം രൂപപ്പെടുന്ന, അവസാനിക്കാത്ത പ്രഭയുള്ള ലോകത്തെക്കുറിച്ച് അറിവ് തരുന്ന വാക്കുകളാണ് റൂമിയുടേത്.
ആ നിലയിൽ, വാക്കുകളിലൂടെ നിർമിക്കപ്പെട്ട ശാന്തി തേടി വായനക്കാർ റൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു, ലോകത്തെവിടെയും. റൂമി അക്രമമല്ല, നിരുപാധികമായ ഒട്ടിച്ചേരലും മൈത്രിയുമാണ് പഠിപ്പിക്കുന്നത്.
മസ്നാവി, റൂമിയുടെ സംഭാഷണങ്ങൾ ശേഖരിച്ചു ശിഷ്യന്മാർ പിന്നീട് തയ്യാറാക്കിയ ഫിഹി മാ ഫിഹി, റൂമിയുടെ കവിതകൾ എന്നീ കൃതികളാണ് റൂമിയുടെ പേരിൽ ഇപ്പോൾ പ്രചാരത്തിലുള്ളത്. ഡിസ്കോഴ്സ് ഓഫ് റൂമി എന്ന പേരിൽ ബ്രിട്ടീഷ് പണ്ഡിതൻ എ.ജെ. ആർബെറി ഇംഗ്ലീഷിലേക്ക് ഫിഹി മാ ഫിഹി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ രണ്ടാം ഭാഗമായ സൈൻ ഓഫ് ദ് അൺ സീൻ അമേരിക്കയിലെ അറബ് പണ്ഡിതനായ വീലർ താക്സ്റ്റൺ പരിഭാഷപ്പെടുത്തി. റൂമി ഏത് കാലത്ത് ജീവിച്ചു എന്നത് സാങ്കേതികമായ വിഷയമായി കണ്ടാൽ മതി. എപ്പോഴും റൂമി ജീവിക്കുന്നു, നമ്മുടെ ഋണഭാരങ്ങളിൽ, സങ്കടങ്ങളിൽ, പീഡനങ്ങളിൽ, ഒരു തിരി വെളിച്ചമായി. വലിയ ചുമതലകൾ ഏറ്റെടുക്കുന്ന നമ്മൾ പക്ഷേ, ഏകാകികളുമാണ്. തനിച്ചിരിക്കുമ്പോൾ നാം ഏതോ ശൂന്യതയിലാണ്.
അവിടെയാണ് പ്രാപഞ്ചികമായ സാരങ്ങൾക്കായി കാതോർക്കുന്നത്. ശക്തിമാനായ മനുഷ്യൻ ഒരു കൃമിയേക്കാൾ ദുർബലനാണ്. ഒരില യുടെ അഗ്രത്തിൽനിന്നും കാൽനീട്ടി മറ്റൊരു ഇലയുടെ അഗ്രത്തിലേക്ക് സഞ്ചരിക്കാൻ ഉറുമ്പിനാവും, എത് ഉയരം കൂടിയ മരത്തിന്‍റെ മുകളിലും. മനുഷ്യനാകട്ടെ ഒരു വൈറസിനെ പോലും പേടിക്കണം. ഉറുമ്പിനെയും പേടിക്കണം. വഴിതെറ്റി മൂന്നോ നാലോ ഉറുമ്പുകൾ തീൻമേശയിൽ വന്നാൽ മനുഷ്യർക്ക് സമാധാനം നഷ്ടപ്പെടും. ദുർബലനായ മനുഷ്യൻ സ്വയം തിരിച്ചറിയുന്ന നിമിഷം മൂല്യമുള്ളതാണ്. അവന്‍റെ പാപവും ദുഃഖവും അർഥരഹിതമാകുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തന്ന കവിയാണ് റൂമി. അദ്ദേഹത്തിന്‍റെ വാക്കുകൾ ഇപ്പോൾ ഓർമകളിൽ തഴച്ചുവളരുകയാണ്.
പ്രേമത്തിന്‍റെ രഹസ്യാംബരങ്ങൾ
റൂമിയുടെ കവിതകൾ, ചിന്തകൾ, ആത്മീയമായ യാത്രകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു വിചിന്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. റൂമി അന്ധവിശ്വാസമോ മതമോ ആരിലും അടിച്ചേല്പിക്കുന്നില്ല. മനുഷ്യനെ അവന് കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. ആത്മീയയാത്രകൾ മതപരമായ നിബന്ധനകൾ ഉൾക്കൊള്ളുന്നതല്ല ;അതിൽ സ്വാതന്ത്ര്യത്തിന്‍റെ മനസാണുള്ളത്. ഭൂതകാലത്തിലേക്ക് എന്ന പോലെ ഭാവിയിലേക്കും സഞ്ചരിച്ചു നമുക്ക് വർത്തമാനത്തെ സ്വതന്ത്രമാക്കാം. റൂമി എഴുതി:
"ഇതാണ് പ്രേമം:
ഒരു രഹസ്യാംബരത്തിലേക്ക്
പറക്കുക,
ഓരോ നിമിഷത്തിലും
നൂറു മൂടുപടങ്ങൾ
അഴിഞ്ഞു വീഴട്ടെ'.
പ്രേമത്തെ എല്ലാകാലത്തേക്കുമായി റൂമി പുനർഭാവന ചെയ്യുകയാണ്. നമുക്ക് എത്ര നാൾ പഴകിയതും കാലഹരണപ്പെട്ടതും അർഥരഹിതവുമായ ആശയങ്ങളുമായി നീങ്ങാനാവും?
ഇതിന്‍റെ ചതി മനസിലാക്കിയില്ലെങ്കിൽ നമ്മൾ ഉപയോഗക്ഷമമല്ലാത്ത വീക്ഷണങ്ങൾക്കകത്ത് എടുക്കാത്ത നാണയങ്ങളായി തരംതിരിക്കപ്പെടും. റൂമി അത് എന്നേ ഉൾക്കൊണ്ടു! അദ്ദേഹം ജ്ഞാനമാർഗത്തിൽ പ്രേമത്തെ പുനർമൂല്യവിചാരണ ചെയ്തു. മൂടുപടങ്ങൾ അഴിഞ്ഞാലേ പ്രേമമുണ്ടാകൂ. അല്ലെങ്കിൽ അത് ഭൗതികമായ ഒരു നുണയായിരിക്കും.
"ഈ ലോകത്തെ
അദൃശ്യമായി കണക്കാക്കുക.
നമ്മൾ അല്ലെങ്കിൽ നമ്മുടേത്
എന്നുള്ളതിനെ
ഗൗനിക്കാതിരുന്നാൽ മതി'.
ഈ ലോകത്ത് നമ്മൾ കാണാത്തതാണ് കൂടുതലും. നമ്മുടെ പിന്നിലുള്ള ലോകത്തെ കാണാൻ കണ്ണില്ലല്ലോ. മുന്നിലുള്ള ലോകമാകട്ടെ കാണാൻ എളുപ്പമല്ല. ഭൗതികമായി നിശ്ചയിക്കപ്പെട്ട ദൂരത്തിലാണ് കാഴ്ചയുള്ളത്. ബുദ്ധികൊണ്ട് ഭാവിയെ പിടിച്ചുകെട്ടാനാവില്ല. മനുഷ്യനു ഇനിയും പ്രവചനശേഷിയില്ലല്ലോ. അസാധാരണമായ ചെറിയ ശബ്ദമോ ചെറിയ വസ്തുക്കളോ നമ്മുടെ അനുഭവമണ്ഡലത്തിലില്ല. മനുഷ്യനു അവനൊഴികെ ഒന്നിന്‍റെയും ആത്മീയപ്രശ്നങ്ങൾ അറിയില്ല. അവന്‍റെ ആത്മീയപ്രശ്നങ്ങൾ അവൻ ഗുരുക്കന്മാരെയും, മനഃശാസ്ത്രജ്ഞരെയും പുസ്തകങ്ങളെയും ഡോക്റ്റർമാരെയും ഏൽപ്പിച്ചിരിക്കുകയാണ്. അവൻ അറിവുണ്ടായിട്ടും അജ്ഞതയെ ഇഷ്ടപ്പെടുന്നു. അവൻ ഭാഷകൊണ്ട് ജീവിച്ച് ചിന്താശൂന്യമായ മനസിനെ മറികടക്കുന്നു.
നിശബ്ദതയുടെ
ആഗ്നേയ ലോകങ്ങൾ
ചിന്തിക്കുമ്പോൾ എല്ലാം ഉണ്ടെന്നു തോന്നും. എന്നാൽ തൊട്ടടുത്ത നിമിഷം അവൻ നിശ്ശൂന്യനാകും. ചിന്തിച്ചതിനെതിരായി പ്രവർത്തിക്കും. സ്നേഹിക്കുന്നതിനെ മറന്നുപോകും. എല്ലാറ്റിലും വലുത് വികാരങ്ങളാണത്രേ.
വികാരങ്ങൾ നമ്മെ ചതിക്കുകയല്ലേ ചെയ്യുന്നത്? ഒരിക്കൽ തെറ്റാണെന്ന് കരുതിയതൊക്കെ അങ്ങനെയല്ലെന്ന് തെളിയിക്കപ്പെട്ട ചരിത്രമല്ലേ നമുക്കുള്ളത്? ജീവനു വേണ്ടി നിരന്തരമായി പല രീതികളിൽ പോരാടുന്ന ജീവികൾ നമ്മുടെ സമീപത്തുള്ളപ്പോൾ, അതിലൊന്നും ശ്രദ്ധിക്കാനാകാതെ നാം സന്തോഷിക്കുന്നു.ഇത് നാം ലോകത്തെ കാണുന്നില്ല എന്നല്ലേ സൂചിപ്പിക്കുന്നത് ?
"ശബ്ദത്തിനും
സാന്നിധ്യത്തിനുമിടയിൽ
അറിവ് പ്രവഹിക്കുകയാണ്.
വരുതിയിലായ നിശബ്ദതയിൽ
അത് സംവാദപ്പെടുന്നു
അലയുന്ന വാക്കുകളിൽ
അതടഞ്ഞുപോകുന്നു'.
ശബ്ദമെന്നത് നമ്മുടെ ഭാഷയും ചിന്തയുമെല്ലാം ചേർന്നതാണ്. നമ്മുടെ മുന്നിൽ യാതൊരു വസ്തുവിനും നിലനിൽക്കാൻ ഇതാവശ്യമാണല്ലോ. അതുകൊണ്ട് വസ്തുവിനും മനുഷ്യനും അറിവിനുമിട യിലാണ് വ്യാഖ്യാനങ്ങളും തർക്കങ്ങളുമുള്ളത്. ഇതെല്ലാം നിശബ്ദതയുടെ ആഗ്നേയലോകങ്ങളാണ്. മാഞ്ഞു പോകുന്ന തർക്കങ്ങൾ വേറൊരു രീതിയിൽ, മറ്റൊരിടത്ത്, ഉയർന്നുവരുന്നു. അകന്നുപോയ സ്മൃതികൾ, ബന്ധങ്ങൾ മറ്റൊരിടത്ത്, മറ്റൊരു കാലത്ത് പ്രത്യക്ഷപ്പെടുന്നു.
"ദൈവം ചോദിച്ചു :
തീയിൽ നീയെത്ര വേവും?
ഞാൻ പറഞ്ഞു:
ഞാൻ ശുദ്ധനാകുന്നതു വരെ'.
ദുഃഖിക്കുന്തോറും നമുക്ക് ജ്ഞാനമുണ്ടാകേണ്ടതാണ്, ഓരോ പനിയും ശരീരത്തെ ശുദ്ധമാക്കുന്നതുപോലെ. മാലിന്യം നിർമാർജനം ചെയ്യാൻ ശരീരം അതിന്‍റെ വഴി തേടുമല്ലോ. രോഗം ഒരാളെ സ്വന്തം ശൂന്യതയിലെങ്കിലും എത്തിച്ച് സമാശ്വസിപ്പിക്കാതിരിക്കില്ല. അതുകൊണ്ട് തനിച്ചാകുകയും ശുദ്ധമാകുകയും ചെയ്യുന്നതിനെ രോഗമെന്ന് വിളിക്കാവുന്നതാണ്.രോഗത്തിൽനിന്ന് എഴുന്നേറ്റു വരുന്ന രോഗി, തത്വത്തിൽ, ജ്ഞാനം നേടിയവനാണ്.അവൻ മാലിന്യത്തിൽനിന്നാണ് ഉയിർത്തെഴുന്നേറ്റത്.
പൂക്കൾ മറയ്ക്കുന്ന ലോകം
"ദൈവം ചോദിച്ചു:
ഈ ജീവിതത്തിൽ നിന്ന്
നിങ്ങൾ എന്താണ് നേടുന്നത്?
ഞാൻ പറഞ്ഞു:
എന്നോടു തന്നെ
സത്യസന്ധനായിരുന്നാൽ മതി'.
ജീവിതത്തിലെ നേട്ടം സമ്പത്തോ, അധികാരമോ ആകാം എന്നു കരുന്നതുവരുണ്ട്. നമ്മുടെ മുഴുവൻ വിദ്യാഭ്യാസവും അങ്ങനെയാണ് ചിന്തിപ്പിക്കുന്നത്. കാരണം, ഇങ്ങനെ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസത്തിന് അതിന്‍റെ വിപണിമൂല്യം നഷ്ടപ്പെടും. അതുകൊണ്ട് വിദ്യാഭ്യാസത്തെ എപ്പോഴും ഭരിക്കുന്നത് പണവും അധികാരവുമാണ്. വിദ്യാഭ്യാസം നേടുന്നതോടെ മനുഷ്യന്‍റെ പ്രകൃതിയിലെ പങ്കും, നിരുപാധികമായ സ്നേഹവും ബന്ധങ്ങളും നിസ്വാർഥതയും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസം നേടിയ ആളെ അയാളുടെ പൂർവകാലത്തെ നന്മകളിൽ എത്തിച്ച് സ്വതന്ത്രമായ ആലോചനകളിലൂടെ ശുദ്ധീകരിക്കുകയാണ് റൂമി ചെയ്യുന്നത്.
"ഞാനൊരു
മാനിനെ വേട്ടയാടി;
എന്നാൽ എന്നെ
വേട്ടയാടാൻ വന്ന പന്നിയെ
ഞാൻ പിന്നിൽ കണ്ടു'.
പിന്നിലെ കാലത്തെ, കണ്ണുകളെ ഓർമിപ്പിക്കുകയാണ് കവി. നമ്മൾ തെരഞ്ഞെടുക്കുന്നതൊന്നും സുന്ദരമായിരിക്കുകയില്ല. നമുക്ക് നമ്മെ ഒട്ടും തന്നെ അറിയില്ല. നാം ആകൃഷ്ടരാവുന്ന നിറങ്ങൾ രാത്രിയിൽ എവിടെയോ പോയി മറയും. ഇരുളിൽ നമുക്കായി ആരും പ്രകാശിക്കുന്നില്ല. നമ്മൾ വഴിതെറ്റിപ്പോകുന്നത് തുടക്കത്തിൽ അറിയില്ല; എന്നാൽ ഒടുവിൽ പിന്നിട്ട വഴികൾ നമ്മുടെ മനസിൽ തെളിഞ്ഞു വരും. ആഗ്രഹങ്ങൾ വർണക്കടലാസിൽ പൊതിഞ്ഞ തിന്മകളാവുമോ?
പുഷ്പങ്ങൾ കൊണ്ട് മൂടിയാൽ എല്ലാം കാണാൻ സുന്ദരമാണ്. എന്നാൽ പൂക്കൾ മറയ്ക്കുക മാത്രമാണ് ചെയ്യുന്നത്. അടിയിലുള്ളതിനെ മാറ്റാനാവില്ല. പൂക്കൾക്ക് ഇഷ്ടമില്ലാത്തതും മറയ്ക്കാൻ അത് നിർബന്ധിതമാകുന്നു. കവികളും കലാകാരന്മാരും പൂക്കളുടെ പ്രദർശനത്തിലൂടെ എന്തെല്ലാമാണ് മറച്ചത്? തിന്മയെ മറയ്ക്കുന്ന പൂക്കൾക്കും ചിലത് പറയാനുണ്ട്. പൂക്കളിലൂടെ നിർമിച്ചെടുത്ത സൗന്ദര്യ ചരിത്രമാണ് നമ്മുടേത്. അത് യഥാർഥ സൗന്ദര്യമായിരുന്നോ?
"ഈ ഏകാന്തത ഒരായിരം ജീവിതങ്ങളേക്കാൾ മൂല്യമുള്ളതാണ്. ഈ സ്വാതന്ത്ര്യത്തിന് ഭൂമിയിലെ മുഴുവൻ കരയേക്കാളും മൂലമുണ്ട്. ഒരു നിമിഷമെങ്കിലും സത്യത്തോട് ചേർന്നു നിൽക്കുക. അതിനു ലോകത്തേക്കാൾ, ജീവിതത്തേക്കാൾ മൂല്യമുണ്ട് '.
ഏകാന്തത മൂല്യമുള്ളതാകുന്നത്, അത് യാഥാർഥ്യത്തെ അനാവരണം ചെയ്യുമ്പോഴാണ്. സ്വാതന്ത്ര്യത്തിനു നമ്മെ ഉൾക്കൊള്ളാനാകണം. അതിന്‍റെയർഥം സ്വാതന്ത്ര്യംകൊണ്ട് നാം ചീത്തയാകരുതെന്നാണ്. എന്താണ് നാം ജീവിക്കുന്നതിന്‍റെ അർഥമെന്നു ചിന്തിക്കുന്നവനു പാഴ്വസ്തുക്കൾ ഉപേക്ഷിക്കാൻ തോന്നും. ഉപയോഗശൂന്യമായതും ഉപദ്രവകരമായതും വലിച്ചെറിയുന്നതോടെ നമ്മുടെ ഏകാന്തതയാണ് സ്വതന്ത്രമാകുന്നത്.
സാമൂഹികമായ അദ്വൈതം
"നിങ്ങൾ ദൈവത്തിന്‍റെ സന്ദേശത്തെ
വ്യക്തിവത്കരിച്ചു കാണുന്നു.
രാജാവിന്‍റെ മുഖം നിങ്ങൾ
കാണിച്ചുതരുന്നുണ്ട്.
നമ്മുടേതല്ലാത്തതായി
ലോകത്ത് ഒന്നും തന്നെയില്ല
നിങ്ങൾക്ക് എന്താണോ വേണ്ടത്,
അത് നിങ്ങളുടെ ഉള്ളിൽ അന്വേഷിക്കുക.
നിങ്ങൾ അതിൽ എത്തിച്ചേരും'.
ഏതോ പ്രേരണയാൽ നമ്മൾ അന്യമായതിനെയാണ് ജീവിതകാലമത്രയും തേടുന്നത്. ബാഹ്യമായ പ്രലോഭനങ്ങൾ കൺമുന്നിൽ വന്നുനിൽക്കുകയാണ്. മറ്റൊന്നും കാണാനാവുന്നില്ല. അലങ്കരിച്ച രൂപങ്ങളിൽ നാം സ്വയം ദർശിക്കാമെന്ന് വ്യാമോഹിക്കുന്നു. എന്നാൽ അന്യമായതെല്ലാം കുറേ കഴിയുമ്പോൾ അനാവരണം ചെയ്യപ്പെടുന്നു. ഒന്നും സ്വന്തമാക്കാനില്ലെങ്കിൽ, എന്തും നമ്മുടെ സ്വന്തമായി കാണാനാവും. അന്യമായതെല്ലാം നമ്മുടേതായിരുന്നു. എന്നിട്ടും ഒന്നും തന്നെ ആവശ്യമുള്ളതല്ലായിരുന്നു. ആവശ്യമുള്ളതെല്ലാം നമ്മളിൽ തന്നെയാണ് ഇരുളിൽ എന്ന പോലെ കഴിഞ്ഞിരുന്നതെന്ന് അറിയുന്നതോടെ പുതിയൊരു അവബോധം ഇരച്ചെത്തുകയാണ്. അതല്ലേ സത്യബോധം? അപ്രിയമായതിന്‍റെയും അസത്യമായതിന്‍റെയും മുന്നിൽ നാം നിരായുധരാവുകയാണ്. വ്യർഥത നമ്മെ എരിച്ചു കളയും. കാലത്തിന്‍റെ വ്യർഥതയായി നമ്മൾ നിരാലംബതയിൽ ഒഴുകും. ഓരോ മനുഷ്യനും അവനവനെ തേടേണ്ടതാണെന്ന മതസാരം ഇവിടെ കാണാം.
"നിങ്ങളുടെയുള്ളിൽ ഒരു ജീവശക്തിയുണ്ട്. അതാണ് തേടേണ്ടത് '. എന്താണീ ഈ ആത്മാന്വേഷണം നേടിത്തരുന്നത്? അത് ഒരാത്മസൗഹൃദം മാത്രമല്ല, സാമൂഹികമായ ഒരു ചരടു കൂടിയാണ്. ബൃഹത്തായ സാമൂഹ്യചേതനയിൽ കണ്ണിചേരലാണത്. അതിലൂടെ നാം മറ്റുള്ളവരിൽ നിന്ന് വേറിട്ടതല്ലെന്നു ബോധ്യപ്പെടുന്നു.
"നിങ്ങളുടെ ശരീരത്തിൽ ഒരു രത്നമുണ്ട്. അത് തേടുക'. രത്നം എന്നത് അമൂല്യമായ ഈ അറിവാണ്. നമ്മൾ ഏകാകികളായിരിക്കാം; എന്നാൽ സാമൂഹികമായ അദ്വൈതത്തിൽ നമ്മൾ കൈകൾ പരസ്പരം കോർത്ത് നിൽക്കുന്നവരാണ്. എല്ലാവരുടെയും കാര്യങ്ങൾ നമ്മെ തൊട്ടുനിൽക്കുകയാണ്. കൈകൾ പന്തങ്ങളാണ്; അനേകർക്ക് കൊളുത്തിയെടുക്കാനുള്ള പന്തങ്ങൾ.
"യാത്രികാ, നിങ്ങൾ തേടുന്നത് എന്തായാലും പുറത്തു പരതിയിട്ട് കാര്യമില്ല. നിങ്ങളുടെ ഉള്ളിൽ അന്വേഷിച്ചു
കണ്ടെത്തുക'. സമ്പത്തും പ്രേമവും രതിയും മോഹവും സ്വപ്നവുമെല്ലാം നമ്മൾ പുറത്താണല്ലോ തേടുന്നത്. തെളിഞ്ഞ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനായി നമ്മൾ യാത്രചെയ്യുന്നു; ശൂന്യമായ ഒരാശയത്തിലേക്ക് നാം പറക്കുന്നു. എന്നാൽ പറക്കലിന്‍റെ ഒടുവിൽ തേടിയതെല്ലാം വേദനകളായിരുന്നുവെന്നു തിരിച്ചറിയുന്നു.
രജതരേഖകൾ
1) പ്രത്യയശാസ്ത്രം
പ്രത്യയശാസ്ത്ര ചർച്ചകൾ സാഹിത്യത്തിൽ ഇനിയുള്ള കാലങ്ങളിൽ ഒരു ബാധ്യതയാകും. എഐ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് എന്ത് പ്രത്യയശാസ്ത്രം! ഒരു മനുഷ്യൻ പ്രത്യയശാസ്ത്ര ജീവിയാകുന്നതിലുപരി അവനവനോട് സത്യസന്ധനാവുകയാണ് പ്രധാനം. പ്രത്യയശാസ്ത്ര മനുഷ്യൻ അനാവശ്യമായി കളവ് പറയുകയാണ്. സ്വന്തം നിലനിൽപ്പിന് വേണ്ടി വെറുപ്പും കാപട്യവും എടുത്തണിയുന്നു. മനുഷ്യൻ എത്ര ഉന്നതമായ പ്രത്യയശാസ്ത്രചിന്തയിൽ മുഴുകിയാലും അവനിൽ മര്യാദയും സഹിഷ്ണുതയും സ്നേഹവുമില്ലെങ്കിൽ എന്ത് പ്രയോജനം?
2) കെ.ആർ. മല്ലിക
അന്തരിച്ച എഴുത്തുകാരി കെ.ആർ. മല്ലികയെക്കുറിച്ച് എ.ജി. ഒലീന എഴുതിയ ലേഖനം -"ഇതിലുമേറെ ലളിതമായെങ്ങനെ' (സ്ത്രീശബ്ദം, ജൂലൈ) ഓർമയുടെ പ്രണാമമാണ്. "കോളനിവത്കരിക്കപ്പെട്ട പെൺമനസിന്‍റെ എല്ലാ അടരുകളെയും അവർ അഭിസംബോധന ചെയ്യുന്നുണ്ട്. മിടുക്കരെ മാത്രം ആവശ്യമുള്ള ഒരു ലോകത്ത് മിടുക്കില്ലാത്ത, സ്പീഡ് ഒട്ടുമില്ലാത്ത ഒരാൾ എങ്ങനെ ജീവിക്കുമെന്ന്' ചിന്തിച്ച് അസ്വസ്ഥപ്പെടുന്ന മനസാണ് മല്ലികയ്ക്കുണ്ടായിരുന്നതെന്ന് ലേഖിക നിരീക്ഷിക്കുന്നു.
3) ഷാങ് പോൾ സാർത്ര്
20ാം നൂറ്റാണ്ടിലെ മഹാനായ എഴുത്തുകാരൻ ഷാങ് പോൾ സാർത്രി ന് നോബൽ സമ്മാനം ലഭിച്ചപ്പോൾ അദ്ദേഹം നിരസിച്ചു. ഒരു സ്ഥാപനത്തിന്‍റെ പുരസ്കാരം തന്‍റെ സാഹിത്യത്തിന്‍റെ നിലനിൽപിന് ഭീഷണിയായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ""ഒരു തരത്തിലുമുള്ള ഔദ്യോഗിക അംഗീകാരം താൻ സ്വീകരിക്കുകയില്ല. ഒരു സ്ഥാപനത്തിന്‍റെ അവാർഡ് വാങ്ങിയാൽ എഴുത്തുകാരൻ ആ സ്ഥാപനത്തിന്‍റെ ഭാഗമാകുകയാണ് ചെയ്യുന്നത്. എഴുത്തുകാരൻ സ്ഥാപനമല്ല''- അദ്ദേഹം പറഞ്ഞു. നൊബേൽ സമ്മാനം പോലും നിരസിക്കുന്നവരെ ഈ ലോകം കണ്ടിട്ടുണ്ട്. അവാർഡുകൾ ഒരു മൂല്യവും സൃഷ്ടിക്കുന്നില്ല എന്ന് വാദിക്കുന്ന ഒരു ലേഖനം റഷീദ് പാനൂർ എഴുതിയിരിക്കുന്നു.(അവാർഡുകൾക്ക് കുപ്പത്തൊട്ടിയിലെ വേസ്റ്റിന്‍റെ വിലയുണ്ടോ?, ആശ്രയ മാതൃനാട്)
4) എസ്. ജാനകി
ഒരു ഭാഷയിൽ എസ്. ജാനകിയെപ്പോലെ ഒരു ഗായികയുണ്ടായിരിക്കണം. അത് ഭാഷയുടെ ഒരു ഗൂഢാലോചനയാണ്. മലയാളത്തിൽ ജാനകി ഭാഷയുടെ സൗന്ദര്യമാണ് സൃഷ്ടിച്ചത്. ഭാഷയുടെ വികാരതീവ്രതയും കാല്പനികതയും അവരിലൂടെ ഉയിർകൊണ്ടു. ഭാഷയ്ക്ക് ഇങ്ങനെയൊക്കെ വികാരത്തെ വഹിക്കാൻ കഴിയുമെന്ന് കാണിച്ചു തന്ന ജീനിയസാണ് അവർ.
5) മക്കളുടെ സാഹിത്യം
സാഹിത്യകാരന്മാരുടെ മക്കൾ എഴുതുന്ന ലേഖനങ്ങൾ വനിതാ മാസികകൾ തുടങ്ങിവച്ച ഒരു പൈങ്കിളി ഏർപ്പാടാണ്. ആ ലേഖനങ്ങളിൽ കാമ്പില്ല, ഉള്ളടക്കമില്ല. കേവലം രക്തബന്ധത്തിന്‍റെ പേരിൽ സമീപിക്കാവുന്ന ഒരു മേഖലയല്ല സാഹിത്യ രചന; എഴുതാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും. പുനത്തിൽ കുഞ്ഞബ്ദുള്ളയെക്കുറിച്ച് മകൾ നാസിമ പുനത്തിലിന് എഴുതാൻ അവകാശമുണ്ട്. മകളുടെ സ്നേഹത്തെ ആർക്കും നിഷേധിക്കാനാവില്ല. പക്ഷേ അത് ഒരു ലേഖനമായി വരുമ്പോൾ നിരാശയാണ് ഉണ്ടാകുന്നത്.
6) പ്രവാസി സാഹിത്യം
പ്രവാസി സാഹിത്യം ഇടയ്ക്കൊക്കെ പച്ചപിടിച്ചെങ്കിലും ഇപ്പോൾ അത് തികച്ചും നിർജീവമായി. പ്രവാസി അനുഭവങ്ങൾ പലയിടത്തും എഴുതപ്പെട്ടു, ശരിയാണ്. അതിനൊക്കെ ഒരു പാർശ്വ വീക്ഷണമാണ് ഉണ്ടായിരുന്നത്. മറുനാട്ടിൽ കഴിഞ്ഞുകൊണ്ട് കാൽപനിക കഥയും കവിതയും എഴുതിയവരാണ് അധികവും. ചിന്തയിൽ ഒരു വഴിപിരിയൽ, വിച്ഛേദം ഉണ്ടായില്ല. പ്രതിഷേധിക്കുന്ന സ്വഭാവമുള്ള ഒരു എഴുത്തുകാരനെ കാണാനായില്ല. നാട്ടിൽ നിന്ന് പാർട്ടി നോക്കി എഴുത്തുകാരെ വിളിച്ചുകൊണ്ടുപോയി സൽകരിക്കുകയും ആദരിക്കുകയും ചെയ്തതൊക്കെ വാർത്തയായി വായിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ ഒരു ഇലവീഴുന്ന ഒച്ച പോലും ഉണ്ടാക്കാതെ അപ്രസക്തമായിരിക്കുകയാണ്.
7) സത്യനാരായണൻ
സത്യനാരായണൻ എഴുതിയ "ഉദിച്ചതെല്ലാം അസ്തമിക്കും ലക്ഷ്മണാ' എന്ന സമാഹാരത്തിലെ കവിതകൾ നഗ്നമായ അനുഭവങ്ങളിലേക്ക് വിളിക്കുന്നു. "എന്‍റെ നിഴൽ ഒരു മനുഷ്യന്‍റേതല്ല, ഒരു പക്ഷിയുടേതുമല്ല. എനിക്ക് പക്ഷിയുടേതു പോലുള്ള ചിറകുകളുണ്ട് ' എന്നൊക്കെ എഴുതുന്ന കവി മറ്റൊരു വഴിയിലൂടെ നടക്കാൻ ശീലിച്ചിട്ടുണ്ട്.
"പൂക്കൾ ചിരിക്കുന്നു -
അവർ നിന്നെ കണ്ടുവോ?
പക്ഷികൾ പാടുന്നു -
അവർ നിന്നെ കേട്ടുവോ?
അരികിലെവിടെയോ നീയുണ്ടെന്ന
സങ്കൽപ സ്വർഗത്തിൽ
ഞാനുമന്ധമായി പാടുന്നു.
ഭ്രാന്തനായി ചിരിക്കുന്നു
എന്‍റ കാണാത്ത
കണ്മണീ നീയെവിടെ?'
കേട്ടുപഴകിയ ശൈലിയല്ല സത്യനാരായണനുള്ളത്.