വോട്ടാകുമോ, തമിഴക റാലികൾ

ഒരൊറ്റ ഘട്ടമായി തമിഴ്നാട് മുഴുവൻ പോളിങ് ബൂത്തിലെത്തുന്നതിനു മുൻപ് പരമാവധി ജനങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് വിവിധ കക്ഷി നേതാക്കൾ
വോട്ടാകുമോ, തമിഴക റാലികൾ

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം വോട്ടെടുപ്പിന് ഇനി ഒരാഴ്ച മാത്രം ബാക്കി. ഏപ്രിൽ 19ന് 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് പോളിങ് നടക്കുന്നത്. ഉത്തർപ്രദേശിലെയും ബിഹാറിലെയും മധ്യപ്രദേശിലെയും മഹാരാഷ്‌ട്രയിലെയുമൊക്കെ ഏതാനും ചില മണ്ഡലങ്ങളിൽ അന്നു ജനവിധിയുണ്ടെങ്കിലും ദേശീയ രാഷ്‌ട്രീയം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തമിഴ്നാട്ടിലാണ്. കാരണം തമിഴകത്തെ 39 ലോക്സഭാ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലും 19നാണ് വോട്ടെടുപ്പ്. ഒരൊറ്റ ഘട്ടമായി തമിഴ്നാട് മുഴുവൻ പോളിങ് ബൂത്തിലെത്തുന്നതിനു മുൻപ് പരമാവധി ജനങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് വിവിധ കക്ഷി നേതാക്കൾ.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സഖ്യത്തിനു പൊതുവിൽ മുൻതൂക്കം കൽപ്പിക്കുമ്പോഴും അവർക്കെതിരേ അതിശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാണ് ബിജെപിയുടെ ശ്രമം എന്നതാണ് ഇത്തവണത്തെ തമിഴക വോട്ടെടുപ്പിനു കൂടുതൽ പ്രസക്തി നൽകുന്നത്. അണ്ണാ ഡിഎംകെയുടെ ശക്തിക്ഷയം മുതലെടുക്കാൻ പരമാവധി ശ്രമിക്കുകയാണ് ബിജെപി. ഇക്കുറി ദക്ഷിണേന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പല തവണ തമിഴ്നാട്ടിൽ പ്രചാരണം നടത്തിക്കഴിഞ്ഞു. ചെന്നൈയിലും തിരുപ്പൂരിലും തിരുനൽവേലിയിലും കന്യാകുമാരിയിലും വെല്ലുരിലും മേട്ടുപ്പാളയത്തും എല്ലാം മോദിയുടെ റാലികൾ നടന്നുകഴിഞ്ഞു. പ്രചാരണത്തിൽ ദ്രാവിഡ കക്ഷികളെക്കാൾ മുന്നിലാണ് തങ്ങളെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ ബിജെപിക്കു കഴിഞ്ഞേക്കും. എന്നാൽ, അതു വോട്ടാക്കി മാറ്റാൻ കഴിയുമോ എന്നതാണ് ദേശീയ രാഷ്‌ട്രീയം ഉറ്റുനോക്കുന്നത്.

ഫെബ്രുവരി 27 മുതൽ ഇതുവരെ ഏഴു തവണ പ്രധാനമന്ത്രി തമിഴ്നാട് സന്ദർശിച്ചിട്ടുണ്ട്. കൂടുതൽ സമയം അദ്ദേഹം തമിഴ്നാട്ടിൽ ചെലവഴിക്കുന്നത് ഡിഎംകെ വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതു പ്രതിസന്ധിയുണ്ടാക്കുന്നത് അണ്ണാ ഡിഎംകെയ്ക്കും. സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷം ബിജെപിയാവുന്ന സാഹചര്യം ഉണ്ടാവാതെ നോക്കേണ്ടതുണ്ട് എടപ്പാടി പളനി സ്വാമി നയിക്കുന്ന അണ്ണാ ഡിഎംകെയ്ക്ക്. ആ വെല്ലുവിളി അവർ മറികടക്കുന്നില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അവസരങ്ങളും വർധിക്കും. 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ടത്. കഴിഞ്ഞ വർഷം ബിജെപിയുമായുള്ള സഖ്യം അണ്ണാ ഡിഎംകെ അവസാനിപ്പിച്ചതു തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ ദയനീയ പരാജയത്തിനു കാരണം ബിജെപിയുമായുള്ള സഖ്യമാണെന്ന ആരോപണം അണ്ണാ ഡിഎംകെയിൽ ഉയർന്നിരുന്നു. ന്യൂനപക്ഷങ്ങൾ പാർട്ടിയെ വിട്ടുപോയത് ബിജെപിയോടുള്ള ചങ്ങാത്തം മൂലമെന്നാണു ചിലരെങ്കിലും വിലയിരുത്തിയത്. തങ്ങളുടെ വോട്ടുകൾ കൂടി പിടിച്ച് രണ്ടാം സ്ഥാനത്തേക്കു കയറാൻ ബിജെപി ശ്രമിക്കുന്നു എന്ന പരാതിയും അവർക്കുണ്ടായിരുന്നു. ഇപ്പോൾ ബിജെപി അകന്നുപോയെങ്കിലും ന്യൂനപക്ഷങ്ങൾ സ്റ്റാലിനൊപ്പം തന്നെ നിൽക്കുമെന്നാണു പൊതുവേ കണക്കുകൂട്ടുന്നത്. ആ നിലയ്ക്കു നോക്കിയാൽ അണ്ണാ ഡിഎംകെ സ്ട്രാറ്റജി വിജയിച്ചിട്ടില്ല. തമിഴ്നാട്ടിലെ വോട്ടർമാരിൽ 30 ശതമാനം അണ്ണാ ഡിഎംകെയുടെ ഉറച്ച അനുഭാവികളാണ് എന്നാണു ധാരണ. അതും ഡിഎംകെ സർക്കാരിനെതിരായ ജനവികാരവും ചേർന്നാൽ തങ്ങൾക്കു വിജയങ്ങളുണ്ടാവുമെന്ന് എടപ്പാടിയുടെ ആളുകൾ പ്രത്യാശിക്കുന്നു. പക്ഷേ, ഉറച്ച വോട്ടർമാരിൽ ഇളക്കം തട്ടിയിട്ടുണ്ടോ എന്നാണ് തമിഴക രാഷ്‌ട്രീയം നിരീക്ഷിക്കുന്നവരുടെ സംശയം.

ഒറ്റയ്ക്കു നിന്നു കരുത്തുകാണിച്ചില്ലെങ്കിൽ പാർട്ടിയുടെ ശേഷിക്കുന്ന അണികളെ ബിജെപി കൊണ്ടുപോകുമെന്ന ആശങ്ക അണ്ണാ ഡിഎംകെയ്ക്കു മുന്നിലുണ്ട്. മുൻപ് അണ്ണാ ഡിഎംകെയുടെ സുഹൃത്തുക്കളായിരുന്ന പിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികൾ ഇന്നു ബിജെപിക്കൊപ്പമാണ്. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്‍റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ വിഭാഗവും ബിജെപിയോടൊപ്പമുണ്ട്. ടിടിവി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തെയും സഖ്യത്തിൽ ബിജെപി അംഗമാക്കി. ജയലളിതയുടെ അഭാവം ഡിഎംകെ വിരുദ്ധ രാഷ്‌ട്രീയത്തിൽ സൃഷ്ടിച്ച ക്ഷീണം അവസരമായി മാറ്റാൻ ഈ സഖ്യം തങ്ങൾക്ക് ഉപകാരമാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അതേസമയം, ഡിഎംഡികെ, പുതിയ തമിഴകം, എസ്ഡിപിഐ തുടങ്ങിയ കക്ഷികൾ മാത്രമാണ് അണ്ണാ ഡിഎംകെയുടെ സഖ്യത്തിലുള്ളത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തമിഴ്നാട്ടിലെ ആർഎസ്എസ് ശാഖകൾ ഇരട്ടിയായിട്ടുണ്ടെന്നാണു പറയുന്നത്. അടിത്തട്ടിൽ ആർഎസ്എസ് പ്രവർത്തകരുടെ ഊർജിതമായ പ്രവർത്തനം ബിജെപിക്കു നേട്ടമുണ്ടാക്കുമെന്നു പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈയുടെ കരുത്തുറ്റ നേതൃത്വമാണ് മറ്റൊരു അനുകൂല ഘടകം. ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും ബദൽ തേടുന്നവരുടെ മുന്നിൽ ശക്തനായ നേതാവായി അണ്ണാമലൈ മാറിയിട്ടുണ്ട്. അഴിമതിക്കും കുടുംബ രാഷ്‌ട്രീയത്തിനുമെതിരേ അണ്ണാമലൈയും മോദിയും തൊടുക്കുന്ന അമ്പുകൾ ജനഹൃദയങ്ങളെ സ്പാർശിക്കുന്നുണ്ടെന്നു ബിജെപി നേതാക്കൾ പ്രതീക്ഷിക്കുന്നു.

ജയലളിതയുടെ പ്രതാപകാലത്ത്, 2014ലെ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 37 സീറ്റുകളാണ് അണ്ണാ ഡിഎംകെ തൂത്തുവാരിയത്. അന്നു ബിജെപി ജയയ്ക്കൊപ്പമായിരുന്നില്ല. ഡിഎംഡികെ, പിഎംകെ, എംഡിഎംകെ തുടങ്ങിയ കക്ഷികളുമായായിരുന്നു ബിജെപിയുടെ സഖ്യം. ഇന്നത്തെപ്പോലെ ത്രികോണ മത്സരം നടന്ന തെരഞ്ഞെടുപ്പ്. ബിജെപിയും പിഎംകെയും ഓരോ സീറ്റ് നേടി. ഡിഎംകെ അന്നു വട്ടപ്പൂജ്യമായിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ സ്ഥിതിയാകെ മാറി. മുപ്പത്തെട്ടു മണ്ഡലത്തിലും സ്റ്റാലിന്‍റെ മുന്നണിയാണു ജയിച്ചത്. ഒരിടത്തു മാത്രം അണ്ണാ ഡിഎംകെയും. 2014ലെ ഡിഎംകെയുടെ അവസ്ഥ ഇക്കുറി അണ്ണാ ഡിഎംകെയ്ക്കു വരുമോ എന്നതാണു കണ്ടറിയേണ്ടത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുടെ വോട്ട് വിഹിതം 45 ശതമാനത്തിന് അടുത്തായിരുന്നു. ഡിഎംകെ മുന്നണിക്ക് 27 ശതമാനം മാത്രം. എൻഡിഎ 18.8 ശതമാനം വോട്ട് നേടിയ തെരഞ്ഞെടുപ്പായിരുന്നു അത്. 2019ൽ 53 ശതമാനം വോട്ടാണ് ഡിഎംകെ സഖ്യം നേടിയത്. അണ്ണാ ഡിഎംകെയ്ക്കു കിട്ടിയത് 31 ശതമാനത്തോളം വോട്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിയുടെ വോട്ട് വിഹിതം 45 ശതമാനമായി കുറഞ്ഞു. അണ്ണാ ഡിഎംകെയ്ക്ക് 38 ശതമാനമായി വോട്ട് ഉയരുകയും ചെയ്തു. അപ്പോഴും വോട്ട് നിലയിൽ ഏഴു ശതമാനത്തിന്‍റെ മുൻതൂക്കം സ്റ്റാലിനുണ്ട്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണു സമീപകാലത്ത് ഏറ്റവും ശക്തമായ പോരാട്ടം തമിഴ്നാട്ടിൽ നടന്നിട്ടുള്ളത്. ജയലളിത 136 സീറ്റും കരുണാനിധിയുടെ സഖ്യം 98 സീറ്റും നേടിയ ആ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുടെ വോട്ട് വിഹിതം 40.88 ശതമാനമായിരുന്നു; ഡിഎംകെ- കോൺഗ്രസ് മുന്നണിയുടേത് 39.85 ശതമാനവും. ജയിക്കുന്ന മുന്നണി ഏതായാലും 40 ശതമാനത്തിനു മുകളിൽ വോട്ട് നേടുന്ന ചരിത്രമാണ് ഇതെല്ലാം കാണിക്കുന്നത്. അത്രയും വോട്ട് നേടാൻ ഇപ്പോഴത്തെ നിലയിൽ ഡിഎംകെ മുന്നണിക്കു മാത്രമേ കഴിയൂ എന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഡിഎംകെയുടേതും അണ്ണാ ഡിഎംകെയുടേതുമല്ലാത്ത 15 ശതമാനത്തിലേറെ വോട്ട് എന്തായാലും തമിഴ്നാട്ടിലുണ്ട്. അത്രയും വോട്ടുകൾ എൻഡിഎയുടേതായി മാറ്റാൻ ബിജെപി ശ്രമിക്കും. അതിനു പുറമേ മോദിയും അണ്ണാമലൈയും എന്ത് അത്ഭുതമാണു കാഴ്ചവയ്ക്കാൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം. കോയമ്പത്തൂർ, നീലഗിരി, കന്യാകുമാരി, ചെന്നൈ സൗത്ത്, ചെന്നൈ സെൻട്രൽ തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപി കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. ടിടിവി ദിനകരൻ മത്സരിക്കുന്ന തേനി, പനീർശെൽവം മത്സരിക്കുന്ന രാമനാഥപുരം തുടങ്ങിയ മണ്ഡലങ്ങളിലും എൻഡിഎയുടെ സാധ്യതകൾ മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പനീർശെൽവത്തിന്‍റെ മകൻ പി. രവീന്ദ്രനാഥ് നിലവിൽ എംപിയായ മണ്ഡലമാണ് തേനി. രാമനാഥപുരത്ത് സ്വതന്ത്രനായാണ് പനീർശെൽവം മത്സരിക്കുന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈ കോയമ്പത്തൂരിൽ ശക്തമായ ത്രികോണ പോരാട്ടം കാഴ്ചവയ്ക്കുന്നു. മുൻ മേയർ ഗണപതി രാജ്കുമാറാണ് ഇവിടെ ഡിഎംകെ സ്ഥാനാർഥി. സിംഗൈജി. രാമചന്ദ്രനാണ് അണ്ണാ ഡിഎംകെയുടെ സ്ഥാനാർഥിയായി രംഗത്തുള്ളത്. ഏറെ മാധ്യമ ശ്രദ്ധ നേടാൻ കഴിഞ്ഞ അണ്ണാമലൈയ്ക്ക് വലിയ ജനക്കൂട്ടങ്ങളെയും ആകർഷിക്കാൻ കഴിയുന്നുണ്ട്. നീലഗിരിയിൽ സിറ്റിങ് എംപി ഡിഎംകെയുടെ എ. രാജയെ നേരിടുകയാണ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ എൽ. മുരുഗൻ. കന്യാകുമാരിയിൽ അവിടത്തെ മുൻ എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ പൊൻ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർഥി. പ്രസ്റ്റീജ് മത്സരം നടക്കുന്ന ചെന്നൈ സൗത്തിൽ ഡിഎംകെയുടെ സിറ്റിങ് എംപി തമിഴച്ചി തങ്കപാണ്ഡ്യനുമായി മത്സരിക്കുന്നത് തെലങ്കാന ഗവർണറായിരുന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷ തമിഴിശൈ സൗന്ദർരാജനാണ്. മുൻ മന്ത്രി ജയകുമാറിന്‍റെ മകൻ ജയവർധനാണ് അവിടെ അണ്ണാ ഡിഎംകെ സ്ഥാനാർഥി. ചെന്നൈ സെൻട്രലിൽ ഡിഎംകെ നേതാവ് ദയാനിധി മാരനെതിരേ വിനോജ് പി. ശെൽവമാണ് ബിജെപിയുടെ സ്ഥാനാർഥി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com