മലയാളം മിഷന്‍ മാതൃഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലോക മാതൃഭാഷാദിനാചരണത്തിന്‍റെ ഭാഗമായി മലയാളം മിഷന്‍ നല്‍കി വരുന്ന മലയാണ്‍മ 2025 - മാതൃഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
മലയാളം മിഷന്‍ മാതൃഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Malayalam Mission awards 2025
Updated on

തിരുവനന്തപുരം: ലോക മാതൃഭാഷാദിനാചരണത്തിന്‍റെ ഭാഗമായി മലയാളം മിഷന്‍ നല്‍കി വരുന്ന മലയാണ്‍മ 2025 - മാതൃഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്‍റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത് മലയാളം മിഷന്‍ തമിഴ്‌നാട് ചാപ്റ്ററാണ്. ഓസ്‌ട്രേലിയ-ആലീസ് സ്പ്രിങ്‌സ് ചാപ്റ്റര്‍ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശത്തിനര്‍ഹമായി.

ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് നല്‍കുന്ന സുഗതാഞ്ജലി പ്രവാസി പുരസ്‌കാരത്തിന് ഓവര്‍സീസ് മലയാളി അസോസിയേഷന്‍ (ഓര്‍മ), ദുബായ് ആണ് അര്‍ഹരായത്.

പ്രവാസ ലോകത്തെ മികച്ച ഭാഷാപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഭാഷാമയൂരം പുരസ്‌കാരം ഇന്ത്യ വിഭാഗത്തില്‍ ടോമി ജെ ആലുങ്കല്‍ (കണ്‍വീനര്‍, കര്‍ണാടക ചാപ്റ്റര്‍), വിദേശം വിഭാഗത്തില്‍ കെ.എല്‍. ഗോപി (യു.എ.ഇ. കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

പ്രവാസലോകത്തെ മികച്ച മലയാളം മിഷന്‍ അധ്യാപകര്‍ക്ക് നല്‍കുന്ന ബോധി അധ്യാപക പുരസ്‌കാരത്തിന് ഇന്ത്യ വിഭാഗത്തില്‍ നിഷ പ്രകാശ് (മുംബൈ ചാപ്റ്റര്‍), വിദേശ വിഭാഗത്തില്‍ ശ്രീകുമാരി ആന്‍റണി (ഷാര്‍ജ ചാപ്റ്റര്‍) എന്നിവരാണ് പുരസ്‌ക്കാരത്തിന് അർഹരായത്.

പ്രവാസലോകത്തെ ഏറ്റവും മികച്ച ചെറുകഥാ സമാഹാരത്തിന് അമേരിക്കയിലെ പ്രവാസി മലയാളിയായ കെ.വി. പ്രവീണിന്‍റെ 'ഭൂമിയില്‍ നിഷ്‌കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല' എന്ന കൃതി മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായി. ഈ വിഭാഗത്തില്‍ സതീഷ് തോട്ടശ്ശേരിയുടെ (കര്‍ണ്ണാടക ചാപ്റ്റര്‍) 'പവിഴമല്ലി പൂക്കും കാലം' എന്ന കൃതിക്ക് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശവും ലഭിച്ചു.

മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന വ്യക്തികള്‍ക്ക് അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഭാഷാപ്രതിഭാപുരസ്‌ക്കാരം സ്‌പെഷ്യല്‍ ജൂറി പരാമര്‍ശത്തിന് ബീഫാത്തിമത്ത് ശംസീറ, ജിംസിത്ത് അമ്പലപ്പാട് എന്നിവര്‍ അര്‍ഹമായി.

പ്രശസ്ത കവിയും ഐ.എം.ജി. ഡയറക്ടറുമായ കെ. ജയകുമാര്‍, നിരൂപകനും ഗ്രന്ഥകാരനുമായ ഡോ. പി.കെ. രാജശേഖരന്‍, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

സാംസ്‌കാരികകാര്യ വകുപ്പുമന്ത്രിയുടെ ചേംബറില്‍വച്ച് നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ മലയാളം മിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, മലയാളം മിഷന്‍ രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് സ്വാലിഹ എം.വി., പി.ആര്‍.ഒ. ആഷ മേരി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

ഫെബ്രുവരി 21 ന് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ലോക മാതൃഭാഷാ ദിനാഘോഷ ത്തിന്‍റെ ഭാഗമായി മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന മലയാണ്‍മ 2025 നോടനുബന്ധിച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com