നശ്വരം | കവിത

അജിതൻ ചിറ്റാട്ടുകര എഴുതിയ കവിത, നശ്വരം, വായിക്കാം...
നശ്വരം, കവിത
നശ്വരം, കവിത

അജിതൻ ചിറ്റാട്ടുകര

ജീവിതത്തിൽ തോറ്റുപോയ

ഒരു കവിതയുണ്ട്,

കണ്ണുകളിൽ പെട്ടിട്ടും കാണാതെ

നിങ്ങൾ

പുസ്തകത്താളുകളിൽ ഇട്ടേച്ചു പോയത്.

സർവ്വകലാശാലയ്ക്ക് പുറത്തെ

കുപ്പയിലായിരുന്നു

അത് പെറ്റു വീണത്.

അരാജകത്വം അഴിഞ്ഞാടിക്കൊണ്ടിരുന്ന

തെരുവിലായിരുന്നു

അത് വളർന്നത്.

ഏമ്പക്കങ്ങൾ അവശേഷിപ്പിച്ച

ഉച്ചിഷ്ടം കൊണ്ടായിരുന്നു

അത് വിശപ്പടക്കിയത്.

കുബേരൻമാർ ഉടുത്തു പഴകി

ഉപേക്ഷിച്ച വസ്ത്രങ്ങൾ കൊണ്ടായിരുന്നു

അത് നാണം മറച്ചത്.

മഷി കൊണ്ട് നിങ്ങൾ എഴുതിയപ്പോൾ

ഹൃദയരക്തം കൊണ്ടായിരുന്നു

അതിന്‍റെയെഴുത്ത്.

അക്കാദമി ചുമരുകൾക്കകത്തിരുന്ന്

നിങ്ങൾ​ മൈക്കിൽ പാടിയപ്പോൾ

അത്

അനാഥമായ തെരുവുകളിൽ ചെന്ന്

തിരസ്കരിക്കപ്പെട്ടവരുടെ ഗീതങ്ങൾ

ആലപിച്ചു.

നിങ്ങൾ ചവുട്ടിയരയ്ക്കുമ്പോഴും,

ജയിച്ചിട്ടെന്ത് എന്നായിരുന്നു

അതിന്‍റെ ചോദ്യം.

ജയിച്ചവരൊക്കെ മരിച്ചു കഴിഞ്ഞാൽ

പിന്നെന്ത്

എന്ന് ഓർത്ത് ചിരിച്ചുകൊണ്ടും.

ഓർക്കണം വല്ലപ്പോഴെങ്കിലും നിങ്ങൾ,

വഴിവക്കിലെ

നിങ്ങൾ വായിക്കാത്ത

കവിതയിൽ തോറ്റു പോയ

ഒരു ജീവിതമുണ്ടെന്ന്.

Ajithan Chittattukara
Ajithan Chittattukara

അജിതൻ ചിറ്റാട്ടുകര

വാലപ്പറമ്പിൽ, എളവള്ളി സൗത്ത് പിഒ,

ചിറ്റാട്ടുകര - 6805 11, തൃശൂർ

Phone: 92491 245 03

Email: ajithanvn2015@gmail.com

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com