വാക്കിൻമുനമ്പ് | കവിത
രമ്യ മഠത്തിൽത്തൊടി
ഒരുപാടു നാമിവിടെയൊരുമിച്ചിരുന്നു
പലതുംപറഞ്ഞു നാമിതിലേ നടന്നു.
ഒരുവേള നീ ചൊന്ന വാക്കിൻ മുനമ്പെൻ
ഹൃദയത്തിലേയ്ക്കു മുറിഞ്ഞു വീണു.
ആഴത്തിലാഴത്തിലാണ്ടുപോയെങ്കിലും
പലവുരു ഞാനതിൽ തലോടിനിന്നു.
ഹൃത്തിലതിനഗ്രം വന്നുകുത്തുമ്പോൾ
പൊടിയുന്നു രക്താശ്രു എക്കാലവും.
രക്‌തക്കറ തൊട്ടു ഞാനിരിക്കേ
ഓർക്കുന്നു നമ്മളാം പ്രണയത്തിനെ,
കുത്തിപ്പഴുപ്പിച്ചവാക്കെടുത്ത്
പ്രണയാഗ്നി ഉലയിലൂതിപിന്നെ.
ചുട്ടുപഴുത്തൊരാ വാക്പദാർത്ഥം
ദണ്ഡിനാൽ തട്ടിപ്പരത്തി ഞാനും.
കനലിലുരുക്കിയ വാഗ് വിശേഷം
കണ്ണീർത്തൊട്ടിയിൽ മുക്കിനോക്കി
പതം വന്ന വാക്കിനെ ഞാനെടുത്ത്
കരളിൻ കൊളുത്തിലായ് തൂക്കിയിട്ടു.
പലനാളുകഴിയവെ ഒരുനാളിലെങ്ങോ
വാക്കു തുരുമ്പിച്ചു പോയതോർത്ത്
ഞാനതിൻ അഗ്രം തുടച്ചു നോക്കി,
അരമെടുത്തഗ്രം ഉരച്ചു നോക്കി.
വാക്കിന്‍റെ മുനയാട്ടെ, ആയുധപ്പല്ലാട്ടെ
വീശിയാലല്ലേ ഗുണമറിയൂ...!
വല്ലാത്തൊരായുധം, ഇല്ലാത്ത വാക്കുകൾ
രണ്ടിനും മൂർച്ചകൾ ഒന്നുപോലെ!!

രമ്യ മഠത്തിൽത്തൊടി
മഠത്തിൽത്തൊടി, കോട്ടപ്പുറം, പാലക്കാട്, 679518