ജൈവവൈവിധ്യം | കവിത
ജൈവവൈവിധ്യം | കവിതPainting: Subhash Kalloor

ജൈവവൈവിധ്യം | കവിത

തളര്‍ച്ചയറിയാതെ നിറയെ പൂവും കായും വിതച്ചു കൊതിപ്പിക്കാന്‍ പാഠങ്ങള്‍ പലതുകള്‍ പഠിച്ചു പഠിക്കാതെ കൊടിതന്‍ നിറം കണ്ടു, അണിചേരുവാന്‍ നിന്നു...

സുധാകരന്‍ ചന്തവിള

അറിയാതെവിടെയോ

മുളച്ചു വെയില്‍ത്തട്ടി-

ക്കരിയാന്‍ പിറന്നപോല്‍

കരഞ്ഞു വളരവേ,

വിടര്‍ന്നയിലകളില്‍

പടരാന്‍ കീടങ്ങളും

നിറമോഹത്താലൂറ്റി-

ക്കുടിക്കാന്‍ കൃമികളും

വളവും കുടിനീരും

തരുന്ന പോലെ മാത്രം

വളരാനാജ്ഞാപിച്ചു

വലിയ കരങ്ങളും

ഭയവുമഭയവും ഇടവി-

ട്ടിടവിട്ട് ചിന്തയില്‍,

സ്വപ്നങ്ങളില്‍

ചിത്രങ്ങള്‍ വരയ്ക്കുവാന്‍

മുന്‍വഴി നീളംവച്ചു

മുന്നിലായ് തെളിയുമ്പോള്‍

പിന്‍വഴി നോക്കാ, തേക-

നുച്ചത്തില്‍ നടക്കവേ

കാണുവോ, രടുക്കുവോര്‍

തടവാന്‍, തലോടുവാനാ-

വതും ശ്രമിക്കാതെ, യേറ്റു

നില്‍ക്കുക മാത്രം ചെയ്തു

തളര്‍ന്ന വഴികളെ,

തളര്‍ച്ചയറിയാതെ

നിറയെ പൂവും കായും

വിതച്ചു കൊതിപ്പിക്കാന്‍

പാഠങ്ങള്‍ പലതുകള്‍

പഠിച്ചു പഠിക്കാതെ

കൊടിതന്‍ നിറം കണ്ടു

അണിചേരുവാന്‍ നിന്നു

ഒരു നാളിലും സുഖ-

ശീതളക്കാറ്റേറ്റി, മയടയാ-

നാകാതന്തിമേഘങ്ങള്‍

സ്നേഹം തന്നു..!

ഉയരാനാകില്ലെന്നു

തോന്നിയ നേരങ്ങളില്‍

ഉറങ്ങാമനന്തമായെന്നു

ചിന്തിച്ചേ നിന്നു..

നിശിതനിരീക്ഷണമാ-

ത്മരോഷത്താല്‍, വീണ്ടു-

മുയരാനൊരു വെറും

പ്രാര്‍ത്ഥനയുണരുന്നു.

വളരാന്‍ കൊതിക്കുന്നോ-

രേതോരു അണുവിനും

വളര്‍ച്ച പരത്തെക്കാള്‍

വളര്‍ച്ച സ്വയംതന്നെ.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com