മലയാളം കവിതാ ബ്ലോഗ് വിപ്ലവത്തിന് ഇരുപതാണ്ട്: അച്ചടിക്കാത്ത വാക്കുകളുടെ ഡിജിറ്റൽ വസന്തം

കുഴൂർ വിത്സൺ 2006 ജൂലൈ എട്ടിന്, 'അച്ചടി മലയാളം നാടുകടത്തിയ കവിതകൾ' എന്ന തലക്കെട്ടിൽ ആരംഭിച്ച ബ്ലോഗാണ് മലയാളത്തിലെ ആദ്യ സമ്പൂർണ കവിതാ ബ്ലോഗായി കണക്കാക്കപ്പെടുന്നത്
Malayalam poetry blog turns 20 years of digital revolution

കുഴൂർ വിത്സൻ

https://www.facebook.com/Kuzhurwilson/

Updated on

മലയാള സാഹിത്യചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് 2006 ജൂലൈ 8-ന് ഇന്‍റർനെറ്റിൽ മലയാളത്തിന്‍റെ ആദ്യ കവിതാ ബ്ലോഗ് പിറവിയെടുക്കുന്നത്. 'അച്ചടി മലയാളം നാടുകടത്തിയ കവിതകൾ' (vishakham.blogspot.com) എന്ന അർഥവത്തായ പേരുമായി കവി കുഴൂർ വിത്സൺ തുടങ്ങിയ ആ ഡിജിറ്റൽ ഇടം, കേവലം ഒരു ബ്ലോഗ് ആയിരുന്നില്ല; അച്ചടി മാധ്യമങ്ങളുടെ കണിശമായ നിലപാടുകൾക്ക് വഴങ്ങാത്ത, സ്വതന്ത്രമായ കാവ്യഭാഷ തേടിയുള്ള ഒരു യാത്ര കൂടിയായിരുന്നു. അച്ചടിമാധ്യമങ്ങൾ പ്രസിദ്ധീകരിക്കാൻ മടിച്ച കവിതകൾക്ക് ഒരു ഡിജിറ്റൽ ഇടം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പേരിട്ടത്.

മാധ്യമപ്രവർത്തനത്തിൽ സജീവമായിരുന്ന കാലത്താണ് വിത്സൺ ബ്ലോഗിങ്ങിന്‍റെ സാധ്യതകൾ തിരിച്ചറിയുന്നത്. യുഎഇയിൽ ജോലി ചെയ്തിരുന്ന സമയത്ത് റേഡിയോയിലെ ഒരു ടോക്ക് ഷോയ്ക്കിടെ അവിടത്തെ സജീവ ബ്ലോഗർമാരുമായുള്ള വാദപ്രതിവാദങ്ങളാണ് ഡിജിറ്റൽ രചനാ ലോകത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്. അന്ന് വേഗമേറിയ ഇന്‍റർനെറ്റ് ലഭ്യതയുണ്ടായിരുന്ന യുഎഇയിലെ മലയാളി പ്രവാസികളാണ് മലയാളം ബ്ലോഗിങ് ചരിത്രത്തിന്‍റെ അടിത്തറ ശക്തമാക്കിയതെന്ന് വിത്സൺ ഓർക്കുന്നു.

ബ്ലോഗിന്‍റെ നവലോകം

'രണ്ട് വശങ്ങൾ' എന്ന കവിത ബ്ലോഗിൽ പോസ്റ്റ് ചെയ്തുകൊണ്ട് തുടക്കം കുറിച്ച വിത്സന്‍റെ കവിതാ ബ്ലോഗ് യാത്ര, മലയാള കവിതയ്ക്ക് ഇന്‍റർനെറ്റിൽ പുതിയൊരു വിലാസവും സംസ്കാരവും ഒരുക്കിക്കൊടുത്തു. അച്ചടി മാധ്യമങ്ങളിൽ പത്രാധിപരുടെ തീരുമാനത്തിനായി കാത്തുനിൽക്കാതെ, സ്വന്തം കവിതകളെ നേരിട്ട് വായനക്കാരിലെത്തിക്കാൻ തന്‍റെ ബ്ലോഗിലൂടെ വിത്സൺ പ്രാപ്തനായി.

പത്രാധിപർ ഇങ്ങോട്ട് ആവശ്യപ്പെടാതെ കവിതകൾ പ്രസിദ്ധീകരണത്തിനു കൊടുക്കില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. ഇന്നിപ്പോൾ അച്ചടി മാധ്യമങ്ങൾ കവിതകൾ നിരന്തരം ആവശ്യപ്പെടുന്ന സ്ഥിതിയിലേക്ക് വിത്സൺ വളർന്നു കഴിഞ്ഞു.

https://vishakham.blogspot.com/

അച്ചടിമാധ്യമങ്ങൾ പ്രസിദ്ധീകരിക്കാൻ മടിച്ച കവിതകൾക്ക് ഒരു ഡിജിറ്റൽ ഇടം നൽകുക എന്ന ലക്ഷ്യത്തോടെ ഇട്ട പേര്.

Kuzhur Wilson

എഴുത്തിന്‍റെ നൈരന്തര്യം

2006-ൽ ബ്ലോഗ് തുടങ്ങുമ്പോൾ വിത്സന്‍റെ പേരിൽ മൂന്നു പുസ്തകങ്ങൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇന്ന്, വിവർത്തനങ്ങളടക്കം ഇരുപതോളം പുസ്തകങ്ങളിലൂടെ അദ്ദേഹം മലയാള സാഹിത്യത്തിൽ തന്‍റേതായ ഇടം ഉറപ്പിച്ചു കഴിഞ്ഞു. 'വയലറ്റിനുള്ള കത്തുകൾ', 'ഉറക്കം ഒരു കന്യാസ്ത്രീ', 'ഇന്ന് ഞാൻ നാളെ നീ ആന്‍റപ്പൻ' തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ കൃതികൾ അദ്ദേഹത്തിന്‍റേതായുണ്ട്. ഒ.വി. വിജയൻ പുരസ്കാരം, കേരള സർക്കാരിന്‍റെ യൂത്ത് ഐക്കൺ അവാർഡ്, ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ അദ്ദേഹത്തിന്‍റെ കാവ്യജീവിതത്തിനു മാറ്റ് കൂട്ടി.

എഴുത്തിലെ ഈ തുടർച്ചയ്ക്ക് താൻ കടപ്പെട്ടിരിക്കുന്നത് ബ്ലോഗുകളോടാണെന്ന് വിത്സൺ ഉറച്ചു വിശ്വസിക്കുന്നു. ഇരുപത് വർഷം മുൻപ് ഈ ബ്ലോഗ് വിപ്ലവത്തിന് തുടക്കം കുറിച്ച ദുബായ് നഗരത്തിൽ വച്ചുതന്നെ അതിന്‍റെ ഇരുപതാം വാർഷികം ആഘോഷിക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് മാധ്യമപ്രവർത്തകൻ കൂടിയായ കവി.

ബ്ലോഗിന്‍റെ വിത്തുകൾ

മലയാളം ഓൺലൈൻ സാഹിത്യം ഇന്ന് വലിയൊരു സാമ്രാജ്യമായി വളർന്നിട്ടുണ്ടെങ്കിൽ, അതിന്‍റെ വിത്തുകൾ വിതച്ചത് 'അച്ചടി മലയാളം നാടുകടത്തിയ കവിതകൾ' എന്ന ആ ചെറിയ ബ്ലോഗ് സ്പേസ് ആണ്. അച്ചടിയുടെയും പത്രാധിപന്മാരുടെയും അതിരുകൾ ഭേദിച്ച്, വാക്കുകൾക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം നൽകിയ കുഴൂർ വിത്സന്‍റെ ആ ചുവടുവയ്പ്പ് മലയാള സാഹിത്യത്തിന്‍റെ ഡിജിറ്റൽ ചരിത്രത്തിൽ സ്വർണലിപികളാൽ രേഖപ്പെടുത്തപ്പെടും.

logo
Metro Vaartha
www.metrovaartha.com