
ഡോ. ഗോപകുമാർ എസ്.
പാതിമയക്കക്കയങ്ങളിലൊന്നിൽ ഞാൻ,
പതിയെയെൻ ഹൃദയം പുറത്തെടുത്തു.
ഏകാന്തപേടകപ്പേശി തന്തുക്കളിൽ,
മൂകസന്താപങ്ങൾ മുള പൊട്ടി നിന്നു.
പുറംചുമരിലാധിതൻ പായലിൽ നൂലുകൾ,
കറ മുക്കി കോലങ്ങൾ തീർത്തിരുന്നു.
ഉള്ളിൽ കടക്കാൻ വരി നിൽക്കുമാർദ്രമാ-
മുണ്മതൻ ചിന്തകളുഴറി വീഴുമ്പൊഴും,
ഉമ്മറവാതിലിൻ വാൽവിന്‍റെ പാളികളു-
ന്മാദത്താഴിൽ തളർന്നു നിന്നു.
നേരിന്‍റെ ശ്വാസമൊരു വിങ്ങലായ് ധമനിതൻ,
വേരിൻ വിഷങ്ങളിൽ തൂങ്ങി നിന്നു.
മതമദമേദോവഴുക്കൾക്കുളങ്ങളിൽ,
മാർത്യബോധം ചത്തു ചീർത്തിരുന്നു.
കാമതന്മാത്രകൾ നീലിച്ച സിരകളിൽ
കൃമിവിഷച്ചൂടുമായ് കത്തി നിന്നു.
ഇരുളറപ്പൊത്തിലായ് ലാഭവും മോഹവു-
മിരകൾക്ക് തേൻ വലകൾ നെയ്തിരുന്നു.
ഉടുക്കിന്‍റെ സ്പന്ദനം പോർക്കലിവാളി-
ലുടക്കിക്കിടന്നൊച്ച തീർത്തിരുന്നു.
രക്തവാഹികൾ, ദാഹികൾ വായും പിളർന്നാത്മ-
ബന്ധുവിൻ ചോരയും കാത്തിരുന്നു.
പാതിമയക്കത്തിനിടവേളയൊന്നിലെൻ,
ചേതനപ്പൂവിനെ മെല്ലെത്തലോടി ഞാൻ.
ഒറ്റയറവാസത്തിനറുതിയായ് പേടക-
മുറ്റവർക്കിടയിൽ ഞാൻ കൊണ്ടു വച്ചു.
തെരുവിന്‍റെ തപ്തമാം നിശ്വാസവായുവിലു-
രുകിയടർന്നതിൻ മേദസ്സിൻപാളികൾ.
ഋതുചുംബനങ്ങളിലുള്ളം തളിർത്തു,
പുതുമഴക്കുളിരിലുൾത്താപം തണുത്തു.
സിരകളിൽ പ്രണയാർദ്ര മീനുകൾ നീന്തി,
ചിരാതിൻ വെളിച്ചത്തിലുള്ളറകൾ മിന്നി.
നിലാവിന്‍റെ പാൽച്ചിറയിൽ മുങ്ങിക്കുളിച്ചു
നീലിച്ച സിരകളിൽ നീർമരുത് തേയ്ച്ചു.
പ്രേമരസായനത്തുള്ളികൾ മുത്തിയെൻ,
പ്രാണപുഷ്പം മുദാ പുഞ്ചിരിച്ചു.
ഒടുവിൽ ഞാനെൻ പുതിയഹൃദയബോധത്തിനെ,
ഇടനെഞ്ചിലരുമയായ് കുടിയിരുത്തി.