നമ്മൾ | കവിത

സ്നേഹത്തിന്റെ പുതുപുലരികൾ
നമ്മൾ | കവിത
നമ്മൾ | കവിതAI-generated image

ജ്യോതിശ്രീ പി.

സൗഹൃദത്തിന്‍റെ

ഇലകളിലേക്ക്

നീ ഒരു തുള്ളി

ചിരിയെക്കൂടി

പിഴിഞ്ഞൊഴിക്കുന്നു!

വറ്റാത്ത

മൗനക്കടലുകളിലേക്ക്

ഒരുപറ്റം വാചാലതകളെ

പതിയെ ഇറക്കിവിടുന്നു!

പേരറിയാത്ത ചിന്തകളുടെ

മതിൽക്കെട്ടുകൾക്കപ്പുറം

പുതിയൊരു പകലുകളിലേക്ക്

നീ എന്നെയും കൂട്ടുന്നു!!

ഒരിക്കലും

വിരിയില്ലെന്നു ശഠിച്ച

പൂക്കൾക്കു നേരെ

വസന്തത്തിന്‍റെ ആകാശം

തന്നെ നീട്ടുന്നു!

നഷ്ടങ്ങളുടെ

പുഴകൾക്ക്

കരുതലിന്‍റെ

പുലിമുട്ടുകൾ!

നെഞ്ചിലെ

കനൽക്കൂടുകൾക്ക്

സ്വപ്നത്തിന്‍റെ തണുപ്പ്!

ദൈവം കരുതിവെച്ച

സ്നേഹക്കൂട്ടിലേക്ക്

നമ്മളെന്ന തീരാക്കവിത!

നിമിഷങ്ങളെയാരോ

യുഗത്തിലേക്ക്

പകർത്തിയെഴുതുന്നു!

നമ്മൾ

വെളിച്ചം നിലയ്ക്കാത്ത

പുലരികളിലേക്ക്

ഓടിക്കയറുന്നു!!

നനുത്ത മേഘവഴികളിലൂടെ

ഇറ്റുവീഴുന്ന മഴത്തുള്ളികളെ എണ്ണിത്തീർക്കുന്നു!

ചിതറി വീണൊരു

കാറ്റിന്‍റെ കവിളിൽ

പുഞ്ചിരി കൊണ്ട്

നമ്മളെന്ന്

കോറിയിടുന്നു!

മഞ്ഞപ്പൂക്കളുടെ

മഴപ്പാട്ടുകളില്ലാതെ,

നട്ടുച്ചയുടെ

തണൽമരങ്ങളില്ലാതെ

എങ്ങനെയാണ് നാം

സന്ധ്യകളുടെ വേരുകൾ

തിരയുന്നത്?

പറഞ്ഞുതീരാത്ത

കഥകൾക്കു പൂത്തുലയാൻ

ഒരുമിച്ചൊരു

രാജ്യം പണിയുന്നത്?

പി. ജ്യോതിശ്രീ
പി. ജ്യോതിശ്രീ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com