
അവൾ ഉഷ | വിജി പാഴൂർ എഴുതിയ ചെറുകഥ
വിജി പാഴൂർ
അവൾ, അവളായിരുന്നു ആ വീടിന്‍റെ നെടുംതൂൺ. അവളായിരുന്നു വീടിന്‍റെ വിളക്ക്. അവളായിരുന്നു ആ കുടുംബത്തെ ഈ നിലയിൽ എത്തിച്ചത്. അവളായിരുന്നു കുടുംബബന്ധങ്ങൾക്ക് ഊടുംപാവും നൽകിയത്. പുറമെ പരുക്കനായി തോന്നുമെങ്കിലും അവൾ പാവമായിരുന്നു. സ്നേഹമയി ആയിരുന്നു. മകളും, സഹോദരിയും, ഭാര്യയും അമ്മയും അമ്മമ്മയും അച്ഛമ്മയുമൊക്കെയായിരുന്നു. അമ്മായിയും ചിറ്റയും വല്യമ്മയുമായിരുന്നു. കാമുകിയും സുഹൃത്തുമൊക്കെയായിരുന്നു അവൾ.
ഞങ്ങൾ തമ്മിൽ രക്തബന്ധമൊന്നുമില്ല, ഒരേ ഗർഭപാത്രത്തിലല്ല പിറന്നതെങ്കിലും അവളെന്‍റെ കൂടെപ്പിറപ്പായിരുന്നു. പലരും ചോദിച്ചു നിങ്ങൾ സഹോദരിമാരോ എന്ന്. അത്രയ്ക്കു ഞങ്ങൾ അടുത്തിരുന്നു. ഇതാണ് കുടുംബം അല്ലെങ്കിൽ ഇതാണോ കുടുംബമെന്ന് പലപ്പോഴും തോന്നിയിരുന്നു അവളുടെ ജീവിതം കാണുമ്പോൾ.
അവൾ ഉഷയെന്ന ഉഷമലരി. സഹോദരങ്ങൾക്കൊത്ത് ആടിപ്പാടി നടന്നവൾ. അദ്ധ്യാപകർക്ക് പൂമ്പാറ്റ. ഹാജർ ബുക്കിൽ അവസാന പേരായിരുന്നുവെങ്കിലും ഏറ്റവും മുൻപിലെ ബഞ്ചിലിരുന്നു പഠിച്ചവൾ. ഒരു ടീച്ചറോ നേഴ്സോ ആകണമെന്നു മോഹിച്ചിട്ടും വിധി എതിരുനിന്നപ്പോൾ ഏറെ ദുഃഖിച്ചു. ആദ്യമായി വന്ന വിവാഹാലോചന വിവാഹത്തിലെത്തിയപ്പോൾ ഭാഗ്യവതിയെന്ന് എല്ലാവരും വിളിച്ചു. ഗ്രാമത്തിൽ നിന്ന് പട്ടണത്തിലെത്തിയപ്പോൾ അവൾ അത്യധികം സന്തോഷിച്ചു. ഉദ്യോഗസ്ഥനായ ഭർത്താവിന്‍റെ ചിറകിനുള്ളിൽ തന്നെ അവൾ ജീവിതം തളച്ചിട്ടു. അവൾക്കതായിരുന്നു സ്വർഗ്ഗം. വൈകാതെ രണ്ടു മക്കളായപ്പോൾ അവൾ അമ്മയെന്നഭിമാനിച്ചു. രണ്ടു പ്രസവത്തിലും അനുഭവിച്ച വേദനയോർത്തപ്പോൾ ഇനിയൊരു കുഞ്ഞു വേണ്ട എന്ന തീരുമാനം ഭർത്താവിനെ അറിയിച്ചു. മനസ്സിലില്ലാ മനസോടെ അയാൾ അതു സമ്മതിച്ചു. അല്ലായിരുന്നെങ്കിൽ അഞ്ചു പേർ കൂടിയെങ്കിലും തന്‍റെ വയറ്റിൽ പിറന്നേനെയെന്ന് അവളൊരിക്കൽ തമാശയായി പറഞ്ഞതോർക്കുന്നു. കാരണം ഭർത്താവിന് ലൈംഗിക വിഷയത്തിൽ അത്ര താൽപര്യമായിരുന്നത്രേ. ജോലിക്കാര്യമല്ലാതെ മറ്റൊന്നിനും നേരമില്ലാത്ത ഭർത്താവ് രാത്രി വളരെ വൈകിയെത്തിയാലും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ലായിരുന്നു. അതോടെ അവൾ ലൈംഗികതയെ വെറുത്തു. പകൽ മുഴുവൻ കുടുംബ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും നോക്കി തളർന്നു കിടക്കുമ്പോൾ അവൾക്കാവശ്യം ഒരു തഴുകലും തലോടലുമായിരുന്നു. സ്നേഹമെന്നത് ലൈംഗികത മാത്രമാണെന്നു ധരിച്ച ഭർത്താവിനെ അവൾ മെല്ലെ അതിൽ നിന്നകറ്റി.
തന്‍റെ മക്കൾ, അതുമാത്രമായി അവൾക്കു ചിന്ത. അവരെ നന്നായി വളർത്തണം , തനിക്ക് ലഭിക്കാത്തതെല്ലാം അവർ നേടണം എന്ന വാശിയായിരുന്നു പിന്നീടങ്ങോട്ട്. അതിനായി അഹോരാത്രം അവൾ പണിയെടുത്തു.
ഒരിക്കൽ ഞാനവളെ കാണുവാനിടയായി. ക്ഷീണിതയായിരുന്നു അവൾ. എന്നെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു.
"എന്തു പറ്റി ഉഷേ. ആകെ ക്ഷീണിച്ചല്ലോ. അസുഖം വല്ലതുമുണ്ടോ?"
അവളുടെ മുഖത്ത് വിളറിയ ഒരു ചിരി പടർന്നു. "ഒന്നൂല്ല രാധേച്ചി, ജീവിത പ്രാരാബ്ധം. മക്കൾ പഠിക്കയല്ലേ. ഏട്ടന്‍റെ ശമ്പളം മാത്രല്ലേ ഏകാശ്രയം. അപ്പോൾ എന്‍റെ കാര്യങ്ങൾ പലതും മാറ്റിവയ്ക്കേണ്ടിവരും. ചെറിയ ചെറിയ അസുഖങ്ങൾ വന്നാൽ മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു ഗുളിക വാങ്ങും. വേറെ പ്രശ്നമൊന്നുമില്ല. അല്ല ചേച്ചിയെന്താ തറവാട്ടിൽ വന്നതാണോ? എല്ലാവർക്കും സുഖമല്ലേ?"
"അതേ ഉഷേ, മക്കളങ്ങ് ഗുജറാത്തിലാ. രണ്ടാളും രത്നക്കല്ലുകളുടെ എക്സ്പോർട്ടിംഗ് കമ്പനീലാ. ചേട്ടൻ മരിച്ചേപ്പിന്നെ ഒററക്കായി. ഇടയ്ക്കങ്ങോട്ടു പോയി കുറച്ചു ദിവസം നിൽക്കും. എനിക്കവിടം മടുക്കുമ്പോൾ അവരാരെങ്കിലും തിരിച്ചു കൊണ്ടാക്കും. അല്പം സ്ഥലം ഉള്ളതു കൊണ്ട് ഇവിടെയും വന്നു പോകും. ഒരു ദിവസം നീ ഷൊർണൂർക്കു വരൂ. നമുക്ക് ഭാരതപ്പുഴയിലെല്ലാം കുളിച്ച്, കലാമണ്ഡലമൊക്കെ കണ്ടു വരാം. ഒരാഴ്ച എന്‍റടുത്തു നിന്നാൽ നിന്‍റെ സകല അസുഖവും പമ്പ കടക്കും".
"വരാം രാധേച്ചീ, വെളുത്തേടന് അലക്കൊഴിഞ്ഞിട്ട് കുളിക്കാൻ നേരമില്ല എന്ന അവസ്ഥയാ എന്‍റേത്."
ഞങ്ങൾ അന്നങ്ങിനെ പിരിഞ്ഞ ശേഷം ഒരിക്കൽ അവൾ ഷൊർണൂരെത്തി. വേണാട് എക്സ്പ്രസിനാണവൾ എത്തിയത്. അന്നു കണ്ടതിലും ക്ഷീണിതയായിരുന്നു അവൾ. ഞങ്ങൾ കുറച്ചു സമയം പ്ളാറ്റ്ഫോമിലുള്ള ആലിന്‍റെ ചുവട്ടിൽ ഇരുന്നു. അവൾ ബാഗ് തുറന്ന് രണ്ടു മൂന്ന് ഗുളികയും കുപ്പിവെള്ളവും എടുത്തു.
"എടി കൊച്ചേ എന്തിനുള്ള മരുന്നാ. ഭക്ഷണം കഴിക്കാതെ ഇതെല്ലാം വിഴുങ്ങല്ലേ , കേടാ. നമുക്ക് വീട്ടിൽ ചെന്ന് ചോറുണ്ടിട്ട് കഴിക്കാം. ഒരഞ്ചുമിനിട്ടേ വേണ്ടു വീട്ടിലെത്താൻ."
അവളതൊന്നും കേൾക്കാതെ ഗുളികകൾ ഒരോന്നായി വിഴുങ്ങി. "ചേച്ചീ ബീപി ഇത്തിരി അധികമാ. വല്ലാത്ത നടുവുവേദനയും. നിൽക്കാൻ വയ്യ. "
ഞാനും അവിടെയിരുന്നു. അവൾ നന്നായി കിതയ്ക്കുന്നായിരുന്നു. ഒട്ടൊരു കാറ്റു കൊണ്ടിരുന്നപ്പോൾ നല്ലൊരു സുഖം തോന്നി എനിക്കും. "നിനക്കീ ആലിന്‍റെ കഥയറിയുമോ ഉഷേ. ഇതാണ് വിവേകാനന്ദസ്വാമി കേരളത്തിൽ വന്നപ്പോൾ നട്ടുപിടിപ്പിച്ച ആൽ. എത്ര പേരാണിതിനെ തൊട്ടുതൊഴുന്നത് എന്നറിയുമോ. എത്രയോ പക്ഷികൾക്കീ മരം ആശ്രയമാകുന്നു."
"ഒരിക്കൽ ഇതും വേരറ്റു വീഴും ചേച്ചീ. നമ്മേക്കാൾ കൂറേക്കൂടി ആയുസ്സുണ്ടെന്നു മാത്രം", ആ വാക്കുകളിൽ അവളുടെ മനസ്സിലെ വിഷാദം വായിച്ചെടുക്കാമായിരുന്നു.
അല്പം കഴിഞ്ഞ് ഞങ്ങൾ മടങ്ങി വീട്ടിലേക്ക്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൾ പോകാൻ തിരക്കൂ കൂട്ടി. ഭർത്താവിനേം മക്കളേം തനിച്ചാക്കി അവളുടെ ആദ്യയാത്രയായിരുന്നുവത്.
"രാധേച്ചി രണ്ടു ദിവസം ഇവിടെ കഴിഞ്ഞപ്പോൾ എല്ലാം മറന്നു ഞാൻ. മക്കൾക്ക് ജോലി കൂടി കിട്ടിയാൽ എന്‍റെ ഭാരം അഴിച്ചു വയ്ക്കാം. എനിക്കൊരുപാടു പ്രതീക്ഷയുണ്ട് ചേച്ചീ. ഏട്ടനങ്ങനെയൊന്നുമില്ല, അല്ലലില്ലാതെ ജീവിച്ചു പോകാൻ ഒരു ജോലി അത്രയേ വേണ്ടൂ. അവർ നന്നായി പഠിക്കും. അതു തന്നെ ഭാഗ്യാല്ലേ. ദൈവം അനുഗ്രഹിച്ചാൽ ഒരിക്കൽ കൂടി ഞാനിവിടെ വരും. എനിക്കൊത്തിരി ഇഷ്ടായി ഈ സ്ഥലം."
വർഷം രണ്ടു കഴിഞ്ഞു. വല്ലപ്പോഴും ഞങ്ങൾ തമ്മിൽ ബന്ധപ്പെടും. മക്കൾക്ക് രണ്ടാൾക്കും ജോലിയായി. മകളുടെ വിവാഹത്തിന് ക്ഷണിച്ചുവെങ്കിലും ഗുജറാത്തിലായിരുന്നതിനാൽ വരാൻ കഴിഞ്ഞില്ല. മകനും വിവാഹാലോചന നടക്കുന്നുവത്രേ. പിന്നൊന്നും അറിയാൻ കഴിഞ്ഞില്ല.
രാവിലെ ഫോൺ നോക്കിയപ്പോഴാണ് കണ്ടത്, ഇന്നലെ അർദ്ധരാത്രിയിൽ അവൾ വിളിച്ചിരുന്നു. തിരിച്ചു വിളിച്ചപ്പോൾ സ്വിച്ചോഫ്. ഉള്ളിലൊരു വല്ലായ്ക അനുഭവപ്പെട്ടു. വേഗം വാട്സപ്പ് പരിശോധിച്ചു. അവളുടെ വല്ല മെസേജും വന്നിട്ടുണ്ടോ എന്ന്. തെരഞ്ഞു ചെന്നപ്പോൾ കണ്ടു. അവിടെ തന്നെ ബ്ളോക്കും ചെയ്തിട്ടുണ്ട്. മെസേജ് നടുക്കുന്നതായിരുന്നു. "രാധേച്ചീ, എന്തുണ്ട് വിശേഷം സുഖാല്ലേ.
ഇന്നലെയായിരുന്നു മകന്‍റെ വിവാഹം. രജിസ്റ്റർ മാര്യേജ്. അവനിഷ്ടപ്പെട്ട കുട്ടി. മക്കളങ്ങു വളർന്നില്ലേ ചേച്ചീ, അവർക്കിനി നമ്മുടെയാവശ്യം ഇല്ല. ഏട്ടനും വിശേഷമൊന്നുമില്ല. എന്‍റെ ആഗ്രഹങ്ങൾ എല്ലാം സഫലമായി. ഇനിയിപ്പോൾ ഒന്നും ബാക്കിയില്ല. പിന്നെ, രാധേച്ചീ, അധികം വൈകാതെ ഭഗവാനെന്നെ അങ്ങോട്ടു വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനായി ഒരു രോഗവും തന്നിരിക്കുന്നു. ഇനിയിപ്പോൾ ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല. അതിനാൽ പോകുന്നു. ലക്ഷ്യമുണ്ട്. പക്ഷെ ആരോടും
പറയുന്നില്ല. എല്ലാ ബന്ധങ്ങളും ഇവിടെ ഉപേക്ഷിക്കുന്നു. വിധി വന്നു ചേരും വരെ ആത്മഹത്യ ചെയ്യില്ല. ആരോടും യാത്രയില്ല. മടങ്ങി വരില്ല. വെളുപ്പിനെ ഇവിടെ നിന്നിറങ്ങും. ഇനി മുതൽ എന്‍റെ ഫോണും പ്രവർത്തിക്കില്ല. അതു ഞാൻ വെള്ളത്തിലിടും.. ഇനി എനിക്കതിന്‍റെ ആവശ്യ ഇല്ലല്ലോ. ഓം ശാന്തി: ശാന്തി: ശാന്തി:
എന്‍റെ ഉഷ, ഉഷമലരി, അവൾ പോയി. എന്‍റെ കണ്ണുകൾ സജലങ്ങളായി.