ബെണ്ടൻ | കഥ

ബെണ്ടൻ | കഥ

കുടുംബ ബന്ധങ്ങളുടെ ആഴവും ആർദ്രതയും പുത്തൻ സാമൂഹിക പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ചെറുകഥ, 'ബെണ്ടൻ'. എഴുതിയത് അജിതൻ ചിറ്റാട്ടുകര.

അജിതൻ ചിറ്റാട്ടുകര

ഇളയവനും 'അപ്പൂസ്' എന്ന് വിളിപ്പേരുള്ളവനുമായ നിഖിലിനോട് ഒരു പ്രത്യേക വാത്സല്യവും സ്നേഹവും അയാൾ കാണിക്കുന്നുണ്ടെന്ന് സൗദാമിനി പരാതി പറയും.

''അത് നിന്‍റെ തോന്നലാണ്, അവൻ കൂടുതൽ അടുത്തിടപഴകുന്നതു കൊണ്ട് അങ്ങനെ പെരുമാറിപ്പോകുന്നതാണ്'', അയാളതിനു ന്യായവും പറയും. എന്നാൽ, നിഖിലിന്‍റെ ഓമനത്തമുള്ള മുഖവും അവന്‍റെ കൊഞ്ചിക്കുഴയലും നിഷ്കളങ്കമായ ചിരിയും ചുണ്ടുകൾ കോട്ടിയുള്ള പിണക്കവുമൊക്കെ അതിന് ഒരു പരിധി വരെ കാരണമാകുന്നുണ്ടെന്ന് അയാൾക്കല്ലേ അറിയൂ. എങ്കിലും, അത് മൂത്തവനും അഞ്ചാം ക്ലാസ്സുകാരനുമായ അഖിലിനോടുള്ള സ്നേഹക്കുറവാണെന്ന് സമ്മതിച്ചു കൊടുക്കാനൊന്നും അയാൾ തയ്യാറല്ല. അതങ്ങനെയല്ലതാനും.

എന്നിരുന്നാലും, ഒരു സ്വയം വിചാരണയ്ക്കു വിധേയമാകുമ്പോൾ സൗദാമിനി പറയുന്നതിലും കുറച്ചൊക്കെ വാസ്തവമില്ലേയെന്ന് അയാൾ ശങ്കിച്ചു പോകാറുണ്ട്.

അഖിൽ തൊട്ടടുത്ത് നിൽക്കുന്നുണ്ടെന്നുള്ള വിചാരം പോലും ഇല്ലാതെയാണ് പലപ്പോഴും സൗദാമിനി അയാളെ കുറ്റപ്പെടുത്താറ്. അപ്പോഴൊക്കെ അസുഖകരമായ ഒരു നോട്ടത്തോടെയാണ് അയാൾ അവളെ നേരിടുക.

നീയ്യിങ്ങനെയൊക്കെ പറയുന്നത് അഖിലിനെ സ്വാധീനിക്കുമെന്നും അതവനിൽ വേദനയുണ്ടാക്കുമെന്നും ക്രമേണ അത് അച്ഛനോടുള്ള അകൽച്ചയ്ക്കു കാരണമാകുമെന്നും ശാസനയുടെ സ്വരത്തിൽ അയാൾ അവളെ ഓർമ്മിപ്പിക്കുകയും ചെയ്യും.

അയാളെ സംബന്ധിച്ചിടത്തോളം അഖിലിനോട് സ്നേഹക്കുറവില്ലെന്നുള്ളത് സൗദാമിനിയുടെ സമക്ഷം എങ്ങനെ തെളിയിക്കണമെന്നറിയാതെ ഉഴറിപ്പോകുന്ന സന്ദർഭം കൂടിയാണത്. അഖിലിനോട് ഏതെങ്കിലും വിധത്തിൽ അവഗണന കാണിക്കുന്നുവെന്ന് സൗദാമിനിക്കു തോന്നിപ്പോകുന്നുവെങ്കിൽ അതിന് വേറൊരു കാരണം, അവൻ തെല്ലു വളർന്ന് കുട്ടിത്തം വിട്ടതുകൊണ്ട് കൂടിയാകാമെന്നേ അയാൾക്ക് പറയാനാകൂ.

നിഖിലാണെങ്കിൽ നന്നേ ചെറുപ്പത്തിൽ തന്നെ മുതിർന്നവരെപ്പോലെ ചറപറാന്ന് വലിയ വായിൽ വർത്തമാനം പറയുന്ന കൂട്ടത്തിലുമാണ്. ഇങ്ങനെയുള്ള കുട്ടികളോട് എല്ലാവർക്കും ഒരു പ്രത്യേക അടുപ്പം തോന്നുന്നത് സ്വാഭാവികമാണല്ലോ.

മാത്രമല്ല, നിഖിലും അഖിലും തമ്മിൽ അഞ്ച് വയസ്സിന്‍റെ അന്തരവുമുണ്ട്.

സൗദാമിനി ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും അയാളോ അവനോ അത് കേട്ടതായി പോലും നടിച്ചില്ല...

അഖിൽ പൊതുവെ സമാധാനപ്രിയനും സൗമ്യനുമാണ്. വാക്കുകളിൽ മിതത്വവും പെരുമാറ്റത്തിൽ ഒതുക്കവും പാലിക്കുന്ന അവൻ അനാവശ്യമായി ഒരു കാര്യത്തിനും വാശി പിടിക്കാറില്ല. അതിരുകടന്ന് ആരോടെങ്കിലും കെറുവിക്കാനോ പരിഭവിക്കാനോ അവൻ പോകാറുമില്ല. എന്നാൽ, നിഖിൽ അഖിലിന്‍റെ നേർവിപരീതമാണ്. കാണുന്നവർക്കും കേൾക്കുന്നവർക്കും ഹരം പകരുന്ന ഒരു തരം ഓവർസ്മാർട്ട്നസ് അവന്‍റെ കൂടപ്പിറപ്പാണ്....

വാശിയാണെങ്കിൽ, ഇങ്ങനെയുണ്ടോ ഒരു വാശി എന്ന് ആർക്കും തോന്നിപ്പോകും. ശുണ്ഠിയുടെ കാര്യം പറയുകയും വേണ്ട.

സാധാരണയായി വൈകീട്ട് ജോലികളെല്ലാം കഴിഞ്ഞ് അയാൾ ചാരുകസേരയിൽ കിടന്ന് വിശ്രമിക്കുമ്പോഴാണ് 'അച്ഛാ' എന്നു വിളിച്ചു കൊണ്ട് നിഖിൽ കടന്നു വരുക....

അപ്പോൾ തുടങ്ങുന്ന സല്ലാപങ്ങൾ ഏതാണ്ട് സന്ധ്യയോടടുക്കുമ്പോഴേ അവസാനിക്കുകയുള്ളൂ.

ചിലപ്പോൾ ഈ സല്ലാപങ്ങൾ ബെഡ്റൂമിലെ കിടക്കയിലായിരിക്കും നടക്കുന്നത്.

അയാളുടേയും നിഖിലിന്‍റേയും കിടക്കയിലെ കുത്തിമറിയലുകൾ പക്ഷെ, സൗദാമിനിക്ക് അത്ര പിടിക്കാറില്ല. ''അച്ഛനും മോനും കൂടി മദി തുടങ്ങി'' എന്നാണ് അവൾ ഈ സല്ലാപത്തെ വിശേഷിപ്പിക്കാറ്.

മാത്രമല്ല, അവരുടെ മദി അതിരു കടക്കുന്നു എന്നു തോന്നുമ്പോൾ ''മുകുന്ദേട്ടാ...'' എന്ന് ശാസനാസ്വരത്തിൽ വിളിച്ച് അവൾ അയാൾക്കു നേരെ മൂർച്ചയുള്ള ഒരു നോട്ടമെറിയുകയോ, ''അപ്പൂസെ തല്ലുകൊള്ളണ്ട'' എന്ന് നിഖിലിനെ ഭീഷണിപ്പെടുത്തുകയോ ചെയ്യാറുണ്ട്.

എന്നാലിതൊന്നും അയാളും നിഖിലും അത്ര കാര്യമായി എടുക്കാറില്ല.

അന്നും സൗദാമിനി ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും അയാളോ അവനോ അത് കേട്ടതായി പോലും നടിച്ചില്ല.

ടെൻസ്പോർട്ട്സ് ചാനലിലെ ഗുസ്തിക്കാരനെപ്പോലെ മസിലൊക്കെ വീർപ്പിച്ച് അവൻ അയാളെ മുഷ്ടി ചുരുട്ടി ഇടിക്കാനുള്ള ശ്രമത്തിലായിരുന്നു.

അയാളാണെങ്കിൽ ദ്വന്ദയുദ്ധത്തിലെ എതിരാളിയെപ്പോലെ അവനെ നേരിടാനുള്ള തയ്യാറെടുപ്പിലും..

'ഡിഷ്കാ - ഡിഷ്കാ' പെട്ടെന്നായിരുന്നു അവന്‍റെ ഇടി.

അയാൾ അല്പം കുനിഞ്ഞു നിന്ന് കൈത്തണ്ട കൊണ്ടും ഷോൾഡർ കൊണ്ടും അവന്‍റെ പ്രഹരങ്ങളെ നേരിട്ടു. താൻ മസിലു പിടിക്കുകയാണെങ്കിൽ അവന്‍റെ കുഞ്ഞുകൈകൾ വേദനിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു. നിഖിലുമായി ഗുസ്തിക്കളിയിൽ ഏർപ്പെടുമ്പോഴൊക്കെ അയാൾ ഇങ്ങനെയാണ്. മകനെ സന്തോഷിപ്പിക്കുക എന്നതിനപ്പുറം ഈ കളിയിൽ മറ്റൊരുദ്ദേശ്യവും അയാൾക്കുണ്ടായിരുന്നില്ല.

ബലഹീനമായ അയാളുടെ പ്രതിരോധത്തെ ആവേശത്തോടെയാണ് നിഖിൽ നേരിട്ടത്.

ആദ്യമൊക്കെ വലിയ ഊക്കോടെയാണ് നിഖിൽ ഇടി തുടങ്ങുക. പിന്നെപ്പിന്നെ അതിന് ശക്തി കുറഞ്ഞ് അവൻ അണയ്ക്കാൻ തുടങ്ങും. എന്നിരുന്നാലും ഒരിക്കലും അവൻ തോൽവി സമ്മതിക്കുകയില്ല.

അതുകൊണ്ട് എന്നത്തേയും പോലെ അന്നും അയാൾ തന്നെ തോറ്റു കൊടുത്തു.

''അയ്യോ അപ്പൂസേ, മതി. അച്ഛനിനി വയ്യ....''

അതോടെ അവനു വലിയ സന്തോഷമായി. എങ്കിലും വിജയശ്രീലാളിതന്‍റെ വീറോടെ ഒരു ഇടി കൂടി അയാളുടെ നടുംപുറത്ത് ഏൽപ്പിച്ചു കൊണ്ടാണ് അവൻ പിൻമാറിയത്. അതിനു ശേഷം, ഒരു ജേതാവിന്‍റെ തലയെടുപ്പോടെ നെഞ്ചുവിരിച്ച്, മസിലൊക്കെ പെരുപ്പിച്ച് കാട്ടി അയാളെ നോക്കി പറഞ്ഞു: ''ഞാൻ ബെണ്ടനാ - ബെണ്ടൻ!''

അതുകേട്ട് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും അയാൾ അത് പുറമേ കാട്ടിയില്ല.

AI wing | Metro Vaartha

നേഴ്സറി ക്ലാസ്സിൽ നിന്നു വന്നാൽ നിഖിലിന് ബെൻടെന്‍റെയും, ടോം ഏന്‍റ് ജെറിയുടേയും കാർട്ടൂൺപരമ്പര കാണുന്ന ശീലമുണ്ട്. അതിൽ നിന്നാണ് ബെൻടെൻ അവന്‍റെ ഹീറോയാകുന്നത്.

''അച്ഛൻ ഇനീം ഇടി കൂടാനുണ്ടോ?''

നിഖിൽ പിന്നെയും ചോദിച്ചു.

അവന് ഇനിയും ഗുസ്തി പിടിച്ച് മതിയായിട്ടില്ല.

''അയ്യോ! എനിക്കു വയ്യ. ബെണ്ടന്‍റെ അടി കൊണ്ട് ഞാൻ ചത്തുപോകും.''

അത് പറഞ്ഞ് ഒരു കള്ളച്ചിരിയോടെ പിൻവാങ്ങി, കട്ടിലിൽ നടുമടക്കിയിട്ട ബെഡ്ഡിൽ കൈത്തലങ്ങൾ രണ്ടും ശിരസ്സിനു കീഴെ ചേർത്തുവച്ച് അയാൾ തളർന്നതുപോലെ കിടന്നു.

നിഖിൽ അപ്പോൾ വല്ലാതെ വലിച്ചു കയറ്റിയിരുന്ന ശ്വാസമൊക്കെ പുറത്തുവിട്ട് കാറ്റുപോയ ബലൂൺ പോലെ സ്വയം നിർവ്വീര്യനായി.

അന്നേരമാണ് അയാൾക്ക് ഒരു സൂത്രമൊപ്പിക്കാൻ തോന്നിയത്. നിഖിലിന് അയാളോടുള്ള സ്നേഹത്തിന്‍റെ വലുപ്പം എത്രയാണെന്ന് ഒന്നറിയണം. അതിന്‍റെ ആഴവും പരപ്പും അവന്‍റെ വാക്കുകളിൽ നിന്നും അടർന്നു വീഴുന്നതു കേൾക്കാൻ ഒരു കൊതി. അതുകൊണ്ട് അല്പം ക്ഷീണം ബാധിച്ചതുപോലെ പരവശഭാവത്തിൽ അയാൾ പറഞ്ഞു: ''അച്ഛൻ മരിക്കാറായെന്നു തോന്നുന്നു.''

അത് കേട്ടതും അവന്‍റെ മുഖത്തെ ഉത്സാഹവും വീറുമൊക്കെ പൊടുന്നനെ കെട്ടുപോയി. പകരം അവിടെ സങ്കടത്തിന്‍റെ കറുപ്പ് വ്യാപിച്ചു.

''അച്ഛൻ മരിച്ചാല് ഞാനും മരിക്കും'' അവൻ ഒരു തേങ്ങലിന്‍റെ ഈണത്തിൽ പറഞ്ഞു കൊണ്ട് വാടിയ വാഴയില പോലെ അയാളുടെ നെഞ്ചിലേക്കു ചാഞ്ഞു.

''അച്ഛൻ മരിച്ചാല് അപ്പൂസെന്തിനാ മരിക്കണത്? അച്ഛൻ മരിച്ചാലും മോന് അമ്മയില്ലേ? മാമൻമാരില്ലേ?''

''അവര്ണ്ടായിട്ടൊന്നും കാര്യമില്ല. എനിക്ക് അച്ഛൻ തന്നെ വേണം.''

അത്രയുമായപ്പോഴേക്കും അവന്‍റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു. ഇനിയും കൂടുതൽ പറഞ്ഞാൽ അവൻ കരഞ്ഞു പോകുമെന്ന് അയാൾ ഭയന്നു. കാര്യം എന്തൊക്കെയാണെങ്കിലും നിഖിലിന് അഖിലിനോളം മനക്കട്ടിയില്ല....

അയാൾ അവനെ ഒരു കരച്ചിലിലേക്കു തള്ളി വിടാതെ നെഞ്ചോടു ചേർത്ത് പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു: ''അച്ഛൻ മരിക്കാറായിട്ടൊന്നുമില്ല. അപ്പൂസിനെ പറ്റിക്കാൻ വേണ്ടി അച്ഛൻ വെറുതെ പറഞ്ഞതാണ്.''

അതുകേട്ട് അവന്‍റെ മുഖം തെളിയുന്നതും കണ്ണുകളിലെ നനവ് ആവിയായിപ്പോകുന്നതും കണ്ടു.

''അച്ഛൻ അച്ചാച്ചനായാല് മരിക്ക്വോ?'' പിന്നെ അവന്‍റെ ചോദ്യം അതായിരുന്നു.

അപ്പോൾ അയാൾക്ക് ഓർമ്മ വന്നത് അയാളുടെ തലയിലെ ഒന്നോ രണ്ടോ നരച്ച മുടിയിഴകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ''അച്ഛന് വയസായിത്തുങ്ങി മക്കളേ'' എന്ന് സൗദാമിനി കളിയായി പറഞ്ഞ വാക്കുകളാണ്. അന്ന് ''ശരിയാണ്, മരിക്കാറായെന്നു തോന്നുന്നു'' എന്ന് പറഞ്ഞപ്പോൾ അത് കേട്ടിരുന്ന നിഖിൽ തെല്ലുനേരം അയാളുടെ തലയിലെ നരച്ച മുടിയിഴകളിലേക്ക് നോക്കിയതിനു ശേഷം ചോദിക്കുകയുണ്ടായി: ''എപ്പഴാണ് അച്ഛൻ മരിക്കാ?''

അതിന് അന്ന് പറഞ്ഞ മറുപടി ''ഈ തലമുടിയൊക്കെ മുഴുവൻ വെളുത്ത് അച്ചാച്ചനെപ്പോലെയാകുമ്പോൾ'' എന്നായിരുന്നു. ആ മറുപടി ഓർത്തുകൊണ്ടായിരിക്കാം, നിഖിലിപ്പോൾ ഇങ്ങനെ ചോദിച്ചത്. മുടിയിഴകളിൽ നര കൂടി വരുകയുമാണല്ലൊ.

''അച്ഛൻ അച്ചാച്ചനായാല് മരിക്ക്വോ?'' പിന്നെ അവന്‍റെ ചോദ്യം അതായിരുന്നു...

അവന്‍റെ കുഞ്ഞു മനസിൽ മരണം ഒരു ഭയമായി മാറിയിരിക്കുന്നു. ആ ഭയത്തെ ഇനിയും ഇങ്ങനെ മേയാൻ വിട്ടുകൂടാ. കുട്ടികളുടെ മനസിൽ ഇത്തരം ചിന്തകൾ കിടന്നു പുകയുന്നത് അത്ര നല്ലതല്ല. അപ്പൂസിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി സമാധാനിപ്പിക്കേണ്ടിയിരിക്കുന്നു.

''അച്ഛൻ മരിക്കാൻ ഇനീം കുറേ കാലം കഴിയണം. അപ്പൂസൊക്കെ അപ്പോഴേക്കും അച്ഛന്‍റെ പോലെ വലുതായി മീശയും താടിയുമൊക്കെ

വന്ന് വലിയ ആളായിട്ടുണ്ടാകും'', അയാൾ പറഞ്ഞു.

ആ മറുപടി പക്ഷേ അവനെ പൂർണമായും തൃപ്തനാക്കിയില്ലെന്ന് തോന്നി.

അതുകൊണ്ട് അവന്‍റെ ചിന്തയിൽ നിന്നു മരണത്തെ ചെവിക്കു പിടിച്ച് പുറത്തിടുന്നതിനായി അയാൾ അവന്‍റെ കവിളിൽ ചൂടുള്ള ഒരു ഉമ്മ കൊടുത്തു. അതിനുശേഷം തന്‍റെ ഇടതുകവിൾ അവന്‍റെ ചുണ്ടുകൾക്കു നേരെ നീട്ടിക്കൊണ്ട് പതുക്കെ പറഞ്ഞു: ''ഇനി മോൻ അച്ഛനൊരു ഉമ്മ തന്നേ...''

''ഉമ്മ'', അയാളുടെ കുറ്റിരോമങ്ങൾ നിറഞ്ഞ പരുക്കൻ കവിളിൽ അവൻ ചുണ്ടുകൾ മുട്ടിച്ചു.

പെട്ടെന്നാണ് പൊള്ളുന്ന ഒരു ഓർമ്മ വന്ന് അയാളെ കൊത്തി വലിച്ചത്. അത് വലിയൊരു നോവായി പടർന്നുപടർന്ന് ഞൊടിയിടയിൽ തറവാട്ട് വീട്ടിലെത്തി.

നിഖിലിനെ അയാൾ ഇപ്പോൾ സ്നേഹിക്കുന്നതുപോലെ അയാളേയും അച്ഛനും അമ്മയും എന്തുമാത്രം സ്നേഹിച്ചിരിക്കും, എന്തുമാത്രം ലാളിച്ചിരിക്കും. ''താഴെ വച്ചാലുറുമ്പരിച്ചാലോ / തലയിൽ വച്ചാൽ പേനരിച്ചാലോ'' എന്ന് കുട്ടിയോടുളള വാത്സല്യത്തെക്കുറിച്ച് കവി പാടിയതുപോലെയല്ലേ എല്ലാം.

കുട്ടികൾക്ക് ചെറിയ ഒരു പനി വരുമ്പോഴേക്കും സൗദാമിനിയോടൊപ്പം അയാളും വല്ലാതെ ഉത്കണ്ഠപ്പെടുന്നു. വല്ലാതെ വിഷമിക്കുന്നു. അതുപോലെ ഒരുകാലത്ത് അവരും ഇങ്ങനെയൊക്കെ....

ഓർത്തപ്പോൾ കണ്ണുകൾ ജലാർദ്രമായി. നിഖിൽ അത് കാണാതിരിക്കാനായി അയാൾ മുഖം വേറൊരു ദിക്കിലേക്കു തിരിച്ചു....

ഇന്നത്തെ സൗദാമിനിയും മുകുന്ദനും തന്നെയാണ് നാളത്തെ അച്ഛനും അമ്മയുമായി മാറുന്നത്. എന്നിട്ടും അതൊന്നുമോർക്കാതെ ഇന്നലെ ജീവിതത്തിലേക്കു വന്നു കയറിയ സൗദാമിനിയുടെ വാക്കുകൾ കേട്ട്....

ഒരു നിമിഷം അയാൾ കുറ്റബോധം കൊണ്ട് വെന്തുരുകി.

എന്തിനാ ഞങ്ങൾക്കിനി കാശ്? ആർക്കു വേണ്ടി സമ്പാദിക്കാനാ? ഞങ്ങൾക്കിപ്പോൾ പെൻഷൻ കിട്ടുന്നുണ്ട്. ഞങ്ങൾക്ക് നിങ്ങളെ കണ്ണ് നിറച്ചൊന്നു കണ്ടാൽ മാത്രം മതി...

രണ്ട് കുട്ടികളെ വളർത്തി വലുതാക്കാനുള്ള പാട് അയാൾ ഇപ്പോൾ അനുഭവിച്ചറിയുകയാണ്. എന്നാൽ കഷ്ടപ്പാടും ദാരിദ്ര്യവും കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിൽ അഞ്ച് മക്കളെ വളർത്തി വലുതാക്കി ഇന്നത്തെ നിലയിലെത്തിച്ച അച്ഛനും അമ്മയും അന്ന് എന്തുമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടാകും!

ഒടുവിൽ അതിന് മക്കൾ കൊടുത്ത പ്രതിഫലമോ?

സഹോദരിമാർ രണ്ടു പേരും ഇപ്പോൾ ഭർത്താക്കൻമാരോടൊപ്പം ഗൾഫിലാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കെട്ടിച്ചയച്ചാൽ പിന്നെ ഭർത്താവിന്‍റേയും ഭർത്തൃവീട്ടുകാരുടേയും താൽപ്പര്യമനുസരിച്ചേ അവർക്ക് മുന്നോട്ടുപോകാനാകൂ. കെട്ടിച്ചയച്ച പെൺമക്കളേക്കാൾ, കെട്ടിക്കൊണ്ടു വന്ന പെൺകുട്ടികൾക്കാണ് ഭർത്താവിന്‍റെ മാതാപിതാക്കളുടെ ഉത്തരവാദിത്തം.

പക്ഷേ, സംഭവിച്ചതെന്താണ്?

മൂത്ത ജ്യേഷ്ഠൻ, അതായത് വല്യേട്ടൻ കോട്ടപ്പുറത്ത് ഭാര്യവീടിനടുത്ത് സ്ഥലം വാങ്ങി വീടുവച്ച് കുട്ടികളും കെട്ടിയവളുമായി താമസം അങ്ങോട്ടു മാറ്റി. രണ്ടാമത്തവനായ കുഞ്ഞേട്ടൻ സകുടുംബം ഗുജറാത്തിലെ സൂറത്തിൽ വാസമുറപ്പിച്ചു. കുഞ്ഞേട്ടന് അവിടെ വൈരക്കൽ കമ്പനിയിലാണ് ജോലി. പിന്നെയുള്ളത് അയാളാണ്.

അയാൾക്ക് കഷ്ടിച്ച് മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള ഒരു ചിട്ടി കമ്പനിയിലാണ് ജോലി.

വല്ല്യേട്ടൻ കൊല്ലത്തിൽ നാലഞ്ചു തവണ ഭാര്യയും മക്കളുമായി വന്ന് അച്ഛനേയും അമ്മയേയും കണ്ടിട്ടു പോകും. പോകാൻ നേരത്ത്, ''ഇത് വച്ചോ'' എന്നുപറഞ്ഞ് നൂറിന്‍റെ ഏതാനും നോട്ടുകൾ അച്ഛന്‍റെയും അമ്മയുടേയും കൈകളിൽ വച്ചു കൊടുക്കുന്നതും കാണാം.

കഴിഞ്ഞ തവണ വന്നപ്പോൾ വല്ല്യേട്ടൻ കൊടുത്ത നോട്ടുകൾ അച്ഛനും അമ്മയും വല്ല്യേട്ടനു തന്നെ തിരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു: ''എന്തിനാ ഞങ്ങൾക്കിനി കാശ്? ആർക്കു വേണ്ടി സമ്പാദിക്കാനാ? ഞങ്ങൾക്കിപ്പോൾ പെൻഷൻ കിട്ടുന്നുണ്ട്. ഞങ്ങൾക്ക് നിങ്ങളെ കണ്ണ് നിറച്ചൊന്നു കണ്ടാൽ മാത്രം മതി.''

കുഞ്ഞേട്ടൻ കുടുംബസമേതം ഓണത്തിനും വിഷുവിനുമാണ് നാട്ടിലെത്തുന്നത്. വന്നിട്ട് ഒരു മാസം തികയുന്നതിനു മുൻപു തന്നെ മടങ്ങിപ്പോവുകയും ചെയ്യും.

പെങ്ങൻമാർ രണ്ടാളും മൂന്നോ നാലോ വർഷം കൂടുമ്പോഴാണ് ഗൾഫിൽ നിന്നു വരുന്നത്. അവർ വന്നാൽ തറവാട്ടുവീട്ടിൽ നിൽക്കുന്നത് അപൂർവമാണ്.

നാട്ടിലെത്തിയാൽ പിന്നെ അവർക്ക് ബന്ധുവീട്ടുകളിലേക്കും ക്ഷേത്രങ്ങളിലേക്കുമുള്ള യാത്രകളും ടൂറു പോക്കുമൊക്കെയാണ്.

ഇളയവനായ അയാളായിരുന്നു അമ്മയുടേയും അച്ഛന്‍റേയും എന്നത്തേയും ഏക ആശ്വാസവും ആശ്രയവും. എന്നാൽ ഇപ്പോൾ അയാളും...

എല്ലാറ്റിനും കാരണം സൗദാമിനിയായിരുന്നു. അവൾക്ക് വില്ലേജോഫീസിൽ ജോലിയുളളതിന്‍റെ ഹുങ്കാണോ എന്നറിയില്ല. എന്തിനും ഏതിനും ചില മുൻവിധികളും ധാർഷ്ട്യവും അവൾ വച്ചുപുലർത്തുന്നുണ്ട്. അല്ലെങ്കിലും സർക്കാർ ശമ്പളം പറ്റുന്ന പെണ്ണുങ്ങൾക്ക് ഒരു എല്ല് കൂടുതലാണ് എന്നാണ് അയാൾക്ക് തോന്നിയിട്ടുള്ളത്.

ആരുടെയും തണലിലല്ല തങ്ങൾ ജീവിക്കുന്നതെന്ന ഒരുതരം അഹങ്കാരം അവരുടെ ഉള്ളിൽ അവരറിയാതെത്തന്നെ രൂപമെടുക്കുന്നുണ്ട്.

ആദ്യമൊക്കെ നല്ല നിലയിലായിരുന്നു വീട്ടിലെ കാര്യങ്ങൾ. അച്ഛനും അമ്മയും സൗദാമിനിയും കുട്ടികളുമൊക്കെ ഒത്തൊരുമയോടെ മുന്നോട്ടു പോയിരുന്ന ആ നല്ല കാലത്തിൽ കല്ലുകടി തുടങ്ങിയത് ഈയ്യിടെയാണ്. ചെറിയ ചെറിയ കാര്യങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളായിരുന്നു തുടക്കത്തിൽ. പിന്നെയതിന് പതുക്കെപ്പതുക്കെ കനം വച്ചു തുടങ്ങി.

AI wing | Metro Vaartha

അച്ഛന്‍റെ കാര്യത്തിൽ സൗദാമിനിക്ക് ഒരു ശ്രദ്ധയുമില്ലെന്നായിരുന്നു അമ്മയുടെ പ്രധാന പരാതി. അമ്മയ്ക്ക് പനിയോ തലവേദനയോ മറ്റോ വന്ന് കിടക്കപ്പായ വിട്ട് എഴുന്നേൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ സൗദാമിനി എഴുന്നേറ്റ് ചെന്ന് അച്ഛന് ചായയുണ്ടാക്കി കൊടുക്കാറില്ല. അച്ഛനാണെങ്കിൽ വെളുപ്പിന് കൃത്യം അഞ്ചു മണിക്കു തന്നെ ഉണരുന്ന സ്വഭാവമാണ്. എഴുന്നേറ്റു കഴിഞ്ഞാൽ ഒരു കട്ടൻ ചായ കിട്ടുകയും വേണം. പണ്ടേയുള്ള ശീലമാണത്. അന്ന് കൂലിപ്പണിയും കറവയുമായിരുന്നല്ലോ അച്ഛന്‍റെ പ്രധാന വരുമാന മാർഗ്ഗം. പുലർച്ചക്ക് എഴുന്നേറ്റ് ചായ കുടി കഴിഞ്ഞാൽ അച്ഛൻ പശുവിനേയും എരുമയേയുമൊക്കെ കറക്കാനായി ചില അയൽവീടുകളിൽ പോകും. പുല്ലുടിയൻ ബാലേട്ടന്‍റെയും തെങ്ങൻ തോമാസേട്ടന്‍റെയും മറ്റും വീടുകളിലുള്ളവർക്ക് പശുവും എരുമയുമൊക്കെ ഉണ്ടെങ്കിലും അവയെ കറക്കാൻ അച്ഛൻ തന്നെ വേണം.

വീട്ടിലും ഒരു പശുവുണ്ടായിരുന്നു. അയൽവീടുകളിലെ കറവകഴിഞ്ഞു വന്നാൽ അച്ഛൻ അതിനേയും കറക്കും. തുടർന്ന് അമ്മയും അച്ഛനും കൂടി അതെല്ലാം ഉരിയും നാഴിയുമായി അളന്ന് ആവശ്യക്കാരുടെ വീടുകളിൽ കൊണ്ടുപോയി കൊടുക്കും.

അപ്പോഴേക്കും അച്ഛന് പണിക്കു പോകാൻ നേരമായിട്ടുണ്ടാകും. പറമ്പുപണിയും പുരകെട്ടും കൃഷിപ്പണിയുമൊക്കെ അച്ഛന് നല്ല വശമാണ്. കുളംചേമ്പ് കറിയോ കടലക്കറിയോ തേങ്ങയരച്ച ചമ്മന്തിയോ കൂട്ടി അമ്മ അച്ഛന് കഞ്ഞി കൊടുക്കും. അത് കഴിപ്പിച്ചിട്ടേ അമ്മ അച്ഛനെ ജോലിക്കു വിടൂ.

അമ്മയ്ക്കും അന്ന് നൂറു കൂട്ടം പണിയാണ്. ഞങ്ങൾ കുട്ടികൾക്ക് ചായ തന്നു കഴിഞ്ഞ് കഞ്ഞിക്കലം അടുപ്പത്ത് വച്ചു കഴിഞ്ഞാൽ ''മക്കളെ തീയ്യൊന്നു നീക്കിക്കൊടുക്കണം ട്ടോ''എന്നു പറഞ്ഞതിനു ശേഷം അമ്മ തൊഴുത്തിൽ കയറി ചാണകം വാരും. അത് ഒരു ചൂരൽകുട്ടയിലാക്കി തൊഴുത്തിനു പിന്നിലെ ചാണകക്കുഴിയിൽ നിക്ഷേപിക്കും....

അച്ഛന് പണിയുള്ള ദിവസങ്ങളിൽ പശുവിനെ കുളിപ്പിക്കുന്നതും അമ്മയാണ്. തെല്ലകലെയുള്ള കണ്ണത്തിറ്റീച്ചറുടെ പൊട്ടക്കുളത്തിൽ പശുവിനെ കൊണ്ടുപോയി കുളിപ്പിച്ചതിനു ശേഷം അമ്മ അതിനെ പറമ്പിലോ പാടത്തോ കുറ്റിയടിച്ചു കെട്ടിയിടും....

അച്ഛനൊപ്പം പുലർച്ചക്ക് എഴുന്നേൽക്കാൻ മടിയില്ലാത്തതു കൊണ്ട് അമ്മ ഒരിക്കലും അച്ഛന്‍റെ ചായക്കു മുടക്കം വരുത്തിയിരുന്നില്ല.

ചിലപ്പോൾ അമ്മയ്ക്കും പണിയുണ്ടാകും. മണ്ണ് കോരാനും കൊയ്യാനും കെട്ടാനുമൊക്കെ അമ്മയും പോകും. എങ്കിൽക്കൂടി അച്ഛന്‍റെ കാര്യങ്ങളിലൊന്നും അമ്മ ഒരു വീഴ്ചയും വരുത്തിയിട്ടില്ല.

എന്നാൽ, ഇന്ന് അമ്മയ്ക്ക് പഴയ പ്രായമല്ല. വാർദ്ധക്യത്തിന്‍റേതായ രോഗാരിഷ്ടതകൾ അമ്മയെ തളർത്തിയിരിക്കുന്നു. പ്രഷറും പ്രമേഹവും പൈൽസുമൊക്കെയായി അമ്മ വല്ലാതെ നരകിക്കുകയാണ്.

അതു മനസിലാക്കിയിട്ടാകണം, അച്ഛന്‍റെ അഴുക്കു വസ്ത്രങ്ങൾ കുറച്ചു കാലമായി സൗദാമിനിയാണ് കഴുകിയിടുന്നത്. വാഷിങ് മെഷീനിലിട്ടിട്ടാണെങ്കിലും അവളതു ചെയ്യുന്നുണ്ടായിരുന്നു.

എന്നാൽ, അമ്മയുടെ മുഷിഞ്ഞ വസ്ത്രങ്ങൾ അമ്മ തന്നെയാണ് ഇപ്പോഴും കഴുകി വൃത്തിയാക്കി ഉണക്കാനിടുന്നത്. തന്‍റെ വസ്ത്രങ്ങൾ താൻ തന്നെ കഴുകിയാലേ വൃത്തിയാകുകയുള്ളൂ എന്നൊരു തോന്നലും നിർബന്ധവും അമ്മയ്ക്ക് പണ്ടേ ഉണ്ട്.

അച്ഛന്‍റെ വസ്ത്രങ്ങൾ കഴുകുന്നതിൽ സൗദാമിനി അടുത്തിടെ വരുത്തിയ മാറ്റമാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമായത്.

അച്ഛൻ ഞങ്ങളെപ്പോലെ ദിവസോം ജോലിക്കൊന്നും പോണില്ലല്ലോ. അതോണ്ട് കൊറച്ചീസം വൈകീന്നു വച്ച് ഒന്നും സംഭവിക്കാൻ പോണില്ല...

അയാളുടേയും കുട്ടികളുടേയും അവളുടേയും വസ്ത്രങ്ങൾ അവൾ ഒന്നരാടം കഴുകുകയും അച്ഛന്‍റെ വസ്ത്രങ്ങൾ അവൾ വീക്കെൻഡിലേക്കു മാറ്റി വക്കുകയും ചെയ്തത് അമ്മയ്ക്കു തീരെ പിടിച്ചില്ല.

ഓരോ ദിവസവും വൈകീട്ട് കുളി കഴിഞ്ഞ് അച്ഛൻ അഴിച്ചിടുന്ന മുണ്ടും ഷർട്ടും അവൾ ബാത്ത് റൂമിനടുത്തുള്ള ചായ്പ്പിൽ കൂട്ടിയിട്ട് ഒടുവിൽ ഞായറാഴ്ചയാണ് അലക്കാനെടുക്കുന്നത്.

ആദ്യമൊക്കെ സൗദാമിനിയുടെ ഈ ചെയ്തികൾ അമ്മ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചിരിക്കണം. ഒടുവിൽ സഹികെട്ടിട്ടാവണം അമ്മ അതിൽ ഇടപെട്ടത്.

''ആകെക്കൂടി അച്ഛന്‍റെ ഒരു മുണ്ടും ഷർട്ടുമാണ് ദിവസവും അലക്കാനുണ്ടാവുക. അത് കൂട്ടത്തീക്കൂടി അലക്കാൻ എന്തോരം പണീണ്ട്? ദിവസോം അതിങ്ങനെ കൂട്ടിയിട്ടാല് കരിമ്പൻ പിടിച്ച് നശിക്കില്ലേ?''

അത് കേട്ടപ്പോൾ അമ്മ പറയുന്നത് ശരിയാണെന്ന് അയാൾക്കും തോന്നി. എന്നാൽ അയാൾ, എന്തെങ്കിലും പറയുന്നതിനു മുൻപ് അമ്മയോട് സൗദാമിനി ചൊടിച്ചു കയറി- ''അച്ഛൻ ഞങ്ങളെപ്പോലെ ദിവസോം ജോലിക്കൊന്നും പോണില്ലല്ലോ. അതോണ്ട് കൊറച്ചീസം വൈകീന്നു വച്ച് ഒന്നും സംഭവിക്കാൻ പോണില്ല.''

അവളുടെ എടുത്തടിച്ചുള്ള മറുപടി അമ്മയ്ക്ക് തീരെ പിടിച്ചില്ല. അത് അമ്മയുടെ മുഖഭാവത്തിൽ നിന്നു വ്യക്തമായിരുന്നു. എങ്കിലും അമ്മ അവളോട് മറുത്തൊന്നും പറയാതെ 'നീയ്യിത് കേട്ടോ' എന്ന മട്ടിൽ അയാളെ ഒന്നു നോക്കുകയാണു ചെയ്തത്.

എന്നാൽ, അതിനെക്കുറിച്ച് അപ്പോൾ എന്തെങ്കിലും പറയുന്നത് ഉചിതമായിരിക്കില്ലെന്ന് അയാൾക്കു തോന്നി. അഥവാ അപ്പോൾ അതിൽ ഇടപെട്ട് എന്തെങ്കിലും സംസാരിച്ചാൽ അത് അമ്മയും സൗദാമിനിയും തമ്മിലുള്ള ഊക്കൻ വഴക്കിലാണ് അവസാനിക്കുക. അതു കൊണ്ട് മൗനം വിദ്വാന് ഭൂഷണം എന്ന മട്ടിൽ അയാൾ മിണ്ടാതിരുന്നു.

എങ്കിലും കിണറ്റിൻകരയിൽ വച്ച് സൗദാമിനിയെ തനിച്ചു കിട്ടിയപ്പോൾ ഈ വിഷയം മനപ്പൂർവ്വം എടുത്തിട്ടു കൊണ്ട് അയാൾ പറഞ്ഞു: ''തുണിയലക്കുന്ന കാര്യത്തിൽ അമ്മ പറഞ്ഞതിൽ കാര്യമുണ്ട് സൗദാമിനീ. പ്രശ്നം നാലാളറിഞ്ഞാൽ അതിന്‍റെ നാണക്കേട് നിനക്കാണ്.''

അതു കേട്ട് സൗദാമിനി വെട്ടുപോത്ത് നോക്കുന്നതു പോലെ അയാളെ ഒന്ന് നോക്കി.

''ഓ! ആ നാണക്കേട് ഞാനങ്ങ് സഹിച്ചോളാം.''

അവൾ മുഖം വക്രിച്ചു കാട്ടിക്കൊണ്ട് പറഞ്ഞു.

''നീ മാത്രമല്ലല്ലോ സഹിക്കേണ്ടത്. ഞാനും കൂടിയല്ലേ!''

അയാളും വിട്ടുകൊടുത്തില്ല.

''അത്രയ്ക്ക് ദെണ്ണണ്ടെങ്കില് നിങ്ങള് തന്നെ കഴുകിക്കൊട്ക്ക്. പിന്നെ... അമ്മയെന്താ തളർവാതം പിടിച്ചു കിടക്കുകയാണോ? അമ്മയ്ക്കെന്താ അച്ഛന്‍റെ തുണി കഴുകിയാൽ? അമ്മേടെ തുണികൾ അമ്മ തന്നെ അലക്കിയിടുന്നുണ്ടല്ലോ...‍?''

സൗദാമിനി മുറിവേറ്റവളെപ്പോലെ ചീറി.

അവളുടെ ആ സംസാരം അയാൾക്ക് അത്ര പിടിച്ചില്ല.

''തളർവാതം വന്നില്ലെങ്കിലും അമ്മയുടെ പ്രായം നീ മനസിലാക്കണം. അവരിപ്പോൾ വിശ്രമിക്കേണ്ട സമയമാണ്.''

അയാൾ തെല്ല് രോഷാകുലനായി പ്രതികരിച്ചു.

''അങ്ങനെയാണെങ്കില് അവര് രാമനാമം ജപിച്ചു കഴിയട്ടെ. എന്തായാലും അമ്മായിയമ്മപ്പോര് എന്‍റടുത്ത് നടക്കില്ല. എന്നെ ഭരിക്കാൻ വന്നാ ഞാനത് സമ്മതിക്കില്ല.''

അയാൾക്ക് അതു കേട്ട് ഉള്ളിൽ കലിയാണു വന്നത്. എങ്കിലും അതിന്‍റെ പേരിൽ ഒരു കുടുംബ കലഹം ഉണ്ടാകാതിരിക്കാനായി സംയമനം പാലിച്ചു.

സൗദാമിനി പറയുന്ന അമ്മയുടെ ഭരണം നല്ലതിനാണെന്നാണ് അയാൾ മനസിലാക്കിയിട്ടുള്ളത്.

വീട്ടിൽ ഗ്യാസടുപ്പുണ്ടെങ്കിലും ചോറിന് തീ പൂട്ടുന്നത് അടുക്കളയിലെ അടുപ്പത്താണ്. അമ്മയാണ് അതിന് വിറക് കത്തിക്കുക. എന്നാൽ, സൗദാമിനി ഇടയ്ക്ക് അവിടെ വന്ന് അടുപ്പിൽ വിറക് പോരെന്നു പറഞ്ഞ് ചകിരിയും മടലുമൊക്കെ കുത്തിത്തിരുകി വക്കുമ്പോൾ അമ്മ ഉപദേശരൂപേണ പറയും: ''മോളെ വിറകിങ്ങനെ കുത്തിനിറച്ചു വച്ചാൽ അടുപ്പ് പുകയുകയേയുള്ളൂ''.

തുടർന്ന് അമ്മ തന്നെ അടുപ്പിൽ നിന്ന് ഏതാനും വിറക് എടുത്തു മാറ്റും. അതോടെ പുകഞ്ഞുകൊണ്ടിരുന്ന അടുപ്പ് ശരിക്ക് കത്തുകയും ചെയ്യും.

എന്നാൽ, തന്നെ കൊച്ചാക്കാൻ വേണ്ടിയാണ് അമ്മ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് സൗദാമിനിയുടെ വിചാരം.

മറ്റൊന്ന് സൗദാമിനിയുടെ കറിവെപ്പിനെക്കുറിച്ചാണ്. കറിക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അമ്മ അത് പെട്ടെന്ന് കണ്ടുപിടിക്കുകയും പറയുകയും ചെയ്യും. അതോടെ സൗദാമിനിയുടെ മുഖം കലം കമഴ്ത്തിവെച്ചതുപോലെയാകും.

ഭക്ഷണം പാചകം ചെയ്യുന്നതിൽ അമ്മയ്ക്കുള്ള കൈപ്പുണ്യം ഒന്നു വേറെത്തന്നെയാണ്. അമ്മ കറിവെച്ചാൽ അതിന് ഒരു പ്രത്യേക സ്വാദ് ഉണ്ടായിരിക്കും. അതുപക്ഷേ സൗദാമിനിയോട് തുറന്നു പറയാൻ സാധിക്കില്ല. അങ്ങനെ പറഞ്ഞാൽ അവൾക്ക് ചൊറിഞ്ഞു കയറും. അതുകൊണ്ട് അതിനെക്കുറിച്ച് അയാൾ ഒന്നും മിണ്ടാറില്ല.

വൃത്തിയുടെ കാര്യത്തിലും അമ്മയാണ് ഒരു പടി മുന്നിൽ. അമ്മ ചകിരിപ്പൂഞ്ചയും ചാരവും ഉപയോഗിച്ചാണ് പാത്രങ്ങൾ വൃത്തിയാക്കിയിരുന്നത്. എങ്ങനെയൊക്കെ കരിപിടിച്ച കലമായാലും അമ്മയുടെ കൈ ചെന്നാൽ അത് കണ്ണാടി പോലെ തിളങ്ങും. മാത്രമല്ല, പാത്രം കഴുകാൻ അമ്മയ്ക്ക് സൗദാമിനി ഉപയോഗിക്കുന്നതിന്‍റെ മൂന്നിരട്ടി വെള്ളവും വേണമായിരുന്നു. രണ്ടു മൂന്നാവർത്തി വെള്ളമൊഴിച്ച് പാത്രം വൃത്തിയാക്കുന്നതാണ് അമ്മയുടെ ഒരു രീതി.

സൗദാമിനി വിമ്മും സ്റ്റീൽപൂഞ്ചയും ഉപയോഗിച്ച് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് പാത്രങ്ങൾ കഴുകിയിരുന്നത്. പക്ഷേ, അതുകൊണ്ട് പല കുഴപ്പങ്ങളും ഉണ്ടായിരുന്നു. പ്ലേറ്റിലെ വക്കിൽ ഉണങ്ങിപ്പിടിച്ച ചോറിൻവറ്റുകൾ ചിലപ്പോൾ പൂർണ്ണമായി വിട്ടു പോയിട്ടുണ്ടാകില്ല. അയാൾ അത് ചൂണ്ടിക്കാട്ടിയാൽ ''എനിക്ക് ഇത്രയൊക്കെയേ പറ്റൂ, ഇതിലും കൂടുതൽ വേണമെങ്കില് മുകുന്ദേട്ടൻ തന്നെ കഴുകിക്കോളൂ'' എന്ന് കെറുവിച്ചുകൊണ്ട് ഒരു പറച്ചിലാണവൾ.

രണ്ടാഴ്ച മുൻപ് ഒരു തീറ്റക്കാര്യത്തെച്ചൊല്ലിയായിരുന്നു സൗദാമിനിയും അമ്മയും തമ്മിലുള്ള പോര്.

ഓർക്കുമ്പോൾ നാണക്കേട് തോന്നും. ആരോടെങ്കിലും പറയാൻ പറ്റുമോ ഇത്തരം കാര്യങ്ങൾ!

മുട്ട ഓംലെറ്റ് ഉണ്ടാക്കിയത് അച്ഛന് കൊടുക്കാതെ അയാൾക്കും കുട്ടികൾക്കും മാത്രം സൗദാമിനി കൊടുത്തതാണ് അമ്മയെ ചൊടിപ്പിച്ചത്.

സത്യത്തിൽ അപ്പോഴാണ് അയാളും അതറിയുന്നത്.

എന്നും ഇങ്ങനെ വഴക്കും വക്കാണവുമായി കഴിയാൻ എനിക്കു വയ്യ. ഒരു വീടോ ഫ്ളാറ്റോ വാടകക്കെടുത്ത് നമുക്ക് അങ്ങോട്ട് താമസം മാറ്റിയാലോ?

മൂലക്കുരുവിന്‍റെ അസുഖമുള്ളതുകൊണ്ട് അമ്മ അങ്ങനെ കോഴിമുട്ട കഴിക്കാറില്ലായിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് കൊടുത്തില്ലെങ്കിലും കുഴപ്പമില്ല. എന്നാൽ, അച്ഛന് അത് കൊടുക്കാതിരുന്നത് വലിയ അപരാധം തന്നെ.

''നീയ്യീ ചെയ്തത് വലിയ തെറ്റാണ്.''

അയാൾ സൗദാമിനിയെ നോക്കി തെല്ല് ഈർഷ്യയോടെ പറഞ്ഞു.

''അതിനിവിടെ ആകെ രണ്ട് കോഴിമുട്ടയാണുണ്ടാരുന്നത്. അത് ഞാനാർക്കൊക്കെ കൊടുക്കും?''

സൗദാമിനി ഉടനെ മറുവാദമുന്നയിച്ചു.

''എങ്കിൽ എനിക്കു തരാതെ അത് അച്ഛനു കൊടുക്കാമായിരുന്നില്ലേ?''

അതിന് സൗദാമിനിക്ക് ഉത്തരം മുട്ടി. എങ്കിലും അവൾ വിടാനുള്ള ഭാവമില്ലായിരുന്നു.

''അച്ഛനു കൊടുക്കാത്തതിലല്ലേ നിങ്ങൾക്കൊക്കെ പരാതി. എനിക്കും മുട്ട കഴിക്കണമെന്നൊക്കെയുണ്ട്. എന്നാ ഞാനും കഴിച്ചിട്ടില്ല. അത് നിങ്ങളാരെങ്കിലും മനസിലാക്കിയോ?''

സൗദാമിനിയുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു.

അതോടെ അമ്മയ്ക്കും അയ്യത്തടാന്നായി.

അയാളും ഒരു നിമിഷം എന്തു പറയണമെന്നറിയാതെ സ്തബ്ധനായി.

അപ്പോഴാണ് അച്ഛൻ ഇടപെട്ടത്. അമ്മയെ ശകാരിച്ചുകൊണ്ടായിരുന്നു അച്ഛന്‍റെ തുടക്കം- ''എന്‍റെ കാര്യം പറഞ്ഞ് നീയ്യെന്തിനാ അവളോട് എപ്പോഴും തട്ട് കൂടുന്നത്? എനിക്ക് ഒന്നിലും ഒരു പരാതിയുമില്ല. ഞാൻ ഓംപ്ലേറ്റ് കഴിച്ചില്ലെന്നു വച്ച് ഒന്നും സംഭവിക്കാനും പോണില്ല. എന്നാല് അവര് ചെറുപ്പല്ലേ. അവര് തന്ന്യാ ഇതൊക്കെ ഇപ്പോൾ കഴിക്കേണ്ടത്. എനിക്ക് വയസായി. ഇനി ഇതൊക്കെ കഴിച്ചാലെന്ത്; കഴിച്ചില്ലെങ്കിലെന്ത്? ഞാൻ വീട്ടിലിരിക്കുന്ന ആളല്ലേ. എന്നാൽ, എന്നെപ്പോലെയാണോ മുകുന്ദൻ? എന്തായാലും ഇനി മേലാൽ ഇത്തരം സംസാരം ഇവിടെ വേണ്ട.''

അങ്ങനെയൊക്കെ അച്ഛൻ പറഞ്ഞെങ്കിലും ആ സ്വരത്തിലെ സങ്കടവും വിങ്ങലും അയാൾക്ക് മനസിലായി. എന്നിരുന്നാലും അന്നേരം അയാൾ ഒന്നും പറഞ്ഞില്ല.

പക്ഷേ, ബെഡ്റൂമിൽ വച്ച് കുട്ടികൾ ഉറങ്ങിയപ്പോൾ അയാൾ സൗദാമിനിയെ ഒന്ന് ഉപദേശിക്കാൻ ശ്രമിച്ചു.

അവളാകട്ടെ, അയാളുടെ വാക്കുകൾ കേട്ടത് തെല്ല് പുച്ഛത്തോടെയാണ്.

കിടക്കപ്പായിൽ പരസ്പരം തിരിഞ്ഞു കിടന്നു കൊണ്ടായിരുന്നു അതവസാനിച്ചത്.

എങ്കിലും ഒരു ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ അയാൾക്ക് സൗദാമിനിയോട് സഹതാപം തോന്നി. ഒന്നുമില്ലേലും അവൾക്ക് അയാളോടും കുട്ടികളോടുമുള്ള സ്നേഹക്കൂടുതൽ കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്.

അയാൾ അവളുടെ അരക്കെട്ടിൽ കൈ ചുറ്റി ചേർത്തു കിടത്താനായി ശ്രമിച്ചു. എന്നാൽ, ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്ന അവൾ അയാളുടെ കൈ തട്ടിത്തെറിപ്പിച്ചു.

എങ്കിലും കുറേയധികം ആശ്വാസവാക്കുകൾ പറഞ്ഞും പതുക്കെ തലോടിയുമൊക്കെ അയാൾ അവളുടെ പിണക്കത്തെ ക്രമേണ അലിയിച്ചു കളഞ്ഞു.

പിണക്കം കഴിഞ്ഞുള്ള ഇണക്കത്തിന് എപ്പോഴും പതിൻമടങ്ങ് ശക്തിയുണ്ടല്ലോ. ആ ശക്തിയിൽ ഒരുമിച്ചൊരു മനസും ശരീരവുമായി കിടക്കവേയാണ് സൗദാമിനി 'വാടകവീട് 'എന്ന ആശയം പുറത്തെടുത്തത്.

''എന്നും ഇങ്ങനെ വഴക്കും വക്കാണവുമായി കഴിയാൻ എനിക്കു വയ്യ. ഒരു വീടോ ഫ്ളാറ്റോ വാടകക്കെടുത്ത് നമുക്ക് അങ്ങോട്ട് താമസം മാറ്റിയാലോ?''

''എന്ത്?.... എന്താ നീയ്യീ പറയുന്നത്? നിനക്ക് തലയ്ക്കു നല്ല സുഖമില്ലേ...? ഇങ്ങനെയുള്ള നിസ്സാര കാര്യങ്ങൾക്ക് വീട് മാറാനോ...!''

അയാൾ താമസം മാറാനുള്ള അവളുടെ തീരുമാനത്തെ ശക്തമായി എതിർത്തു.

പക്ഷേ, അയാൾ എന്തൊക്കെ പറഞ്ഞിട്ടും അവൾ സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. ഇടയ്ക്ക്, കഴിഞ്ഞു പോയ കാര്യങ്ങൾ പലതും പറഞ്ഞ് വിതുമ്പിക്കരഞ്ഞു.

അതോടെ അയാളും തെല്ലൊന്നയഞ്ഞു. അമ്മയുടെ സങ്കടം പോലെത്തന്നെ അവളുടെ സങ്കടവും കണ്ടില്ലെന്ന് നടിക്കാൻ അയാൾക്കാവില്ലല്ലോ.

അയാൾ അവൾക്കു വഴങ്ങുന്നു എന്ന് തോന്നിയപ്പോൾ അവൾ കൂടുതൽ സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് അയാളുടെ നെഞ്ചിലേക്കു വലിഞ്ഞുകയറി. അവിടെ കമഴ്ന്നു കിടന്ന് അയാളുടെ ചുണ്ടുകളെ വിഴുങ്ങുന്ന ഒരു ചുംബനത്തോടെ അവൾ മന്ത്രിച്ചു:

''നമ്മൾ വാടകവീടെടുത്ത് താമസം മാറുന്നുവെന്ന് വച്ച് അച്ഛനേയും അമ്മയേയും എന്നെന്നേക്കുമായി ഉപേക്ഷിക്കുകയാണെന്ന് അതിനർത്ഥമില്ല. മുകുന്ദേട്ടൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അവരുടെ അടുത്തു പോയി കാര്യങ്ങൾ അന്വേഷിക്കണം. അവർക്ക് വേണ്ടതെന്താന്നു വച്ചാൽ ചെയ്തു കൊടുക്കണം. അവർക്കു വേണ്ട മരുന്നും വീട്ടുസാമാനങ്ങളും മുടങ്ങാതെ വാങ്ങിക്കൊടുക്കണം.''

അവളുടെ വാക്കുകൾ മുഴുവൻ കേട്ടിട്ടും പക്ഷേ, വാടക വീട് എന്ന ആശയത്തോട് പൊരുത്തെപ്പെടാൻ അയാൾ പിന്നെയും മടിച്ചു. അവൾ പറഞ്ഞതുപോലെയൊക്കെ ചെയ്താലും, ഒരു മകൻ എന്ന നിലയ്ക്കുള്ള അയാളുടെ കടമകൾ അവസാനിക്കുമോ? അതുകൊണ്ട് മാത്രം അവർ തൃപ്തരാകുമോ?

AI wing | Metro Vaartha

എന്നാൽ, അയാൾ എന്തൊക്കെ ന്യായങ്ങൾ നിരത്തിയിട്ടും സൗദാമിനി അതിനൊന്നും വഴങ്ങിയില്ല. ഇനിയും അമ്മയുമായി ഒത്തു പോകാൻ കഴിയില്ലെന്ന് അവൾ തീർത്തു പറയുകയും, ഇനി അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ അവൾ കുട്ടികളെയും കൊണ്ട് വീട്ടിലേക്കു പോകുമെന്ന് കട്ടായം പറയുകയും ചെയ്തു. അതോടെ വേറെ വഴിയില്ലെന്നു കണ്ട് അയാൾ കീഴടങ്ങുകയായിരുന്നു.

അങ്ങനെയാണ് 10,000 രൂപ അഡ്വാൻസ് കൊടുത്ത് 2,500 രൂപ മാസ വാടകയ്ക്ക് ഈ വീടെടുത്ത് താമസം തുടങ്ങിയത്.

എന്നാൽ, തറവാട്ടിൽ നിന്നു താമസം മാറുകയാണെന്നറിഞ്ഞപ്പോൾ അമ്മയും അച്ഛനും വല്ലാതെ സങ്കടപ്പെട്ടു.

അച്ഛൻ പലതും പറഞ്ഞ് പോകരുതെന്നു വിലക്കി. 'ഇനി ഒരക്ഷരം പോലും അമ്മ സൗദാമിനിയോട് എതിർത്തുപറയില്ലെന്നും ഞാനതു നോക്കിക്കൊള്ളാമെന്നും' അച്ഛൻ പിന്നെയും പിന്നെയും വാക്കു തന്നു....

അമ്മ അതറിഞ്ഞപ്പോൾ മുതൽ കരച്ചിലായിരുന്നു.

അതു കണ്ടപ്പോൾ കൂടുതൽ സങ്കടമായി.

വീട് മാറുന്നതിന്‍റെ വിഷമത്തെക്കുറിച്ച് അയാൾ വീണ്ടും സൗദാമിനിയെ ബോധ്യപ്പെടുത്തി പിൻതിരിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ, സൗദാമിനി കടുകിട പോലും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലായിരുന്നു. അവൾ പിടിച്ച വാശിയിൽ തന്നെ ഉറച്ചു നിന്നു. അങ്ങനെയാണ് ഇപ്പോൾ, ഈ വീട്ടിൽ....

അവിടെ നിന്നു താമസം മാറിയിട്ട് ഇന്നേക്ക് 28 ദിവസം പിന്നിട്ടിരിക്കുന്നു.

താമസം മാറിയപ്പോൾ മുതൽ സൗദാമിനി വലിയ സന്തോഷത്തിലായിരുന്നു. പുതിയൊരു ആകാശവും പുതിയൊരു ഭൂമിയും സ്വന്തമായി കിട്ടിയതുപോലെ അവൾ മതിമറന്ന് ആഹ്ളാദിച്ചു... വീട് മാറിയതിലോ അച്ഛനേയും അമ്മയേയും തനിച്ചാക്കി പോന്നതിലോ അവൾക്ക് ഒരു കുറ്റബോധവുമില്ലായിരുന്നു.

എന്നാൽ, കുട്ടികൾക്ക് അച്ചാച്ചനേയും അച്ചമ്മയേയും വിട്ടു പോന്നതിൽ വലിയ വിഷമവും വ്യസനവുമുണ്ടായി.

അവർ തറവാട്ടിലേക്കു തന്നെ തിരിച്ചു പോകണമെന്ന് പലവട്ടം വാശി പിടിച്ചതാണ്. പക്ഷേ, സൗദാമിനി കുട്ടികളെ ചൂരലെടുത്ത് വിരട്ടിയും, ഓരോന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചും സ്നേഹവാക്കുകൾ പറഞ്ഞ് അനുനയിപ്പിച്ചുമൊക്കെ അടക്കി നിർത്തി.

അയാൾക്ക് ആദ്യമൊക്കെ വലിയ പാപബോധവും പ്രയാസവും തോന്നിയിരുന്നു. പിന്നെ അയാളും അതൊക്കെ മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു... എങ്കിലും എത്ര മറക്കാൻ ശ്രമിച്ചാലും ഇടയ്ക്കൊക്കെ ചില ഓർമ്മകൾ വന്ന് അയാളെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു.

എന്നാൽ ഇന്ന്, ഈ നിമിഷം, ചൂടുള്ള ഒരു ഉമ്മ കൊണ്ട് നിഖിൽ അയാളുടെ മനസിനെ വല്ലാതെ പൊളളിച്ചിരിക്കുന്നു! അയാളെ അവൻ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിരിക്കുന്നു....

നിഖിൽ എന്ന അപ്പൂസ് ഇപ്പോൾ മുകുന്ദനെന്ന കുട്ടിയായി മാറുകയാണ്. ആ കുട്ടിയെ വാരിയെടുത്തു കൊഞ്ചിക്കുകയാണ് ഭാസ്കരൻ എന്ന് പേരുള്ള ഒരു അച്ഛൻ! ആ കുട്ടിയെ കൈ പിടിച്ചു നടത്തുകയാണ് മാധവി എന്ന് പേരുള്ള ഒരു അമ്മ....

അച്ഛന്‍റെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരായിരുന്നു.

അയാൾ കാട്ടിയതുപോലെ അവരോട് അയാളുടെ അച്ഛൻ ഒരിക്കലും പെരുമാറിയിട്ടില്ല. ഒരിക്കലും അവരെ തനിച്ചു താമസിക്കാൻ വിട്ട് അച്ഛൻ മാറിത്താമസിച്ചിട്ടില്ല. മരിക്കുന്നതു വരേയും അച്ചാച്ചനും അച്ചമ്മയും അച്ഛന്‍റെയും അമ്മയുടേയും കൂടെത്തന്നെയായിരുന്നു.

മാതാപിതാക്കളെ വൃദ്ധസദനങ്ങളിലെത്തിച്ച് സുഖജീവിതം നയിക്കുന്നവരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും അതിനെ നിശിതമായി എതിർക്കുകയും ചെയ്തിരുന്ന അയാൾക്ക് അതൊക്കെ മറക്കാൻ എങ്ങനെ കഴിഞ്ഞു...?

ഓർക്കുന്തോറും അയാൾ സ്വയം ഒരു കോടതിയായി മാറി.

സ്വയം വിചാരണക്ക് വിധേയനായി നീറിനിന്നു.

സ്വയം വിധി പ്രസ്താവിച്ച് കുറ്റവാളിയായി മുൾക്കിരീടം ശിരസാവഹിച്ചു....

ഈശ്വരൻ പോലും പൊറുക്കാത്ത ഈ തെറ്റിന് ഒരേയൊരു പരിഹാരമേയുള്ളൂ. അയാൾ അതിനായി മനസിനേയും ചിന്തയേയും പാകപ്പെടുത്തി ദൃഢമാക്കി....

''അപ്പൂസിന് അച്ചാച്ചനേയും അച്ചമ്മയേയും കാണണോ?''

അയാൾ നിഖിലിനെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർത്തു പിടിച്ച്, അവന്‍റെ കാതിൽ മെല്ലെ ചോദിച്ചു.

''കാണണം.''

പെട്ടെന്നായിരുന്നു അവന്‍റെ മറുപടി.

''മോന് അവരെ ഇഷ്ടാണോ?''

''മ്ആ ഇഷ്ടാണ്.''

അവൻ പറഞ്ഞു.

അല്ലെങ്കിലും അവരെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കാണ് കഴിയാതിരിക്കുക! കുട്ടികളെപ്പോലെ നിഷ്കളങ്കരായവരല്ലേ പ്രായമായവരും.

എന്നാണ് അച്ഛാ നമ്മള് അവരുടെയടുത്ത് പോണത്?

അച്ഛനും അമ്മയ്ക്കും കുട്ടികളെ ജീവനായിരുന്നു. എന്നും വൈകീട്ട് അച്ഛനൊരു നടത്തമുണ്ട്. വടി കുത്തിയുള്ള ആ നടത്തം കൂട്ടുങ്ങലെ അങ്ങാടിയിലെത്തിയാണ് നിൽക്കുക. അവിടെ അച്ഛന് ഒരുപാട് പരിചയക്കാരുണ്ട്. അതിലൊരാളാണ് ചായക്കട നടത്തുന്ന കുഞ്ഞുമോനേട്ടൻ. അവിടെ നിന്ന് ഒരു ചായ കുടിക്കുന്നത് അച്ഛന്‍റെ പതിവുശീലങ്ങളിലൊന്നാണ്. ചായക്കടയിൽ നിന്നു മടങ്ങുമ്പോൾ അക്കര അന്തോണിയുടെ കടയിൽ നിന്ന് അച്ഛൻ കപ്പലണ്ടിയോ കടലയോ വാങ്ങും. അത് കുട്ടികൾക്കുള്ളതാണ്. അത് മനസിലാക്കി ചിലപ്പോൾ കുട്ടികൾ അച്ഛൻ പോകാൻ നേരം അങ്ങോട്ട് കയറി ആവശ്യപ്പെടും: ''ഇന്ന് നാരങ്ങമിഠായി മതി അച്ചാച്ചാ.''

അന്ന് നാരങ്ങമിഠായിയുമായിട്ടായിരിക്കും അച്ഛനെത്തുന്നത്...

സന്ധ്യയായാൽ അമ്മയാണ് വീട്ടിൽ വിളക്ക് വെക്കുക. ചുമരിലിരിക്കുന്ന ദൈവപടങ്ങൾക്കു കീഴെ സിറ്റൗട്ടിൽ, മുൻവാതിലിനു മുന്നിലായി അമ്മ നിലവിളക്കു കത്തിച്ചു വച്ചതിനു ശേഷം അഖിലിനേയും നിഖിലിനേയും അടുത്തേക്കു വിളിക്കും. പിന്നെ നാമജപമാണ്.

അമ്മ കൈകൂപ്പി അർദ്ധനിമീലിതനേത്രങ്ങളുമായി 'രാമനാരായണാ' എന്ന് ഉരുവിടുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്യും.

ചിലപ്പോൾ പുരാണത്തിലെ ശീലുകളാവും അമ്മയുടെ നാവിൻതുമ്പിൽ.

പോരാത്തതിന് പുരാണത്തിലേയോ ചരിത്രത്തിലേയോ വീരപുരുഷൻമാരുടെ കഥകളും.

കുട്ടികൾക്ക് കൊച്ചു ടിവിയിലെ കാർട്ടൂൺ പരമ്പരകളോടാണ് കൂടുതൽ താൽപ്പര്യമെങ്കിലും അമ്മ നിർബന്ധിച്ച് അവരെ അവിടെ പിടിച്ചിരുത്തി കഥകൾ കേൾപ്പിക്കും....

എന്നാൽ, സൗദാമിനിക്ക് ഇതൊന്നും അത്ര ഇഷ്ടമല്ല. രാമന്‍റേയും കൃഷ്ണന്‍റേയും കഥ കേട്ടാൽ പരീക്ഷ എഴുതാൻ പറ്റില്ലെന്നാണ് അവളുടെ ഒരു പരിഹാസം....

''എന്നാണ് അച്ഛാ നമ്മള് അവരുടെയടുത്ത് പോണത്?''

ഒരു നിമിഷം ആലോചനയിലേക്കാണ്ടുപോയ അയാളെ ഉണർത്തിക്കൊണ്ട് നിഖിലിന്‍റെ ശബ്ദമുയർന്നു.

അയാൾക്ക് അപ്പോൾ ഒട്ടും ആലോചിക്കേണ്ടി വന്നില്ല,

''നാളെ, നാളെത്തന്നെ പോകാം'', അയാൾ പറഞ്ഞു.

നിഖിലിന് അതു കേട്ട് വലിയ സന്തോഷമായി. അവൻ ചൂടുള്ള ഒരു ഉമ്മ അയാളുടെ കവിളിൽ നൽകിക്കൊണ്ടാണ് അത് പ്രകടിപ്പിച്ചത്....

വീട്ടിലേക്ക് തിരികെ പോകാനുള്ള തീരുമാനം സൗദാമിനി എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ അയാൾക്ക് അല്പം ആശങ്കയുണ്ടായിരുന്നു. എന്നിരുന്നാലും താനെടുത്ത തീരുമാനത്തിൽ നിന്ന് ഒരു കാരണവശാലും പിൻതിരിയേണ്ടതില്ലെന്ന് അയാൾ മനസിലുറപ്പിച്ചു. അതിനായി മനസിനെ പാകപ്പെടുത്തി.

അന്നു സൗദാമിനി വില്ലേജോഫിസിൽ നിന്നു പതിവിലും വൈകിയാണ് എത്തിയത്.

അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ജോലിക്കൂടുതലാണെന്ന് അവൾ കാരണവും പറഞ്ഞു.

അതുകൊണ്ട് ചായകുടി കഴിഞ്ഞ് സൗദാമിനി വിശ്രമിക്കുന്ന നേരത്താണ് വീട്ടിലേക്കു മടങ്ങിപ്പോകുന്നതിനെക്കുറിച്ച് അയാൾ പറഞ്ഞുതുടങ്ങിയത്...

സൗദാമിനി അപ്പോൾ അരുതാത്തതെന്തോ കേട്ടതു പോലെ രൂക്ഷഭാവത്തിൽ അയാളെ നോക്കിക്കൊണ്ട് ചോദിച്ചു: ''എന്തു ഭ്രാന്താണ് മുകുന്ദേട്ടനീ പറയുന്നത്?''

''ഞാൻ പറഞ്ഞത് ഭ്രാന്തല്ല.... കാരണം, ഒന്നാലോചിച്ചപ്പോൾ നമ്മളീ ചെയ്യുന്നത് ശരിയല്ലെന്നു എനിക്കു തോന്നി.''

''എന്താ ഇപ്പോഴിങ്ങനെ തോന്നാൻ?''

''അതിന് ഒട്ടേറെ കാരണങ്ങളുണ്ട്. നീയ്യൊന്ന് ഓർത്ത് നോക്കിയേ. നമ്മളിപ്പോൾ നമ്മുടെ മക്കളെ സ്നേഹിക്കുന്നതു പോലെ നമ്മളേയും നമ്മുടെ അച്ഛനമ്മമാർ സനേഹിച്ചിട്ടുണ്ടാവില്ലേ? ഇതുപോലെ അവരും നമ്മളെ ലാളിച്ചിട്ടുണ്ടാവില്ലേ? നമ്മൾ ഇത്രയ്ക്കൊക്കെ ആവാനായി അവർ എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും? നമ്മളിപ്പോൾ അവരോട് ചെയ്തതുപോലെ നമ്മുടെ മക്കൾ നമ്മളോട് പെരുമാറിയാൽ നിനക്കത് സഹിക്കാനാവുമോ?''

സൗദാമിനി അതു കേട്ട് ഒരു നിമിഷം അയാളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. പിന്നെ അല്പം പരിഹാസച്ചുവയോടെ പറഞ്ഞു: ''അതിന് വയസായിക്കഴിഞ്ഞാൽ നമ്മളായാലും കിട്ടിയതു തിന്ന് മിണ്ടാതെ ഒരു ഭാഗത്ത് അടങ്ങിക്കഴിയണം. അല്ലാതെ മക്കളേയോ മരുമക്കളേയോ ഭരിക്കാൻ നിന്നാൽ നമ്മുടെ ഗതിയും ഇതൊക്കെത്തന്നെയാകും. അതിന് മക്കളേയോ മരുമക്കളേയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.''

''ഇതൊക്കെ നീയ്യിപ്പോൾ പറയും. നീയ്യെന്നല്ല എല്ലാ പെണ്ണുങ്ങളും ഇങ്ങനെയൊക്കെത്തന്നെയാണ് പറയുക. എന്നാൽ, പ്രായമായാൽ ഇതേ മരുമക്കൾ അമ്മായിയമ്മമാരാവുകയും ചരിത്രം ആവർത്തിക്കുകയും ചെയ്യും. അന്ന് അതിന് അവർക്ക് പറയാൻ മറ്റൊരു ന്യായവുമുണ്ടാകും.''

''അതൊക്കെ മുകുന്ദേട്ടനു വെറുതെ തോന്നുന്നതാണ്. വയസായാൽ എങ്ങനെ മരുമക്കളോട് പെരുമാറണമെന്ന് എനിക്കറിയാം. മുകുന്ദേട്ടൻ എന്തൊക്കെ പറഞ്ഞാലും ഞാനിനി അങ്ങോട്ടില്ല.''

''എന്നാൽ ഞാനും കുട്ടികളും നാളെ വീട്ടിലേക്കു മടങ്ങുകയാണ്.''

''അപ്പോൾ ഈ വീടിന് അഡ്വാൻസ് കൊടുത്ത കാശ് തിരിച്ചു കിട്ടുമെന്നു തോന്നുന്നുണ്ടോ''.

സൗദാമിനി ഉടനെ മറ്റൊരു പ്രശ്നം എടുത്തിട്ടു. എങ്ങനെയും വാടകവീട് വിട്ട് വീണ്ടും തറവാട്ടിലേക്കു പോകുന്നത് തടയുകയായിരുന്നു അവളുടെ ഉദ്ദേശ്യം. അത് മനസിലാക്കിക്കൊണ്ട് അയാൾ പറഞ്ഞു:

''അത് ഞാൻ വാങ്ങിക്കോളാം. സുലൈമാനിക്ക അത് തിരിച്ചു തരുമെന്ന് എനിക്കുറപ്പുണ്ട്. നമ്മള് തറവാട്ടിൽ നിന്ന് മാറിത്താമസിക്കുകയാണെന്ന് പറഞ്ഞപ്പോൾ സുലൈമാനിക്ക പറഞ്ഞത് എന്താണെന്ന് എനിക്കറിയാം. പടച്ചോന് നിരക്കുന്നതാണോ നീയ്യീ ചെയ്യുന്നതെന്നാണ് ഇക്ക എന്നോട് ചോദിച്ചത്. അതുകൊണ്ട് അക്കാര്യത്തിൽ എനിക്കു ലവലേശം വേവലാതിയില്ല. മൂപ്പര് പറഞ്ഞാൽ മനസിലാകുന്ന കൂട്ടത്തിലാണ്. നല്ലൊരു മനുഷ്യനുമാണ്.''

അതോടെ തന്‍റെ രണ്ടാമത്തെ നമ്പറും ചീറ്റിപ്പോയെന്ന് സൗദാമിനിക്കു മനസിലായി.

''മുകുന്ദേട്ടന് ഓരോ നേരത്ത് ഓരോ തോന്നലാണ്. എന്തായാലും ഞാനിനി അങ്ങോട്ടില്ല.''

അവൾ കട്ടായമായി പറഞ്ഞു.

''അപ്പോൾ നീയ്യിവിടെ ഒറ്റയ്ക്ക് കഴിയാനാണോ ഉദ്ദേശിക്കുന്നത്?''

''ഞാൻ ഒറ്റയ്ക്കല്ല. കുട്ടികളും എന്‍റെ കൂടെയുണ്ടാകും'

''അതിന് കുട്ടികൾക്ക് ഇവിടെ നിൽക്കുന്നതിനേക്കാൾ ഇഷ്ടം അവിടെ നിൽക്കാനാണ്. അവരും എന്‍റെ കൂടെ വരുന്നുണ്ട്.''

അതുകൂടി കേട്ടപ്പോൾ സൗദാമിനിയുടെ ഭാവം മാറി.

''അപ്പോൾ ഞാൻ മാത്രമാണ് ഇവിടെ പുറന്തട്ട് ...! അച്ഛനും മക്കളും കൂടി എന്നെ തോൽപ്പിക്കാനുള്ള ശ്രമമാണല്ലേ?''

അവൾ ദേഷ്യത്തോടെ ചോദിച്ചു.

''ഇവിടെ ആരും ആരെയും തോൽപ്പിക്കുന്നില്ല. ആരും തോൽക്കുന്നുമില്ല. സൗദാമിനി ഒരു കാര്യം മനസിലാക്കണം. അവരൊക്കെ പ്രായമായവരാണ്. ഒരുപാട് ജീവിതം കണ്ടവരും അനുഭവിച്ചവരുമാണ്. അവർ നമ്മളെ ഒന്ന് ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്തെന്നു വച്ച് നമ്മളത് നെഗറ്റീവായിട്ടെടുക്കുകയല്ല വേണ്ടത്. അവർ പറയുന്നത് പോസിറ്റീവായി എടുക്കുന്നതിലാണ് നമ്മുടെ മഹത്വം. അവർക്ക് നമ്മളെ ഉപദേശിക്കാനും ശാസിക്കുന്നതിനുമുള്ള അർഹതയും അധികാരവുമുണ്ട്. നമ്മുടെ കുട്ടികളെ നാം ശാസിക്കുകയും ചിലപ്പോൾ തല്ലുകയും ചെയ്യുന്നുണ്ടല്ലോ. അതിനൊക്കെ അവർ ഇന്ന് നീ ചെയ്യുന്നതുപോലെ പ്രതികരിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതി? ഇത് പക്ഷേ അവർ നമ്മളെ തല്ലുകയൊന്നും ചെയ്യുന്നില്ലല്ലോ. പ്രായമായവർ പറയുന്നതിൽ കാര്യമുണ്ടെങ്കിൽ നാമത് അംഗീകരിക്കുകയും അനുസരിക്കുകയും വേണം. അതല്ലാ. അവർ പറയുന്നതിൽ കഴമ്പില്ലെന്നാണെങ്കിൽ കാര്യകാരണസഹിതം നമ്മളത് അവരെ ബോധ്യപ്പെടുത്തി നിരസിക്കുകയും വേണം. ഒന്നുമില്ലേലും നമ്മൾക്ക് അവരേക്കാൾ വിദ്യാഭ്യാസവും വിവരവുമുണ്ടല്ലോ? നമ്മളെ അവര് മനസിലാക്കുന്നതിനേക്കാൾ നമ്മൾ അവരെ മനസിലാക്കുന്നതാണ് കൂടുതൽ ഉചിതം. അവരോടുള്ള കടം വീട്ടാൻ ഇത്രയൊന്നും ചെയ്താൽ പോര സൗദാമിനി. നമ്മുടെ മക്കൾ നമ്മളെ കണ്ടാണ് എല്ലാം പഠിക്കുന്നത്....''

അയാൾ ശാന്തഭാവത്തിൽ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.

സൗദാമിനി അപ്പോൾ തെല്ലുനേരം നിശ്ശബ്ദയായി. എങ്കിലും തുടർന്ന് അവൾ പറഞ്ഞത് ഇങ്ങനെയായിരുന്നു:

''എന്തായാലും എനിക്കൊന്ന് ആലോചിക്കണം. ഇതിപ്പോൾ നാട്ടുകാര് കേട്ടാലും വല്ലാത്തൊരു നാണക്കേടാണ്. വാടകവീട്ടിലേക്ക് താമസം മാറി മാസം ഒന്നാവണേനു മുമ്പ് വന്നോടത്തേക്ക് തന്നെ തിരിച്ചു പോകുകയാണെന്നറിഞ്ഞാൽ നാട്ടുകാര് കളിയാക്കിച്ചിരിക്കും.''

''നാട്ടുകാര് എന്തു വേണമെങ്കിലും വിചാരിക്കട്ടെ. അതൊന്നും നമ്മള് നോക്കണ്ട. നാട്ടുകാരുടെ ചിലവിലല്ലല്ലോ നമ്മൾ ജീവിക്കുന്നത്.''

അയാളുടെ ശബ്ദം അല്പം പരുഷമായി....

അവൾ കൂടുതലൊന്നും പറഞ്ഞ് തർക്കിക്കാൻ നിന്നില്ല. എന്തോ നഷ്ടക്കച്ചവടം പറ്റിയതു പോലെ താടിക്കു കൈ കൊടുത്ത് കഷ്ടം ഭാവിച്ച് വെറുതെ തൊടിയിലേക്കു നോക്കി ഇരുന്നു....

അന്ന് വളരെ സമാധാനത്തോടെയാണ് അയാൾ കിടന്നുറങ്ങിയത്. സൗദാമിനി തെല്ല് അകൽച്ചയോടെ പുറംതിരിഞ്ഞു കിടന്നിട്ടു പോലും.

പിറ്റേന്ന് നേരം വെളുത്തിട്ടും പക്ഷേ, സൗദാമിനിയുടെ മുഖം തെളിഞ്ഞില്ല. ഇനിയും അവൾ ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്ന് അവളുടെ ഭാവഹാവാദികൾ വിളിച്ചറിയിക്കുകയും ചെയ്തു.

രാവിലെ അടുക്കള ജോലിക്കിടയിൽ ചറപറാന്ന് സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതമാണ് സൗദാമിനിയുടേത്. എന്നാൽ, അവളിന്ന് അങ്ങട്ടെന്തെങ്കിലും ചോദിച്ചാൽ മാത്രമാണ് മറുപടി പറയുന്നത്. അതു തന്നെ വീണ്ടും വീണ്ടും ആവർത്തിച്ച് ചോദിച്ചാൽ മാത്രം.

അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്തേക്ക് എന്ന മട്ടിൽ കുട്ടികളോടും അവൾ അകാരണമായി തട്ടിക്കയറാൻ തുടങ്ങിയിരുന്നു.

പൊതുവേ അവധിദിവസങ്ങളിൽ കുട്ടികളെ അവൾ നേരത്തെ വിളിച്ചുണർത്തുന്ന പതിവുണ്ടായിരുന്നില്ല. പക്ഷേ, അന്ന് ഞായറാഴ്ചയായിരുന്നിട്ടും അവൾ കുട്ടികളെ നേരത്തെ തന്നെ വിളിച്ചുണർത്തുന്നതാണു കണ്ടത്.

ഉറക്കം വിട്ടുമാറാത്ത കണ്ണുകളുമായി വാതിൽപ്പടിയിൽ വന്നിരുന്ന് കോട്ടുവായ് വിട്ടിരുന്ന കുട്ടികളോട് അവൾ ആദ്യം ചോദിച്ചത് ''നിങ്ങള് ഇന്ന് അച്ഛന്‍റെ കൂടെ തറവാട്ടിൽ പോകുന്നുണ്ടോ'' എന്നാണ്. അതിന് കുട്ടികൾ ''പോകുന്നുണ്ട്'' എന്ന് മറുപടി പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് അവളുടെ ഈ പെരുമാറ്റം! അത് കണ്ടപ്പോഴൊക്കെ അയാൾക്ക് കാലിന്‍റെ പെരുവിരൽ മുതൽ തരിപ്പ് കയറിയതാണ്. എങ്കിലും കഷ്ടപ്പെട്ട് സ്വയം നിയന്ത്രിച്ചു.

അവൾക്കുണ്ടായ വിഷമം അയാൾക്ക് മനസിലാക്കാവുന്നതാണ്.

അഖിലും നിഖിലും അവളുടെ കൂടെ നിൽക്കുമെന്നാണ് അവൾ കരുതിയിരുന്നത്. എന്നാൽ, അവളുടെ ആ ആഗ്രഹം മുളയിലേ കരിഞ്ഞുപോയതിൽ അവൾക്ക് വല്ലാത്ത അമർഷവും സങ്കടമുണ്ടായിട്ടുണ്ടാകണം.

അത് തികച്ചും സ്വാഭാവികം.

അതുകൊണ്ട് അവളുടെ പ്രതിഷേധങ്ങളെ അവഗണിച്ചു കൊണ്ട് അയാൾ കുട്ടികളെ വിളിച്ച് വേഗം കുളിമുറിയിൽ കയറി. ആദ്യം നിഖിലിനേയും പിന്നെ അഖിലിനേയും കുളിപ്പിച്ചു. സാധാരണയായി സൗദാമിനിയാണ് ഇതൊക്കെ ചെയ്യാറ്....

കുളി കഴിഞ്ഞ് പുറത്തിറങ്ങിയ അയാളും കുട്ടികളും തറവാട്ടിലേക്ക് പുറപ്പെടാനായി വേഷം മാറുമ്പോൾ സൗദാമിനി അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ കട്ടിലിൽ തളർന്നു കിടക്കുന്നുണ്ടായിരുന്നു. കരയുന്ന ഭാവത്തിലുള്ള ആ കിടപ്പ് കണ്ടപ്പോൾ അയാൾക്ക് വിഷമം തോന്നി. അയാൾ അവളുടെ അടുത്തുചെന്ന് വീണ്ടും ചോദിച്ചു: ''സൗദാമിനി ഞങ്ങളുടെ കൂടെ പോരുന്നില്ലേ?'

''ഇല്ല'', എടുത്തടിച്ചതു പോലെയായിരുന്നു അവളുടെ മറുപടി. അതോടെ അയാൾ പിൻവാങ്ങി. പിന്നെ കുട്ടികളുടെ ഊഴമായിരുന്നു.

അവരും അവളെ കൂടെ കൂട്ടാൻ ആവുന്നതും ശ്രമിച്ചു.

പക്ഷേ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. അഖിലും നിഖിലും മാറി മാറി വിളിച്ചിട്ടും അവൾ വഴങ്ങാൻ തയ്യാറായില്ല.

അതോടെ അയാൾക്ക് തെല്ല് അരിശം വന്നു. അയാൾ പിന്നെ അവളെ ഗൗനിക്കാതെ, പെട്ടിവണ്ടിക്കാരൻ ജോസഫിനെ ഫോണിൽ വിളിച്ച് ഏതാനും സാധനസാമഗ്രികൾ തറവാട്ടു വീട്ടിലെത്തിക്കാനുണ്ടെന്നും ഇന്ന് തന്നെ അത് അവിടെ എത്തിക്കണമെന്നും നിർദ്ദേശം നൽകി.

അയാൾ ബൈക്കിൽ കുട്ടികളേയും കൊണ്ട് ടാറിട്ട നിരത്തിലേക്കു പ്രവേശിച്ചു. നിരത്തിൽ അപ്പോൾ ഉദയസൂര്യന്‍റെ കിരണങ്ങൾ മുത്തമിടാൻ തുടങ്ങിയിരുന്നു...

അതിനു ശേഷം കുട്ടികളേയും വിളിച്ച് വീടിനു പുറത്തേക്കിറങ്ങി ബൈക്കെടുത്തു. തറവാട്ടുവീട്ടിൽ നിന്ന് വാടകവീട്ടിലേക്കു വന്നതും ഇതേ ബൈക്കിൽ തന്നെയാണ്. അന്ന് പക്ഷേ സൗദാമിനിയും കൂടെയുണ്ടായിരുന്നു. ഇന്ന് അവൾ കൂടെയില്ലാത്തതിനാൽ വലിയൊരു വിഷമം ഉള്ളിൽ വല്ലാതെ നീറുന്നുണ്ട്....

വാടകവീട്ടിൽ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്ററോളം ദൂരമുണ്ട് തറവാട്ടിലേക്ക്.

അയാൾ ബൈക്കിൽ കുട്ടികളേയും കൊണ്ട് ടാറിട്ട നിരത്തിലേക്കു പ്രവേശിച്ചു. നിരത്തിൽ അപ്പോൾ ഉദയസൂര്യന്‍റെ കിരണങ്ങൾ മുത്തമിടാൻ തുടങ്ങിയിരുന്നു....

രാവിലെയായതുകൊണ്ട് നിരത്തിൽ ആളുകളും വാഹനങ്ങളും കാര്യമായി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഉദ്ദേശിച്ചതിലും നേരത്തെ തന്നെ തറവാട്ടുവീട്ടിലെത്തി.

അമ്മ അപ്പോൾ കുറ്റിച്ചൂലുകൊണ്ട് മുറ്റമടിക്കുകയായിരുന്നു. ബൈക്കിന്‍റെ ശബ്ദം കേട്ടതും അമ്മ മുറ്റമടി നിർത്തി തലയുയർത്തി നോക്കി. അമ്മയ്ക്കറിയാമായിരുന്നു അത് മകൻ തന്നെയാണെന്ന്. കാരണം ആ ബൈക്കിന്‍റെ ശബ്ദം അമ്മയ്ക്ക് അത്രമേൽ സുപരിചിതമാണ്.

സാധാരണയായി അച്ഛൻ ഈ സമയത്ത് ഓരോന്ന് മിണ്ടിയും പറഞ്ഞും അമ്മയോടൊപ്പം മുറ്റത്തു തന്നെ നടക്കുന്നതാണ് കാണാറുള്ളത്. ഇന്ന് അച്ഛനെ അമ്മയോടൊപ്പം അവിടെ കാണാനില്ല! അച്ഛന് ഇന്നെന്തു പറ്റിയാവോ?

അയാൾ അമ്മയുടെ അടുത്തായി ബൈക്ക് നിർത്തി.

''എന്‍റെ മക്കളേ'' എന്ന് വിളിച്ചു കൊണ്ടായിരുന്നു അമ്മയുടെ സ്വീകരണം.

ബൈക്കിൽ നിന്നും ഇറങ്ങിയ കുട്ടികളെ ചേർത്തുപിടിച്ച് അവരുടെ മൂർദ്ധാവിൽ ചുംബിച്ചതിനു ശേഷം അമ്മ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു.

''എന്‍റെ മക്കളെ കാണാണ്ട് പൊരിയായിരുന്നു ഞാൻ. എന്തായാലും എന്‍റെ മക്കളിങ്ങെത്തി.ഭഗവാൻ എന്‍റെ പ്രാർത്ഥന കേട്ടു.''

അമ്മയുടെ നോട്ടം പിന്നെ അയാളുടെ നേരെയായിരുന്നു.

''നീ വല്ലാണ്ട് ക്ഷീണിച്ചല്ലോ മോനേ...'', അമ്മ അയാളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു.

''അതമ്മയ്ക്കു വെറുതെ തോന്നുന്നതാണ്.''

അയാൾ അമ്മയെ സമാധാനിപ്പിക്കാനായി പറഞ്ഞു.

''എനിക്ക് വെറുതെ തോന്നണതൊന്നുമല്ല.''

അമ്മ തലയാട്ടി നിഷേധിച്ചു കൊണ്ട് തുടർന്നു:

'' മ്ആ.... അതു പോട്ടെ... സൗദാമിനി എന്താ വരാഞ്ഞത്?''

''അവളെ ഞാൻ വിളിച്ചതാണ്. പക്ഷേ അവള് വന്നില്ല. അച്ഛനേയും അമ്മയേയും തനിച്ചാക്കി നമ്മള് വാടകവീട്ടിൽ കഴിയുന്നത് ശരിയല്ലെന്ന് ഞാൻ പറഞ്ഞു. അതവൾക്ക് പിടിച്ചിട്ടുണ്ടാകില്ല. എന്തായാലും അവൾ വന്നാലും ഇല്ലെങ്കിലും ഞങ്ങളിനി ഇവിടം വിട്ടു പോകുന്നില്ല.''

''അപ്പോൾ നിങ്ങളിനി മടങ്ങിപ്പോകുന്നില്ലേ?'' അമ്മയുടെ മുഖത്ത് സന്തോഷം ഇരട്ടിയായി.

''ഇല്ല.''

''അങ്ങനെയാണെങ്കിൽ സൗദാമിനി...?''

''അവൾക്ക് ഒറ്റയ്ക്ക് കഴിയാമെന്നുള്ള ധൈര്യമുണ്ടായിക്കാണും.''

അതു കേട്ടപ്പോൾ അമ്മയുടെ മുഖത്തെ തെളിച്ചം മങ്ങി. അമ്മ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു:

''മോനെ അങ്ങനെ പറയരുത്. ഞങ്ങൾക്കു വേണ്ടി നീയ്യും സൗദാമിനിയും തമ്മിൽ പിണങ്ങാൻ പാടില്ല. നിങ്ങളിനിയും കൊറേ കാലം ജീവിക്കേണ്ടവരാ.''

''അമ്മ പറയുന്നത് ശരി തന്നെയാണ്. എന്നാൽ, പെണ്ണുങ്ങൾക്ക് ഇത്രയും അഹങ്കാരം പാടില്ല.''

''അതവൾക്ക് അറിവില്ലായ്മയോണ്ട് സംഭവിക്കണതാ. നീയ്യത് കാര്യാക്കണ്ട. എന്തൊക്കെ ന്യായം നീയ്യ് പറഞ്ഞാലും അവളെ തനിച്ചാക്കി പോന്നത് ശരിയായില്ല.''

''വിളിച്ചിട്ടു വരുന്നില്ലെങ്കിൽ പിന്നെ ഞാനെന്തു ചെയ്യും അമ്മേ?'

''അവള് വരും. നീയ്യ് കുറച്ചു കൂടി ക്ഷമയോടെ പെരുമാറേണ്ടതായിരുന്നു. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. അതിനെക്കുറിച്ച് ഇനി പറഞ്ഞിട്ടു കാര്യല്ല്യ.''

''ഞാനിനി എന്തു വേണമെന്നാ അമ്മ പറഞ്ഞു വരുന്നത്?''

''നീ പോയി അവളെ വീണ്ടും വിളിക്കണം''

''എന്നിട്ടും അവൾ വന്നില്ലെങ്കിലോ?''

''അവൾ വരും. വരുന്നെന്ന്യാ എന്‍റെ മനസ് പറേണത്. എന്തായാലും നീയ്യൊന്നു കൂടി ശ്രമിച്ചു നോക്ക്.''

''ശരി. അമ്മയുടെ ഇഷ്ടം പോലെ ചെയ്യാം.''

വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് അയാൾ അമ്മ പറഞ്ഞത് സമ്മതിച്ചു.

അതോടെ അമ്മയ്ക്കു വലിയ സന്തോഷമായി.

അച്ഛനെക്കുറിച്ചാണു അയാൾ പിന്നെ ചിന്തിച്ചത്.

''അമ്മേ, അച്ഛനെവിടെ?'' അയാൾ ചോദിച്ചു.

''അച്ഛൻ നിങ്ങള് പോയേപ്പിന്നെ വലിയ വിഷമത്തിലാണ്. ഇപ്പോൾ ഏത് നേരോം അകത്തുചെന്ന് ഒരേ കിടപ്പാണ്.''

അമ്മ തെല്ല് വ്യസനത്തോടെ പറഞ്ഞു.

''എങ്കിൽ ഞാൻ അച്ഛനെ ഒന്നു കാണട്ടെ. എന്നിട്ട് പോകാം, സൗദാമിനിയെ വിളിക്കാൻ.''

അയാൾ അങ്ങനെ പറഞ്ഞു കൊണ്ട് വീടിനു നേരെ നടന്നു.

അപ്പോഴാണ് ഒരു ഓട്ടോറിക്ഷ അടുത്തു വരുന്ന ശബ്ദം കാതുകളിൽ പതിഞ്ഞത്.

തിരിഞ്ഞു നോക്കിയപ്പോൾ ഓട്ടോറിക്ഷ തറവാട്ടിലേക്കു തന്നെയാണെന്നു മനസിലായി.

ആരാണാവോ ഈ രാവിലെത്തന്നെ എത്തിയിരിക്കുന്നത്?

അതറിയാനായി അയാൾ ഒരു നിമിഷം അവിടെ നിന്നു.

അമ്മയുടെ കണ്ണുകളും ഓട്ടോറിക്ഷയുടെ നേരെയായിരിക്കുന്നു.

കുട്ടികളുടേയും ശ്രദ്ധ അവിടെത്തന്നെയാണ്.

ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ആളെ കണ്ട് അയാൾ അമ്പരന്നു.

അത് സൗദാമിനിയായിരുന്നു!

ഓട്ടോറിക്ഷക്കാരന് കാശ് കൊടുത്തതിനു ശേഷം മുഖം വീർപ്പിച്ചു കൊണ്ടുള്ള അവളുടെ വരവ് കണ്ട് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും അയാൾ അത് പുറമെ ഭാവിച്ചില്ല.

Ajithan Chittattukara
Ajithan Chittattukara

അജിതൻ ചിറ്റാട്ടുകര

വാലപ്പറമ്പിൽ, എളവള്ളി സൗത്ത് പിഒ, ചിറ്റാട്ടുകര, തൃശൂർ, 6805 11

ഫോൺ: 9249 1245 03

Related Stories

No stories found.