ആയിരത്തിലധികം പുസ്തകങ്ങൾ വീട്ടിലൊരുക്കി വായനയുടെ വാതായനങ്ങൾ തുറന്ന് രാജൻ

കോതമംഗലം നങ്ങേലിപ്പടിയിലെ ചിത്രകാരനും ഗ്രന്ഥശാലാധികാരിയുമായ രാജൻ കെ. ജോൺ 55 വർഷമായി ശേഖരിച്ച ആയിരത്തിലധികം പുസ്തകങ്ങളിലൂടെ വായനയുടെ ലോകം വീട്ടിലൊരുക്കി
 Home Library: Artist Rajan builds 1000-book reading haven

രാജൻ തന്‍റെ വീട്ടിലെ ലൈബ്രറിയിൽ.

Updated on

കോതമംഗലം: ആധുനിക ലോകത്ത് വായനയുടെ പങ്കും പ്രാധാന്യവും വ്യക്തമാക്കി മറ്റൊരു വായനാദിനം കൂടി വന്നെത്തുമ്പോൾ ആയിരത്തിൽപ്പരം പുസ്തകങ്ങളുടെ ശേഖരം തന്‍റെ വീട്ടിൽ ഒരുക്കി ഒരു ചിത്രകാരൻ. കോതമംഗലം നങ്ങേലിപ്പടി കുന്നപ്പിള്ളിൽ വീട്ടിൽ രാജൻ കെ. ജോൺ എന്ന 63 വയസുകാരൻ വായനയുടെ ലോകത്തേക്ക് കടന്ന് വന്നിട്ട് 55 വർഷം പിന്നിടുന്നു.

ചെറു പ്രായത്തിൽ ടാർസൻ കഥകൾ വായിച്ചുകൊണ്ടാണ് തുടക്കം. ആദ്യ കാലങ്ങളിൽ ഡിക്‌ടറ്റീവ് നോവലുകളോടാണ് ഭ്രമമെങ്കിൽ പിന്നീട് ഇങ്ങോട്ട് ചരിത്ര നോവലുകളും വിശ്വ സാഹിത്യവും ചരിത്രപഠനവുമെല്ലാമായി വഴിമാറി. വിപണിയിൽ പുതിയ പുസ്തകം ഇറങ്ങിയാൽ അത് സ്വന്തമാക്കും. അങ്ങനെ ഇപ്പോൾ ആയിരത്തിൽ അതികം പുസ്തകങ്ങളായി വീട്ടിൽ.

''അതിസുന്ദരമായ ആന്തരിക യാത്രയല്ലേ വായന... അനന്തമായ അറിവിന്‍റെ ലോകത്തേക്കുള്ള വാതിലുകൾ മലർക്കേ തുറന്ന് നൽകുകയല്ലേ ആഴത്തിലുള്ള വായനയിലൂടെ പുസ്തകങ്ങൾ...'', നങ്ങേലിപ്പടിയിലെ ഐശ്വര്യ കലാകേന്ദ്രം & ഗ്രന്ഥശാലയിലെ ഗ്രന്ഥശാലാധികാരി കൂടിയായ രാജൻ പറയുമ്പോൾ വായന മരിക്കുന്നുവോ എന്ന് വിലപിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന ഓർമവേണം.

ചിത്രകലയിൽ ഡിപ്ലോമ നേടിയെങ്കിലും പിന്നീട് ജീവിതത്തിന്‍റെ അതിജീവന പാതയിൽ കാലിടറിയപ്പോൾ ഹൗസ് പെയിന്‍റിങ്ങും ഗ്രന്ഥശാലാധികാരിയുമെല്ലാമായി മുന്നോട്ടു പോകുകയാണ് ഇദ്ദേഹം.

നങ്ങേലിൽ ആയുർവേദ ആശുപത്രിയിലെ തെറാപ്പിസ്റ്റ് നിർമലയാണ് ഭാര്യ. പ്രവാസ ജീവിതം അവസാനിപ്പിച്ച മകൻ ബ്രൂസ് കെ. രാജന് നാട്ടിൽ ബിസിനസ് ആണ്. മകൾ നൃത്ത അധ്യാപികയായ ഡെസ്റ്റിമോൾ കെ. രാജൻ.

logo
Metro Vaartha
www.metrovaartha.com