മനോഹാരിതയുടെ മറ്റൊരു പേര്: മാതേരാൻ

മനോഹാരിതയുടെ മറ്റൊരു പേര്: മാതേരാൻ

മനോഹരമായ മലനിരകളും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ നിരന്തരം ആകർഷിച്ചുകൊണ്ടിരിക്കുന്നു

ഹണി വി.ജി.

മലകളും പുഴകളും കാടുകളും കായലുകളും പുരാതനമായ കോട്ടകളും നിറഞ്ഞ ഭൂപ്രദേശം. ഇതൊന്നും പോരാഞ്ഞ് ഒരതിര് മുഴുവൻ കടൽ. 'മഹാ'രാഷ്‌ട്ര, അന്വർഥമാണ് ഈ സംസ്ഥാനത്തിന്‍റെ പേര്. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തെ ഉൾക്കൊള്ളുമ്പോൾ തന്നെ പ്രകൃതി മനോഹരമായ നിരവധി ഭൂഭാഗങ്ങൾ കൂടി ഉൾപ്പെട്ടതാണ് മഹാരാഷ്‌ട്ര സംസ്ഥാനം. ഇതിൽ പ്രധാനം ഇവിടത്തെ ഹിൽ സ്റ്റേഷനുകൾ തന്നെ. സീസൺ എന്നൊന്നില്ല ഹിൽ സ്റ്റേഷനുകൾക്ക്. എല്ലാ കാലവും സീസൺ തന്നെ. മഹാബലേശ്വർ, മാതേരാൻ, ലോണാവാല എന്നിവ മഹാരാഷ്‌ട്രയിലെ ചില ഹിൽ സ്റ്റേഷനുകളാണ്. മനോഹരമായ മലനിരകളും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമെല്ലാം ഇവിടങ്ങളിലേക്ക് സഞ്ചാരികളെ നിരന്തരം ആകർഷിച്ചുകൊണ്ടിരിക്കുന്നു. വർഷത്തിൽ ഏറിയ പങ്കും തണുപ്പ് തന്നെ. സമുദ്ര നിരപ്പിൽ നിന്ന് 2000 മുതൽ 5000 അടിവരെ ഉയരത്തിലാണ് മഹാരാഷ്‌ട്രയിലെ പല ഹിൽ സ്റ്റേഷനുകളും നിലകൊള്ളുന്നത്. ഒട്ടേറെ ബോളിവുഡ് സിനിമകൾക്കു ഷൂട്ടിങ് പശ്ചാത്തലമായിട്ടുണ്ട് ഈ പ്രദേശങ്ങൾ.

മറക്കാനാവാത്ത മാതേരാൻ യാത്ര

മാതേരാൻ
മാതേരാൻ

മുംബൈക്കടുത്തുള്ള ഏറ്റവും മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് മാതേരാൻ. ഒരിക്കലെങ്കിലും പോയിട്ടുള്ളവർ മറക്കില്ല മാതേരാനിലേക്കുള്ള യാത്ര.

ട്രെയിനിൽ മുംബൈയിൽ നിന്നു പുനെ പോകുമ്പോൾ കർജറ്റിന് മുൻപ് നെരൽ എന്ന ലോക്കൽ സ്റ്റേഷനിൽ ഇറങ്ങിയാൽ അവിടെ നിന്നു മാതേരാനിലേക്കു ടോയ് ട്രെയിൻ കിട്ടും. ബ്രോഡ് ഗേജ് പാതയ്ക്ക് സമാന്തരമായി കുറച്ചു ദൂരം ഓടിയ ശേഷം വലത്തേക്ക് തിരിഞ്ഞ് മലകയറ്റം. നേരലില്‍ നിന്ന് മാതരനിലേക്കുള്ള 21 കിലോമീറ്റര്‍ താണ്ടാന്‍ ഈ ട്രെയിനിന് രണ്ട് മണിക്കൂര്‍ വേണം. മൺസൂൺ സമയത്ത് ഈ ട്രെയിൻ സർവീസ് ഉണ്ടാകാറുമില്ല. പ്രകൃതി സൗന്ദര്യം പരമാവധി ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. പശ്ചിമഘട്ടത്തിലെ വനാന്തരങ്ങള്‍ക്കുള്ളിലൂടെയാണ് യാത്ര. ഇടയ്ക്ക് മൂന്ന് സ്റ്റേഷനുകൾ - ജുമ്മാപട്ടി, വാട്ടര്‍പൈപ്, അമന്‍ ലോഡ്ജ്. ജുമ്മാപട്ടി റെയില്‍വേ സ്റ്റേഷന് സമീപം റോഡും റെയില്‍പ്പാളവും ഒന്നിക്കും. മുന്നോട്ട് പോകുമ്പോള്‍ വീണ്ടും രണ്ടാകും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന യാത്രയായിരിക്കും മലഞ്ചെരുവുകളിലൂടെയുള്ള ടോയ് ട്രെയിന്‍ യാത്ര. മലമുകളിലേക്ക് പാമ്പിനെ പോലെ ഇഴഞ്ഞിഴഞ്ഞ് അതി മനോഹരമായ കാഴ്ചകൾ കണ്ടുള്ള യാത്രയുടെ മനോഹാരിത വിവരണങ്ങൾക്കപ്പുറമാണ്. നമുക്ക് ഏറ്റവും പരിചിതമായ ടോയ് ട്രെയിന്‍ ഒരുപക്ഷേ ഊട്ടിയിലെ പൈതൃക തീവണ്ടിയായിരിക്കും. നിരവധി സിനിമകളില്‍ ഈ ടോയ് ട്രെയിന്‍ കഥാപാത്രമായിട്ടുണ്ട്.

റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രെയിന്‍ യാത്ര കൂടുതല്‍ ദൈര്‍ഘ്യമേറിയതായിരിക്കും. എന്നാല്‍ ഇത്രയും സമയമെടുത്ത് കാഴ്ച്ചകള്‍ ആസ്വദിച്ച് മല കയറുന്നതാണ് നല്ലത്. ചിന്നംവിളിശബ്ദത്തെ അനുസ്മരിക്കുന്ന ഹോണടിയോടെ ട്രെയിന്‍ കട്ടപ്പുക തുപ്പി ഉയരങ്ങളിലേക്ക് നീങ്ങുന്നു.

നാരോ ഗേജിലെ ടോയ് ട്രെയിൻ

മാതേരാൻ
മാതേരാൻ

ബ്രിട്ടീഷുകാര്‍ 19ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും പണികഴിപ്പിച്ച റെയില്‍ പാളങ്ങളിലൂടെയാണ് ഈ ട്രെയിനുകള്‍ മല കയറുന്നതും ഇറങ്ങുന്നതും. അക്കാലത്തെ നിര്‍മ്മാണ വൈഭവം ഈ ട്രാക്കുകളില്‍ നന്നായി മനസ്സിലാക്കാന്‍ കഴിയും. നാരോ ഗേജില്‍ ഓടുന്ന ചെറിയ ട്രെയിനുകളായതിനാലാണ് ടോയ് ട്രെയിനുകള്‍ എന്നറിയപ്പെടുന്നത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുക എന്നതിലുപരി സ്ഥലങ്ങള്‍ കണ്ട് ആസ്വദിക്കുക എന്നതാണ് ഇത്തരം ട്രെയിന്‍ യാത്രകളുടെ ലക്ഷ്യം. പോകുന്ന വഴിയില്‍ പ്രകൃതിരമണീയമായ ചില സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകളില്‍ ഇറങ്ങി ഫോട്ടോകളെടുക്കാനും സമയം ലഭിക്കും.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ നാരോ ഗേജ് പാതയ്ക്ക് 21 കിലോമീറ്റര്‍ നീളമുണ്ട്. പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പും വെള്ളച്ചാട്ടവുമൊക്കെ താണ്ടിയുള്ള ഈ ട്രെയിന്‍ യാത്ര പ്രകൃതി സ്‌നേഹിയായ സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു.

റോഡ്, റെയിൽ മാർഗങ്ങൾ വേണ്ടെന്നു വച്ചാൽ, മൂന്നു കിലോമീറ്റർ കാട്ടിലൂടെ നടന്നും മല കയറാം. അല്ലെങ്കിൽ കുതിരപ്പുറത്തും എത്തിച്ചേരാം.

ചുരം കയറുന്നതു മുതൽ മാതേരാന്‍റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും. ചെറുതും വലുതുമായ നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടേക്ക് കണ്ണുപായിച്ചാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ്.

മൺസൂൺ ടൂറിസം

മാതേരാൻ
മാതേരാൻ

അവിടെ എത്തിച്ചേർന്നാൽ പ്രകൃതി ഒരുക്കിയ സൗന്ദര്യം നമ്മെ ആകർഷിക്കുക മാത്രമല്ല, നമ്മെ അവിടെ തന്നെ തളച്ചിട്ടേക്കാം. പശ്ചിമഘട്ടത്തിന്‍റെ മനംമയക്കുന്ന കാഴ്ചകളാണെങ്ങും. അറിയപ്പെടുന്ന പക്ഷി സങ്കേത കേന്ദ്രം കൂടിയാണ് മാതേരാൻ. മുബൈ, പുനെ നഗരങ്ങളുടെ സമീപത്തായതുകൊണ്ട് തന്നെ മതേരാന്‍ മുംബൈക്കാർക്കു പ്രിയ ഹിൽ സ്റ്റേഷനാണ്‌. വാരാന്ത്യ യാത്രകള്‍ക്ക് പറ്റിയ സ്ഥലമായ മതേരന്‍ മഴക്കാല ‌യാത്രയ്ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സ്ഥലം കൂടിയാണ്, പ്രത്യേകിച്ച് ട്രെക്കി‌ങ് ഇഷ്ടപ്പെടുന്നവർക്ക്‌. ചര്‍ക്കോലെ തടാകമാണ് ഇവിടത്തെ ഉല്ലാസത്തിനുള്ള മറ്റൊരു കേന്ദ്രം.

കുട്ടികളോടൊപ്പം പൂന്തോട്ടത്തില്‍ കളിക്കാനും പക്ഷിനിരീക്ഷണത്തിനും വെറുതെ നടക്കാനും മറ്റുമായി നിരവധി ആയിരക്കണക്കിന് സഞ്ചാരികള്‍ വർഷംതോറും ഇവിടെയെത്തുന്നു.

പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 2625 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മുംബയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയും പൂനെയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുമാണ് ഈ പച്ചപ്പ് നിറഞ്ഞ പ്രദേശം. മുംബൈ നഗരത്തിന്‍റെ തിരക്കുകളില്‍ നിന്ന് രക്ഷപെട്ട് സ്വസ്ഥമായിരിക്കാൻ അനുയോജ്യമായ സ്ഥലം കൂടിയാണിവിടം. ധാരാളംപേര്‍ വാരാന്ത്യങ്ങളില്‍ മാതെരനിലേക്ക് ട്രെയിന്‍ കയറാറുമുണ്ട്. കുന്നിന് മുകളിലെത്തിയാല്‍ അവിടെ 38 വ്യൂപോയിന്‍റുകളുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ ചുറ്റിലുമുള്ള പ്രദേശവും നേരല്‍ ടൗണും കാണാനാകും. വ്യൂ പോയിന്‍റുകളിലൊന്നായ ലൂസ പോയിന്‍റില്‍ നിന്ന് നോക്കിയാല്‍ പ്രബല്‍ ഫോര്‍ട്ട് കാണാം. വണ്‍ ട്രീ ഹില്‍ പോയിന്‍റ്, ഹാര്‍ട്ട് പോയിന്‍റ്, മങ്കി പോയിന്‍റ്, പോര്‍ക്കുപൈന്‍ പോയിന്‍റ്, രാംബാഗ് പോയിന്‍റ് തുടങ്ങിയവയാണ് മറ്റ് വ്യൂ പോയിന്‍റുകള്‍. ഹില്‍സ്‌റ്റേഷനില്‍ പഴയകാല ബ്രിട്ടീഷ് വാസ്തുശില്‍പ്പ വിദ്യയുപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങളും കാണാനാകും. നിരവധി ഹോട്ടലുകളും ബംഗ്ലാവുകളുമൊക്കെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നുമുണ്ട്.

വാഹനങ്ങൾക്ക് പ്രവേശനമില്ല

മാതേരാൻ
മാതേരാൻ

മഹാരാഷ്‌ട്രയിലെ അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹില്‍ സ്റ്റേഷനുകളിലൊന്നാണ് മാതേരന്‍. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഹില്‍ സ്റ്റേഷനുകളിലൊന്ന്. വിനോദസഞ്ചാര വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ഏഷ്യയിലെ തന്നെ ഏറ്റവും മാലിന്യമുക്തമായ ഹിൽ സ്റ്റേഷനുകളിലൊന്ന്.

റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്. ടാര്‍ ചെയ്ത റോഡ് പ്രതീക്ഷിക്കരുത്. പേരിന് ഒരു വഴി മാത്രമാണുള്ളത്. മാതെരന് അടുത്തുള്ള ദിണ്ടി പോയിന്‍റ് വരെ വാന്‍ സര്‍വീസ് ലഭ്യമാകും. ഇവിടെ നിന്ന് റെയില്‍വേ ട്രാക്കിന് സമാന്തരമായി നടപ്പാതയുണ്ട്. ഒരു മണിക്കൂര്‍ നടന്നാല്‍ ഹില്‍സ്റ്റേഷനിലെത്താം. മുകളിലെത്തിയാല്‍ യാത്രയ്ക്കായി കുതിരവണ്ടികളും മനുഷ്യര്‍ വലിക്കുന്ന റിക്ഷകളും ലഭിക്കും. ഇതല്ലാതെ മറ്റ് വാഹനങ്ങള്‍ക്കൊന്നും ഇവിടേക്ക് പ്രവേശനമില്ല.

ഈ കാലത്തും 800/1000 രൂപയ്ക്കൊക്കെ താമസിക്കാവുന്ന അത്യാവശ്യം നല്ല ഹോട്ടലുകൾ ലഭ്യമാണിവിടെ. മാതേരാനിലെ ഗ്രാമീണരുടെ സത്യസന്ധത മറ്റൊരു പ്രത്യേകതയാണ്. കോവിഡിന്‍റെ ആരംഭത്തിൽ ലോക്ക്ഡൗൻ ദിനങ്ങളിൽ അവിടെ കുടുങ്ങി പോയ ഒരുപാട് ട്രെയിനി വിദ്യാർഥികൾക്കും വിനോദ സഞ്ചാരികൾക്കും ഗ്രാമീണരും ആദിവാസികളും ആശ്രയമായത് വലിയ വാർത്തയായിരുന്നു. അവിടെ കുടുങ്ങിയ വിദ്യാർഥികൾക്കു മാസങ്ങളോളം ഭക്ഷണം നൽകിയതും ഗ്രാമീണരായിരുന്നു.

മഴക്കാലത്ത് മലനിരകൾക്കിടയിൽ നൂറുകണക്കിന് വെള്ളച്ചാട്ടങ്ങൾ രൂപപ്പെടും. മൺസൂൺ സമയത്ത് എത്തിപ്പെട്ടാൽ വല്ലാത്ത ഒരു അനുഭൂതിയാണ്, ആവോളം ആ ലഹരി നുകരാം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com