
മെഡിക്കൽ ഉത്തര- ഉത്തരാധുനികത
ഈ ഡിജിറ്റൽ 21ാം നൂറ്റാണ്ട് ഉത്തര- ഉത്തരാധുനികമാണെന്നു പറഞ്ഞപ്പോൾ ചിലർക്ക് വിശ്വാസം വന്നില്ല. അവർ അപ്പോഴും സംശയിക്കുന്നുണ്ടായിരുന്നു, നമ്മുടെ സമൂഹം ഉത്തര- ഉത്തരാധുനികമായോ എന്ന്. എന്നാൽ 24 മണിക്കൂറും മൊബൈൽ ഫോണും ഇന്‍റർനെറ്റും ടിവിയും ഉപയോഗിക്കുന്ന നാം കഴിഞ്ഞ 20 വർഷത്തിനിടെ സാർവത്രികമായ ഒരു കുതിച്ചുചാട്ടത്തിനു വിധേയമാവുകയായിരുന്നു.
സമൂലമായ പരിവർത്തനം സംഭവിച്ചിരിക്കുന്നു. ഒരു പുതിയ വീക്ഷണം നമുക്ക് ലഭിച്ചിരിക്കുകയാണ്. 20ാം നൂറ്റാണ്ടിലെ ഉപകരണങ്ങൾ ഭൂരിപക്ഷവും കാലഹരണപ്പെട്ടു. പകരം പുതിയത് വന്നു. നമ്മുടെ സ്ഥല, കാല സങ്കല്പം മാറി. ഒരു കത്തയച്ച് മറുപടിക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ടതില്ല. സെക്കൻഡിനുള്ളിൽ ലോകത്ത് എവിടെയും സന്ദേശം എത്തിക്കാം, എത്ര പേർക്ക് വേണമെങ്കിലും. സ്ഥലവും കാലവും നിമിഷത്തിനുള്ളിലേക്കു ചുരുങ്ങിയിരിക്കുന്നു. ഒരിടത്ത് തന്നെ ജോലി ചെയ്തിരുന്ന നമ്മൾ സഞ്ചാരികളായി മാറി. ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും ഉണ്ടെങ്കിൽ ഏതു സ്ഥലവും തൊഴിലിടമായി രൂപാന്തരപ്പെടും. ഈ മാറ്റത്തെയാണ് ഉത്തര- ഉത്തരാധുനികത എന്നു വിളിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്തിന്‍റെയോ വിഭാഗത്തിന്‍റെയോ സംസ്കാരമല്ല, ലോകസംസ്കാരമാണ് നമ്മുടെ മുന്നിലുള്ളത്. നാം ഒരേസമയം പല കാലങ്ങളിലെ സാംസ്കാരിക സവിശേഷതകൾ അനുഭവിക്കുന്നു. ചവിട്ടുനാടകവും 60കളിലെ സിനിമയും പാട്ടുകളും നാം ആസ്വദിക്കുന്നത് പുത്തൻ സൈബർ, എഐ സാഹചര്യത്തിൽ തന്നെയാണ്. നാം ഒരു സാംസ്കാരിക സങ്കരയിനമാണ്. നമ്മെ ഒരു സംസ്കാരത്തിന്‍റെ മാത്രം വക്താക്കളാക്കാൻ കഴിയില്ല. കാരണം നാം ജീവിക്കുന്നത് പല കാലങ്ങളിലെ സംസ്കാര ചിഹ്നങ്ങളുമായാണ്. ഈ മാറ്റം എല്ലാ മേഖലകളെയും സ്വാധീനിച്ചിട്ടുണ്ട്. ഇതെല്ലാം നവീന കാലത്തെ മനുഷ്യനെ മാറ്റിത്തീർത്തിരിക്കുന്നു.
സംസ്കാരം വിലയ്ക്കു വാങ്ങാം
ആരോഗ്യരംഗത്തും ഉത്തര- ഉത്തരാധുനിക സാഹചര്യമാണുള്ളത്. സംസ്കാരം എന്ന വാക്കിന്‍റെ അർഥം തന്നെ മാറി. മുൻകാലങ്ങളിൽ, സംസ്കാരം ഒരു ജനതയുടെ ജീവിതരീതിയായിരുന്നു. ഇന്ന് സംസ്കാരം ഒരു ഉപഭോഗ വസ്തുവാണ്, പ്രകൃതി വസ്തുവാണ്. സംസ്കാരം ഒരു വലിയ സമ്പദ് വ്യവസ്ഥയാണ്. ഇവിടെ യഥേഷ്ടം ആർക്കും എന്തും വാങ്ങാം, വിൽക്കാം. വില കൊടുത്താൽ ഉന്നതമായ സുഖസൗകര്യങ്ങൾ വാങ്ങാം. അതിനു ജാതിയോ മതമോ തടസമല്ല. വില കൂടിയ ഭക്ഷണം കഴിക്കാൻ കൈയിൽ പണമുണ്ടായാൽ മതി. കൂടുതൽ സാധനങ്ങൾ വാങ്ങുന്നവൻ ഇന്നത്തെ സമൂഹത്തിൽ ഒരു സാംസ്കാരിക ജീവി എന്ന നിലയിൽ ഉയർന്ന പദവി നേടുകയാണ്. അവനെ സാധന സാമഗ്രികളുടെ നിർമാതാക്കൾക്ക് ആവശ്യമുണ്ട്. സംസ്കാരം വില കൊടുത്താൽ കിട്ടും. അത് അനുഭവമാണ്. അത് നേടുന്നവനാണത്രേ ഇന്നത്തെ ബുദ്ധിജീവി. അതുകൊണ്ട് പണം സംസ്കാരത്തിന്‍റെ ചിഹ്നമായിട്ട് മാറുകയാണ്. എന്തും വാങ്ങാൻ കഴിയുന്നതിനാൽ അവൻ വിപണിയിലെ പ്രധാന വ്യക്തിയാണ്. അവൻ സംസ്കാരം വാങ്ങി ഉപയോഗിക്കുന്നു, വലിച്ചെറിയുന്നു. ഏറ്റവും കൂടുതൽ പരസ്യം ചെയ്യുന്ന ഫോണും കാറും മറ്റും വാങ്ങുന്നവൻ അത് വലിച്ചെറിയാനും മറ്റൊന്നു വാങ്ങാനും അവസരം കാത്തിരിക്കുകയാണ്. എപ്പോഴും പുതിയ അനുഭവമാണ് വേണ്ടത്. അതുകൊണ്ടാണ് ബഹിരാകാശത്തു പോകാൻ ആളുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.
കൂടുതൽ വാങ്ങാൻ തയാറാകുന്നവനാണ് യഥാർഥ ഉപഭോക്താവ് എന്നതാണ് പുതിയ നിയമം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് അവന്‍റെ ത്രിൽ. അപ്പോഴാണ് അവൻ വിപണിയിലെ പുതിയ ഉത്പന്നത്തിന്‍റെ ഉപഭോക്താവാകുന്നത്. ഈ ഉപഭോക്തൃ ജ്വരം മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ പിടികൂടിയിട്ടുണ്ട്. മൊബൈൽ ഫോൺ വാങ്ങി കൊടുക്കാത്തതിന്‍റെ പേരിൽ ആത്മഹത്യ ചെയ്ത എത്രയോ കുട്ടികളുണ്ട്! വീടുകളിൽ വിലകൂടിയ ഉത്പന്നങ്ങളും വസ്തുക്കളുമാണ് ശാന്തതയുടെ തോത് നിശ്ചയിക്കുന്നത്. ഇതിനു തടസമുണ്ടാവുന്നത് കലഹത്തിലേക്ക് നീങ്ങാം.
രോഗി ഉപഭോക്താവ്
ഉത്തര- ഉത്തരാധുനിക മെഡിക്കൽ രംഗം സങ്കൽപ്പിക്കാവുന്നതിനുമപ്പുറമാണ്. രോഗി ഒരു സംഭവമാണിന്ന്. രോഗിക്കു വിശിഷ്ടവ്യക്തിയുടെ പദവി കിട്ടിയിരിക്കുന്നു. അയാൾ ആശുപത്രിയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ തന്നെ സേവകർ ഓടിയെത്തി സഹായിക്കാൻ തുടങ്ങും. ആശുപത്രിയിലെ വിലയേറിയ അതിഥി എന്ന പദവി രോഗിക്ക് ലഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അവന്‍റെ നേരിയ സംശയങ്ങൾക്ക് പോലും സമുന്നതമായ ചികിത്സയും ശ്രദ്ധയും കിട്ടുന്നു. ഒരു സംശയവും പാഴായിപ്പോകുന്നില്ല. എല്ലാം പരിശോധിക്കപ്പെടും. അവനു വേണ്ടി ആശുപത്രികൾ ഓരോ അവയവത്തിന്‍റെയും കാര്യത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ സ്പെഷ്യലിസ്റ്റുകളെ നിയമിച്ചിരിക്കുകയാണ്. അവനു വേണ്ടി വൈ ഫൈ, ടിവി, കഫെറ്റീരിയ, ഭക്ഷണശാല, വിശ്രമിക്കാനുള്ള സൗകര്യം, ആധുനികവത്ക്കരിച്ച ശുചിമുറികൾ തുടങ്ങിയവ സജ്ജീകരിച്ചിരിക്കയാണ്.
സ്വർണക്കടയിൽ പോലും ഒരു ഉപഭോക്താവിനു ഈ മാന്യതയും ശ്രേഷ്ഠതയും ലഭിക്കുന്നില്ല. രോഗി നവ സാങ്കേതികതയുടെ ഒരു ഉപഭോക്താവാണ്. ഒരു രോഗി ഇന്നു ഡോക്റ്റർ പറയുന്നത് കേട്ട് കിട്ടിയ മരുന്നുമായി മടങ്ങിപ്പോകുന്നവനല്ല. അവനു സ്വയം പരിശോധിക്കാം; രോഗനിർണയത്തെക്കുറിച്ച് ഉറപ്പുവരുത്താം. അവൻ ചികിത്സയിൽ ഇടപെടുകയാണ് ചെയ്യുന്നത്. കഴിക്കേണ്ട മരുന്നുകളെക്കുറിച്ച് അവൻ ഗൂഗിളിൽ പരതി നോക്കും. ലാബ് ടെസ്റ്റ് ചെയ്ത് രോഗത്തിന്‍റെ ഏറ്റക്കുറച്ചിലുകൾ നോക്കാവുന്നതാണ്. ഡോക്റ്റർ പറഞ്ഞില്ലെങ്കിലും ലാബ് ടെസ്റ്റ് നടത്താം. ലാബുകൾ പ്രവർത്തിക്കുന്നത് സ്വതന്ത്രമായാണ്. അവർ രോഗികളെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയാണ്. രോഗത്തെക്കുറിച്ച് സംശയം തോന്നുന്നവർക്ക് ലാബിൽ പോയി ടെസ്റ്റ് ചെയ്തു നിർണയം നടത്താം. ശരീരത്തെക്കുറിച്ചും രോഗത്തെക്കുറിച്ചുമുള്ള എല്ലാ മുൻധാരണകളെയും തിരുത്തുന്നതാണ് പുതിയ സ്പെഷലൈസേഷനുകളും ശസ്ത്രക്രിയകളും. ഓരോ ഡോക്റ്റർക്കും ശരീരത്തെ പൂർണമായി ചികിത്സിക്കേണ്ടതില്ല; ഓരോ അവയവം നോക്കിയാൽ മതി.
മെഡിക്കൽ ഉത്തര- ഉത്തരാധുനികത മനുഷ്യവർഗത്തെ ഉന്നതമായ ഒരു ഉൽപ്പതിഷ്ണുത്വത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. ജാതി, മത, രാഷ്‌ട്രീയ വ്യത്യാസങ്ങൾ മറന്നു ഒരാൾക്ക് രോഗിയായിരിക്കാൻ സാധിക്കുന്നു. അവയവങ്ങൾ മാറ്റിവയ്ക്കുന്നത് ഏറ്റവും വലിയ വിപ്ലവമാണ്. കിഡ്നി, കരൾ തുടങ്ങിയവ മാറ്റിവയ്ക്കുന്നതോടെ ജാതി, മത വേർതിരിവുകളും അയിത്തവും അവസാനിക്കുന്നു. ജാതി, മതാധിഷ്ഠിതമായ കിഡ്നി വേണമെന്നു പറഞ്ഞാൽ കിട്ടണമെന്നില്ല. മജ്ജ മാറ്റിവയ്ക്കാൻ ജാതിമത താല്പര്യങ്ങൾ നോക്കിയാൽ പറ്റില്ല.
അമെരിക്കയിലുള്ള ഒരു സ്ത്രീക്ക് മജ്ജ മാറ്റിവയ്ക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽ രക്ത പരിശോധന ക്യാംപുകൾ സംഘടിപ്പിച്ചത് ഓർക്കുകയാണ്. ഒരേ രക്തഗ്രൂപ്പിൽ ഉള്ളവരിൽ നിന്നു യോജിച്ച ആളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതിന്‍റയർഥം എന്താണ്? നാം ഡിജിറ്റൽ, അവയവ മാറ്റ ശസ്ത്രക്രിയയുടെ ഏറ്റവും നവീനമായ യുഗത്തിലേക്ക് പ്രവേശിച്ചു എന്നാണ്.
സ്വത്വത്തിൽ തൂങ്ങി കിടക്കേണ്ടതില്ല
ഐഡന്‍റിറ്റി എന്ന സങ്കല്പം കാലഹരണപ്പെട്ടു. മനുഷ്യൻ ഒരു സ്വത്വത്തിൽ തൂങ്ങിക്കിടക്കേണ്ടതില്ല. ജീവിതത്തിൽ അങ്ങനെയൊരു സ്ഥിരം സ്വത്വം ഇല്ല. നല്ലത് കണ്ടും കേട്ടും മുന്നോട്ടുപോകുന്ന മനുഷ്യൻ പലതും ആർജിക്കുകയാണ്. അനിഷ്ടകരമായ പാരമ്പര്യത്തെ അവൻ ഉപേക്ഷിക്കുന്നു. സാങ്കേതികവിദ്യയും കണ്ടുപിടുത്തങ്ങളും അനുഭവിക്കുന്നത് ഒരു മനുഷ്യന്‍റെ അവകാശമായി കാണാൻ നവമാനവൻ ശീലിച്ചിരിക്കുന്നു.
രോഗം ഒരാളെ അസ്തിത്വപരമായ ഒരു അതീതത്തിലേക്ക് നയിക്കുകയാണ്. രോഗിയാകുന്നതോടെ അയാൾ നവീന സാങ്കേതിക വിദ്യയിലേക്കും ചികിത്സയുടെ പശ്ചാത്തലത്തിലേക്കും ഡിജിറ്റൽ ലോകത്തേക്കും ആനയിക്കപ്പെടുകയാണ്. മറ്റൊരാളുടെ അവയവവുമായി ജീവിക്കുന്ന മനുഷ്യൻ നവാധുനികമായ സ്വതന്ത്ര ലോകത്തിന്‍റെ നക്ഷത്രമാണ്. അവൻ മനുഷ്യവർഗത്തിന്‍റെ നേട്ടത്തെ അനുഭവിക്കുകയാണ്. അവൻ ശാസ്ത്രത്തിന്‍റെ സാക്ഷിയാണ്. അവൻ അതീതനായ വ്യക്തിയാണ്. മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്‍റെ വ്യാപ്തി അവനു വ്യക്തമായി മനസിലാവും. ശത്രുത, ക്രൂരത തുടങ്ങിയ പദങ്ങൾ എത്ര നിസാരവും ശുഷ്കവുമാണെന്നു അവനു മാത്രമാണ് അറിയാവുന്നത്. അവൻ സ്നേഹത്തിന്‍റെ അർഥം ഗ്രഹിച്ചവനാണ്.
രോഗം വന്നില്ലെങ്കിലും, ഏതൊരു സാധാരണക്കാരനും മെഡിക്കൽ നവീനതയും പരിരക്ഷയും ലഭിക്കും. മെഡിക്കൽ ഇൻഷ്വറൻസ്, പുതിയ ലാബ് ടെസ്റ്റുകൾ, ഡോക്റ്റർമാരുമായി മുഖാമുഖം, ആശുപത്രിയിലെ വിഐപി പരിഗണന, സ്റ്റാഫിന്‍റെ സ്നേഹപൂർണമായ പെരുമാറ്റം തുടങ്ങിയവ അവനു വേണ്ടി അവതരിക്കുന്നു. അവനു രോഗമുണ്ടെന്നു സംശയം തോന്നുന്നത് ഈ നവീനക്രമത്തിന്‍റെ സൃഷ്ടിയാണ്.
രോഗമുണ്ടോ എന്ന സംശയം
അവൻ രോഗമുണ്ടോയെന്നു സംശയിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. പുതിയ രോഗങ്ങളുടെ കണ്ടുപിടിത്തവും ചികിത്സയും രോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള എണ്ണമറ്റ പ്രഭാഷണങ്ങളും യൂട്യൂബ് വീഡിയോകളും ഇന്‍റർനെറ്റ് വിവരങ്ങളും അവനെ സംശയരോഗിയാക്കുന്നു. വെള്ളം കുടിക്കുക, ശ്വാസമെടുക്കുക, വിസർജിക്കുക, ഉറങ്ങുക തുടങ്ങിയ സാധാരണ കാര്യങ്ങൾ പോലും ഇന്നു സങ്കീർണമായിരിക്കുന്നു. ഇവയോരോന്നും സംശയത്തോടെയും ഭയത്തോടെയും അനുഷ്ഠിക്കേണ്ട കർമമായിരിക്കുന്നു. ശ്വാസമെടുക്കുന്നത്, വെള്ളം കുടിക്കുന്നത് തെറ്റായ രീതിയിലാണെന്നു ഒരു യൂട്യൂബ് വീഡിയോയിൽ പറയുന്നത് കേട്ടാൽ സംശയമുണരുകയായി. പിന്നീട് ഇതിന്‍റെ പേരിൽ ഉത്ക്കണ്ഠയുണ്ടാകും. ഉറക്കം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്റ്ററെ കാണാതിരിക്കാനാവില്ല. ഡോക്റ്ററാകട്ടെ ഈ സംശയങ്ങൾ ദൂരീകരിക്കാൻ സഹായിക്കും. ടെസ്റ്റുകൾ ചെയ്യുന്നത് രോഗിയുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്. രോഗത്തെപ്പറ്റി സംശയമുള്ളവർ ആശുപത്രിയിലേക്ക് പ്രവഹിക്കുന്നത് ഒരു വലിയ കാര്യമല്ല; അത് സാധാരണമാണ്. രോഗമുണ്ടോ എന്നറിയാൻ വേറെ എവിടെപ്പോകും?
ഒരാൾ എപ്പോഴും രോഗിയായിരിക്കുന്നു എന്നതാണ് ഈ കാലത്തിന്‍റെ മറ്റൊരു സവിശേഷത. രോഗലക്ഷണങ്ങൾ ഉള്ളതുപോലെ തോന്നും. ഓരോ രോഗത്തിന്‍റെയും ലക്ഷണങ്ങൾ ഗൂഗിളിൽ പരതിയാൽ കിട്ടും. അതിന്‍റെ അടിസ്ഥാനത്തിൽ നോക്കുന്നവർക്ക് രോഗത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികം. രോഗി ഇന്നു ഒഴുക്കിനൊത്ത് നീന്തുന്നവനല്ല. അവൻ സമൂഹത്തിലെ ഏറ്റവും വലിയ സ്റ്റാറ്റസ് അനുഭവിക്കുന്നവനാണ്. ഒരു ദിവസമാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടക്കുന്നതെങ്കിലും 10 ലക്ഷം രൂപ വിലയുള്ള കിടക്കയിൽ ഉറങ്ങാം. ഇത് സ്വകാര്യ ജീവിതത്തിൽ സാധ്യമല്ലല്ലോ.
ഇന്നു രോഗിയുടേത് ഒരു നവസാങ്കേതിക സംസ്കാരമാണ്. ഉന്നതമായ ഒരു ജീവിതരീതി അതാവശ്യപ്പെടുന്നു ഇൻഷ്വറൻസിന്‍റെ പിൻബലമുള്ളതു കൊണ്ട് അവൻ ഏറ്റവും വലിയ സാംസ്കാരിക ജീവിയായി മാറുകയാണ്. അവനു ലോകനിലവാരമുള്ള പരിചരണം ലഭിക്കുന്നു. അവന്‍റെ ആന്തരികാവയവങ്ങൾക്കും വിസർജ്യത്തിനും നവസാങ്കേതിക വിദ്യയുടെ സൂക്ഷ്മദർശനം അകമ്പടി സേവിക്കുന്നു. അവന്‍റെ ചലനങ്ങൾ സസൂഷ്മം നിരീക്ഷിക്കാൻ ഉയർന്ന ശമ്പളം പറ്റുന്നവരുണ്ട്. അവന്‍റെ മാനവികമായ അലട്ടലുകളെ തുടച്ചുനീക്കാൻ ഉന്നത ബിരുദം നേടിയവർ ക്യൂവിലാണ്. അവൻ രോഗി എന്ന സ്റ്റാറ്റസിൽ തുടരുന്നത് നിലനിൽപ്പിന്‍റെ പ്രശ്നമാണ്. ജീവിതകാലമത്രയും മരുന്നുകൾ കഴിക്കേണ്ടി വന്നേക്കാം. അത് രോഗിയുടെ ആവാസവ്യവസ്ഥ അനിവാര്യമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
രജതരേഖകൾ
1) രണ്ടു ലക്ഷത്തിലധികം കോപ്പി വിറ്റഴിഞ്ഞ കൃതിയുടെ ഉടമയാണ് താനെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പരസ്യം കാണാറുണ്ട്. വാസ്തവത്തിൽ സാഹിത്യത്തെ ഗൗരവമായി കാണുന്നവരുടെ മുന്നിൽ ഇത്തരം പരസ്യങ്ങൾ അപഹാസ്യമാണ്. ശരിയായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ വായിലേക്ക് മണ്ണു കുത്തി തിരുകുന്നതു പോലെയാണിത്. സമ്പത്തും ശേഷിയുമുള്ള ഒരു പുസ്തക പ്രസാധകനു നോവലിന്‍റെ ഒന്നോ രണ്ടോ ലക്ഷം കോപ്പി വിറ്റഴിക്കാനാണോ പ്രയാസം? ഇന്നു സിനിമ പോലും സോഷ്യൽ മീഡിയ ക്യാംപെയ്നിലൂടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് വലിയ വിജയമുണ്ടാക്കുന്നുണ്ട്.
മാർക്കറ്റിങ് ഉണ്ടെങ്കിൽ ഏതു ചീത്ത നോവലും അനേകം കോപ്പി അച്ചടിച്ചു വിൽക്കാനാവും. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടരെ കൊടുത്താൽ മതി. സമീപകാലത്ത് ധാരാളം കോപ്പി വിറ്റഴഞ്ഞു എന്നു പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച നോവലുകൾ നല്ല വായനക്കാർക്ക് പൂർണമായി വായിച്ചു തീർക്കാൻ പോലും കഴിഞ്ഞില്ല എന്ന പരമാർഥമുണ്ട്. ഒ.വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം, വി.കെ.എന്നിന്‍റെ പിതാമഹൻ തുടങ്ങിയ നോവലുകൾ ലക്ഷത്തിലേറെ കോപ്പി വിറ്റു എന്നു പറഞ്ഞ് ആരെങ്കിലും പരസ്യം ചെയ്യുമോ? അങ്ങനെ ചെയ്താൽ ആ നോവലിന്‍റെ കലാപരമായ സ്റ്റാറ്റസ് നഷ്ടപ്പെടും. അല്ലെങ്കിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന കൃതിയാണോ നല്ലത്? അങ്ങനെയാണെങ്കിൽ ലാറ്റിനമേരിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോയുടെ "പെഡ്രോ പരാമോ' എന്ന നോവൽ ആദ്യം അച്ചടിച്ചപ്പോൾ 2,000 കോപ്പി പോലും വിറ്റില്ല.എന്നാൽ ഇപ്പോൾ അത് ലോകത്തിലെ ഏറ്റവും പ്രധാന 10 നോവലുകളിലൊന്നാണ്. നല്ല നോവൽ വായിക്കുന്നവർക്ക് അത് സ്വയം ബോധ്യപ്പെടാവുന്നതേയുള്ളൂ. നോവൽ ആസ്വദിക്കാൻ കഴിവില്ലാത്തവർ ഇത്തരം പരസ്യങ്ങൾ വിഴുങ്ങുമായിരിക്കും.
2) ദലിത് ചിന്തകനായ കെ.കെ. കൊച്ചിനെക്കുറിച്ച് ഡോ. ടി. എസ് ശ്യാംകുമാർ എഴുതിയ ലേഖനം (ദലിതൻ എന്ന സാമൂഹ്യവിമർശം, പച്ചക്കുതിര, ഏപ്രിൽ) ദലിത് പോരാട്ടത്തിന്‍റെ ആശയപരമായ പ്രശ്നക്കൾ ചർച്ച ചെയ്യുന്നുണ്ട്. കെ.കെ. കൊച്ച് മരിച്ചപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങൾ ഇങ്ങനെയൊരാൾ ജീവിച്ചിരുന്നു എന്നറിഞ്ഞതെന്നു തോന്നുന്നു.
3) എസ്. കലേഷിന്‍റെ "ഓരാ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 4-10 ) അതിപ്രകടനപരത കൊണ്ട് നനഞ്ഞുപോയ കവിതയാണ്. അതിഭാവുകത്വം കവിതയുടെ നട്ടെല്ലാണെന്നു ധരിച്ച കവികളൊക്കെ ഇങ്ങനെ എഴുതും. തന്നെ ബാധിക്കാത്ത വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോൾ അതിനു അതിവൈകാരികത അത്യാവശ്യമാണല്ലോ. തന്നെ ബാധിച്ചു എന്നു വായനക്കാരോട് കള്ളം പറയുകയാണല്ലോ.
"പായും ലോറിയിൽ
ഒരു കരച്ചിൽ കേട്ടു
ഉലഞ്ഞപ്പോൾ വിതുമ്പിയതാണേ,
ഇറച്ചിത്തുണ്ടണ്ടാകാൻ
വിളയാടും പന്നി
തലയാട്ടി
അടുക്കിവച്ചാലും
ഉതിരും വിലാപം -
ഉറക്കമില്ലാത്തവർ
വീതിച്ചെടുക്കും
നേരമായിരുന്നു.'
ഇതാണ് അമിത വികാരപ്രകടനം. കലേഷ് വികാരം കോരിച്ചൊരിയുകയാണ്.
ഒരു പക്ഷിയെക്കുറിച്ചുള്ള സ്വപ്നത്തെ കപടമായി അവതരിപ്പിക്കുകയാണ്. ഈ കവിതയിലെ കണ്ണീർ വ്യാജമാണ്.
4) ഗായകൻ വേടന്‍റെ അറസ്റ്റും തുടർന്നുള്ള വിവാദവും അസുഖകരമാണെങ്കിലും അത് ആ ഗായകനു ഫലത്തിൽ ഗുണമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തെ അറിയാത്തവരും ഈ കേസിലൂടെ പരിചയപ്പെട്ടു. ആ പാട്ടുകൾ കൂടുതൽ പേർ കേൾക്കാനും സഹായിച്ചിട്ടുണ്ട്. കലാകാരന്മാരുടെ പേരിൽ ഇങ്ങനെ കേസെടുക്കുമ്പോഴാണ് അവർ ജീവിച്ചിരിക്കുന്നു എന്നു സമൂഹം അറിയുന്നത്. ഇതാണ് ഇന്നത്തെ ഒരു പ്രതിസന്ധി. ഭരണകൂടത്തിനു രണ്ടു തരം കലാകാരന്മാരാണുള്ളത്: ഭരണകൂടത്തിനെ പിന്താങ്ങുന്നവരും അകന്നു കഴിയുന്നവരും. അകന്നു കഴിയുന്നവരെ വെറുതെ ശത്രുക്കളായി കാണുന്നു.
5) മലയാള കഥ തകർച്ചയുടെ ഗർത്തത്തിലാണിപ്പോൾ. മികച്ചതെന്നു പറയാവുന്ന ഒരു കഥ ചൂണ്ടിക്കാണിക്കാനില്ല. എന്തിനു നല്ലൊരു കഥ എഴുതണമെന്നു കഥാകൃത്തുക്കൾ ചിന്തിക്കുന്നുണ്ടോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. നല്ലൊരു കഥ എഴുതിയാൽ എന്ത് കിട്ടും എന്നു വിചാരിച്ചുപോയാൽ ഉത്തരം മുട്ടും. അതുകൊണ്ട് എന്തെങ്കിലും എഴുതി പ്രസിദ്ധീകരിച്ചാൽ മതി. പത്രാധിപർ വിഷയം കൊടുത്തു എഴുതിപ്പിക്കാറുമുണ്ട്. വി.പി. ശിവകുമാറിന്‍റെ "ഭാരതമാതാവ്', കെ. പി. നിർമൽകുമാറിന്‍റെ "കൃഷ്ണഗന്ധക ജ്വാലകൾ', യു.പി. ജയരാജിന്‍റെ "ഓക്കിനാവയിലെ പതിവ്രതകൾ', കാക്കനാടന്‍റെ "മഴയുടെ ജ്വാലകൾ' തുടങ്ങിയ കഥകൾ ഓർക്കുകയാണ്. ഇതുപോലെ നമ്മെ ഉലയ്ക്കുന്ന ഒരു കഥ ഇപ്പോൾ ഉണ്ടാകുന്നില്ല. വായിച്ചാലുടനെ മനസിൽ നിന്നു ഒഴിഞ്ഞുപോകുന്ന കഥകൾ ഇപ്പോൾ ധാരാളമുണ്ടാകുന്നു.
6) എഴുതാൻ അനുവദിച്ചില്ലെങ്കിൽ മരിക്കുമെന്നു സ്വയം കുമ്പസാരിക്കുന്നവനാണ് എഴുതേണ്ടതെന്നു കവി റെയ്നർ മരിയ റിൽക്കെ അഭിപ്രായപ്പെട്ടു.
7) റോമൻ കത്തോലിക്കാ പുരോഹിതനും ചിന്തകനുമായിരുന്ന ഇവാൻ ഇല്ലിച്ച് പറഞ്ഞു: "സ്കൂൾ ഒരു പരസ്യ ഏജൻസിയാണ്, അത് നിങ്ങളെ വിശ്വസിപ്പിക്കുന്നത് ഈ സമൂഹം ഇങ്ങനെ തുടരണമെന്നാണ്.' ഒരു പഠിതാവും പാഠങ്ങൾ വിട്ടുപോകില്ലെന്നും ഒരധ്യാപകനും പഠിച്ചതിനപ്പുറം പറയില്ലെന്നുമാണ് ഇല്ലിച്ച് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഒന്നിനും ഒരു മാറ്റവുമുണ്ടാകില്ല. മാറ്റമുണ്ടാകാതിരിക്കുന്നതിനു കാവൽ നിൽക്കുന്നവരാണ് പഠിതാക്കൾ.