യാഥാർഥ്യം ഒരു പരിഭാഷയാണ്

ഒരു പുസ്തകം ഇറങ്ങിയാലുടനെ അമ്പതിനായിരവും ഒരു ലക്ഷവും കൊടുത്ത് മാലയിട്ടാദരിക്കാൻ അവാർഡ് മുതലാളിമാർ റെഡിയാണ്
m.k. harikumar aksharajalakam

യാഥാർഥ്യം ഒരു പരിഭാഷയാണ്

Updated on

അക്ഷരജാലകം|എം.കെ.ഹരികുമാർ

ഒരാൾ പുറമേ ജീവിച്ചതോ, കൃത്യമായി ഓർമിച്ചതോ, കേട്ടതോ ഒന്നുമല്ല സാഹിത്യകൃതിയിൽ എഴുതേണ്ടത്. അതൊക്കെ ആർക്കും സാധ്യമാണ്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതി വീണ്ടും ബോറടിപ്പിക്കേണ്ടതില്ല. ഒരു കഥ സങ്കല്പിച്ചു പറയാൻ ഏതൊരാൾക്കും കഴിയും.അതുപോലെ എഴുതാനുമാവും. കാരണം എഴുത്ത് ആ അർഥത്തിൽ ഒരു പൊതുവ്യവഹാരമാണ്. ഇന്നു എല്ലാവരും എഴുതുന്നുണ്ട്; മിക്കവാറും അത് സ്വന്തം കാര്യം എന്ന നിലയിലാണ്. അവനവന് ആവശ്യമുള്ളത് എഴുതിയുണ്ടാക്കുന്നു. വായനക്കാരനെ വേണമെന്നില്ല; അവാർഡു കമ്മിറ്റിക്കാരെ മതി. ഒരു പുസ്തകം ഇറങ്ങിയാലുടനെ അമ്പതിനായിരവും ഒരു ലക്ഷവും കൊടുത്ത് മാലയിട്ടാദരിക്കാൻ അവാർഡ് മുതലാളിമാർ റെഡിയാണ്. വർത്തമാനപ്പത്രങ്ങളും അവാർഡ് കൊടുക്കുകയാണ്. ഇതിനെയെല്ലാം ക്രമപ്പെടുത്താൻ സാഹിത്യത്തിൽ എസ്റ്റാബ്ളിഷ്മെന്‍റിന്‍റെ പൗരോഹിത്യം തയാറാണ്. ഈ പൗരോഹിത്യത്തിന് വേണ്ടത് തങ്ങളുടെ സാന്നിധ്യമാണ്. എവിടെയായാലും വേണ്ടില്ല, തങ്ങളുടെ പടവും അഭിപ്രായവും തെളിഞ്ഞു നിൽക്കണം.

നിലയ്ക്കാത്ത ഒഴുക്ക്

വൈകാരികമായ നിലവാരപ്പെടൽ, വലിയ വിഷയങ്ങളിൽ നിന്നുള്ള ഒഴിഞ്ഞു മാറൽ ഇന്നത്തെ കൃതികളുടെ പൊതുസ്വഭാവമാണ്. എഴുതാനുള്ള തീവ്രമായ നിർബന്ധം കാരണം പൊറുതിമുട്ടുന്നവരെ ഇന്ന് കാണാനില്ല. ചങ്ങമ്പുഴയുടേത് ഒരൊഴുക്കായിരുന്നു; അദ്ദേഹത്തിന് പോലും അത് തടഞ്ഞു നിർത്താനാവില്ലായിരുന്നു.അതുകൊണ്ട് എഴുത്തിന്‍റെ ഭാഗമായുള്ള ഒറ്റപ്പെടൽ, ഉത്കണ്ഠ, പിരിമുറുക്കം, സംശയം തുടങ്ങിയവ ചങ്ങമ്പുഴയെ രോഗസമാനമായ അസന്തുഷ്ടിയിലേക്ക് തളളിയിട്ടു. ഗാഢമായ സാഹിത്യജ്വരമുള്ളവർ ഒരു രോഗത്തെയാണ് കൊണ്ടുനടക്കുന്നത്. അവർ സൗന്ദര്യാത്മകമായ ആശയങ്ങളുടെയും ആലോചനകളുടെയും ഭാരം ചുമക്കുകയാണ്. അബോധത്തിൽ അവർ നീറുന്നു. അവരെ വികാരങ്ങളും വിചാരങ്ങളും കുഴയ്ക്കുന്നു.

ജീവിതാഭിമുഖ്യം ഒരു തീപ്പടർപ്പായി അവരുടെ സിരകളിലൂടെ തിക്കിത്തിരക്കി പുറത്തേക്ക് പ്രവഹിക്കാൻ ഒരുമ്പെടുകയാണ്. ഒരേസമയം ഒന്നിലധികം പ്രമേയങ്ങളും സമസ്യകളും അവരെ ചുറ്റിവരിയുകയാണ്. ഇതാണു സൗന്ദര്യാനുഭവത്തിന്‍റെ ഭീകരത. സൗന്ദര്യാനുഭവത്തിനുള്ളിൽ കഥയോ, നോവലോ, ലേഖനമോ, വിമർശനമോ എന്ന വേർതിരിവില്ല. അതിനെ വേർതിരിക്കുന്നതും സംശുദ്ധീകരിക്കുന്നതും മനസിന്‍റെ ആവശ്യമാണ്. അതുകൊണ്ടു ബൃഹത് കലാലോകങ്ങളെ ഉളളിൽ കൊണ്ടു നടക്കുന്നവർ സൃഷ്ടിക്കു മുമ്പും ശേഷവും അപരിഹാര്യമായ ഊരാക്കുരുക്കുകളിൽപ്പെടുന്നു. എന്നാൽ, ഇതൊന്നും ഇപ്പോൾ മലയാളസാഹിത്യത്തിലില്ല. ഇപ്പോൾ കാണുന്നത്, എങ്ങനെയെങ്കിലും ഒരു നോവൽ തല്ലിക്കൂട്ടിയെടുത്ത് അതിന്‍റെ കോപ്പിയുമായി രാഷ്ട്രീയനേതാക്കളെ കണ്ട് ഫോട്ടൊയെടുക്കാനും സ്വാധീനം ഉപയോഗപ്പെടുത്തി പത്രങ്ങളുടെ അവാർഡുകൾ നേടാനുമുള്ള വ്യഗ്രതയാണ്. സർഗാത്മകമായ ശൂന്യതയാണ് ഇന്ന് നല്ല വായനക്കാർ അഭിമുഖീകരിക്കുന്നത്.

സാഹിത്യകൃതിയിലെ വിവരണത്തെ പൊതുവേ പാഠം എന്നാണ് വിളിക്കുന്നത്. പാഠം ഒരു രചനയാകാം; അല്ലായിരിക്കാം. അത് പരമ്പരാഗതമായ നിർമിതിയാകാം; അല്ലായിരിക്കാം. പക്ഷേ, ഒരു രചയിതാവ് അറിഞ്ഞുകൊണ്ടു കള്ളം എഴുതുന്നതിലെ സർഗാത്മകതയാണ് ഇവിടെ ചർച്ചചെയ്യുന്നത്. എഴുത്തുകാരന് കള്ളം പറയേണ്ടി വരുന്നത് നേരിനെ നേരിടാനാണ്. മുഖംമൂടിയിട്ട യാഥാർഥ്യം നിലനിൽക്കുന്നു. അവനവന്‍റെ ഊരാക്കുടുക്കുകളിൽ നിന്ന് രക്ഷപെടാനായി ഒരാൾ എഴുതുമ്പോഴാണ് അസാധാരണമായി ഒരു പ്രശ്നത്തെ നമുക്കു തുറന്നു കിട്ടുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എഴുത്ത് അവനവനിലേക്കുള്ള അന്വേഷണമാണ്. മുമ്പ് അനുഭവിച്ചിട്ടില്ലാത്തത്, അർഥപരമായി കൃത്യതയിൽ എത്തിച്ചേർന്നിട്ടില്ലാത്തത്, സങ്കൽപ്പമായി കൊണ്ടുനടന്നിട്ടില്ലാത്തത്, പലരോടും പങ്കുവച്ച് വ്യാഖ്യാനിക്കാനാവാത്തത് തുടങ്ങിയ പ്രമേയങ്ങളിലൂന്നി എഴുതുമ്പോൾ ഒരന്വേഷണവും വിസ്മയവുമുണ്ട്. അവിടെയാണ് അനുഭവങ്ങളിലുള്ള ഖനനം സംഭവിക്കുന്നത്. മണ്ണിനടിയിൽ നിന്ന് പുറത്തുവരികയാണ് അവയെല്ലാം. നൂറ്റാണ്ടുകളോളം മറഞ്ഞിരുന്നതാവാം; ആരുടെയും ചിന്താപഥത്തിൽ വന്നിട്ടില്ലാത്തതാണ്. അത് ഒരു നിമിഷത്തിൽ തുറക്കപ്പെടുകയാണ്.

അതു കവിക്ക് അറിയില്ല

എഴുതുന്ന ആളിനുതന്നെ അതിനെക്കുറിച്ച് വ്യക്തതയുണ്ടാവില്ല. വ്യക്തതയില്ലാത്തതിനെക്കുറിച്ചേ എഴുതാവൂ. വ്യക്തതയുള്ളതെല്ലാം മണ്ണിനു മുകളിലാണല്ലോ ഉണ്ടാവുക. നിത്യസമ്പർക്കംകൊണ്ട് പലതും സുഗ്രാഹ്യമാണ്. പരിചിതമായ ലോകങ്ങൾ ഉപരിതലത്തിൽ എത്രവേണമെങ്കിലുമുണ്ട്. അത് എല്ലാവരുമായി പങ്കുവയ്ക്കാനാവും. എല്ലാവർക്കും അതെല്ലാം മനസ്സിലാകും. കാരണം, ഇതൊക്കെ എല്ലാവരും പൊതുജീവിതത്തിന്‍റെയോ, വിദ്യാഭ്യാസത്തിന്‍റെയോ, പൊതു രാഷ്ട്രീയത്തിന്‍റെയോ പേരിൽ അനുഭവിക്കുന്നതാണ്. ഇതെല്ലാം കമ്പോടുകമ്പ് വാരി വിതറുന്ന പ്രക്രിയയല്ല എഴുത്ത്. എഴുതുമ്പോൾ മനസ്സിൽ ചില അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അത് മുൻകൂട്ടി നിശ്ചയിച്ചതല്ല. സർഗാത്മകമായ മനസ്സിന്‍റെ കാര്യത്തിൽ ഇതുതന്നെയാണ് സംഭവിക്കുന്നത്. ഒരു യഥാർഥ കവിക്ക് താൻ എഴുതുന്നതിന്‍റെ അർഥം മനസ്സിലായിക്കൊള്ളണമെന്നില്ല എന്ന് ടി.എസ്.എലിയറ്റ് പറഞ്ഞത് ഇവിടെ പ്രസക്തമാവുകയാണ്.

കവി എല്ലാം തീരുമാനിച്ചശേഷം ഒരു ആധാരമെഴുത്തുകാരനെ പോലെയാണോ എഴുതുന്നത് ?എങ്കിൽ അയാളുടെ മനസ്സ് എത്ര ശുഷ്കമായിരിക്കും? ഒരു വലിയ മനസ് എന്ന് ആ കവിയെ വിളിക്കാനാവില്ല. വലിയ മനസ്സിന് അങ്ങനെ കവിത എഴുതാനാവില്ല. എല്ലാം നിശ്ചയിച്ചുറപ്പിക്കുന്ന കവി യുക്തിയെ മാത്രമാണ് ആശ്രയിക്കുന്നത്. ബോധേന്ദ്രിയങ്ങൾക്കപ്പുറത്തേക്ക് പോയി സ്വകീയമായ ആന്തരികപ്രശ്നങ്ങളെ നേർക്കുനേർ കാണാൻ കഴിയേണ്ടതുണ്ട്‌. ഒറ്റയ്ക്ക് അനുഭവിക്കുന്നതിന്‍റെ മുറിവുകൾ ഒരാൾ മറ്റാരോടും പറയാനാവാതെ മനസ്സിൽ തന്നെ കൊണ്ടു നടക്കുമ്പോഴുള്ള ഒരു വ്യഥയുണ്ട്. സൃഷ്ടിപ്രക്രിയയിൽ ഇതുപോലുള്ള വ്യഥകൾക്കു മൂല്യമുണ്ട്. ചില അറിവുകൾ വിനിമയം ചെയ്യാൻ പോലുമാകാതെ മനുഷ്യർ മനസ്സിന്‍റെ അടിത്തട്ടിൽ ഒളിപ്പിക്കുന്നു. സ്വയമൊരു അസംബന്ധമാണെന്ന അറിവ് എങ്ങനെയാണ് മറ്റുള്ളവരോട് പറയുക?

എഴുതുമ്പോഴാണ് എഴുത്തുകാരന്‍റെ യാഥാർഥ്യമുണ്ടാകുന്നത്. അതു മുൻകൂട്ടി ആസൂത്രണം ചെയ്തതല്ല; അത് ഭാഷയിലൂടെ സംഭവിക്കുകയാണ്. ഭാഷയാകട്ടെ അവനവന്‍റെ പാതയാണ്. ഭാഷയില്ലെങ്കിൽ, അയാളിൽ അവ്യക്തവും നിഗൂഢവുമായ അലങ്കോലങ്ങളായി അതെല്ലാം നിലനിന്നേക്കാം. എഴുത്തുകാരനു തന്നെക്കുറിച്ച് ഒന്നുമറിയില്ല. അയാൾ സ്വന്തം അദൃശ്യതയെയാണ് തകർക്കാൻ ശ്രമിക്കുന്നത്. അയാളുടെ ഉള്ളിൽ സംഭരിക്കപ്പെട്ടതോ അജ്ഞാതമായതോ ആയിരിക്കാം. പലരുടെയും പ്രിയപ്പെട്ട സുഹൃത്ത് എന്ന ഐഡൻ്റിറ്റിയല്ല എഴുതുമ്പോൾ അയാൾക്കുള്ളത്. അയാൾ അപ്പോൾ കുടുംബനാഥനല്ല; ഉദ്യോഗസ്ഥനല്ല. അയാൾ തന്നിലുള്ള അജ്ഞാതഭൂഖണ്ഡത്തെ പുറത്തെടുക്കാൻ പ്രയത്നിക്കുകയാണ്. ഒരു വാതിൽ തുറക്കുകയാണ്, ഉള്ളിലെ ദുരൂഹമേഖലകളിലേക്ക്. അത് വൈകാരികവും ദാർശനികവും സൗന്ദര്യപരവുമായ ഒരു കുഴിച്ചെടുക്കലാണ്.

കഥ യഥാർഥമല്ല

എല്ലാവർക്കും ബോധ്യമുള്ള ഒരു കാര്യം എഴുതുമ്പോൾ വസ്തുനിഷ്ഠതയുടെ ആനുകൂല്യം മാത്രമേയുള്ളൂ. കഥ വസ്തുനിഷ്ഠതയല്ല; വ്യക്തിനിഷ്ഠതയുമല്ല. വ്യക്തി - വസ്തുനിഷ്ഠതകളെ ലംഘിച്ചുകൊണ്ട് ഒരാൾ സാഹസികവും ഭ്രമാത്മകവുമായി സഞ്ചരിക്കുകയാണ്; നിഷ്കളങ്കവുമാണത്. കാഫ്കയുടെ ‘മെറ്റാമോർഫോസിസ്’ ഉദാഹരണം. മനുഷ്യൻ വെറും യുക്തിയുടെ, പ്രായോഗികതയുടെ ഒരു ഉപകരണം മാത്രമല്ല. അവൻ സ്വപ്നത്തിലും അയുക്തിയിലും ഭ്രമത്തിലും അസംബന്ധത്തിലും വികാരങ്ങളിലും ജീവിക്കുന്നു. ഇതിലൊന്നിലും പെടാതെ അജ്ഞാതമായും അവൻ സഞ്ചരിക്കുന്നു. അവനുപോലും വ്യക്തമല്ലാത്ത, സന്ദിഗ്ദ്ധമായ അവസ്ഥകളും പ്രാമുഖ്യം നേടുന്നുണ്ട്. അതുകൊണ്ട് കഥ എല്ലാവർക്കും ബോധ്യമുള്ളത് മാത്രം എഴുതി നിറയ്ക്കാനുതല്ല; മറഞ്ഞിരിക്കുന്ന യഥാർഥ്യത്തെക്കുറിച്ചുള്ള അങ്കലാപ്പ്, ഏകാന്തമായ ഭയവിഹ്വലതകൾ, വിഭ്രമിപ്പിക്കുന്ന ജീവിതാവസ്ഥകൾ, ദുരൂഹമായ അനുഭവങ്ങൾ തുടങ്ങിയവയെല്ലാം കഥയെയും നിയന്ത്രിക്കുന്നുണ്ട്. യു.പി.ജയരാജിന്‍റെ മഞ്ഞ്, ബിഹാർ എന്നീ കഥകൾ ഉദാഹരണം. കഥാകൃത്തെന്ന നിലയിലുള്ള ഒരാന്തരിക ഭ്രമലോകത്തെ കൊണ്ടുനടക്കുന്നവൻ അതിനെ അറിയാനാണ് ശ്രമിക്കുന്നത്.അതുകൊണ്ടാണ് കഥ യഥാർഥമല്ല എന്ന് പറയേണ്ടി വരുന്നത്.

യാഥാർഥ്യം ഒരു പരിഭാഷ മാത്രമാണ്; അതിനെ ഒരാൾ ഏതുകോണിൽ നിന്നു നോക്കുന്നു എന്നിടത്താണ് ഭാവന പ്രവർത്തനമാരംഭിക്കുന്നത്. അങ്ങനെയത് പുതിയ യാഥാർഥ്യമായി രൂപാന്തരപ്പെടുന്നു; ഉപരിപ്ളവ യാഥാർഥ്യമല്ല അത്. മനുഷ്യാവസ്ഥയെപ്പറ്റിയുള്ള നിഗൂഢ ലാവണ്യാന്വേഷണം എന്ന നിലയിലാണ് യാഥാർഥ്യം അവിടെ സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെ ഫിക്ഷൻ യാഥാർഥ്യത്തെ ഉപേക്ഷിച്ച് മറ്റൊന്നാകുന്നു.

ഒരു സമാന്തരലോകം

ഫിക്ഷൻ എന്ന വാക്കിൽ തന്നെ അത് യഥാർഥമല്ലെന്നും മനുഷ്യൻ സൃഷ്ടിക്കുന്നതാണെന്നന്നും സൂചിതമാവുന്നുണ്ട്. കല്പിത വാസ്തവികതയാണത്. അതിന്‍റെ ആഖ്യാനമാണ് കൃതിയിലെ ലിഖിത യാഥാർഥ്യം (Textual Reality). ഇതാകട്ടെ, എഴുത്തുകാരന്‍റെ മനോനിലയനുസരിച്ചാണ് ഉണ്ടാകുന്നത്. അയാൾ ജീവിതത്തിന്‍റെ ബദൽ അല്ലെങ്കിൽ, സമാന്തരലോകം നിർമ്മിക്കുന്നു. ലിഖിത യാഥാർഥ്യം എഴുത്തുകാരൻ നിർമ്മിക്കുന്നതാണെങ്കിലും, അത് വായനക്കാരൻ്റേതു മാത്രമാണ്. കാരണം, ഒരാൾ എഴുതിയത് അതേ നിലയിൽ ആരും ഉൾക്കൊള്ളണമെന്നില്ലല്ലോ. എഴുതുന്നയാളിന്‍റെ മനസ്സിലെ താളക്രമങ്ങൾ വായനക്കാരൻ ഗൗനിക്കണമെന്നില്ല. വായനക്കാരൻ മറ്റൊരു തരത്തിലാണ് സമീപിക്കുന്നത്. അപ്പോൾ ലിഖിത യാഥാർഥ്യം മാറുകയാണ്. പലതായി പിരിയുകയാണ്; അർഥങ്ങളുടെ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്. ഭാഷയുടെ ടോൺ, വാക്കുകളുടെ തെരഞ്ഞെടുപ്പ്, സംഗീതാത്മകത എന്നിവയെല്ലാം ആ യാഥാർഥ്യത്തെ അതീതമാക്കുന്നു. ഇതിലൂടെ വിഭിന്നങ്ങളായ അർഥങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അവസരമൊരുക്കുകയാണ്. എഴുതുമ്പോൾ നമുക്ക് മുൻ മാതൃകകളില്ല. അതാണ് എഴുത്തിലെ ഏകാന്തത. പുതിയ പാഠം നിർമ്മിക്കാൻ അയാൾ വിധിക്കപ്പെടുന്നു. കാഫ്കയുടെ ‘മെറ്റാമോർഫോസിസ്’ പിറക്കുന്നത് ഒരു മാതൃകയില്ലാതെയാണ്. അതുകൊണ്ട് ആ കൃതിയിലെ ലിഖിത യാഥാർഥ്യം കാഫ്കയുടെ കണ്ടുപിടിത്തമാണ്. അന്തിമമായി വ്യാഖ്യാനിക്കാനാവില്ലെങ്കിൽ പോലും.

അദൃശ്യ നദി

കൽപ്പിത കഥ പുറംലോകത്ത് കാണാനൊക്കില്ല. അത് ജീവിതത്തിനടിയിൽ ഒഴുകുന്നുണ്ട്, ഒരു അദൃശ്യനദി പോലെ. അതിൽ ഭ്രമമാണുള്ളത്. അതിനെക്കുറിച്ചുള്ള വെളിപാടുകളാണ് ഒരാൾ എഴുതുന്നത്.ഈ ഒഴുക്കിന്‍റെ സമ്മർദം താങ്ങിയാണ് എഴുത്തുകാരൻ നടക്കുന്നത്. സമ്മർദ്ദത്തിന്‍റെ ആക്കം വ്യത്യാസപ്പെടുന്നതിനനുസരിച്ച് അയാൾ പലതരം ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു; അയാൾ അസന്തുലിതവും അലങ്കോലവുമായ ഒരവസ്ഥയായി മാറാം; അന്തർമുഖനാകാം.

ലിഖിത യാഥാർഥ്യത്തിനു വേണ്ടി ഒരാൾ പ്രത്യേകം ജനിക്കുന്നില്ല; ഉള്ളിലെ സൗന്ദര്യപ്രശ്നങ്ങളുടെ തിരയേറ്റത്താൽ മറ്റൊരു അസ്തിത്വവിതാനത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്.ഒ.വി. വിജയന്‍റെ "ധർമപുരാണം' ഓർക്കുക. ഉന്മാദത്തിന്‍റെ അപായകരമായ ഒരു കയറ്റമാണത്; കുത്തനെയുള്ള ഭിത്തിയിൽ ഇഴഞ്ഞു കയറുന്നപോലെ. എന്തിനാണ് എഴുത്തുകാരൻ തനിക്ക് അപ്രാപ്യവും തന്‍റെ പ്രകൃതിക്ക് വന്യവുമായ ഒരു പാത തെരഞ്ഞെടുത്തിരിക്കുന്നത്? കഥാകൃത്തിന്‍റെ പരിചിതവും അർഥരഹിതവുമായ പുറന്തോടിനുള്ളിൽ ഒരിക്കലും സ്പർശിക്കപ്പെടാതെ അവശേഷിക്കുന്ന വിശേഷജീവിതസത്യങ്ങൾ പ്രധാനമാണ്. അതാണ് അയാളെ ജീവിപ്പിക്കുന്നത്. ഭാഷയെ പൂർണമായി ആശ്രയിക്കാനാഗ്രഹിക്കുന്നില്ല. കാരണം, ഭാഷ സാമ്പ്രദായികത്വമാണ്; അതൊരു വിദ്യാഭ്യാസവ്യവസ്ഥയാണ്. നിശിതമായ ഒരു സ്കൂളിങ് ഭാഷയിൽ എപ്പോഴുമുണ്ട്. അതുകൊണ്ട് എഴുത്തുകാരനു ആന്തരികമതിഭ്രമങ്ങളുടെയും ശരിതെറ്റുകളുടെയും ആശങ്കകളുടെയും അലങ്കോലങ്ങളുടെയും ടോൺ ആവിഷ്കരിക്കാൻ ഈ ഭാഷ അപര്യാപ്തമായി മാറാം.

രജതരേഖകൾ

1)മുരളി.ആർ

ഓണക്കാലത്ത് ധാരാളം സാഹിത്യരചനകൾ കാണാനും വായിക്കാനും അവസരം ലഭിച്ചു. പക്ഷേ ഓണവുമായി സാഹിത്യത്തിനോ സർഗാത്മകതയ്ക്കോ പ്രത്യക്ഷ ബന്ധമില്ലെങ്കിലും കൂടുതൽ പേർ എഴുതുന്നത് ഈ കാലത്താണ്. സർഗാത്മകതയുടെ തീവ്രമായ സമ്മർദത്തിൽ നിന്ന് പിറക്കുന്നവയല്ല ഈ രചനകളെന്ന് പൊതുവെ പറയാം. മുരളി.ആർ പരിഭാഷപ്പെടുത്തിയ, പ്രമുഖ ലബനീസ് - അമെരിക്കൻ കവി ഖലീൽ ജിബ്രാന്‍റെ കവിത 'പൂവിന്‍റെ പാട്ട്'(കലാപൂർണ, സെപ്റ്റംബർ) സാഹിത്യപ്രസിദ്ധീകരണങ്ങളിലെ ആവർത്തനവിരസതയും ജഡതയും മാറ്റിത്തന്നു. ഖലിൽ ജിബ്രാൻ ഒരു സാധാരണ കവിയല്ല; തത്വചിന്തകനായ കവിയാണ്. വേണമെങ്കിൽ പ്രവാചക കവിയെന്ന് വിളിക്കാം. പെട്ടെന്ന് ഒരു വസ്തുവിനോടോ സംഭവത്തോടോ പ്രതികരിക്കുന്ന രീതിയല്ല അദ്ദേഹത്തിന്‍റേത്. ജിബ്രാൻ ഈ പ്രപഞ്ചനാഥനുമായുള്ള പാരസ്പര്യത്തെയാണ് പ്രചോദനമായി കാണുന്നത്. 'പൂവിന്‍റെ പാട്ടി'ലെ വരികൾ നോക്കൂ:

'നീലക്കൂടാരത്തിൽ നിന്ന് പച്ചപ്പരവതാനിയിലേക്ക് പതിച്ച

ഒരു നക്ഷത്രമാണ് ഞാൻ. പഞ്ചഭൂതങ്ങളാൽ ഗർഭാധാനം ചെയ്യപ്പെട്ട

മഞ്ഞുകാലത്തിന്‍റെ മകളാണ് ഞാൻ.

വെളിച്ചം മാത്രം കാണുവാനായി

ഞാൻ ഉയരങ്ങളിലേക്ക് നോക്കുന്നു; എന്നാൽ, ഒരിക്കലും എന്‍റെ നിഴലിനെ കാണാൻ

താഴെ നോക്കാറില്ല.

മനുഷ്യൻ തിരിച്ചറിയേണ്ടതും ഈ സത്യത്തെയാണ്'.

ഈ കവിതയുടെ പ്രത്യേകത അത് കേവലഭാഷ ഉപയോഗിക്കുന്നില്ല എന്നതാണ്. ആന്തരയുക്തിയിൽ ഒളിച്ചുകഴിയുന്നില്ല. കവിത ഒരു തലോടൽ പോലെയാണിവിടെ. അത് വായനക്കാരനെ ആശ്വസിപ്പിക്കുന്നു. സുന്ദരമായ ഒരു രാത്രിയിലേക്കും മയക്കത്തിലേക്കും ക്ഷണിക്കുന്നു, മനോഹരമായ സ്വപ്നം കാണാൻ.

2)ഗോപൻ മൂവാറ്റുപുഴ

ഗോപൻ മൂവാറ്റുപുഴ എഴുതിയ 'അറിവാഴങ്ങൾ'(മെട്രൊവാർത്ത വാർഷികപ്പതിപ്പ്) ഓണക്കാലത്ത് വായിച്ച ഏറ്റവും മികച്ച കഥയാണ്. അറിവാഴങ്ങൾ എന്ന തലവാചകത്തിന്‍റെ ശരിയായ അർഥം കഥാകൃത്ത് വിവരിക്കുന്നതു പോലെ തോന്നി.ജെ.ജെ കുന്നത്തൂർ എന്ന എഴുത്തുകാരന് വയസ്സായി. അയാൾ വളരെ ഗൗരവത്തോടെയാണ് സാഹിത്യത്തെ സമീപിച്ചത്. അയാൾക്ക് ഓർമശക്തി നഷ്ടപ്പെട്ട് വീട്ടിൽ ഒതുങ്ങി കഴിയുകയാണ്,ആരോടും ഒരു ബന്ധവുമില്ലാതെ. വലിയ എഴുത്തുകാരെല്ലാം പല കാലങ്ങളിൽ വന്ന് ചർച്ച ചെയ്തും സ്നേഹവിരുന്ന് സ്വീകരിച്ചും കടന്നുപോയ വീടാണത്. ഇപ്പോൾ ദാരിദ്ര്യമാണ്. ഒടുവിൽ അയാളുടെ ഭാര്യ സേതുലക്ഷ്മി പുസ്തകങ്ങളെല്ലാം ആക്രിക്കാരന് വിൽക്കുകയാണ്. അതിൽ നിന്ന് ഒരു ചെറിയ തുക കിട്ടുമല്ലോ. അവൾക്ക് ആകെ വെറുപ്പായിരുന്നു. അയാൾ ജീവിതത്തിൽ സ്വന്തം ഉയരങ്ങൾ മാത്രം നോക്കി, സ്വന്തം സമ്പാദ്യം മാത്രം ശ്രദ്ധിച്ചു നടന്ന ഒരു പ്രായോഗിക എഴുത്തുകാരനല്ലായിരുന്നു. അയാൾ ആദർശശാലിയായിരുന്നു. വളരെ ഗൗരവത്തോടെ ജീവിതത്തെയും സാഹിത്യത്തെയും കണ്ട അയാൾക്ക് രാഷ്ട്രീയപാർട്ടികളെയോ പത്രങ്ങളെയോ വശീകരിച്ചു വലിയ തുകയുള്ള പുരസ്കാരങ്ങൾ തുടരെ വാങ്ങാൻ ശേഷിയില്ലായിരുന്നു. അയാളെ വല്ലപ്പോഴും കാണാൻ വരാറുള്ള ആശാൻ എന്ന സുഹൃത്തിനു ചെവി കേൾക്കില്ല. എങ്കിലും രണ്ടുപേരും കുറച്ചുനേരം എന്തോ പറഞ്ഞിരിക്കും. 'ഏതോ കാലത്തിന്‍റെ അർഥരഹിതമായ വാക്കുകളാൽ പകിട കളിച്ചുകൊണ്ട് അവർ ദീർഘനേരം അങ്ങനെയിരിക്കും' - കഥാകൃത്ത് എഴുതുന്നു. ഉള്ളു പൊള്ളിച്ച കഥയാണിത്. ഈ കാലത്തിന്‍റെ കാപട്യത്തിലേക്കും ക്രൂരതയിലേക്കും സാംസ്കാരിക നായകത്വത്തിന്റെ അഴുക്കുചാലിലേക്കും തുറന്നു വെച്ച ഒരു ക്യാമറയാണ് ഈ കഥ.

------------------------------------

3)ഷിബുകുമാർ

ഷിബുകുമാർ എന്ന ഫെയ്സ്ബുക്കർ യേശുദാസ് പാടിയ, എന്നാൽ ആരും തന്നെ കേട്ടിട്ടില്ലാത്ത എത്രയോ പാട്ടുകളാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തുന്നത്! അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്! 'ഓമനത്തിങ്കൾ'(1983)എന്ന സിനിമയിൽ എം.ബി. ശ്രീനിവാസന്‍റെ സംഗീത സംവിധാനത്തിൽ യേശുദാസ് പാടിയ 'യവനപുരാണ നായകൻ ഏതോ ഗന്ധർവ ഗായകൻ' എന്ന സുന്ദരമായ പാട്ട് കഴിഞ്ഞ ദിവസമാണ് കേട്ടത്.

4)ഷാജി തലോറ

ഭാരതത്തിന്‍റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സൈനിക, വ്യാപാര, ടൂറിസം പാതകളുടെ ആകെത്തുകയായ സിലിഗുരി ഇടനാഴിയെക്കുറിച്ച് സഞ്ചാരിയും പ്രസാധകനും എഴുത്തുകാരനുമായ ഷാജി തലോറ എഴുതിയ ലേഖനം (കേസരി, സെപ്റ്റംബർ 4)പ്രസക്തവും വിജ്ഞാനപ്രദവുമാണ്. ഈ പാത ഭാരതത്തിന്‍റെ ഹൃദയധമനി പോലെ പ്രധാനപ്പെട്ടതാണ്. ഇതിന് തടസ്സം നേരിട്ടാൽ വടക്ക് കിഴക്കൻ മേഖലയെ രാജ്യത്തിന്‍റെ മറ്റു പ്രധാന ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെടുത്തും. അറുപത് കിലോമീറ്റർ നീളവും ഇരുപത്തിരണ്ട് കിലോമീറ്റർ വീതിയുമുള്ള ഈ ഇടനാഴി കടന്നു വേണം നമ്മുടെ ഏഴ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കെത്താൻ. ഷാജി സവിശേഷ പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് എഴുതാറുണ്ട്. അദ്ദഹത്തിന്‍റെ സർഗാത്മകമായ ആവേശം രചനാപരമായി പ്രാമുഖ്യം നേടുകയാണിവിടെ.

5)രാജീവ് ജി ഇടവ

രാജീവ് ജി. ഇടവ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് അനുഭവസമ്പത്ത് നേടിയ എഴുത്തുകാരനാണ്. അദ്ദേഹം 16 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു.'ശവവേട്ട' സ്വാനുഭവ കുറിപ്പുകളുടെ സമാഹാരമാണ്. പട്ടാളക്യാമ്പുകൾ, സഹവാസം, ഗ്രാമത്തെക്കുറിച്ചുള്ള ഓർമ്മകൾ, ഭാഷാപരമായ പരിമിതികൾ, വായന, ഡയറിക്കുറിപ്പുകൾ, ഗാരേജ്, വർഷോപ്പ്, ബറ്റാലിയൻ തുടങ്ങി തന്റെ സൈനികജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ രേഖപ്പെടുത്തുകയാണ് രാജീവ്. മടുപ്പിക്കാതെ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാൻ ഗ്രന്ഥകാരന് കഴിയുന്നുണ്ട്.

6)ദസ്തയെവ്സ്കി

റഷ്യൻ എഴുത്തുകാരൻ ദസ്തയെവ്സ്കി പറഞ്ഞു: 'സ്നേഹിക്കണമെങ്കിൽ നന്നായി കഷ്ടപ്പെടണം. ഇത് കൂടാതെ സ്നേഹം സാധ്യമല്ല. എല്ലാറ്റിനെയും സ്നേഹിക്കുക -മൃഗങ്ങളെയും സസ്യങ്ങളെയും മറ്റെല്ലാറ്റിനെയും.ഇതിന്‍റെ രഹസ്യം അറിയുമ്പോൾ എല്ലാ ദിവസവും നിങ്ങളെ അത് പ്രചോദിപ്പിക്കും. ഒടുവിൽ ഈ ലോകത്തെയാകെ സ്നേഹിക്കാവുന്ന തരത്തിൽ നിങ്ങൾ ഉയരും.'

logo
Metro Vaartha
www.metrovaartha.com