
ഭാഷ അർഥങ്ങൾക്കു പകരം ബഹളവും ശകാരവും ചിലപ്പോൾ ബാധിര്യവുമായി രൂപാന്തരപ്പെടുന്നു.
freepik.com
അക്ഷരജാലകം | എം.കെ. ഹരികുമാർ
ഒരു സാഹിത്യകൃതി വായിക്കുന്നതിനെക്കുറിച്ചുള്ള സിദ്ധാന്തപരവും ദാർശനപരവുമായ ചർച്ചകൾ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയെ അർഥാന്തരമായ ചോദ്യങ്ങൾ കൊണ്ടു മുഖരിതമാക്കി. ഫ്രഞ്ച് വിമർശകൻ റൊളാങ് ബാർത്ത് പറഞ്ഞു, 'എഴുതുന്ന വേളയിൽ തന്നെയാണ് എഴുത്തുകാരൻ ജനിക്കുന്നത്' എന്ന്. എഴുത്തിന് മുമ്പോ ശേഷമോ അയാൾക്ക് അതിന്‍റെ ആധികാരികതയോ ഉണ്മയോ ഇല്ല. അയാൾ എഴുതുമ്പോൾ ഒരു ഉണ്മ ലഭിക്കുന്നു. അത് നേരത്തേയുള്ളതല്ല, അത് പിന്നീടുമല്ല. ഭാഷയാണ് അയാളെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത്. ഭാഷ അയാളുടേതല്ല. ഭാഷ നേരത്തേ തന്നെയുണ്ട്. അതിന്‍റെ അർഥം നേരത്തേ നിശ്ചയിക്കപ്പെട്ടതാണ്. ആ അർഥത്തെ ഉപയോഗിക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്.
വൃക്ഷം എന്ന വാക്കിന് ഒരർഥമുണ്ട്. അത് ഒരാൾക്കു മാറ്റാനാവില്ല. വൃക്ഷം എന്ന ശബ്ദത്തിലടങ്ങിയ അർഥത്തെ ഉപയോഗിക്കുകയല്ലാതെ മറ്റൊന്നു കണ്ടുപിടിക്കാനാവില്ല. ഭാഷയുടെ ഈ പരിമിതി ഭയാനകമാണ്. അനുഭവങ്ങൾക്ക് ആവിഷ്കാരം നൽകുമ്പോൾ വാക്കുകളുടെ അർഥം പരിമിതി സൃഷ്ടിക്കുന്നു. ആ വാക്കിനപ്പുറമുള്ളതൊന്നും ഭാവന ചെയ്യാനാകില്ല. ഭാഷ വന്ന് ഭാവനയെ സാക്ഷരമാക്കുന്നു. ഭാവന ഭാഷയുടെ തടവറയിലാണ്. വൃക്ഷം എന്ന വാക്കുപയോഗിച്ചു മാത്രമേ വൃക്ഷത്തെക്കുറിച്ചു ഭാവന ചെയ്യാനും എഴുതാനും കഴിയൂ. വൃക്ഷം എന്നെഴുതുന്നതോടെ അത് എഴുത്തുകാരനു നഷ്ടപ്പെടും. ഇതാണ് നാശം, നശിപ്പിക്കൽ. ഇതിനെ മറികടക്കുന്നിടത്താണ് എഴുത്ത്. ഇതിനെ മറികടക്കാനാണ് എഴുതേണ്ടത്. വൃക്ഷത്തെ വൃക്ഷം എന്നെഴുതി, ഇതാ ഇവിടെ ഒരു വൃക്ഷമുണ്ട് എന്നു പറയാൻ പേജുകൾ വിവരിക്കേണ്ട. ഒരു ഫോട്ടൊയെടുത്ത് കാണിച്ചാൽ മതി. ആ ഫോട്ടോയിൽ വൃക്ഷമുണ്ട്. വൃക്ഷം എന്ന വാക്കിലൂടെയാണ് ആ ഫോട്ടൊയെ അറിയുന്നത്.
ജർമൻ കവി ദൂർസ് ഗ്രൺബിൻ പറയുന്നത് 'ഭാഷ അഴിമതി ചെയ്യുന്നു' എന്നാണ്. ഭാഷ ഒരു കെണിയൊരുക്കുന്നു. ഭാഷ നാശം വിതയ്ക്കുന്നു. അതുകൊണ്ട് ഭാഷയ്ക്കപ്പുറത്തേക്കു പോകേണ്ടതുണ്ട്. ഭാഷയെ വിഷമയമാക്കുന്ന വസ്തുക്കൾ അതിനുള്ളിൽ കടന്നുകൂടിയിരിക്കുന്നു. അത് ചിന്തയെയും ഭാവനയെയും വഴിതെറ്റിച്ചു വിടുന്നു. ഒരു വസ്തുവിനെ യഥാർഥമായി സമീപിക്കാനുള്ള സാഹചര്യം നശിപ്പിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഭാഷ അനാവശ്യമായി പലയിടങ്ങളിലേക്കു തുറന്നുകാട്ടപ്പെടുന്നതിനാൽ അതിന്‍റെ പരിശുദ്ധി നഷ്ടപ്പെടുന്നു. ഭാഷ അർഥങ്ങൾക്കു പകരം ബഹളവും ശകാരവും ചിലപ്പോൾ ബാധിര്യവുമായി രൂപാന്തരപ്പെടുന്നു. ബാധിര്യമുണ്ടാകുന്നത് എങ്ങനെയാണ്? ചിലർ കുറെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ദീർഘമായി, സ്ഥൂലമായി കഥയെഴുതുന്നു. യാതൊന്നും നമ്മളിലേക്ക് പുതുതായി സംവേദനം ചെയ്യാനില്ല. അതിന് ഒരു വസ്തുവിനെയും ബാഹ്യമായല്ലാതെ കാണിച്ചുതരാനാവില്ല.
വൃക്ഷത്തെക്കുറിച്ച് എഴുതുമ്പോൾ ആ വാക്കിനപ്പുറം നാം കാണാത്ത ഒരു വൃക്ഷമുണ്ട്. ഭാഷ ഉപയോഗിക്കുമ്പോൾ ആ വാക്കുകൾക്കപ്പുറത്തുള്ള ഒരു ഭാഷയുണ്ട്. അതാണ് എഴുത്തുകാരനെ പിടിച്ചെടുക്കേണ്ടത്. ഭാഷയ്ക്കുള്ളിലെ ഭാഷയല്ല, ഭാഷയ്ക്കപ്പുറത്തുള്ള ഭാഷയാണ് തേടേണ്ടത്. ഇതുതന്നെയാണ് സാഹിത്യ വിമർശനത്തിലും കാതലായി തീരുന്നത്. എഴുതുമ്പോൾ എഴുത്തുകാരനുണ്ടാകുന്നു.
വീണപൂവിനെക്കുറിച്ച് ആസ്വാദനം എഴുതിയപ്പോഴാണ് ഈ ലേഖകൻ ഉണ്ടായത്. വീണപൂവിനപ്പുറമുള്ള ഒരു ഉണ്മയിലേക്കു നോക്കിയാൽ മാത്രമേ വീണപൂവിൽ നിന്ന് എന്താണ് സംവേദനം ചെയ്യുന്നതെന്നു പറയാനാകൂ. വീണപൂവ് ഒരു പ്രതീകമാണെന്ന് പതിറ്റാണ്ടുകളായി പ്രൊഫസർമാരായ വിമർശകരും മറ്റു ചില സാഹിത്യതത്പരരും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഈ ധാരണ ശരിയാണെന്നു വിശ്വസിച്ചു കൊണ്ട് ആ കവിത വായിക്കുന്ന ധാരാളം വിദ്യാർഥികളെ കണ്ടിട്ടുണ്ട്. സാഹിത്യ വിചിന്തനത്തിൽ ഒരു നാട്ടുനടപ്പുണ്ട്. ഒരാൾ ആധികാരികമായി ഒരു വാദമുന്നയിച്ച് പ്രചരിപ്പിച്ചാൽ പിന്നാലെ വരുന്നവരെല്ലാം അതേറ്റുപാടും. എം.ടി. വാസുദേവൻ നായർ ഭഗ്നപ്രണയത്തിന്‍റെയും കൂടല്ലൂരിന്‍റെയും കഥാകാരനാണെന്ന് പറഞ്ഞു പരത്തിയത് ഇങ്ങനെയാണ്. ആശാൻ സ്നേഹഗായകനാണെന്ന് തട്ടിവിടുന്നവർ ഈ ചതിയിൽപ്പെട്ടതാണ്. അദ്വൈതിയായ ആശാന്‍റെ സ്നേഹം ലൗകികമായ, മാംസനിബദ്ധമായ സ്നേഹമല്ല, അത് ആത്മീയതലത്തിലുള്ള, പ്രാപഞ്ചികമായ ഒരുമയുടെ ലയമാണ്. അത് കേവല സ്നേഹമല്ല. ഒരു വ്യക്തിക്ക് മറ്റൊരാളോട് സ്വാർഥ പ്രേരിതമായി തോന്നുന്ന ഭൗതിക സ്നേഹമല്ല. മാംസത്തിന് മാംസത്തോടുള്ള അടുപ്പമല്ല. നൈമിഷികമായ ലൈംഗിക സ്നേഹമല്ല. ആത്മീയമായിരിക്കെ തന്നെ സകലതിന്‍റെയും ഒരുമ ആഗ്രഹിക്കുകയാണ്. വ്യക്തിയിൽ നിന്നുണർന്ന് ആത്മീയമായി മറ്റൊരു രാഗമായി തീരുന്നു. ഒരു പക്ഷിക്കോ ജീവിക്കോ മനുഷ്യനുമായുണ്ടാകുന്ന സ്നേഹത്തിന്‍റെ ലോകത്ത് ഇതിന് അസ്തിത്വമുണ്ട്. സ്നേഹത്താൽ ബന്ധിതരാകുന്ന പ്രപഞ്ചവസ്തുക്കളുടെ ലോകമാണത്.
"വീണപൂവി'ലെ പൂവ് ആശാന്‍റെ കാമുകിയാണെന്ന് പറയുന്നത് അർഥരഹിതമാണ്. ഇതിന് ആധാരമായി പൂവിനെ പ്രതീകമായി കാണുന്നതാണ് സാഹിതീയമായ ധർമമെന്ന് ചിലർ പറയുന്നു. പ്രതീകങ്ങളിലൂടെ മാത്രമേ ചിലർ സംസാരിക്കുന്നുള്ളൂ. ഒരു വസ്തുതയെ പ്രതീകവത്കരിക്കുമ്പോൾ ആ വസ്തുവിനെ നമുക്ക് നഷ്ടപ്പെടുന്നു. പൂവിനെ പെണ്ണായി കാണുമ്പോൾ പൂവിനെ നമുക്ക് നഷ്ടപ്പെടുന്നു. പൂവ് പൂവ് മാത്രമാണ്. ഒരു പൂവിന് അതായിരിക്കാനുള്ള അവകാശമുണ്ട്. പൂവ് എന്തിന് മറ്റൊന്നിന്‍റെ ഭാരം ചുമക്കണം? ഒരു പൂവിനോട് നീ പൂവല്ല ഒരു പെണ്ണാണെന്ന് പറഞ്ഞാൽ പൂവ് സമ്മതിക്കുമോ?
വസ്തുവിന്‍റെ കഥനത്തിനു വസ്തുവിനെ തന്നെ ബാഹ്യവത്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതു തെറ്റാണ്. വസ്തുവിന് അതിന്‍റെ അനന്യതയുണ്ട്, മൗലികതയുണ്ട്. ഒരു വസ്തു അത് മാത്രമാണ്. രക്തം രക്തം മാത്രമാണ്. അതു വെള്ളമോ മദ്യമോ അല്ല. രക്തം വിപ്ലവമാണെന്നു പറഞ്ഞാൽ രക്തം യോജിക്കുകയില്ല. രക്തത്തിന് അതിന്‍റെ ധർമം നിർവഹിക്കാനുണ്ട്. രക്തം ശരീരത്തിൽ പ്രവർത്തിക്കുന്നത് ആ വ്യക്തിയുടെ ബാഹ്യമായ ഗുണങ്ങളോ ദോഷങ്ങളോ നോക്കിയിട്ടല്ല. രക്തം മതത്തെയോ ദൈവത്തെയോ ദേശത്തെയോ രാഷ്‌ട്രത്തെയോ ഭാഷയെയോ പരിഗണിക്കുന്നില്ല. രക്തം സ്വധർമം നടപ്പാക്കുന്നതിൽ ഒരു നിമിഷം പോലും പാഴാക്കുന്നില്ല. രക്തത്തിന് സ്വാർഥതയില്ല. രക്തം അതു മാത്രമാണ്. അതിനു പ്രതീകമായി മനുഷ്യരുടെ കവിതകളിൽ ജീവിക്കേണ്ട ആവശ്യമില്ല. ഈ സാഹചര്യത്തെ വിമർശകർ ഉൾക്കൊള്ളണം. സാഹിത്യത്തിൽ പ്രതീകവാദം വലിയൊരു ആപത്താണു ക്ഷണിച്ചുവരുന്നത്. യാഥാർഥ്യത്തിന്, വസ്തുവിനു മുഖാമുഖം നിൽക്കാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ചിലർ അതിനെ പ്രതീകമാക്കാൻ വെമ്പുന്നത്.
ആശാൻ 'വീണപൂവി'ൽ അവതരിപ്പിക്കുന്നതു ഭാരതത്തിന്‍റെ ആത്മീയമായ ജ്ഞാനകേന്ദ്രങ്ങളിൽ നിന്നുളവാകുന്ന ആന്തര ദർശനമാണ്. ശിവൻ ശരീരത്തിൽ അണിയുന്നത് ഭസ്മമാണ്. മൃതദേഹം കത്തിച്ചു കളഞ്ഞ ശേഷമുള്ള ചാരം ദേഹത്തണിയുന്നതിലൂടെ ശിവൻ അർഥമാക്കുന്നത് എല്ലാം അറിവിൽ ലയിക്കുന്നു എന്നാണ്. ശിവൻ പരമമായ അറിവാണ്. എല്ലാം ആ അറിവിൽ ലയിക്കുന്നു. ഭൗതിക ജീവിതം പരമമായ, ബ്രഹ്മമയമായ അറിവിൽ ലയിക്കാനുള്ള അന്ധമായ യാത്രയിലാണ്. അവയ്ക്കറിയില്ല ആ യാത്രയെക്കുറിച്ച്. ഒരു പിടി ധൂളികളായി മാറുക എന്ന ആത്യന്തിക വിധിയിൽ നിന്ന് അവയ്ക്കു മോചനമില്ല. അതു ശ്മശാനത്തിലെത്തിച്ചേരാതിരിക്കുന്നില്ല. ശ്മശാനം എന്നത് വസ്തുക്കളുടെ ഭൗതികാവശിഷ്ടം അടിയുന്ന സ്ഥലം എന്നു കണക്കാക്കിയാൽ മതി. എല്ലാം ഈ പൊടി വരെ മാത്രമാണുള്ളത്. നെപ്പോളിയനും ഹിറ്റ്ലറും ഇവിടെ വരെ മാത്രം. കലാകാരന്മാരും പ്രവാചകന്മാരും ഈ ധൂളികളായി പരിണമിക്കുന്നു.
ഈ സത്യമാണ് ആശാൻ വീണുകിടക്കുന്ന ഒരു പൂവിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അത് ഒരു പൂവാണ്. പൂവല്ലാതെ മറ്റൊന്നുമല്ല. അത് രാഷ്ട്രമാണെന്നും സംസ്കാരമാണെന്നും ഓർക്കുന്നവരുണ്ടാകാം. അതിൽ അവർക്കു സത്യം കണ്ടെത്താൻ കഴിയുമായിരിക്കും. പക്ഷേ ഇത് പൂവാണ്. 'വീണപൂവി'നെ കുറിച്ച് ഞാൻ എഴുതിയ ഈ പുതിയ പാഠം വായിച്ച് ഇതാണ് ശരിയായ നിരീക്ഷണമെന്ന് അഭിപ്രായപ്പെട്ട് കെ.പി. അപ്പൻ അക്കാലത്ത് 'കലാകൗമുദി'യിൽ എഴുതിയിരുന്നു. പൂവിനെ പ്രതീകമാക്കരുതെന്ന വാദത്തിൽ സാംഗത്യമുണ്ടെന്ന് സുകുമാർ അഴീക്കോട് അവതാരികയിൽ ചൂണ്ടിക്കാട്ടിയത് ഓർക്കുകയാണ്. എന്നാൽ പ്രതീകവാദം കവിതയെ സമൂലമായി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന സത്യം ഇനിയും വേണ്ടപോലെ മനസിലാക്കാത്ത അധ്യാപകരും വിമർശകരുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ഒരു കവിതയ്ക്കു പ്രതീകങ്ങളുടെ ഭാരം താങ്ങാനാവുകയില്ല. പാഠത്തെ അസംഗതമായ വിഷയങ്ങളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി അർഥപരമായ നാശമുണ്ടാക്കാൻ അത് ഇടവരുത്തും. കവിതയെ ആത്യന്തികമായ അർഥത്തിൽ സമീപിക്കുന്ന സംസ്കാരം ഇനിയും ഇവിടെ വന്നിട്ടില്ല.
ഇസ്രയേലി കവി യഹൂദ അമിച്ചായ് (1924-2000) എഴുതിയ ഏതാനും കവിതകൾ നടരാജൻ ബോണപ്പാട്ട് പരിഭാഷപ്പെടുത്തിയത് (പച്ചമലയാളം, ഡിസംബർ) പങ്കുവയ്ക്കുന്നത് ഉചിതമായിരിക്കും. വൃത്തവും അലങ്കാരവും മിനുത്ത വാക്കുകളും ചേർത്തുവച്ചുണ്ടാക്കുന്ന ഈണമല്ല കവിതയെന്നും, അത് അരുചിയുണ്ടാക്കുന്നതാണെന്നും വ്യക്തമാക്കുന്ന കവിതകളാണിത്.
കവിത കുറേക്കൂടി ഗൗരവമായ ആരായലുകളുടെയും അറിവുകളുടെയും ദർശനങ്ങളുടെയും കഠിനമായ ആത്മപ്രകാശനമാന്നെന്ന് യഹൂദ അമിച്ചായ് പറയുന്നതായി അനുഭവപ്പെടും. ഒരു കവി വസ്തുവിനെ ദർശിക്കുകയാണ്. ആ ദർശനം ലോകത്ത് ഒരാൾക്ക് മാത്രം അവകാശപ്പെട്ടതാണ്. കവിക്ക് മാത്രം കാണാനാകുന്ന കാഴ്ചയാണു കവിത. അത് വികാരവും ബോധോദയവും ലയിച്ചുചേർന്നു വരുമ്പോൾ ഉത്കൃഷ്ടമായ ലോകമായി പരിണമിക്കുന്നു. ഒരു കവിത എഴുതപ്പെടുന്നതോടെ ലോകം മാറുകയാണ്. ആ ലോകം പിന്നീടു പഴയതു പോലെയായിരിക്കില്ല. ലോകത്തെ അതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി കാണുകയാണ് കവിയുടെ വിധി. ഈ കവി അതേറ്റെടുക്കുന്നു.
ഈ ലോകത്തെ താൻ മാറ്റിമറിക്കുകയാണെന്ന് കവിതകളിലൂടെ പ്രഖ്യാപിക്കാൻ സിദ്ധിയുള്ളയാളാണ് യഹൂദ അമിച്ചായ്. രണ്ടുതരം ഭാഷയുണ്ടെന്ന് അമിച്ചായ് പറഞ്ഞിട്ടുണ്ട്: ഒന്ന്, വസ്തുക്കൾ നമുക്ക് മുന്നിൽ കാണപ്പെടുന്നത് എങ്ങനെയാണോ അത്. രണ്ട്, ജ്ഞാനം. വസ്തുക്കൾ നമുക്ക് മുന്നിൽ എങ്ങനെയാണ് കാണപ്പെടുന്നത്? അതിൽ നമ്മുടെ നോട്ടം അന്തർഭവിച്ചിരിക്കുന്നു. നോക്കുന്നത് ഒരാളാണ്. അതുകൊണ്ട് അയാളുടെ നോട്ടം പ്രധാനമാണ്. അയാൾ കാണുന്നതും ആ വസ്തു മുന്നിലിരിക്കുന്നതും ഒരു സംവേദനം സൃഷ്ടിക്കുന്നു. അത് ഒരു ഭാഷയാണ്. മറ്റൊന്ന്, ജ്ഞാനത്തിന്‍റേതാണ്. ഏതൊരു വസ്തുവിനും നാം അനന്യതയുടെയും ഭാവനയുടെയും അതീതം നൽകി നമ്മോടൊപ്പം ചേർക്കും. നമ്മളും അതും തമ്മിൽ ഭേദമില്ലാതാക്കും. നമ്മെ തന്നെ അതിൽ ദർശിക്കും. ഏതൊരു വസ്തുവിനും അതിന്‍റെ ജീവതത്വപരമായ, മൗലികമായ ഉണ്മയുണ്ടെന്നു കണ്ട് അതാരായാൻ ശ്രമിക്കുന്നതു നമ്മെ കവിതയിൽ കൊണ്ടെത്തിക്കും. അമിച്ചായിയുടെ വരികൾ ബോണക്കാടിന്‍റെ പരിഭാഷയിൽ വന്നത് ഇവിടെ കുറിക്കുന്നു.
'പത്രത്തിന്‍റെ പേജുകളിലും
നോട്ടീസ് ബോർഡുകളിലും നിന്ന്
ഞാൻ കണ്ടെത്തുന്നു,
നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ച് '.
*
'എന്‍റെ ഓർമകൾ
ചില ആളുകളെപ്പോലെയാണ്,
ചെക്കോസ്ലോവോക്യയിലേക്ക്
തിരിച്ചുപോകാൻ കഴിയാത്തവർ
അല്ലെങ്കിൽ ചിലിയിലേക്ക്
മടങ്ങാൻ ഭയപ്പെടുന്നവർ'.
*
'നീയെന്നെ ആപ്പിളിനുള്ളിൽ
സന്ദർശിക്കുന്നു,
നീ ആപ്പിളിനുള്ളിൽ
എന്നോടൊപ്പം തങ്ങും
കത്തി അതിന്‍റെ ജോലി
മുഴുമിപ്പിക്കും വരെ'.
ഒരു സൂര്യാസ്തമയമോ ഓണപ്പൂക്കളമോ ഉപരിപ്ലവമായി വിശദീകരിച്ച് കവിതയാക്കുന്ന ക്ലീഷേയല്ല ഇത്. ഇതിലെ വിഷയങ്ങളുടെ തെരഞ്ഞെടുപ്പ് അപാരമാണ്. കവി കാണുന്നത് അയാളുടെ ലോകമാണ്. അയാൾ ഭ്രാന്തമായി അനുഭവിക്കുന്നു. അത് അയാൾ കണ്ടെത്തുന്നതാണ്. അതു സത്യസന്ധമാണെന്ന് ലോകത്തോടു വിളിച്ചു പറയുന്നു. ലോകം ഉറങ്ങുന്നില്ലെങ്കിൽ അത് കേൾക്കാം. ഓരോ വസ്തുവും തന്നെ ലക്ഷ്യമാക്കി ഉണ്ടാക്കിയിരിക്കുന്ന വിചിത്രമായ കെണിയെക്കുറിച്ച് അറിയുന്നവനാണ് യഥാർഥ കവി.
1) ഖദീജ മുംതാസ്
എഴുത്തുകാരി ഖദീജ മുംതാസുമായുള്ള സംഭാഷണത്തിൽ (പച്ചമലയാളം, ഡിസംബർ, റഷീദ് പാനൂർ) ഇങ്ങനെ വായിക്കാം:
''സ്ത്രീവിരുദ്ധത ഏറ്റവും കൂടുതൽ നിലനിന്നിരുന്ന സംസ്കാരമാണ് ഇന്ത്യയുടെ വൈദിക സംസ്കാരം. സതി പോലൊരു മഹാ ക്രൂരത മറ്റേതെങ്കിലും സമൂഹത്തിൽ ചൂണ്ടിക്കാണിക്കാമോ? പുരാണേതിഹാസങ്ങൾ ജാതീയത എന്ന പോലെ സ്ത്രീവിരുദ്ധതയും ഒരു ജീവിത സംസ്കാരമായി വളർത്തിക്കൊണ്ടുവന്നു. സാഹിത്യഭാവനാ വൈഭവങ്ങളെ മാറ്റിനിർത്തിയാൽ അവയുടെ ദൗത്യം ബ്രാഹ്മണിക് മൂല്യങ്ങളെ ഊട്ടിയുറപ്പിക്കൽ തന്നെയാണല്ലോ''.
ഈ പ്രസ്താവനയിൽ നിന്നു മനസിലാകുന്നത് വൈദിക സംസ്കാരത്തെക്കുറിച്ചോ, ഇതിഹാസങ്ങളിലെ തത്വത്തെക്കുറിച്ചോ, ബ്രാഹ്മണിക് മൂല്യത്തെക്കുറിച്ചോ കേട്ടുകേൾവിയല്ലാതെ യഥാർഥമായ അറിവുകൾ ഈ എഴുത്തുകാരിക്കില്ല എന്നാണ്.
വൈദിക സംസ്കാരത്തിന്‍റെ ഭാഗമായല്ല സതി അനുഷ്ഠിച്ചത്. ഇതിനെ മഹാകവി ടാഗോറും സ്വാമി വിവേകാനന്ദനും അരവിന്ദ മഹർഷിയും രംഗനാഥാനന്ദ സ്വാമിയും അപലപിച്ചു എന്നറിയണം. ജാതിവ്യവസ്ഥയുണ്ടാകാൻ കാരണം വൈദിക സംസ്കാരമല്ല, അതു തൊഴിൽപരമായ വിഭജനത്തിലൂടെ ഉണ്ടാകുന്നതാണ്.
റേഷൻ കാർഡ് വിവിധ വർണങ്ങളിൽ അച്ചടിക്കുന്നു. അതെല്ലാം ഓരോ ജാതിയാണോ? ഇതിഹാസങ്ങളിൽ സ്ത്രീവിരുദ്ധതയില്ല. അതെല്ലാം കഥകളായി കാണുക. ഒരു കഥയിൽ സ്ത്രീയും പുരുഷനും ഒരുപോലെ ഹിംസിക്കപ്പെടാറുണ്ട്. ബ്രാഹ്മണൻ എന്നത് ഇന്ത്യയിൽ നൂറ്റാണ്ടുകൾക്ക് മുൻപ് യജ്ഞങ്ങൾ ചെയ്യുന്നവർക്കു നൽകിയ പേരാണ്; അവർ ജ്ഞാനികളാണെന്ന സങ്കല്പത്തിൽ, ബ്രഹ്മജ്ഞാനമുള്ളവരെന്ന അർഥത്തിൽ. അതു ജാതിയല്ല. കശ്യപ മഹർഷിയെയും ആചാര്യ നരേന്ദ്രഭൂഷണെയും വായിക്കണം. സ്ത്രീകളിൽ ജ്ഞാനികളുണ്ടായിരുന്നു. അവരുടെ പേരുകൾ വിട്ടുകളയുന്നതു പണ്ഡിതരുടെയും എഴുത്തുകാരുടെയും വിനോദമാണ്.
ഖദീജ മുംതാസ് ഇന്ത്യയെ നല്ലതു പോലെ മനസിലാക്കണം. ഭാഗവതം വായിക്കണം. രംഗനാഥാനന്ദ സ്വാമിയുടെ പുസ്തകങ്ങൾ വായിക്കുകയും പ്രഭാഷണങ്ങൾ (യൂട്യൂബ്) കേൾക്കുകയും ചെയ്യുക.
2) ദാമോദർ പ്രസാദ്
നീതിയെക്കുറിച്ചുള്ള സങ്കല്പത്തെ അപനിർമിക്കുകയാണ് ദാമോദർ പ്രസാദ് 'ഭാവന' (പ്രസാധകൻ, ഡിസംബർ ) എന്ന കവിതയിൽ. 'നീതി ഒരു പടുവൃക്ഷമത്രേ!' എന്ന പ്രയോഗം രൂക്ഷമായ വിമർശനമാണ്.
'അതിനനേകം വൃദ്ധമാം കൈകൾ,
ശാഖോപശാഖകൾ.
അതിലെവിടെ ചെന്നു ചേക്കേറും
അതിലുറങ്ങും വാപൊളിയൻ
പെരുമ്പാമ്പിനെ ഭയക്കാതെ?
അതിനുമുണ്ടത്രേ ന്യായം,
ഇരയെ അപഹരിക്കുക
അതിന്‍റെ നിയോഗമത്രേ,
പഴിക്കാതെ വിധാതാവിനെ,
വിധിക്കും ഉടയോനെ'.
ഇവിടെ ഏതെങ്കിലും ഒരു പ്രത്യേക കുറ്റകൃത്യമല്ല വിവക്ഷിക്കുന്നത്; നീതി തേടുന്ന അശരണനെ നാം അതിസൂക്ഷ്മമായ തലങ്ങളിൽ കാണണം. അനീതിയുണ്ടാകുന്നതു വൃക്ഷത്തിൽ നിന്ന് ഇലകൾ കൊഴിയുന്ന പോലെയാണ്. അത് ഉണ്ടായിക്കൊണ്ടിരിക്കും. അനീതിക്ക് ഇരയായവൻ നീതി തേടി ചെല്ലുന്നത് എപ്പോഴും എവിടെയും സംഭവിക്കുന്നു. ഇതു പരിഹരിക്കാനാകാത്ത ഒരു പ്രശ്നമാണ്. കാഫ്കയുടെ 'ദ് ട്രയൽ' എന്ന നോവലിൽ കാണുന്നതുപോലെ, യുക്തി പലപ്പോഴും മതിയാകുന്നില്ല.
3) എം.സി. രാജനാരായണൻ
ചലച്ചിത്ര നിരൂപകനായ എം.സി. രാജനാരായണൻ എഴുതിയ 'പൊസിഷനിങ് മലയാള സിനിമ ഓൺ വേൾഡ് ഫെസ്റ്റിവൽ മാപ്പ് ' (കേരള കോളിങ്, ഡിസംബർ) എന്ന ഇംഗ്ലീഷ് ലേഖനം മലയാള ചലച്ചിത്ര ലോകത്തിന്‍റെ സൗന്ദര്യാത്മകമായ അനുഭവത്തെ അടുക്കിവയ്ക്കുന്നുണ്ട്. ചലച്ചിത്രകാരൻ അരവിന്ദനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: 'അരവിന്ദൻ ഒരു ഏകാന്ത പാതയാണ് തിരഞ്ഞെടുത്തത്, തന്‍റെ ചിത്രങ്ങൾ എന്തു പ്രതികരണമാണുണ്ടാക്കുന്നതെന്നു ശ്രദ്ധിക്കാതെ. അദ്ദേഹത്തിന്‍റെ സിനിമാ സംവിധാനം വളരെ വ്യക്തിപരമായ ഒരു കാര്യമായിരുന്നു, ഒരാൾ ഒരു കവിത എഴുതുന്നതുപോലെ. അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ധ്യാനാത്മകമാണ്, എന്നാൽ അത് ഇന്ത്യൻ സിനിമയിൽ അപൂർവമാണ്, പ്രമേയപരമായ പുതുമ എടുത്തുപറയേണ്ടതാണ്. മിതഭാഷിയായ അരവിന്ദനെ പോലെ ആ ചിത്രങ്ങളും ഉച്ചരിക്കപ്പെട്ട വാക്കുകളെ ആശ്രയിച്ചല്ല നിലനിന്നത്. അതു ദൃശ്യങ്ങളുടെ ഭാഷ സംസാരിക്കുകയും പ്രേക്ഷകനെ ശാന്തതയുടെ വാചാലത അനുഭവിപ്പിക്കുകയും ചെയ്തു'.
4) മാർകേസ്
'നിങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നതല്ല, നിങ്ങൾ എന്ത് ഓർക്കുന്നു, എങ്ങനെ ഓർക്കുന്നു എന്നതാണ് ജീവിതത്തിൽ പ്രധാനം'- ഗബ്രിയേൽ ഗാർസിയ മാർകേസ് പറഞ്ഞു. ഓർമകൾക്ക് മുറിവുണ്ടാക്കാനും മുറിവുണക്കാനും കഴിയും. നമ്മുടെ മനോഭാവമനുസരിച്ച് ഓർമകൾ മാറുന്നു, അതിന്‍റെ മൂല്യം മാറുന്നു.
5) ശ്രീവിദ്യ
നടി ശ്രീവിദ്യ ഇല്ലാതായതു മലയാള സിനിമയ്ക്ക് അന്യമല്ലാത്ത ഗ്രാമ്യതയെ നഷ്ടപ്പെടുത്തി. ശ്രീവിദ്യയുടെ പ്രഭാവവും സാന്നിധ്യവും മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാനാവാത്ത സാരള്യതയും മഹിമയും നൽകി. മലയാളത്തിനു നഷ്ടമായ ഭാവനകളും ഭാവങ്ങളും ചലനങ്ങളുമാണു ശ്രീവിദ്യയുടെ വിയോഗം ഓർമിപ്പിക്കുന്നത്.
6) സുനിൽ ഞാളിയത്ത്
സുനിൽ ഞാളിയത്ത് പരിഭാഷപ്പെടുത്തിയ മൂന്നു ബംഗാളി കവിതകൾ (പ്രഭാത രശ്മി, ഡിസംബർ) ശ്രദ്ധേയമായി. കവിത തലോടലല്ല; യാഥാർഥ്യങ്ങളെ നേരിടുമ്പോൾ അത് ചിലപ്പോൾ ക്രൂരതയുടെ സ്ഫുലിംഗങ്ങൾ പുറപ്പെടുവിച്ചേക്കാം. രണജിത് ദാസ് എഴുതിയ 'ഈശ്വരന്‍റെ കണ്ണ്' എന്ന കവിത ഇതാണ് :
'നമ്മുടെയുടലിന്‍റെയോരോ
സുഷിരങ്ങളിലും
ഈശ്വര നേത്രങ്ങളുണർന്നിരിക്കുന്നു.
മനസിലെ ഗൂഢാലോചനകൾ,
മാനത്തെ അമ്പിളിക്കല,
കൊല്ലപ്പെട്ട കൂട്ടുകാരന്‍റെ ചോര,
കൃമികൾ, കീടങ്ങൾ, നഗ്നരാക്ഷസൻ,
ഉള്ളിലെ മുഖംമൂടികൾ,
ചൂതാട്ടവും ആട്ടവും,
മദ്യം, വേശ്യകളുടെ വിടലച്ചിരി,
അദ്ദേഹം കാണുകയാണിതെല്ലാം.
സ്വന്തം പിതാവിന്‍റെ ഘാതകനോടൊപ്പം
അമ്മ വേഴ്ചയിലേർപ്പെടുന്ന കാഴ്ച
ഒരു ബാലൻ കാണുമ്പോലെ'.