ഭോപ്പാൽ അഗ്നിമിത്ര ഭാഷാപുരസ്കാരം എം.കെ. ഹരികുമാറിനു സമ്മാനിച്ചു

ഹരികുമാറിനെ പോലെ അനേകം വിഷയങ്ങളെ കേന്ദ്രീകരിച്ച് വിവിധ സാഹിത്യരൂപങ്ങളിൽ നിരന്തരമായി ഒരേ സമയം എഴുതുന്ന മറ്റൊരാൾ ഇന്നു മലയാളസാഹിത്യത്തിലില്ലെന്നു ജൂറി
MK Harikumar Bhopal UMA Agnimitra award

ഭോപ്പാൽ ബ്രിട്ടൻ സ്റ്റേഡിയത്തിൽ മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമാങ് സിംഘാർ യുണൈറ്റഡ് മലയാളി അസോസിയേഷന്‍റെ ആദ്യത്തെ അഗ്നിമിത്ര ഭാഷാ പുരസ്കാരം എം.കെ. ഹരികുമാറിനു സമ്മാനിക്കുന്നു. ജൂറി അംഗം ജി. തുളസീധരൻ ഭോപ്പാൽ, സെക്രട്ടറി കെ.പി. ദാസ്, സുനിൽ യൂക്കേ എംഎൽഎ, മുൻ മന്ത്രിമാരായ പി.സി. ശർമ, രാജ്കുമാർ പട്ടേൽ, കേരള ഫോക്ക്‌ലോർ അക്കാദമി വൈസ് ചെയർമാൻ ശ്രീരാമൻ കൊയ്യോൻ എന്നിവർ സമീപം.

Updated on: 

ഭോപ്പാൽ: കഴിഞ്ഞ അമ്പത് വർഷമായി മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഉന്നതമായ നിലയിൽ മാർഗദർശനം നൽകി പ്രവർത്തിക്കുന്ന വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ. ഹരികുമാറിന് ഭോപ്പാൽ യുണൈറ്റഡ് മലയാളി അസോസിയേഷൻ (ഉമ) ആദ്യമായി ഏർപ്പെടുത്തിയ അഗ്നിമിത്ര ഭാഷാപുരസ്കാരം മലയാളികളുടെ വാർഷിക ഉത്സവമായ കേരള ഫെസ്റ്റിന്‍റെ സമാപനയോഗത്തിൽ ഭോപ്പാൽ പ്രതിപക്ഷ നേതാവ് ഉമാങ് സിംഘാർ സമ്മാനിച്ചു.

ഉമ പ്രസിഡന്‍റ് ഒ.ഡി. ജോസഫ്, പങ്കെടുത്തു. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അവാർഡിനു പരിഗണിച്ച അഞ്ച് പ്രമുഖ സാഹിത്യകാരന്മാരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് ഉമ പ്രസിഡന്‍റ് ഒ.ഡി. ജോസഫ്, സെക്രട്ടറി കെ.പി. ദാസ്, ലയം ചീഫ് എഡിറ്റർ ജി. തുളസീധരൻ, മുംബൈ ജാലകം ചീഫ് എഡിറ്റർ സുരേന്ദ്രബാബു, പത്രപ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായി ഹരികുമാറിനെ തെരഞ്ഞെടുത്തത്.

ഹരികുമാറിനെ പോലെ അനേകം വിഷയങ്ങളെ കേന്ദ്രീകരിച്ച് വിവിധ സാഹിത്യരൂപങ്ങളിൽ നിരന്തരമായി ഒരേ സമയം എഴുതുന്ന മറ്റൊരാൾ ഇന്നു മലയാളസാഹിത്യത്തിലില്ലെന്നു ജൂറി വിലയിരുത്തി. മലയാള സാംസ്കാരിക ഭൂപടത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി നിർഭയമായി എഴുതുകയും പ്രതികരിക്കുകയും ചെയ്യുന്ന ഹരികുമാർ വിവിധ സാഹിത്യരൂപങ്ങളായ വിമർശനം, നോവൽ, കഥ, കവിത, ലേഖനം, തുടങ്ങിയവയിലൂടെ ഒരുപോലെ ആവിഷ്കാരം നടത്തി തിളങ്ങുകയാണ്. ശ്രീനാരായണായ എന്ന നോവൽ, ഫംഗസ് എന്ന കഥ, ആത്മായനങ്ങളുടെ ഖസാക്ക് എന്ന സർഗവിമർശനം, വിമർശന സിദ്ധാന്തങ്ങൾ, ബൃഹദാരണ്യകോപനിഷത്തിനെ കവിതയിൽ സംഗ്രഹിച്ച സർവസ്വ ആത്മനഃ, വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ എന്ന വിമർശനം, 'പച്ചമലയാള'ത്തിൽ വന്നുകൊണ്ടിരിക്കുന്ന 'അനുധാവനം' പംക്തി, മെട്രൊ വാർത്തയിലെ അക്ഷരജാലകം തുടങ്ങിയവ കേരളത്തിലെ വായനക്കാരെ ആശയപരമായും ചിന്താപരമായും മുന്നോട്ടു നയിച്ചു എന്നു കണ്ടെത്തിയ ജൂറി ഹരികുമാറിന്‍റെ യുക്തിയും ബുദ്ധിയും സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിനു ഉപയോഗപ്പെടുത്തിക്കാണുന്നതിൽ പ്രശംസിക്കുന്നതായി അറിയിച്ചു.

44 പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഹരികുമാർ ഇപ്പോൾ ഒരു മുഴുവൻ സമയ എഴുത്തുകാരനാണ്.

ഹരികുമാറിന്‍റെ എഴുത്തിനെ ആദരിക്കുക എന്നത് തങ്ങൾക്ക് ലഭിച്ച വലിയ ഭാഗ്യമാണെന്ന് പുരസ്കാരം നിർണയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പിൽ നിർണയ സമിതി കൺവീനർ ഒ.ഡി.ജോസഫ് ചൂണ്ടിക്കാട്ടി.

സാഹിത്യജീവിതം അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഈ ഘട്ടത്തിൽ കേരളത്തിനു പുറത്ത് പ്രധാനപ്പെട്ട ഒരു സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന ഭോപ്പാലിലെ മലയാളികളുടെയാകെ ആദരം കിട്ടുന്നത് മഹത്തായ അനുഭവമാണെന്നു ഹരികുമാർ പ്രതികരിച്ചു. "എന്നെ ശ്രദ്ധയോടെ വായിക്കുന്നവരുണ്ട് .അവരുടെയിടയിൽ എന്‍റെ രചനകൾ നന്നായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

എഴുതി തുടങ്ങുമ്പോൾ ഇത്രയും സ്വീകരിക്കപ്പെടുമെന്നു പ്രതീക്ഷയില്ലായിരുന്നു. സ്ഥാപിതതാൽപര്യമുള്ള ഒരു ക്ലിക്കിന്‍റെയും ഭാഗമാവാനില്ല. ഈ നിലപാട് തുടരും. എന്നെ വായിക്കാൻ ഓരോ മണിക്കൂറിലും ആളുകൾ വരുന്നത് ബ്ളോഗുകൾ നോക്കിയാൽ മനസിലാവും. ഇത് ആഹ്ലാദിപ്പിക്കുന്നതോടൊപ്പം നിരന്തരമായി ചിന്തയെ നവീകരിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുകയുമാണ് - അദ്ദേഹം പറഞ്ഞു.

ഷാബുധരന്‍റെ 'തൊട്ടുണർത്തുന്ന കൊളാഷുകൾ' എന്ന കഥാസമാഹാരം എം.കെ. ഹരികുമാർ ഭോപ്പാലിലെ മലയാളി അസോസിയേഷനുകളുടെ സ്ഥാപക സെക്രട്ടറിയും എഴുത്തുകാരനുമായ ജി. തുളസീധരനു നൽകി പ്രകാശനം ചെയ്തു.