കൊടിതൂക്കിമല വിജ്ഞാനസരണി എം.കെ. ഹരികുമാറിനെ ആദരിച്ചു

എം.കെ. ഹരികുമാർ ആവിഷ്കരിച്ച നവാദ്വൈത ദർശനത്തെയും 'ശ്രീനാരായണായ' എന്ന അസാധാരണ നോവലിനെയും മുൻനിർത്തി, മലയാള സാഹിത്യവിമർശനത്തിൽ നേടിയ അദ്വിതീയമായ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ആദരം
MK Harikumar felicitation

കൊടിതൂക്കിമല വിജ്ഞാനസരണിയുടെ നേതൃത്വത്തിൽ വിശ്രുതാത്മാനന്ദ സ്വാമി എം.കെ. ഹരികുമാറിന് ഉപഹാരം നൽകുന്നു. മലയാലപ്പുഴ സുധൻ, അമരവിള തമ്പി ജയിൻ തുടങ്ങിയവർ സമീപം.

Updated on

നെയ്യാറ്റിൻകര: ശ്രീനാരായണഗുരു ധ്യാനിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്ത് കൊടിതൂക്കിമലയിൽ ആരംഭിച്ച വിജ്ഞാനസരണി സംവാദസഭയുടെ നേതൃത്വത്തിൽ കൊടിതൂക്കിമലയിലെ ഗുരുദേവക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച യോഗത്തിൽ എം.കെ. ഹരികുമാറിനെ ആദരിച്ചു.

വിജ്ഞാനസരണി മുഖ്യ ആചാര്യനും ഗ്രന്ഥകാരനും ഗുരുകൃതികളുടെ വ്യാഖ്യാതാവും കവിയും ബഹുഭാഷാപണ്ഡിതനും സത്സംഗ ഗുരുവും ഉന്നത വിദ്യാഭ്യാസ മുൻ ജോയിന്‍റ് സെക്രട്ടറിയും പ്രഭാഷകനും സംഘാടകനുമായ മലയാലപ്പുഴ സുധൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശിവഗിരി മഠം ട്രസ്റ്റ് ബോർഡംഗം വിശ്രുതാത്മാനന്ദ സ്വാമി ഹരികുമാറിന് ഉപഹാരം സമ്മാനിച്ചു. വിജ്ഞാനസരണി ചെയർമാൻ അമരവിള തമ്പി ജെയിനും മലയാലപ്പുഴ സുധനും കൺവീനർ എ.പി. ജിനനും ചേർന്ന് ഷാൾ അണിയിച്ചു. കവി എ.കെ. അരുവിപ്പുറം ആശംസ നേർന്നു.

MK Harikumar felicitation

ഉപഹാരം സ്വീകരിച്ച ശേഷം എം.കെ. ഹരികുമാർ പ്രസംഗിക്കുന്നു.

പാറശാല സെന്‍റ് ജോസഫ്സ് യുപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അതിഥികളായി പങ്കെടുത്തു. സാഹിത്യരചനയിൽ അമ്പതാം വർഷത്തിലേക്ക് കടക്കുന്ന എം.കെ. ഹരികുമാർ ആവിഷ്കരിച്ച നവാദ്വൈത ദർശനത്തെയും 'ശ്രീനാരായണായ' എന്ന അസാധാരണ നോവലിനെയും മുൻനിർത്തി, മലയാള സാഹിത്യവിമർശനത്തിൽ നേടിയ അദ്വിതീയമായ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ ആദരിക്കുന്നതെന്ന് മലയാലപ്പുഴ സുധൻ വിശദീകരിച്ചു.

''തുളസീധരൻ ഭോപ്പാൽ എന്ന വായനക്കാരനാണ് എന്നെ ഹരികുമാറിന്‍റെ 'ശ്രീനാരായണായ' എന്ന നോവലിലേക്ക് അടുപ്പിച്ചത്. അദ്ദേഹം ഒരു വായനാ യജ്ഞം നടത്തി. ഓരോ ദിവസവും ഈ നോവലിലെ ഓരോ ഭാഗം വായിച്ച് റെക്കോർഡ് ചെയ്ത് വോയ്സ് മെസേജാക്കി വാട്സപ്പ് ഗ്രൂപ്പുകളിലൂടെ ധാരാളം പേരെ കേൾപ്പിച്ചു. തുളസീധരന്‍റെ ഈ അർപ്പണം നോവൽ മനസിലാക്കാൻ സഹായിച്ചു. ആവേശകരമായാണ് അത് കേട്ടത്. ഈ നോവൽ മലയാളത്തിൽ ഒരു പുതിയ അനുഭവമാണ്. സാഹിത്യകലയിൽ പുതിയ പരിപ്രേക്ഷ്യം സൃഷ്ടിക്കുന്ന കൃതിയാണിത്. ഇത് ഗുരുവിന്‍റെ ജീവചരിത്രമല്ല; ആത്മീയസത്യത്തെ കലാപരമായി ആവിഷ്കരിക്കുകയാണ്. ഈ രചനയിലൂടെ ഹരികുമാർ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കയാണ്. ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ സാഹിത്യവിമർശകനാണ് എം.കെ. ഹരികുമാറെന്ന് അദ്ദേഹത്തിന്‍റെ പംക്തികളും പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുന്ന എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും''- മലയാലപ്പുഴ സുധൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com