അക്ഷരജാലകം | എം.കെ. ഹരികുമാർ
ഒരാൾക്ക് ഒരു മികച്ച കഥ എഴുതണമെങ്കിൽ അയാളിൽ ഒരു വലിയ ആസ്വാദകനുണ്ടായിരിക്കണം. നമുക്കറിയാത്ത ഒരു രുചി ഉണ്ടാക്കാനാവില്ല. പാചകത്തിൽ മത്സരിക്കുന്നത് സ്വന്തം രുചിയോടാണ്. രുചിബോധം എത്രമാത്രം തീക്ഷ്ണമാണോ അതിനനുസരിച്ചാണ് പാചകത്തിൽ ഫലമുണ്ടാകുന്നത്. ഉൽകൃഷ്ടമായ രുചി വേണ്ടാത്തവനു വിഭവങ്ങളും കുറച്ചു മതി; എന്നാൽ രുചിയെക്കുറിച്ച് അവബോധമുള്ളവൻ അതിനായി കഷ്ടപ്പെടും. ഒരു കഥാകൃത്താകണമെങ്കിൽ അഭിരുചിയുടെ ഒരു കടൽ തന്നെ മനസ്സിലുണ്ടാവണം. എങ്കിലേ വിവിധ ലാവണ്യധാരകളിൽ നിന്നു രുചിയെ സ്വാംശീകരിക്കാനാവൂ. അഭിരുചി ഈ പ്രപഞ്ചത്തിൽ നാനാതരത്തിൽ ചിതറികിടക്കുകയാണ്. അത് ഒരു കാലത്തിലല്ല; പല കാലങ്ങളിലാണുള്ളത്. അത് ഒരു കലയിലല്ല നിലനിൽക്കുന്നത്, പല കലകളിലാണ്. ആസ്വാദനത്തിന്‍റെ മൃണ്മയമായ ഉറവിടങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ശേഷിയാണ് കഥാകാരന്‍റെ ബുദ്ധിപരമായ ഔന്നിത്യമായിത്തീരുന്നത്. ഏത് കാലത്ത് നിന്നും കലയിൽ നിന്നും അനുഭവത്തിൽ നിന്നും സൗന്ദര്യം ശേഖരിക്കേണ്ടതുണ്ട്.
ലോകത്ത് ഉപേക്ഷിക്കപ്പെട്ടതും കുഴിച്ചുമൂടപ്പെട്ടതുമായ അഭിരുചികളെ ഒരു കഥാകൃത്ത് അന്വേഷിക്കണം. അപ്പോഴാണ് അതിന്‍റെ മഹനീയതയിലേക്ക് ഒരു വാതിൽ തുറക്കുന്നത്. എഴുതുമ്പോൾ ഈ സൗന്ദര്യാത്മധാരകളെയെല്ലാം ആഗിരണം ചെയ്യുകയാണ് വേണ്ടത്. ഇത് സാഹിത്യമാണ്. എല്ലാത്തിനും അതിന്‍റേതായ നാവുണ്ട്, ശബ്ദമുണ്ട്. ഓരോന്നും ശബ്ദിക്കുകയാണ്. ചുറ്റുപാടുമുള്ളതെല്ലാം സാഹിത്യത്തിനുള്ള അസംസ്കൃതവസ്തുക്കളാണ്. ആ മഹാപ്രക്രിയയാണ് രചന. അതുകൊണ്ടാണ് പ്രമുഖ അമെരിക്കൻ പരിസ്ഥിതിവാദിയും ചിന്തകനുമായ എമേഴ്സൺ എഴുത്തിനെ ഏറ്റവും പ്രമുഖമായ കലാപ്രവർത്തനമായി കാണുന്നത്.
ഒരു നല്ല എഴുത്തുകാരൻ തന്നിൽ തന്നെയാണ് വികാരത്തിലൂടെ സ്വയം പ്രകാശിക്കുന്നത്. അയാൾക്ക് വൈകാരികമായ ആത്മബന്ധങ്ങളുണ്ട്. അന്യമായ വസ്തുക്കളുടെയും അനുഭവങ്ങളുടെയും ഓർമ്മകളുടെയും സ്വരങ്ങൾക്കായി അയാൾ ഉത്സുകനാവുന്നു. സി.വി.ശ്രീരാമന്‍റെ 'ക്ഷുരസ്യധാര' എന്ന കഥ മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് പ്രസിദ്ധീകരിച്ചതാണ്. ഒരു കഥാരചനയുടെ സൗന്ദര്യം എന്താണെന്നു മനസ്സിലാക്കണമെങ്കിൽ ഇത് വായിക്കണം.
ക്ഷുരകന്‍റെ കത്തി
'ക്ഷുരസ്യധാര'യിൽ ജീവിതം എന്ന സമസ്യയുടെ അർത്ഥം തേടുകയാണ്. എത്ര വെല്ലുവിളികളും പ്രതിസന്ധികളും ആത്മസംയമനങ്ങളും ത്യാഗങ്ങളും നാട്യങ്ങളും വേണം ഒരു യഥാർത്ഥ ജീവിതപദവി നേടാൻ!എല്ലാവരും ഇത് അന്വേഷിക്കുകയാണ് ബ്രഹ്മചാരികളും സന്യാസികളും മോക്ഷാർത്ഥികളും ഇതു തേടുന്നു. ഒടുവിൽ അർത്ഥശൂന്യതയുടെ കളങ്ങളിൽ ചവിട്ടി ലക്ഷ്യം തെറ്റുന്നു. 'ക്ഷുരസ്യധാര 'യുടെ അർത്ഥമെന്താണ്? ജീവിതത്തിൽ മുക്തിയിലേക്കുള്ള വഴി ക്ഷുരകന്‍റെ കത്തിയുടെ വായ്ത്തലപോലെ ഭയാനകമാണെന്നാണ്.
മോക്ഷം ഒരു സ്വപ്നമായിരിക്കാം. എന്നാൽ ബുദ്ധിയുള്ള മനുഷ്യർ അതിനായി ശ്രമിക്കുന്നു. പതിനായിരക്കണക്കിനു ഉറുമ്പുകൾ താമസിക്കുന്ന ഒരു കൂട്ടിൽ ഒരു ഉറുമ്പ് മോക്ഷത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ? എന്തായാലും മനുഷ്യൻ ചിന്തിക്കുന്നു. അവൻ അനശ്വരനാകാനുള്ള ശ്രമം ഉപേക്ഷിച്ചെങ്കിലും നശ്വരത എന്തുകൊണ്ടു സംഭവിക്കുന്നു എന്നു ചിന്തിക്കാതിരിക്കാനാവില്ല.
ശ്രീരാമന്‍റെ കഥയിൽ വിവരിക്കുന്നത് ഒരു ആശ്രമത്തിൽ ഒരു രാത്രിയിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ്. വിദ്യാസമ്പന്നനായ ഒരാൾ മോക്ഷം തേടി ആശ്രമത്തിൽ വന്നിരിക്കുകയാണ്. ബ്രഹ്മചാരി ജീവിത സമസ്യയുടെ കതക് പൊളിക്കുന്ന വിവിധ തത്ത്വങ്ങൾ ചർച്ച ചെയ്യുകയാണ്. ഉപനിഷത്ത്, വേദം തുടങ്ങിയ മഹാതത്ത്വസംഹിതകൾ ബ്രഹ്മചാരി ഉദ്ധരിക്കുകയാണ്. ബ്രഹ്മചാരി പണ്ഡിതനാണ്. എന്നാൽ മനസ്സിനെ നിയന്ത്രിക്കാനാവാത്തതാണ് അതിഥിയുടെ പ്രശ്നം. അയാൾ കാമചിന്തകളിൽ ബന്ധിതനാണ്. ബ്രഹ്മചാരി 'ഗീത'യിലെ ശ്ളോകം ഉദ്ധരിച്ചും വില്വമംഗലം സ്വാമിയാരുടെ കഥ വിവരിച്ചും മോക്ഷം അരികിൽ തന്നെയുണ്ടെന്നു സമർത്ഥിക്കുന്നുണ്ട്. ക്ഷുരകന്‍റെ കത്തിയുടെ വായ്ത്തലയിലൂടെ നടക്കുന്നതുപോലെയാണ് മോക്ഷത്തിലേക്കുള്ള പാത എന്നു ഓർമിപ്പിക്കുന്നുണ്ട്. അപ്പോഴാണ് അവിടുത്തെ അന്തേവാസിയും സുന്ദരിയുമായ ഒരു മധ്യവയസ്ക കുളിക്കാൻ ചൂടുവെള്ളം വേണമോ എന്നറിയാൻ പ്രത്യക്ഷപ്പെട്ടത്. ഉടനെ, അതുവരെ തത്ത്വപ്രസംഗങ്ങളിൽ മുഴുകിയ ബ്രഹ്മചാരി ആ സ്ത്രീയുടെ ശരീരസൗന്ദര്യത്തെക്കുറിച്ച് പറയുകയാണ്.
ഒരു മയിൽപ്പീലി
'കുസുമേ കുസുമോല്പത്തി
ശ്രുയതേ ന ച പശ്യതേ. ..'
ഒരു പുഷ്പത്തിൽ നിന്നു മറ്റൊരു പുഷ്പം ഉണ്ടാവില്ല; കണ്ടിട്ടില്ല. കേട്ടിട്ടുമില്ല. അങ്ങനെ ഉണ്ടാകാമെന്നു തെളിയിക്കുന്നതാണല്ലോ സ്ത്രീയുടെ മുഖം. അവിടെ മുഖം താമരയാകാം... അതേ താമരയാകുന്ന മുഖത്തിൽ കരിങ്കുവളപ്പൂക്കളാകുന്ന രണ്ട് കണ്ണുകളും ഉണ്ടാകുമല്ലോ.' ബ്രഹ്മചാരി ആ സ്ത്രീയെ മനസ്സിൽ ധ്യാനിക്കുകയാണ്. അവളുടെ മുഖം താമരപ്പൂവാണത്രേ. കണ്ണുകൾ കൂവളപ്പൂക്കൾ പോലെയും. അയാൾ ആ താരുണ്യത്തെ തന്‍റെ സന്യാസവേദാന്തങ്ങൾക്കിടയിൽ ഒരു മയിൽപീലി പോലെ സൂക്ഷിക്കുകയാണ്. ആ സ്ത്രീയുടെ മുഖം മുല്ലപ്പൂവിന്‍റെ കൂമ്പാരമാണെന്നു മനസ്സിൽ ചിന്തിക്കുന്നു. ഇത് എന്താണ് അർത്ഥമാക്കുന്നത്? അയാൾ ബ്രഹ്മചാരിയോ സന്യാസിയോ ആയാലും ജീവിതത്തിന്‍റെ രതിപ്രധാനമായ സൗന്ദര്യങ്ങളിൽ നിന്നു മുക്തി നേടുന്നില്ല. അങ്ങനെ അയാൾ ആഗ്രഹിക്കുന്നില്ല. അയാൾ പറയുന്ന യുക്തി വേദാന്തത്തിൽ നിന്നു ഉത്ഭവിക്കുന്നു, വേദാന്തത്തിൽ അസ്തമിക്കുന്നു. അതിനു ബുദ്ധിയുടെ തലം മാത്രമേയുള്ളൂ. അത് ജീവിതത്തെ സ്പർശിക്കുന്നതേയില്ല. കഥാകൃത്ത് ഈ കഥാപാത്രത്തിന്‍റെ ദ്വന്ദവ്യക്തിത്വത്തിലൂടെ മനുഷ്യന്‍റെ സഹജമായ കാപട്യവും ഗതികേടുമാണ് സൂചിപ്പിക്കുന്നത്.
എന്നാൽ ആശ്രമത്തിന്‍റെ അധിപനായ സന്യാസിയെ കാണുന്ന അതിഥി മറ്റൊരു പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ആശ്രമാധിപതിക്ക് ഒരു സമാധാനവുമില്ല. മന്ത്രങ്ങളും ശ്ലോകങ്ങളും തത്ത്വങ്ങളുമെല്ലാം തൊട്ടടുത്തു തന്നെയുണ്ടെങ്കിലും അതൊന്നും പ്രായോഗികജീവിതത്തിൽ പ്രയോജനപ്പെടുന്നില്ല.ആ സന്യാസി പറയുന്നത് താൻ സ്ഥാപിച്ച ആ ആശ്രമത്തിൽ തന്‍റെ പേരിലൊരു മന്ദിരം പണിയാൻ തീരുമാനിച്ചപ്പോൾ മറ്റെല്ലാവരും അതിനെ എതിർത്തുവെന്നാണ്.സ്വന്തം പണം മുടക്കി സ്ഥാപിക്കണമത്രേ. അതുകൊണ്ട് ആ വൃദ്ധൻ ,അദ്ദേഹം കടുത്ത ആസ്ത്മ രോഗിയാണ് ,ചോദിക്കുന്നത് തന്‍റെ സ്വകാര്യ ഭൂമിയിലെ കുടികിടപ്പുകാരനെ ഒഴിവാക്കി ആ സ്ഥലം വിൽക്കുന്നതിന്‍റെ സാധ്യതയെക്കുറിച്ചാണ്. അത് വിറ്റ് കിട്ടുന്ന പണംകൊണ്ടു വേണം ആശ്രമത്തിൽ സ്വന്തം പേരിലൊരു കെട്ടിടം പണിയാൻ. അതിഥിയായ വിദ്യാസമ്പന്നൻ പരമശാന്തി തേടിയാണ് അവിടെ ചെന്നത്. എന്നാൽ അവിടെയും സമാധാനമില്ല. ആസ്ത്മ മൂർച്ഛിച്ച സമയത്ത് സ്വാമിജി ഇങ്ങനെ പറഞ്ഞു:
'ഉപനിഷത്തിൽ പറയുന്നത് ഇങ്ങനെയാണ്:
വായുരനിലനമമൃതമഥേദം
ഭസ്മാന്തം ശരീരം...
മരിക്കുന്നവന്‍റെ പ്രാണവായു , ഒരിക്കലും മരിക്കാത്ത പ്രപഞ്ചവായുവിൽ ലയിക്കുന്നു. ശരീരം ഭസ്മമായി പര്യവസാനിക്കുന്നു. ഇത് മരിക്കുന്നവന്‍റെ കഥയാണ്. അപ്പോൾ ജീവിച്ചിരിക്കുന്നവൻ മരിക്കുന്നതിനുവേണ്ടി എന്തു വേണം?'
ജീവിച്ചിരിക്കുന്നവർക്ക് ചെയ്യാവുന്നത് മരിക്കുന്നവരെ ഓർക്കുക മാത്രമാണ്. ആ ഓർമയിലാണ് മോക്ഷവും പുണ്യവും സാർത്ഥകതയും. സ്വാമിജി അത് മനസ്സിലാക്കിയിരിക്കുന്നു. എല്ലാ തത്ത്വങ്ങളുമുണ്ടായിട്ടും സ്വാമിജിക്ക് സ്വസ്ഥതയില്ല. അദ്ദേഹം രോഗപീഡയിലും ,തന്‍റെ പേരിൽ ആശ്രമത്തിൽ കെട്ടിടം പണിയാത്തതിന്‍റെ വേദനയിലും നീറുകയാണ്. ചർച്ച കഴിഞ്ഞ് അതിഥിയെ ബ്രഹ്മചാരിയുടെ മുറിയിലേക്ക് സ്വാമിജി പറഞ്ഞയച്ചു.അവിടെ സ്വസ്ഥമായി കിടന്നുറങ്ങാം. അതനുസരിച്ച് ഉറങ്ങാൻ കിടന്ന അതിഥി ഇങ്ങനെ ചിന്തിച്ചു:'പ്രശാന്തമായ അന്തരീക്ഷം. ഇളകിവന്ന കാറ്റിൽ ഇലഞ്ഞിയും മുല്ലയും നന്ത്യാർവട്ടവും നൽകിയ സമ്മിശ്രമായ സുഗന്ധം. ഒരു രാക്കിളി പോലും ശബ്ദിച്ചില്ല. അയാൾ തെരുവ് വേശ്യകളെപ്പറ്റി ചിന്തിച്ചില്ല. താൻ വഞ്ചിച്ചവരുടെ മുഖം മനസ്സിൽ തെളിഞ്ഞുവന്ന് പേടിപ്പിച്ചില്ല. തന്നെ വഞ്ചിച്ചവരുടെ മുഖം മനസ്സിലെവിടെയും പതിയിരുന്നു ആർത്തു ചിരിച്ചില്ല. ഈശ്വരാ! ഇതിനുമുമ്പ് എന്തുകൊണ്ട് ഇവിടെ വരാൻ തോന്നിയില്ല.'
പെട്ടെന്ന് തന്‍റെ മുറിയിലേക്ക് ആരോ വന്നു ശരീരത്തിൽ സ്പർശിക്കുന്നതും അടക്കം പറയുന്നതും അയാൾ അറിഞ്ഞു. അത് നേരത്തെ കണ്ട ആ മധ്യവയസ്കയായിരുന്നു. അവൾ താൻ ബ്രഹ്മചാരിയാണെന്ന തെറ്റിധാരണയിൽ കൂടെ ശയിക്കാൻ വന്നതാണ്. അവൾ തന്‍റെ സ്തനങ്ങൾ അയാളുടെ മേൽ അമർത്തുകയും കവിളിൽ തലോടുകയും ചെയ്തു. ചതി പറ്റിയെന്നു മനസിലാക്കിയ അവൾ എഴുന്നേറ്റു ഓടുകയാണ്. ശ്രീരാമൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ല. അതൊക്കെ വായനക്കാർക്ക് അറിയാം.
ജലാശയത്തിലെ പായൽപോലെ
മനുഷ്യജീവിതം ഒരു മരീചികയാണ്. അതെവിടെയുമില്ല. ഉണ്ടെന്നു തോന്നും. ഓടിച്ചെന്നു എടുക്കാൻ നോക്കിയാൽ ദൂരേക്ക് മാറിപ്പോകും. ജീവിതം ഒരു കവിതയിലോ കഥയിലോ വേദാന്തത്തിലോ ഒതുങ്ങുന്നില്ല. ജലാശയത്തിനു മുകളിലെ പായൽ പോലെയാണ് ആശയസംഹിതകളും വിശുദ്ധതത്ത്വങ്ങളും. അത് ജലപ്പരപ്പിൽ ഒഴുകി നടക്കും. ഒരിടത്തു നിന്നു തള്ളിയാൽ മറ്റൊരിടത്തേക്കു പോകും. അതിനു മനുഷ്യരോട് എന്തു ബന്ധം? ഈ അനിശ്ചിതാവസ്ഥയാണ് , അലംഘനീയമായ ദുരവസ്ഥയാണ് കഥാകൃത്ത് ശ്രീരാമൻ ആവിഷ്കരിക്കുന്നത്. കഥാകൃത്തിനു പ്രത്യേക മമതയില്ല. സത്യത്തിനു മുമ്പിൽ നിൽക്കുമ്പോൾ അതിനോട് നാം എന്ത് മനോഭാവം പുലർത്തുന്നു എന്നത് പ്രധാനമല്ല. സത്യം സൂര്യനെപോലെയാണ്. അതിനു സർവവ്യാപിയായ ഒരു ശക്തിയാണുള്ളത്. കഥാകൃത്ത് ഈ കഥയിൽ തന്‍റെ കലാഭിമുഖ്യത്തിലേക്ക് സ്വയം ഇറങ്ങിത്തിരിക്കുകയാണ്. കഥയുടെ രസാത്മകതയും ചാരുതയും കൂടുതൽ അനുഭവിപ്പിക്കുന്നതിനു വായനക്കാരിൽ ലോകത്തിന്‍റെ വിവിധ കാലങ്ങളിൽ നിന്നു കലാവസ്തുക്കൾ ശേഖരിച്ചു കൊണ്ടു വരികയാണ്. മാനസികമുകുളങ്ങൾ കൂടിച്ചേർന്ന് കഥാശരീരത്തിൽ അത് അനുഭൂതികളായി പൊട്ടിച്ചിതറുന്നു.
വായനയുടെ ഓരോ ഘട്ടത്തിലും നാം വിവിധതരം ഓർമ്മകളിലൂടെ സഞ്ചരിക്കുന്നു. ഒരു പുരാതന നാഗരികതയുടെ ആകർഷകമായ കാലാവസ്തുക്കളിലേക്കും പുരാവസ്തുക്കളിലേക്കും നാം സഞ്ചരിക്കുകയാണ്. മനസ്സിന്‍റെ രസമുകുളങ്ങൾ ഓരോന്നായി ഉണരുന്നു. വായനക്കാരന്‍റെ അടഞ്ഞ മനസ്സ് തുറക്കുന്നു. ഒരു മനസ്സല്ല , ആയിരം മനസ്സുകൾ ഉണരുകയാണ്. ഇതെല്ലാം ചേരുന്നതാണ് വായന. ഒരാൾ വായനയുടെ വേളയിൽ എല്ലാം അപഗ്രഥിക്കണമെന്നില്ല. അതല്ലല്ലോ അവന്‍റെ ജോലി. എന്നാൽ അവൻ അറിയാതെ പല ഘടനകളിലൂടെ സഞ്ചരിക്കുന്നു. ഭഗവത്ഗീതയുടെ ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് വാറൻ ഹേസ്റ്റിംഗ്സ് എഴുതിയ ആമുഖത്തിലെ ഒരു വാചകം കഥയിൽ ഉദ്ധരിക്കുന്നുണ്ട്. അത് വായനയ്ക്ക് ഒരു രസമുകുളം തരുകയാണ്. ഇന്ത്യൻ തത്ത്വചിന്തകരുടെ മാർഗ്ഗം തെളിയണമെങ്കിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നു മോചനം വേണമെന്നും സമ്പത്തും അധികാരവും നൽകുന്ന ചിന്തകൾ ദൂരേക്ക് പോയി മറയണമെന്നുമാണ് സൂചിപ്പിക്കുന്നത്. ജീവിതത്തെ ശരിയായി അറിയാൻ ഒരു തനിമനസ്സ് തേടേണ്ടതിന്‍റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. പിന്നീട് 'ഗീത'യിലെ ഇന്ദ്രിയനിഗ്രഹം, വില്വമംഗലം സ്വാമിയാരുടെ അതിരുവിട്ട പ്രവൃത്തികൾ, കഠോപനിഷത്തിലെ വരികൾ ,സംസ്കൃതശ്ലോകം ,സ്ത്രീശരീരവർണ്ണന, ഇന്ത്യൻ നിയമങ്ങൾ ,മഹാവരാഹമൂർത്തിയുടെ ശില്പം ,ആസ്ത്മ രോഗം ,പച്ചിലക്കാടുകൾ. .. ഇതെല്ലാം ഈ കഥയിൽ ആസ്വാദനത്തിനും അർത്ഥത്തിനും ഉതകുന്ന കലാവസ്തുക്കളായി രൂപാന്തരപ്പെടുകയാണ്. ധ്വനനക്തിയോടെ നിലനിൽക്കുകയാണ്. ഈ ഭാഗങ്ങൾ എടുത്തു മാറ്റിയാൽ കഥയുടെ രസാത്മകതന്തുക്കൾ നഷ്ടപ്പെടും. ഒരു കഥ കലാസൃഷ്ടിയാണെന്നു ശ്രീരാമനു അറിയാമായിരുന്നു. അത് സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം കഷ്ടപ്പെട്ടു. ഓരോ അറിവും മുറിവായി ശരീരത്തിലേക്കും മനസ്സിലേക്കും വരുന്നത് സൂക്ഷ്മമായി പിന്തുടരുന്നതിന്‍റെ മറ്റൊരു പരിഭാഷയാണ് സാഹിത്യരചന.
രജതരേഖകൾ
1) കഥാകൃത്ത് സി. അനൂപിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'ഓൺ ദ് ഡോട്ട് മീഡിയ' ഓണത്തോടനുബന്ധിച്ച് ഏതാനും കഥാകൃത്തുക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അവതരിപ്പിച്ച 'കഥയോണം' ശ്രദ്ധേയമായി.കഥാകൃത്ത് സ്വന്തം കഥ വായിക്കുകയാണ്.എസ്.മഹാദേവൻ തമ്പി എഴുതിയ 'ആകാശജയിൽ' വാർദ്ധക്യത്തിന്‍റെ അവശതയിൽ ജീവിക്കുന്ന ഒരമ്മയുടെ ആകാശം പോലെ വിശാലമായ മനസാണ് ചിത്രീകരിക്കുന്നത്. മകൻ സ്നേഹപാലൻ തന്‍റെ അമ്മയെ ഒഴിവാക്കാൻ ഓരോ സ്ഥലത്ത് കൊണ്ടുചെന്നാക്കുകയാണ്. ഒടുവിൽ ഗുരുവായൂർ അമ്പലത്തിലാണ് ഉപേക്ഷിച്ചത്. എല്ലായിടത്തു നിന്നും അമ്മ ഓരോ തവണയും തിരിച്ചെത്തുകയാണ്. ബാല്യത്തിൽ അമ്മമനസ്സിലായിരുന്നു വേദന. ആ വേദനയ്ക്ക് പകരം കൊടുക്കാൻ ഒന്നുമില്ല. എന്നാൽ മക്കളെ പാപം കാത്തിരിക്കുന്നു. മക്കൾക്ക് ആ സ്നേഹത്തിനു അടുത്തെത്താൻ പ്രയാസമായിരിക്കും. മഹാദേവൻ തമ്പി ഒരു അമ്മയുടെ മനസിന്‍റെ രഹസ്യം കണ്ടെത്തുകയാണ്.
2) വാർദ്ധക്യമാണ് യഥാർത്ഥ പ്രളയം. അതുവരെയുണ്ടായിരുന്നതെല്ലാം കപടവസന്തങ്ങളായിരുന്നെന്ന് തോന്നും. ഒന്നും തന്നെ യഥാർത്ഥമായിരുന്നില്ലെന്നു അറിയും. മനസ്സിന്‍റെ താളം തെറ്റിയ ഒരു വൃദ്ധയുടെ കഥയാണ് സിതാര എസ്. (മാതൃഭൂമി ഓണപ്പതിപ്പ് ,2024) എഴുതിയ 'വേതാളം'. 'അമ്മയ്ക്ക് വിട്ടിലിരിക്കാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു. രാത്രിയിൽ അറിഞ്ഞും അറിയാതെയും മൂത്രമൊഴിച്ചു വയ്ക്കുന്ന ഉടുപ്പുകൾ മാറ്റി കുളിച്ചൊരുങ്ങി അവർ എവിടേക്കുന്നില്ലാതെ ഇറങ്ങി നടക്കും.' വാർദ്ധക്യത്തിന്‍റെ സ്മൃതിനാശവും അപസ്മാരവും മനസിൽ നോവുണ്ടാക്കുന്ന വിധം അവതരിപ്പിക്കുന്ന കഥയാണിത്.
3) ആത്മാവിന്‍റെ അകംലോകങ്ങളിൽ നിന്നു കൊണ്ട് സ്വയം അന്വേഷിക്കുന്ന കവിതയാണ് രാജൂ വള്ളിക്കുന്നം എഴുതിയ 'ഞാൻ ഓടുന്നു നിങ്ങളും'(മാധ്യമം ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 2-9).
'കഥയുടെ പൊയ്ക്കാലിൽ
കവിതയുടെ കുളമ്പുകളിൽ
ഐതിഹ്യപ്പെരുമയിൽ
ഇതിഹാസ ശൈത്യത്തിൽ
ഞാൻ ഓടുകയാണ്.
ഭൂതകാലത്തിന്‍റെ വെയിൽത്തിട്ട ചാരി
വരുംകാല കുളിരിന്‍റെ പുൽമേട് താണ്ടി
കളിമണ്ണ് പൊത്തിത്തീർത്ത
ഗുഹാശലകങ്ങളിൽ നിന്ന്.'
സ്വയം ആരായുകയാണെങ്കിൽ നമുക്ക് എത്തിച്ചേരാൻ ഒരിടവും ബാക്കിയുണ്ടാവില്ല; മനസ്സിന്‍റെ സംക്രമണങ്ങൾ മാത്രം.
4) സ്പാനീഷ് കവി ഫെഡറികോ ഗാർസിയ ലോർകയുടെ കവിതകൾ നടരാജൻ ബോണക്കാട് പരിഭാഷപ്പെടുത്തിയത് വായിച്ചു(പച്ചമലയാളം, സെപ്റ്റംബർ). എത്ര ആഴമുള്ള പ്രയോഗങ്ങൾ!. കവിതയുടെ അഗാധവും അപാരവുമായ നീലിമ കണ്ട് വിസ്മയിക്കാനേ കഴിയൂ. വാക്കിനു എത്ര വിപുലമായ അർത്ഥമാണ് ലോർക പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്നത്!.
'എനിക്ക് പലപ്പോഴും എന്നെ
കടലിൽ നഷ്ടപ്പെട്ടു
എന്‍റെ കാതുകൾ, പുതുതായി മുറിച്ചെടുത്ത
പൂക്കളാൽ നിറയ്ക്കപ്പെട്ടു.
പ്രണയമോ തീവ്രയാതനയോ കൊണ്ട്
എന്‍റെ നാവ് പൂരിപ്പിക്കപ്പെട്ടു.
എനിക്ക് പലപ്പോഴും എന്നെ കടലിൽ നഷ്ടപ്പെട്ടു.
ഞാൻ കുട്ടികളുടെ ഹൃദയത്തിൽ നഷ്ടപ്പെടുന്നത് പോലെ.
ആരുമേ ഒരു ചുംബനമേകാതിരിക്കുമ്പോൾ
മുഖമില്ലാത്ത മനുഷ്യരുടെ
പുഞ്ചിരിയനുഭവിക്കുന്നതിൽ
പരാജയപ്പെടുന്നു. '
കവിതയ്ക്കുള്ളിൽ കവിതയുടെ പല ഘടനകൾ രൂപപ്പെടുകയാണ്. ഇതുപോലുള്ള മികച്ച കവിതകൾ പരിഭാഷപ്പെടുത്തുന്ന നടരാജൻ ബോണക്കാടിനെ അഭിനന്ദിക്കുകയാണ്.
5) എഴുത്തിനെക്കുറിച്ച് ഫ്രഞ്ച് സാഹിത്യസൈദ്ധാന്തികനായ റൊളാങ് ബാർത്ത് പറഞ്ഞത് ഇതാണ്: 'എഴുത്ത് എന്നു പറഞ്ഞാൽ സകല ശബ്ദങ്ങളെയും ഇല്ലാതാക്കലാണ്, എല്ലാ ഉറവിടങ്ങളിൽ നിന്നും.' ഇത് ക്ലീൻ സ്ലേറ്റിൽ എഴുതുന്നമെന്ന ആഹ്വാനമാണ്. മറ്റുള്ളവർ ചിന്തിച്ച പാത ഉപേക്ഷിക്കുക. മറ്റുള്ളവർ ഉപയോഗിച്ച ഭാഷാശൈലി വേണ്ടെന്നു വയ്ക്കുക. മറ്റുള്ളവരുടെ ചിന്തകൾ കടമെടുക്കാതിരിക്കുക. അപ്പോൾ മാത്രമാണ് നമ്മുടെ ശബ്ദം വേർതിരിച്ചു കിട്ടുക.
6) ഗബ്രിയേൽ ഗാർസിയ മാർകേസിന്‍റെ ഈ വാക്യം ശ്രദ്ധേയമാണ്: 'നിങ്ങളുടെ കണ്ണുനീർ ആർക്കും വേണ്ട; ആ കണ്ണുനീർ അർഹിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവർ നിങ്ങളെ കരയിക്കുകയില്ല.'
7) ഈ ലോകം തന്നെ ഒരു കലാസൃഷ്ടിയാണ്. നമ്മളെല്ലാം അതിന്‍റെ ഭാഗമാണ്. ഷേക്സ്പിയറുടെ 'ഹാംലറ്റ്' ആയാലും ബിഥോവന്‍റെ സിംഫണി ആയാലും ഇതെല്ലാം ഈ ലോകത്തെക്കുറിച്ചുള്ള സത്യമാണ്. ദൈവമില്ല; നമ്മളാണ് വാക്കുകൾ, നമ്മളാണ് സംഗീതം.' - ഇംഗ്ളീഷ് എഴുത്തുകാരി വിർജീനിയ വുൾഫ് സ്വാനുഭവത്തിൽ നിന്നു കൊണ്ട് പറഞ്ഞു.