വിമർശകന്‍റെ സ്വം വായനയും പ്രവാചകത്വവും

ആധുനിക മൂല്യാന്വേഷണത്തിന്‍റെ രൂപഭാവങ്ങളാക്കി ഭൂതകാലാനുഭവങ്ങൾ ഉറഞ്ഞുതുള്ളുന്നതാണ് കടമ്മനിട്ടയുടെ പ്രശസ്തമായ 'പടയണി'. ദേവി ഇവിടെ ഇണയും അമ്മയുമാകുന്നു എന്ന സവിശേഷതയുണ്ട്.
MK Harikumar on Karammanitta poetry

'കടമ്മനിട്ടക്കവിതകളിൽ നരേന്ദ്രപ്രസാദിന്‍റെ സ്വംവായന': ഒരു ആസ്വാദനം.

Updated on

ഡോ. എസ്. രാജശേഖരൻ

നമ്മുടെ വായനാലോകത്തും ആസ്വാദനലോകത്തും പുതിയ വഴികളൊരുക്കിയ രണ്ടു പ്രതിഭകളുടെ ഒത്തുചേരൽ എന്ന സവിശേഷതയുൾക്കൊള്ളുന്ന വിമർശനകൃതിയാണ് എം.കെ. ഹരികുമാർ എഴുതിയ 'കടമ്മനിട്ടക്കവിതകളിൽ നരേന്ദ്രപ്രസാദിന്‍റെ സ്വംവായന'. കവിതകളിലൂടെ കടമ്മനിട്ട, ജീവിതത്തിലെന്ന പോലെ, ദർശനത്തിലെയും ഇരുട്ടറകൾ സന്ദർശിക്കുകയായിരുന്നു.

'മലഞ്ചൂരൽ മടയിൽനിന്നും കുറത്തിയെത്തുന്നൂ...' എന്നിങ്ങനെ തന്നിലേക്കു തന്നെയും ലോകത്തിലേക്കുമുള്ള തിരിഞ്ഞുനോട്ടമായി, ചുഴിഞ്ഞിറക്കമായി ആ കവിതയൊഴുകുന്നു. ഗ്രാമത്തിന്‍റെ ശബ്ദവും താളവുമാണ് കടമ്മനിട്ടക്കവിതയിലേത്.

മലഞ്ചൂരൽമടയിൽനിന്നും കുറത്തിയെത്തുന്നൂ....

പഞ്ചേന്ദ്രിയങ്ങൾകൊണ്ട് അളക്കാനാവുന്നതിലുമപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് അവൾ കണ്ടെത്തുന്നു. ആ ജ്ഞാനം ഒരുന്മാദമായി മാറുന്നു. ഇതിനെ കവി ആന്തരക്ഷോഭവുമായി സമന്വയിപ്പിക്കുന്നു. എല്ലാ വ്യവസ്ഥാപിതത്വങ്ങൾക്കുമപ്പുറത്തേക്ക് സഞ്ചരിക്കാനാണ് കലാകാരൻ ശ്രമിക്കുന്നത്.

ആവർത്തിക്കപ്പെടുന്ന രൂപങ്ങളെ കവിയെക്കാൾ വിമർശകനാണ് ഛിന്നഭിന്നമാക്കുന്നത്. അങ്ങനെ ആധുനിക മൂല്യാന്വേഷണത്തിന്‍റെ രൂപഭാവങ്ങളാക്കി ഭൂതകാലാനുഭവങ്ങൾ ഉറഞ്ഞുതുള്ളുന്നതാണ് കടമ്മനിട്ടയുടെ പ്രശസ്തമായ 'പടയണി'. ദേവി ഇവിടെ ഇണയും അമ്മയുമാകുന്നു എന്ന സവിശേഷതയുണ്ട്.

വിമർശകനും കാട്ടാളനാണ് എന്ന് ഹരികുമാർ നിരീക്ഷിക്കുന്നു. വായന സ്വയം വിമോചനമല്ല, സ്വയം ആഖ്യാനമാണ്.

'വിമർശകന്‍റെ ബോധോദയം' എന്ന അധ്യായത്തിൽ ഹരികുമാർ എഴുതുന്നു: "എന്നാൽ വിമർശകൻ എന്ന കലാകാരനെ ഉപേക്ഷിക്കാതെ തന്നെ വായനയിൽ വിപ്ലവം സൃഷ്ടിക്കാനാണ് പുതിയ വിമർശകൻ ശ്രമിക്കുന്നത്. വായന ഒരു വിപ്ലവമാണ്. വായിക്കുന്നതോടെ നാം മാറുകയാണ്. വായനയുടെ പരിവർത്തനം വായനക്കാരനിലാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരു നവലോകത്തിന്‍റെ സുവിശേഷം എവിടെയോ പറയപ്പെടുന്നുണ്ടെന്ന പ്രതീക്ഷയിലാണ് വായിക്കുന്നത്. വായിക്കുന്നവൻ തന്‍റെ മനസിൽ കൃതിക്ക് അന്യമായതും വിരുദ്ധവുമായ പാഠങ്ങൾ നിർമ്മിക്കുന്നുണ്ട്. വായനയുടെ കർത്താവാണവൻ. അവൻ അതാണ് വായിക്കാൻ പ്രയത്നിക്കുന്നത്. ഇരുളിലാണ്ട കൃതികൾ തെളിച്ചെടുക്കാൻ അവനെ സഹായിക്കുകയാണ് പ്രസ്തുത കൃതി. ഉദാഹരണത്തിന് 'ധർമ്മപുരാണം' വായിക്കുമ്പോൾ മറ്റൊരു കൃതി മനസിൽ തെളിയുകയാണ്. ആ കൃതിക്ക് പേരില്ല, ഭാഷയില്ല. അത് മനസ്സിന്‍റെ ഇരുട്ടിൽ മറയ്ക്കപ്പെട്ടതാണ്. അതിന് ജീവൻ വയ്പിക്കേണ്ടതുണ്ട്. അതിന് ഊർജ്ജം ആവശ്യമാണ്. മനസ്സിന്‍റെ അടിത്തട്ടിൽ കിടക്കുന്ന ബിംബങ്ങൾ ഒരർത്ഥം തേടി പുറത്തേക്ക് വരികയാണ്. അത് വിമർശകന്‍റെ സ്വതന്ത്രജീവിതമാണ്. കലാസങ്കല്പമാണ് ,കലാനുഭൂതിയാണ്. അന്തർമുഖതയാണ്, സർറിയലിസമാണ്. വായനക്കാരന് താൻ ഉള്ളിൽ രചിക്കുന്ന കൃതിയുടെ സൗന്ദര്യത്തെക്കുറിച്ച് വെളിപാട് കിട്ടുകയാണ്. അവൻ ആ ലോകത്തേക്ക് സഞ്ചരിക്കുന്നു. മനസ്സിന്‍റെ പൂർവ്വകാലങ്ങളിൽ നിന്നും മിത്തുകൾ രൂപപ്പെടുന്നു."

MK Harikumar on Karammanitta poetry

എസ്. രാജശേഖരൻ

സ്വാതന്ത്യത്തിന്‍റെ ആയുധമുപയോഗിച്ച് ഉറച്ചുപോയ അർത്ഥങ്ങളെ തകർക്കുകയെന്നതാണ് വിമർശകന്‍റെ വെല്ലുവിളി.'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിന്‍റെ സ്വം വായന' എന്ന കൃതി അത് ഏറ്റെടുക്കുന്നു. വിമർശകൻ പുതിയൊരു വെളിച്ചപ്പാടായി മൗനങ്ങളുടെ അടഞ്ഞ വാതിലുകൾക്കു മുന്നിൽ ഉറഞ്ഞുതുള്ളുന്നു, ഒച്ചവയ്ക്കുന്നു. ചിലതെല്ലാം പ്രവചിക്കുന്നു. നരേന്ദ്രപ്രസാദ് അതിനെ ഹർഷപൂർണമായ സാക്ഷത്കാരം എന്നാണ് വിളിക്കുക. പ്രവൃത്തിയിലൂടെ സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കാൻ ശ്രമിക്കുകയാണ് കവിയും വിമർശകനും. അതാണ് അവരുടെ പാരസ്പര്യം. ഇന്ത്യൻ കവിതയുടെയും ദർശനത്തിന്‍റെയും സാരം അദ്വൈതമെന്ന കലയിൽ മറ്റൊരു രാഗമായി പുനരാവിഷ്കരിക്കുന്ന കാര്യമാണ് നരേന്ദ്രപ്രസാദ് എഴുതുന്നത്. ചങ്ങലക്കെട്ടുകൾ പൊട്ടിച്ചു സമൂഹത്തെ പുതിയൊരു തലത്തിലേക്ക് സംക്രമിപ്പിക്കാനാണ് ശ്രമം. ഇവിടെ വിമർശനം പ്രവചനാത്മകമായിത്തീരുന്നു.

കടമ്മനിട്ടയെ കണ്ടെത്തുകയെന്നു പറഞ്ഞാൽ, നരേന്ദ്രപ്രസാദ് സ്വയം കണ്ടെത്തുന്നു എന്നാണ് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നത്.

ഒരു യഥാർഥ കാമുകിയെയല്ല, താനന്വേഷിക്കുന്ന സ്ത്രീസങ്കല്പത്തെയാണ് കടമ്മനിട്ട ആവിഷ്കരിക്കുന്നത്. പ്രണയം മുറിവിനെക്കുറിച്ചും തിരസ്കാരത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു. ഒന്നിലും തങ്ങിനിൽക്കാനാവാതെ, എവിടേക്കെന്നറിയാതെ ഒഴുകുന്നു.

തന്നിലെ മുറിവിന് പ്രായോഗികതയിൽ അർത്ഥം കണ്ടെത്തുകയാണ് അദ്ദേഹം.

പ്രസാദിന്‍റെ സ്ത്രീസങ്കല്പം ഒരു ഫാന്‍റസിയാണ്. തന്നിൽ നിറഞ്ഞുനിന്ന ആദർശാത്മകതയുടെ അനുരണനങ്ങളാണ് അദ്ദേഹത്തിന്‍റെ തന്മയീഭാവങ്ങളുടെ അന്വേഷണങ്ങൾ. നരേന്ദ്രപ്രസാദ് സ്വയം കണ്ടെത്തുന്നത് ക്രൂരമായ മനുഷ്യബന്ധവ്യവസ്ഥയ്ക്കുള്ളിലാണ്. അത് വായനയെക്കുറിച്ചാണെന്ന് സാങ്കേതികമായി കണ്ടാൽ മതി. ഓരോ വാക്കിലും ജീവിതം തിളയ്ക്കുകയാണ്. അതിൽ തന്‍റെ പ്രതിബിംബം കണ്ടുഞെട്ടുന്നു. താനിരിക്കുന്നതിനേക്കാൾ ഭീകരമായ ഒരവസ്ഥയിലാണ് താനെന്നു തിരിച്ചറിയുന്ന കലാകാരന്‍റെ നിമിഷം. ഇത് തെളിയിക്കാനാണ് അദ്ദേഹം കടമ്മനിട്ടയുടെ കവിതകളെ സമീപിക്കുന്നത്. കലാകാരന് നുണപറയാനാവില്ല, നുണപറയുന്നത് സത്യത്തെ ദീപ്തമാക്കാനാണ്.

പീഡാനുഭവത്തിനെതിരെ ചിറകെട്ടാനാണ് കലാകാരനെഴുതുന്നത്. അങ്ങനെ, 'പടയണി'യിൽ മറുതയ്ക്കു വേണ്ടി പാടുന്ന പാട്ട് കാളീസ്തുതിയായി മാറുന്നു. വിമർശകൻ ചില കൃതികളിലേക്കെത്തിച്ചേരുകയാണ്. അതിൽ സ്വയം കണ്ടെത്താനുള്ള അന്വേഷണമുണ്ട്. വായനക്കാരൻ സ്വന്തം ജീവിതത്തെത്തന്നെ കുറച്ചുകൂടി അടുത്തുനിന്നു കണ്ടെത്തുകയാണ്. രചനകളിൽ ഒരദൃശ്യസംവിധായകന്‍റെ വിരലടയാളങ്ങൾ. വിമർശകമനസ്സിന്‍റെ കലയിലേക്കും വിമർശനത്തിലേക്കുംകൂടി ദർശനം കടക്കുന്നു. വിമർശനവും ആത്മാന്വേഷണവും ആത്മാലാപവും സംഗമിക്കുന്ന ഒരപൂർവസന്ദർഭമായി ഹരികുമാറിന്‍റെ ഈ രചനയെ നമുക്ക് കാണാം. അദ്ദേഹം അത് ഇങ്ങനെ വെളിപ്പെടുത്തുന്നു: "വിമർശകൻ സ്വയം അറിയുന്നത്, അനുഭവിക്കു ന്നത്, ചിന്തിക്കുന്നത് വായനയായിത്തീരുന്നു."

logo
Metro Vaartha
www.metrovaartha.com