ടഗോർ, ആർനോൾഡ്, ഹെർമൻ ഹെസെ

ഇന്ത്യയുടെ സന്യാസ പാരമ്പര്യത്തിൽ ഇഹത്തെയും പരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അതിഭൗതിക ഉണ്മയുണ്ട്
m.k. harikumar special article in literature

രബീന്ദ്രനാഥ് ടഗോർ, മാത‍്യു ആർനോൾഡ്, ഹെർമൻ ഹെസെ

Updated on: 

അക്ഷരജാലകം| എം.കെ. ഹരികുമാർ

ഇന്ത്യയുടെ ആത്മാവിൽ അതീതത്വലേക്ക് ഒരു നോട്ടമുണ്ട്; ജനിമൃതികൾക്കപ്പുറമുള്ള ഒരു ലക്ഷ്യമാണത്. ആത്മാവിന്‍റെ അംബരാന്തങ്ങൾ തേടുകയാണ്. മനുഷ്യർ എത്രയോ രീതികളിൽ അത് അനുഭവിച്ചതാണ്. ഇന്ത്യയുടെ സന്യാസ പാരമ്പര്യത്തിൽ ഇഹത്തെയും പരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അതിഭൗതിക ഉണ്മയുണ്ട്. ഇന്ത്യൻ കലയിലും സാഹിത്യത്തിലും ഇതുണ്ട്. ടാഗോർ എഴുതി: "ഞാൻ ഒരു ആത്മീയ ലോകത്തിൽ വിശ്വസിക്കുന്നു. അത് ഈ ലോകത്തിൽ നിന്നു വേറിട്ട് നിൽക്കുന്ന ഒന്നല്ല; ഈ ലോകത്തിന്‍റെ തന്നെ ഏറ്റവും അന്തർലീനമായ സത്യമാണ്. നമ്മൾ എടുക്കുന്ന ഓരോ ശ്വാസത്തിലും ദൈവത്തിലാണ് ജീവിക്കുന്നതെന്ന ഈ സത്യം എല്ലായ്പ്പോഴും അനുഭവിക്കേണ്ടതുണ്ട് '.

ടാഗോർ ദൈവമെന്നു വിളിക്കുന്നത് ഒരു വ്യക്തിയെയോ മൂർത്തിയെയോ അല്ല. ഒരു അതിഭൗതികമായ പൊരുളിനെയാണ്. അതിനെ അനുഭവിക്കാനുള്ള ഇന്ദ്രിയം നമ്മളിലുണ്ട്. അത് തിരിച്ചറിയാനുള്ള വിനയം മതി. നമ്മളിലൂടെ കടന്നുപോകുന്നുണ്ട് ആ പ്രകാശകണം. അത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു പ്രവൃത്തിയിലൂടെയോ നേരത്തെ മനസിലാക്കിയ ഒരു ആശയത്തിലൂടെയോ അല്ല; വെറും സാധാരണ നിമിഷത്തിൽ അത് അനുഭവിക്കാനാവും. ഭാരതത്തിന്‍റെ മനസ് ഇതാണ്. അത് അലൗകികമായ ഒരു ഉണ്മയെ തേടിക്കൊണ്ടിരിക്കുന്നു. വീട്ടിൽ നിന്ന് പുറപ്പെട്ടുപോയി വിവിധ നഗരങ്ങളും ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും സഞ്ചരിച്ച് സത്യം തേടിയവരുണ്ട്. അവർ അങ്ങനെ പോയത് കുടുംബങ്ങളിലുള്ളവർക്ക് അപ്രിയമായിരിക്കാം. എന്നാൽ അവർക്ക് അത് മറ്റൊരു ലോകത്തിന്‍റെ വിളിയാണ്.

ബുദ്ധൻ

നിശ്ചലമാകാത്ത ഒരല വന്നു മനസിനെ മൂടുന്നു. അപ്പോൾ എങ്ങോട്ടോ യാത്ര തിരിക്കുന്നു. കുറെനാൾ ഒരു ക്ഷേത്രനടയിലിരിക്കുന്നു. പിന്നെ കുറെ നാൾ നദീതീരങ്ങളിൽ അലയുന്നു. പല ഭാഷകൾ സംസാരിക്കുന്ന ആളുകൾക്കിടയിൽ സ്വയം മറന്ന്, താൻ എന്തായിരുന്നുവോ അതെല്ലാം ഉപേക്ഷിച്ച് സ്വയം അന്വേഷിക്കുന്നവരുടെ ജിജ്ഞാസ എന്താണ്? അത് ഇന്ത്യൻ മനസിന്‍റെ പ്രത്യേകതയാണ്. ബുദ്ധനെയും ആ പ്രശ്നം അലട്ടിയിരുന്നു. ബുദ്ധൻ കൊട്ടാരം ഉപേക്ഷിച്ച് അതിനേക്കാൾ വലിയ പൊരുളിന്‍റെ വിളി കേട്ട് പുറപ്പെട്ടു. സത്യത്തിന് അത്രത്തോളം ശക്തിയുണ്ട്. ഹെർമൻ ഹെസയുടെ "സിദ്ധാർഥ' എന്ന നോവലിൽ ഒരു ഗുരുവിൽ നിന്നും യഥാർഥ ഉത്തരം കിട്ടാതെ വന്നപ്പോൾ നിരാശനായി എല്ലാവരെയും ഉപേക്ഷിക്കുകയാണ്.

തന്നിലെ സത്യത്തെ തേടാൻ ആ കഥാപാത്രം സ്വയം നിർബാധം അഴിച്ചുവിട്ടു. എവിടേക്കെന്നില്ലാതെ അലഞ്ഞു. ഒരു നദിയുടെ തീരത്തിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു. അത് വെള്ളം ഒഴുകുന്ന ശബ്ദമായിരുന്നു. ആ ശബ്ദത്തിൽ അസാധാരണമായ ഒരു ഉണ്മയുടെ അല്ലെങ്കിൽ അതീതമായ ഒരു പൊരുളിന്‍റെ സവിശേഷമായ ഒരു രാഗം പോലെ ആ ശബ്ദം തന്നിലേക്ക് വന്നു. അതിനു കാതോർത്തു. അത് ഓങ്കാരമായിരുന്നു. എല്ലാ പൊരുളും അതിൽ ഒന്നായിരിക്കുന്നു. അതൊരു ശബ്ദനൃത്തമായിരുന്നു. എല്ലാ ഗുരുക്കന്മാരെയും ഉപേക്ഷിച്ചപ്പോൾ അവന് തന്‍റെ മൗലികമായ സിദ്ധിയിൽ ആ പൊരുൾ തിരിഞ്ഞു കിട്ടി.

എന്നാൽ മാത്യു അർനോൾഡ് "ഡോവർ ബീച്ച് ' എന്ന കവിതയിൽ ഇതിനു വിപരീതമായി കടലലകളിൽ ജീവിതത്തിന്‍റെ ദുരന്തത്തിന്‍റെ ശബ്ദമാണ് ശ്രവിച്ചത്. അനന്തമായ വിഷാദം അദ്ദേഹത്തിന്‍റെ മനസിലേക്ക് പ്രവഹിച്ചു. ഈ വിഷാദം തെറ്റായ വികാരമല്ല; അത് ആത്യന്തികമായ ജീവിതസാരമാണ്. എന്തുകൊണ്ടാണ് വിഷാദം? സത്യത്തെ വ്യക്തമായി ഗ്രഹിക്കാൻ കഴിയാതെ വരുമ്പോഴുള്ള തകർച്ചയാണ് കാരണം.

മാത്യു അർനോൾഡിന്‍റെ കവിതയിൽ നിന്ന്:

"ഇന്ന് രാത്രി കടൽ ശാന്തമാണ്

വേലിയേറ്റം പൂർണമാണ്,

കരയിടുക്കിനു മുകളിൽ

വെണ്ണിലാവ് പ്രകാശിക്കുന്നു

ഫ്രഞ്ച് തീരത്ത് വെളിച്ചം മിന്നി മറയുന്നു

ശാന്തമായ ഉൾക്കടലിൽ ഇംഗ്ലണ്ടിന്‍റെ

പാറക്കെട്ടുകൾ മിന്നിത്തെളിയുന്നു

ജനലരികെ വരൂ,

രാത്രിയിലെ കാറ്റെത്ര മധുരമാണ്!

എങ്കിലും ചന്ദ്രന്‍റെ വെളിച്ചം വീണ കരയുമായി

കടൽ ചേരുന്ന നീണ്ട നിരയിലെ

തിരച്ചാട്ടത്തിൽ നിന്ന് കേൾക്കൂ!

തിരമാലകൾ പിൻവലിയുകയും

മടങ്ങി വരുമ്പോൾ

ഉയർന്ന തീരത്തേക്ക് എത്തിപ്പെടുകയും

ചെയ്യുന്ന ചരൽക്കല്ലുകൾ

ഉരയുന്ന ശബ്ദം കേൾക്കാം.

അത് തുടങ്ങുന്നു, അവസാനിക്കുന്നു.

പിന്നെയും തുടങ്ങുന്നു,

വിറയാർന്ന മെല്ലെയുള്ള താളത്തോടെ.

ഒപ്പം ദുഃഖത്തിന്‍റെ നിത്യമായി

ഈണം ഉള്ളിൽ എത്തിക്കുന്നു'.

എന്നാൽ അതീതത്വത്തിൽ നിന്ന് നാം വേർപെടുത്തപ്പെട്ടവരല്ല എന്ന സത്യം അവശേഷിക്കെ, നാം വീണ്ടും ജനിക്കുന്നു. നമ്മോടൊപ്പം അനേകം പേർ ജനിക്കുന്നു. നാം എവിടെ നിന്ന് വരുന്നു? എവിടേക്ക് പോകുന്നു ഭാരതീയ ചിന്തകളിൽ, മനുഷ്യന് ഒരു അന്തിമ വിശ്രാന്തിയുള്ളതായി (Ultimate peace) നിരീക്ഷിക്കപ്പെടുന്നു. പരമമായ ഒരു ബിന്ദുവാണത്. അതിനോടുള്ള ജീവകോടികളുടെ ആഭിമുഖ്യം എത്തിച്ചേരുന്നത് അവിഭാജ്യമായ ഒരു ഉണ്മയിലാണ്. ജീവനെ കൊണ്ടുനടക്കുന്നവയ്ക്ക് ഒരു ഉണ്മയുണ്ടെന്നു വിശ്വസിക്കുന്നതിൽ ഭാവനയും ചമൽക്കാരവുമുണ്ട്.എല്ലാം ആ അനുവദനീയമായ ഒന്നിലേക്ക് ദൃഷ്ടിയൂന്നിയിരിക്കുന്നു. എങ്ങോട്ടും വേർപെട്ടു പോകാനില്ല. ജനിയുടെ അർഥമറിയില്ല, മൃതിയുടെയും അറിയില്ല.

നാം ശരീരത്തിൽ

ഒരാൾക്കും ചോദിച്ചു വാങ്ങിയ ജീവിതമില്ല. മഹാ ഋഷികളും കലാകാര വ്യക്തിത്വങ്ങളും അവർക്ക് സൗജന്യമായി കിട്ടിയ വേളയെ അർഥപൂർണമാക്കുകയാണ് ചെയ്തത്. അർഥമില്ലെന്നു വാദിക്കുന്നവർക്കും അവരുടെ വഴിയിൽ തുടരാം. ഏത് മഹാനായാലും ശാരീരിക വേദനയും മാനസികമായ അലട്ടലും ഇല്ലാതാവുന്നില്ല. ശരീരം എല്ലാവർക്കും ഒരുപോലെയാണ്. ശരീരം തിരിച്ചറിവ് നൽകും. എവിടെ നിൽക്കണം, നടക്കണം, ചാടണം എന്നെല്ലാം മുന്നറിയിപ്പുണ്ടാകുന്നത് ശരീരമുള്ളതു കൊണ്ടാണ്. നമ്മൾ അശരീരികളായിരുന്നെങ്കിൽ ഒരു കുന്നിൽ നിന്ന് താഴേക്ക് ചാടുന്നതിലെ അപകടത്തെക്കുറിച്ച് ആലോചിക്കുകയില്ല. അശരീരികൾക്ക് മാനസികമായ ഞാണിന്മേൽ കളിയും ആവശ്യമില്ല. ഒരു വലിയ ഗർത്തത്തിന് മുകളിൽ കുറുകെ കെട്ടിയ ചരടിലൂടെ നടക്കുന്നതിന്‍റെ സാഹസികത അശരീരിക്കില്ല.

ചിന്തയുടെ കാര്യത്തിലും അങ്ങനെയാണ്. സാഹസികമായ ചിന്തകൾക്കിടമില്ല. കാരണം ചിന്തയെ ഒരിടത്തും വസ്തുവൽക്കരിക്കുകയോ തെളിയിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തു മൂർത്തമാക്കേണ്ടതില്ല. അതുകൊണ്ട് അദ്വൈതത്തിന് അർഥമുണ്ടാകുന്നത് ശരീരത്തിൽ നാം നിലനിൽക്കുന്നത് കൊണ്ടാണ്. ശരീരമില്ലെങ്കിൽ നമുക്ക് നാശത്തപ്പറ്റി ആലോചിക്കേണ്ട; നാശം എന്ന അനുഭവം തന്നെയില്ല. ബ്രഹ്മത്തിൽ നിന്ന് ആംശികമായി പിറവിയെടുത്ത ജീവി പിന്നീട് ബ്രഹ്മത്തിൽ തന്നെ എത്തുന്നില്ല; പലതായി പിരിഞ്ഞ് ഈ പ്രപഞ്ചത്തിൽ പല ജീവികൾക്കും വസ്തുക്കൾക്കും രൂപം നൽകുകയാണ്.

മണ്ണിലാണ് ജീവികൾ എത്തിച്ചേരുന്നത്. മണ്ണിൽ നിന്ന് ആഹാരം സ്വീകരിച്ച് മണ്ണിനു തന്നെ തിരികെ കൊടുക്കുന്നു. ആത്മാവിന് അന്തമവിശ്രാന്തിയായ ബ്രഹ്മമുണ്ടാകുന്നത് നല്ലതാണ്; അത് പ്രതീക്ഷ തരുന്നുണ്ട്. പക്ഷേ ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നില്ല എന്ന തത്വമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കഠോപനിഷത്തിൽ പറയുന്നു:

"ന ജായ മ്രിയതേ വാ വിപശ്ചിന്നായം

കുതച്ശിന്ന ബദൂവ കശ്ചിത്

അജോ നിത്യഃ ശാശ്വതോടയം പുരാണ

ന ഹന്യതേ ഹന്യമാനേ ശരീരേ'.

ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. അത് ശാശ്വതമാണ്. ശരീരം നശിച്ചാലും ആത്മാവ് ഇല്ലാതാകുന്നില്ല.ആത്മാവിനെ സാക്ഷാത്കരിക്കുന്നവർക്ക് ജനന, മരണ ചക്രത്തിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഉപനിഷത്ത് പറയുന്നത്.

എന്നാൽ പൂർത്തിയാക്കാത്ത ആഗ്രഹങ്ങളുടെയും കർമങ്ങളുടെയും അടിസ്ഥാനത്തിൽ ആത്മാവ് പിന്നെയും പുതിയ ശരീരങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ആത്മാവ് മനുഷ്യന്‍റെ അഹത്തിൽ നിന്ന് മുക്തമായതാണെന്ന സങ്കല്പത്തെ നിരാകരിക്കുന്ന ആശയമാണിത്. പഞ്ചഭൂതങ്ങൾക്ക് സ്പർശിക്കാനോ അറിയാനോ കഴിയാത്ത ആത്മാവ് എന്തിനാണ് ഒരു ശരീരത്തിൽ തങ്ങിനിന്ന് പൂർത്തിയാകാത്ത അഭിലാഷങ്ങൾക്കും കർമങ്ങൾക്കും വേണ്ടി വീണ്ടും ജനിക്കുന്നതിന് അനുവദിക്കുന്നത്. ആത്മാവിനെ അറിയാത്തവർ ഈഗോയുള്ളവരാണല്ലോ. ഈഗോയില്ലാതെ ജീവിക്കുക പ്രയാസമാണ്. ഞാനെന്നു ചിന്തിക്കാതിരുന്നാൽ ഭക്ഷണം കഴിക്കാനാവില്ല. മനുഷ്യനിലാണ് പ്രകൃതിയും ആകാശവുമുള്ളത്. വ്യക്തിയില്ലാത്തപ്പോൾ പ്രകൃതിയോ ആകാശമോ ഇല്ല. ഒരാളുടെ ദൈവം അയാളുടെ ഉള്ളിലാണ് അനുഭവപ്പെടുന്നത്. ഈഗോയുടെ വർധിച്ച പ്രഭാവം കുറച്ച് ബുദ്ധിപരമായി മനസിനെ നിയന്ത്രിച്ചു ക്രമപ്പെടുത്താം. എന്നാൽ സാധാരണ മനോവികാരങ്ങളും ചിന്തകളും ഒഴിവാക്കിയാൽ, പിന്നെ നാം സാധാരണ അറിയുന്ന മനസില്ല.

മനസ് അപരനാണ്

മനസ് ഒരു വ്യാജ രൂപമാണ്. ഉള്ളിൽ മറ്റൊരാൾ ജീവിക്കുന്നത് പോലെയാണ് മനസ് പ്രവർത്തിക്കുന്നത്.ആ ആളുടെ മേധാവിത്വത്തിന് പൂർണമായും കീഴടങ്ങിയാൽ നാം വലിയ തെറ്റുകളിൽ അമരും. മനസ് ഒരു അപരനാണ് (Other). ആ അപരനെ നിയന്ത്രിച്ച് അവന് മുകളിൽ ആന്തരയുക്തി അല്ലെങ്കിൽ ആന്തര മനസ് പ്രവർത്തിക്കുകയാണെങ്കിൽ കുറച്ചൊക്കെ നമ്മെത്തന്നെ അറിയാനൊക്കും. മനസിനെ പാടേ ഇല്ലാതാക്കിയാൽ, മറ്റൊരു ശാന്തവും നിർഗുണവുമായ തലത്തിലെത്താം.

അതിലൂടെ ആത്മാവിനെ അറിയാമെന്ന് ഉപനിഷത്ത് അറിയിക്കുന്നു. ആത്മാവ് നമ്മളിൽ തന്നെയുണ്ട്. എന്താണ് ആത്മാവ്? അത് നാം സ്വയം നിയന്ത്രിച്ച്, ആഗ്രഹങ്ങളെ കടിഞ്ഞാണിട്ട് കിട്ടാവുന്ന പരമാവധി ശാന്തതയാണ്. ഈ ശാന്തതയിൽ നാം സ്വതന്ത്രനും ജ്ഞാനിയുമാണ്. പക്ഷെ ശരീരത്തിന് ശേഷം, ഈ ആത്മാവ് ഒരു അന്തിമ വിശ്രാന്തിയിൽ എത്തുന്നു എന്നത് ദുരൂഹമാണ്. നല്ല കർമങ്ങൾ ചെയ്തവർ സ്വർഗത്തിനു സമാനമായ ഒരിടത്ത് എത്തുമത്രേ.

പൂർണമായും നല്ലത് മാത്രം പ്രവർത്തിച്ചവരുണ്ടോ? മനുഷ്യന് പാപം ചെയ്യാതിരിക്കാനാവില്ല. ജനിപ്പിച്ച മാതാപിതാക്കളുടെ മനസറിഞ്ഞ് പ്രവർത്തിക്കാൻ ഒരു സന്തതിക്കും കഴിയില്ല. ഏറ്റവും ഭംഗിയായി ശുശ്രൂഷിച്ചാലും അതിൽ പൂർണതകൾ ഉണ്ടാകില്ല. ശാരീരികവും മാനസികവുമായ തകർച്ചയിൽ കഴിയുന്ന മാതാപിതാക്കളുടെ വേദന ആർക്കും ഉൾക്കൊള്ളാനാവില്ല. ഒരു ഉറുമ്പിനെയോ ജീവനെയോ കൊല്ലാതെ ഒരാളും കടന്നു പോകുന്നില്ല. എത്രയോ ജീവികൾ നമ്മുടെ സാന്നിധ്യം ഭയന്നു ജീവിക്കുന്നു! അതുകൊണ്ട് നമ്മൾ പാപികൾ തന്നെയാണ്. പിന്നെ എങ്ങനെയാണ് ജനിമൃതി ചക്രത്തിൽ നിന്ന് രക്ഷപ്പെടാനാവുന്നത്? യഥാർഥത്തിൽ അന്തിമവിശ്രാന്തിയല്ല, പലായനവും അനന്തയാത്രയുമാണുള്ളത്. നമ്മൾ പല സംഘങ്ങളായി, ഒറ്റകളായി പിരിഞ്ഞ് യാത്ര ചെയ്യുകയാണ്. ഒരിടത്തും നാം എത്തിച്ചേരുന്നില്ല. പലയിടങ്ങളിലേക്ക് ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്നു. നമ്മളിലെ മൂലകങ്ങൾക്ക് ബോധമുണ്ടെങ്കിൽ അവയ്ക്ക് പറയാൻ സാധിച്ചേക്കും അതിന്‍റെ ഉടമസ്ഥനെക്കുറിച്ച്. ജീവനുള്ള ശരീരത്തിലെ ബോധം അനന്തമായി സഞ്ചരിക്കുന്നു. അതുപോലെ മരണശേഷം നമ്മുടെ മൂലകങ്ങളും അനന്തമായി സഞ്ചരിക്കുന്നു.

നാം ഒരിക്കലും രക്ഷപ്പെടാനാവാത്ത ഒരു കെണിയിലാണ്. അപ്രതിരോധ്യമായ ജനനവും അപ്രതിരോധ്യമായ മരണവും നമ്മുടെ ഇരുകരകളിലും അനന്തതയെ ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നാം അഗാധതകളാൽ അജ്ഞാതമാക്കപ്പെട്ട യാദൃശ്ചികതയുടെ സമുദ്രമാണ്. നമുക്ക് നക്ഷത്രങ്ങളിലേക്കും വിചാരങ്ങളിലേക്കും ഉയരാം. സ്വയം ശ്രമിക്കാം. അതോടൊപ്പം താഴേക്ക് പതിക്കുകയും ചെയ്യാം. ജീവിതത്തിന്‍റെ ഈ നൈമിഷികതയുടെ ശാബ്ദികമായ സമുദ്രത്തിൽ നാം ഓരോരുത്തരും ഒറ്റയ്ക്കാണ്. ആരും ഉയർത്താനില്ല, ലക്ഷ്യം കാണിച്ചു തരാനില്ല. ഓരോരുത്തർക്കും ഓരോ സമുദ്രമായി തിരയടിക്കാം. ഇംഗ്ലീഷ് സംഗീതകാരനും കലാകാരനുമായ ജോൺ ലെനൻ പറഞ്ഞു, നിങ്ങൾ എത്രത്തോളം യഥാർഥമാകുന്നുവോ അത്രത്തോളം ലോകം നിങ്ങൾക്ക് അയഥാർഥമായിത്തീരുമെന്ന്. അത് ഓരോരുത്തർക്കും മാത്രമായി അടഞ്ഞ ലോകമാണ്. മറ്റൊരാൾക്ക് ആ സമുദ്രത്തെക്കുറിച്ച് ഒന്നുമറിയില്ല.

രജതരേഖകൾ

1) ഷീല

നടി ഷീലയ്ക്ക് രണ്ടു ജന്മമുണ്ട്. ഒന്ന്, അവർ ചെറുപ്പത്തിൽ "കള്ളിച്ചെല്ലമ്മ', "അനുഭവങ്ങൾ പാളിച്ചകൾ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ആ ഷീലയെ യഥാർഥ ഷീലയ്ക്ക് സിനിമയിൽ കാണാം. അത്രയുമാണ് അവർ തമ്മിലുള്ള ബന്ധം. രണ്ടാമത്തേത്, സിനിമയിൽ നിന്നു പിരിഞ്ഞ ഷീലയാണ്. സെല്ലുലോയ്ഡിനു പുറത്തു കണ്ട ജീവിതമാണ് ഇപ്പോൾ നാം കാണുന്നത്. ഏതാണ് യഥാർഥം, ഏതാണ് മിഥ്യ? ഷീല സ്കീനിൽ കാണുന്ന "ഷീല' അവരുടെ ഒരു അതീത അസ്തിത്വമാണ്.

2) രാമു കാര്യാട്ട്

ചെമ്മീൻ എന്ന നോവൽ രാമു കാര്യാട്ട് ചിത്രീകരിച്ചപ്പോൾ അതിൽ കടൽ ഒരു കഥാപാത്രമായി. കടലിനു എന്തോ പറയാനുണ്ടെന്ന പ്രതീതി ജനിപ്പിച്ചു. കടലിലെ മത്സ്യങ്ങളെ പോലെയാണ് സംവിധായകൻ തന്‍റെ കഥാപാത്രങ്ങളെ കണ്ടത്. കടലലകൾ മനുഷ്യരുടെ ജീവിതത്തിൽ ഇടപെടുമോ, ചന്ദ്രബിംബത്തെ പോലെ?

3) സുരാസു

"കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ' (1988) എന്ന സിനിമയിൽ അഭിനയിച്ച സുരാസുവിനെ ഓർക്കുക.ആ സിനിമയിൽ അദ്ദേഹം "കാക്കോത്തിയമ്മയ്ക്ക്' എന്ന ഗാനമാലപിച്ച് അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ ഒരു അർച്ചനയാണ്. നാടകവും അഭിനയവും കലയുമായിരുന്നു അദ്ദേഹം. സുരാസു കലയുടെ ധാരയിൽ മുഴുകിപ്പോയ കലാകാരനാണ്. അദ്ദേഹത്തെ ആ സിനിമയിൽ ഉൾപ്പെടുത്തിയ സംവിധായകൻ കമലിനെ പ്രത്യേകം അഭിനന്ദിക്കുകയാണ്.

4) ജി. ദേവരാജൻ

ജി. ദേവരാജൻ മാസ്റ്ററെക്കുറിച്ച് കെ.എസ്. സേതുമാധവൻ പറഞ്ഞു, അദ്ദേഹത്തിന് ഒരു സംഗീത സംവിധായകന്‍റെ യാതൊരു പുറം മോടിയും ഉണ്ടായിരുന്നില്ലെന്ന്. ഒരു കലാകാരന് ഉണ്ടാകാനിടയുള്ള കിറുക്കോ, അലസതയോ അദ്ദേഹത്തിലില്ലായിരുന്നു. ഒരു എൻജിനീയറുടെ കൃത്യനിഷ്ഠയും പ്രവൃത്തിയിലുള്ള ലക്ഷ്യവും അദ്ദേഹത്തിനു പ്രധാനമായിരുന്നു. അദ്ദേഹം കലാകാരനായിരുന്നത് മനസിന്‍റെ ഉള്ളിലായിരുന്നു; പുറമേ, ഒരു ക്യാപ്റ്റനായിരുന്നു.

5) വയലാർ രാമവർമ

ഒരു സിനിമാ ഗാനരചയിതാവിന്‍റെ റോളിൽ എഴുതാൻ കഴിയുന്ന ഏറ്റവും മനോഹരവും അർഥസാന്ദ്രവുമായ വരികൾ എഴുതിയിട്ടാണ് വയലാർ രാമവർമ വിടവാങ്ങിയത്. ഇതാണ് ആ വരികൾ:

"ഈ വഴിത്താരയിൽ

ആലംബമില്ലാതെ

ഈശ്വരൻ നിൽക്കുന്നു.

ധർമനീതികൾ താടി

വളർത്തി തപസിരിക്കുന്നു.

ഈ കുരുക്ഷേത്രത്തിൽ

ആയുധമില്ലാതെ

അര്‍ജുനൻ നിൽക്കുന്നു.

തത്വശാസ്ത്രങ്ങൾ ഏതോ ചിതയിൽ

കത്തിയെരിയുന്നു.'

(അനുഭവങ്ങൾ പാളിച്ചകൾ)

6) എം. സുകുമാരൻ

ഒരു രാഷ്‌ട്രീയ വ്യവസ്ഥയിൽ അസന്തുഷ്ടനായി എം. സുകുമാരൻ എഴുതിയ ചരിത്രഗാഥ, പർവതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധൻ, സംഘഗാനം തുടങ്ങിയ കഥകൾ വായിക്കാതെയാണ് ഇപ്പോഴത്തെ മിക്ക കഥാകൃത്തുക്കളും എഴുതുന്നത്. ഇത് വളരെയധികം പരിതാപകരമാണ്. സുകുമാരൻ എന്തെഴുതി, എന്തിനെഴുതി, എങ്ങനെയെഴുതി എന്നൊക്കെ പരിശോധിക്കുമ്പോൾ ഭാവകത്വപരമായ, വിചിന്തനപരമായ വികാസം സംഭവിക്കും. ഒരു കാലഘട്ടത്തിന്‍റെ സമ്മിശ്രമായ വികാരങ്ങളെയും വിഷാദങ്ങളെയും ഉൾക്കൊണ്ടാണ് അദ്ദേഹം എഴുതിയത്. പുതിയ തലമുറ ഇത് മനസിലാക്കുന്നത് നല്ലതാണ്.

logo
Metro Vaartha
www.metrovaartha.com