

ശിവഗിരി സാഹിത്യ സമ്മേളനത്തിൽ എം.കെ. ഹരികുമാർ പ്രഭാഷണം നടത്തുന്നു.
ശിവഗിരി: കലുഷിതമായ സാംസ്കാരിക സംഘർഷങ്ങൾക്കിടയിൽ ശ്രീനാരായണഗുരു പുതിയൊരു അദ്വൈതമാണ് അവതരിപ്പിച്ചതെന്ന് സാഹിത്യവിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ. ശിവഗിരി തീർഥാടനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എം.കെ. ഹരികുമാറിന്‍റെ പ്രഭാഷണത്തിൽ നിന്ന്:
ഇവിടെ തന്നിരിക്കുന്ന വിഷയം സമകാലിക സാഹിത്യത്തിൽ ഗുരുവിന്‍റെ സാന്നിധ്യം എന്നതാണ്. സാന്നിധ്യം മാത്രം മതിയെങ്കിൽ പലതും ചൂണ്ടിക്കാണിക്കാനാവും. തെരുവിലേക്കിറങ്ങിയാൽ ഗുരുവിന്‍റെ ഒരു ചിത്രം കാണാതിരിക്കില്ല. ഗുരുവിനെക്കുറിച്ചുള്ള ചിലരുടെ പ്രഭാഷണം കേൾക്കാം. ചിലർ ഗുരുവിനെക്കുറിച്ച് കവിതയെഴുതുന്നു. എന്നാൽ, ഇത്തരം സാന്നിധ്യങ്ങൾ ഗുരുവിന്‍റെ യഥാർഥ ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ പര്യാപ്തമല്ല. ഗുരുവിന്‍റെ ആന്തരികമായ സത്യത്തെ എവിടെയും കാണാനില്ല. ഗുരുവിന്‍റെ ആന്തരികമായ സാഹിത്യത്തെ എവിടെയും പ്രാവർത്തികമാക്കുന്നില്ല.
കഴിഞ്ഞ 85 വർഷത്തെ മലയാളസിനിമയിൽ നിന്ന് ഗുരുവിനെ ഒഴിവാക്കി നിർത്തിയിരിക്കുകയാണ്. സിനിമയിൽ ഗുരുവിന്‍റെ ചിത്രം വൃത്തിയായി കാണിക്കാറില്ല. വല്ലപ്പോഴും കാണിക്കുന്നത് ഓലകൾക്കിടയിൽ തിരുകി വച്ച നിലയിലാണ്. അല്ലെങ്കിൽ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നിടത്ത് കാണാം. അതുമല്ലെങ്കിൽ ഏതാനും കുടുംബങ്ങൾ താമസിക്കുന്ന ഒരു സ്ഥലത്ത് ഒരു ഇടനാഴിയുടെ അറ്റത്ത് അവ്യക്തമായി, അപ്രധാനമായി വച്ചിരിക്കുന്ന നിലയിലായിരിക്കും കാണുക. ഇത് ഗുരു നേരിടുന്ന അയിത്തമാണ്.
ഗുരുവിനെ സിനിമാപ്പാട്ടുകളിൽ പോലും കാണാനില്ല. സാഹിത്യത്തിൽ നിന്ന് ഗുരു പാടേ മാറ്റി നിർത്തപ്പെട്ടിരിക്കുകയാണ്. പലരും ഗുരുവിനെ പ്രതിരോധത്തിലാക്കുകയാണ്. എന്നാൽ, ചില പ്രസിദ്ധീകരണങ്ങളിൽ ഗുരുവിനെ വിമർശിക്കുന്ന ലേഖനങ്ങൾ കാണാറുണ്ട്. ഒരു പ്രമുഖ വാരികയുടെ പ്രത്യേക പതിപ്പിൽ ഗുരുവിന്‍റെ കൃതികൾ രചിച്ച തീയതിയും സമയവും അന്വേഷിക്കുന്ന ലേഖനം ഒരു കഥാകൃത്തെഴുതിയത് കണ്ടു. പ്രത്യക്ഷത്തിൽ നിരുപദ്രവമെന്ന് തോന്നുമെങ്കിലും, വിഷലിപ്തമായ ഒരു ലക്ഷ്യം അതിനുണ്ടായിരുന്നു. ബൈബിളിൽ സുവിശേഷം എഴുതിയതിന്‍റെ ഡേറ്റ് നോക്കിയാണോ നമ്മൾ വായിക്കുന്നത്? ഇതുപോലുള്ള വിഡ്ഢിത്തങ്ങളാണ് ചില കഥാകൃത്തുക്കൾ ആലോചിക്കുന്നത്.
ഗുരുവിന്‍റെ അരുവിപ്പുറം പ്രതിഷ്ഠ ഒരു സന്ദേശമാണെന്നറിയണം. അത് നമ്മെ അവകാശബോധമുള്ളവരാക്കുന്നു. മുഖ്യധാരയിലെ ശിവന്മാരെ തൊഴാൻ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ സ്വന്തം ക്ഷേത്രങ്ങൾ നിർമിച്ച് ഞങ്ങളുടെ ശിവനെ പ്രതിഷ്ഠിക്കുമെന്ന് തെളിയിച്ചതാണ് ഗുരുവിന്‍റെ വിപ്ലവം. അത് നമ്മുടെ വിമോചനമാർഗമായി കാണണം.
ഗുരു അദ്വൈതത്തെ പുനർനിർവചിച്ചു. ശിവഗിരിയിലെ പാചകശാലയിലേക്ക് പറയക്കുട്ടികളെയും പുലയക്കുട്ടികളെയും കയറ്റി വിട്ട് പാചകം ചെയ്യിച്ച് അത് ഉള്ളൂരിനെ പോലെയുള്ള മഹാന്മാർക്ക് വിളമ്പിക്കൊടുക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നതാണ് അദ്വൈതം. അവിടെ എല്ലാം ഒന്നാണെന്ന് വരുന്നു. കേവല സന്യാസിമാർ പറയുന്നതല്ല അദ്വൈതം. ഇന്നും പ്രമാണിമാർ പറയക്കുട്ടികളും പുലയക്കുട്ടികളും പാചകം ചെയ്ത ഭക്ഷണം കഴിക്കുമോ എന്ന് പരിശോധിക്കണം.
ഗുരു ഒരു പുതിയ മനുഷ്യനെ അവതരിപ്പിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറയുന്നതിലെ മനുഷ്യൻ നമ്മളല്ല; അത് കേവലമനുഷ്യനാണ്. ആ മനുഷ്യനിൽ നമ്മളില്ല. നമ്മൾ പകയുള്ളവരും ചതിക്കുന്നവരും വെറുക്കുന്നവരുമാണ്. ഫെയ്സ്ബുക്ക് തുറന്നാൽ വെറുപ്പിന്‍റെ ഭാണ്ഡക്കെട്ട് അഴിഞ്ഞുവീഴുകയായി. ഗുരുവിന്‍റെ മനുഷ്യൻ അനുകമ്പയുള്ളവനാണ്. അനുകമ്പയില്ലാത്തവനെ ഗുരു നാറുന്ന ഉടലെന്ന് വിളിച്ചിട്ടുണ്ട്. നാം എത്രയോ ദൂരം നടന്നാലാണ് ഗുരുവിന്‍റെ 'മനുഷ്യൻ' എന്ന ആശയത്തിലെത്തുക? നാം ആ 'മനുഷ്യനി'ലേക്ക് എത്തിച്ചേരേണ്ടതുണ്ട്. സമൂഹം അതിൽ നിന്ന് വളരെ ദൂരെയാണ്. ഭക്ഷണം ചോദിക്കുന്ന ആദിവാസിയെ തല്ലിക്കൊല്ലുന്നു. ഉത്തരേന്ത്യയിൽ നിന്നെത്തിയ സാധു മനുഷ്യൻ മർദനമേറ്റു മരിക്കുന്നു.
രണ്ടു സമുദായങ്ങളിൽ പെട്ടവർ തമ്മിലുള്ള കല്യാണങ്ങൾ മുൻകാലങ്ങളിൽ നടന്നിരുന്നു. ഇപ്പോൾ ജാതി മാറി കല്യാണം കഴിച്ചാൽ മാതാപിതാക്കൾ തന്നെ വന്നു തല്ലിക്കൊല്ലും. പ്രണയിക്കുന്നവർ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ്. ഇതാണോ ജാതിഭേദം മതദ്വേഷമേതുമില്ലാതെ ഗുരു കണ്ട കേരളം?സാംസ്കാരിക രംഗത്ത് സമ്മേളനങ്ങളിൽ 'ഞങ്ങളുടെ ആളുകൾ മാത്രം മതി' എന്ന് രാഷ്ട്രീയപാർട്ടികളുടെ കീഴിലുള്ള ആളുകൾ പോലും തീരുമാനിക്കുന്നു! അവർക്ക് ഞങ്ങളുടെ ആളുകൾ മാത്രം മതി എന്ന കാഴ്ചപ്പാടാണ്. അതിൽ മഹത്വമോ മനുഷ്യത്വമോ ജനാധിപത്യമോ ഇല്ല.
ഏത് മേഖലയിലായാലും അസ്പൃശ്യതയാണ് ഏറ്റവും വലിയ തിന്മ. അസ്പൃശ്യത ഗുരുവിന് എതിരായ മാനസികാവസ്ഥയാണ്. അതുകൊണ്ട് ഗുരുവിന്‍റെ സാന്നിധ്യം മാത്രം പോരാ; ഗുരു എന്താണോ മാനവികത എന്ന നിലയിൽ അവതരിപ്പിച്ചത് ആത് പ്രായോഗികമായി ആവിഷ്കരിക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും വ്യത്യാസങ്ങളില്ലാതെയിരിക്കാവുന്ന പ്ലാറ്റ്ഫോമുകൾ ഉണ്ടാവുകയാണ് വേണ്ടത്- ഹരികുമാർ പറഞ്ഞു.
ഗുരുവിനെക്കുറിച്ച് നൂറ് ലേഖനങ്ങൾ എഴുതിയ എം.കെ. ഹരികുമാർ വർത്തമാനകാലത്ത് ഗുരുദർശനങ്ങൾക്ക് ഏറ്റവുമധികം പ്രചാരമുണ്ടാക്കിയ വ്യക്തിയാണെന്ന് സ്വാഗതപ്രസംഗത്തിൽ സ്വാമി അവ്യയാനന്ദ പറഞ്ഞു. ഹരികുമാറിന്‍റെ 'ശ്രീനാരായണായ' എന്ന നോവൽ സാഹിത്യരംഗത്ത് അപൂർവമായ സംഭവമാണ്. പുതിയൊരു വീക്ഷണവും കലയും ഭാഷയുമാണത്. അവിടെ ഗുരുവിനെ കണ്ടെത്തുകയാണ്. അദ്ദേഹത്തിന്‍റെ 'ദൈവദശകത്തിലെ ദൈവം' എന്ന പുസ്തകം മറ്റൊരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. അദ്ദേഹം എഴുതുമ്പോൾ ഒരു പുതിയ മാനം കൈവരുന്നു, ആശയത്തെ നവീകരിക്കുന്നു. പിണ്ഡനന്ദി: ആനന്ദത്തിന്‍റെ എഞ്ചിനീയറിംഗ്, കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി എന്നീ പഠനപരമ്പരകൾ ഗുരുസാഹിത്യത്തെ പുതിയ രീതിയിലും ഭാഷയിലും നവീനമായി അന്വേഷിക്കുകയാണ്.
എം. മുകുന്ദൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെ.പി. രാമനുണ്ണി അധ്യക്ഷനായിരുന്നു. പി.കെ. ഗോപി, മണമ്പൂർ രാജൻബാബു, മുരുകൻ കാട്ടാക്കട തുടങ്ങിയവർ പ്രസംഗിച്ചു.