"പുറം ലോകം അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്"; മകനു വേണ്ടിയുള്ള 72 ദിവസത്തെ കാത്തിരിപ്പ് പുസ്തകമാക്കി അർജുന്‍റെ അമ്മ

ഒരു ഘട്ടത്തില്‍ തനിക്ക് പറ്റിയ തെറ്റുകളും പാളിച്ചകളും ഷീല പുസ്തകത്തില്‍ തുറന്നു പറയുന്നു
Mother writes a book of memories about her son Arjun a victim of the Shirur landslide

മകനു വേണ്ടിയുള്ള 72 ദിവസത്തെ കാത്തിരിപ്പ് പുസ്തകമാക്കി അർജുന്‍റെ അമ്മ

Updated on

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെക്കുറിച്ചുള്ള ഓർമകൾ‌ പുസ്തകമാകുന്നു. അമ്മ ഷീലയണ് 72 ദിവസം നീണ്ട കാത്തിരിപ്പ് പുസ്തകരൂപത്തിൽ കുറിച്ചിട്ടത്. 'അര്‍ജുന്‍ എന്‍റെ മകന്‍' എന്ന പുസ്തകത്തിന്‍റെ കവര്‍ കോഴിക്കോട്ട് പ്രകാശനം ചെയ്തു.

2024 ജൂലൈയിൽ ഷിരൂരില്‍ അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിൽ അകപ്പെട്ട അർജുനായി പ്രാർഥിക്കുകയും കാത്തിരിക്കുകയും ചെയ്തത് ആ കുടുംബം മാത്രമായിരുന്നില്ല, മലയാളികൾ ഒന്നടങ്കമായിരുന്നു.

ഒപ്പം നിന്നതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് തന്‍റെ 72 ദിവസത്തെ കാത്തിരിപ്പ് അമ്മ ഷീല കുറിച്ചു വയ്ക്കുന്നത്. ഈ സമയത്ത് സംഭവിച്ചതിൽ പുറം ലോകം അറിയാത്ത ചില കാര്യങ്ങൾ കൂടി താൻ കുറിച്ചിട്ടുണ്ടെന്നും, എന്നാൽ ആരെയും വേദനിപ്പിക്കുന്ന ഒരു വാക്കു പോലുമില്ലെന്നും ഷീല പറയുന്നു.

ഒരു ഘട്ടത്തില്‍ തനിക്ക് പറ്റിയ തെറ്റുകളും പാളിച്ചകളും ഷീല പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ട്. മകനെക്കുറിച്ച് താനെഴുതിയ ചില കുറിപ്പുകൾ‌ വീട്ടുകാർ കണ്ടതോടെ അവരാണ് ഇത് പുസ്തകമാക്കാമെന്ന ആശയം മുന്നോട്ട് വച്ചതെന്നും ഷീല.

എം.കെ. രാഘവന്‍ എംപി, മേയര്‍ ഒ. സദാശിവന് കൈമാറി പുസ്തകത്തിന്‍റെ കവര്‍ പ്രകാശനം ചെയ്തു. അര്‍ജുന്‍റെ ഭാര്യ, സഹോദരി, ബന്ധുക്കൾ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com