പ്രവാസാനുഭവങ്ങളെ പുനർ നിർവചിച്ച് സ്ത്രീകൾ: 'എന്‍റെ പ്രവാസം എന്‍റെ ജീവിതം' ശ്രദ്ധേയം
പ്രവാസാനുഭവങ്ങളെ പുനർ നിർവചിച്ച് സ്ത്രീകൾ: 'എന്‍റെ പ്രവാസം എന്‍റെ ജീവിതം' ശ്രദ്ധേയം

പ്രവാസാനുഭവങ്ങളെ പുനർ നിർവചിച്ച് സ്ത്രീകൾ: 'എന്‍റെ പ്രവാസം എന്‍റെ ജീവിതം' ശ്രദ്ധേയം

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ സ്ത്രീകൾക്ക് യു എ ഇയിലെ പ്രവാസം നൽകുന്ന സ്വാതന്ത്ര്യം സമാനതകൾ ഇല്ലാത്തതാണ്
Published on

ദുബായ്: ജീവിതത്തിൽ ഉണ്ടായ നിരവധിയായ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ തന്നെ പാകപ്പെടുത്തിയത് പ്രവാസമാണെന്ന് പ്രമുഖ എഴുത്തുകാരി ഇന്ദുലേഖ മുരളീധരൻ. കാഫ് ദുബൈ സംഘടിപ്പിച്ച 'എന്‍റെ പ്രവാസം എന്‍റെ ജീവിതം' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ സ്ത്രീകൾക്ക് യു എ ഇയിലെ പ്രവാസം നൽകുന്ന സ്വാതന്ത്ര്യം സമാനതകൾ ഇല്ലാത്തതാണ്. വ്യക്തി എന്ന അർഥത്തിൽ രാജ്യത്തിന്‍റെ നിയമവ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യത്തെ അതിരുകളില്ലാതെ അനുഭവിക്കാൻ പ്രവാസം അവസരം നൽകുന്നുവെന്ന് ഇന്ദുലേഖ വ്യക്തമാക്കി.

'എന്‍റെ പ്രവാസം എന്‍റെ ജീവിതം' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച സാമൂഹ്യപ്രവർത്തക സന്ധ്യ രഘുകുമാർ, ആതുരശുശ്രൂഷക ലത ലളിത, പുതു തലമുറ പ്രതിനിധി പന്ത്രണ്ടാം ക്ലാസുകാരി ശ്രേയ സേതുപിള്ള എന്നിവർ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമായി.

വളർന്നുവരുന്ന തലമുറയുടെ കാഴ്ചപ്പാടിൽ പ്രവാസം എന്നത് ബഹുസ്വരതയുടെയും ഇഴുകിച്ചേരലിന്‍റെയും അടയാളപ്പെടുത്തലാണെന്ന ശ്രേയ സേതുപിള്ളയുടെ നിരീക്ഷണം വേറിട്ടതായി. വ്യത്യസ്ത ഭാഷ, ഭക്ഷണം, സൗഹൃദം തുടങ്ങിയവ നൽകുന്ന അനുഭവങ്ങൾ വിലപ്പെട്ടതാണെന്നും ശ്രേയ പറഞ്ഞു.

'എന്‍റെ പ്രവാസം എന്‍റെ ജീവിതം' എന്ന വിഷയത്തിൽ നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ റസീന ഹൈദറിന് നിഷ രത്നമ്മയും, രണ്ടാം സമ്മാനം കിട്ടിയ ലേഖ ജസ്റ്റിന് റോയ് റാഫേലും, മൂന്നാം സമ്മാനം കിട്ടിയ ദീപ പ്രമോദിന് വനിത എം. വി.യും, പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച സന്ധ്യ രഘുകുമാറിന് ദീപ കേളാട്ടും, പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ച ജെനി പോളിന് ബിനു മനോഹറും അൻതാര ജീവിനു നിസാർ ഇബ്രാഹിമും പുരസ്‌കാരങ്ങൾ നൽകി. ലേഖന മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളൂം പുരസ്കാരങ്ങളും നൽകി.

വിഷയാവതരണത്തെക്കുറിച്ച് ദൃശ്യ ഷൈനും മത്സര വിഷയത്തെക്കുറിച്ച് രാജേശ്വരി പുതുശ്ശേരിയും മത്സരത്തിൽ ലഭിച്ച ലേഖനങ്ങളെക്കുറിച്ച് ഗീതാഞ്ജലിയും സംസാരിച്ചു. ചടങ്ങിൽ റസീന കെ പി അധ്യക്ഷത വഹിച്ചു. ഉഷാ ഷിനോജ് സ്വാഗതവും ഷഹീന അസി നന്ദിയും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com