പുണ്യനദിയെ വലം വയ്ക്കുന്ന നര്‍മദാ പരിക്രമം

പുണ്യനദിയെ വലം വയ്ക്കുന്ന നര്‍മദാ പരിക്രമം

വളരെ പ്രയാസമേറിയതും ഏറെ പവിത്രവുമായ ദൗത്യമാണ് നര്‍മദ പ്രദക്ഷിണം അഥവാ പരിക്രമം. കാല്‍നടയായുള്ള നര്‍മദ പരിക്രമം തീര്‍ത്തും ഒരു തപശ്ചര്യയാണ്‌....

അഡ്വ. ശിവകുമാര്‍ മേനോന്‍ ‌‌

ഫോൺ: 99469 32557

ഗംഗാനദി ഹരിദ്വാറിലും കാശിയിലും, സരസ്വതി കുരുക്ഷേത്രത്തിലും ഗോദാവരി നാസിക്കിലും മാത്രം പവിത്രമാവുമ്പോള്‍ പ്രാചീന നദിയായ നര്‍മദയുടെ എല്ലാ തീരങ്ങളും പവിത്രവും പാവനവുമാണ്

പുണ്യനദി നര്‍മദ അഖണ്ഡ ഭാരതത്തെ ഉത്തര ഭാരതമെന്നും ദക്ഷിണ ഭാരതമെന്നും വേര്‍തിരിക്കുന്നു. ഭാരതത്തില്‍ കിഴക്ക് നിന്നു പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന ഏറ്റവും വലിയ നദിയായ നര്‍മദയ്ക്ക് പൗരാണികമായും ആധ്യാത്മികമായും ചരിത്രപരമായും പ്രാധാന്യമുണ്ട്.

തപോഭൂമിയായ നര്‍മദ നദിയുടെയും നദീതടത്തിന്‍റെയും മഹത്വത്തിനു കാരണങ്ങളിലൊന്ന് ഭക്തര്‍ നദിയെ ഭക്തിപൂർവം പ്രദക്ഷിണം ചെയ്യുന്നു എന്നതാണ്. മറ്റൊരു നദിയെയും പ്രദക്ഷിണം ചെയ്യുന്നില്ല. വളരെ പ്രയാസമേറിയതും ഏറെ പവിത്രവുമായ ദൗത്യമാണ് നര്‍മദ പ്രദക്ഷിണം അഥവാ പരിക്രമം. കാല്‍നടയായുള്ള നര്‍മദ പരിക്രമം തീര്‍ത്തും ഒരു തപശ്ചര്യയാണ്‌. പുരാണങ്ങളില്‍ ഈ നദിയെക്കുറിച്ച് കാര്യമായ വിവരണങ്ങളുണ്ട്, പ്രത്യേകിച്ച് സ്കന്ധപുരാണത്തിലെ രേവാ ഖണ്ഡത്തില്‍. നര്‍മദയുടെ മറ്റൊരു പേരാണ് രേവ.

114 ദിവസത്തെ കാൽനട യാത്ര

ഹിന്ദു ധർമത്തിലെ ഏറ്റവും ഉത്തമവും ജന്മസാക്ഷാത്കാരങ്ങളിലൊന്നുമായ നര്‍മദ പരിക്രമത്തിന് ഭാഗ്യവശാല്‍ എനിക്കും ഒരവസരം ലഭിച്ചു. മധ്യപ്രദേശ് ഹര്‍ദ ജില്ലയിലെ ചിച്ചോട് ഗ്രാമത്തിലെ ശ്രീ ബജരംഗദാസ്‌കുടി ആശ്രമം നര്‍മദയുടെ തീരത്താണ്. ഈ ആശ്രമവുമായുള്ള എളിയ ബന്ധവും അവിടെ നിന്നു ലഭിച്ച കുറച്ച് അറിവുകളുമാണ് ഈ പുണ്യകർമത്തിലേക്കുള്ള വഴി തുറന്നുതന്നത്.

നദിയുടെ ഒരുവശത്തെ നീളം ഏകദേശം 1312 കിലോമീറ്ററാണ്. നദിയോടു ചേര്‍ന്നുള്ള ഘോര വനങ്ങളുടെയും പാറക്കെട്ടുകളുടെയും ഡാമുകളുടെയും അരികിലൂടെ യാത്ര സാധ്യമല്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ നദിയില്‍ നിന്നു കുറച്ച് ദൂരെ മാറി സഞ്ചരിക്കേണ്ടി വന്നു. അതിനാല്‍ ഒരു വശത്തേക്കുള്ള ദൂരം 1600 കിലോമീറ്റര്‍ വരും, ഇരുവശവുമായി ഏകദേശം 3200 കിലോമീറ്റര്‍. നൂറ്റിപ്പതിനാല് ദിവസം കൊണ്ട് കാല്‍നടയായി ആരോഗ്യത്തിനു യാതൊരു ഹാനിയും സംഭവിക്കാതെ പ്രദക്ഷിണം പൂർത്തിയാക്കാൻ സാധിച്ചു.

കല്ലുകളെല്ലാം ശിവലിംഗം

മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ജീവനാഡിയാണ്‌ ഈ നദി. മധ്യപ്രദേശ്, ഗുജറാത്ത്‌, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ ഇരുപത് ജില്ലകളിലെ ആദിവാസി ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ എഴുന്നൂറിലധികം ഗ്രാമങ്ങളിലൂടെയും വനങ്ങളിലൂടെയും പർവതങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയുമുള്ള യാത്രകള്‍ പ്രകൃതിയുമായി ഇടകലര്‍ന്നുള്ള അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയെയും കൃഷിയെ കുറിച്ചും ചെറുതായി മനസിലാക്കാന്‍ സാധിച്ചു. ജനങ്ങളില്‍ ഭൂരിഭാഗവും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഈ നദിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മയ്യ എന്നാണ് അവിടെയുള്ളവര്‍ നർമദയെ സംബോധന ചെയ്യുന്നത്. വളരെ ചെറുപ്പകാലം മുതല്‍ തീരത്ത് താമസിക്കുന്ന എല്ലാവരും മയ്യയെ നിത്യവും പൂജിച്ചും ആദരിച്ചും വരുന്നു.

ഗംഗാനദി ഹരിദ്വാറിലും കാശിയിലും, സരസ്വതി കുരുക്ഷേത്രത്തിലും ഗോദാവരി നാസിക്കിലും മാത്രം പവിത്രമാവുമ്പോള്‍ പ്രാചീന നദിയായ നര്‍മദയുടെ എല്ലാ തീരങ്ങളും പവിത്രവും പാവനവുമാണ്. തികച്ചും തപോഭൂമിയായി കരുതുന്ന നദിയുടെ വടക്ക് ഭാഗം ദേവഭൂമിയായും തെക്ക് ഭാഗം പിതൃഭൂമിയായും കണക്കാക്കപ്പെടുന്നു. ദേവന്മാരും അസുരന്മാരും, ഋഷിമാരും മഹര്‍ഷിമാരും, സന്യാസിമാരും സന്ത്മാരും ഈ നദീതീരത്ത് തപസ് ചെയ്തിരുന്നു. ഇവരില്‍ പലരുടെയും പേരില്‍ ക്ഷേത്രങ്ങളും ഘാട്ടുകളുമുണ്ട്. സന്ത്‌ മഹാത്മാക്കള്‍ എവിടെ തപസ് ചെയ്താലും സിദ്ധി പ്രാപ്തമാക്കാൻ നര്‍മദാ തീരത്തെത്തും. നദിയോടു ചേര്‍ന്ന് താമസ സ്ഥലങ്ങള്‍ വളരെ കുറവാണ്. നര്‍മദയിലെ കല്ലുകളെല്ലാം ശിവലിംഗമായി കണക്കാക്കുന്നതിനാല്‍ പ്രാണപ്രതിഷ്ഠയുടെ ആവശ്യമില്ല.

പുണ്യവും മോക്ഷവും ലഭിക്കാന്‍ ഗംഗയില്‍ ഒരു നേരം കുളിക്കണം, യമുനയില്‍ മൂന്ന് ദിവസം, സരസ്വതിയില്‍ ഏഴ് ദിവസം. എന്നാല്‍ നര്‍മദയുടെ ദര്‍ശനത്തിലൂടെ മാത്രം പുണ്യവും മോക്ഷവും ലഭിക്കുന്നുവത്രെ. നര്‍മദാ തടത്തിലെ ശവസംസ്കാരത്തിനു ശേഷം ചിതാഭസ്മം ഗംഗയില്‍ ഒഴുക്കാറില്ല. പുണ്യനദി ഗംഗ ഭക്തരുടെ പാപങ്ങള്‍ ഏറ്റുവാങ്ങുന്നതിനാല്‍, പാപം തീര്‍ക്കാനായി വര്‍ഷത്തില്‍ ഒരു ദിവസം നര്‍മദയില്‍ സ്നാനത്തിനു വരുമെന്നു വിശ്വസിക്കുന്നു.

മുകളിലേക്കൊഴുകുന്ന ഉറവ

3600 അടി ഉയരമുള്ള അമര്‍ഖണ്ഡക്കിലെ നദിയുടെ ഉദ്ഭവസ്ഥാനമായ നര്‍മദ കുണ്ഡിനുള്ളില്‍ നിന്നു ജലം മുകളിലേക്ക് പ്രവഹിക്കുന്നു. മറ്റു നദികളിലെല്ലാം ഉദ്ഭവസ്ഥാനത്ത് ജലം മുകളില്‍ നിന്നു താഴേക്കാണ് ഒഴുകുന്നത്. നദിയുടെ വിവിധ ഭാഗങ്ങളിലായി കോടിയിലധികം ഉറവകളുണ്ട്. ചെറുതും വലുതുമായ ധാരാളം പോഷക നദികള്‍ ഇരുകരകളിലുമായി നദിയില്‍ സംഗമിക്കുന്നു. നദീതീരങ്ങളില്‍ ഒട്ടനവധി ഔഷധ സസ്യങ്ങളും വൃക്ഷങ്ങളുമുണ്ട്. ഫാക്ടറികളൊന്നും തീരങ്ങളില്‍ ഇല്ലാത്തതിനാല്‍ മലിനീകരണം വളരെ കുറവ്. മറ്റു നദികളെ പോലെ അധികമായി രൗദ്ര ഭാവമില്ല, ഒരു ജീവജാലങ്ങള്‍ക്കും ഹാനി വരുത്തുന്നില്ല - മനുഷ്യ നിർമിതമായ ഡാമിന്‍റെ സാങ്കേതിക പിഴവുകള്‍ ഒഴികെ.

ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും ഈ നദിയെ ആശ്രയിച്ചു ജീവിക്കുന്നു. ബഹു ഭൂരിപക്ഷം കര്‍ഷകരും ഓരോ വര്‍ഷം ഒരേ ഭൂമിയില്‍ മൂന്ന് പ്രാവശ്യം വിളവെടുക്കുന്നു. നദിയിലെ ജലം കുടിവെള്ള ആവശ്യത്തിനായി നൂറിലേറെ കിലോമീറ്റര്‍ ദൂരെ വരെ എത്തിക്കുന്നുണ്ട്, വൈദ്യുതി ക്ഷാമവും വലിയതോതിൽ പരിഹരിക്കപ്പെട്ടു. കൃഷി സംബന്ധമായ വാണിജ്യ വ്യവസായങ്ങള്‍ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു.

ശാന്തമായി ഒഴുകുന്ന നദിയുടെ മനോഹരമായ ദൃശ്യം കൂടുതലും ഉള്‍ഭാഗങ്ങളിലാണ് കാണാനാകുന്നത്. ഇരുകരകളിലുമായി വനങ്ങള്‍ക്കു പുറമെ ചെറുതും വലുതുമായ ധാരാളം ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, തീര്‍ഥ സ്ഥാനങ്ങള്‍, ഗ്രാമങ്ങള്‍, ആദിവാസി ഗ്രാമങ്ങള്‍ തുടങ്ങിയവ കാണാം. നര്‍മദ തീരങ്ങളില്‍ ദിവ്യ വൃക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള ധാരാളം വൃക്ഷങ്ങളുണ്ട്, ഇവ അന്തരീക്ഷത്തെ എപ്പോഴും ശുദ്ധീകരിക്കുന്നു. ലക്ഷോപലക്ഷം പക്ഷികളുടെ ആവാസ കേന്ദ്രമാണ് നദിയുടെ തീരങ്ങള്‍. ആട്, പശു, എരുമ തുടങ്ങിയവ കൂട്ടമായി നദിയുടെ തീരങ്ങളില്‍ മേയുന്നതും നദിയില്‍ കുളിക്കുന്നതും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ധാരാളം മത്സ്യസമ്പത്തുള്ള നദിയിലെ ചില മത്സ്യങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. നര്‍മദാ മയ്യയുടെ വാഹനമായ മുതല നദിയിലെ ചിലയിടങ്ങളില്‍ ധാരാളം ഉണ്ടെങ്കിലും യാത്രക്കാരെയും മീന്‍പിടിത്തക്കാരെയും ഉപദ്രവിക്കാറില്ല. മറ്റു പല നദികള്‍ വീതി കുറഞ്ഞു വരുമ്പോള്‍ ഈ നദിയുടെ വീതി കൂടിക്കൂടി വരുന്നു.

പരിക്രമവാസികളുടെ സാധന

ചില ഭക്തര്‍ ഫലസിദ്ധിക്കായി നര്‍മദ പരിക്രമം അനുഷ്ഠിക്കുമ്പോള്‍ മറ്റുചിലര്‍ ആധ്യാത്മിക നേട്ടത്തിനായി ശ്രമിക്കുന്നു. പരിക്രമത്തെ സാഹസികമായി കാണുന്നവരുമുണ്ട്‌. ധാരാളം സാധുസന്ത് മഹാത്മാക്കളും സന്ന്യാസിമാരും പരിക്രമം ചെയ്യാറുണ്ട്. കഠിനമായ തപസ്യയിലൂടെ മോക്ഷപ്രാപ്തി ലഭ്യമാക്കുവാന്‍ സുഖവും അഹങ്കാരവും ത്യജിച്ചു ആധ്യാത്മിക രീതിയില്‍ പരിക്രമം നടത്തേണ്ടതുണ്ട്. അദ്ഭുതകരമായ പല അനുഭവങ്ങളും യാത്രയിലുണ്ടാവും. പരിക്രമം അനുഷ്ഠിക്കുന്ന ഭക്തരെ പരിക്രമവാസികള്‍ എന്ന് വിളിക്കുന്നു.

ശാന്തവും സമാധാനപരവുമായ പ്രാര്‍ഥനയിലൂടെയും തപസ്യയിലൂടെയും ആത്മീയ വളര്‍ച്ചയുണ്ടാക്കുക, സ്വയം അവബോധം സൃഷ്ടിക്കുക, ലൗകിക ജീവിതത്തിലെ സമ്മര്‍ദത്തിന്‍റെ ഭാരം കുറയ്ക്കുക, നെഗറ്റീവ് ചിന്തകളും വികാരങ്ങളും ഇല്ലായ്മ ചെയ്യുക, സാധുസന്ത് മഹാത്മാക്കളെ പരിചയപ്പെടാനും സംവദിക്കാനുമുള്ള അവസരം ഉണ്ടാക്കുക, പുണ്യ ക്ഷേത്രങ്ങളും തീര്‍ഥസ്ഥാനങ്ങളും ദര്‍ശിക്കുക, പ്രകൃതിയെ കൂടുതൽ അടുത്തറിയുക. ഒപ്പം, മാതൃകാ മനുഷ്യരായി മാറുക തുടങ്ങിയവയാണ് നര്‍മദാ പരിക്രമത്തിന്‍റെ മുഖ്യ ഉദ്ദേശ്യങ്ങള്‍.

പരിക്രമത്തില്‍ ഉടനീളം പരിക്രമവാസികള്‍ക്ക് ചില ക്ഷേത്രം, ആശ്രമം, ധര്‍മശാല തുടങ്ങിയ ഇടങ്ങളിൽ ആത്മാര്‍ഥമായി സേവ ചെയ്യുന്നു. പരിക്രമം പൂര്‍ത്തിയാക്കിയ ചില ഭക്തരും മയ്യയുടെ സേവകരായി മാറി. അവര്‍ പരിക്രമവാസികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും സൗജന്യമായി നല്‍കുന്നു. സേവ നല്‍കുന്നവര്‍ എല്ലാ പരിക്രമവാസികളെയും ഒരുപോലെ കാണുന്നു. അവിടെ സമ്പത്ത്, ജാതി, നിറം, വിദ്യാഭ്യാസം, സ്ഥാനം, ഭാഷ... ഒന്നിനും യാതൊരു പ്രസക്തിയുമില്ല. ഇവിടെയാണ് അന്നപൂര്‍ണേശ്വരിയായ നര്‍മദയുടെ മഹത്വം. ദിവ്യദൃഷ്ടിയുള്ള ഭക്തര്‍ക്ക് മയ്യയുടെ സാന്നിധ്യം വ്യക്തമായി അറിയാന്‍ കഴിയും.

ശരീരത്തിന്‍റെയും മനസിന്‍റെയും ശുദ്ധീകരണത്തോടൊപ്പം തന്നിലുള്ള ഈശ്വരീയം അറിയുവാനും അഹങ്കാരം ഇല്ലായ്മ ചെയ്യാനുമുള്ള ഏറ്റവും നല്ല ഉപായങ്ങളിലൊന്നാണ് നര്‍മദാ പരിക്രമം. പരിക്രമവാസികള്‍ക്ക് മനസില്‍ ഒരിക്കലും ദേഷ്യമുണ്ടാവരുത്, അവര്‍ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്താൻ ശ്രമിക്കുകയോ ചർച്ച ചെയ്യുകയോ പാടില്ല. ആരും പറഞ്ഞു ചെയ്യിക്കുന്ന ഒന്നല്ല നര്‍മദ പരിക്രമം, സ്വന്തം ഇഷ്ടപ്രകാരമേ നടക്കുകയുള്ളൂ. ഭക്തി മാര്‍ഗമല്ലെങ്കില്‍ തടസം വരാന്‍ സാധ്യത ഏറെയുണ്ട്. വലിയ കാര്യങ്ങളിലുള്ള ശ്രദ്ധ ചെറിയ കാര്യങ്ങളിലും സൂക്ഷ്മമായി ഉണ്ടാവണം. പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യണമെന്ന്‍ മയ്യ യഥാസമയം മനസിലാക്കിത്തരും. ഒറ്റയ്ക്കാവുമ്പോള്‍, ജീവന്‍ നല്‍കിയ ആ അദൃശ്യശക്തി എപ്പോഴും കൂടെയുണ്ടെന്നുള്ള ഉറച്ച വിശ്വാസം നമ്മില്‍ ധൈര്യവും ആത്മവിശ്വാസവും പകരും.

ഏകാന്തമായ യാത്രയും സജ്ജന സമ്പര്‍ക്കവും പ്രകൃതിയില്‍ ലയിച്ചുള്ള ജീവിതവും മനസിനു ശാന്തിയേകും. മനുഷ്യര്‍ കുറവുള്ളിടത്തു പ്രകൃതി അതിസുന്ദരമായിരിക്കും. പരിക്രമത്തിലൂടെ ആനന്ദവും ആരോഗ്യവും മനഃശാന്തിയും ആത്മവിശ്വാസവും പ്രാപ്തമാകും. മനഃശാന്തി ആര്‍ക്കും നല്‍കാന്‍ കഴിയുന്നതോ വാങ്ങാൻ കഴിയുന്നതോ അല്ല, എന്നാല്‍ തപസ്യയിലൂടെയും സാധനയിലൂടെയും കരസ്ഥമാക്കാം.

പരിക്രമയാത്രയിലെ കാഴ്ചകൾ

പരിക്രമ യാത്രക്കിടയില്‍ ജഗദ് ഗുരു ആദി ശങ്കരാചാര്യരുടെ ഗുരു ഗോവിന്ദ ഭഗവത്പാദരുടെ ധൂംഘഡിലെ ഗുഹ, ശങ്കരാചാര്യരുടെ നാമധേയത്തില്‍ അവിടെയുള്ള ആശ്രമം, അദ്ദേഹത്തിന്‍റെ ദീക്ഷ സ്ഥാനമായ സാക്കള്‍ ഘാട്ട്, അദ്ദേഹം തപസിരുന്നിട്ടുള്ള, ഇപ്പോള്‍ സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന, ഓംകാരേശ്വറിലെ മാന്ധാത മല (ഓംകാരേശ്വര്‍ പർവതം) മണ്ഡന്‍ മിശ്രയുമായി സംവദിച്ച സ്ഥാനം - മണ്ഡലേശ്വറിലെ ഇപ്പോഴത്തെ ഗുപ്തേശ്വര്‍ മന്ദിര്‍, ഹണ്ടിയയിലെ കരുണാധാം ആശ്രമത്തിലെ ആദിശങ്കരാചാര്യ ഗുരുകുലം തുടങ്ങിയവ സന്ദര്‍ശിക്കാനുള്ള അപൂർവ ഭാഗ്യമുണ്ടായി. നൂറ്റാണ്ടുകള്‍ക്കു മുൻപ് ശങ്കരാചാര്യര്‍ രചിച്ച നർമദാഷ്ടകം നര്‍മദ തീരങ്ങളില്‍ എപ്പോഴും മുഴുങ്ങി കേള്‍ക്കുന്നു.

ഓംകാരേശ്വര്‍, നെമാവര്‍, അമര്‍ഖണ്ഡക്, ബര്‍മാന്‍ ഘാട്ട്, ഹോഷംഗബാദ്, ജബല്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അനേകം തീര്‍ഥസ്ഥാനങ്ങള്‍ക്കു പുറമെ ചരിത്ര പ്രധാന സ്ഥലങ്ങളായ മാണ്ടവ്ഖഡിലെ ചില കൊട്ടാരങ്ങള്‍, മഹേശ്വറിലെ മഹാറാണി അഹല്യാഭായി ഹോള്‍ക്കറുടെ കൊട്ടാരവും കോട്ടയും, രാംനഗറിലെ കൊട്ടാരങ്ങള്‍, പേഷ്വാ ബാജി റാവുവിന്‍റെ സമാധി സ്ഥലം, മഹാത്മാഗാന്ധി ദണ്ഡിയാത്ര നടത്തിയ ദണ്ഡിപഥ് എന്നിവയും പരിക്രമ യാത്രയില്‍ കാണുവാന്‍ സാധിച്ചു. മാണ്ഡവ്ഖഡ്, മഹേശ്വര്‍, ഓംകാരേശ്വര്‍, ജബല്‍പൂര്‍, നര്‍മദാ വാലിയിലെ ഏകതാ പ്രതിമ (സ്റ്റാച്യൂ ഓഫ് യൂണിറ്റി) തുടങ്ങിയ സ്ഥലങ്ങളിലായി ഒട്ടനവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. പ്രാചീന ക്ഷേത്രങ്ങളായ ഓംകാരേശ്വറിലെ ഗൗരി സോമനാഥ് ക്ഷേത്രം, നെമാവറിലെ സിദ്ധനാഥ് ക്ഷേത്രം തുടങ്ങിയവയും ഈ അവസരത്തില്‍ സന്ദര്‍ശിച്ചു. അനേകം തീര്‍ഥ സ്ഥാനങ്ങള്‍ ഇല്ലാതാവുകയോ ഡാമില്‍ മുങ്ങിപ്പോവുകയോ ചെയ്തിരിക്കുന്നു.

നദിയുടെ തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ബക്കാവോ ഗ്രാമത്തില്‍ അന്തരാഷ്‌ട്രതലത്തിലുള്ള നര്‍മദേശ്വര്‍ ശിവലിംഗങ്ങളുടെ നിർമാണവും വില്‍പ്പനയും വന്‍തോതില്‍ നടക്കുന്നു. ശിവലിംഗവും നന്തിയും മാത്രമേ ഇവിടെ നിർമിക്കുന്നുള്ളൂ. ആവശ്യമനുസരിച്ച് ഏത് വലുപ്പത്തിലുള്ള ശിവലിംഗവും ഇവിടെ ലഭ്യമാണ്.

മലയാളികളുടെ ക്ഷേത്രങ്ങളായ അകിലേശ്വറിലെ അയ്യപ്പ സ്വാമി ക്ഷേത്രം, ഭറൂച്ചിലെ വിഷ്ണു അയ്യപ്പ ക്ഷേത്രം എന്നിവയോടൊപ്പം മലയാളി സംരഭമായ പുതിയ വെജിറ്റേറിയന്‍ ഇന്ത്യന്‍ കോഫീ ഹൗസും നർമദാ പുരത്ത് (ഹോഷംഗബാദ്) കാണുകയുണ്ടായി.

ചന്ദന്‍ഘാട്ടിലെ നര്‍മദ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തു. ആരോഗ്യത്തോടെ യാതൊരു ബുദ്ധിമുട്ടും സാമ്പത്തികച്ചെലവുമില്ലാതെ നാല് മാസം കൊണ്ട് അനവധി മനോഹര ദൃശ്യങ്ങള്‍, ക്ഷേത്രങ്ങള്‍, ഗ്രാമങ്ങള്‍, ഗ്രാമീണരുടെ ജീവിതരീതി തുടങ്ങി പലതും നേരിട്ട് കാണുവാനും മനസിലാക്കുവാനും അവസരം നല്‍കിയ മയ്യയ്ക്ക് ഈ എളിയ ഭക്തന്‍റെ ആത്മാര്‍ത്ഥമായ വന്ദനം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com