Snake game in Nokia
Snake game in Nokia

പാമ്പിനെ പോറ്റിവളർത്തിയ നോക്കിയ കാലം

ബൈബിളില്‍ തുടങ്ങുന്ന പാമ്പും ആപ്പിളും മനുഷ്യനുമൊക്കെ വീണ്ടുമൊരു കാലത്തെരുവില്‍ ഒത്തുചേര്‍ന്നതു തൊണ്ണൂറുകളിലാണ്. ഏദന്‍ തോട്ടത്തില്‍ നിന്നും നോക്കിയ ഡിവൈസിലേക്ക്. ആദാമില്‍ നിന്ന് ആഗോളതലത്തിലേക്ക്.

അനൂപ് മോഹൻ

ലൊക്കേഷന്‍: ഏദന്‍ തോട്ടം

ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ച ശേഷം ദൈവം അരുളി ചെയ്തു,

''ഏദന്‍ തോട്ടത്തിനു നടുവിലെ ആ കനി ഭക്ഷിക്കരുത്....''

ആപ്പിളാണ് ആ കനിയെന്നു വിശ്വസിക്കപ്പെടുന്നു. അവശ്യത്തിലധികം കായ്കനികള്‍. വിശപ്പടക്കാന്‍ വേണ്ടുവോളം വിഭവങ്ങള്‍. ഒരു കനി മാത്രം വിലക്കപ്പെട്ടതും. ഒടുവിലൊരു പാമ്പിന്‍റെ രൂപത്തിലെത്തിയ സാത്താന്‍റെ പ്രേരണയാല്‍ ആദ്യം ഹവ്വയും, പിന്നീട് ആദവും ആ വിലക്കപ്പെട്ട ആപ്പിള്‍ ഭക്ഷിച്ചു. മനുഷ്യകുലത്തിനു വിലക്കപ്പെട്ടതിനോട് നിഷേധിക്കാനാവാത്ത താത്പര്യം തോന്നുന്നതും, അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും ആദിമകാലം മുതലേ ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍.

സീൻ 1: നോക്കിയ 6610

Nokia 6610
Nokia 6610

മകന്‍റെ കൈയില്‍ മൊബൈല്‍ കൊടുത്തിട്ട് അച്ഛന്‍ അരുളി ചെയ്തു, ഗെയിം എടുത്തു പോകരുത്. അച്ഛന്‍റെ കണ്ണു തെറ്റിയപ്പോള്‍ അടങ്ങാത്ത ആന്തരിക പ്രേരണയാല്‍ ചെറിയ സ്‌ക്രീനിലെ ഗെയിംസെന്ന എഴുത്ത് സെലക്റ്റ് ചെയ്യപ്പെടുന്നു. അതില്‍ സ്നേക്ക്സ് എന്നതിലും ആശങ്കയോടെ ഞെക്കി. ഇഴയാന്‍ പാകത്തിലൊരു പാമ്പും, പറ്റുമെങ്കില്‍ വിഴുങ്ങെടാ എന്ന മട്ടിലൊരു ആപ്പിളും സ്‌ക്രീനില്‍ തെളിയുന്നു. വിഴുങ്ങിയിട്ടും വിഴുങ്ങിയിട്ടും കൊതിതീരാതെ, വലിയ പാമ്പായി പരിണാമം പ്രാപിച്ചുള്ള സഞ്ചാരം തുടരുന്നു, കാലങ്ങളോളം.

ബൈബിളില്‍ തുടങ്ങുന്ന പാമ്പും ആപ്പിളും മനുഷ്യനുമൊക്കെ വീണ്ടുമൊരു കാലത്തെരുവില്‍ ഒത്തുചേര്‍ന്നതു തൊണ്ണൂറുകളിലാണ്. ഏദന്‍ തോട്ടത്തില്‍ നിന്നും നോക്കിയ ഡിവൈസിലേക്ക്. ആദാമില്‍ നിന്ന് ആഗോളതലത്തിലേക്ക്.

ഓര്‍മയുണ്ടോ ഈ ഗെയിം

ഓര്‍മയുണ്ടോ ഈ ഗെയിം. ഓര്‍മ കാണും. ഒരുപാട് ഗെയിമുകളിങ്ങനെ കയറിയിറങ്ങിപ്പോയാലും തൊണ്ണൂറുകളുടെ അന്ത്യത്തില്‍ തുടങ്ങിയ സ്നേക്ക് എന്ന ഒറ്റവാക്കിലൊതുങ്ങുന്ന കൗതുകം ഇനിയും ഇഴഞ്ഞുതീര്‍ന്നിട്ടില്ല ഒരു തലമുറയ്ക്ക്. പബ്ജിയും ഫ്രീഫയറും കാന്‍ഡി ക്രിഷ് സാഗയുമൊക്കെ എത്തിയാലും പാമ്പും ആപ്പിളും മനസിലിങ്ങനെ ആകാംക്ഷയുടെ പത്തി വിടര്‍ത്തി ഇഴഞ്ഞുകൊണ്ടേയിരിക്കും.

1997-ലാണ് സ്നേക്ക് ഗെയിമിന്‍റെ തുടക്കം, നോക്കിയ 6610 മൊബൈല്‍ സെറ്റില്‍. വളരെ ലളിതമായൊരു ഗെയിം. തടസങ്ങളില്‍ തട്ടാതെ ആപ്പിള്‍ വിഴുങ്ങി മുന്നോട്ടു പോകുക എന്നൊരു ടാസ്‌ക്ക് മാത്രം. ഓരോ ആപ്പിള്‍ വിഴുങ്ങുമ്പോള്‍ വലുപ്പം വച്ച്, ഒടുവില്‍ സ്‌ക്രീന്‍ നിറയുന്ന വലിയൊരു പാമ്പായി മാറുന്നതില്‍പ്പരമൊരു സന്തോഷമുണ്ടായിരുന്നില്ല. മൊബൈലുകളുടെ സ്വീകാര്യത വര്‍ധിച്ചു വന്നിരുന്ന ആ കാലഘട്ടത്തില്‍ സ്നേക്ക് ഗെയിമും അത്രത്തോളം ജനപ്രിയമായിരുന്നു.

ഫിൻലൻഡിൽനിന്നൊരു 'വാവ സുരേഷ്'

Taneli Armanto
Taneli Armanto

വിഡിയൊ ഗെയിം എന്ന വിശേഷണത്തോടെ സ്നേക്കിന്‍റെ ആദിമരൂപം പുറത്തിറങ്ങുന്നത് 1976-ലാണ്. ഗ്രെംലിന്‍ ഇന്‍ററാക്റ്റീവ് എന്ന കമ്പനി വികസിപ്പിച്ച ഗെയിമിന് ബ്ലോക്കേഡ് എന്നായിരുന്നു പേര്. രണ്ടു പേര്‍ക്കു കളിക്കാവുന്ന ഗെയിമായിരുന്നു. പിന്നീട് സമാന ആശയത്തില്‍ പല പേരുകളില്‍ പാമ്പുകള്‍ പുനര്‍ജന്മമെടുത്തു. ഒടുവില്‍ പല പേരുകളില്‍ അലഞ്ഞു തിരിഞ്ഞു നടന്ന 'അതിഥി' യെ പിടിച്ചു മൊബൈലിലേക്കിട്ട 'വാവ സുരേഷ്' ഫിന്‍ലന്‍ഡുകാരനായ ടനേലി അര്‍മാന്‍ഡോയാണ്. ആദ്യം ചിന്തിച്ചത് ടെട്രിസ് എന്നൊരു ഗെയിമായിരുന്നു. എന്നാല്‍ കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട് സ്നേക്ക് ഉറപ്പിച്ചു.

പിന്നെയുമിഴഞ്ഞു പാമ്പുകള്‍, പക്ഷേ...

പിൽക്കാലത്ത് നോക്കിയ പുറത്തിറക്കിയ പല ഡിവൈസുകളിലും സ്നേക്ക് ഗെയിമിന്‍റെ വ്യത്യസ്ത വേര്‍ഷനുകള്‍ ഇടംപിടിച്ചിരുന്നു. സ്നേക് 2, സ്നേക്ക് ഇഎക്സ്.... അങ്ങനെ പല പേരുകളില്‍. അത്യന്തികമായി പാമ്പും ആപ്പിളും മാത്രം സ്‌ക്രീനുകളില്‍ ശേഷിച്ചപ്പോള്‍ കൗതുകം ജനിപ്പിക്കുന്ന പല കൂട്ടിച്ചേര്‍ക്കലുകളും ഗെയിമിലുണ്ടായി. സ്‌നേക്ക് ഗെയിമില്‍ റെക്കോഡുകള്‍ സൃഷ്ടിക്കപ്പെട്ടു. ഈ ഗെയിമിനു സമാനമായ 420-ഓളം ഗെയിമുകള്‍ പുറത്തിറങ്ങിയിരുന്നു. മൊബൈല്‍ ഗെയിമിങ് വ്യവസായത്തിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഇത്.

2020 ല്‍ നോക്കിയ അപ്ഗ്രേഡഡ് വേര്‍ഷനുകളായി 3310, 5310, 2720 ഫ്ളിപ്പ് എന്നിവ പുറത്തിറങ്ങിയപ്പോഴും കാലത്തിനൊത്ത മാറ്റങ്ങളുമായി സ്നേക്ക് ഗെയിമും ഉണ്ടായിരുന്നു. പക്ഷേ, കാലത്തിനൊത്തു കോലം മാറാൻ വൈകിയ നോക്കിയ ഫോണുകൾക്കു പിന്നാലെ വന്ന തലമുറകളുടെ മനസിലേക്ക് ഇഴഞ്ഞെത്താൻ അവയിലെ പാമ്പുകൾക്കും സാധിച്ചില്ലെന്നു മാത്രം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com