നോവൽ തെറാപ്പി എന്നു പറഞ്ഞത് പുതിയ തെറാപ്പി എന്ന അർഥത്തിലല്ല; നോവൽ വായനയിലൂടെ ഒരു തെറാപ്പി സാധ്യമാകുന്നു എന്ന ധാരണയിലാണ്. വായനയുടെ വേളയിൽ ആശ്വാസം ലഭിക്കും.
freepik.com
അക്ഷരജാലകം | എം.കെ. ഹരികുമാർ
നോവൽ തെറാപ്പി എന്ന ഒരു മേഖല രൂപപ്പെടുകയാണെന്നു തോന്നുന്നു. സംഗീതത്തിലൂടെ രോഗശാന്തി തെളിയിക്കപ്പെട്ടിട്ടുണ്ട്. രോഗികളെയും മാനസികനില തെറ്റിയവരെയും സംഗീതത്തിലൂടെ പരിചരിക്കാറുണ്ട്. സംഗീതം ഇതരജീവികളിലും ആന്തരിക ചലനങ്ങളുണ്ടാക്കുമെന്നു നിരീക്ഷണങ്ങളുണ്ട്. നോവൽ തെറാപ്പി എന്നു പറഞ്ഞത് പുതിയ തെറാപ്പി എന്ന അർഥത്തിലല്ല; നോവൽ വായനയിലൂടെ ഒരു തെറാപ്പി സാധ്യമാകുന്നു എന്ന ധാരണയിലാണ്.
മനസിന് ഉത്തേജനം നൽകുന്ന പുസ്തകങ്ങളുണ്ട്. അക്കൂട്ടത്തിൽ നോവലുകളുണ്ട്. റിച്ചാർഡ് ബാക് എഴുതിയ 'ജോനഥൻ ലിവിങ്സ്റ്റൺ സീഗൾ', പാവ്‌ലോ കൊയ്‌ലോയുടെ 'ആൽക്കമിസ്റ്റ്', വിക്റ്റർ ഫ്രാങ്ക്‌ലിന്‍റെ ഓർമക്കുറിപ്പുകളടങ്ങിയ 'മാൻസ് സേർച്ച് ഫോർ മീനിങ്', തോറോയുടെ കാടോർമകൾ വിവരിക്കുന്ന 'വാൽഡൻ', റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിന്‍റെ 'മെഡിറ്റേഷൻസ്', ചൈനീസ് നോവലിസ്റ്റ് യു ഹുവയുടെ 'ക്രോണിക്കിൾ ഓഫ് എ ബ്ലഡ് മർച്ചന്‍റ്', ഖലിൽ ജിബ്രാന്‍റെ ജീവിതസാരത്തെ പരാമർശിക്കുന്ന 'ദ് പ്രോഫറ്റ്' തുടങ്ങിയ പുസ്തകങ്ങൾ വായിക്കുന്നത് ഒരു തെറാപ്പിയായി കാണാം. വായനയുടെ വേളയിൽ ആശ്വാസം ലഭിക്കും. നോവൽ വായനയിലൂടെ ആത്മശാന്തിയും സംഗീത ബോധവും നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇ.പി. ശ്രീകുമാറിന്‍റെ 'സ്വരം' (ഡിസി) വായിക്കാം.
കുട്ടിക്കാലം മുതലുള്ള സംഗീത പഠനവും തന്‍റെ അച്ഛന്‍റെ ഓർമ നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുള്ള ചിന്തകളും ഈ കൃതി എഴുതാൻ പ്രേരിപ്പിച്ചതായി അദ്ദേഹം കുറിക്കുന്നുണ്ട്: 'പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളെയും സ്വാധീനിക്കാൻ കഴിവുള്ള, നിയന്ത്രിക്കാൻ കഴിയുന്ന സംഗീതം എന്ന മഹാപ്രതിഭാസത്തെ മനസിലാക്കി. അങ്ങനെ അനേക കാലം കൊണ്ടു ശേഖരിച്ച വിവരങ്ങളും അറിവിലേക്കു ചേർത്ത അനുഭവ സാക്ഷ്യങ്ങളും എന്നിലെ സംഗീത ചിന്തകൾ അതിരില്ലാതെ വളരാനും തനതു സംഗീത സങ്കൽപ്പനങ്ങൾ രൂപപ്പെടാനും ഇടയാക്കി. ആ സങ്കൽപ്പങ്ങളിൽ ശ്രുതിയും രാഗവും താളവും ലയവും എനിക്കു മാത്രം പ്രാപ്യമായ സവിശേഷ പൂർണഭംഗിയാർജിച്ചു. ഓർമകളെ ശുദ്ധികരിക്കാനും സംഗീതത്തിനുള്ളിലെ സംഗീതം അറിയാനുമാണ് ഈ നോവൽ രചിച്ചത്. നോവൽ എഴുതുന്നതും തെറാപ്പിയാണെന്ന് ഇതിലൂടെ തെളിയുകയാണ്. സംഗീതത്തിൽ അഭിനിവേശമുള്ളവർക്ക് 'സ്വരം' ആദ്യന്തം രസാനുഭവമായിരിക്കും. എന്നാൽ സംഗീത പാണ്ഡിത്യമില്ലാത്തവർക്ക്, അത് ആസ്വദിക്കാൻ മനസുള്ളവർക്ക് ഇത് നല്ല ഓർമകൾ സമ്മാനിക്കും.
മനുഷ്യ മനസിലെ ഓർമകൾ പഠന വിഷയമാണ്. എത്ര പഠിച്ചാലും തീരില്ല. ഓർമകൾ ഇല്ലാതാകുന്നതു തലച്ചോറിലെ കോശങ്ങൾ നഷ്ടപ്പെടുന്നതു കൊണ്ടാണെന്നു പറയുന്നതു ശാസ്ത്രീയ വിശദീകരണമാണ്. എന്നാൽ, അതിനപ്പുറം മനുഷ്യ മനസ് പിൻവാങ്ങുന്നതിന്‍റെ സൂചനകളായി അതിനെ കാണാം. ജീവിതത്തിൽ കാര്യമായൊന്നും ചെയ്യാനില്ലാതെ വരുമ്പോൾ ജീവിതപ്രേമം കൊണ്ടുനടന്ന ഒരു മനസ് സാവധാനം തകരും. അത് തലച്ചോറിനെ ബാധിക്കുമെന്നു പറയുന്നത് രസാവഹമായിരിക്കില്ല. ഒരു പിൻവാങ്ങലിനുള്ള അബോധ ത്വര മനസിനെ പിന്നോട്ടു വലിക്കുന്നു. പരിചിതമായതിൽ നിന്നു രക്ഷ നേടാൻ തോന്നും. മൗനം അനുവാദമില്ലാതെ മനസിലേക്ക് ഇഴഞ്ഞു താവളം ഉറപ്പിക്കും. ശരീരത്തിനു ക്ഷയമുണ്ടാകുന്നു. നിശ്ചലമായതിൽ നിന്ന് നവോന്മേഷം ഉണ്ടാവുകയില്ല.
ജീവിതം ഒരു ചക്രമാണെന്നു പറയാറുണ്ട്. ജനനം - മരണം എന്ന ചക്രം. എന്നാൽ ജീവിതം യാത്രയുമാണ്. ആ യാത്രയ്ക്ക് ഒരു പ്രചോദനം വേണം. അതൊരു വ്യക്തിയാകാം, ഉപാസനയാകാം, കലയാകാം, സ്വപ്നമാകാം. ഇതെല്ലാം നഷ്ടപ്പെടുന്നവർ മനസിൽ ദ്രവിക്കുകയാണ്. അവർക്കു ഭാഷ നഷ്ടപ്പെടുകയാണ്. അവർ പറയുന്നതു വ്യക്തമായി കേൾക്കാമെങ്കിലും അർഥം ആർക്കും ഗ്രഹിക്കാനാവില്ല. അവർക്കു സംവേദനം ചെയ്യാൻ കഴിഞ്ഞാൽ പോലും അതിന് ആരും വില കൊടുക്കുകയില്ല. ഈ ലോകം പ്രതാപത്തിലും പ്രതികാരത്തിലും അധികാരത്തിലും ഹിംസയിലുമാണു ചുറ്റിത്തിരിയുന്നത്. തെറ്റു ചെയ്യാത്തവർ ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കും. ഓർമകൾ നശിപ്പിക്കാൻ വേണ്ടിയാണു വീണ്ടും വീണ്ടും ഓർക്കുന്നതു പോലും. ഒരേ കാര്യം തന്നെ ഓർക്കുന്നത് ഓർമ ഇല്ലാതാക്കുകയാണ്, മറവിയായിരിക്കും നിർമിക്കപ്പെടുക. ഒന്നും ഓർക്കാനില്ലാത്തവർക്കു മറവി ആശ്വാസമാണ്. എല്ലാം മറക്കുക എന്നു മനസിൽ പറഞ്ഞു പോകും.
ദൈവ ചിന്തയിൽ, പ്രാർഥനയിൽ എല്ലാ വിഷയങ്ങളിൽ നിന്നും രക്ഷിക്കൂ എന്നാണു പറയുക. ഈ രക്ഷ ഓർമകളിൽ നിന്നുള്ള രക്ഷയാണ്. നമ്മളിൽ നിന്നു നോവിക്കുന്ന ഓർമകൾ മാത്രം എടുത്തു മാറ്റാൻ പ്രകൃതിക്കു താത്പര്യമില്ല. നമ്മൾ ആവശ്യപ്പെടുന്നത് അതേപടി പ്രകൃതി മനസിലാക്കണമെന്നില്ല. ഓർമകൾ എന്നു പറയുമ്പോൾ അതിൽ നല്ലതും ചീത്തയുമെല്ലാം ഉൾപ്പെടും.
ഇതിനു തെളിവെന്നോണം ഒരു ഭാഗം നോവലിലുണ്ട്: 'സംഭവങ്ങളെ ശ്രദ്ധയോടെ ഓർമയിൽ സൂക്ഷിക്കാതിരുന്നാൽ അവ ക്രമേണ നശിക്കുന്നു. ഷെൽഫിൽ വച്ചിട്ടുള്ള വസ്തുക്കൾ ഇടയ്ക്കൊക്കെ എടുത്ത് ഉപയോഗിച്ചില്ലെങ്കിൽ അവയുടെ തിളക്കം നഷ്ടപ്പെടുകയോ അവ കേടുവരികയോ ചെയ്യില്ലേ? പുതിയ ഓർമകൾ പഴയവയെ മറക്കാൻ നിർബന്ധിക്കും. ഓർമകളെ നാം കോഡ് രൂപത്തിൽ സൂക്ഷിക്കുന്നതുകൊണ്ട് ചിലതു തിരിച്ചെടുക്കാൻ കഴിയാതെ വരും'.
ഇതിൽ നിന്ന് നോവലിസ്റ്റ് ഓർമകളുടെ കാര്യത്തിൽ പുലർത്തുന്ന ജാഗ്രത വ്യക്തമാണ്.
ഏതൊരു വസ്തുവിലും നമ്മുടെ ശ്രദ്ധ ചെന്നില്ലെങ്കിൽ ജീവിതത്തോടുള്ള വിമുഖത പ്രകടിപ്പിക്കും. അതു മങ്ങിപ്പോകും. അത് ആത്മഹത്യ ചെയ്യും. നാം ജീവൻ കൊടുക്കുന്നതുകൊണ്ടാണു നമ്മുടെ പരിസരവും വാക്കുകളും ചലിക്കുന്നത്. അല്ലെങ്കിൽ അതെല്ലാം മൃതാവസ്ഥയെ ഓർമിപ്പിക്കും. നമുക്കു ജീവിതം വേണമെങ്കിൽ നാം ചുറ്റുമുള്ളവയെയും ജീവിപ്പിക്കണം. അത് നിങ്ങൾക്കു തെരഞ്ഞെടുക്കാം.
അമെരിക്കൻ നോവലിസ്റ്റ് റിച്ചാർഡ് ബാക് എഴുതി: 'നിങ്ങളുടെ മനസിനെ മാറ്റിമറിക്കാൻ നിങ്ങൾക്കു സ്വാതന്ത്യമുണ്ട്, ഒരു പുതിയ ഭാവിയോ വ്യത്യസ്തമായ ഒരു ഭൂതകാലമോ തെരഞ്ഞെടുക്കാൻ. നാം നമ്മുടെ ഭൂതകാലം തെരഞ്ഞെടുക്കുന്നതു വലിയ ഒരാശയമാണ്. ഓരോ ഓർമയും ഓർക്കും തോറും മാറുകയാണ്. മാർസൽ പ്രൂസ്തിന്‍റെ ഒരു വാക്യമുണ്ട്; ഓരോന്നും നാം ഓർക്കുമ്പോൾ അത് ആരംഭത്തിൽ, ഭൂതകാലത്തിൽ എങ്ങനെയായിരുന്നുവോ അതിൽ നിന്നു വ്യതിചലിചാരിക്കുമെന്ന്.
എന്തും സംഗീതമായി കാണുന്ന നോവലിസ്റ്റ് ഇങ്ങനെ കുറിക്കുന്നു: 'പണ്ടു ഞാൻ നന്നായി കൂർക്കം വലിച്ചിരുന്ന അമ്മാവന്‍റെ കൂർക്കം വലി ശ്രുതി അളന്നു. അത് ഒന്നരക്കട്ടയായിരുന്നു. ഉച്ചത്തിൽ മാത്രം സംസാരിച്ചിരുന്ന ബാധിര്യം ബാധിച്ച അമ്മായി മൂന്നു കട്ട ശ്രുതിയിലാണു സംസാരിച്ചിരുന്നത്. അമ്മാവന്‍റെ ഉറക്കത്തിൽ അരികിലിരുന്നു കുറേനേരം രണ്ടു കട്ട ശ്രുതിയിട്ടപ്പോൾ കൂർക്കം വലി രണ്ടു കട്ടയിലേക്കു മാറി'.
നമ്മുടെയൊക്കെ ജീവിതം ഓരോ ശ്രുതിയിലാണ്. അത് ഓരോ ഒറ്റയടിപ്പാതയായി നീളുകയാണ്. സമാന്തരങ്ങൾക്കിടയിൽ മൗനം ഘനീഭവിക്കുകയാണ്. സംഭാഷണങ്ങളുടെ അദൃശ്യത. അനുഭവങ്ങളുടെ അസ്പൃശ്യത. എന്തെന്നാൽ വ്യക്തിഗതമായി ഹൃദയത്തിലാണു സംഗീതമുള്ളത്. അത് ഒരാളുടേതാണ്. ഛാന്ദോഗ്യ ഉപനിഷത്തിൽ ഹൃദയത്തെ നിർവചിക്കുന്നുണ്ട്. ഹൃദയത്തിലാണ് ആത്മാവുള്ളത്. ഹൃദി അയം എന്നതാണ് ഹൃദയത്തിന്‍റെ നിർവചനം. ഹൃദയത്തിൽ ഇതാ ആത്മാവ് എന്നാണർഥം. സ്വഹൃദയത്തിലാണ് ആത്മാവുള്ളതെന്ന് അറിയാനുള്ള ഉപാധിയാണു സംഗീതം. അതുകൊണ്ട് ഹൃദയാകാശത്തെ കാമിക്കുന്നവൻ ബ്രഹ്മത്തെ അനുഭവിക്കുന്നു. സംഗീതം പ്രാപഞ്ചികമായ ലയമാണ്. എല്ലാ വികാരങ്ങളുടെയും ആന്തരിക ധ്യാനമാണ്. ശബ്ദത്തിലാണു സംഗീതം. ഓം എല്ലായിടത്തുമുണ്ട്. അതാണ് ബ്രഹ്മം. എന്നാൽ അത് സംഗീതമായി എല്ലാവരും അനുഭവിക്കുന്നില്ല. അത് ഹൃദയത്തിലുള്ളതായി പലരും അറിയുന്നില്ല.
സംഗീതം ഓർമയിൽ നിന്നാണു പിറക്കുന്നതെന്ന അറിവിൽ നോവലിസ്റ്റ് മനുഷ്യത്വത്തെയാണു തേടുന്നത്. അസ്തിത്വത്തിന്‍റെ അതിഗഹനമായ അടരുകളിലേക്കു യാത്ര ചെയ്യുകയാണു ലക്ഷ്യം. അതിനായി ഓർമ, മറവി, സംഗീതം എന്നിവയെ ആശ്രയിക്കുന്നു. മനുഷ്യന് ഒന്നും ഓർക്കാൻ കഴിയുന്നില്ലെങ്കിൽ, സംഗീതം സ്വാധീനിക്കുമോ? സംഗീതം അബോധത്തിലാണുള്ളതെങ്കിൽ അതിന്‍റെ സൂചന തരുമോ? എങ്കിൽ ധ്വനി ഏതു വാക്കിലും തിരയണം. '22 ശ്രുതികളെപ്പറ്റി സിദ്ധാർഥസർ പറഞ്ഞത് പല ദിവസങ്ങളെടുത്താണ്. ഏതു ശബ്ദവും ധ്വനിയാണെന്നു പറഞ്ഞായിരുന്നു തുടക്കം. ധ്വനിയിൽ നിന്നാണു നാദത്തിലെത്തുന്നത്. ധ്വനി സംഗീതാത്മകമാകുമ്പോൾ അതു നാദമാകുന്നു. മണിയടി ശബ്ദം നാദമാണെന്നു പറയാം. ഒരു സ്റ്റീൽ ഗ്ലാസിൽ സ്പൂൺ കൊണ്ടു തട്ടുമ്പോൾ അതും നാദമാകുന്നു.
തെരഞ്ഞെടുത്ത നാദത്തിൽ നിന്നും സംഗീതം ഉണ്ടാകുമ്പോഴാണു ശ്രുതി നാം തിരിച്ചറിയുന്നത്. സപ്തസ്വര സഞ്ചാരത്തിന്മേൽ ഷഡ്ജത്തിനും കീഴ് ഷഡ്ജത്തിനും മധ്യേ അനേകം ഫ്രീക്വൻസികളുണ്ട്. അവയ്ക്കുള്ളിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരം തടസപ്പെടുത്തുന്ന ചില ബിന്ദുക്കളുണ്ട്. ആ മർമങ്ങൾക്കു നാദങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള കഴിവുണ്ട്. മർമങ്ങളിൽ സ്വരസഞ്ചാരം നിലയ്ക്കുമ്പോൾ അവിടെ തങ്ങി നിൽക്കുന്ന നാദം കമ്പനം കൊള്ളുന്നതു ശ്രവണേന്ദ്രിയ സിദ്ധിക്കു കേൾക്കാനാവും. കേവലം 45 മില്ലി സെക്കൻഡ് നേരം മാത്രം കേൾവിയിൽ ഒട്ടിനിൽക്കുന്ന അതിന്‍റെ അനന്യത പ്രത്യേകം തിരിച്ചറിയാനാകും. അതാണു ശ്രുതി. തെരഞ്ഞെടുത്ത നാദങ്ങളിൽ നിന്നും 22 ശ്രുതികളെ കണ്ടെത്തിയിട്ടുണ്ട്, സപ്തസ്വര സഞ്ചാരത്തിൽ. ഈ ശ്രുതികളിൽ നിന്നാണ് സ്വരങ്ങൾ ഉണ്ടാകുന്നത്'.
ഇങ്ങനെ അപഗ്രഥിക്കുമ്പോൾ സംഗീതത്തിന്‍റെ സഞ്ചാരപഥം വ്യക്തമാകുന്നു. എന്നാൽ സംഗീതം നമ്മുടെ ലൗകികവും അലൗകികവുമായ അനുഭവങ്ങളെ ഒരുമിപ്പിക്കുകയാണു ചെയ്യുന്നത്. അസ്തിത്വത്തിന്‍റെ ഒരടി മുകളിൽ വിഹരിക്കാൻ അതു സഹായിക്കുന്നു. ലോകജീവിതത്തിന്‍റെ, സംസാരത്തിന്‍റെ ലാഭനഷ്ടങ്ങളോടോ, മൃതിയോടോ സന്ധി ചെയ്യാത്ത മനസിന്‍റെ ആയിത്തീരലാണത്. മനസ് നിശബ്ദതയുടെ ഒരിടമാണ്. എന്നാൽ അതിൽ മനുഷ്യൻ തൃപ്തനല്ല. അവൻ അപാരതയുടെ രമ്യതയ്ക്കു വേണ്ടി ദാഹിക്കുന്നു. ആൽഡസ് ഹക്സിലി പറഞ്ഞതുപോലെ, നിശബ്ദതയ്ക്കു ശേഷം പ്രകടിപ്പിക്കാനാവാത്തതു പ്രകടിപ്പിക്കാനായി തൊട്ടടുത്തുള്ളതു സംഗീതമാണ്.
മൗനം ഒരു ഭാഷയാണ്. മൗനത്തിലും സംഗീതമുണ്ട്. സംഗീതമാകട്ടെ, ശരീരത്തിന്‍റെയും ഇന്ദ്രിയങ്ങളുടെയും ആകാശത്തിന്‍റെയും ഭാഷയാണ്. ഒരു സാകല്യതയാണത്. വാക്കുകളായോ തരംഗങ്ങളായോ നിലനിന്നിട്ടില്ലാത്ത ഒരവസ്ഥയാണത്. ഇതിന്‍റെ സാക്ഷ്യത്തിനു 'സ്വരം' ജീവിതത്തിന്‍റെ ബോധാബോധങ്ങളിൽ സംഗീതം എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുന്നുവെന്നു അന്വേഷിക്കുകയാണ്. മറവിയിലാണ്ടു പോയ മനസിന്‍റെ സംഗീതത്തിന്‍റെ വിലോലമായ ഒരു കണം ജീവത്തായ അനുരണനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നുണ്ടോ എന്നു ചിന്തിക്കുന്നു.
'എന്നിലെ ഓർമകൾ അയഥാർഥമാകുന്നുണ്ടോ, മിഥ്യാ സ്മൃതികൾ എന്നിൽ വളർന്നു തുടങ്ങുകയാണോ' എന്നീ ചോദ്യങ്ങൾ ബോധത്തിനപ്പുറമുള്ള മേഖലകൾ ഖനനം ചെയ്യാനുള്ള ഒരു വാതിൽ തുറക്കുകയാണ്. മറവി ഒരു രാഗമാണ്. മറവി വേറൊരു ഓർമയാവും സൃഷ്ടിക്കുക. അതിന്‍റെ സ്വച്ഛന്ദമായ ഒഴുക്കിൽ അസാധാരണമായ സംവാദങ്ങൾ, കാഴ്ചകൾ സംഭവിക്കുകയാണ്. മനുഷ്യർക്കു യാഥാർഥ്യത്തിനപ്പുറത്തും ജീവിതമുണ്ട്. അവർ അയഥാർഥമെന്നു മറ്റുള്ളവർ കരുതുന്നതിൽ നിന്ന് ജീവജലം തേടുന്നു. ഓർമ മനുഷ്യന്‍റെ സമരമാർഗമാണ്. മറവി രോഗം ബാധിച്ചാലും ഈ സമരം അവസാനിക്കുകയില്ല. പുതിയ തുറന്നുകൾ തേടി അടഞ്ഞ വാതിലുകൾ മുട്ടിത്തുറക്കാൻ വിധിക്കപ്പെടുകയാണ്. ഓർമ എന്ന പ്രക്രിയ എത്ര വന്യമായാലും, എത്ര അബദ്ധ സഞ്ചാരിണിയായാലും മനുഷ്യന്‍റെ നിലനിൽപ്പിനു ആവശ്യമാണ്. ഒരു മറവിരോഗി സ്വമേധയാ സഞ്ചരിക്കുകയാണ് ഓർമയുടെ ക്ഷീരപഥങ്ങളിൽ, മറ്റൊരു കൂടിക്കാഴ്ചയെക്കുറിച്ച് പ്രതീക്ഷയില്ലാതെ.
സമൂഹത്തിന്‍റെ ആരോഗ്യകരമായ ഓർമകളിൽ നിന്ന് വേർപെടുത്തപ്പെട്ടാലും മനുഷ്യൻ ഓർമകൾ സ്വയം സൃഷ്ടിച്ചു സഞ്ചരിക്കുകയാണ്. 'ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു' എന്ന് സാർത്ര് പറഞ്ഞു. 'ഞാൻ അനുഭവിക്കുന്നു, അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു' എന്നു മിലാൻ കുന്ദേര പറഞ്ഞു. വാസ്തവത്തിൽ, ചിന്തയ്ക്കു താളം തെറ്റും, വികാരമെന്നതു തെറ്റായി മനസിലാക്കപ്പെടും. വേദനിക്കുന്നതിന്‍റെ അർഥം ഒരു മറവിരോഗി അറിയണമെന്നില്ല. അതുകൊണ്ടു ബോധമുണ്ടായിരിക്കുകയും അബോധ പ്രേരണയിൽ എന്ന പോലെ ചില ആവേഗങ്ങളോടു പ്രതികരിക്കുകയും ചെയ്യുമ്പോഴും മനുഷ്യൻ ജീവിക്കുകയാണ്.
1) മലയാള കഥയിൽ താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് കാരൂരിന്‍റെ കഥകളാണെന്ന് എം.ടി. വാസുദേവൻ നായർ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ എന്തുകൊണ്ടോ കാരൂരിനെ മലയാള മാധ്യമലോകം തഴഞ്ഞിരിക്കയാണ്. കാരൂർ കഥകളെ ആഘോഷിക്കാൻ ഒരു സാഹിത്യസംഘത്തെയും കാണാനില്ല. എന്താ, കേരളത്തിലെ ഏറ്റവും വലിയ സെമിനാർ കാരൂരിന്‍റ കഥകളെക്കുറിച്ചായിക്കൂടേ?
2) പി.എ. നാസിമുദ്ദീന്‍റെ കവിതകളെക്കാൾ നല്ലത് വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് അദ്ദേഹം എഴുതിയ 'ഉന്മാദിയായ ബഷീർ: ലോകസ്നേഹത്തിന്‍റെ ആനന്ദലഹരി' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലായ് 6 -12) എന്ന ലേഖനമാണ്. വൈരൂപ്യത്തെയും സൗന്ദര്യത്തെയും ഒരുമിച്ചിണക്കുന്ന അത്ഭുതസിദ്ധി ബഷീറിൽ കാണാമെന്നു ലേഖകൻ ഉദാഹരണസഹിതം സ്ഥാപിക്കുന്നു.
2) സച്ചു തോമസ് എഴുതിയ 'കണക്ക് ക്ലാസിൽ തോമസ് ഹാർഡി' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലായ് 6-17) നല്ല പോലെ ബോറടിപ്പിച്ചു. കവിത എന്ന മാധ്യമത്തെ കവി വല്ലാതെ അപകീർത്തിപ്പെടുത്തുകയാണ്. ടെലിവിഷൻ ചാനലുകളിലെ രാഷ്‌ട്രീയ ചർച്ചയുടെ ഭാഷ കവിതയ്ക്ക് അപമാനമായിത്തീരുമെന്നു മനസിലാക്കുക.
3) ചങ്ങമ്പുഴയ്ക്കും ഇടപ്പള്ളിക്കും നേരിടേണ്ടി വന്ന എതിർപ്പിനെക്കുറിച്ച് 'ചങ്ങമ്പുഴ ആത്മാർഥതയുടെ വെല്ലുവിളി' എന്ന ലേഖനത്തിൽ ജോസഫ് മുണ്ടശേരി എഴുതുന്നുണ്ട്. 'പൊതുവേ, അന്നുവരെ വാഴ്ച നടത്തിയിരുന്ന ന്യൂനപക്ഷ ഭാവനാ സമ്പ്രദായങ്ങൾക്ക് എതിരേ നിന്നാണ് അവ കരുത്തിട്ടത്. ഈ സവിശേഷതയാണ് ആ കവിതകളിലെ സർവപ്രധാനമായ അംശം; എന്നുവച്ചാൽ എതിർപ്പുകളെ ക്ഷണിച്ചു വരുത്തിയ അംശം, അവർ മേൽവിലാസമുള്ള കവികളായ നിമിഷം തൊട്ട് അവരുടെ ജീവിതത്തിന്‍റെ ഏതിളുമ്പിലും വിഷം കലർത്തക്കവണ്ണം തുളച്ചുകയറിക്കൊണ്ടിരുന്നു'.
4) കന്നഡ കവി ജി.എസ്. ശിവരുദ്രപ്പയുടെ കവിതകൾ നടരാജൻ ബോണക്കാട് (പച്ചമലയാളം, ജൂലായ് ) പരിഭാഷപ്പെടുത്തിയിരിക്കുന്നു. 'തിരിച്ചു വരവ്' എന്ന കവിത ഇങ്ങനെ തുടങ്ങുന്നു:
'ഞാൻ തിരിച്ചു വരുമ്പോൾ
ആരും എന്നെ അറിയുകയില്ല.
ഞാൻ തിരിച്ചു വന്നേക്കും
നിങ്ങളുടെ ഉദ്യാനത്തിലെ
വേപ്പിൽ പാർക്കുന്ന
ഒരു പക്ഷിയെ പോലെ.
നിങ്ങളുടെ വരാന്തയിലെ
ഫാനിനു മുകളിൽ
ഞാൻ ഉണ്ടാക്കിയിരിക്കും, ഒരു കൂട്.
നിങ്ങളെന്നെ ആട്ടിയോടിക്കും.
അല്ലെങ്കിൽ ഒരു ചാറ്റൽമഴയ്ക്കു ശേഷം
നിങ്ങളുടെ വീടിനു ചുറ്റും വിരിക്കപ്പെട്ട
പച്ച പോലെ ഞാൻ തിരിച്ചുവരും.
നിങ്ങൾക്ക് സമാശ്വാസം അനുഭവപ്പെടും
തെല്ല് ആഹ്ലാദവും
ഞാനവിടെ ചിതറിക്കിടക്കുന്നതറിയാതെ'.
അന്യവത്ക്കരിക്കപ്പെട്ട ആത്മാവിന്‍റെ ഏറ്റുപറച്ചിലാണിത്. ഒരു തിരിച്ചുവരവിന് എപ്പോഴും സാധ്യതയുണ്ട്, നാം അകന്നുപോയ ഇടങ്ങളിലേക്ക്.
5) ഒ.വി. വിജയന്‍റെ 'ധർമപുരാണ'ത്തിലെ രാഷ്‌ട്രീയ വിമർശനവും അസുഖകരമായ പരാമർശങ്ങളും വളരെ വിവാദമായതാണല്ലോ. അതിൽ സദാചാരധ്വംസനമുണ്ടെന്നു കെ.പി. അപ്പൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഈ നോവൽ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നും ഇതിനു മറുപടി പറയുന്നതു വരെ രാഷ്‌ട്രീയത്തിൽ നമുക്കു ബുദ്ധിപരമായ ജീവിതമില്ലെന്നുമാണ് അപ്പൻ എഴുതിയത്. രാഷ്‌ട്രീയ പാർട്ടികളെ ഉപജീവിച്ചു കഴിയുന്ന എത്രയോ സംഘടനകളും എഴുത്തുകാരും മലയാളത്തിലുണ്ട്! എന്നിട്ടും അവർ ഇതിനു മറുപടി പറഞ്ഞിട്ടില്ല. അതുകൊണ്ട് കേരളത്തിലെ എഴുത്തുകാരുടെ രാഷ്‌ട്രീയത്തിൽ ബുദ്ധിപരമായ ജീവിതമില്ല എന്ന വസ്തുതയ്ക്ക് ഇത് അടിവരയിടുന്നു.
6) ആത്മകഥാപരമായ അനുഭവത്തോടെ ഫ്രഞ്ച് സ്ത്രീപക്ഷവാദിയും എഴുത്തുകാരിയുമായ സിമോങ് ദേ ബുവേ എഴുതി: 'പുരുഷൻ ഒരു മനുഷ്യജീവിയാണെന്നു നിർവചിക്കപ്പെട്ടിരിക്കുന്നു; എന്നാൽ ഒരു സ്ത്രീ ഒരു പെണ്ണു (പെൺലിംഗം) മാത്രമാണ്. എപ്പോഴെങ്കിലും അവൾ ഒരു മനുഷ്യജീവിയായി പെരുമാറുകയാണെങ്കിൽ, പുരുഷനെ അനുകരിക്കുകയാണെന്നു കുറ്റപ്പെടുത്തും'.