സ്വന്തം പേരിന്‍റെ കണക്ക് തെറ്റിയ മാസം; വൈറലായ 'ഒക്റ്റോബർ തിയറി' വർക്കായോ എന്നറിയണ്ടേ...

ഒക്ടോബർ തിയറി ഒരാളെ പ്ലാൻ ചെയ്യാൻ പ്രേരിപ്പിക്കുന്നു; പ്ലാനിൽ ഇല്ലാത്ത കണ്ടെത്തലാണ് സെറൻഡിപ്പിറ്റി. രണ്ടും ചേർന്ന് 'തയാറെടുത്ത മനസിനെ യാദൃച്ഛികത തുണയ്ക്കും' എന്ന ആശയത്തിലെത്തിക്കുന്നു.
Two silhouettes sitting side by side on a shikara at dusk on a Himalayan lake, a single star above, a serendipity moment among red chinar trees.

ഒറ്റ നക്ഷത്രത്തിനു കീഴെ, ഒരിഞ്ച് അകലത്തിൽ.

Updated on: 

വി.കെ. സഞ്ജു

സ്വന്തം പേരിന്‍റെ കണക്ക് തെറ്റിയ മാസമാണ് ഒക്റ്റോബർ. പേരിന് അർഥം എട്ടാമത്തേതെന്നാണെങ്കിലും നമ്മൾ പത്താമതായെണ്ണുന്ന മാസം! അതെ, പ്രാചീന റോമൻ കലണ്ടറിൽ എട്ടാം മാസമായിരുന്നു ഒക്റ്റോബർ. അന്ന് വർഷം തുടങ്ങിയിരുന്നത് മാർച്ചിലാണ്. ജനുവരിയും ഫെബ്രുവരിയും പിന്നീടാണ് കലണ്ടറിന്‍റെ തുടക്കത്തിലേക്ക് കയറിവരുന്നത്. അതോടെ സെപ്റ്റംബറും (septem, ഏഴ്) ഒക്റ്റോബറും (octo, എട്ട്) നവംബറും (novem, ഒൻപത്) ഡിസംബറും (decem, പത്ത്) സ്വന്തം പേരിന്‍റെ കണക്കിൽനിന്ന് രണ്ടടി വീതം മുന്നോട്ടു പോയി.

സ്വന്തം പേരുപോലും പ്ലാൻ തെറ്റിപ്പോയ ഒരു മാസത്തെയാണ് കവികൾ ഏറ്റവും മനോഹരമായ മാസമെന്ന് വാഴ്ത്തിയത്. ഇത് യാദൃച്ഛികമല്ലെന്ന് തോന്നുന്നു. ഒക്റ്റോബറിലെ മനുഷ്യരിൽ വല്ലാത്തൊരു വിശാലത കാണാനാവും; വാക്കുകൾ, സമയം, ചിലപ്പോൾ ഒരു ഹൃദയത്തിന്‍റെ ഇത്തിരി ഭാഗം അപരിചിതർക്കു വേണ്ടിപ്പോലും മാറ്റുവയ്ക്കുന്നിടത്തോളം വിശാലത.

വൈറലായ ഒക്റ്റോബർ തിയറി

'ഒക്റ്റോബർ തിയറി' എന്ന പേരിൽ ഒരു ആഘോഷം നടക്കുന്നുണ്ട് സമൂഹ മാധ്യമങ്ങളിൽ. ടിക്‌ടോക് ഉള്ള കാലത്ത് തുടങ്ങുകയും കഴിഞ്ഞ വർഷത്തോടെ വൈറലാവുകയും ചെയ്ത ഒരു സങ്കൽപ്പം. രണ്ടാമത്തെ പുതുവർഷപ്പിറവിയായി ഒക്റ്റോബറിനെ കാണുന്നതാണ് ഇതിനു പിന്നിലുള്ള ചിന്ത. കലണ്ടറിൽ മൂന്നു മാസം ബാക്കി. പോയ ജനുവരിയിലെ വലിയ പ്രതിജ്ഞകളുടെ ഭാരമില്ലാതെ, ചെറിയ മാറ്റങ്ങൾ തുടങ്ങാൻ പറ്റിയ സമയം. 'ഈ വർഷം ഒന്നും ചെയ്തില്ലല്ലോ' എന്ന കുറ്റബോധത്തെ 'ഇനിയും സമയമുണ്ടല്ലോ' എന്ന പ്രതീക്ഷയാക്കി മാറ്റുന്ന ആൽക്കെമി.

പക്ഷേ, തിയറിയുടെ പേര് മാത്രമാണ് സോഷ്യൽ മീഡിയ കാലത്തിന്‍റെ സംഭാവന. ആശയം പണ്ടേയുള്ളതാണ്. 'ഒക്റ്റോബർ, ചായം പൂശിയ ഇലകളുടെ മാസം' (The month for painted leaves) എന്നാണ് ഒന്നര നൂറ്റാണ്ടിനു മുൻപേ ഹെൻറി ഡേവിഡ് തോറോ എഴുതിവച്ചത്. കീറ്റ്സ് ശരത്കാലത്തെ വിളിച്ചത് 'മഞ്ഞിന്‍റെയും മധുരിച്ചു പഴുത്ത വിളവിന്‍റെയും കാലം' (Season of mists and mellow fruitfulness) എന്നാണ്. 'ഒക്റ്റോബറുകളുള്ള ഒരു ലോകത്താണ് ഞാൻ ജീവിക്കുന്നതെന്നതിൽ എനിക്കെത്ര സന്തോഷം!' (I'm so glad I live in a world where there are Octobers) എന്ന് എൽ.എം. മോണ്ട്ഗോമറി ആനന്ദിച്ചു.

Child's finger writing the first letters in rice beside a lit brass lamp on a rainy October evening, a Kerala Vidyarambham tradition

ഒക്ടോബർ തിയറിക്ക് പേര് കിട്ടുന്നതിനും മുൻപേ, നമ്മുടെ വിജയദശമി പറഞ്ഞിരുന്നു: ഇനിയൊരു തുടക്കമാകാം.

പാശ്ചാത്യർക്കു മാത്രമല്ല, നമുക്കും സുപരിചിതമാണ് ഒക്റ്റോബറിലെ പുതിയ തുടക്കങ്ങൾ. വിജയദശമിക്ക് അരിയിൽ വിരൽ തൊട്ട് ഹരിശ്രീ കുറിക്കുന്ന കുഞ്ഞുങ്ങളെ ഓർക്കൂ. ഒക്റ്റോബർ തിയറിക്ക് ഒരു പേര് കിട്ടുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ, നമ്മുടെ കലണ്ടറുകളും ഇതേ മാസത്തിൽ മന്ത്രിച്ചിരുന്നു: 'ആദ്യക്ഷരം കുറിക്കാൻ ഇതിലും നല്ലൊരു സമയമില്ല'. ഒക്റ്റോബറിൽ പെയ്തു തുടങ്ങുന്ന തുലാവർഷവും ചിലപ്പോൾ പുതിയ തുടക്കങ്ങളാവാറുണ്ടല്ലോ.

പാളിപ്പോയ പ്രതിജ്ഞകൾ

ജനുവരിയിൽ നമ്മൾ എഴുതി വച്ച പ്രതിജ്ഞകളുടെ പട്ടിക ഇപ്പോൾ എവിടെയുണ്ട്? ഏതെങ്കിലും ഡയറിയുടെ ആദ്യത്തെ താളുകളിലൊന്നിൽ അക്ഷരക്കൂട്ടു പോലുമില്ലാതെ മറവിയുടെ പൊടി പിടിച്ചു കിടക്കുന്നുണ്ടാവുമല്ലേ? സാരമില്ല, ടു-ഡൂ ലിസ്റ്റനുസരിച്ച് ചിട്ടപ്പെട്ടുത്താനാവുന്നതാണ് ജീവിതമെങ്കിൽ അതിലൊരു രസവും ഉണ്ടാകുമായിരുന്നില്ല.

Half-crossed January to-do list beside a fresh blank notebook page with autumn leaves and chai, the October Theory second new year

ജനുവരിയിലെ ലിസ്റ്റ് പകുതിവഴിയിൽ; ഒക്ടോബറിലെ താളിൽ ഒറ്റ വരിക്കുള്ള ഇടം മാത്രം.

'പിന്നോട്ടു നോക്കി മാത്രമേ ജീവിതത്തെ മനസിലാക്കാനാകൂ; പക്ഷേ, അത് മുന്നോട്ടു തന്നെയാണ് ജീവിക്കേണ്ടത്' (Life can only be understood backwards; but it must be lived forwards) എന്ന സോറൻ കീർക്കെഗാർഡിന്‍റെ വാക്കുകളിൽ ഒക്റ്റോബർ തിയറിക്കുള്ള ദാർശനികമായൊരു തിരുത്ത് കാണാം. ഒക്റ്റോബർ പറയുന്നു: മുന്നോട്ടു നോക്കൂ, ജീവിതം പ്ലാൻ ചെയ്യൂ. കീർക്കെഗാർഡ് പറയുന്നു: ജീവിതത്തിന്‍റെ പ്ലാൻ മനസിലാകുന്നത് ജീവിക്കുമ്പോൾ മാത്രമാണ്. നിങ്ങൾ ജീവിതത്തിനു വേണ്ടി തയാറാക്കുന്ന പ്ലാനിനും, ജീവിതം നിങ്ങൾക്കു വേണ്ടി തയാറാക്കുന്ന പ്ലാനിനും ഇടയിലൊരു വിടവുണ്ട്, ആ വിടവിനെ വിളിക്കാൻ ഭാഷ ഒരു വാക്ക് കണ്ടെത്തിയിട്ടുണ്ട്- സെറൻഡിപ്പിറ്റി (Serendipity).

സെറൻഡിപ്പിലെ രാജകുമാരന്മാർ

സെറൻഡിപ്പിറ്റി. ആ വാക്ക് ജനിച്ചത് ഒരു യാത്രയിൽനിന്നാണ്. നമ്മുടെ അയലത്തു കിടക്കുന്ന ശ്രീലങ്കയെ പുരാതന കാലത്ത് പേർഷ്യക്കാരും അറബികളും വിളിച്ചിരുന്നത് 'സെറൻഡിപ്' എന്നാണ്. മൂന്നു രാജകുമാരന്മാർ സെറൻഡിപ്പിലേക്ക് യാത്ര പോകുന്ന ഒരു പേർഷ്യൻ നാടോടിക്കഥയുണ്ട്. അതു വായിച്ച ഹൊറേസ് വാൾപോൾ ഒരു കത്തിൽ അവരെക്കുറിച്ച് എഴുതി: ''അന്വേഷിക്കാത്ത പലതും യാദൃച്ഛികതയും ബുദ്ധിസൂക്ഷ്മതയും (accidents and sagacity) കൊണ്ട് അവരവിടെ കണ്ടെത്തിക്കൊണ്ടിരുന്നു.'' വാൾപോളിന്‍റെ കത്തിലെ ആ വരിയിൽനിന്ന് ഭാഷയ്ക്കു കിട്ടിയ പുതിയ വാക്കാണ് സെറൻഡിപ്പിറ്റി.

Persian miniature painting of the three princes of Serendip travelling through an autumn forest, the origin of the word serendipity

അന്വേഷിക്കാത്ത പലതും കണ്ടെത്തിയ മൂന്നു രാജകുമാരന്മാർ: സെറൻഡിപ്പിറ്റി എന്ന വാക്കിന്റെ പിറവി.

ഒരേ ലക്ഷ്യത്തിലേക്കുള്ള പരസ്പര ബന്ധിതമായ പാതകളാണ് ഒക്റ്റോബർ തിയറിയും സെറൻഡിപ്പിറ്റിയും. ഒക്റ്റോബർ തിയറി നിങ്ങളെക്കൊണ്ട് ടിക്കറ്റെടുപ്പിക്കുന്നു, ബാഗ് പായ്ക്ക് ചെയ്യിക്കുന്നു, വാതിൽ വരെ കൊണ്ടെത്തിക്കുന്നു. ആ വാതിലിനപ്പുറം കാത്തുനിൽക്കുന്നത് ആരാണെന്നും എന്താണെന്നും തീരുമാനിക്കുന്നത് സെറൻഡിപ്പിറ്റിയാണ്.

വാൾപോൾ ഊന്നിയ രണ്ടാമത്തെ വാക്കും പ്രധാനമാണ്- Sagacity. ഭാഗ്യം മുന്നിൽ വന്നുനിന്നാലും അത് തിരിച്ചറിയാനുള്ള കണ്ണുണ്ടാവണം. 'യഥാർഥ കണ്ടെത്തലിന്‍റെ യാത്ര പുതിയ ഭൂപ്രകൃതികൾ തേടുന്നതിലല്ല, പുതിയ കണ്ണുകൾ ഉണ്ടാകുന്നതിലാണ്' (The real voyage of discovery consists not in seeking new landscapes, but in having new eyes.) എന്ന മാർസെൽ പ്രൂസ്റ്റിന്‍റെ വാക്കുകൾ ഇവിടെ ഓർമിക്കാം. ലൂയി പാസ്ചർ ശാസ്ത്രത്തോടു പറഞ്ഞതും ഇതുതന്നെ: 'നിരീക്ഷണത്തിന്‍റെ മേഖലയിൽ യാദൃച്ഛികത തുണയ്ക്കുന്നത് ഒരുങ്ങിയ മനസിനെ മാത്രമാണ്' (In the fields of observation, chance favours only the prepared mind).

കാറ്റ് ഏതു ദിശയിൽനിന്ന് വരുമെന്നു നമുക്കറിയില്ല. പക്ഷേ, ജനാനലകൾ തുറന്നിടേണ്ടത് നമ്മളാണ്.

ഒക്റ്റോബറിലെ കാറ്റ്

'സൂര്യനെ കാണാൻ കഴിയാത്തതിന് നിങ്ങൾ കണ്ണീരൊഴുക്കിയാൽ, നക്ഷത്രങ്ങളെയും നിങ്ങൾ കാണാതെ പോകും' (If you shed tears when you miss the sun, you also miss the stars) എന്ന് രബീന്ദ്രനാഥ് ടഗോർ എഴുതി. ശരിയല്ലേ, ജനുവരിയിൽ നഷ്ടപ്പെട്ട സൂര്യനെയോർത്ത് ഒക്റ്റോബറിലെ നക്ഷത്രങ്ങളെ കാണാതിരിക്കുന്നത് എത്ര വലിയ നഷ്ടമാണ്!

'അതിനി തിരിച്ചുവരില്ല എന്നതാണ് ജീവിതത്തെ ഇത്ര മധുരമാക്കുന്നത്' (That it will never come again is what makes life so sweet) എന്ന് എമിലി ഡിക്കിൻസൺ പറഞ്ഞതു പോലെ, ഈ ഒക്റ്റോബർ ഇനി‍ മടങ്ങി വരില്ല. അതിനാൽ മാസം തീരും മുൻപ് എന്തെങ്കിലുമൊന്നു തുടങ്ങിവച്ചിട്ടുണ്ടെങ്കിൽ, ഒരു പുസ്തകം തുറന്നെങ്കിൽ, പഴയൊരു സുഹൃത്തിന് ഒരു മെസേജ് അയച്ചെങ്കിൽ, മറന്നു കിടന്ന പഴയ വഴികളിലേതിലെങ്കിലും കൂടി ഒന്നു തിരിഞ്ഞു നടന്നിട്ടുണ്ടെങ്കിൽ, പദ്ധതികളിൽ ഇല്ലാത്തൊരു ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിൽ, പ്ലാൻ ചെയ്യാത്തൊരു യാത്ര പോയിട്ടുണ്ടെങ്കിൽ തീർച്ചയാണ്, ഒക്റ്റോബറിന്‍റെ തിയറി പരീക്ഷയിൽ നിങ്ങൾ പാസായിരിക്കുന്നു. ഇടയ്ക്ക് ഒരു വണ്ടി വൈകട്ടെ, മഴ പെയ്യട്ടെ, ഒരു ചോദ്യം വഴിതെറ്റി വന്ന് ഒരു ചിരിയിൽ ലയിക്കട്ടെ.... അതു പ്രാക്റ്റിക്കലാണ്, അതിന്‍റെ കാര്യം സെറൻഡിപ്പിറ്റി നോക്കിക്കൊള്ളും.

Open window overlooking a golden October hillside, with a diary, a cup of tea and a fallen leaf on the sill, symbolising the October Theory

കാറ്റ് വീശുന്നതെവിടെന്ന് എന്നറിയില്ല. പക്ഷേ, ജനാല തുറന്നിടേണ്ടത് നമ്മളാണ്.

ആകസ്മികതകളുടെ സൗന്ദര്യം

എട്ടാമനായി പിറന്ന് പത്താമനായി ജീവിക്കുന്ന ഈ മാസത്തിന്‍റെ കണക്ക് തെറ്റിയതുകൊണ്ടായിരിക്കാം ഒക്റ്റോബറിൽ ഇലകൾക്ക് ഇത്ര നിറം വരുന്നത്. പ്ലാൻ തെറ്റുന്നവർക്കു മുന്നിലാണ് പലപ്പോഴും ഏറ്റവും മനോഹരമായ വഴികൾ തുറന്നു കിട്ടുന്നത്.

അതുകൊണ്ട് ഈ ഒക്റ്റോബർ തീരുമ്പോൾ ഒന്നോർത്തുവയ്ക്കാം: പരിചയമില്ലാത്തൊരു ചിരി ഏതോ പഴയ കാലത്തിന്‍റേതെന്ന പോലെ മുന്നിൽ വിരിഞ്ഞിട്ടുണ്ടെങ്കിൽ, അത് ഷെഡ്യൂളിൽ ഇല്ലാത്ത ഒരു മാസത്തിന്‍റെ സമ്മാനമായിരുന്നു. ജാലകങ്ങൾ തുറന്നു കിടക്കട്ടെ, അടുത്ത കാറ്റ് നിങ്ങളെ വീശിത്തണുപ്പിക്കാനുള്ളതാകാം....