ന്യൂസ് ഷോപ്പിങ്ങിന്‍റെ കാലം

സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വാർത്തയെ തത്സമയ ഉപഭോഗ വസ്തുവാക്കി മാറ്റിയ കാലഘട്ടത്തെ കുറിച്ച് എം.കെ. ഹരികുമാർ എഴുതുന്നു
News Shopping: News as consumable in social media age, truth and fake blur

വാർത്ത ഉപഭോഗവസ്തുവാകുന്ന കാലം.

Aum
Updated on

അക്ഷരജാലകം | എം.കെ. ഹരികുമാർ

1992ലാണ് ഫ്രാൻസിസ് ഫുക്കുയാമ "ദ എൻഡ് ഒഫ് ഹിസ്റ്ററി ആൻഡ് ലാസ്റ്റ് ദ ലാസ്റ്റ് മാൻ' എന്ന പുസ്തകമെഴുതിയത്. ചരിത്രത്തിന് ഒരു പരിണാമമുണ്ടെങ്കിൽ അത് അവസാനിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം വിളിച്ചുപറഞ്ഞത്. സോവിയറ്റ് യൂണിയൻ വിവിധ രാജ്യങ്ങളായി ചിതറിപ്പോയതിനെ മുൻനിർത്തിയാണ് അദ്ദേഹം ചരിത്രത്തിന്‍റെ അന്ത്യം പ്രവചിച്ചത്. മാനവരാശിക്ക് ഇനി പരീക്ഷിക്കാൻ ഭരണമാതൃകകളൊന്നുമില്ല. ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും നല്ലത് പാശ്ചാത്യ ഉദാര ജനാധിപത്യമാണ്. അതിനപ്പുറം ഇനിയൊരു രാഷ്ട്രീയ ഭരണക്രമം അവശേഷിക്കുന്നില്ല. ഈ ഉദാര ജനാധിപത്യത്തോട് ചേർന്ന് രണ്ടായിരാമാണ്ടോടു കൂടിയാണ് ഡിജിറ്റൽ, ഇലക്‌ട്രോണിക്, ഡേറ്റ വിപ്ലവം ഉണ്ടാകുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിന്‍റേത് ഡേറ്റയുടെയും സമൂഹമാധ്യമങ്ങളുടെയും ഉദാര ജനാധിപത്യവൽക്കരണത്തിന്‍റെയും ഒത്തുചേരലുകളുടെ ചരിത്രമാണ്.

ഇവിടെ ഏതു വ്യക്തിക്കും സ്വന്തമായി ഒരു മാധ്യമമുണ്ടെന്നതല്ല പ്രധാനം; അയാൾക്ക് സ്വയമൊരു മാധ്യമമാകാൻ കഴിയും. അക്കൗണ്ട് ഉള്ളവർക്ക് ഫെയ്സ്ബുക്ക് ലൈവ് പോകാം, ഇഷ്ടമുള്ള കാര്യങ്ങൾ പറയാം. ഒരു മന്ത്രിക്കും ഒരു സാധാരണ പൗരനും ഈ അവകാശം ഒരുപോലെയാണ്. ആശയങ്ങൾ പ്രകാശിപ്പിക്കാൻ പരമ്പരാഗതമായ കുത്തകകളില്ല; കുത്തകകൾ അവരുടെ വോട്ടു ബാങ്കും നിയോജക മണ്ഡലവും നോക്കി നടത്തിയാൽ മതി. അതിനപ്പുറത്ത് അവർക്ക് ഒരു അഭിപ്രായ പ്രകടനത്തിനും സാധ്യതയില്ല. പരമ്പരാഗത മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും അവർ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ സ്വന്തം അന്വേഷണത്തിലൂടെ പുറത്തുവിടുകയും ചെയ്യുന്ന യൂട്യൂബർമാർ ഇപ്പോൾ തീരെ കുറവല്ല.

അവർ എന്താണ് അർഥമാക്കുന്നത്? അവർ പരമ്പരാഗത മാധ്യമങ്ങളുടെ ചരമക്കോളത്തിൽ പടം വരാൻ വേണ്ടി കാത്തിരിക്കുന്നവരല്ല. അവർ സമകാലികമായ ഒരു പ്രവാഹത്തിനൊപ്പം സഞ്ചരിക്കുകയാണ്. പരമാവധി സ്വന്തം ശബ്ദം നഷ്ടപ്പെടാതിരിക്കാനാണ് അവർ നോക്കുന്നത്. അവർ ജീവിച്ചിരിക്കുന്നത് ഏതെങ്കിലും പാർട്ടിയുടെയോ സംഘടനയുടെയോ മാധ്യമത്തിന്‍റെയോ പിന്തുണയിലല്ല എന്നാണ് അവർ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അടിയിലുള്ള സന്ദേശം. അവർ വിധേയപ്പെടാൻ ഒരുക്കമല്ല. വിദ്യാഭ്യാസമുള്ള ചില ആളുകളെങ്കിലും ഏതെങ്കിലും പാർട്ടിയുടെ പ്രചാരകർ, കാര്യസ്ഥർ തുടങ്ങിയ നിലകളിൽ പേരെടുത്ത് അതിന്‍റെ അടിമയെപ്പോലെ പെരുമാറുന്നത് ഈ കാലഘട്ടത്തിന് യോജിച്ച ഒരു അടയാളമല്ല; അവർക്ക് വേറെ മാർഗമില്ല. അവർ പലപ്പോഴും അസത്യങ്ങൾ വിളിച്ചു പറയാൻ പ്രതിജ്ഞാബദ്ധരായിരിക്കും. സത്യത്തെപ്പറ്റി ചിന്തിക്കാൻ പോലുമാവില്ല. സത്യത്തെക്കുറിച്ച് ഓർക്കാൻ ഭയമായിരിക്കും. അവർ അതിന്‍റെ അമർഷമെല്ലാം തീർക്കുന്നതു മറുചേരിയിലുള്ളവരോടു അമർഷം പ്രകടിപ്പിച്ചുകൊണ്ടാണ്.

ഈ വിഭാഗീയതയും സ്പർധയും അസൂയയും വെറുപ്പും നീചമായ ജനാധിപത്യ അടവുകളായി തിടം വച്ചിരിക്കുന്നു. ഇതിന്‍റെ വിപുലീകരിച്ച രൂപമാണ് ഇപ്പോൾ വാർത്ത എന്ന വ്യവഹാരത്തിൽ ശക്തിപ്രാപിച്ചിരിക്കുന്നത്. ഇതിനെ പൂർണമായി നിഷേധിക്കാനോ അപലപിക്കാനോ സാധ്യമല്ല; അതിന്‍റെ ആവശ്യവുമില്ല. അത് ഉദാര ജനാധിപത്യത്തിന്‍റെ ഇന്നത്തെ മുഖമാണ്. സമൂഹമാധ്യമങ്ങൾ ജനാധിപത്യത്തെ പുതുതായി നിർവചിക്കുന്നുണ്ട്. അതു വ്യക്തിപരമായ മാധ്യമവിചാരവും വിധേയത്വമില്ലാത്ത അഭിപ്രായപ്രകടനവുമാണ്. ഒരു വ്യക്തിക്ക് അഭിപ്രായം പറയാൻ ഒരു സമൂഹത്തിന്‍റെ ആവശ്യമില്ല. എല്ലാവരും അംഗീകരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. കുറച്ചുപേർ പോലും പിന്താങ്ങണമെന്നില്ല‌. ഒരു കുട്ടി ആകാശത്തേക്ക് പട്ടം പറത്തുന്നുണ്ടെങ്കിൽ അത് ഏതെങ്കിലും പ്രത്യേക സമൂഹം അംഗീകരിക്കണമെന്ന് പറയുന്നത് അർഥശൂന്യമാണ്. പട്ടം ആകാശത്തിന്‍റേതാണ്. പട്ടത്തിനു പറക്കേണ്ടതുണ്ട്. അത് പറത്തുന്നതിലാണു കുട്ടിയുടെ ആനന്ദം. അവൻ എന്തിന് പട്ടത്തിന് അതിര് നിശ്ചയിക്കണം? പട്ടം പറത്താൻ ആകാശത്തിലെ പ്രത്യേക സമയം ആവശ്യമില്ല. ഇവിടെയാണ് വാർത്തയെ ഒരു വ്യക്തി അല്ലെങ്കിൽ വായനക്കാരൻ എങ്ങനെ സമീപിക്കണമെന്ന് ആലോചിക്കേണ്ടത്. വാർത്ത ശരിയായിരിക്കണമെന്ന് നിർബന്ധമില്ല. വാർത്ത ഒരു ഉപഭോഗ വസ്തുവാണ്. അങ്ങനെ അത് ഒരു സാംസ്കാരിക വിഭവമായിത്തീരുന്നു. അത് ലൈവാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് വാർത്തയ്ക്ക് സാംസ്കാരികമായ ഉള്ളടക്ക മുണ്ടായിരുന്നെങ്കിലും അതൊരു ലൈവ് ഉപഭോഗവസ്തുവായിരുന്നില്ല. അതിനു റേഡിയോയിൽ മൂന്നു നേരമാണ് നിശ്ചയിച്ചിരുന്നത്. പത്രങ്ങൾക്ക് രാവിലെ മാത്രമാണ് ഒരു എൻട്രി ഉണ്ടായിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ഇതു മനുഷ്യരുടെ കാലബോധവുമായി ബന്ധപ്പെട്ടതാണ്. ഒരു ദിവസം രാവിലെ പത്രം വായിക്കുന്നു; പിന്നീട് പിറ്റേ ദിവസമാണ് വായിക്കുന്നത്. ഇതിനിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ തത്സമയം അറിയാനുള്ള മാർഗങ്ങളില്ലായിരുന്നു. അതിന്‍റെ ആവശ്യമില്ലായിരുന്നു. വാർത്തയോടു പ്രതികരിക്കുന്നത് നമ്മുടെ കടമയോ ദൈനംദിന ജോലിയോ അല്ലായിരുന്നു. വാർത്ത ഒരു വശത്തുകൂടി വന്നുപോവുകയും നാം വേറെ ജീവിക്കുകയുമായിരുന്നു. വാർത്തയുടെ കാലബോധം അതായിരുന്നു. ഒരു ദിവസം 24 മണിക്കൂറായതുകൊണ്ട് അവിടെ ഒരുനേരം മാത്രമാണു വാർത്തയ്ക്ക് ഇടമുണ്ടായിരുന്നത്. 24 മണിക്കൂർ കൂടുമ്പോൾ ഒരു ദിവസം ഉണ്ടാകുന്നു എന്ന സങ്കൽപ്പം തന്നെ ഇപ്പോൾ കാലഹരണപ്പെട്ടിരിക്കുന്നു.

ഇപ്പോൾ ദിവസത്തിന്‍റെ തീയതിയാണ് ഒരു മാറ്റമായി സൂചിപ്പിക്കുന്നത്. ദിവസത്തെ 24 മണിക്കൂറായി വിഭജിച്ചല്ല ലോകത്തെ നാം അനുഭവിക്കുന്നത്. ഓരോ നിമിഷവും നാം ലോകാനുഭവത്തിന്‍റെ ചൂട് ഏറ്റുവാങ്ങുന്നു. നാം ജീവിക്കുന്നത് 24 മണിക്കൂറിലല്ല നിമിഷത്തിലാണ്. ജീവിതത്തിൽ തീരുമാനമെടുക്കാൻ 24 മണിക്കൂറിന്‍റെ ഇടവേള വേണ്ട; അല്ലെങ്കിൽ അങ്ങനെയൊരു സാഹചര്യത്തിൽ നാം അകപ്പെട്ടിരിക്കുന്നു. വാർത്ത ഒരു ഉപഭോഗവസ്തുവാണെന്ന് പറഞ്ഞല്ലോ. അതുകൊണ്ടു അത് വിൽപ്പനയ്ക്കുള്ള വസ്തുവുമാണ്. ഉന്നതമായ വിലയ്ക്ക് വാർത്ത വിൽക്കാനാവുന്നില്ല. വാർത്ത ഇപ്പോഴും സൗജന്യമാണ്. പത്രത്തിന്‍റെ വില തുച്ഛമാണ്. ഏറെക്കുറെ അതും സൗജന്യമാണെന്ന് പറയാം.

വെബ്സൈറ്റുകൾ സൗജന്യമായി വായിക്കാം. എന്നാൽ ഏറ്റവും സത്യസന്ധമായ വാർത്തകൾ വിൽക്കുന്ന വെബ്സൈറ്റ് ഉണ്ടെങ്കിൽ അതിന് ഒരു നിശ്ചിത ഫീസ് ഈടാക്കാൻ കഴിയേണ്ടതാണ്. അത് അപ്രായോഗികമായിത്തീർന്നിരിക്കുന്നു.

എല്ലാ വിനിമയങ്ങളും അതിവേഗം സൗജന്യമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് വിലകൂടിയ വാർത്ത എന്ന ആശയം വിലപ്പോകില്ല. ഏറ്റവും വലിയ സത്യസന്ധത എന്ന ആശയം വാർത്തയുടെ കാര്യത്തിലില്ല; അതു വിൽക്കാൻവയ്ക്കാമായിരുന്നു. അതുകൊണ്ട് വാർത്തയുടെ വ്യാജത്വവും പ്രബലമാവുകയാണ്. ശരിയായ, സത്യസന്ധമായ വാർത്തയുടെ ഒരു ചന്ത നിലവിലില്ലാത്തതുകൊണ്ടു തെറ്റായ വാർത്തയും പ്രചരിപ്പിക്കാം. അതിനും പരസ്യങ്ങൾ കിട്ടുന്നുണ്ട്.

വാർത്തയുടെ സത്യസന്ധതയോ തനിമയോ അല്ല, പ്രചാരമാണ് വിജയത്തിന്‍റെ ചിഹ്നമാകുന്നത്. എത്രപേർ കണ്ടു എന്നാണ് നോക്കുന്നത്. കൂടുതൽ പേർ കണ്ടാൽ അത് വിജയമായി. കൂടുതൽ പേർ കണ്ടാൽ ഒരു കാര്യം ശരിയാണെന്ന് വിലയിരുത്തുന്നു. ഒരു ദശലക്ഷം പേർ കണ്ടാൽ അതിന് കൂടുതൽ മൂല്യമുണ്ടത്രേ. അങ്ങനെ നോക്കുമ്പോൾ ഒരു ദശലക്ഷം പേർ കാണുന്ന വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കും. അതു ചിലപ്പോൾ കളവാകാം. കളവായാലെന്താ? പരസ്യവും പ്രേക്ഷക പിന്തുണയുണ്ടെങ്കിൽ ഏതു വാർത്തയും സത്യമായിത്തീരും. അതു കേൾക്കുന്ന, വായിക്കുന്ന സമയത്തു മാത്രം സത്യമാണെന്ന് വിശ്വസിച്ചാലും മതി. കാരണം അതിനെക്കുറിച്ച് മറ്റൊരു വാർത്ത വരുന്നുണ്ടാകും. വേറെയും അവതരണങ്ങളുണ്ടാകും. അപ്പോൾ നമുക്ക് ഒന്നിലും വിശ്വസിക്കേണ്ടതില്ല; വെറുതെ ഉപഭോക്താവായിരുന്നാലും മതി. ഉപയോക്താവിന് നേരിട്ട് ഒന്നും ചെയ്യാനാവില്ല; അതിനു പ്രത്യേക കോടതിയിൽ പോകണം. അതിന്‍റെ വിധി വരാൻ സമയമെടുക്കും. അതിന് മനസും സമയമുള്ളവർ കുറവാണ്. എന്തിന് ഒരു വ്യാജവാർത്തക്കെതിരെ പണിയും സമയവും കളഞ്ഞു ഓടണം? വാർത്ത വ്യാജമായാലെന്താണ്, ശരിയായില്ലെങ്കിലെന്താണ് ?

ഇന്നു ബഹുഭൂരിപക്ഷം ആളുകളും വാർത്തയെ സമീപിക്കുന്ന രീതിക്ക് മാറ്റംവന്നിരിക്കുന്നു. അവർ വെറുതെ കാണുകയാണ് ചെയ്യുന്നത്. അവർ ഒരു മാനസികാവസ്ഥയിലേക്ക് ആകർഷിക്കപ്പെടുന്നു. വാർത്ത ഒരു വിനോദോപാധിയായി രൂപാന്തരപ്പെടുന്നു. അധിക്ഷേപിക്കുന്നതും ആക്രോശിക്കുന്നതുമാണ് കൂടുതൽ പിന്തുണ നേടുന്നത്. വാർത്തയെ വ്യാഖ്യാനിച്ച് മറ്റൊരു മനോനിലയിലേക്ക് പ്രേക്ഷകനെ എത്തിക്കുകയാണ് ഒരു സ്കിറ്റ് അല്ലെങ്കിൽ ഷോർട്ട് ഫിലിം കാണുന്നതിന് തുല്യമായ അനുഭൂതിയിലേക്ക് പ്രേക്ഷകനെ എത്തിക്കാനാണ് ശ്രമം. അതിനനുസരിച്ചാണ് വാർത്ത ഒരുക്കുന്നത്. വാർത്തയെ മോടി പിടിപ്പിക്കുകയോ അണിയിച്ചൊരുക്കുകയോ ചെയ്യുകയാണ്. അതിന് പ്രത്യേക സ്ക്രീൻ ടോൺ വേണം. അത് അവതരിപ്പിക്കുന്നതിനുള്ള കളർ പദ്ധതി വളരെ ശ്രമകരമാണ്. വാർത്ത ഒരു ഡിസൈനിങ്ങിന്‍റെ ഭാഗമാണ്. ഒരു രാഷ്ട്രീയസംഭവം എന്നു പറയുന്നത് എണ്ണമറ്റ യൂട്യൂബർമാർക്കും സൈബർ നെറ്റ്‌വർക്കുകൾക്കും പലതരത്തിലെ വ്യാഖ്യാനങ്ങളും പാറ്റേണുകളും ഡിസൈനിങ്ങുകളും ദൃശ്യസാധ്യതകളുമാണ്.

വ്യക്തിപരമായ ആക്രമണം പോലും ഒരു വിപണിതന്ത്രമാണ്. അതിലൂടെ കാഴ്ചക്കാരെ ആകർഷിക്കാനാവും. ചാനലുകളിൽ തന്നെ വാർത്തയുടെ വിശകലനം എന്ന പേരിൽ നടക്കുന്ന ചർച്ചകളിൽ അവതാരകർ ഓരോ പാർട്ടിയുടെ പക്ഷം ചേർന്ന് സംസാരിച്ച് വഴക്കു കൂടുന്നു. ചാനൽ ഉടമയോട് ഏറ്റുമുട്ടേണ്ട ഗതികേടിലാണ് അവിടെ പണിയെടുക്കുന്ന മാധ്യമനും മാധ്യമിയും. അവർക്ക് നേരിന്‍റെനേരെ നോക്കാനാവില്ല; മിണ്ടാനാവില്ല. അവർ ശരിയെ മറക്കാനും തെറ്റിനെ മഹത്വവത്കരിക്കാനും വിധിക്കപ്പെട്ടിരിക്കുന്നു. ചാനൽ ഉടമയോ മേധാവിയോ പറയുന്ന അസംബന്ധങ്ങൾ അതേപടി കേട്ടിരിക്കാൻ മാത്രമാണ് അവരുടെ നിയോഗം. മാധ്യമപ്രവർത്തനം അഭിപ്രായങ്ങൾക്കല്ല വിലകൊടുക്കുന്നത്; അഭിപ്രായങ്ങളുടെ വിപണി സമ്പദ് വ്യവസ്ഥയിലെ മൂല്യത്തിനാണ്. ഏത് അഭിപ്രായം സ്വീകരിച്ചാൽ ജോലി ചെയ്യാമെന്നതാണ് ശ്രദ്ധേയമാകുന്നത്.

പ്രേക്ഷകനാവട്ടെ ഈ വിവിധ വീക്ഷണങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ ന്യൂസ് ഷോപ്പിങ് എന്ന ആശയത്തിലെത്തിച്ചേരുകയാണ്. ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാൻ കഴിയുന്ന വാർത്തകളുടെ ഒരു മാർക്കറ്റിലേക്കാണ് അവൻ എത്തിച്ചേർന്നിരിക്കുന്നത്. അവൻ മത്സ്യവും മാംസവും പച്ചക്കറിയും കുടയും നിത്യോപയോഗസാധനങ്ങളും വാങ്ങുന്നതുപോലെ വാർത്തയും വാങ്ങുന്നു. വാർത്തയ്ക്ക് പ്രത്യേക തുക ചെലവാക്കുന്നില്ലെന്ന വ്യാഖ്യാനം മാത്രം. വാർത്ത ആവശ്യം കഴിഞ്ഞ് വലിച്ചെറിയാനുള്ളതാണ്. എന്നാൽ വാർത്ത അവന്‍റെ തെരഞ്ഞെടുപ്പ് തന്നെയാണ്. ഇരുപതോളം ചാനലുകൾക്കിടയിൽ അവൻ ചാഞ്ചാടിക്കളിക്കുന്നത് അവന്‍റെ ഇഷ്ടത്തിന്‍റെ പ്രത്യേകത കൊണ്ടാണ്.

പക്ഷം പിടിക്കുന്നവരുടെ വാക്കു കേൾക്കാൻ ആ പക്ഷത്തുള്ളവർക്കായിരിക്കും താത്പര്യമുണ്ടാവുക. അസംബന്ധ ജൽപ്പനങ്ങളുമായി നേരം കൊല്ലാൻ വരുന്നവരെ പൂട്ടിയിടാൻ അവന്‍റെ കൈയിലെ റിമോട്ട് ധാരാളമാണ്. മൊബൈലിലെ വിരൽ തുമ്പ് കൊണ്ട് ഏത് കൊടികെട്ടിയ മാധ്യമപ്രവർത്തകനെയും ചാനലിനെയും തുറുങ്കിലടയ്ക്കാൻ ഒരു സെക്കൻഡ് മതി. പ്രേക്ഷകൻ ഒരു വലിയ ഉപഭോക്താവാണ്. അവൻ വാർത്തയുടെ ലോകത്ത് പ്രത്യേക ബ്രാൻഡിങ്ങിൽ മാത്രം ഒതുങ്ങി ജീവിക്കുന്നവനല്ല; അവന്‍റെ മനസിന്‍റെ ഉല്ലാസത്തിനുവേണ്ടി അവൻ കളികളിലേർപ്പെടുന്നു. ഷോപ്പിങ് എന്ന കളിയാണത്. ഒരു ചാനലിനുവേണ്ടി ഏതാനും മിനിറ്റുകൾ ചെലവാക്കുന്നു. അത് ഉപേക്ഷിച്ച് മറ്റൊന്നു വീക്ഷിക്കുന്നു. ഉപഭോക്താവിനു സ്ഥിരമായ ഒരു തീരുമാനമില്ല. വിപണിയിലെ ചലനങ്ങളും പരസ്യങ്ങളും അവനെ സ്വാധീനിക്കുന്നു. കരൾ ഓപ്പറേഷൻ നടത്തുന്ന ഹോസ്പിറ്റൽ ഞങ്ങൾ നന്നായി സർജറി ചെയ്യുമെന്ന് പരസ്യപ്പെടുത്തുന്നത് ഓപ്പറേഷൻ അവിടെ നടക്കുന്നുണ്ടെന്ന് അറിയിക്കാൻ മാത്രമല്ല; വൃത്തിയായി ചെയ്യുന്നത് ഞങ്ങൾ മാത്രമാണെന്ന അവകാശവാദമാണത്. അതുപോലെ ഒരു യൂട്യൂബ് ചാനലും ഇതുവരെ പരസ്യം ചെയ്തിട്ടില്ല. എന്താണ് കാരണം ?അവർ ശരിയായ, സത്യമായ വാർത്തയിൽ വിശ്വാസിക്കുന്നില്ലെന്ന് പ്രേക്ഷകൻ നല്ലപോലെ മനസിലാക്കിയിരിക്കുന്നു എന്ന അറിവാണത്.

രജതരേഖകൾ

1. എൻ.ആർ.എസ്. ബാബു

കലാകൗമുദിയുടെ എഡിറ്ററായിരുന്ന എൻ.ആർ.എസ്. ബാബുവിന്‍റെ വിടവാങ്ങലിൽ അനുശോചനം അറിയിക്കുകയാണ്. എനിക്ക് അദ്ദേഹവുമായി വ്യക്തിപരമായ ഒരുപാട് ഓർമകളുണ്ട്. എന്‍റെ"ആത്മായനങ്ങളുടെ ഖസാക്ക് '(1984) എന്ന പുസ്തകം പ്രസിദ്ധീകരിച്ച ശേഷം കലാകൗമുദിയിൽ കൊണ്ടുപോയി എൻ.ആർ.എസ്. ബാബുവിനെ ഏൽപ്പിക്കുകയായിരുന്നു. അവിടെ ചെന്നപ്പോൾ അദ്ദേഹമാണ് ഉണ്ടായിരുന്നത്. ഞങ്ങൾ സുദീർഘമായി സംസാരിച്ചു. ദസ്തയെവ്സ്കി, കസൻദ്സാക്കിസ്, സ്റ്റാലിൻ, ഒ.വി. വിജയൻ തുടങ്ങിയവർ ചർച്ചയിൽ വന്നു. പിന്നീട് ലാറ്റിനമേരിക്കൻ കവി ഒക്റ്റാവിയോ പാസ് അന്തരിച്ച വാർത്ത വന്നപ്പോൾ ഞാൻ കേരളകൗമുദിയിലുണ്ടായിരുന്നു. അദ്ദേഹം എന്നെ ഓഫിസിലേക്ക് വിളിപ്പിച്ച് പറഞ്ഞു: "ഒക്റ്റാവിയോ പാസിനെക്കുറിച്ച് ഹരി എഴുതിയാൽ മതി.' ഞാൻ രണ്ടു ദിവസത്തിനകം ലേഖനമെഴുതി. അത് ഗംഭീരമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കാര്യവിവരമുള്ള എൻ.ആർ.എസ്. സാഹിത്യത്തെ കരുതലോടെയാണ് കൈകാര്യം ചെയ്തത്.

2. അധികാരം

ഭരണം മാറിയതോടെ എഴുത്തുകാരും മാറി. എഴുത്തുകാർക്ക് പാർട്ടിയോ മുന്നണിയോ മാറാൻ ഒരു മണിക്കൂർ തികച്ച് വേണ്ട. റഷ്യയിൽ സ്റ്റാലിന് അധികാരം കിട്ടിയപ്പോൾ വിമതപക്ഷത്തുണ്ടായിരുന്ന എഴുത്തുകാർ 24 മണിക്കൂറിനകം ബോൾഷെവിക്കുകളായി മാറുകയാണുണ്ടായത്.

3. അസ്തിത്വദുഃഖം

ഒരു വശത്ത് അന്യനെന്നും അസ്തിത്വ ദുഃഖമെന്നും മരണവാസനയെന്നുമൊക്കെ സൂചിപ്പിച്ച് കഥയെഴുതുന്നു; മറുവശത്ത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വേണ്ടി ഒരേ സമയം നൃത്തം ചെയ്ത് പലതും നേടിയെടുക്കുന്നു !

4. തകഴി

തകഴി അവസാനകാലത്ത് "എരിഞ്ഞടങ്ങൽ'(1990) എന്ന നോവൽ എഴുതിയത് വെറുതെയല്ല. അത് എരിഞ്ഞടങ്ങലിന്‍റെ മുന്നറിയപ്പായിരുന്നു. സകല തത്വശാസ്ത്രങ്ങളും മൂല്യങ്ങളും എരിഞ്ഞടങ്ങുന്നു എന്നൊരു ധ്വനി അതിലുണ്ട്. ഇപ്പോൾ ചിന്തകൾക്ക് ജരാനര ബാധിച്ചിരിക്കുന്നു. മൂല്യങ്ങൾ രക്തയോട്ടം നിലച്ച അവസ്ഥയിലാണ്. സാഹിതീയ സ്ഥാപനങ്ങൾ സ്വന്തം ചരമശുശ്രൂഷ ചെയ്യുകയാണ്. ആവർത്തിച്ചു കേട്ട പാഠങ്ങളും ചിന്തകളും വീണ്ടും ആവർത്തിക്കുകയും യാതൊരു പ്രയോജനവുമില്ലാത്ത ചർച്ചകൾ നടത്തുകയുമാണ്. നമ്മുടെ ഏതെങ്കിലും ഒരു നഗരത്തിൽ നവ അവബോധം പ്രസരിപ്പിക്കുന്ന, നവ ഉന്മേഷമുള്ള, നവീനമായ വീക്ഷണമുള്ള ഒരു ശിൽപ്പം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല. അത്രമാത്രം നമ്മൾ കലയിൽ നിന്ന് അകന്നുപോയി.

5. ലിറ്ററേച്ചർ മലയാളം

ഷാജിൽ അന്ത്രു എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന "ലിറ്ററേച്ചർ മലയാളം' മാസിക പ്രിന്‍റിലും ഓൺലൈനിലും ലഭ്യമാണ്. അമെരിക്കൻ എഴുത്തുകാരി കേറ്റ് ചോപ്പിനെക്കുറിച്ച് അന്ത്രു എഴുതിയ ലേഖനം (ജൂൺ) സാഹിത്യരചനയുടെ അന്തർ ഘടനകളെ അപഗ്രഥിക്കാനുള്ള ശ്രമമാണ്. ശിവപ്രസാദ് ഇരവിമംഗലം എഴുതിയ 'ഇഷ്ടം' എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

"ഇന്ന് കുളിച്ചു കുളിച്ചു

കറുത്തുപോയ എന്നെ

കളിപ്പിച്ചു കളിപ്പിച്ചു

കഴുതയാക്കുന്നതിലാണ്

നിനക്കിഷ്ടം'

6. പന്ന്യൻ രവീന്ദ്രൻ

വിജോയ് സ്കറിയ എഡിറ്റ് ചെയ്യുന്ന "തന്മ'(ജൂൺ)മാസികയിൽ പന്ന്യൻ രവീന്ദ്രൻ എഴുതിയ "തോൽവിയുടെ പാഠങ്ങൾ ഉൾക്കൊള്ളും' എന്ന ലേഖനം കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അവലോകനമാണ്. സാമൂഹ്യ മുന്നേറ്റത്തിന് ഇടതുപക്ഷം പങ്കുവഹിച്ചു, ഭൂപരിഷ്കരണം നടപ്പാക്കി തുടങ്ങിയ വാദങ്ങൾ അദ്ദേഹം ആവർത്തിക്കുകയാണ്! ഇതു പലതവണ കേട്ടതാണ്. ഇനി ഇടതുപക്ഷത്തിന് മനുഷ്യത്വത്തിന്‍റെ മുഖമാണ് വേണ്ടത്. ഒരു കാര്യം തുറന്നു പറയട്ടെ. ഇടതു പക്ഷത്തിന്‍റെ സാംസ്കാരിക മുഖം ബീഭത്സമാണ്. നേതൃത്വത്തിനോട് ഒട്ടി നിൽക്കുന്നവരെ മാത്രമാണ് അവർ കാണുന്നത്. യഥാർഥ പ്രതിഭകളെ അവർക്ക് ആവശ്യമില്ല. സ്വതന്ത്ര കലാകാരന്മാരെയും എഴുത്തുകാരെയും ഓടിച്ചുവിടുകയാണ്. ഇത് ആളുകളിൽ വിദ്വേഷമുണ്ടാക്കും. എല്ലാവരെയും ഉൾക്കൊള്ളാനുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കുകയാണ് വേണ്ടത്. സ്റ്റാലിൻ, ട്രോസ്കി എന്നിവർ അത് ചെയ്തിട്ടുണ്ട്. ട്രോസ്കി പോളിറ്റ് ബ്യൂറോയിൽ പ്രമേയം കൊണ്ടുവന്നതോടെയാണ് സ്വതന്ത്ര എഴുത്തുകാരെക്കൂടി ഉൾക്കൊള്ളുന്ന പ്ലാറ്റ്ഫോം വേണമെന്ന ചിന്തയ്ക്ക് അംഗീകാരം ലഭിച്ചത്. ഇവിടെ അങ്ങനെ ചിന്തിക്കുന്ന ആരുമില്ല.

7. സഞ്ജയ് നാഥ്

സ്വർഗത്തിൽ കളിസ്ഥലങ്ങളും അച്ഛനും അമ്മയും ഉണ്ടാകുമോ എന്ന് ചോദിക്കുന്ന ഒരു ധാന്യമണിയെക്കുറിച്ച് സഞ്ജയ്നാഥ് എഴുതിയ കവിത "അറിയില്ല'(സ്ത്രീശബ്ദം, മേയ്) ജീവിതത്തെ ജിജ്ഞാസയോടെ കാണുന്ന ഒരു മനുഷ്യന്‍റെ വിഹ്വലതകൾ അവതരിപ്പിക്കുന്നു.

8. ജയനൻ

ജയനൻ എഴുതിയ "ഒറ്റപ്പെട്ടവരുടെ ഗൃഹസ്ഥാശ്രമം'(ഫേബിയൻ) ഇനിയും വയസാകാത്ത മലയാളകവിതയുടെ തളിരും പച്ചപ്പും കാണിച്ചു തന്നു. ഈ സമാഹാരത്തിലെ കവിതകളിൽ പരിചിതമായ വാക്കുകൾക്ക് അപരിചിതമായ അർഥം നൽകാനാണ് കവി ശ്രമിക്കുന്നത്. "ചന്ദ്രൻ ലോപിക്കട്ടെ

ലോപിച്ചു ലോപിച്ച് നിന്‍റെ പുരികത്തിന്‍റെ വക്രതയോളം

അതിന്‍റെവൃദ്ധി

ക്ഷയിച്ചു ക്ഷയിച്ച്

ദീനിലും ദുന്യാവിലും...'

9. ചാർളി ചാപ്ലിൻ

"ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയതോടെ മനസിലായത് ഇതാണ്: 'തീവ്രമായ വിഷാദവും വൈകാരികമായ യാതനയും ഞാൻ എന്‍റെ സത്യത്തിന് എതിരായി സഞ്ചരിച്ചതിന്‍റെ അടയാളങ്ങളായിരുന്നു. ഞാൻ എന്നെ സ്നേഹിച്ചതോടെ, എന്‍റെ ആരോഗ്യത്തിനു ദോഷകരമായതിൽ നിന്നെല്ലാം - ഭക്ഷണം, കൂട്ടുകാർ, ജീവിതസാഹചര്യങ്ങൾ -സ്വതന്ത്രനായി; എന്നിൽ നിന്ന് എന്നെ വലിച്ചകറ്റുന്ന എല്ലാറ്റിൽ നിന്നും' - വിഖ്യാത സംവിധായകൻ ചാർളി ചാപ്ലിൻ എഴുതി.

logo
Metro Vaartha
www.metrovaartha.com