

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഷാർജ: 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് എക്സ്പോ സെന്റർ ഷാർജയിൽ തുടക്കമായി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഷെയ്ഖ് ഡോ. സുൽത്താൻ മേളയിലെ സ്റ്റാളുകൾ സന്ദർശിച്ചു. നാല് പതിറ്റാണ്ടിലേറെയായി അറബിക് സാഹിത്യ വിമർശനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മൊറോക്കൻ പണ്ഡിതൻ ഡോ. സഈദ് യഖ്തീനെ ഇത്തവണത്തെ സാംസ്കാരിക വ്യക്തിത്വമായി ആദരിച്ചു.
'കഥകളാൽ മെനഞ്ഞത്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേള ഈ മാസം 15 വരെ നീണ്ടുനിൽക്കും. 126 രാജ്യങ്ങളിൽ നിന്നായി 3, 212 പ്രസാധകരും പങ്കാളികളും അണിനിരക്കുന്ന മേളയിൽ വിവിധ ഭാഷകളിലായി 17 ലക്ഷത്തോളം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്.
12 ദിവസം നീളുന്ന അക്ഷരോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 106 സാംസ്കാരിക പ്രതിഭകൾ പങ്കെടുക്കും. പ്രഭാഷണങ്ങൾ, കഥാചർച്ചകൾ, കവിസമ്മേളനങ്ങൾ, ശിൽപശാലകൾ ഉൾപ്പെടെ 1, 500-ലേറെ വൈവിധ്യമാർന്ന പരിപാടികളാണ് ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ഒരുക്കിയിട്ടുള്ളത്.
ഇത്തവണത്തെ പുസ്തകമേളയിൽ ഒമാൻ ആണ് വിശിഷ്ട അതിഥി രാജ്യമായി എത്തുന്നത്. ഒമാന്റെ സമ്പന്നമായ സാഹിത്യ, സാംസ്കാരിക പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന പ്രത്യേക പ്രദർശനങ്ങളും പരിപാടികളും മേളയിലുണ്ടാകും. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 പ്രതിഭകളാണ് ഒമാനിൽ നിന്ന് എത്തുന്നത്. 16 സാംസ്കാരിക ചർച്ചകൾ, കുട്ടികൾക്കായുള്ള വർക്ക്ഷോപ്പുകൾ, 20 കലാ-സാംസ്കാരിക പ്രകടനങ്ങൾ എന്നിവ ഒമാൻ പവലിയനിൽ അരങ്ങേറും.
മലയാള സാഹിത്യത്തിനും സംസ്കാരത്തിനും വലിയ പ്രാധാന്യമാണ് ഇത്തവണത്തെ മേളയിൽ നൽകിയിട്ടുള്ളത്. പ്രശസ്തരായ പ്രമുഖ ഇന്ത്യൻ എഴുത്തുകാരും മലയാള സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും മേളയിൽ സന്നിഹിതരാകുന്നുണ്ട്.
അഞ്ചു പതിറ്റാണ്ടിലേറെ സാഹിത്യ രംഗത്ത് സജീവമായ കഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അശോകൻ ചരുവവിൽ, പരിസ്ഥിതി പ്രശ്നങ്ങളും സമൂഹവും തമ്മിലുള്ള ബന്ധങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുന്ന നോവലിസ്റ്റും കഥാകൃത്തുമായ അംബികാസുതൻ മാങ്ങാട് എന്നിവർ മേളയിലെ പ്രധാന ആകർഷണമാണ്.
പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപിയും, മലയാള സിനിമയ്ക്കും സാഹിത്യത്തിനും ഒരുപോലെ സംഭാവനകൾ നൽകിയ പ്രമുഖ ഗാനരചയിതാവും കവിയുമായ ബി.കെ. ഹരിനാരായണനും മേളയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ ദുർജയ് ദത്ത, എച്ച്.സി.എൽ ടെക്നോളജീസിന്റെ മുൻ സി.ഇ.ഒയും 'ഹ്യൂമൻസ് ഫസ്റ്റ്, മെഷീൻസ് സെക്കൻഡ്' ഉൾപ്പെടെയുള്ള പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവുമായ വിനീത് നായർ, നടിയും യാത്രാ വിവരണ എഴുത്തുകാരിയുമായ ഷെനാസ് ട്രഷറിവാല, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും എഴുത്തുകാരിയുമായ റിയ ചോപ്ര തുടങ്ങിയവരും വിവിധ ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കുന്നുണ്ട്.