Pablo Neruda
Pablo Neruda

നീ ചെന്നിറുക്കാത്ത പൂവേതു ഭൂമിയില്‍, നീയേറ്റു വാങ്ങാത്ത നോവേതു മണ്ണിതില്‍...!

കവിയും കാമുകനും കമ്യൂണിസ്റ്റുമായിരുന്ന പാബ്ലോ നെരൂദയുടെ അമ്പതാം ചരമ വാർഷികം

വി.കെ. സഞ്ജു

മലയാളിക്ക് ലാറ്റിനമെരിക്കയോടുള്ള പ്രണയം പെലെയുടെ ബ്രസീലിലും മറഡോണയുടെ അര്‍ജന്‍റീനയിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അത് മാര്‍ക്കേസിന്‍റെ കൊളംബിയയിലേക്കും നെരൂദയുടെ ചിലിയിലേക്കും കൂടി പടരുന്നതായിരുന്നു. റിക്കാര്‍ഡോ എലീസര്‍ നെഫ്റ്റാലി റെയെസ് ബസോള്‍ട്ടോ എന്ന പാബ്ലോ നെരൂദ; ചെക്ക് കവി യാന്‍ നെരൂദയുടെ പേര് കടം കൊണ്ടവന്‍; ആശയുടെയും അഭിലാഷത്തിന്‍റെയും പ്രതിഫലനങ്ങള്‍ പച്ച നിറത്തില്‍ ദര്‍ശനം നടത്തിയവന്‍; ആ നിറമുള്ള മഷിയായി ഹൃദയ രക്തം പേനയില്‍ നിറച്ചവന്‍; പച്ചയായ പ്രണയം കവിതകളായി പകര്‍ത്തിവച്ചവന്‍....

കവിയും കാമുകനും കമ്യൂണിസ്റ്റും ഒരുപോലെയാണെന്നാണ് പറയുക. ഇതു മൂന്നും ഒരുമിച്ചു വന്നാല്‍ നെരൂദയാകും.

1973 സെപ്റ്റംബർ 23, പ്രണയത്തിന്‍റെയും മരണത്തിന്‍റെയും നിഗൂഢതകൾ ബാക്കിവച്ച് നെരൂദ ഈ ലോകത്തോടു വിട പറഞ്ഞ ദിവസമായിരുന്നു അത്; ലാറ്റിനമേരിക്കൻ പ്രണയ സിംഫണി അനശ്വരമായ ദിവസം. ഇന്ന് അതിന്‍റെ അമ്പതാം വാർഷികം.

പൊയ്‌പ്പോയ വര്‍ഷങ്ങളുടെ പ്രണയ സാഫല്യങ്ങള്‍ക്ക്, പ്രണയ ചാപല്യങ്ങള്‍ക്ക്, നഷ്ടനൊമ്പരങ്ങള്‍ക്ക്, നിരാശയുടെ കണ്ണീര്‍ച്ചാലുകള്‍ക്ക് നെരൂദയുടെ വരികള്‍ കൂട്ടുണ്ടായിരുന്നു.

സങ്കീര്‍ണതയിലേക്കു വഴുതാത്ത വാക്കുകളില്‍ അദ്ദേഹം എഴുതി:

''ഞാന്‍ നിന്നെ ഇങ്ങനെയാണ് സ്‌നേഹിക്കുന്നത്, കാരണം സ്‌നേഹത്തിന്‍റെ മറ്റൊരു മാര്‍ഗങ്ങളും എനിക്കു പരിചിതമല്ല...'';

''വസന്തം ചെറി മരത്തോടു ചെയ്യുന്നത് എനിക്കു നിന്നോടു ചെയ്യണം...'';

''അത്രമേല്‍ ഹ്രസ്വം പ്രണയം, വിസ്മൃതിയെത്ര ദീര്‍ഘവും...'';

''കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍...''

പ്രേമവും കാമവും വിരഹവും വിഷാദവും തുളുമ്പി നില്‍ക്കുന്ന വരികളിലൂടെ നെരൂദ ഇന്നും ജീവിക്കുകയാണ്. ആ കമ്യൂണിസ്റ്റിനെ മറന്നാലും കവിക്കു മരണമില്ല, കാമുകനും....

എന്നാല്‍, കാല്‍പ്പനികനു കമ്യൂണിസ്റ്റാകാന്‍ കഴിയില്ലെന്ന ധാരണകളെ പൊളിച്ചെഴുതാന്‍ കൂടിയായിരുന്നു നെരൂദയുടെ നിയോഗം.

''പ്രണയിക്കാത്ത മനുഷ്യന്‍ പൂക്കാത്ത മരമാണ്'' എന്നു പറഞ്ഞ നെരൂദയ്ക്ക് വിപ്ലവമെന്നാല്‍ മനുഷ്യവംശത്തോടുള്ള അഗാധമായ പ്രണയം തന്നെയായിരുന്നു.

പുസ്തകങ്ങളെയും എഴുത്തുകാരെയുമല്ല, പുഴകളെയും വനങ്ങളെയും തേടിപ്പോയതായിരുന്നു ആ ദരിദ്ര ബാല്യം. ഓര്‍മകള്‍ പോലും ബാക്കി വയ്ക്കാതെ മരണത്തിലേക്കു മടങ്ങിയ അമ്മയായിരുന്നു വിശപ്പിനെക്കാള്‍ വലിയ ദുഃഖം. പത്താം വയസില്‍ തുടങ്ങിയ എഴുത്തിന് അച്ഛനില്‍നിന്നുള്ള മറയായിരുന്നു നെരൂദ എന്ന കള്ളപ്പേര് പോലും. ഇരുപതാം വയസില്‍ പുറത്തിറങ്ങിയ ആദ്യത്തെ പുസ്തകത്തോടെ അതു തന്നെയായി ശരിയായ പേര്.

Pablo Neruda with legendary Colombian writer Gabriel Garcia Marquez
Pablo Neruda with legendary Colombian writer Gabriel Garcia Marquez

ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെനറ്ററായി, ഏഷ്യയില്‍ ചിലിയുടെ നയതന്ത്ര പ്രതിനിധിയായി, പിന്നെ രാജ്യത്ത് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ ചുരം കടന്ന് അര്‍ജന്‍റീന വഴി തുടങ്ങിയ പലായനം കവിതയിലും കാലത്തിന്‍റെ മുദ്രകള്‍ ചാര്‍ത്തി. കവിതകളില്‍ പ്രണയത്തിനൊപ്പം രാഷ്ട്രീയവും പ്രകടമായിത്തുടങ്ങി. ആ കാലഘട്ടമാണ്, ''ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കവി'' എന്ന വിശേഷണം നെരൂദയ്ക്കു നല്‍കാന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിനെ പ്രേരിപ്പിച്ചത്.

എന്തുകൊണ്ടു പ്രണയം മാത്രം എന്ന ചോദ്യത്തിനും നെരൂദയുടെ ഉത്തരം കവിത തന്നെയായിരുന്നു:

നിങ്ങള്‍ ചോദിക്കും:

'എന്തു കൊണ്ടാണ് നിങ്ങളുടെ കവിത

സ്വപ്നത്തെക്കുറിച്ച് ഇലകളെക്കുറിച്ച് പൂക്കളെക്കുറിച്ച്

നിങ്ങളുടെ നാട്ടിലെ അഗ്‌നിശൈലങ്ങളെക്കുറിച്ച് പാടാത്തതെന്ന്?'

വരൂ ഈ തെരുവിലെ ചോര കാണൂ!

വരൂ ഈ തെരുവിലെ ചോര കാണൂ!

കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ നെരൂദയ്ക്കും പ്രസിഡന്‍റ് സാല്‍വദോര്‍ അല്ലന്‍ഡെ പഴയ നയതന്ത്ര അധികാരങ്ങള്‍ തിരികെ നല്‍കി, സ്വന്തം ഉപദേശകന്‍ വരെയാക്കി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കാവ്യാത്മകമായ വാക്കുകളില്‍ നെരൂദ ഇങ്ങനെയെഴുതി:

''അറിയപ്പെടാത്ത മനുഷ്യരുമായി

നീ എനിക്കു സാഹോദര്യം നല്‍കി.

ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവന്‍

നീ എനിക്കു നല്‍കി.

ഒരു പുതിയ ജന്മത്തിലെന്ന പോലെ

എന്‍റെ രാജ്യം നീ എനിക്കു തിരിച്ചു നല്‍കി.

ഏകാകിയായ മനുഷ്യനു നല്‍കാത്ത സ്വാതന്ത്ര്യം

നീ എനിക്കു നല്‍കി.

എന്നിലെ കാരുണ്യവായ്പിനെ

ഒരഗ്‌നിയെപ്പോലെ ഉദ്ദീപ്തമാക്കാന്‍ നീ എന്നെ പഠിപ്പിച്ചു....

നീ എന്നെ അനശ്വരനാക്കി,

എന്തെന്നാല്‍, ഇനിമേല്‍ ഞാന്‍ എന്നില്‍ത്തന്നെ ഒടുങ്ങുന്നില്ല.''

ഒടുവില്‍, അഗസ്റ്റൊ പിനോഷെയുടെ പട്ടാളത്തിനു മുന്നില്‍ മുട്ടുമടക്കാതെ അല്ലന്‍ഡെ ആത്മഹത്യ ചെയ്യുകയോ, അഥവാ, അവരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞു വീഴുകയോ ചെയ്തപ്പോഴും നെരൂദ കവിതയെഴുതി:

''ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല,

ഇനി ഒന്നും പറയാനുമില്ല...

എല്ലാം അവസാനിച്ചിരിക്കുന്നു...

വിപിനത്തിന്‍റെ വാതിലുകള്‍ അടഞ്ഞിരിക്കുന്നു...

സൂര്യന്‍ ഇലകള്‍ വിരിയിച്ച് ചുറ്റിക്കറങ്ങുന്നു...

ചന്ദ്രന്‍ വെളുത്ത ഒരു പഴം പോലെ ഉദിച്ചുയരുന്നു...

മനുഷ്യന്‍ തന്‍റെ ഭാഗധേയത്തിനു വഴങ്ങുന്നു....''

Pablo Neruda with Chile's former President Salvador Allende
Pablo Neruda with Chile's former President Salvador Allende

പ്രണയത്തിനും മരണത്തിനും ഒരേ രുചിയാണെന്നു പാടിയ കവിയുടെ മരണം പക്ഷേ, അദ്ദേഹത്തിന്‍റെ കവിതകളോളം ലളിതമായിരുന്നില്ല.

''മരിക്കുമ്പോള്‍ നിന്‍ കൈത്തലം എന്‍റെ കണ്‍തടങ്ങളെ പുല്‍കിടട്ടെ'' എന്നായിരുന്നു മോഹം. പക്ഷേ, 1973ല്‍ ആ കണ്‍തടങ്ങളെ പുല്‍കിയ കൈത്തലം നിഗൂഢതയുടേതായിരുന്നു, 43 വര്‍ഷം മുന്‍പ് മരിച്ച് മണ്ണോടു ചേര്‍ന്നിട്ടും 2013ല്‍ വീണ്ടും മാന്തിപ്പുറത്തെടുക്കാന്‍ വിധിക്കപ്പെട്ട, ഇനിയും അവസാനിക്കാത്ത നിഗൂഢത....

അവിടെയും ബാക്കി നില്‍ക്കുന്നൊരു ധന്യതയുണ്ട്. നെരൂദയുടെ തന്നെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍:

നീ ചെന്നിറുക്കാത്ത പൂവേതു ഭൂമിയില്‍,

നീയേറ്റു വാങ്ങാത്ത നോവേതു മണ്ണിതില്‍...!

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com