തിരുത്താൻ പറ്റില്ലെന്ന് സോണിയ ഗാന്ധി; ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിന്മാറി

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രമുഖ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറി
Penguin refuses publication as Sonia Gandhi denies corrections in biography

സോണിയ ഗാന്ധിയുടെ ആത്മകഥ വരുന്നു- ബിലോങ്ങിങ്

Updated on

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രമുഖ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ (PRHI) പിന്മാറിയതായി റിപ്പോർട്ട്. പുസ്തകത്തിലെ ചില ഭാഗങ്ങളിൽ എഡിറ്റോറിയൽ മാറ്റങ്ങളും ഒഴിവാക്കലുകളും വരുത്തണമെന്ന പെൻഗ്വിന്‍റെ ആവശ്യം സോണിയ ഗാന്ധി നിരസിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

അതേസമയം, അന്താരാഷ്ട്ര തലത്തിൽ നവംബർ 10-ന് പെൻഗ്വിൻ റാൻഡം ഹൗസിന്‍റെ തന്നെ പ്രസാധക ബ്രാൻഡായ ആൽഫ്രഡ് എ ക്നോഫ് വഴി പുസ്തകം പുറത്തിറങ്ങും. ഒരു ലക്ഷം കോപ്പികളാണ് തുടക്കത്തിൽ അച്ചടിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ അച്ചടി-വിതരണ ചുമതലകളിൽ നിന്ന് പെൻഗ്വിൻ പിന്മാറിയതോടെ മറ്റൊരു പ്രമുഖ പ്രസാധകരായ 'ഹാർപ്പർ കോളിൻസ്' (HarperCollins) പുസ്തകത്തിന്‍റെ ഇന്ത്യൻ പതിപ്പിനായുള്ള കരാർ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

രണ്ടാം ലോകമഹായുദ്ധാനന്തര ഇറ്റലിയിലെ ബാല്യം മുതൽ ഇന്ത്യയിലേക്കുള്ള വരവ്, രാജീവ് ഗാന്ധിയുമായുള്ള വിവാഹം, നെഹ്റു-ഗാന്ധി കുടുംബത്തിലെ ജീവിതം എന്നിവയെല്ലാം പുസ്തകത്തിൽ സോണിയ തുറന്നെഴുതുന്നുണ്ട്. ഇന്ദിര ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വേർപാട് സൃഷ്ടിച്ച വ്യക്തിപരമായ ദുരന്തങ്ങളും, 2004-ൽ യുപിഎ അധികാരത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി പദം വേണ്ടെന്ന് വയ്ക്കാനുണ്ടായ സാഹചര്യവും പുസ്തകം ചർച്ച ചെയ്യുന്നു.

തന്‍റെ കുടുംബത്തെക്കുറിച്ച് പുറത്തുള്ളവർ ധാരാളം എഴുതിയിട്ടുണ്ടെങ്കിലും അവരുടെ ശരിയായ ഉദ്ദേശ്യങ്ങളോ ജീവിതാനുഭവങ്ങളോ പൂർണമായി ഒപ്പിയെടുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും, ആറു പതിറ്റാണ്ടുകാലത്തെ രാജ്യത്തിന്‍റെ മാറ്റങ്ങൾ കൂടിയാണ് തന്‍റെ കഥയെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച സ്വകാര്യത മാറ്റിവച്ചാണ് അമ്മ ഈ പുസ്തകമെഴുതിയതെന്നും അതിൽ ഏറെ അഭിമാനമുണ്ടെന്നും മകൻ രാഹുൽ ഗാന്ധിയും കുറിച്ചു.

ഈ വർഷം ആദ്യം മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെയുടെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' അച്ചടിക്കുന്നതിൽ നിന്നും പെൻഗ്വിൻ ഇന്ത്യ സമാനമായ രീതിയിൽ പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് സോണിയ ഗാന്ധിയുടെ പുസ്തകത്തിന്‍റെ കാര്യത്തിലും പ്രസാധകർ പിന്നാക്കം പോയത്.

logo
Metro Vaartha
www.metrovaartha.com