അമ്മഗാന്ധി | കവിത

എൻ.കെ.ഷീലയുടെ കവിത
poem ammagandhi

അമ്മഗാന്ധി

ai image

Updated on: 

എൻ.കെ. ഷീല

അമ്മഗാന്ധി

എട്ടുരൂപയുടെ തരക്കേടിൽ

ദണ്ഡിയാത്രകൾ നടത്തി.

മിതവ്യയങ്ങളുടെ ഊടുംപാവുമിട്ട്

ജീവിതം നൂറ്റു

അന്നംകുറഞ്ഞ അടുക്കളയിൽ

നിരാഹാരം കിടന്നു

അച്ഛന്‍റെ മദ്യപാനത്തോട്

നിസ്സഹകരണം പ്രഖ്യാപിച്ചു.

എണ്ണത്തിൽ കുറഞ്ഞ

ഉടയാടകളിൽ

സത്യാഗ്രഹത്തിന്‍റെ

ലാളിത്യം നടിച്ചു

കാണെക്കാണെ അമ്മ

എന്‍റെ ഗാന്ധിയായി.

നടന്നു വിണ്ടകാലടികളെ

അനുഗമിച്ച് ആദർശം പെരുത്ത്

ഞാൻ ഖാദി അണിഞ്ഞു.

പയ്യെപയ്യെ അതിന്‍റെ മിനുപ്പിൽ

അഭിരമിച്ചു.

അമ്മ, ഗാന്ധിയുടെ

ഒടുവിലെ അടവിൽ -

മൗനവ്രതത്തിലുമായി.

ഞാൻ ഖാദിനൽകിയ

മിനുപ്പിന്‍റെ രസത്തിൽ

കുടുങ്ങി.

അമ്മ

വെടിയുണ്ടയേക്കാൾ ശക്തമായ

നിരാശയുടെ നീറ്റലിൽ

പതുങ്ങി ഒടുങ്ങി.

logo
Metro Vaartha
www.metrovaartha.com