കളത്തറ ഗോപൻ
ജനിക്കുമ്പോൾ ഒരാളായി ജനിക്കുന്നു
മരിക്കുമ്പോൾ ഒരാളായി
മരിക്കുന്നു.
ഇതിനിടയിൽ നമ്മൾ
പല പല ആളുകളായി ജീവിക്കുന്നു.
ഓരോ നിമിഷത്തിലും
നമ്മൾ മാറുന്നു.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ
ആളല്ല രാത്രിയിൽ ചെന്നു കേറുന്നത്.
രാവിലെ നമ്മെ യാത്രയാക്കിയ ആളല്ല
രാത്രിയിൽ നമ്മെ സ്വീകരിക്കുന്നത്.
രാവിലെ കണ്ട നഗരമല്ല
രാത്രിയിലേത്.
നമ്മളിന്നലെ ചായ കുടിച്ച കടയിലല്ല
നമ്മളിപ്പോളിരിക്കുന്നത്.
ചുരുക്കത്തിൽ,
ഉണ്ടാവുമ്പോൾ ഒന്നായും
ഇല്ലാതാകുമ്പോൾ പലതായും മാറുന്നു.
ഒന്ന് പലതായും
പലത് ഒന്നായും
മാറുന്നതിനെ ജീവിതമെന്നും
കവിതയെന്നും വിളിക്കുന്നു.
ചോര നീരാവി ആകുമ്പോൾ
അത് മഴയാകും.
മഴ, ചോരയായ് ശരീരത്തിലോടിക്കളിച്ച്
ഒരു കുഞ്ഞായ് ചിരിച്ചു നില്ക്കും.
ജീവൻ ഊർജ്ജമാണ്
അത് സ്വതന്ത്രമാകുന്നു.
സ്വതന്ത്രമാകുന്നതിനെ
ഊർജ്ജമെന്നു പറയുന്നു.
അമ്മ മരിക്കുമ്പോൾ
സ്വതന്ത്രമാകുന്ന ഊർജ്ജം
ഒരു മിന്നാമിനുങ്ങായെന്‍റെ
മുറിയിൽ വന്നിരിക്കാം!
എന്‍റെ കൈവെള്ളയിൽ പറന്നിരിക്കാം.