
ശ്രീകുമാരൻ തമ്പി
വരിക ചിങ്ങമേ, വരികയെൻ
മനോചരിത്രമൊക്കെയും പഠിച്ചറിഞ്ഞു നീ
വ്യഥയിലും മലർ വിടർത്തും നമ്മളെ
തിരിച്ചറിഞ്ഞതാ തെളിയുന്നംബരം !
ഇനിയും പൊന്നുഷസ്സിടുന്ന പൂക്കളം
ഇനിയും സന്ധ്യകൾ രചിക്കും കാവ്യങ്ങൾ,
മനസ്സിലേറ്റി ഞാനുണർന്നിരുന്നിടാം
മറന്നതൊക്കെയും പുനർജ്ജനിക്കുവാൻ !
വരിക ചിങ്ങമേ, വരിക, പ്രേമത്തിൻ
നിറഞ്ഞ പൂവിളിയിനിയും കേൾക്കുവാൻ
ഇടയിൽ നിന്നെയും പരിചരിക്കുവാൻ
ചെറുമഴച്ചാർത്തിൻ പളുങ്കു തുള്ളികൾ
പൊഴിയും നേരത്തെൻ ഹൃദയം നൊന്തിടാം
ചെറിയ നൊമ്പരം മധുരമായിടാം
വരിക ചിങ്ങമേ, പ്രണയവും നീയും
ഒരുമിക്കുന്നതാണെനിക്കു സാന്ത്വനം
മരണത്തിൻ വിളി മുഴങ്ങും നേരത്തും
ചിരിയായെത്തുകെൻ ഋതുസംഗീതമേ...!!