കൈലാസ് തോട്ടപ്പള്ളി
പുണ്യപാപങ്ങൾ
മനസ്സിൽനിറച്ച്
മറ്റൊരു ജീവിതയാത്ര
ധനുഷ്കോടിയിലേക്ക്.
മനുഷ്യവിയർപ്പും
പരലുപ്പും
കലരുന്ന
നീറ്റലിന്‍റെ നിത്യസ്മാരകങ്ങൾ
പോടുവന്ന
പല്ലുകളെപ്പോലെ
അവിടിവിടെ
കൊമ്പുയർത്തിനില്പുണ്ട്.
കൗതുകത്തോടെ
നില്ക്കുമ്പോഴേക്കും
വന്നടിഞ്ഞിരുന്നു :
ശിരസ്സും സ്തനങ്ങളുമില്ലാതെ
ഞാൻ തേടിനടന്നിരുന്ന
എന്‍റെ ജനകപുത്രി സീത!
മുറിഞ്ഞ ഉടലിൽ നിന്നും
മാതൃസ്നേഹത്തിന്‍റെ
പാലുചാലുകീറി
എങ്ങുനിന്നെന്നറിയാതെ
ഉറവപൊട്ടി
പരക്കുന്നുണ്ടായിരുന്നു.
മുലകൾ ശൂർപ്പണഖയ്ക്കും
ശിരസ്സ്
രാമനും
നല്കിയത്രേ !!
അമ്മേ! ഭൂമിപുത്രി
ഞാനറിയാതെ
വിളിച്ചു പോയി.
എന്തിനീ വേദന
സ്വയം ഏറ്റെടുത്തു.
അപ്പോഴേയ്ക്കും
കാറ്റിനൊപ്പം
ഭാവതീവ്രമായ വാക്കുകൾ.
മൂക്കും മുലയും
നഷ്ടപ്പെട്ട്
സങ്കടകടലിൽ
ആണ്ടുപോയ
പെണ്ണിന്‍റെ സങ്കടം
കണ്ടില്ലെന്ന് നടിക്കുവതെങ്ങനെ?
അവളതു മാറോടു
ചേർത്തുവച്ചപ്പോൾ
എന്‍റെ നെഞ്ചിൽ
ജന്മപുണ്യത്തിന്‍റെ മന്ത്രങ്ങളാണ്
മുഴങ്ങിയത്.
നിനക്കറിയുമോ?
മുറിവേറ്റപെണ്ണിന്‍റെ
നിസ്സഹായമായ പകയെ
നീയറിയുമോ?
അവളിലാളുന്ന
ഏഴുകടലാലും
അണയാത്ത
അഗ്നിനാളത്തെ
അമ്മേ.,
ഞങ്ങൾ
മനുഷ്യരോടു പൊറുക്കണം
രാമായണം
ടെലിവിഷനിലല്ലാതെ
കണ്ടിട്ടില്ല.
ഭാഷാപിതാവ്
നാരായം കൊത്തിയ
കിളിപ്പാട്ടിലും,
ജീവിതകഥ പാടിയെങ്കിലും
ശ്രീരാമചന്ദ്രന്‍റെ
കിരീടധാരണത്തിൽ
മതിമറന്ന
ഞങ്ങൾ പാപികൾ ,
ഭക്തിപ്രസ്ഥാനത്തിന്‍റെ
ഉദയമായാണ്
അവയൊക്കയേയും
അറിഞ്ഞത്.
അപ്പോഴേക്കും
കടലലകൾ
വലിയ മുഴക്കത്തോടെ
ചീറിച്ചിതറി.
ചുറ്റുംപോടുതീർത്ത
കൊമ്പുകൂട്ടങ്ങളിൽ
തട്ടിയെന്നോണം
ഭീകരമാംവിധം
അന്ധകാരം നിറഞ്ഞു.
പേടിച്ചരണ്ട കാലുകൾ
പിന്നിലെ
കൂരിരുട്ടിലേയ്ക്ക്.
ശീൽക്കാരങ്ങളിൽ
കുതറി പുറകോട്ടേയ്ക്ക് ;
പിന്നിലേക്ക് കുതിക്കുന്ന
എനിക്കൊപ്പം
അദ്ധ്യായങ്ങൾ
മലർന്നുമാറി .
ചെന്നു കയറിയത്,
സീതാസ്വയംവരവേദിയിൽ
അവിടെ
പരിവാരങ്ങളും
വാദ്യഘോഷങ്ങളും
എത്തിയിട്ടുണ്ട്.
മംഗളഗാനവും കേൾക്കാം.
ദൂരെയൊരാൾ അപ്പോഴും
സീതയില്ലാത്ത
രാമനായി
രാജ്യം വരയ്ക്കുന്നുണ്ടായിരുന്നു.