
പി.കെ. ഗോപി
ഭൂമിയില്‍ ഞാനിത്രയും സ്നേഹിച്ചാദരിച്ച മറ്റൊരെഴുത്തുകാരനുണ്ടോ? സംശയമാണ്. കാരണമെന്താവും? ഉള്‍ക്കടല്‍ പോലെ ഗഹനമായ മൗനത്തിന്‍റെ തീ പിടിച്ച തിരകള്‍ തീരത്തെങ്ങും തൊടാതെ ചുഴികളില്‍ വിലയം പ്രാപിക്കുന്ന മാന്ത്രികഭാവവുമായി എപ്പോഴും ഒരാള്‍ എന്താവും സംവദിക്കുക? സങ്കൽപ്പങ്ങളുടെ സര്‍വസീമകളും മായ്ച്ച് സ്നേഹത്തിന്‍റെ ലാളിത്യവുമായി അദ്ദേഹം വീട്ടിലേക്ക് കയറി വന്നാലോ? അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങള്‍ നോക്കി പുറകില്‍ കൈയും കെട്ടി ഇങ്ങനെ പറഞ്ഞാലോ?
''പുസ്തകങ്ങള്‍ ഇങ്ങനെ വൃത്തിയായി സൂക്ഷിക്കാന്‍ എനിക്കു കഴിയുന്നില്ലല്ലോ, അതാണെന്‍റെ സങ്കടം'' എന്ന് എനിക്കു കേള്‍ക്കാന്‍ മാത്രം ഉച്ചത്തില്‍ ഉച്ചരിച്ചാലോ! മക്കളെ ചേര്‍ത്തുനിര്‍ത്തി, പറയാതെ പറഞ്ഞതത്രയും എനിക്കു കേള്‍ക്കാമായിരുന്നു. ആര്യയുടെയും സൂര്യയുടെയും വിവാഹത്തിനെത്തി അനുഗ്രഹം ചൊരിഞ്ഞ നിമിഷങ്ങളെ ഞാന്‍ ദിവ്യമെന്നു കരുതി ഓര്‍മയില്‍ സൂക്ഷിക്കുന്നു. കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ കലവറയാണ് എംടി എന്ന ഞങ്ങളുടെ വാസ്വേട്ടന്‍.
തുഞ്ചന്‍പറമ്പിന്‍റെ മണല്‍ത്തരികള്‍ക്ക് ആ പാദസ്പര്‍ശം മറ്റൊരെഴുത്തച്ഛന്‍റെ ആത്മകടാക്ഷമായിരുന്നു. അവിടത്തെ പച്ചിലകള്‍ക്ക് കൂടല്ലൂരിന്‍റെ ഗൃഹാതുരത്വമുള്ള കഥകളത്രയും മനഃപാഠമായിരുന്നു. ആചാര്യ ഭൂമിയിലെ നാരായ പിന്തുടര്‍ച്ചയ്ക്ക് യഥാര്‍ഥ അവകാശിയെ കാലം കണ്ടെത്തിയത് ഭാഗ്യമായി. ഹരിശ്രീയുടെ ധ്വനികള്‍ക്ക് എന്നും മൗനസംഗീതത്തിന്‍റെ നൂറുനൂറലകള്‍ സാക്ഷ്യം പറയാനുണ്ടായിരുന്നു!
ശൂന്യതയുടെ വലിയൊരു വൃത്തം എന്നെ അടിമുടി മൂടുന്നു.
കൈകള്‍ക്കു വിറയല്‍. അക്ഷരങ്ങള്‍ തേടിപ്പിടിക്കാന്‍ പേന-
ത്തുമ്പിന് വൈമുഖ്യം. എന്തെഴുതണമെന്നറിയാത്ത മരവിപ്പ്.
എംടി എന്ന മഹാപ്രതിഭ ഇനി ശരീരത്തോടെയില്ല! വിശ്വസിക്കാന്‍ പ്രയാസം. കൈതൊട്ട മേഖലയിലെല്ലാം വിജയം വരിച്ച അതുല്യപുരുഷജന്മം. എഴുത്തിന്‍റെ പ്രപഞ്ചദേവത സ്വന്തം പര്‍ണശാലയില്‍ വിളിച്ചിരുത്തിയ മനുഷ്യായുസ്. നാട്ടുഭാഷയുടെ അയത്നലാളിത്യം അവസാനംവരെ കാത്തുസൂക്ഷിച്ച മലയാള സൂര്യന്‍. പുരുഷാന്തരങ്ങളുടെ കഥ പറഞ്ഞ് മലയാളിയെ വികാരധാരയിലലിയിച്ച മാന്ത്രികത്തൂലിക ഇനി നിശ്ചലം. നാലുകെട്ടിന്‍റെ അതിരുകള്‍ ഭേദിച്ച് ലോകത്തിന്‍റെ ചക്രവാളത്തില്‍ മുദ്രചാര്‍ത്തിയ നക്ഷത്രകാന്തി. പ്രണയമഞ്ഞിന്‍റെ ശുദ്ധിയോടെ മനുഷ്യമനസിന് നിര്‍വചനമെഴുതിയ ക്രാന്തദര്‍ശി. പട്ടിണി മാറ്റാത്ത ആചാരങ്ങളുടെ ആവര്‍ത്തനത്തില്‍ മനംനൊന്ത്, പ്രതിഷേധത്തിന്‍റെ രക്തത്തുപ്പല്‍ ഏതു വരേണ്യവിഗ്രഹത്തിന്‍റെയും മുഖത്തു ചീറ്റിയ ധര്‍മരോഷത്തിന്‍റെ വെളിപാട്. നിഷേധിയുടെ തീപിടിച്ച ഹൃദയത്തിന് എഴുത്തല്ലാതെ മറ്റൊരാശ്വാസവും അഭയവുമില്ലായിരുന്നു. അസ്വസ്ഥതയുടെ പരകോടിയില്‍, അന്തര്‍മുഖത്വത്തിന്‍റെ മൂടുപടത്തില്‍, അക്ഷരങ്ങള്‍ക്കു മാത്രം നിര്‍ഭയമായ ജ്വാലാമുഖമുണ്ടായിരുന്നു. ബീഡിപ്പുകയുടെ വലയങ്ങള്‍ക്കു പിന്നില്‍ ചിന്താഗ്രസ്ഥമായ മുഖത്തിന്‍റെ സ്നേഹമസൃണമായ ആ പ്രൗഢഭാവം ഇനി കാണാനാവില്ലല്ലോ! വടക്കന്‍ ഗാഥകളില്‍ ഇനി പൊളിച്ചെഴുത്തില്ല. മൂന്നാമൂഴത്തില്‍ പുനഃപ്രതിഷ്ഠയില്ല. പുരാവൃത്തങ്ങളുടെ മറുപുറം തേടി ഇനി അലച്ചിലില്ല.
കഥയ്ക്കും നോവലിനും ചലച്ചിത്രശാഖയ്ക്കും നിരീക്ഷണങ്ങള്‍ക്കുമെല്ലാം സംഭവിച്ചിരിക്കുന്ന തീരാനഷ്ടം നികത്താന്‍ കാലത്തിനു മാത്രമേ കഴിയൂ. കഥയെഴുത്തിലെ ഏകാഗ്രത പോലെയാണ് സംഘാടക സാമര്‍ഥ്യവുമെന്ന് തെളിയിച്ച തുഞ്ചന്‍ സ്മാരക പ്രവര്‍ത്തകസമിതിയില്‍ ഈയുള്ളവന്‍ കൂടി അംഗമായി ചേര്‍ന്നതിന്‍റെ പ്രധാന കാരണം, എംടി എന്ന വാസ്വേട്ടന്‍റെ സാന്നിധ്യം മാത്രമാണ്. ആ സ്നേഹത്തിന്‍റെ നൈര്‍മല്യം പുറമേയല്ല, അകത്തു മാത്രമാണ് പ്രസരിക്കുന്നത്. അതു തിരിച്ചറിയാത്തവര്‍ പലപ്പോഴും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ഘനമാര്‍ന്ന മൗനത്തിന്‍റെ ഖനിയില്‍ ആരോടും കാലുഷ്യങ്ങളില്ല, കലഹമില്ല. ആശയങ്ങളുടെ വിലപ്പെട്ട നിധി കണ്ടെടുക്കയേ വേണ്ടൂ. അടുത്താല്‍ മതി. നിറയെ വര്‍ത്തമാനവും തമാശകളും നിറഞ്ഞ മറ്റൊരു ലോകത്തിന്‍റെ കിളിവാതില്‍ പതുക്കെ തുറക്കുകയായി. വാക്കുകള്‍ വിസ്മയസ്മരണകളായി നമ്മെ ഭൂതകാലത്തിലേക്കു നയിക്കുന്നു. അതൊരനുഭവമാണ്. പകര്‍ന്നു തരാനാവില്ല മറ്റാര്‍ക്കും.
നാളെ എംടിയില്ലാതെ കൂടല്ലൂരിനു കിഴക്ക് മടിവാളന്‍കുന്നിന്‍റെ നിറുകയില്‍ സൂര്യനുദിക്കും. എന്തൊക്കെ ശൂന്യതയാവും നാട്ടുവഴിയില്‍?!
നിളയിലെ അവശേഷിക്കുന്ന നീരൊഴുക്ക്, ഞങ്ങളുടെ വാസ്വേട്ടന്‍ എന്ന് മന്ത്രിക്കും. വായന ശീലമാക്കിയ മലയാളി, എവിടെയായാലും അറിയാതെ തേങ്ങും. എംടി വിട പറഞ്ഞു. വിശ്വസിച്ചേ പറ്റൂ. മരണത്തിന്‍റെ ദൂതന് വികാരനിര്‍വൃതിയില്ല. കണ്ണുനീരില്ല. വിതുമ്പലില്ല. ധന്യധന്യമായ ഒരു സര്‍ഗാത്മക ജീവിതത്തിന്‍റെ തിരശീല താഴുന്നു. ഇനി അനശ്വര സ്മാരകമായ അസംഖ്യം പുസ്തകങ്ങളില്‍ എംടിയെ ദര്‍ശിക്കുക. ലിപികള്‍ നിശ്വസിക്കുന്നത് മൗനത്തില്‍ കേള്‍ക്കുക. ഉറക്കെ കരയരുത്. അദ്ദേഹത്തിന്, ഞങ്ങളുടെ വാസ്വേട്ടന് മൗനമാണിഷ്ടം!
മൗനത്തിന്‍റെ അലൗകികതയ്ക്ക് സ്നേഹത്തിന്‍റെ മാതൃഭാഷയെ എങ്ങനെ കൈവിടാനാകും?! തേങ്ങലൊതുക്കി ഈ സ്മരണാഞ്ജലി ആശ്വാസത്തിനായി സമര്‍പ്പിക്കുന്നു.