Statue of Poonthanam Namboothiri, Guruvayur
Statue of Poonthanam Namboothiri, Guruvayur

മലയാളത്തിന്‍റെ ഉത്തമ കാവ്യ സ്മരണയിൽ പൂന്താനം ദിനം

ഉത്തമ കാവ്യങ്ങള്‍ ചമയ്ക്കാൻ സംസ്‌കൃത പണ്ഡിതര്‍ക്കു മാത്രമേ സാധിക്കൂ എന്ന വിശ്വാസത്തെ ശുദ്ധ മലയാള കൃതികളിലൂടെ തകര്‍ത്തുകളഞ്ഞ കവിയാണ് പൂന്താനം

തയാറാക്കിയത്: എൻ. അജിത്കുമാർ

കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനം ജനിച്ചതെന്നാണ് വിശ്വാസം, ആ ദിനമാണ് (ഫെബ്രുവരി -15)പൂന്താനം ദിനമായി ആചരിക്കുന്നത്. പഴയ വള്ളുവനാട് താലൂക്കിലെ നെന്മേനി അംശത്തിലുള്ള പൂന്താനത്ത് ഇല്ലത്തിലാണ് കവിയുടെ ജനനം (മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത്). 1547ലാണ് പൂന്താനം ജനിച്ചത്. ബ്രഹ്മദത്തന്‍ എന്നോ ശങ്കരന്‍ എന്നോ ആയിരുന്നു യഥാർഥ പേര്.

ആദ്ധ്യാത്മിക നവോത്ഥാനം

16, 17 നൂറ്റാണ്ടുകള്‍ ഭാരതത്തിന്‍റെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ആദ്ധ്യാത്മിക നവോത്ഥാനത്തിന്‍റെ കാലഘട്ടമായിരുന്നു. വിദേശാധിപത്യം, രാജാക്കന്മാര്‍ തമ്മിലുള്ള നിരന്തര പോരാട്ടങ്ങള്‍, കലാപങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് ജനജീവിതം ദുഃസഹമാക്കിയ കാലഘട്ടം. ഈ ധാര്‍മികാപചയത്തില്‍ നിന്ന് ഇന്ത്യന്‍ ജനതയെ മോചിപ്പിച്ച് ഭക്തിമാര്‍ഗത്തിലേക്കു നയിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തത് ഭക്തകവികളാണ്. പുരാണേതിഹാസങ്ങളുടെ പുനരാവിഷ്‌കാരത്തിലൂടെ ജനമനസുകളില്‍ ഭക്തിയും നല്ല ചിന്തകളുമുണര്‍ത്തുന്ന കവിതകള്‍ അക്കാലത്ത് ധാരാളം എഴുതപ്പെട്ടു. കേരളത്തില്‍ ഇതിനു നേതൃത്വം കൊടുത്തത് തുഞ്ചത്തെഴുത്തച്ഛനാണ്; അദ്ദേഹത്തിനുശേഷം ഈ രംഗത്ത് ശ്രദ്ധേയനായ കവിയാണ് പൂന്താനം നമ്പൂതിരി.

മേൽപ്പത്തൂരിന്‍റെ സംസ്കൃതവും പൂന്താനത്തിന്‍റെ മലയാളവും

സംസ്‌കൃത പണ്ഡിതനും കവിയുമായിരുന്ന മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ സമകാലികനായിരുന്നു പൂന്താനം. ഈ രണ്ടു കവികളെയും ബന്ധപ്പെടുത്തി ചില ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ഇവയിലെല്ലാം മുഖ്യ കഥാപാത്രം ഗുരുവായൂരപ്പനാണ്.

പ്രൗഢ സംസ്‌കൃതത്തിലെഴുതിയ മേൽപ്പത്തൂരിന്‍റെ ഭക്തി സാന്ദ്രമായ കവിതകള്‍ ആസ്വദിക്കാന്‍ സംസ്‌കൃതമറിയാത്ത സാധാരണ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അത്തരമൊരവസരത്തിലാണ് പച്ചമലയാളത്തിലെഴുതിയ ഭാവതരളമായ പാട്ടുകവിതകളിലൂടെയും കീര്‍ത്തനങ്ങളിലൂടെയും പൂന്താനം കാവ്യരംഗത്തേക്ക് കടന്നു വന്നത്. ഉത്തമ കാവ്യങ്ങള്‍ ചമയ്ക്കാൻ സംസ്‌കൃത പണ്ഡിതര്‍ക്കു മാത്രമേ സാധിക്കൂ എന്ന വിശ്വാസത്തെ ശുദ്ധ മലയാള കൃതികളിലൂടെ പൂന്താനം തകര്‍ത്തുകളഞ്ഞു.

പൂന്തേനാം കവിതകള്‍

"പൂന്തേനായ പല കാവ്യം കണ്ണനു നിവേദിച്ച പൂന്താനം ജ്ഞാനപ്പാന പാടിയ പുംസ്‌കോകിലം' എന്ന വള്ളത്തോളിന്‍റെ വരികള്‍ പൂന്താനം കവിതകളുടെ കാവ്യാത്മകമായ വിലയിരുത്തലാണ്. പാന, സ്‌ത്രോത്രം,, കീര്‍ത്തനം എന്നീ വിഭാഗങ്ങളിലായി അമ്പതിലേറെ കൃതികള്‍ പൂന്താനം രചിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ജ്ഞാനപ്പാന, സന്താനഗോപാലം (കുമാര ഹരണം പാന) എന്നിവ പാന വിഭാഗത്തിലും ശ്രീകൃഷ്ണ കര്‍ണ്ണാമൃതം,ഘനസംഘം തുടങ്ങിയവ സ്‌ത്രോത്ര കൃതികളിലും അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ, നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍, നരകവൈരിയാമരവിന്ദാക്ഷന്‍റെ എന്നു തുടങ്ങിയ കീര്‍ത്തനങ്ങളും പ്രധാനപ്പെട്ടവയാണ്. ഇന്നും കേരളത്തിലെ പുലരികളെയും സന്ധ്യകളെയും ഈ കാവ്യങ്ങളുടെ ആലാപനങ്ങള്‍ കുളിര്‍ക്കാറ്റുപോലെ രോമാഞ്ചമണിയിച്ചു പോരുന്നു.

ജ്ഞാനത്തിന്‍റെ പാന

‌"പാന' സാഹിത്യത്തിന്‍റെ ഉപജ്ഞാതാവാണ് പൂന്താനം. ഭദ്രകാളിക്ഷേത്രത്തിലെ ആരാധനയോടു ബ--ന്ധപ്പെട്ട ഒരു ചടങ്ങായിരുന്നു പാനകളി. അതില്‍ പാടാന്‍ ഉപയോഗി ച്ചിരുന്ന പാട്ടുകളിലെ സര്‍പ്പിണി വൃത്തം ഭക്തിഭാവത്തിനിണങ്ങുന്നതാണെന്ന് പൂന്താനം മനസിലാക്കി. സര്‍പ്പിണി വൃത്തത്തിലാണ് പൂന്താനം കാവ്യങ്ങള്‍ രചിച്ചത്. പാനപ്പാട്ടിന്ന് സാഹിത്യപദവി നല്‍കി അതിനെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയത് പൂന്താനമാണ്.

പൂന്താനം
പൂന്താനം

362 വരികളിലൊതുങ്ങുന്ന ഒരു ലഘുകാവ്യമാണ് ജ്ഞാനപ്പാന. വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ജനിച്ച മകന്‍ പെട്ടെന്നു മരിച്ചു പോയതിന്‍റെ തീവ്രദുഃഖ ത്തില്‍ രചിച്ചതാണ് ജ്ഞാനപ്പാനയെന്ന് പറയപ്പെടുന്നു. "മലയാളത്തില്‍ എഴുതപ്പെട്ട ഉപനിഷത്ത്'' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയില്‍ വേദാന്ത തത്വങ്ങള്‍ വളരെ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നവര്‍, അഷ്ടിക്കു വകയില്ലാതെ സ്വന്തം കുഞ്ഞിനെ വില്‍ക്കുന്നവര്‍, പൂജിക്കേണ്ടവരെ നിന്ദിക്കുന്നവര്‍, ധനമോഹംകൊണ്ട് അധര്‍മ്മം ചെയ്യുന്നവര്‍ എന്നിങ്ങനെ സമകാലിക സമൂഹത്തിന്‍റെ ഒരു പരിച്ഛേദം തന്നെ പൂന്താനത്തിന്‍റെ വര്‍ണ്ണനകളില്‍ പ്രതിബിംബിക്കുന്നു.

''മാളികമുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍'' എന്ന ഒറ്റവരിയിലൂടെ തന്നെ ജീവിതത്തിന്‍റെ അസ്ഥിരതയെയും പൂന്താനം വെളിപ്പെടുത്തുന്നു. ആശാപാശങ്ങളില്‍ക്കുരുങ്ങി മനക്കോട്ടകെട്ടുന്നതിനിടയില്‍ മരണം വന്നു പിടികൂടുന്നു. പരലോക യാത്രയില്‍ ഉടുതുണിപോലും കൊണ്ടുപോകാനാവില്ലെന്ന കാര്യവും പൂന്താനം ഓര്‍മ്മിപ്പിക്കുന്നു. ധര്‍മ്മാധര്‍മ്മ ചിന്ത വെടിഞ്ഞും ദുര്‍വൃത്തികളിലേര്‍പ്പെട്ടും ജീവിതം പാഴാക്കുന്ന മനുഷ്യര്‍ക്കു ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം കാണിച്ചുകൊടുക്കുകയാണ് ജ്ഞാനപ്പാനയിലൂടെ കവി.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com