
ന്യൂഡൽഹി: ഇന്ദിര ഗാന്ധിക്കുശേഷം ജനങ്ങളുടെ സ്പന്ദനം കൃത്യതയോടെ മനസിലാക്കുന്ന ആദ്യ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദിയെന്നു മുൻ രാഷ്‌ട്രപതി അന്തരിച്ച പ്രണബ് മുഖർജി വിലയിരുത്തിയിരുന്നതായി മകൾ ശർമിഷ്ഠ മുഖർജി. സോണിയ ഗാന്ധി തന്നെ ഒരിക്കലും പ്രധാനമന്ത്രിയാക്കില്ലെന്നും പ്രണബ് പറഞ്ഞുവെന്ന് ശർമിഷ്ഠ. "പ്രണബ്, എന്‍റെ അച്ഛൻ: ഒരു മകളുടെ ഓർമകൾ' എന്ന പേരിൽ എഴുതിയ പുസ്തകത്തിലാണ് ശർമിഷ്ഠയുടെ വെളിപ്പെടുത്തലുകൾ.
കോൺഗ്രസ് വക്താവായിരുന്ന ശർമിഷ്ഠ 2021ൽ സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ചിരുന്നു. രാഹുൽ ഗാന്ധിക്ക് രാഷ്‌ട്രീയ പക്വതയില്ലെന്ന അഭിപ്രായവും പ്രണബ് പങ്കുവച്ചിരുന്നതായി ശർമിഷ്ഠ പറയുന്നു. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കാലത്തേതുൾപ്പെടെ കോൺഗ്രസിലെ അന്തർനാടകങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകം പ്രണബിന്‍റെ ജന്മദിനമായ 11ന് പ്രകാശനം ചെയ്യും.
എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷം 2004ൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ സോണിയ പ്രധാനമന്ത്രിയാകുമെന്നാണു പൊതുവേ കരുതിയിരുന്നത്. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ച് അവർ പിന്മാറി. ഈ സമയത്ത് പുതിയ പ്രധാനമന്ത്രിയായി പ്രണബ് മുഖർജിയുടെയും മൻമോഹൻ സിങ്ങിന്‍റെയും പേരുകളാണ് ഉയർന്നുകേട്ടത്.
""ആ ദിവസങ്ങളിൽ അദ്ദേഹം വളരെ തിരക്കിലായിരുന്നു. നേരിട്ട് സംസാരിക്കാൻ അവസരമുണ്ടായില്ല. എന്നാൽ, പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്ത വന്നപ്പോൾ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് ചോദിച്ചു. ""ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല. മൻമോഹൻ സിങ്ങായിരിക്കും. അതു വേഗത്തിൽ പ്രഖ്യാപിക്കണം, അനിശ്ചിതാവസ്ഥ രാജ്യത്തിനു നല്ലതല്ല''-ഇതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടിയെന്നു ശർമിഷ്ഠ പറയുന്നു. 2004ൽ മാത്രമല്ല, 1984ൽ ഇന്ദിരഗാന്ധി കൊല്ലപ്പെട്ട സമയത്തും പ്രണബിന് പ്രധാനമന്ത്രിയാകാനുള്ള അവസരമുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.
എല്ലാ രാഷ്‌ട്രീയ പ്രവർത്തകരെയും പോലെ പ്രധാനമന്ത്രി സ്ഥാനം തന്‍റെയും ആഗ്രഹമാണെന്നു പ്രണബ് പറഞ്ഞിട്ടുണ്ട്. എന്നാൽ, ആഗ്രഹിച്ചതുകൊണ്ടു മാത്രം പദവി ലഭിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. പ്രധാനമന്ത്രി സ്ഥാനം നിരസിച്ചതിൽ സോണിയയോട് പ്രണബിന് ഒരു അതൃപ്തിയും ഉണ്ടായിരുന്നില്ല. മൻമോഹൻ സിങ്ങിനെ നേതാവാക്കിയതിലും അദ്ദേഹത്തിന് എതിർപ്പില്ലായിരുന്നു. ഗാന്ധി-നെഹ്റു കുടുംബത്തിന്‍റെ പൂർണ വിശ്വാസം തന്‍റെ മേലില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
പരിമിതികൾ തിരിച്ചറിഞ്ഞ് അതു മറികടക്കാൻ കഠിനാധ്വാനം ചെയ്യുന്ന നേതാവെന്നാണ് സോണിയയെക്കുറിച്ച് പ്രണബിനുണ്ടായിരുന്ന വിലയിരുത്തൽ. എന്നാൽ, രാഹുലിന് രാഷ്‌ട്രീയ പക്വതയില്ലെന്നതായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇക്കാര്യം പ്രണബ് ഡയറിയിൽ കുറിച്ചിട്ടുണ്ടെന്നും ശർമിഷ്ഠ. 2009ൽ പ്രവർത്തക സമിതി യോഗത്തിൽ രാഹുലുമായി സംസാരിച്ചു. പിന്നീടു പലതവണ രാഹുൽ തന്നെ വസതിയിൽ സന്ദർശിച്ചിട്ടുണ്ട്. കുലീനമായിരുന്നു രാഹുലിന്‍റെ പെരുമാറ്റം. ഓരോ സന്ദർശനത്തിലും നിരവധി ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. എന്നാൽ, അതിവേഗം ഒരു വിഷയത്തിൽ നിന്നു മറ്റൊന്നിലേക്കു മാറുന്ന രാഹുലിന് ഏതെങ്കിലും കാര്യം ആഴത്തിൽ ഗ്രഹിക്കാനായോ എന്ന് അറിയില്ല. മന്ത്രിസഭയിൽ ചേർന്നു ഭരണകാര്യങ്ങൾ പഠിക്കാനുള്ള തന്‍റെ ഉപദേശം രാഹുൽ അനുസരിച്ചില്ലെന്നും പ്രണബ് പറഞ്ഞതായി ശർമിഷ്ഠ വെളിപ്പെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രണബിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. 2014ൽ അധികാരമേറ്റെടുത്ത മോദി പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ ദീപാവലി സിയാച്ചിനിലെ സൈനികർക്കും ശ്രീനഗറിലെ പ്രളയബാധിതർക്കുമൊപ്പം ആഘോഷിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ വിവേകത്തിനു തെളിവാണ്. ഇന്ദിരയ്ക്കുശേഷം ജനങ്ങളെ ഇത്രയധികം മനസിലാക്കിയ മറ്റൊരു പ്രധാനമന്ത്രിയില്ല. മോദിയുമായുള്ള തന്‍റെ ബന്ധം ഊഷ്മളമായിരുന്നെന്നും പ്രണബ് പറയുന്നു.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ കേന്ദ്ര മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് രാഹുൽ ഗാന്ധി പത്രസമ്മേളനം വിളിച്ച് വലിച്ചുകീറി ചവറ്റുകുട്ടയിലിട്ട സംഭവത്തെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. യുപിഎയുടെ ശവപ്പെട്ടിയിലെ അവസാന ആണിയാണിതെന്നായിരുന്നു പ്രണബ് അഭിപ്രായപ്പെട്ടതെന്നു ശർമിഷ്ഠ വെളിപ്പെടുത്തുന്നു.