രാഹുൽ കൂട്ടിയാൽ കൂടുമോ...?!

സ്വാതന്ത്ര്യത്തിനു ശേഷം നീണ്ട 60 വർഷക്കാലം ഇന്ത്യയുടെ ഭരണനേതൃത്വം ഏറ്റെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിഞ്ഞു
രാഹുൽ കൂട്ടിയാൽ കൂടുമോ...?!

സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ സ്വാതന്ത്ര്യം നേടിയതിനു ശേഷം പിരിച്ചുവിടണമെന്നു രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധി നിർദേശിച്ചിരുന്നുവെന്ന് പലരും രാഷ്‌ട്രീയ വേദികളിൽ പറയുന്ന ഒരു കാര്യമാണ്. കോൺഗ്രസിന്‍റെ പ്രസക്തി രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ മാത്രമേയുള്ളൂ, അതിനുശേഷം രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണം സ്വതന്ത്രമായ മറ്റു രാഷ്‌ട്രീയ ചിന്താഗതിയിലൂടെ ആവണം എന്നാണ് അക്കൂട്ടർ വാദിക്കുന്നത്.

എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം നീണ്ട 60 വർഷക്കാലം ഇന്ത്യയുടെ ഭരണനേതൃത്വം ഏറ്റെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിഞ്ഞു. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, തുടർന്ന് വന്ന ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, അതിനുശേഷം 10 വർഷക്കാലം രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയ ഗാന്ധിയുടെ പിൻസീറ്റ് ഡ്രൈവിങ്ങിൽ രാജ്യം ഭരിച്ച മൻമോഹൻ സിങ്. എല്ലാവരും നെഹ്റു കുടുംബത്തിന്‍റെയും കോൺഗ്രസിന്‍റെയും തണലിലാണ് മുന്നോട്ട് പോയത്.

എന്നാൽ 2014ൽ തികച്ചും അപ്രതീക്ഷിതമായി അതുവരെയും ദേശീയ രാഷ്‌ട്രത്തിൽ നിറഞ്ഞു നിൽക്കാതിരുന്ന നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും പത്തു വർഷം അധികാരത്തിലേറുകയും ചെയ്തിരിക്കുന്നു. ഇനിയും വരാൻ പോകുന്ന വർഷങ്ങൾ ബിജെപിയുടേതാണെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് നരേന്ദ്ര മോദിയും അമിത്ഷായും നയിക്കുന്ന ബിജെപി തങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്നത്.

രാജ്യത്തെ രാഷ്‌ട്രീയ പാർട്ടികളിൽ അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആഴത്തിൽ വേരുകളുള്ളത് കോൺഗ്രസിനാണ്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കോൺഗ്രസിന്‍റെ ത്രിവർണ പതാക ഉയർത്തിപ്പിടിക്കാൻ ആളുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ് തകരുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകുന്നത് തെരഞ്ഞെടുപ്പു വിദഗ്ധനായ പ്രശാന്ത് കിഷോറാണ്.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എഎപി തുടങ്ങിയവരെ അധികാരക്കസേരയിലേക്ക് കൊണ്ടുവന്നതിൽ പ്രശാന്ത് കിഷോറിന്‍റെ ഉപദേശങ്ങൾ ഗുണകരമായി മാറിയിട്ടുണ്ടെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങളിലെ സംസാരം. അദ്ദേഹം പറയുന്നത് ഇനിയും കോൺഗ്രസിന് അധികാരത്തിൽ കടന്നു വരാൻ കഴിയുന്നില്ലെങ്കിൽ നെഹ്റു കുടുംബത്തിൽ നിന്നും ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്ന രാഹുൽ ഗാന്ധി മാറിനിൽക്കണം എന്നാണ്.

ക്രിക്കറ്റ് കളി പോലെ എപ്പോഴും സന്ദർഭങ്ങൾ വീണു കിട്ടാറില്ല. പന്ത് പിടിക്കാനുള്ള അവസരം ബോളർ നഷ്ടപ്പെടുത്തിയാൽ ബാറ്റ്സ്മാൻ മുന്നോട്ടു പോവുകയും കളിയിൽ വിജയിക്കുകയും ചെയ്യും. പ്രത്യേകിച്ച് നല്ലൊരു ബാറ്റ്സ്മാൻ ആണെങ്കിൽ ഫോറും സിക്സറുകളും തുടരെ നേടി എളുപ്പത്തിൽ ടീമിനെ വിജയത്തിലേക്ക് നയിക്കും.

2014ൽ രാഹുൽ ഗാന്ധിക്ക് രാജ്യം നയിക്കാൻ ഒരവസരം കിട്ടിയതാണ്. അത് അദ്ദേഹം ദയനീയമായി കളഞ്ഞുകുളിച്ചു. വീണ്ടുമൊരവസരം 2024ൽ വന്നിരിക്കുന്നു. അവിടെയും കളി തോൽക്കാനാണ് സാധ്യത. രാഹുൽ ഗാന്ധിക്ക് വേണ്ടത്ര കാഴ്ചപ്പാടില്ലാത്തതിനാൽ ഫോറും സിക്സറുകളും അടിക്കാൻ കഴിയില്ല. അദ്ദേഹത്തിന്‍റെ ഭാരത് ജോഡോ യാത്ര വലിയ ചലനങ്ങൾ സൃഷ്ടിച്ചെങ്കിലും അത് വോട്ടാക്കി നിലനിർത്താൻ അദ്ദേഹത്തിനായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ വീണ്ടുമൊരു ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു പരിപാടിയിട്ടത് ഉചിതമായില്ലെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും നയിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതിന് പകരം വീണ്ടും നടക്കാനാണ് പോകുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

വയനാട്ടിൽ വീണ്ടും നിൽക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനവും ആലപ്പുഴയിൽ മത്സരിക്കാനുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ തീരുമാനവും അനുചിതമായി. സിപിഐയുടെ ദേശീയ നേതാവ് ആനി രാജയോട് രാഹുൽ ഗാന്ധിയും ആലപ്പുഴയിലെ സിപിഎമ്മിന്‍റെ സിറ്റിങ് എം.പി. ആരിഫ് മുഹമ്മദ് ഖാനോട് കോൺഗ്രസിന്‍റെ സംഘടന സെക്രട്ടറിയും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗവുമായ കെ.സി. വേണുഗോപാലും മത്സരിക്കുന്നതും ബുദ്ധിപൂർവമാണോ? അപ്പോൾ മത്സരം കൂടെ നിൽക്കുന്ന സഹ ടീമുകളോട് തന്നെയോ?!

ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്‍റെ നീരോട്ടം നിന്നുപോകുന്നുവെന്ന് അറിഞ്ഞിട്ടും 2019നു ശേഷം അഞ്ചു വർഷങ്ങൾ കിട്ടിയിട്ടും 2024ലെ നിർണായക പോരാട്ടത്തിന് രാഹുൽ ഗാന്ധിയും സഹപ്രവർത്തകരും വേണ്ടത്ര തയ്യാറെടുപ്പുകൾ എന്തുകൊണ്ട് നടത്തിയില്ലെന്ന ചോദ്യം അവശേഷിക്കുന്നു.

രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയും ടീമും തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും സമർഥരാണെന്ന് എല്ലാവർക്കുമറിവുള്ളതാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനമുള്ള ബിജെപി ഇനി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൂടി പിടിച്ചടക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ബിജെപി ശ്വാസം മുട്ടുമ്പോൾ ഒഡിഷയിലും പശ്ചിമ ബംഗാളിലും മെച്ചപ്പെട്ട രാഷ്‌ട്രീയ കാലാവസ്ഥയ്ക്ക് അവർ സാഹചര്യം ഒരുക്കിയിട്ടുണ്ട്.

24 അക്ബർ റോഡിൽ ബഹുഭാഷാ പണ്ഡിതർ വേണമെന്നില്ല, പക്ഷേ ജനഭാഷ അറിയുന്നവർ ഉണ്ടാകണം. രാഹുലിനും സ്തുതി പാഠകർക്കും കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ രാഷ്‌ട്രീയ വിദഗ്ധൻ പ്രശാന്ത് കിഷോർ പറയുന്നതു പോലെ രാഹുൽ ഗാന്ധി ഒന്ന് മാറിക്കൊടുക്കണം; നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ കോൺഗ്രസിനെ നയിക്കാൻ മറ്റൊരാൾ വരട്ടെയെന്നാണ് ജോത്സ്യന്‍റെയും അഭിപ്രായം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com