കഥ ആധുനികതയ്ക്കു ശേഷം | അക്ഷരജാലകം

കഥ ആധുനികതയ്ക്കു ശേഷം | അക്ഷരജാലകം

ക്ലാസിസത്തിന്‍റെ കാഴ്ചപ്പാടിന് വിപരീതമായി ആധുനികാനന്തര സാഹിത്യം അനശ്വരത, സർഗാത്മകത, ചിന്ത തുടങ്ങിയവയെപ്പറ്റിയുള്ള അവബോധത്തെ പുതിയൊരു ദിശയിലേക്ക് കൊണ്ടുപോയി. ഫ്രഞ്ച് നവനോവലിന്‍റെ വക്താവും വിമർശകനുമായ അലൻ റോബേ ഗ്രിയേ പറഞ്ഞത് ഇതാണ്: "ഒരു എഴുത്തുകാരൻ തന്‍റെ കാലം ഏതാണെന്ന് അഭിമാനത്തോടെ അംഗീകരിക്കണം. അനശ്വരമായ ഒരു മാസ്റ്റർപീസും ഇല്ലെന്നും ചരിത്രത്തിലെ കൃതികളാണ് എല്ലാമെന്നും മനസിലാക്കുക.കൃതികൾ അതിജീവിക്കുന്നത് അവ ചരിത്രത്തെ പിന്നിൽ തള്ളുന്നതിന്‍റെ തോതിനെയും ഭാവിയെ എങ്ങനെ വിളംബരം ചെയ്യുന്നുവെന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്'.

അതുകൊണ്ട് രചനയുടെ സത്യസന്ധവും സൃഷ്ടിപരവുമായ ചോദ്യങ്ങൾ എത്ര ആഴത്തിലുള്ളതാണോ അതാണ് അതിജീവിക്കുന്നത്. വെറുതെ ഒരു ഉപരിപ്ലവ സംഭവവിവരണം എഴുതിയാൽ അതിനു ചവറ്റു കൊട്ടയിൽ പോലും ഇടം ലഭിക്കില്ല. കാരണം, ചവറ്റുകുട്ട ബുക്ക് ചെയ്തവർ ധാരാളമുണ്ടെന്ന് ഓർക്കണം.

ഇപ്പോൾ ഉത്തരാധുനിക സാഹിത്യത്തെപ്പറ്റി ഒരു ചർച്ച വേണ്ടിവന്നത് ആധുനികോത്തര കഥ, ആധുനികോത്തര നിരൂപണം, ആധുനികോത്തര കവിത എന്നീ പുസ്തകങ്ങൾ വായിച്ചതുകൊണ്ടാണ്. തിരുവനന്തപുരത്ത് പരിധി പബ്ലിക്കേഷൻസിന്‍റെ നേതൃത്വത്തിൽ കഥാകൃത്ത് എം. രാജീവ്കുമാർ മുൻകൈയെടുത്ത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നത് ഗവേഷകയും വിമർശകയുമായ ഡോ. ആർ.ബി. ശ്രീകലയാണ്. ഈ കൃതികൾ മലയാള പ്രസാധനത്തിൽ ഒരു പുതിയ രുചിയാണ്. വ്യത്യസ്ത തലമുറകളിൽപ്പെട്ടവരുടെ രചനകൾ സമാഹരിക്കുകയാണിവിടെ. പൊതുവേ വിമർശനവും അതിന്‍റെ സൈദ്ധാന്തിക നിലപാടുകളും സാഹിത്യ മാസികകളിൽ നിന്നു പോലും അപ്രത്യക്ഷമായ കാലമാണിത്.

സ്വതന്ത്രനായ ഒരു വിമർശകന് മലയാളത്തിൽ ഒറ്റയ്ക്ക് നിൽക്കാൻ തന്നെ പ്രയാസമാണ്. വൻകിട പ്രസാധകരും യൂണിവേഴ്സിറ്റി ഗവേഷകരും തമ്മിൽ എന്തെങ്കിലും ധാരണയുണ്ടോ എന്നറിയില്ല. വിമർശനരംഗത്ത് മറ്റു രക്ഷകർത്താക്കളുടെ പിന്തുണയില്ലാതെ എഴുതുന്നതവർ വല്ലാതെ തഴയപ്പെടുന്നുണ്ട്. ഈ പശ്ചാത്തലം മനസിലാക്കിയത് കൊണ്ടാവണം, ആധുനികതയ്ക്ക് ശേഷം നമ്മുടെ സാഹിത്യത്തിൽ എന്ത് സംഭവിച്ചു എന്നന്വേഷിക്കാൻ "പരിധി'യെ പ്രേരിപ്പിച്ചതെന്ന് അനുമാനിക്കുന്നു. വലിയ വിൽപ്പന സാധ്യതയില്ലെങ്കിലും ഈ പുസ്തകങ്ങൾ മലയാള ചിന്തയുടെ മാറുന്ന വഴികൾ കാണിച്ചുതരും.

കഥയുടെ തുരുത്തുകൾ

ആധുനികോത്തര കഥ എന്ന സമാഹാരത്തിന്‍റെ ആമുഖത്തിൽ ശ്രീകല ഇങ്ങനെ എഴുതുന്നു: "ഒരു പ്രസ്ഥാനത്തിന്‍റെ സമഗ്ര സ്വഭാവമില്ലാത്തതും ശിഥിലസ്വഭാവ മാർജിച്ചുകൊണ്ട് ഓരോ തുരുത്തായി മാറുന്നതുമായ കഥകളാണ് ആധുനികോത്തര കാലത്ത് പിറവിയെടുത്തത്.' ഒരു പ്രസ്ഥാനമായി വളർന്ന് വലിയൊരു ആൾക്കൂട്ടമായി മാറാനുള്ളതല്ല സാഹിത്യത്തിലെയും കലയിലെയും പുതുപ്രവണതകൾ. ഒരു പ്രസ്ഥാനം കുറെ പേർ ആലോചിച്ചുണ്ടാക്കുന്നതല്ല. അത് കാലത്തിന്‍റെ ഒരു ആവിർഭാവമാണ്. ഫ്രഞ്ച് ചിത്രകലയിലെ ഇംപ്രഷണിസം എന്ന സങ്കേതം ക്ലോദ് മൊനെയുടെ കലാപ്രദർശത്തിനു നൽകിയ ഒരു പേരിൽ നിന്നാണ് ഉണ്ടായത്. "ഇംപ്രഷൻ, സൺറൈസ് (1874) 'എന്ന പേരാണ് അദ്ദേഹം തന്‍റെ എക്സിബിഷനു നൽകിയിരുന്നത്.

അക്കാലത്ത് ചിത്രപ്രദർശങ്ങളെക്കുറിച്ച് പത്രങ്ങളിൽ റിവ്യൂ വരുമായിരുന്നു. അതിൽ പരിശീലനം നേടിയ റിപ്പോർട്ടർമാരുണ്ടായിരുന്നു. ലൂയി ലിറോയ് എന്ന കലാനിരൂപകൻ മൊനെയുടെ ചിത്രങ്ങളെക്കുറിച്ച് "ലി ഷാവാരി' പത്രത്തിൽ ഒരു റിപ്പോർട്ട് എഴുതിയതാണ് ചരിത്രമായിത്തീർന്നത്. ലിറോയ് എഴുതിയ കുറിപ്പിൽ (ദ് എക്സിബിഷൻ ഓഫ് ദ് ഇംപ്രഷണിസ്റ്റ്സ്) മോനെയെ പരിഹസിക്കുകയാണ് ചെയ്തത്. ക്ലാസിക് കാലഘട്ടത്തിലെ വ്യക്തതയും ആകാരവടിവും വർണബോധവും മൊനെ നഷ്ടപ്പെടുത്തുകയും വെറും ഇംപ്രഷനായി (മനസിൽ പതിയുന്ന ചിത്രം) മാത്രം വസ്തുവിനെ കാണുകയും ചെയ്തു എന്നായിരുന്നു ആരോപണം. ഇംപ്രഷണിസ്റ്റുകൾ തെളിഞ്ഞ വർണങ്ങളാണ് ഉപയോഗിച്ചിരുന്നത്. നിറങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന രൂപങ്ങൾക്ക് ഒരു ദൂരക്കാഴ്ചയുടെ അവ്യക്തതയുണ്ടായിരുന്നു. എന്നാൽ ഒരു വസ്തു മനസിൽ പതിയുന്നത് നിറക്കൂട്ടിന്‍റെ വ്യത്യസ്ത രൂപങ്ങളായി പരിണമിക്കുകയായിരുന്നു. ഇങ്ങനെ വിറങ്ങലിച്ച്, പരിഹസിക്കപ്പെട്ട് ഉദയം കൊണ്ട ഇംപ്രഷണിസം പിന്നീട് വലിയ കലാസങ്കേതമായി. ധാരാളം കലാകാരന്മാർ ആ വഴിയേ വന്നു.

അഴിച്ചെടുക്കാൻ കുരുക്കുകൾ മാത്രം

ഇപ്പോഴും ഇംപ്രഷണിസം കലയിൽ നിന്ന് ഒഴിവാക്കാനാവില്ല. ആധുനികതയെയും ഉത്തരാധുനികതയെയും ഇങ്ങനെയാണ് കാണേണ്ടത്. അത് ഒരാൾക്കൂട്ടമല്ല; ഒരു അന്തരീക്ഷമാണ്, അനുഭവമാണ്.

"ആധുനികോത്തര കഥ'യിൽ ഡോ. വി. രാജകൃഷ്ണൻ, ആഷാ മേനോൻ, എം.കെ.ഹരികുമാർ, പ്രസന്നരാജൻ, കെ.എസ്.രവികുമാർ, ബാലചന്ദ്രൻ വടക്കേടത്ത്, ഇ.പി. രാജഗോപാലൻ, പി.കെ. രാജശേഖരൻ, പി.എസ്. പ്രദീപ്, സി.ആർ. ആസാദ്, എം. കൃഷ്ണൻ നമ്പൂതിരി, വി.സി, ഹാരിസ്, എ.എം, ഉണ്ണികൃഷ്ണൻ, ജി. ഉഷാകുമാരി, മിനി പ്രസാദ്, കെ.വി. ശശി, ഹരിദാസൻ, എൻ. രാജൻ, രാഹുൽ രാധാകൃഷ്ണൻ, ടി.കെ. സന്തോഷ്കുമാർ, സുരേഷ് എം.ജി, അജീഷ് ജി. ദത്തൻ, പി. കൃഷ്ണദാസ് തുടങ്ങിയവരുടെ ഓരോ ലേഖനം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഈ വിമർശകർ ആധുനികതയ്ക്ക് ശേഷം വന്ന എഴുത്തുകാരെ ഒരേ മുഴക്കോൽ കൊണ്ട് അളക്കുന്നതായി ആരും തെറ്റിദ്ധരിക്കരുത്. അവരവരുടെ വീക്ഷണമാണ് പ്രധാനം. അഞ്ചാം തലമുറക്കഥകളിൽ "ചെറുതല്ലാത്ത വൈവിധ്യം' ഉള്ളതായി രാജകൃഷ്ണൻ സൂചിപ്പിക്കുന്നുണ്ട്. ആഷാ മേനോന്‍റെ ലേഖനത്തിൽ മനുഷ്യാവസ്ഥയുടെ കണ്ടെത്തൽ എന്നപോലെ ജെറാൾഡ് ഡുറലിന്‍റെ ഒരു വാക്യം എടുത്ത് ചേർത്തിട്ടുണ്ട്: "നാം നമ്മുടെ പൂർവികരിൽ നിന്ന് ഏറ്റുവാങ്ങിയിരിക്കുന്നത് അതിസുഭഗമായൊരു പൂന്തോപ്പാണ്. പക്ഷേ, കനിവ് കുറഞ്ഞ തോട്ടക്കാരായി ഭവിച്ചിരിക്കുന്നു, നാം. തോട്ടപ്പണിയുടെ സരളപാഠങ്ങൾ പോലും അവഗണിച്ചിരിക്കുന്നു. ഒരു ദൃഢനായ കുട്ടി കനത്ത ഉദാസീനതയിൽ ഒരു റെംബ്രാഞ് ചിത്രം കത്തിരി കൊണ്ടു മുറിച്ചു കളയുന്നതിനു തുല്യമാണ് നമ്മുടെ അവസ്ഥ.'

കെട്ടുപിണഞ്ഞ നൂൽ നേരെയാക്കാൻ ശ്രമിക്കുന്ന ഒരുവനായി ആധുനിക മനുഷ്യനെ ചിത്രീകരിക്കാമെന്ന് തോന്നുന്നു. എവിടെ തൊട്ടാലും അതെല്ലാം സങ്കീർണമായ കുരുക്കായി മാറുന്നു. മനുഷ്യബുദ്ധി നേർരേഖകൾ ഉപേക്ഷിച്ചിരിക്കുകയാണ്. ആഴത്തിൽ കൊളുത്തി വലിക്കുന്ന ചില ഉത്ക്കണ്ഠകൾ സുന്ദരമെന്ന് പൊതുവേ തോന്നാവുന്ന ഒരു ജീവിതത്തിനടിയിൽ പോലുമുണ്ടെന്ന തിരിച്ചറിവ് വി.പി. ശിവകുമാറിന്‍റെ കഥകളിൽ കാണാം.

ആധുനികതയ്ക്ക് ശേഷമോ സമാന്തരമായിട്ടോ വന്ന പ്രമുഖ കഥാകൃത്തുക്കളായ യു.പി. ജയരാജ്, കെ. പി. നിർമൽകുമാർ, എം. സുകുമാരൻ, വി. പി. ശിവകുമാർ, എൻ. പ്രഭാകരൻ, പി.കെ. നാണു, എം. സുധാകരൻ, വിക്ടർ ലീനസ്, ജോർജ് ജോസഫ് കെ, തോമസ് ജോസഫ് തുടങ്ങിയവരുടെ കഥകളിൽ വേവുന്ന, സ്വയം കരുക്കായി മാറിയ ഒരു മനസുണ്ടായിരുന്നു. ജോർജ് ജോസഫിന്‍റെ "അവൻ മരണയോഗ്യൻ' എന്ന കഥ ഉദാഹരണം. അവനവന്‍റെ അസ്തിത്വത്തിലേക്ക് ആഴ്ന്നു പതിക്കുന്ന അനുഭവമാണ് ആ കാലത്തെ കഥകൾ നൽകിയത്.

വിചിത്രമായ, വിഭ്രാമകമായ സ്വപ്നം കാണാനുള്ള അവകാശത്തെ സർഗാത്മകതയുടെ ഭാഗമായി കാണുകയായിരുന്നു തോമസ് ജോസഫ്. "മരിച്ചവർ സിനിമ കാണുകയാണ്' പോലെയുള്ള കഥകളിൽ തോമസ് ജോസഫ് തന്‍റെ സ്വപ്നാത്മകമായ ഭാവനയെ സമകാല യാഥാർഥ്യത്തിന് ബദലായി അവതരിപ്പിക്കുന്നു. സൗന്ദര്യാത്മകവും കാല്പനികവും യോഗാത്മകവുമായ പടവുകളിലൂടെ ഉളളു കീറുന്ന അനുഭവങ്ങളുടെ അർഥം തിരയുകയാണ് കഥാകൃത്ത് എന്ന് തോന്നുന്നു.

ഈ സമാഹാരത്തിൽ കെ.വി. ശശി എഴുതിയ ലേഖനത്തിൽ ഇങ്ങനെ വായിക്കാം: "മനുഷ്യൻ മാനവികതാ വാദവ്യവഹാരങ്ങളുടെ നിർമിതിയാണ്. ഈ വ്യവഹാര ശാസ്ത്രം തകരുന്നതോടെ മനുഷ്യനും അപ്രത്യക്ഷമാകുമെന്ന് സാരം. സൈബർ മുതലാളിത്തം പ്രതീത യാഥാർഥ്യങ്ങളുടെ പുതുലോകം നിർമിച്ചു കഴിഞ്ഞു. അവിടെ മനുഷ്യർ അസ്തമിക്കുകയും പ്രകാശപ്പൊടിയുടെ നവയാഥാർഥ്യം ഉരുവം കൊള്ളുകയുമാണ്.യാഥാർഥ്യത്തെയും സത്യധർമ്മങ്ങളെയും സംബന്ധിച്ച ആധുനികതയുടെ യുക്തിയും ലോകബോധവും അങ്ങനെ തകരുന്നു.'

ഇന്‍റർനെറ്റ് ജീവിതമാണ് ഇന്നത്തെ മനുഷ്യന്‍റെ അതീത യാഥാർഥ്യം. മരണം പോലും പിന്നോട്ട് മാറുന്ന തരത്തിൽ ജീവിതം അമീബയെ പോലെ ഓരോ വശത്തേക്ക് കൈകൾ നീട്ടുകയാണ്. ഇന്നത്തെ ജീവിതത്തിനു പത്തൊൻപതാം നൂറ്റാണ്ടിലെ പോലെ സോദ്ദേശ്യമായ നിർവ്വചനമോ നിയതമായ അർഥമോ ഇല്ല. അത് ഒരു ആകസ്മികത മാത്രമാണ്.

ഉത്തരരേഖകൾ

1) ജീവിതത്തെക്കുറിച്ചുള്ള അറിവ് പുസ്തകത്തിലൂടെയോ അനുഭവത്തിലൂടെയോ കിട്ടുന്നത്?

ഉത്തരം: പുസ്തകത്തിനും അനുഭവത്തിനും തരാൻ കഴിയാത്ത അറിവുണ്ട്. അത് യാദൃശ്ചികമായി ഒരു ദിവസം നമ്മുടെ മനസിന്‍റെ വാതിലിൽ നിന്ന് മുട്ടിവിളിക്കുകയാണ്. പ്രമുഖ പശ്ചാത്യ വിമർശകനായ കോളിൻ വിത്സൻ പറഞ്ഞു: "മതമായാലും യോഗാത്മകതയായാലും മാജിക്കായാലും ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള ഒരു വികാരത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഒട്ടും വിചാരിച്ചിരിക്കാതെ മനുഷ്യർക്ക് അർഥത്തെ പ്രതിപാദിക്കുന്ന ഒരു വികാരം ലഭിക്കുകയാണ്, നിങ്ങളുടെ റേഡിയോ ട്യൂൺ ചെയ്യുന്നതിനിടയിൽ അപരിചിതമായ സ്റ്റേഷനിൽ നിന്ന് ശബ്ദം കേൾക്കുന്ന പോലെ.'

2) ഏതാണ് സമീപദിവസങ്ങളിൽ വായിച്ച മികച്ച കഥ?

ഉത്തരം: ഒരു സംശയവും വേണ്ട. കെ.പി. രാമനുണ്ണി എഴുതിയ "ഇടശ്ശേരിക്കാർ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 7,2024) ഞെട്ടിച്ചു. ഇത്രയും ലയവും സുഖവും നൽകിയ ഒരു കഥ അടുത്തെങ്ങും വായിച്ചിട്ടില്ല. മഹാകവി ഇടശ്ശേരിയുടെ എഴുപത് വർഷം പഴക്കമുള്ള, ഉപേക്ഷിച്ച കാറിനെ ആസ്വദമാക്കി ഉദ്വേഗജനകമായ, കുടുംബബന്ധങ്ങളെ ഇഴപാകി ഉറപ്പിക്കുന്ന ഒരു കഥ എഴുതാൻ കഴിഞ്ഞ രാമനുണ്ണിയെ അഭിനന്ദിക്കുകയാണ്. കഥാകാരന്‍റെ കൈയിൽ കാറും കാറിന്‍റെ ഉടമയും രണ്ടു കഥാപാത്രങ്ങളായി കൊണ്ടും കൊടുത്തും മുന്നേറുന്നു. ഇടശ്ശേരിയുടെ മനസ് അതിനു സാക്ഷിയാവുകയാണ്. കാറിനെ ജീവൻവയ്പ്പിച്ച കഥാകൃത്ത് ഒരുപടി കൂടി കടന്ന് സാഹിത്യത്തിന്‍റെ അസുലഭമായ അനുഭൂതി നൽകിയിരിക്കുന്നു. മലയാളമനസ് ഈ കഥ വായിച്ചാൽ ഇടശ്ശേരിയുടെ കാറിനോടും കുടുംബത്തോടൊപ്പം ചിരിച്ചും പറഞ്ഞും ഒപ്പം കൂടും.

3) എൻ. മോഹനന്‍റെ മികച്ച കഥ ഏതാണ് ?

ഉത്തരം: പൂജക്കെടുക്കാത്ത പൂക്കൾ.

4) പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വീണ്ടും വീണ്ടും ചിന്തിപ്പിച്ച കഥ ഏതാണ്?

ഉത്തരം: വിൻസന്‍റ് വാൻഗോഗ് ബഷീറിന്‍റെ വീട്ടിൽ.

5) എം. കൃഷ്ണൻ നായർ, കെ.പി. അപ്പൻ തുടങ്ങിയവർ എഴുതിയത് ഒരു എഡിറ്ററുടെ പേര് വച്ച് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതിൽ ഔചിത്യമുണ്ടോ ?

ഉത്തരം: എം. കൃഷ്ണൻ നായർ, കെ.പി. അപ്പൻ തുടങ്ങിയവർ എഴുതിയത് അതിന്‍റെ ക്രമത്തിൽ ചേർത്താൽ മതിയാകും. എഡിറ്ററുടെ മുറിയിൽ കൊണ്ടുപോയാൽ ചിലതൊക്കെ വെട്ടിമാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തേക്കാം. അത് ഈ എഴുത്തുകാർ ഇഷ്ടപ്പെടുകയില്ല. കൃഷ്ണൻ നായരുടെ, അപ്പന്‍റെ ലേഖനത്തിൽ നിന്ന് ഒരു വാചകമോ ഖണ്ഡികയോ എടുത്തുമാറ്റുന്നത് തെറ്റാണ്. കട്ടിലിനൊപ്പിച്ച് കാല് മുറിക്കാൻ പാടില്ലല്ലോ. എഡിറ്ററുടെ പേരോട് കൂടി വലിയ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് അവർക്ക് അപമാനമാണ്.

6) ഇപ്പോൾ ഹിറ്റായിക്കൊണ്ടിരിക്കുന്ന മലയാള സിനിമകളുടെ കഥയും തിരക്കഥയും എൺപതുകളിലെ സാഹിത്യപരമായ സിനിമകളിൽ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെടുന്നത് ?

ഉത്തരം: എൺപതുകളിലെ മധ്യവർത്തി സിനിമകൾ സാഹിത്യത്തെ ഉപജീവിച്ചാണ് വളർന്നത്. ഉൾക്കടൽ, അഷ്ടപദി തുടങ്ങിയ ചിത്രങ്ങൾ ഓർക്കുക. എന്നാൽ ഇപ്പോൾ സിനിമകളിൽ ദീർഘിച്ച വൈകാരിക രംഗങ്ങളിലില്ല. എല്ലാം നല്ലപോലെ വെട്ടിയൊതുക്കി നാമമാത്രമാക്കിയിരിക്കുന്നു. യാതൊരു നാടകീയ പാരവശ്യവുമില്ല. സിനിമ സാഹിത്യത്തിൽ നിന്ന് മോചനം നേടിയതിന്‍റെ വിജയമാണ് ഇപ്പോൾ കാണുന്നത്. പുതിയ സിനിമയ്ക്ക് പുതിയ പാട്ടുകൾ പോലും വേണ്ട; പഴയ സിനിമയിലെ പാട്ടായാലും മതി.

7) "ആടുജീവിതം' സിനിമ അതേ പേരിലുള്ള നോവലിന്‍റെ ആവിഷ്കാരമാണല്ലോ ?

ഉത്തരം: ആടുജീവിതം ബ്ലെസിയുടെ സിനിമയാണ്. അതിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകനാണ്. നോവലിന്‍റെ കഥയോ അതിലെ സാഹിത്യപരമായ ഡ്രാമയോ അല്ല സിനിമ. ആടുജീവിതം എന്ന സിനിമ അതിന്‍റെ ദൃശ്യസാധ്യതകളാണ് പരിശോധിച്ചത്. ഒരു പുതിയ പശ്ചാത്തലമാണ് സംവിധായകന് വേണ്ടിയിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com